രണ്ടായിരത്തി പന്ത്രണ്ടു ഡിസംബര്‍ 16നു ഡല്‍ഹിയില്‍ നടന്ന കൂട്ട
ബലാത്സംഗം സ്ത്രീകളുടെ പദവിയെക്കുറിച്ചു ഗൌരവപൂര്‍ണ്ണമായ
ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയുണ്ടായി. സമീപകാല ഇന്ത്യയുടെ
മനസ്സാക്ഷിയെ ഞെട്ടിച്ചതും, തലസ്ഥാനനഗരത്തെ പ്രക്ഷോഭങ്ങ
ളുടെ വേലിയേറ്റത്താല്‍ പ്രകമ്പനം കൊള്ളിച്ചതുമായ ഈ സംഭവ
ത്തിന്റെ ഒരു ഗുണാത്മകവശം ഈ ചര്‍ച്ചയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, പ്രത്യേകിച്ചു ബലാത്സംഗങ്ങള്‍
വര്‍ദ്ധിച്ചുവരികയാണോ, ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്ത്, അതിനു
പരിഹാരമാര്‍ഗ്ഗമെന്ത് തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ വ്യക്തികളും,
സംഘടനകുളും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ക്കെ
തിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ലില്‍ ഭേദഗതി
നിര്‍ദ്ദേശിക്കുന്നതിനായി നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.എസ് വര്‍മ്മ
കമ്മിറ്റിയുടെ മുമ്പാകെ പലവിധ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെടുക
യുണ്ടായി. ബലാല്‍സംഗത്തിന് വധശിക്ഷ വേണം, വധശിക്ഷ വേണ്ട
നിയമം കര്‍ശനമാക്കിയാല്‍ മതി, ജീവപര്യന്തം തടവ് ശിക്ഷ വേണം,
അത് തന്നെ കുറ്റവാളിയുടെ ജീവിതാന്ത്യംവരെയായിരിക്കണം,
നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പി
ക്കപ്പെട്ടു. അവ മുന്നോട്ടു വെച്ച വ്യക്തികളുടെയും സംഘടനകളുടെയും
ആശയപരമായ വീക്ഷണം ഈ നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിച്ചിരുന്നു.
ബലാത്സംഗങ്ങളുടെ കാരണങ്ങള്‍
ബലാത്സംഗങ്ങളുടെ അടിസ്ഥാനപരമായ കാരണം പുരുഷാധിപത്യ
സാമൂഹികവ്യവസ്ഥയാണ് എന്ന് മാധ്യമ ചര്‍ച്ചകള്‍
വെളിപ്പെടുത്തുന്നു. ചെറുപ്പത്തിലേ തന്നെ വീട്ടില്‍ മുന്തിയ
പരിഗണന നല്‍കിക്കൊണ്ടാണ് ആണ്‍കുട്ടികളെ വളര്‍ത്തുന്നത്. ഇന്ത്യന്‍
സംസ്കാരത്തില്‍ പുത്രനുള്ള സ്ഥാനം വലിയതാണ്.
പുത്രന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ
'പും എന്ന നരകത്തില്‍ നിന്ന് പിതാവിനെ ത്രാണനം (രക്ഷിക്കുന്നവന്‍)
ചെയ്യുന്നവന്‍' എന്നാണു. പുത്രനില്ലാത്തവന്റെ ജീവിതം അര്‍ത്ഥശൂന്യമാണെന്നു
കല്‍പ്പിക്കപ്പെടുന്നു. എത്ര പെണ്മക്കളുണ്ടായിട്ടും കാര്യമില്ല ആത്മാവിനു
നിത്യശാന്തി ലഭിക്കണമെങ്കില്‍ മകന്‍ തന്നെ ബലിതര്‍പ്പണം ചെയ്യേണ്ടി
യിരിക്കുന്നു. മതാത്മകമായത് കൊണ്ട് സ്ത്രീകള്‍ പോലും പുരുഷാധി
പത്യവ്യവസ്ഥയുടെ വക്താക്കളായി മാറുകയും അതിനനുസരിച്ചു
കുട്ടികളെ വളര്‍ത്തുകയും ചെയ്യുന്നു. "അവന്‍ എത്രയായാലും ഒരാണല്ലേ?"
