Thursday, May 17, 2012

ആനകളെ കാട്ടില്‍ വിടുക






14.05.12 ന്റെ പത്രങ്ങളില്‍ നമ്മെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയുണ്ട്. 
കൂടല്‍മാണിക്യക്ഷേത്രത്തില്‍എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞതിന്റെ 
ഫലമായി ഒരു പിഞ്ചു കുഞ്ഞ് മരിക്കാനിടയായതിന്റെ വാര്‍ത്ത.
വളരെക്കാലമായി ക്ഷേത്രോത്സവങ്ങള്‍ക്ക് ആനകള്‍ ഒഴിച്ച് കൂടാന്‍ 
വയ്യാത്ത ഒരു ഘടകമാണ്. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണമാണ് 
ഉത്സവത്തിന്റെ ഗാംഭീര്യം വിളിച്ചറിയിക്കുന്നത്. ആനകളില്ലാത്ത ഉത്സവങ്ങ
ളെപ്പറ്റി  ആനപ്രേമികള്‍ക്ക്‌ ചിന്തിക്കാനേ വയ്യ. ആനപ്രേമികള്‍ക്ക്‌  
സംഘടനയുണ്ടത്രേ! തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചു  പാറമേക്കാവിലും,
സി.എം.എസ്. ഹൈസ്കൂളിലും നടക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനം
കാണാന്‍ വലിയ തിരക്കാണ്. 
          മനുഷ്യന്‍ തന്റെ ജീവിതാവശ്യത്തിനു വേണ്ടി മൃഗങ്ങളെ മെരുക്കി
പരിപാലിച്ചു പോരാന്‍ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി.
ഭൂമിയിലുള്ള മനുഷ്യന്റെ മേധാവിത്വം മൃഗങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍
കഴിയാത്തത് കൊണ്ട് മനുഷ്യര്‍  അവയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.
എന്തായാലും ഇന്നത്തെ അവസ്ഥയില്‍ മനുഷ്യര്‍ക്ക്‌ മൃഗപരിപാലനം
എന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. പക്ഷെ കാട്ടില്‍ സ്വച്ചന്ദം
വിഹരിക്കുന്ന  ആനയെ  കെണിയില്‍ വീഴ്ത്തി പിടിച്ചു കൊണ്ട് വന്നു
മെരുക്കിയെടുത്ത് ഉത്സവങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനും, പൊങ്ങച്ചം 
കാണിക്കാനും വേണ്ടി ഉപയോഗിക്കേണ്ട വല്ല ആവശ്യവുമുണ്ടോ?
ഉത്സവവേളയില്‍ കലി കയറിയ ആനകളുടെ ആക്രമണത്തില്‍ 
ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ കണക്ക്‌ നോക്കൂ.2011 നവംബറിനു ശേഷം 
ഇതുവരെ 18 പേരാണ് മരിച്ചത്. കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍ 366 
പേര്‍ നാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുകയുണ്ടായി. ആനകള്‍ 
കൊപാകുലരാവുന്നതിന്റെ കാരണം ഡോ: ടി.പി. സേതു
മാധവന്‍ തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ആനകള്‍ക്ക് 
മദം ഇളകുന്നതാണ് അതിന്റെ പ്രധാനകാരണം. ലൈംഗിക അസംതൃപ്തി, ഇണ 
ചേരുന്നതിനുള്ള സാധ്യതക്കുറവു, വര്‍ധിച്ച ലൈംഗികാസക്തി,
എന്നിവയൊക്കെ മദം ഇളകാന്‍ കാരണമാണത്രെ. സമൂഹമായി 
ജീവിക്കുന്ന ആനകളെ പിടിച്ചുകൊണ്ട് വന്നു ഒറ്റപ്പെട്ടു വളര്‍ത്തുമ്പോള്‍ 
അവയ്ക്ക് മാനസിക സംഘര്‍ഷമുണ്ടാവുന്നു. ഇണചേരാനുള്ള സാധ്യത
ക്കുറവും അവയെ മനുഷ്യനുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍  ഇടവരുത്തുന്നു. 
ആനകളെ ഇങ്ങനെ കഷ്ടപ്പെടുത്തേണ്ട ഒരു കാര്യവും ഇന്ന് മനുഷ്യനില്ല. 
ഏതൊരു ദുഷ്ക്കര്‍മ്മവും പോലെ ഇതും ഒരു ജീവിതോപാധിയായത് കൊണ്ട് 
പെട്ടെന്ന് ആനപരിപാലനം അവസാനിപ്പിക്കാന്‍ കഴിയില്ല. പക്ഷെ ഇത് 
നിര്‍ത്തലാക്കാനുള്ള ശ്രമം ഉണ്ടാവണം. തടി പിടിക്കലാണ് ആനയെക്കൊണ്ടുള്ള 
മറ്റൊരു ഉപയോഗം. പക്ഷെ ഇന്നത്തെക്കാലത്ത് അതിന്‌ ആന തന്നെ 
വേണമെന്നില്ല. ക്രെയിന്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഇന്ന് സുലഭമാണ്.
പണച്ചിലവും കുറയും. മനുഷ്യന്റെ സ്വാര്‍ത്ഥസുഖത്തിനു വേണ്ടി മൃഗങ്ങളെയും
പക്ഷികളെയും അവയുടെ സ്വാഭാവിക ആവാസ പരിസരങ്ങളില്‍ നിന്ന് 
വേര്‍പെടുത്തി  അസ്വതന്ത്രരായി  വളര്‍ത്തുന്നത് മാനവികതയെ ചോദ്യം 
ചെയ്യുന്ന പ്രവൃത്തിയാണ്‌. ഇത് അവസാനിപ്പിച്ചേ തീരൂ.
        

