മതവും ശാസ്ത്രവും വിരുദ്ധം തന്നെ


                     
"ശാസ്ത്രത്തെയും ശാസ്ത്രസത്യങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട് മതം"  "ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമാണ് മതം എന്ന് യുക്തിവാദികള്‍ പറയുന്നത് അവര്‍ക്ക് മതത്തെസംബന്ധിച്ചുള്ള അജ്ഞതകൊണ്ടാണ്"  എന്നൊക്കെ താങ്കള്‍ പറയുന്നത് വെറുതെ ചര്‍വിത ചര്‍വണം ചെയ്യുന്നതിലെക്കെ നയിക്കുകയുള്ളൂ. 

             ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു: താങ്കള്‍ കുറച്ചുകൂടി ശാസ്ത്രബോധതോടുകൂടി മതത്തെ സമീപിക്കുന്ന ആളാണ്. പക്ഷെ, നിങ്ങള്‍ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും ഏഴാം നൂറ്റാണ്ടിലെ അന്നത്തെ മനുഷ്യന്റെ അറിവിന്റെ പരിമിതികള്‍ വെച്ചു എഴുതിയ (അല്ലെങ്കില്‍ അരുളിച്ചെയ്ത) വളരെ ലളിതമായ കാര്യങ്ങള്‍, അതിലെ വസ്തുതകള്‍, അങ്ങനെ അല്ലാതാവുകയില്ലല്ലോ. ഏതു അര്‍ത്ഥത്തിലാണ് ശാസ്ത്രത്തെ  മതം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് പറയുന്നത്? പ്രപഞ്ചത്തെപ്പറ്റി സൌരയൂഥത്തെപ്പറ്റി, സൂര്യന്റെ ചലനത്തെ പറ്റി ഖുര്‍ ആനില്‍ പറയുന്നതാണോ ശാത്രത്തിന്റെ കാഴ്ച്ചപ്പാട്? ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തമായിരുന്നു മതങ്ങളും അംഗീകരിച്ചിരുന്നത്.  പിന്നീട് കോപ്പെര്‍നിക്കാസ് സൌരകേന്ദ്ര സിദ്ധാന്തം സ്ഥാപിച്ചു. പക്ഷെ മതഗ്രന്ഥങ്ങളില്‍ ഈ തിരുത്ത്‌ വരുത്തിയോ? വരുത്താന്‍ പറ്റില്ല. കാരണം ദൈവവചനമാണ്, ശാശ്വതസത്യമാണ്. മനുഷ്യന് തിരുത്താന്‍ പറ്റില്ല. എന്നാല്‍ മനുഷ്യന്‍ മറ്റൊന്ന് ചെയ്യുന്നുണ്ട്. വ്യാഖ്യാനം! ശാസ്ത്രം ഓരോന്ന് കണ്ടെത്തുമ്പോള്‍, നിങ്ങള്‍ വ്യാഖ്യാനവുമായി എത്തുന്നു: ഇതൊക്കെ പണ്ടേ ഖുര്‍ ആനിലുണ്ട് എന്ന് പറഞ്ഞു കൊണ്ട്. ഇപ്പോള്‍ ജിനോം മാപ്പിംഗ് നടന്നപ്പോള്‍ പറയുകയാണ്‌, ഇത് ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെന്നു. പരിണാമ സിദ്ധാന്തവും ഖുര്‍ ആനില്‍ കണ്ടെത്തിയവരുണ്ട് കെട്ടൊ! ഇനിയും ശാസ്ത്രം പലതും കണ്ടുപിടിക്കും. അതും ഖുര്‍ ആനിലുണ്ടാവുമല്ലോ. ഇപ്പോള്‍ തന്നെ അതൊക്കെ ഏതാണെന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു. ശാസ്ത്രജ്ഞാന്മാര്ക് പറഞ്ഞു കൊടുക്കുന്നതാവും കൂടുതല്‍ നല്ലത്. അവരുടെ അന്വേഷണം എളുപ്പമാവുമല്ലോ!   ശാസ്ത്രസത്യങ്ങള്‍ മതം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് പറയുന്നതല്ല, മതത്തില്പെട്ടവര്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് പറയുന്നതാവും നല്ലത്. കാരണം അത് ഉള്‍ക്കൊള്ളാതെ ജീവിക്കാന്‍ കഴിയില്ലല്ലോ! 