എന്ന് ചോദിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അമ്മമാര്‍ വീടുകളില്‍
ആണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്ര വാത്സല്യവും പരിഗണനയും
പെണ്‍കുട്ടികള്‍ക്കു നല്‍കാറില്ല. തന്നെ സംരക്ഷിക്കേണ്ടത്
മകനാണെന്നതും മകള്‍ അന്യവീട്ടിലേക്കു
പോകേണ്ടവളാണ് എന്നതുമായിരിക്കാം ഒരു കാരണം. ഒരു പക്ഷെ
മനുഷ്യവംശത്തിന്റെ ആരംഭകാലം തൊട്ടു തന്നെ പുരുഷന്‍ സ്ത്രീകളുടെ
മേല്‍ ആധിപത്യം പുലര്‍ത്തിയിരിക്കാനാണ് സാധ്യത. സ്ത്രീയുടെ
ശാരീരികമായ 'ദുര്‍ബ്ബലാവസ്ഥ'യും പുരുഷന്റെ ശാരീരികമായ ശക്തിയുമാണ്
അവന്റെ മേധാവിത്വത്തിനു നിദാനം. മതങ്ങളുടെ ആശയങ്ങളിലും
പുരുഷാധിപത്യം തന്നെയാണ് പ്രതിഫലിക്കുന്നത്. ഹിന്ദുമതത്തിന്റെ
നിയമഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുസ്മൃതി എന്ത് പറയുന്നു
എന്ന് എല്ലാവര്‍ക്കുമറിയാം.
പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
സ്ത്രീയെ പുരുഷന്‍ എക്കാലത്തും സംരക്ഷിക്കും, അവള്‍ അവന്റെ
ആശ്രയത്തിലായിരിക്കും എന്നാണല്ലോ ഇതിന്റെ അര്‍ത്ഥം.
'സ്ത്രീ നിന്റെ കൃഷി സ്ഥലമാണ്. നിനക്കവിടെ ഇഷ്ടം പോലെ
വിളവിറക്കാം. ഒരു പുരുഷന്‍ സാക്ഷി പറയുന്നിടത്ത് രണ്ടു സ്ത്രീകള്‍
സാക്ഷി പറയണം' തുടങ്ങിയവയാണ് ഇസ്ലാമിലെ നിയമങ്ങള്‍.
ക്രിസ്തുമതവും ഇക്കാര്യത്തില്‍ ഭിന്നമല്ല. പുരുഷന്റെ ഏകാന്തത
മാറ്റാന്‍ വേണ്ടി അവന്റെ വാരിയെല്ലില്‍ നിന്നും ദൈവം സ്ത്രീയെ
സൃഷ്ടിച്ചു എന്ന ബൈബിള്‍ കഥയുടെ പൊരുള്‍ സ്ത്രീക്ക്
സ്വന്തമായി അസ്തിത്വമില്ല എന്നു തന്നെയാണ്.
ആധുനിക ഇന്ത്യയിലും മതാത്മകകാഴ്ചപ്പാടില്‍ നിന്നും സമൂഹം
മുന്നോട്ടു പോയിട്ടില്ല. പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനോ
ഇടപെടുന്നതിനോ യാഥാസ്ഥിതിക സമൂഹം സ്ത്രീയെ അനുവദിക്കുകയില്ല.
പാര്‍ലിമെന്റില്‍ സ്ത്രീ സംവരണത്തിനുള്ള നിയമം പാസ്സാവാതിരിക്കുന്നതും
ഇത് കൊണ്ടാണ്. പുരോഗമനവീക്ഷണമുള്‍ക്കൊള്ളുന്ന രാഷ്ട്രീയ
കക്ഷികളുടെ നേതാക്കള്‍ പോലും ഈ നിലപാടാണ് വ്യക്തിജീവിതത്തില്‍
വെച്ച്പുലര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് മാത്രം ബാധകമായ സദാചാരം, ചാരിത്ര്യം
എന്നീ 'മൂല്യവ്യവസ്ഥകള്‍' പുരുഷതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി
സൃഷ്ടിക്കപ്പെട്ടവയാണ്.
ഇന്ത്യന്‍ സംസ്കാരത്തില്‍ ബലാല്‍സംഗബോധം ഉള്‍ച്ചേരുന്നു
എന്നാണു പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രവീണ്‍സ്വാമി പറയുന്നത്.
