രണ്ടായിരത്തി പന്ത്രണ്ടു ഡിസംബര്‍ 16നു ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാത്സംഗം
സ്ത്രീകളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക
യുണ്ടായി. വര്‍ത്തമാനകാല ഇന്ത്യയുടെ മനസ്സാക്ഷിയെ ഞെട്ടിച്ചതും, തലസ്ഥാനനഗരത്തെ
പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്താല്‍ പ്രകമ്പനം കൊള്ളിച്ചതുമായ ഈ സംഭവത്തിന്റെ
ഒരു ഗുണാത്മകവശം ഈ ചര്‍ച്ചയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, പ്രത്യേകിച്ചു ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചുവരിക
യാണോ, ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്ത്, അതിനു പരിഹാരമാര്‍ഗ്ഗമെന്ത് തുടങ്ങിയ
വിഷയങ്ങളില്‍ വിവിധവ്യക്തികളും, സംഘടനകുളും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ലില്‍ ഭേദഗതി നിര്‍ദ്ദേശി
ക്കുന്നതിനായി നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.എസ് വര്‍മ്മ കമ്മിറ്റിയുടെ മുമ്പാകെ പലവിധ
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെടുകയുണ്ടായി. ബലാല്‍സംഗത്തിന് വധശിക്ഷ വേണം,
വധശിക്ഷ വേണ്ട, കുറ്റവാളിയെ ഷണ്ഡീകരിക്കണം, നിയമം കര്‍ശനമാക്കിയാല്‍ മതി,
ആയുഷ്കാല തടവ് ശിക്ഷ വേണം, ശിക്ഷാനടപടികള്‍ ത്വരിതപ്പെടുത്തണം തുടങ്ങിയ
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു.
ബലാത്സംഗത്തിന്റെ കാരണങ്ങള്‍
ബലാത്സംഗങ്ങളുടെ അടിസ്ഥാനപരമായ കാരണം പുരുഷാധിപത്യ സാമൂഹികവ്യവസ്ഥ
തന്നെയാണ്. ചെറുപ്പത്തിലേ തന്നെ വീട്ടില്‍ മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ്
ആണ്‍കുട്ടികളെ വളര്‍ത്തുന്നത്. ഇന്ത്യന്‍ സംസ്കാരത്തില്‍ പുത്രനുള്ള സ്ഥാനം വലിയതാണ്.
പുത്രന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ 'പും എന്ന നരകത്തില്‍ നിന്ന് പിതാവിനെ
ത്രാണനം (രക്ഷിക്കുന്നവന്‍) ചെയ്യുന്നവന്‍' എന്നാണു. എല്ലാ മതങ്ങളുടെ ആശയങ്ങളിലും
പുരുഷാധിപത്യം തന്നെയാണ് പ്രതിഫലിക്കുന്നത്. ഹിന്ദുമതത്തിന്റെ നിയമഗ്രന്ഥം എന്ന്
വിശേഷിപ്പിക്കപ്പെടുന്ന മനുസ്മൃതി എന്ത് പറയുന്നു എന്ന് എല്ലാവര്‍ക്കുമറിയാം.
പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാര്ധക്യേ
ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
സ്ത്രീയെ പുരുഷന്‍ എക്കാലത്തും സംരക്ഷിക്കും, അവള്‍ അവന്റെ ആശ്രയത്തിലായിരിക്കും
എന്നാണല്ലോ ഇതിന്റെ അര്‍ത്ഥം. 'സ്ത്രീ നിന്റെ കൃഷി സ്ഥലമാണ് നിനക്കവിടെ ഇഷ്ടം
പോലെ വിളവിറക്കാം. ഒരു പുരുഷന്‍ സാക്ഷി പറയുന്നിടത്ത് രണ്ടു സ്ത്രീകള്‍ സാക്ഷി
പറയണം' തുടങ്ങിയവയാണ് ഇസ്ലാമിലെ നിയമങ്ങള്‍. പുരുഷന്റെ ഏകാന്തത മാറ്റാന്‍
വേണ്ടി അവന്റെ വാരിയെല്ലില്‍ നിന്നും ദൈവം സ്ത്രീയെ സൃഷ്ടിച്ചു എന്ന ബൈബിള്‍
കഥയുടെ പൊരുള്‍ സ്ത്രീക്ക് സ്വന്തമായി അസ്തിത്വമില്ല എന്നു തന്നെയാണ്. മതാത്മക
മായത് കൊണ്ട് സ്ത്രീകള്‍ പോലും പുരുഷാധിപത്യവ്യവസ്ഥയുടെ വക്താക്കളായി മാറുകയും
അതിനനുസരിച്ചു കുട്ടികളെ വളര്‍ത്തുകയും ചെയ്യുന്നു. "അവന്‍ എത്രയായാലും ഒരാണല്ലേ?"
