Tuesday, September 7, 2010

മതത്തില്‍ എന്ത് നന്മയാണുള്ളത്?

                                              
 കെ.പി. സുകുമാരന്‍ എന്ന ബ്ലോഗ്ഗര്‍( kpsukumaran.blogspot.com )എഴുതിയ 'യുക്തിവാദികളും വിശ്വാസികളും'   എന്ന പോസ്റ്റിലേക്ക് ഞാന്‍ എഴുതിയ കമന്റ്‌ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആയി താഴെ കൊടുക്കുന്നു:                                 

                 "താങ്കളുടേതു വളരെ ഉയര്‍ന്ന മൂല്യങ്ങളുള്ള ഒരു പോസ്റ്റ്‌ ആയി ആത്മീയ വാദികള്‍ക്ക് തോന്നും. പക്ഷെ യുക്തിവാദികള്‍ക്ക് താങ്കളോട് യോജിക്കാന്‍  കഴിയില്ല. താങ്കള്‍ തീവ്രവാദിയായ ഒരു യുക്തിവാദിയായിരുന്നു  എന്ന് പറഞ്ഞു. എല്ലാ തീവ്രവാദികളും അവസാനം ചെന്നെത്തുന്നത് ആത്മീയതയിലേക്കാണ്. നക്സലൈറ്റായിരുന്ന ഫിലിപ്. എം. പ്രാസാദ് ഉദാഹരണം. ഒരിക്കല്‍ കോഴിക്കോട്ടു ടൌണ്‍ ഹാളില്‍ വെച്ച് നടന്ന ഒരു സിമ്പോസിയത്തില്‍ തായാട്ട് ശങ്കരന്‍ മതങ്ങളെ പറ്റി ഒരു അഭിപ്രായം പറഞ്ഞു. അതായത് മതത്തിലുള്ള നല്ല കാര്യങ്ങള്‍ ഭൌതികവാദികള്‍ക്ക്  സ്വീകരിച്ചു കൂടെ എന്ന്. അതിനു അപ്പോള്‍ തന്നെ ജോസഫ്‌ ഇടമറുക് മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "മതത്തില്‍ നിന്ന് നല്ലത് ഒന്നും എടുക്കാനില്ല. മദ്യത്തില്‍ നിന്ന് ലഹരി മാറ്റി വെച്ച് കഴിച്ചാല്‍ നല്ലതാണു എന്ന് പറയുന്നത് പോലെ കഴമ്പില്ലാത്ത വാദമാണതു."  ധര്‍മം, നീതി, സദാചാരം ഒക്കെ മതത്തിന്റെ ഭാഗമാണെന്നു പറയുന്നത് തെറ്റാണ്. മേല്പറഞ്ഞ ആശയങ്ങള്‍ കാലത്തിനും ദേശത്തിനും, അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഖുര്‍ ആനില്‍ അടിമത്വത്തെ അംഗീകരിക്കുന്നുണ്ട്. ഹിന്ദു മതത്തില്‍ ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്നു. മതത്തിലെ ആശയങ്ങള്‍ മാറ്റാന്‍ പറ്റാത്തതാണ്. വിശേഷിച്ചു ഇസ്ലാമിലെത്. കാരണം അത് സൃഷ്ടിച്ചത് സര്‍വജ്ഞാനിയായ അല്ലാഹു ആണ്.  ഖുറാനിലെ ഓരോ വാക്കും എല്ലാം അറിയുന്ന പടച്ച തമ്പുരാന്‍ പറഞ്ഞതായത് കൊണ്ട് അത് എല്ലാ കാലത്തേക്കും അനുയോജ്യമായത് ആയിരിക്കും എന്നാണു യഥാര്‍ത്ഥ ഇസ്ലാമുകള്‍ വിശ്വസിക്കുന്നത്.  ആ വീക്ഷണ കോണിലൂടെ അത് ശരിയാണ് താനും. സദാചാരം സമൂഹമാണ് സൃഷ്ടിക്കുന്നത്. അത് സമൂഹത്തിന്റെ അതതു കാലത്തെ നിലനില്‍പ്പിനു വേണ്ടിയാണ് താനും. മത നിയമങ്ങള്‍ എന്ന് പറയുന്നത് ഒരു കണക്കിന് സാമൂഹിക നിയമങ്ങള്‍ തന്നെയാണ്. പക്ഷെ അത് കാലത്തിനനുസരിച്ച് മാറണം എന്ന് പറയുന്നതിനോട് മത മേലാളന്മാര്‍ മുഖം തിരിച്ചു നില്‍ക്കുന്നു എന്നെ യുള്ളൂ. പക്ഷെ അവര്‍ക്കും കീഴടങ്ങാതെ വയ്യ. 