ഇന്ത്യന്‍ ബഹുജനസംസ്കാരം സ്ത്രീവിരോധം നിറഞ്ഞതാണെന്ന്
അദ്ദേഹം വിലയിരുത്തുന്നു. താന്‍ ഇഷ്ടപ്പെടുന്ന പെണ്ണിനെ കീഴടക്കുന്നത്
ആണത്തത്തിന്റെ ലക്ഷണമായി സിനിമകള്‍ ഉദ്ഘോഷിക്കുന്നു.
സ്പോട്സ്, മദ്യപാനം, അടിപിടി, എന്നതൊക്കെപ്പോലെ
ബലാല്‍സംഗവും ആണുങ്ങള്‍ക്ക് പറഞ്ഞതാണ് എന്ന ബോധമാണ്
ഇവിടെയുള്ളത്. പുത്രാരാധക ഇന്ത്യന്‍ സമൂഹം സ്ത്രീയെ
കീഴടക്കുന്നത് (ഏതു കാര്യത്തിലായാലും) അനുവദനീയ കൃത്യമായിട്ടാണ്
കരുതുന്നത് എന്നദ്ദേഹം പറയുന്നു (ഹിന്ദു: 27.12.12) കീഴടക്കപ്പെടുന്ന
സ്ത്രീയുടെ 'വേണ്ട, വേണ്ട' എന്ന നിഷേധത്തെ, 'വേണം, വേണം'
എന്ന ആഗ്രഹമായി അവര്‍ വ്യാഖ്യാനിക്കുന്നു.
ഈ ചിന്തയുടെ വേരുകള്‍, സ്ത്രീജിതന്മാരായ ഇന്ദ്രന്റെയും,
ശിവന്റെയും കഥകളിലൂടെ, പുരാണങ്ങളിലും ഇതിഹാസങ്ങളിലും
വേണ്ടത്ര കാണാന്‍ കഴിയും. ലൈംഗികാഭിനിവേശപൂര്‍ത്തീകരണം
എന്നതിനേക്കാള്‍ പുരുഷാധിപത്യത്തിന്റെ പ്രകടനമാണ് ബലാല്‍സംഗം
എന്നാണു സാമൂഹികചിന്തകര്‍ അഭിപ്രായപ്പെടുന്നത്. ലൈംഗിക
കുറ്റവാളികളില്‍ നടത്തിയ പഠനം അവരില്‍ ഭൂരിപക്ഷവും അമിത
ലൈംഗികാസക്തിയുള്ളവരല്ല എന്നാണു കാണിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ പല നഗരങ്ങളിലും വേശ്യാവൃത്തി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
30 ലക്ഷം ലൈംഗിക തൊഴിലാളികള്‍ ഇന്ത്യയിലുണ്ടെന്നാണ്
കണക്കു. എന്നിട്ടും 1953 മുതല്‍ 2011 വരെയുള്ള കാലത്ത് ബലാല്‍സംഗം
873 ശതമാനം വര്‍ദ്ധിക്കുകയുണ്ടായി. സ്ത്രീ വിരോധം
(misogyny) അവരുടെ ശരീരം ആക്രമിക്കാനുള്ള, വിശേഷിച്ചു
ജനനേന്ദ്രിയത്തില്‍ പരുക്കേല്പ്പിക്കാനുള്ള, പ്രവണത ചിലരില്‍
സൃഷ്ടിക്കുന്നുണ്ടത്രെ. (രുചിര ഗുപ്ത, ഹിന്ദു: 30.12.12)
ലോകമൊട്ടാകെ പല യുവാക്കളും കരുതുന്നത് സ്പോട്സ്, മദ്യപാനം,
അടിപിടി എന്നിവയെപ്പോലെ ബലാല്‍സംഗവും ഒരു
പുരുഷവീരപരാക്രമമായിട്ടാണ്. 2010 ല്‍ ഇന്ത്യയില്‍ ബലാല്‍സംഗത്തിന്
അറസ്റ്റു ചെയ്യപ്പെട്ടവരില്‍ 58 ശതമാനവും 18-30 പ്രായപരിധിയില്‍
പെട്ടവരായിരുന്നു. (ഹിന്ദു: 11.01.13) അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക
വികാരമാണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്. തങ്ങള്‍ക്കു
ആസ്വദിക്കാന്‍ കഴിയാതെ പോകുന്ന ലൈംഗികത മറ്റു ചിലര്‍
അനുഭവിക്കുന്നത് കാണുമ്പോഴുള്ള പക
ബലാത്സംഗത്തിനു പ്രേരണയാകുമത്രെ!
