Saturday, April 28, 2012

ഒരു കമ്മ്യൂണിസ്റുകാരന്റെ ഹിപ്പോക്രസി.

                     
  ഞാന്‍ ഈ എഴുതുന്നത്‌ ആയിരക്കണക്കിന് ആളുകള്‍ വായിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത്രമാത്രം  ആത്മരോഷമുണ്ട് ഇത്തരം പ്രഹസനങ്ങള്‍ കാണുമ്പോള്‍. മനസ്സില്‍ ഒന്നു വിചാരിക്കുന്നു പുറത്തു പറയുന്നത് വേറൊന്നു. മനസ്സില്‍ പറയുന്നത് "കള്ളന്‍" എന്നാവും. എന്നാല്‍ മൈക്കിനു മുമ്പില്‍ വിളിച്ചു പറയും "ഇദ്ദേഹത്തെപ്പോലെ സത്യസന്ധനായ ഒരാളെ ഇക്കാലത്ത് കാണാന്‍ പ്രയാസമാണ്" എന്ന്‌. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കോഴിക്കോട് പൌരസ്വീകരണം കൊടുത്ത വാര്‍ത്ത വായിച്ചപ്പോള്‍ ഇങ്ങനെയൊക്കെ പറയാന്‍ തോന്നി. അവിടെ കൂടിയവര്‍ക്കൊക്കെ എന്തൊരു മതസഹിഷ്ണുത! ക്രിസ്തുമതം ഏറ്റവും നല്ല മതം എന്നാണ് ഹിന്ദുവും, മുസ്ലിമും പറയുന്നത്. ഇതിലുമൊക്കെ കടത്തി പറഞ്ഞിരിക്കുന്നു നമ്മുടെ ഭൌതികവാദി എ. പ്രദീപ്‌ കുമാര്‍. അയാള്‍ പറഞ്ഞത്: "ആത്മീയാചാര്യന്‍ എന്നതിനപ്പുറം പൊതുസമൂഹത്തിനും ധൈഷണിക 
നേതൃത്വം നല്‍കാന്‍ കഴിയുന്ന വ്യക്തിത്വമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേത്" എന്നാണ്. പ്രദീപ്‌ ഇത് ആത്മാര്‍ത്ഥമായി പറഞ്ഞതാണ് എന്ന്‌ ഞാന്‍ കരുതുന്നില്ല. പൌരസ്വീകരണം നല്‍കുന്നു. പാര്‍ടിയുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ട്. പോവണം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പാണ് വരുന്നത്, നെയ്യാറ്റിന്‍കരയില്‍. നേതാക്കാന്മാര്‍ അരമന കയറി ഇറങ്ങുന്നു. ഒരു മതക്കാരെയും പിണക്കാന്‍ വയ്യ. വോട്ടു നഷ്ടപ്പെടരുത്. ക്രിസ്തുവിനെ വിപ്ലവകാരിയായി പാര്‍ട്ടി വിലയിരുത്തിയതാണ്. ആ മതത്തിന്റെ നല്ല വലിയ ഇടയന് സ്വീകരണം കൊടുക്കുന്ന വേദിയാണ്. ഇനി അഥവാ ക്ഷണിചിട്ടില്ലെങ്കില്‍ പോലും പോവണം. അവിടെ ചെന്ന് കര്‍ദിനാളെപ്പറ്റി നാല് നല്ല വര്‍ത്തമാനം പറയണം. ക്രിസ്തുമതത്തെ പുകഴ്ത്തണം. ആലഞ്ചേരി എന്തൊക്കെ ചെയ്തു എന്നറിയില്ലെങ്കിലും മഹാനാണ്. ധൈഷണികനാണ്, കേരളത്തെ നയിക്കാന്‍ പ്രാപ്തനാണ് എന്നൊക്കെ തട്ടിവിടണം. പണ്ട് മറ്റൊരു പോഴന്‍ കമ്മ്യൂണിസ്റ്റുകാരന്‍ (ദിവാകരന്‍) മാതാ അമൃതയെപ്പറ്റി  പറഞ്ഞതോര്‍മ്മയില്ലേ. എല്‍. ഡി. എഫ്. അമ്മയുടെ ഉപദേശത്തിനു കാതോര്‍ത്തിരിക്കുകയാണ് എന്ന്‌ ആ പൊണ്ണന്‍  ഒരു യോഗത്തില്‍ പറഞ്ഞത് പത്രത്തില്‍ വലിയ വാര്‍ത്തയായി വന്നതാണ്. ക്ഷമിക്കണം, ഇയാളെയൊക്കെ പോണ്ണന്‍ എന്നല്ലാതെ എന്താണ് സുഹൃത്തുക്കളെ വിളിക്കുക! എന്റെ ഫെയ്സ് ബുക്ക്‌ അക്കൌണ്ട് റിമൂവ് ചെയ്താലോ എന്ന്‌ പേടിച്ചിട്ടാണ്, ഇല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ പറയാന്‍ എന്റെ നാവു ചൊറിയുന്നുണ്ട്. (സഹിഷ്ണുത വേണം എന്ന            ഉപദേശത്തിനു നന്ദി. പക്ഷെ ഞാന്‍ ഒരു പച്ചയായ മനുഷ്യനാണ്.)  
        ഈ വികാരിയച്ചന്മാര്‍ എന്താണ് ചെയ്യുന്നത്? അശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം പ്രചരിപ്പിക്കലാണ്           അവരുടെ പ്രധാന വേല. അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊക്കെ തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള സൊള്ളൂ പണികളാണ്. അതു കണ്ടു നമ്മള്‍ പറയും എന്തൊരു കരുണാമയന്മാര്‍ എന്ന്‌. പ്രപഞ്ചത്തിന്റെ യും ജീവികളുടെയും ഉല്‍പ്പത്തിയെപ്പറ്റി ബൈബിളിലുള്ള വിഡ്ഢിത്തങ്ങള്‍ പഠിപ്പിക്കുകയാണ് അവരുടെ മുഖ്യ തൊഴില്‍. ലാറ്റിന്‍ അമേരിക്കയില്‍ വിരലില്‍ എണ്ണാവുന്ന ചില വിമോചന ദൈവശാസ്ത്രജ്ഞന്മാരെ കണ്ടു എല്ലാ ക്രിസ്തീയ പുരോഹിതരും അധ്വാനിക്കുന്നവന്റെ സുഹൃത്താണ് എന്ന്‌  കരുതേണ്ട. മഹാഭൂരിപക്ഷം ളോഹക്കാരും മുരത്ത കമ്മ്യൂണിസ്റ്റു വിരോധികളാണ്. അവരെ കമ്മ്യൂണിസ്റ്റ്പക്ഷപാതികളാക്കാന്‍  ശ്രമിക്കുന്നതിനേക്കാള്‍ ഭേദം നായയുടെ വാല് നിവര്‍ത്താന്‍ ശ്രമിക്കുന്നതാണ്. താന്‍ പറയുന്നത് ആത്മാര്‍ത്ഥത്തയോട് കൂടിയല്ല എന്ന്‌ പ്രദീപ്‌ കുമാറിനറിയാം. നല്ല മനുഷ്യരെ കപടനാട്യക്കാരും കള്ളം പറയുന്നവരും ആക്കാനെ ഇത്തരം പൊങ്ങച്ചവേദികള്‍ ഉപകരിക്കൂ.