          കാര്യങ്ങളുടെ കാരണത്തെ കുറിച്ചുള്ള അറിവാണ് ശാസ്ത്രം എന്ന് അര്‍ത്ഥമാക്കിയാല്‍, മതവും ശാസ്ത്രവും തമ്മിലുള്ള വൈരുധ്യം മനസ്സിലാവും. കാര്യങ്ങളുടെ കാരണത്തെ കുറിച്ചുള്ള മതങ്ങളുടെ അറിവ്  പലതും ശാസ്ത്രം ഖണ്ഡിച്ചു എന്ന് പറഞ്ഞാല്‍ മതവിശ്വാസികള്‍ ക്ഷുഭിതരാവേണ്ടകാര്യമില്ല. അറിവ് വികസിച്ചു വരുകയാണ്, ഏഴാം നൂറ്റാണ്ടിലുള്ള അറിവല്ല ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഉള്ളത്, പഴയ ധാരണകള്‍ പലതും നമുക്ക് തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നൊക്കെയുള്ള  ചരിത്ര സത്യം മനസ്സിലാക്കിയാല്‍ മാത്രം മതി. എല്ലാ കാരണങ്ങളുടെയും ആത്യന്തിക കാരണത്തെ പറ്റി മാത്രമാണോ മത ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത്? പല തെറ്റായ വിവരങ്ങളും വിശ്വാസങ്ങളും എല്ലാ മത ഗ്രന്ഥങ്ങളിലുമുണ്ട്. ഖുര്‍ ആന്‍ അതിലൊന്നും പെടില്ല എന്ന് പറയുന്നത് 'അഹങ്കാരം' ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാന്‍ പറ്റുമോ? നിങ്ങള്‍ക്ക് അതിനുള്ള ഉത്തരം ഞങ്ങള്‍ക്കറിയാം: ദൈവം ഇറക്കിതന്നതാണ് ഖുര്‍ ആന്‍, അതില്‍ തെറ്റ് പറ്റില്ല. ദൈവം സര്‍വജനനാണല്ലോ! ഇത്തരം വിശ്വാസങ്ങളാണ് ആദ്യം പരിത്യജിക്കേണ്ടത്. നേരത്തെ പറഞ്ഞത് പോലെ കത്തോലിക്കാ സഭ മുമ്പ് പറഞ്ഞ പലതും തിരുത്തി. ഉദാ: ഗലേലിയോ പ്രശ്നം. 

               കാരണങ്ങളുടെ ആത്യന്തിക  കാരണം - ദൈവം. ഈ പരികല്‍പ്പന നന്നായിരിക്കുന്നു. ഉപനിഷദ് ഹൃഷിമാരും ഒരു കണക്കിന് ഇത് തന്നെയാണ് പറഞ്ഞത്. അല്പം വ്യത്യാസമുണ്ടെന്നു മാത്രം -  തത്വമസി! പക്ഷെ അവിടെ ദൈവവും മനുഷ്യനും  ഒന്ന് തന്നെ എന്ന,  നിരീശ്വരവാടതോട് അടുത്ത് നില്‍ക്കുന്ന ഒരു ആശയമാണ് ഉള്ളത്. ഇവിടെ നിങ്ങളാവട്ടെ, സര്‍വപ്രപഞ്ചവും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയുന്നത്. എന്ന്? എന്ന ചോദ്യം വന്നാല്‍ കുഴയും. പദാര്‍ത്ഥം  ഇല്ലാത്തപ്പോള്‍  സമയ സൂചകമായ  'എന്ന്' എന്ന ചോദ്യത്തിന് അര്‍ത്ഥമുണ്ടാകില്ലല്ലോ! സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ എന്ന് എന്ന ചോദ്യത്തിന് ഉത്തരം പറയാതെയും  വയ്യ. ഇനി സൃഷ്ടിച്ചു എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? ഇല്ലാതിരുന്ന ഒന്ന് ഉണ്ടാക്കി എന്നോ, ഉള്ളതിന് രൂപ പരിണാമം വരുത്തി എന്നോ?  ഇല്ലായ്മയില്‍ നിന്ന് ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ല എന്നല്ലേ  സ്ഥാപിത സത്യം.  അപ്പോള്‍ ദൈവത്തിനു സൃഷ്ടിക്കാനുള്ള പദാര്‍ത്ഥം എവിടുന്നു കിട്ടി എന്ന് പറയേണ്ടിയിരിക്കുന്നു. അങ്ങനെ പറഞ്ഞാല്‍ സൃഷ്ടിക്കു മുമ്പും പടാര്തമുണ്ടായിരുന്നു എന്ന വങ്കത്തം പറയേണ്ടി വരും. അപ്പോള്‍പിന്നെ സൃഷ്ടിച്ചു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലാതെ വരും. ഉണ്ടായിരുന്ന പദാര്‍ത്ഥത്തെ പ്രപഞ്ചമാക്കി മാറ്റിയവനാണ് ദൈവം എന്ന് പറഞ്ഞാല്‍ പിന്നെയും ശരിയാവും. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍ ദൈവം വിരാജിക്കുന്നത് എവിടെയാണാവോ? നിറഞ്ഞു നില്‍ക്കുകയാവും അല്ലെ? രൂപം ഇല്ലാത്തവനാനെന്നല്ലേ മതം പറയുന്നത്?. ? ആദിയും അന്തവുമില്ലാത്ത അവസ്ഥയില്‍ എങ്ങനെയാണ് 'നിറഞ്ഞു' നില്‍ക്കുന്നത്? പ്രപഞ്ചം അനാദിയാനെങ്കില്‍ ദൈവം അതില്‍ ഉള്‍പ്പെട്ടവനാവുമല്ലോ? പ്രപഞ്ചത്തിന്റെ ഉള്ളില്‍ പെട്ടുകൊണ്ട് എങ്ങനെയാണ് പ്രപഞ്ചത്തെ സൃഷ്ടുക്കുന്നത്? ഇങ്ങനെ ചിന്തിച്ചാല്‍ അറ്റം കിട്ടില്ല. ഇതിലും നല്ലത് ഉപനിഷത്തിന്റെ (ഹിന്ടുക്കളുടെയല്ല) ആശയമാണ്: അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മമാകുന്നു. പ്രപഞ്ചവും ദൈവവും ഒന്ന് തന്നെ. തത് ത്വം അസി - അത് നീ തന്നെ ആകുന്നു. ഏതു? എല്ലാമായ ആ ഒന്ന്.  ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെയും സമ്മതിക്കാം. 