സാമ്പത്തിക ഉദാരവല്‍ക്കരണം സംസ്കാരത്തില്‍ മാറ്റം വരുത്തി.
പൊതു ഇടങ്ങള്‍ കുറയുകയും, രാഷ്ട്രീയബോധം ഇല്ലാതാവുകയും
ചെയ്തു. സാമൂഹിക ബന്ധങ്ങളില്‍ കുറവുണ്ടാവുകയും വ്യക്തികളില്‍
ഒറ്റപ്പെടലിന്റെ അസ്വസ്ഥതകള്‍ ഉടലെടുക്കുകയും അത് കുറ്റകൃത്യങ്ങള്‍ക്ക്
ആക്കം കൂട്ടുകയും ചെയ്യുന്നു. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ
കണക്കു പ്രകാരം 2011ല്‍ 18-30 പ്രായപരിധിയില്‍ വരുന്ന 29,937
പുരുഷന്മാര്‍ അറസ്റ്റു ചെയ്യപ്പെട്ടു. 18-30 പ്രായപരിധിയില്‍ വരുന്ന
കുറ്റവാളികളുടെ കണക്കു നോക്കുക:
1991 : 8,864
2011 : 16,528
നഗരങ്ങളിലെ മധ്യവര്‍ഗ്ഗപുരുഷന്മാര്‍ക്ക് തൊഴില്‍പരമായ കാരണങ്ങളാലും
മറ്റും തങ്ങളുടെ അധികാരം നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടാവുകയും
അതിനു കാരണക്കാരായ സ്ത്രീവര്‍ഗ്ഗത്തോട് പകയുണ്ടാവുകയും
ബലാത്സംഗത്തിലൂടെ അധികാര പ്രയോഗത്തിന്റെ നിര്‍വൃതി
ആസ്വദിക്കുകയും ചെയ്യുന്നു.
മധ്യവര്‍ഗ്ഗസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം മുകളിലെ
വിലയിരുത്തലുകള്‍ ശരിയാവാമെങ്കിലും സവര്‍ണ്ണ ജന്മിത്വവ്യവസ്ഥ
നിലനില്‍ക്കുന്ന ഗ്രാമങ്ങളിലെ ബലാല്‍സംഗത്തിന്റെ കാരണങ്ങള്‍
കുറേക്കൂടി വ്യത്യസ്തമാണെന്ന് പറയാം. ജന്മിത്വത്തിന്റെ സ്വഭാവിക
ഘടകമായ പുരുഷാധിപത്യം പിന്നോക്ക ഗ്രാമങ്ങളില്‍ ഒരു
സംസ്കാരമായി വേരുറച്ചു നില്‍ക്കുകയാണ്. ദളിതരെ അവിടെ
മനുഷ്യരായി പരിഗണിക്കുന്നില്ല ദളിത സ്ത്രീകളെ കൂട്ട ബലാത്സംഗം
ചെയ്യുന്നത് ഒരു കുറ്റമോ തെറ്റോ ആയി ജന്മിമാര്‍ കണക്കാക്കുന്നില്ല
എന്ന് മാത്രമല്ല, അതൊരു അവകാശമായി കരുതുകയും ചെയ്യുന്നു.
അടിമസ്ത്രീകളോട് പെരുമാറുന്നത് പോലെയാണ് അവര്‍ ദളിത
സ്ത്രീകളോട് പെരുമാറുന്നത്. ഭൂവുടമയുടെ ഇംഗിതത്തിനു വഴങ്ങുക
തങ്ങളുടെ കടമയോ വിധിയോ ആണെന്നതിനപ്പുറം ചിന്തിക്കാന്‍
പല ദളിത് സ്ത്രീകള്‍ക്കും ആവുകയില്ല.