എന്ന് ചോദിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. 'പെണ്ണുങ്ങളായാല്‍ അടങ്ങി ഒതുങ്ങി ജീവിക്കണം'
എന്ന് അമ്മയാണ് മകളെ ഉപദേശിക്കുന്നത്
ആധുനിക ഇന്ത്യയിലും മതാത്മകകാഴ്ചപ്പാടില്‍ നിന്നും സമൂഹം മുന്നോട്ടു പോയിട്ടില്ല.
ആണ്‍മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള അബോധശ്രമം ലൈംഗിക അതിക്രമങ്ങളില്‍
എത്തിച്ചേരുന്നു എന്നാണു സാമൂഹിക മനശ്ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.
ബലാല്‍സംഗബോധം ഉള്‍ച്ചേര്‍ന്ന ഇന്ത്യന്‍ ബഹുജനസംസ്കാരം സ്ത്രീവിരോധം
നിറഞ്ഞതാണ്. പുത്രാരാധക ഇന്ത്യന്‍ സമൂഹം സ്ത്രീയെ കീഴടക്കുന്നത് (ഏതു കാര്യത്തി
ലായാലും) അനുവദനീയ കൃത്യമായിട്ടാണ് കരുതുന്നത്. ഈ ചിന്തയുടെ വേരുകള്‍,
സ്ത്രീജിതന്മാരായ ഇന്ദ്രന്റെയും, ശിവന്റെയും കഥകളിലൂടെ, പുരാണങ്ങളിലും ഇതിഹാസ
ങ്ങളിലും ചെന്നെത്തി നില്‍ക്കുന്നു. ആഗ്രഹിച്ച പെണ്ണിനെ കീഴടക്കാനുള്ള നായകസാഹസ
ങ്ങളാണല്ലോ പല സിനിമകളുടെയും ഇതിവൃത്തം.
ലൈംഗികാഭിനിവേശപൂര്‍ത്തീകരണം എന്നതിനേക്കാള്‍ പുരുഷാധിപത്യപ്രകടന
മാണ് ബലാല്‍സംഗം എന്നാണു സാമൂഹികചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നത്.
ലൈംഗികകുറ്റവാളികളില്‍ നടത്തിയ പഠനം അവരില്‍ ഭൂരിപക്ഷവും അമിതലൈംഗികാ
സക്തിയുള്ളവരല്ല എന്നാണു കാണിക്കുന്നത്. സ്ത്രീവിരോധം (misogyny) അവരുടെ ശരീരം
ആക്രമിക്കാനുള്ള, വിശേഷിച്ചു ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിക്കാനുള്ള, പ്രവണത
ചിലരില്‍ സൃഷ്ടിക്കുന്നുണ്ടത്രെ.
ലോകമൊട്ടാകെ പല യുവാക്കളും കരുതുന്നത് സ്പോട്സ്, മദ്യപാനം, അടിപിടി
എന്നിവയെപ്പോലെ ബലാല്‍സംഗവും ഒരു പുരുഷവീരപരാക്രമമായിട്ടാണ്. അടിച്ചമര്‍ത്ത
പ്പെടുന്ന ലൈംഗികവികാരമാണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്. തങ്ങള്‍ക്കു
ആസ്വദിക്കാന്‍ കഴിയാതെ പോകുന്ന ലൈംഗികത മറ്റു ചിലര്‍ അനുഭവിക്കുന്നത്
കാണുമ്പോഴുള്ള പക ബലാത്സംഗത്തിനു പ്രേരണയാകുമത്രെ!
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ സംസ്കാരത്തില്‍ മാറ്റം വരുത്തി.
