Wednesday, February 20, 2013

സ്ത്രീകളെ നോക്കുന്നത് തെറ്റോ?

          ലൈംഗികപീഡനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച എത്തിച്ചേരുന്നത് 
പുരുഷന്‍ സ്ത്രീ സൌന്ദര്യം ആസ്വദിക്കുന്നത് ഒരു ഹീന കൃത്യമാണ് 
എന്ന ധാരണയിലേയ്ക്കാണ് എന്ന് തോന്നുന്നു. ഇത്തരത്തിലുള്ള 
ചിന്തയിലേക്ക് നയിക്കുന്നതില്‍ മത-യാഥാസ്ഥിതികര്‍ക്കുള്ള 
പങ്കും ചെറുതല്ല.

          വര്‍ദ്ധിച്ചുകൊണ്ടിരിക്കുക എന്നത്  ജീവിവര്‍ഗ്ഗങ്ങളുടെ പ്രകൃത്യാ
സ്വഭാവമാണ്. വംശവര്‍ദ്ധനവുണ്ടാകണമെങ്കില്‍ ലൈംഗിക
ബന്ധത്തിലേര്‍പ്പെടണം. (ടെസ്റ്റ്‌ ട്യൂബ്, ക്ലോണിംഗ് എന്നതൊക്കെ 
ഓര്‍ക്കാതെയല്ല  ഇപ്പറഞ്ഞത്‌)   സ്ത്രീവര്‍ഗ്ഗവും പുരുഷവര്‍ഗ്ഗവും 
തമ്മിലുള്ള ലൈംഗിക ആകര്‍ഷണം ജൈവികപ്രതിഭാസ
മായത് അതുകൊണ്ടാണ്. വിവാഹം തുടങ്ങിയ കുടുംബരൂപീകരണ
വ്യവസ്ഥകള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പ് ഇണചേരുന്നതിനു ഒരു 
തരത്തിലുള്ള രക്തബന്ധവും തടസ്സമായിരുന്നില്ല എന്ന് 
നമുക്കറിയാം. അതായിരുന്നു അന്നത്തെ സംസ്കാരം. അന്നത്തെ ശരി.  
എന്നാല്‍, സാമൂഹികവളര്‍ച്ചയില്‍ ആ സംസ്കാരം നിഷ്കാസിതമാവുകയും 
പകരം കൂടുതല്‍ സ്വീകാര്യമായ മറ്റൊന്ന്  വരുകയും ചെയ്തു. അതും 
ശാശ്വതമായിരുന്നില്ല.  കൂട്ടുകുടുംബങ്ങള്‍ തകര്‍ന്നു; പകരം അണു
കുടുംബങ്ങള്‍ വന്നു. ഇന്നത്തെ രീതിയിലുള്ള കുടുംബവ്യവസ്ഥകള്‍  
തന്നെ എക്കാലത്തും നിലനില്‍ക്കും എന്നത് മൂഡവിശ്വാസമാണ്. 
ശാസ്ത്ര-സാങ്കേതികരംഗത്തുണ്ടാവുന്ന പുരോഗതി സാമൂഹിക-
സാംസ്കാരിക മേഖലയിലും പ്രതിഫലിക്കും. സംസ്കാരത്തിന്റെ 
നിര്‍വ്വചനങ്ങള്‍ക്ക്  മാറ്റം വരും. മതങ്ങളുടെ കാഴ്ചപ്പാടുകള്‍ കാല
ഹരണപ്പെട്ടതു പോലെ സാംസ്കാരികവ്യവസ്ഥക്കും കാലഹരണം 
സംഭവിക്കും. അത് അനിവാര്യമാണ്. മാറ്റത്തെ പ്രതിരോധിക്കാമെന്ന 
ചിന്ത അശാസ്ത്രീയമാണ്.