                    യഥാര്‍ത്ഥത്തില്‍  മതങ്ങള്‍ കാലഹരണപ്പെട്ട സിദ്ധാന്തങ്ങളാണ്. അവ പലതും, അശാസ്ത്രീയവും, അന്ധവിശ്വാസജടിലവും, മനുഷ്യത്വ രഹിതവും ആണ്. അവയെ ന്യായീകരിക്കാന്‍ അസാധ്യമായ അജ്ഞാനം വേണം. സ്നേഹം, ദയ, സാഹോദര്യം എന്ന  നന്മകള്‍ മതത്തിന്റെ ഭാഗമാണ് എന്നാണു ചിലര്‍ മതത്തെ ന്യായീകരിക്കാന്‍ പറയുന്നത്. ഈ വാക്കുകളുടെ ഒക്കെ അന്തരാര്‍ത്ഥതിലേക്കു കടന്നു ചെന്നാലാണ് അവയുടെയൊക്കെ സംകുചിതത്വം മനസ്സിലാവുക. ഉദാഹരണം: ഹിന്ദു മതതിന്റെത് എന്ന് പറയപ്പെടുന്ന ശ്ലോകം: "ലോകസ്സമസ്ത സുഖിനോ ഭവന്തു" എന്തൊരു മനോഹരമായ വാക്യം. പക്ഷെ മുഴുവന്‍ വായിക്കണം. അപ്പോഴറിയാം ഈ 'ലോകം' ഏതാണെന്ന്.  സ്നേഹം, സ്വാര്‍ത്ഥം, ഭയം, പ്രേമം, കാമം, തുടങ്ങിയ മാനുഷിക വികാരങ്ങളുടെ പൊരുള്‍ ഇപ്പോള്‍ ജനിതകശാസ്ത്രം വിശദമാക്കുന്നുണ്ട്. പരിണാമശാസ്ത്രവും ഇത്തരം വികാരങ്ങളുമായുള്ള ബന്ധം ജീവന്‍ ജോബ്‌ തോമസ്‌ തന്റെ വിവിധ ലേഖനങ്ങളില്‍ പ്രദിപാദിച്ചത് നോക്കുക. 
മതത്തിന്റെ കുത്തകയൊന്നുമല്ല നന്മകള്‍. എന്നാല്‍ തിന്മകളുടെ ഒരു പാട് കുത്തകയുണ്ട് താനും മതങ്ങള്‍ക്ക്. 