പൊതു ഇടങ്ങള്‍ കുറയുകയും, രാഷ്ട്രീയബോധം ഇല്ലാതാവുകയും ചെയ്തു. സാമൂഹിക
ബന്ധങ്ങളില്‍ കുറവുണ്ടാവുകയും വ്യക്തികളില്‍ ഒറ്റപ്പെടലിന്റെ അസ്വസ്ഥതകള്‍
ഉടലെടുക്കുകയും അത് കുറ്റകൃത്യങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു എന്ന് നാഷണല്‍
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.നഗരങ്ങളിലെ മധ്യവര്‍ഗ്ഗ
പുരുഷന്മാര്‍ക്ക് തൊഴില്‍പരമായ കാരണങ്ങളാലും മറ്റും തങ്ങളുടെ അധികാരം നഷ്ടപ്പെട്ടു
എന്ന തോന്നലുണ്ടാവുകയും അതിനു കാരണക്കാരായ സ്ത്രീവര്‍ഗ്ഗത്തോട് പകയുണ്ടാവുകയും
ബലാത്സംഗത്തിലൂടെ അധികാരപ്രയോഗത്തിന്റെ നിര്‍വൃതി ആസ്വദിക്കുകയും ചെയ്യുന്നു.
സവര്‍ണ്ണ ജന്മിത്വവ്യവസ്ഥ നിലനില്‍ക്കുന്ന ഗ്രാമങ്ങളിലെ ബലാല്‍സംഗത്തിന്റെ
കാരണങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണെന്ന് പറയാം. ജന്മിത്വത്തിന്റെ സ്വാഭാവിക
ഘടകമായ പുരുഷാധിപത്യം പിന്നോക്കഗ്രാമങ്ങളില്‍ ഒരു സംസ്കാരമായി വേരുറച്ചു
നില്‍ക്കുകയാണ്. ദളിത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നത് ഒരു കുറ്റമോ തെറ്റോ
ആയി ജന്മിമാര്‍ കണക്കാക്കുന്നില്ലെന്നു മാത്രമല്ല അത് തങ്ങളുടെ അവകാശമായി
കരുതുകയും ചെയ്യുന്നു. ഭൂവുടമയുടെ ഇംഗിതത്തിനു കീഴ്പ്പെടുന്ന നിസ്സഹായരായ ദളിത്
സ്ത്രീകള്‍ ഇത് തങ്ങളുടെ വിധിയാണെന്ന് ആശ്വസിക്കുന്നു.
അവരുടെ പരാതികള്‍ പോലീസ് കണ്ടില്ലെന്നു നടിക്കുകയോ അവരെ ഭീഷണിപ്പെടുത്തി
പിന്‍വലിപ്പിക്കുകയോ ചെയ്യുന്നു.
വധശിക്ഷ പോലുള്ള കഠിന ശിക്ഷകള്‍ ഇല്ലാത്തതാണ് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചു
വരാന്‍ കാരണമെന്നു പറയുന്നവരുണ്ട്.തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, കേന്ദ്ര വനിതാ-ശിശു
വികസന മന്ത്രി കൃഷ്ണാ തിരാത്ത്, സുഷമാ സ്വരാജ്, ഗിരിജാ വ്യാസ്, ബി.ജെ.പി, ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. എന്നീ പാര്‍ട്ടികളുടെ എം.പി. മാര്‍ എന്നിവര്‍ ബലാത്സംഗത്തിനു
വധശിക്ഷ ആവശ്യപ്പെടുന്നു. ദല്‍ഹി പ്രക്ഷോഭകരില്‍ നിന്നും ആദ്യം ഉയര്‍ന്ന ആവശ്യവും
പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു.
പ്രതീക്ഷിച്ചതുപോലെ മതരാഷ്ട്രീയത്തിന്റെ വക്താക്കള്‍ കുറ്റം കണ്ടെത്തിയത് സ്ത്രീകളിലാണ്.
സ്ത്രീകള്‍ ലക്ഷ്മണരേഖ മുറിച്ചു കടക്കുന്നതാണ് ലൈംഗികപീഡനത്തിനു കാരണമെന്നാണ്
മദ്ധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി കൈലാഷ് വിജയ് വര്‍ഗ്ഗിയ പറഞ്ഞത്. ആര്‍.എസ്.എസ്.
തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് ഭാരതഗ്രാമങ്ങളില്‍ ബലാത്സംഗം നടക്കുന്നില്ല, ഇന്ത്യന്‍
നഗരങ്ങളിലാണ് നടക്കുന്നത് എന്നാണു. തീരെ യാഥാര്‍ത്യബോധമില്ലാത്ത ഒരു പ്രസ്താവന
യായിരുന്നു അത്. ബലാത്സംഗം അധികവും നടക്കുന്നത് ഗ്രാമങ്ങളിലാണ്; ഇരകളാവട്ടെ
ദളിതരും പട്ടികവര്‍ഗ്ഗക്കാരും. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടപഴകുന്നതും, കാമജനക
മായ വസ്ത്രധാരണവുമാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് പ്രേരകമാവുന്നത് എന്നാണു ജമാ
അത്തെ ഇസ്ലാമിയുടെ കണ്ടെത്തല്‍.
കുറ്റവാളികളെ പഴിക്കാതെ, പെണ്‍കുട്ടിയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാള്‍ കപട
സ്വാമിയായ ആശാറാം ബാപ്പുവാണ്.ആള്‍ദൈവമാണത്രേ ഇയാള്‍! രാജസ്ഥാനില്‍ ഒരു
പൊതുപരിപാടിയില്‍ ഈ വിദ്വാന്‍ പറഞ്ഞത് പെണ്‍കുട്ടി കൈകൂപ്പി സരസ്വതീ മന്ത്രം
ചൊല്ലി ഗുരുദീക്ഷ എടുത്തിരുന്നെങ്കില്‍ കുറ്റവാളികള്‍ പിന്‍വാങ്ങുമായിരുന്നു എന്നാണ്.
"ദൈവത്തെ ഓര്‍ത്ത് എന്നെ ഒന്നും ചെയ്യരുത്. നിങ്ങള്‍ എന്റെ സഹോദരന്മാരാണ്" എന്ന്
പറഞ്ഞിരുന്നെങ്കില്‍ കുറ്റവാളികള്‍ പിന്തിരിയുമായിരുന്നു എന്നാണു ഈ വിഡ്ഢി പറഞ്ഞത്.
അയാള്‍ക്ക് കയ്യടിക്കാനും കാണും ചില വങ്കന്മാര്‍
മുകളില്‍ വിശദീകരിച്ചതില്‍ നിന്നും ബലാത്സംഗത്തിനു പ്രേരകമാവുന്നത്, വര്‍ഗ്ഗപരമായ,
മനശ്ശാസ്ത്രപരമായ, ലിംഗാധിപത്യപരമായ, സാമൂഹികമായ വ്യത്യസ്ത കാരണങ്ങളും സാഹ
ചര്യങ്ങളുമാണെന്ന് കാണാന്‍ കഴിയും. ചുരുക്കത്തില്‍ പുരുഷാധിപത്യ ബോധവും വികല
ലൈംഗികപ്രേരണയുമാണ് ബലാത്സംഗകുറ്റത്തിന്റെ മൂലകാരണമെന്നു വിലയിരുത്താം.
വധശിക്ഷ ബലാത്സംഗത്തിനു പരിഹാരമാണോ?
നേരത്തെ പറഞ്ഞത് പോലെ വ്യക്തികളും സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും
ബലാത്സംഗം ഇല്ലാതാക്കുന്നതിന് വധശിക്ഷ, ഷണ്ഡീകരണം എന്നിവ മുതല്‍ കര്‍ശന
നിയമങ്ങള്‍ വരെ നിര്‍ദ്ദേശങ്ങളായി ജ: വര്‍മ്മ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
.
ബലാത്സംഗത്തിന്റെ അടിസ്ഥാന കാരണം പുരുഷാധിപത്യവ്യവസ്ഥ തന്നെയാണ്.
അതോടൊപ്പം മുന്‍പറഞ്ഞ നിരവധി ഘടകങ്ങളുമുണ്ട്. അവയില്‍ മാറ്റം വരാതെ സ്ത്രീപീഡനം
അവസാനിക്കുകയില്ല. ശിക്ഷനല്‍കിയത് കൊണ്ട് മാത്രം കുറ്റങ്ങള്‍ ഇല്ലാതാവുകയുമില്ല.
കുറ്റങ്ങള്‍ ഉണ്ടാവാന്‍ കാരണമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്.