Tuesday, May 1, 2012

സര്‍ക്കാര്‍ പരിപാടിയില്‍ പ്രാര്‍ത്ഥന വേണ്ട

                        
                                   
    കോഴിക്കോട് ജില്ലാ ലേബര്‍ കോടതി ജഡ്ജി എസ്.എച്. പഞ്ചാപകേശന്റെ
'നീതിവന്ദന' മെന്ന കവിത കേരള സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെ 
ഔദ്യോഗിക പ്രാര്‍ഥനാഗാനമായി പ്രഖ്യാപിച്ചിരിക്കുന്നു എന്ന്‌ വാര്‍ത്ത 
കണ്ടു (മാതൃഭൂമി 1.05.12) ജസ്ടീസ് കെ.എ. അബ്ദുല്‍ ഗഫൂര്‍ ആണ്  
ഈ കവിത സൊസൈറ്റിയുടെ പ്രാര്‍ഥനാഗാനമാക്കാന്‍ ശുപാര്‍ശ ചെയ്തത്. 
നമ്മുടെ നാട്ടില്‍ വിദ്യാലയങ്ങളിലൊക്കെ ക്ലാസ് തുടങ്ങുന്നതിനു മുമ്പ്
ഈശ്വരപ്രാര്‍ത്ഥന നടത്താറുണ്ട്‌. ദൈവവിശ്വാസം വ്യക്തിയെ നല്ല
മനുഷ്യനാക്കുമെന്നും  ചെറുപ്പത്തിലേ കുട്ടികളില്‍ ദൈവവിശ്വാസം
വളര്‍ത്തിയെടുത്താല്‍ അവര്‍  ദൈവഭയമുള്ളവരും നല്ല പൌരന്മാരും
ആകുമെന്നുമുള്ള വിശ്വാസം കൊണ്ടാണ് സ്കൂളുകളില്‍ പ്രാര്‍ത്ഥന
എന്ന ചടങ്ങ് നടപ്പിലാക്കിയിട്ടുള്ളത് എന്ന്‌ തോന്നുന്നു. ഭൂരിപക്ഷം
അധ്യാപകരും രക്ഷിതാക്കളും ഈ വിശ്വാസമുള്ളവരാണ്.
അതുകൊണ്ടാണ് കെ.ഇ.ആറില്‍ സ്കൂളുകളില്‍ പ്രാര്‍ത്ഥന
വേണം എന്ന്‌ നിര്‍ദ്ദേശമില്ലാതിരുന്നിട്ടും  പ്രാര്‍ത്ഥന നടന്നു പോരുന്നത്.
സ്കൂളുകളില്‍ മാത്രമല്ല പല സര്‍ക്കാര്‍ ചടങ്ങുകളിലും ആദ്യ ഇനം
പ്രാര്‍ഥനയാണ്. ഒരു മതേതര രാജ്യത്ത് യഥാര്‍ത്ഥത്തില്‍ പൊതു
ചടങ്ങുകളില്‍ ഈശ്വരപ്രാര്‍ത്ഥന ഉള്‍പ്പെടുത്തുന്നത് തെറ്റായ കാര്യമാണ്.
മുമ്പൊരിക്കല്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ പ്രാര്‍ത്ഥന നടക്കവേ
എല്ലാവരും എഴുന്നേറ്റു നിന്നു. എന്നാല്‍ കവി കുരീപ്പുഴ ശ്രീകുമാര്‍
മാത്രം വേദിയിലിരുന്നു. പിന്നീട് തന്റെ പ്രസംഗത്തില്‍ തന്റെ
നിലപാടിനെ ന്യായീകരിച്ചുകൊണ്ട്‌ അദ്ദേഹം സംസാരിക്കുകയുണ്ടായി.
സര്‍ക്കാര്‍ പരിപാടിയില്‍ വിവിധ മതവിശ്വാസികളും, ഒരു വിശ്വാസവുമില്ലാത്ത
തന്നെപ്പോലുള്ളവരും പങ്കെടുക്കുമെന്നും അതുകൊണ്ട് സര്‍ക്കാര്‍