ആരെങ്കിലും പോലീസില്‍ പരാതിപ്പെട്ടാല്‍ തന്നെ പോലീസ് പലപ്പോഴും
ശ്രദ്ധിക്കുകയില്ല എന്ന് മാത്രമല്ല പീഡിപ്പിക്കപ്പെട്ടവരെ
കൂടുതല്‍ പീഡനത്തിനിരയാക്കുകയും ചെയ്യും. പൊലീസിനെതിരെ
പരാതിപ്പെട്ടാല്‍ പ്രതികാരം ഉറപ്പാണ്. ഇല്ലെങ്കില്‍ കൈക്കൂലി
കൊടുക്കേണ്ടി വരും. ഭൂവുടമകളും, പോലീസുദ്യോഗസ്ഥരും ഉയര്‍ന്ന
ജാതിക്കാരും പ്രതികളായ സംഭവങ്ങളില്‍ 5 ശതമാനം മാത്രമാണ്
കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇതില്‍ത്തന്നെ 30 ശതമാനം തള്ളിപ്പോവുന്നു.
ഇരകളെയും സാക്ഷികളെയും പോലീസ് ഭീഷണിപ്പെടുത്തുകയും
ഭര്‍ത്താക്കന്മാരെ മര്‍ദ്ദിക്കുകയും ചെയ്യും. അലഹബാദില്‍ നിന്ന് 30
കിലോമീറ്റര്‍ അകലെ താര്‌വായ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള
തിക്കാരി ഗ്രാമത്തിലെ 45 വയസ്സുള്ള ലല്ലിദേവിയുടെ കദനപൂര്‍ണ്ണമായ
അനുഭവം നോക്കുക. ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ
ആനുകൂല്യമുപയോഗിച്ചു ലല്ലിദേവി ഒരു വീട് പണിതു. പോരാതെ വന്ന
പണം പ്രാദേശിക പണമിടപാടുകാരനില്‍ നിന്നും കൊള്ളപ്പലിശക്ക്
വാങ്ങിച്ചു. പണം തിരിച്ചു കൊടുക്കുന്നതില്‍ താമസം വന്നപ്പോള്‍
പലിശക്കാരന്‍ ലല്ലിദേവിയുടെ വീട് പൊളിച്ചു.ഇത് ചോദ്യം ചെയ്ത ലല്ലിയുടെ
ഭര്‍ത്താവിനേയും മകനേയും പലിശക്കാരന്റെ ഗുണ്ടകള്‍ മര്‍ദ്ദിച്ചു.
അവര്‍ താമസിച്ചിരുന്ന കുടിലിനു തീവെച്ചു. ഇതിനെതിരെ പോലീസ്
ഒരു നടപടിയുമെടുത്തില്ല.
1994 ജനുവരിയില്‍ അലഹബാദിനടുത്തുള്ള ദാനഗ്രാമത്തില്‍ ശിവപാട്യ
എന്ന വൃദ്ധയായ ദളിത് സ്ത്രീയെ നഗ്നയായി നടത്തി. അവര്‍ കൃഷി ചെയ്ത
പച്ചക്കറികള്‍ കുര്‍മി (പ്രബലമായ പിന്നോക്ക വിഭാഗം) ജാതിയില്‍പ്പെട്ട
കുട്ടികള്‍ അറുത്തു കൊണ്ട് പോവുന്നത് അവരുടെ മകന്‍ തടഞ്ഞു
എന്നതായിരുന്നു കാരണം. പ്രശ്നം വാര്‍ത്താപ്രാധാന്യം നേടിയപ്പോള്‍
ഭരണകക്ഷി നേതാക്കളായ കന്‍ഷിറാമും, മുലായംസിംഗ് യാദവും
സ്ഥലം സന്ദര്‍ശിച്ചു. ഭൂമി നല്‍കാമെന്നും, പണം നല്‍കാമെന്നും
വാഗ്ദാനമുണ്ടായി. പക്ഷെ 17 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസ്
സെഷന്‍സ് കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഒരു ദളിത്
വനിതയായ മായാവതി ഇക്കാലയളവില്‍ 4 തവണ മുഖ്യമന്ത്രിയായി
എന്ന് കൂടി ഓര്‍ക്കുക. ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കേസ് നടക്കുന്നത്
എന്ന് കൂടി അറിയുമ്പോള്‍ ദളിത് പ്രശ്നങ്ങളില്‍ അധികൃതര്‍ക്കുള്ള
അനാസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഹരിയാണയിലെ സച്ചാ ഖേര ഗ്രാമത്തില്‍ 2012 ഒക്ടോബറില്‍ കൂട്ട
ബലാത്സംഗങ്ങളുടെ പരമ്പര തന്നെയുണ്ടായി. 16 വയസ്സുകാരിയെ
ബലാത്സംഗം ചെയ്തത് ഗ്രാമത്തിലെ മൂന്നു ഗുണ്ടകളായിരുന്നു.