             യുക്തിവാദികള്‍ വെറും യാന്ത്രിക സമീപനമുള്ളവരാണെന്നും, സ്നേഹത്തിനു വിലകല്പ്പിക്കാത്തവരാണെന്നും  പലര്‍ക്കും വിമര്‍ശനമുണ്ട്. യുക്തിവാദികളില്‍ ചില വ്യക്തികള്‍ അങ്ങനെയുണ്ടാവാം, അത് ഏതു വിഭാഗക്കാരിലുമുണ്ടാവും. യുക്തിവാദം ഹ്യൂമനിസം  ആണ്. മനുഷ്യസ്നേഹതിലധിഷ്ടിതമായ ചിന്തയാണത്. സുകുമാരന്‍ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു. മതവും അന്ധവിശ്വാസങ്ങളും പോയിക്കഴിഞ്ഞാല്‍ ലോകം നന്നാവണമെന്നില്ല. പക്ഷെ, മതാന്ധവിശ്വാസങ്ങള്‍ പോയാല്‍  അത്രത്തോളം നല്ലതല്ലേ സുകുമാര്‍ജി? പൂര്‍ണമായും നന്മയുള്ള, സമത്വ സുന്ദരമായ ഒരു ലോകം ഒരു സംകല്‍പ്പം  മാത്രമാണ്. മതങ്ങള്‍  നശിച്ച രാജ്യങ്ങള്‍ ഇന്ന് ലോകത്ത് ധാരാളം ഉണ്ടെന്ന കാര്യം മറക്കരുത്. സ്കാന്റിനേവിയന്‍  രാജ്യങ്ങള്‍ ഉദാഹരണം.
യൂറോപ്പിലും മറ്റും പള്ളികള്‍ അടച്ചു പൂട്ടിക്കഴിഞ്ഞു. പള്ളീലച്ഛന്മാരെയും, കന്യാസ്ത്രീകളെയും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് വേണം ഇറക്കുമതി ചെയ്യാന്‍; ഇപ്പോള്‍ നില നില്‍ക്കുന്ന ചുരുക്കം പള്ളികള്‍ക്ക് വേണ്ടി. അവിടെയൊന്നും മനുഷ്യ സ്നേഹമില്ലെന്നാണോ സുകുമാരന്‍ മാഷ് പറയുന്നത്? 
ജനാധിപത്യവും, മനുഷ്യാവകാശങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളാണവ.  നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന
ഇസ്ലാമിക രാജ്യങ്ങളിലെ സ്ഥിതി നിങ്ങള്‍ കാണുന്നില്ലേ? 
                       യുക്തിവാദികള്‍ ചെയ്യുന്നതു മതത്തിന്റെയും മറ്റും അന്ധവിശ്വാസങ്ങളില്‍ നിന്ന് ജനങ്ങളെ വിമോചിപ്പിക്കാനുള്ള ബോധവത്കരണം ആണ്. അതിനു കംമ്യുനിസവുമായി ബന്ധമില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് യുക്തിവാദം ഉണ്ട്. ലോകായതം.  ഹൃഗ്വേദതില്‍ പോലും നിരീശ്വരവാദത്തിന്റെ സൂചനകളുണ്ട്.  ഒരു ഹൃഷി ചോദിക്കുന്നു: "ഈ ഇന്ദ്രന്‍ ആരാണ്? അവനെ കണ്ടവരാരുണ്ട്?"
യുക്തിവാദികള്‍ ഒരു ചെറിയ സംഘമാണ്. മാനവികതായാണ്‌  അതിന്റെ പരമമായ ലക്‌ഷ്യം. മനുഷ്യരെ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിച്ചാല്‍ അവന്റെ ജീവിതം കൂടുതല്‍ സുഖകരമാവും. ക്ഷേത്രങ്ങളെയൊക്കെ കേന്ദ്രീകരിച്ചു എത്രമാത്രം ചൂഷണമാണ് നടക്കുന്നത്? ജ്യോത്സ്യം, മന്ത്രവാദം, ആള്‍ദൈവങ്ങള്‍.......അധ്വാനിച്ചു കിട്ടുന്ന പണം വെറുതെ  കളയുകയാണ് പാവം വിശ്വാസികള്‍ (അന്ധവിശ്വാസികള്‍). ഇതിനെതിരെ ആശയപ്രചരണം നടത്തുന്നത് തെറ്റാണോ? കംമ്യുനിസ്ടുകാര്‍ പറയുന്നത് പോലെ വ്യവസ്ഥിതി മാറിയാലേ ഇതൊക്കെ മാറൂ എന്ന് പറഞ്ഞു കയ്യും കെട്ടി ഇരിക്കണോ?  താങ്കളുടെ വാക്കുകള്‍, ആത്മീയവാദികളെ  സുഖിപ്പിക്കും. അതിന്റെ തെളിവാണല്ലോ ഇവിടെ വന്ന ഒരു പാട് കമ്മന്റുകള്‍."