വധശിക്ഷ ഉള്ളത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞു എന്നതിന് തെളിവുകള്‍ ഒന്നും
തന്നെയില്ല. ഒരു കുറ്റത്തിന് പ്രതികാരമായി സര്‍ക്കാര്‍ നടത്തുന്ന കൊലപാതകം
എന്നതായിരിക്കും വധശിക്ഷയുടെ വ്യാഖ്യാനം.
വധശിക്ഷ ഏര്‍പ്പെടുത്തിയാല്‍ ശിക്ഷാവിധികളുടെ എണ്ണം കുറയുമെന്ന് നിയമ
വിദഗ്ധര്‍ പറയുന്നു. ലോകമൊട്ടാകെ വധശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച
ചെയ്യുമ്പോള്‍ വധശിക്ഷ വിധിക്കാന്‍ ജഡ്ജിമാര്‍ മടിക്കും.
പ്രതികള്‍ ഭൂരിപക്ഷവും അച്ഛന്‍ തുടങ്ങിയ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും,
അയല്‍ക്കാരും, പരിചയക്കാരും ആണെന്നിരിക്കെ ഇവരൊക്കെ വധശിക്ഷക്ക്
വിധേയരാകുമ്പോഴുള്ള സാമൂഹിക പ്രത്യാഘാതം എന്തായിരിക്കും എന്ന ചൊദ്യവുമുണ്ട്
ഇന്ന് നിലവിലുള്ള ശിക്ഷകള്‍ തന്നെ ശരിയായ വിധത്തില്‍ നടപ്പാക്കിയാല്‍
ശിക്ഷയുടെ ലക്ഷ്യമായ പേടിപ്പെടുത്തല്‍ (deterrence) ഫലവത്താകും.കുറ്റം ചെയ്‌താല്‍
ശിക്ഷ ലഭിക്കില്ല എന്ന അവസ്ഥയുള്ളതുകൊണ്ടാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു
കൊണ്ടിരിക്കുന്നത്. എല്ലാ കേസുകളിലും വിചാരണ വേഗത്തിലാവുകയും മാസങ്ങള്‍ക്കകം
ശിക്ഷ വിധിക്കപ്പെടുകയും ചെയ്‌താല്‍ നിലവിലുള്ള തടവ്‌ശിക്ഷ തന്നെ ബലാത്സംഗം
തടയാന്‍ പര്യാപ്തമാണ്.
ജ: വര്‍മ്മ കമ്മീഷന് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച ഭൂരിപക്ഷം രാഷ്ട്രീയ
പാര്‍ട്ടികളും, വനിതാ സംഘടനകളും വധശിക്ഷ വേണ്ടെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്
പകരം അതിവേഗകോടതിയിലൂടെ അതിവേഗവിചാരണ നടത്തി പ്രതിക്ക് കഠിനമായ
ആയുഷ്കാലതടവുശിക്ഷ നല്‍കണം. അതിനുള്ള നിയമഭേദഗതി വേണമെന്നു അവര്‍
ആവശ്യപ്പെടുന്നു.
ബലാല്‍സംഗത്തിനു ശിക്ഷയായി ഷണ്ഡീകരിക്കൽ (castration) നടപ്പിലാക്കുക
തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതില്‍ പലതരം പ്രായോഗിക പ്രതിബന്ധങ്ങള്‍
ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സ്ത്രീക്ക് തുല്യ നീതി, തുല്യ പദവി എന്നിവ ഉറപ്പു വരുത്തുന്ന ഒരു സാമൂഹിക വ്യവസ്ഥ
സൃഷ്ടിക്കുക എന്നതാണ് ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാനുള്ള
വഴി. മതങ്ങള്‍ അരക്കിട്ടുറപ്പിച്ച, സാമൂഹിക മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പുരുഷാധിപത്യ
പ്രത്യയശാസ്ത്രബോധം പിഴുതുമാറ്റി ആധുനിക ജനാധിപത്യത്തിന്റെ മാനവികാശയം
വളര്‍ത്തിക്കൊണ്ടു വരുകയാണ് പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം.