മാനക്കേട് സഹിക്കാന്‍ വയ്യാതെ അവള്‍ സ്വയം
തീകൊളുത്തി ആത്മഹത്യ ചെയ്തു. കോണ്ഗ്രസ് പ്രസിഡന്റ്
സോണിയാഗാന്ധി അവിടം സന്ദര്‍ശിക്കുകയും പെണ്‍കുട്ടിയുടെ
മാതാപിതാക്കളായ രാജകാളി, കാളി എന്നിവരുമായി സംസാരിക്കുകയും
ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. കുറ്റവാളികള്‍ ജാട്ട് സമുദാ
യാംഗങ്ങളും, ജാട്ട് സമുദായത്തിന് സര്‍ക്കാരില്‍ വന്‍സ്വാധീനവും
ഉള്ളതുകൊണ്ട് കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടായില്ല
2012 ഒക്റ്റോബര്‍ 3 നു സോണാപ്പെട്ട് ജില്ലയിലെ ബെന്‍വാസാ
ഗ്രാമത്തിലെ ഒരു നവവധുവിനെ 4 പേര്‍ ചേര്‍ന്ന് ബലാത്സംഗം
ചെയ്തു. പെണ്‍കുട്ടിയെ കുടുംബം ഉപേക്ഷിച്ചു എന്നല്ലാതെ
കുറ്റവാളികളെ പിടികൂടുകയുണ്ടായില്ല.
പകുതി ഇന്ത്യക്കാരും പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പേ ലൈംഗിക
പീഡനം അനുഭവിച്ചവരാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
2007 ല്‍ വനിതാ-ശിശു വികസന മന്ത്രാലയം പുറത്തിറക്കിയ
സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത് പഠനവിധേയമാക്കിയ 12,477
കുട്ടികളില്‍ 68.99 ശതമാനവും ശാരീരികപീഡനത്തിനിരയായിരുന്നു
എന്നാണ്. ഇതില്‍ പകുതിയും ആണ്‍കുട്ടികളായിരുന്നു. 12 ല്‍
ഒരാള്‍ ലൈംഗികപീഡനത്തിനും ഇരയായിരുന്നു. ഇതിലും, ഭൂരിപക്ഷം
ആണ്‍കുട്ടികളായിരുന്നു. (പ്രവീണ്‍ സ്വാമി, ഹിന്ദു:11.01.13)
വധശിക്ഷ പോലുള്ള കഠിനശിക്ഷകള്‍ ഇല്ലാത്തതാണ്
ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചു വരാന്‍ കാരണമെന്നു പറയുന്നവരുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ജ:ജെ.എസ്.വര്‍മ്മ കമ്മീഷന്
നല്‍കിയ നിര്‍ദ്ദേശങ്ങളിലൊന്ന് വധശിക്ഷ ഏര്‍പ്പെടുത്തണമെന്നാണ്.
കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി കൃഷ്ണാതിരാത്ത് പറഞ്ഞത്
ലൈംഗികപീഡനങ്ങള്‍ക്ക് വധശിക്ഷ നല്‍കും വിധം ശിക്ഷാ
നിയമം ഭേദഗതി ചെയ്യണമെന്നാണ്. ബലാത്സംഗപ്രതികളെ
തൂക്കിക്കൊല്ലണമെന്ന് പാര്‍ലിമെന്റില്‍ സുഷമാ സ്വരാജ്,
ഗിരിജാ വ്യാസ്, ബി.ജെ.പി, ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ.
എന്നീ പാര്‍ട്ടികളുടെ എം.പി. മാര്‍ എന്നിവര്‍ ക്ഷുഭിതരായി
ആവശ്യപ്പെടുകയുണ്ടായി. ദല്‍ഹി പ്രക്ഷോഭകരില്‍ നിന്നും ആദ്യം
ഉയര്‍ന്ന ആവശ്യവും പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു.
ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചതുകൊണ്ട് കുറ്റങ്ങള്‍ ഇല്ലാതാവുകയില്ല
എന്നത് അനുഭവസിദ്ധമായ സത്യമാണ്.