                 പിന്നെ, എല്ലാം വളരെ കിറു കൃത്യമായി സംവിധാനിച്ച മഹാപ്രതിഭയാണ് (Intelligent Designer) ദൈവം എന്നാണു വിശേഷണം. എന്തൊരു സംവിധാനം! ശരിയെന്നു തോന്നിപ്പോവും. പക്ഷെ, കണ്ണൊന്നു തുറന്നു നോക്കുക. പ്രപഞ്ചത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്‌? ബ്ലാക്ക് ഹോളുകള്‍, അവ മറ്റു അതിഭീമാകാരങ്ങളായ നക്ഷത്രങ്ങളെ അതിന്റെ കറുത്ത ഗഹ്വരങ്ങളിലേക്ക് വലിച്ചെടുക്കുന്നു. നമ്മുടെ സൂര്യനെയെങ്ങാനും അവന്‍ വലിച്ചെടുതെങ്കില്‍, ഇപ്പറയാന്‍ ഞാനും നിങ്ങളും, ഈ ഭൂമിയും, ഖുര്‍ ആനും മതങ്ങളും ഒന്നുമുണ്ടാവില്ല. ഭൂമി ഉണ്ടായ ശേഷം തന്നെ എന്തൊക്കെ വന്‍ പ്രകൃതിക്ഷോഭങ്ങള്‍  ഉണ്ടായി? എത്ര ഹിമയുഗങ്ങള്‍? എത്ര  ജീവി വര്‍ഗ നാശങ്ങള്‍? ഉല്‍ക്കാപതനം, വെള്ളപ്പോക്കങ്ങള്‍, പ്രളയങ്ങള്‍, സുനാമികള്‍, ഭൂകമ്പങ്ങള്‍, കൊടുംകാറ്റുകള്‍.  ഇതിലൊക്കെ ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങളടക്കം എത്ര എത്ര മനുഷ്യര്‍ മരിച്ചു വീണു? ലോകത്തില്‍ എന്തെല്ലാം മഹാരോഗങ്ങള്‍!  മനുഷ്യരെയും മറ്റു ജീവികളെയും രോഗികളാക്കാനും, കൊന്നൊടുക്കാനും വേണ്ടി നിങ്ങളുടെ മഹാ പ്രതിഭയും പരമകാരുണികനുമായ ദൈവം എന്തിനാണ് രോഗാണുക്കളെ സൃഷ്ടിച്ചു വിട്ടത്? എല്ലാം ഭംഗിയായി സംവിധാനം ചെയ്ത ദൈവം എന്തെ ഇത്ര ക്രൂരത കാണിക്കാന്‍? ഇതിനും നിങ്ങള്‍ക്ക് മറുപടി ഉണ്ടാവും എന്ന് ഞങ്ങള്‍ക്കറിയാം.