നിബന്ധനയൊന്നുമില്ലാത്ത പ്രാര്‍ത്ഥന നടത്തുന്നത് ശരിയല്ലെന്നും
അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം, ഇക്കാര്യം, പരിപാടിയില്‍
പങ്കെടുത്തിരുന്ന കമ്മ്യൂണിസ്റ്റുകാരനായ അന്നത്തെ മന്ത്രി ബിനോയ്‌ 
വിശ്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുമുണ്ടായി. എങ്കിലും ഇതൊക്കെ 
തുടര്‍ന്നു കൊണ്ടേയിരിക്കും. ആശയതലത്തില്‍ ഇത്തരം പ്രാര്‍ഥനകള്‍ 
ചെലുത്തുന്ന സ്വാധീനം എത്രമാത്രം പ്രതിലോമപരമാണെന്നു
പുരോഗമനവാദികളായ രാഷ്ട്രീയനേതാക്കള്‍ പോലും 
മനസ്സിലാക്കുന്നില്ല എന്ന്‌ വേണം കരുതാന്‍. ദൈവവിശ്വാസമാണ് 
മതവിശ്വാസത്തിന്റെ അടിസ്ഥാനമെന്നും, മതവിശ്വാസമാണ്‌ എല്ലാ 
അന്ധവിശ്വാസങ്ങളുടെയും മൂലകാരണമെന്നും മനസ്സിലാക്കുമ്പോള്‍ 
ഇല്ലാത്ത ദൈവത്തിനോടുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കണമെന്ന 
ആവശ്യം ന്യായമാണെന്ന് സമ്മതിക്കേണ്ടി വരും. മാത്രവുമല്ല തികച്ചും 
സെക്യൂലറായ  നമ്മുടെ ഭരണഘടന ഇത്തരം പ്രാര്‍ഥനകള്‍ ആവശ്യ 
പ്പെടുന്നുമില്ല എന്നതാണ് സത്യം. ഭരണഘടന അങ്ങിനെയാണെങ്കിലും 
രാഷ്ട്രീയക്കാരിലും, ഉദ്യോഗസ്ഥമേധാവികളിലും, ന്യായാധിപരിലുമുള്ള 
ഭൂരിപക്ഷവും യാഥാസ്തികരും, കടുത്ത മതവിശ്വാസികളും, 
അന്ധവിശ്വാസികളുമായതിനാല്‍ അവരുടെ താല്‍പ്പര്യങ്ങളാണ് 
ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരള ഹൈക്കോടതിയില്‍ 
13 എന്ന നമ്പറിലുള്ള മുറിയുണ്ടായിരുന്നില്ല എന്ന ഒറ്റക്കാര്യം മതി ന്യായാധി
പന്മാരുടെ അന്ധവിശ്വാസത്തിന്റെ തോത് അളക്കാന്‍.
        നമ്മുടെ രാജ്യത്തെ കീഴ്വഴക്കമായത് കൊണ്ടാവാം, നിയമ
പണ്ഡിതനായ ജഡ്ജി, നിയമപരമല്ലാത്ത പ്രാര്‍ത്ഥന എന്ന ചടങ്ങിനു 
വേണ്ടി നീതി ദേവതയെക്കുറിച്ചുള്ള ഈ കവിത ശുപാര്‍ശ ചെയ്തത്.
ഇത് ദൈവത്തെക്കുറിച്ചല്ല  നീതിദേവതയെക്കുറിച്ചാണ് എന്ന്‌
വാദിച്ചേക്കാം. നീതിദേവതയായാലുംവാഗ്ദേവതയായാലും ഒക്കെ
ദൈവവിശ്വാസമാണ് പ്രതിബിംബിക്കുന്നത് എന്നോര്‍ക്കണം. എന്തിനാണ്
ഇങ്ങനെ ഒരു പ്രാര്‍ത്ഥന?