         ജീവിവര്‍ഗ്ഗത്തിന്റെ വര്‍ധനവിനു നിദാനമായ ലൈംഗികാകര്‍ഷണം 
ജീവസ്വഭാവമായതു കൊണ്ടാണ് ഒരു പുരുഷന്‍ മറ്റൊരു സ്ത്രീയെ 
കാണുമ്പോള്‍ ലൈംഗികമനോഭാവത്തോടു കൂടി അവളെ 
വീക്ഷിക്കുന്നത്. അത് സ്വാഭാവികമാണ്; അതില്‍ തെറ്റ് പറഞ്ഞു കൂടാ. 
പക്ഷെ, ആ തൃഷ്ണ അതിര് കടക്കാതെ സൂക്ഷിക്കുന്നത് ആധുനിക 
പരിഷ്കൃത സമൂഹത്തിന്റെ ലിഖിതവും അലിഖിതവുമായ നിയമങ്ങളാണ്. 
സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് അതാവശ്യമാണ് താനും. ഒരു കാലത്ത്  
കാമാര്‍ത്തനായ പുരുഷന്റെ ഇംഗിതത്തിനു വഴങ്ങുക മാത്രമായിരുന്നു 
സ്ത്രീകള്‍ക്ക് കരണീയമായിരുന്നത്. ഇപ്പോഴും പല സമൂഹങ്ങളിലും 
അത് തന്നെയാണ് സ്ഥിതി. കാളിന്ദി കടക്കുമ്പോള്‍ കാമപരവശനായ 
പരാശരന്  സത്യവതി സ്വശരീരം സമര്‍പ്പിച്ചത് സ്വേച്ഷ പ്രകാര
മായിരുന്നോ?  ജന്തുസഹജമായ ലൈംഗികാഭിനിവേശം മറികടന്നു 
തന്റെ ഇംഗിതപൂരണത്തിനു വേണ്ടി മറ്റൊരാളെ  (സ്വാഭാവികമായും 
സ്ത്രീയെ) ആക്രമിക്കുന്നതും അവളില്‍  ബലം പ്രയോഗിക്കുന്നതും 
ഏതൊരു  ശാരീരികാക്രമണവും പോലെ ശിക്ഷാര്‍ഹമായ  
കുറ്റകൃത്യമാണ്. ചാരിത്ര്യം എന്ന പുരുഷനിര്‍മ്മിതസങ്കല്പം ബാധകമാവുന്ന 
അവസ്ഥയില്‍  ലൈംഗികമായ ഇരവല്‍ക്കരണം സ്ത്രീയെ മൃതതുല്ല്യജീവിത
ത്തിലേക്ക് തള്ളിയിടുന്നതുകൊണ്ട് ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്ന
തില്‍ ന്യായമുണ്ട്. എന്നാല്‍, പരസ്പരസമ്മതത്തോടുകൂടിയുള്ള ലൈംഗിക
ബന്ധം തെറ്റല്ല എന്ന ബോധ്യത്തിലേയ്ക്കുയരാന്‍  തക്കവണ്ണം പലരുടെയും 
മനസ്സ് ആധുനികവല്‍ക്കരിക്കപ്പെടേണ്ട തുണ്ട് എന്ന് കൂടി പറയാതെ വയ്യ. 

                                 *****************************

3 comments:

  1. "മതങ്ങളുടെ കാഴ്ചപ്പാടുകള്‍ കാലഹരണപ്പെട്ടതു പോലെ സാംസ്കാരികവ്യവസ്ഥക്കും കാലഹരണം സംഭവിക്കും."

    മതങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ കാലഹരണപ്പെട്ടു എന്നുള്ള തെറ്റായ വിശ്വാസത്തിന്‍റെ പരിണിത ഫലമാണ് ഇന്നു കാണുന്ന അരാജകത്വം എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എന്നാണ് താങ്കളെപ്പോലുള്ളവര്‍ക്ക് വരിക? മനുഷ്യന്‍റെ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കായി മതങ്ങള്‍ മുന്നോട്ട് വെക്കുന്ന നിയമ വ്യവസ്ഥകള്‍ പുറംതള്ളുന്നിടത്തോളം ഇത്തരം അക്രമങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുക തന്നെ ചെയ്യും

    ReplyDelete
  2. ഇത്രയും കാലം ഞാൻ പശ്ച്യത രീതിയിലുള്ള സ്ത്രീ പുരുഷ ബന്ധങ്ങളെ സംസ്കരമില്ലയ്മയയിട്ടാണ് കരുതിയിരുന്നതു. നമ്മുടെ നാടിന്റെ കുടുംബ ബന്ധങ്ങളിലും ,സാമുഹിക വ്യവസ്ഥിതികളിലും ഒരുപാട് അഭിമാനം കൊണ്ടിരുന്നു. എന്നാൽ ഇന്നത്തെ മാധ്യമ ഇടപെടലുകൾ മൂലം പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ, ഇതാണോ ' സധാചാരം' എന്നും സംസ്കാരം എന്നും സംശയം തോന്നുന്നു!സദാചാരത്തിന്റെ മൂടുപടം ഇട്ട കാപട്യതെക്കൾ പാശ്ച്യതരുടെ സുതാര്യമായ സത്യസന്ധമായ സ്നേഹബന്ധങ്ങളെ ആദരിക്കാൻ തോന്നുന്നു.

    ReplyDelete