--------------
സ്ത്രീക്ക് തുല്യ നീതി, തുല്യ പദവി എന്നിവ ഉറപ്പു വരുത്തുന്ന ഒരു സാമൂഹിക വ്യവസ്ഥ
മറുപടിഇല്ലാതാക്കൂസൃഷ്ടിക്കുക എന്നതാണ് ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാനുള്ള
വഴി. മതങ്ങള്‍ അരക്കിട്ടുറപ്പിച്ച, സാമൂഹിക മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പുരുഷാധിപത്യ
പ്രത്യയശാസ്ത്രബോധം പിഴുതുമാറ്റി ആധുനിക ജനാധിപത്യത്തിന്റെ മാനവികാശയം
വളര്‍ത്തിക്കൊണ്ടു വരുകയാണ് പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം.
എന്നൊക്കെ പറയുമ്പോള്‍ ആദ്യം ചാടി കേറുക അമേരിക്കയുടെ നെഞ്ചതൊട്ടാണ് ..
'അമേരിക്കയില്‍ ഒരു സെക്കണ്ടില്‍ ലക്ഷം ബലാല്‍സംഗം നടക്കുന്നു' -എന്നാ ഒറ്റ വാക്യത്തില്‍ അതിന്റെ കഥ തീര്‍ക്കും. പിന്നെ അതിനെ അനുകൂലിച് കൂട്ട കയ്യടിയും.
അമേരിക്കകാരുടെ മെയിന്‍ ഹോബി ബലാത്സംഗം (+ യുദ്ധം +കച്ചോടം )ആണോ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്...
സ്ത്രീ-പുരുഷ സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ടുമാത്രമേ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാനാകൂ. തന്റെ ഏതൊരു പുരുഷസുഹൃത്തിനോടുമുള്ള സൗഹൃദവും ബഹുമാനവും സ്ത്രീക്കും കൊടുക്കാൻ ആൺകുട്ടികൾക്ക് ചെറുപ്പം മുതലേ പരിശീലനം നല്കത്തക്കവിധം ഇന്ത്യയിലെ വിദ്യാഭ്യാസസംബ്രദായം പുനക്രമീകരിക്കണം. സ്ത്രീയെ പുർഷന്റെ ലൈംഗികോപകരണമായി കാണുന്ന പുരുഷമേധാവിത്വകാഴ്ചപ്പാടുകൾ കുട്ടികളിൽ വേരുറയ്ക്കുന്നതിൽ വീട്ടിലെ അന്തരീക്ഷത്തിനും പ്രധാന സ്ഥാനമുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും യാതൊരു വിവേചനവുമില്ലാതെ വീട്ടിൽ വളർത്താൻ കഴിയുന്ന വിധത്തിൽ സമൂഹത്തിന്റെ ബോധത്തിൽ കാതലായ മാറ്റം ഉണ്ടാക്കിയെടുക്കാൻ കഴിയണം. അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട് വളരുന്ന ആൺകുട്ടികളിൽ സ്ത്രീയെ ശാരീരികമായി കീഴ്പെടുത്തിവെക്കണമെന്ന ബോധവും പെൺകുട്ടികളിൽ തങ്ങൾ കീഴ്പെട്ട് ജീവിക്കേണ്ടവളാണന്നെ ബോധവും വേരുറക്കുന്നത് സ്വാഭാവികമാണ്.
മറുപടിഇല്ലാതാക്കൂചെറുക്ലാസുകളിൽ ആൺപെൺഭേദമില്ലാതെ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കണം. മുതിർന്ന ശേഷവും മിക്സഡ് ക്ലാസ് റൂമുകൾ പ്രോൽസാഹിപ്പിക്കണം. പെൺകുട്ടിയും തന്നെപ്പോലെ ഒരു മനുഷ്യജന്മം തന്നെയാണെന്നുള്ള ബോധം കുട്ടിക്കാലത്തേ വേരുറച്ചാലേ അവരെ മനുഷ്യരായികാണാൻ മുതിർന്നശേഷവും കഴിയുകയുള്ളു. സ്ത്രീയെ ചരക്കായും സാധനമായും കാണുന്ന പുരുഷമേധാവിത്വബോധത്തിന്റെ ഉറവിടം സാമൂഹകമായ ആചാരങ്ങൾ ആയാലും, മതമായാലും അത്തരം ബോധത്തിന്റെ കടയ്ക്കൽ കത്തിവെക്കേണ്ടതുണ്ട്.
സ്ത്രീ-പുരുഷ ലൈംഗികത ഉദാത്തമായ സ്നേഹത്തിലധിഷ്ഠിതമായ പാരസ്പര്യമാകട്ടെ.