പ്രതീക്ഷിച്ചതുപോലെ മതരാഷ്ട്രീയത്തിന്റെ വക്താക്കള്‍ കുറ്റം
കണ്ടെത്തിയത് സ്ത്രീകളിലാണ്. സ്ത്രീകള്‍ ലക്ഷ്മണരേഖ
മുറിച്ചു കടക്കുന്നതാണ് ലൈംഗികപീഡനത്തിനു കാരണമെന്നാണ്
മദ്ധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി കൈലാഷ് വിജയ് വര്‍ഗ്ഗിയ പറഞ്ഞത്.
ആര്‍.എസ്.എസ്.തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് ഭാരതത്തില്‍
ബലാത്സംഗം നടക്കുന്നില്ല, ഇന്ത്യയിലാണ് നടക്കുന്നത് എന്നാണ്.
അതിന്റെ അര്‍ത്ഥം ഗ്രാമങ്ങളില്‍ നടക്കുന്നില്ല, ഇന്ത്യന്‍ നഗരങ്ങളിലാണ്
നടക്കുന്നത് എന്നാണല്ലോ. തീരെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ഒരു
പ്രസ്താവനയായിരുന്നു അത്. ബലാത്സംഗം അധികവും നടക്കുന്നത്
ഗ്രാമങ്ങളിലാണ്; ഇരകളാവട്ടെ, ഭൂരിപക്ഷവും ദളിതരും, പട്ടിക വര്ഗ്ഗക്കാരും.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നത്
അവസാനിപ്പിക്കണമെന്നായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ ആവശ്യം.
പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണം,
അസമയത്തുള്ള (എന്താണിത്?) യാത്ര, അടക്കവും ഒതുക്കവും
ഇല്ലാതിരിക്കല്‍ ഇതൊക്കെയാണ് സ്ത്രീകളെ ലൈംഗികമായി
ആക്രമിക്കാന്‍ പുരുഷന് പ്രേരണയാവുന്നത്. അത് കൊണ്ട്
ഇതൊക്കെ ഒഴിവാക്കിയാല്‍ പീഡനം ഉണ്ടാവില്ല എന്നാണ്
ഈ ആളുകള്‍ പറയുന്നത്! നല്ല വിവരം എന്നല്ലാതെ എന്ത് പറയാന്‍.
കുറ്റവാളികളെ പഴിക്കാതെ, പെണ്‍കുട്ടിയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച
മറ്റൊരാള്‍ കപടസ്വാമിയായ ആശാറാം ബാപ്പുവാണ്.
ആള്‍ദൈവമാണത്രേ ഇയാള്‍! രാജസ്ഥാനില്‍ നിന്ന് 90 കിലോമീറ്റര്‍
അകലെയുള്ള ഒരു സ്ഥലത്തെ ഒരു പൊതുപരിപാടിയില്‍
ഈ വിദ്വാന്‍ പറഞ്ഞത് പെണ്‍കുട്ടി കൈകൂപ്പി സരസ്വതീമന്ത്രം ചൊല്ലി
ഗുരുദീക്ഷ എടുത്തിരുന്നെങ്കില്‍ കുറ്റവാളികള്‍ പിന്‍വാങ്ങുമായിരുന്നു
എന്നാണ്. "ദൈവത്തെ ഓര്‍ത്ത് എന്നെ ഒന്നും ചെയ്യരുത്. നിങ്ങള്‍
എന്റെ സഹോദരന്മാരാണ്" എന്ന് പറഞ്ഞിരുന്നെങ്കില്‍ കുറ്റവാളികള്‍
പിന്തിരിയുമായിരുന്നു എന്നാണു ഈ വിഡ്ഢി പറഞ്ഞത്. അവന് കയ്യടിക്കാനും
കാണും ചില വങ്കന്മാര്‍. ഇത്തരം വഷളന്മാരെ ദൈവമെന്നു പറഞ്ഞു
എഴുന്നള്ളിച്ചു നടക്കുന്നവരെയാണ് ചാണകവെള്ളത്തില്‍ ചൂല് മുക്കി
അടിക്കേണ്ടത്.
മുകളില്‍ വിശദീകരിച്ചതില്‍ നിന്നും ബലാത്സംഗത്തിനു പ്രേരകമാവുന്നത്,
വര്‍ഗ്ഗപരമായ, മനശ്ശാസ്ത്രപരമായ, ലിംഗാധിപത്യ
പരമായ, സാമൂഹികമായ വ്യത്യസ്ത കാരണങ്ങളും
സാഹചര്യങ്ങളുമാണെന്ന് കാണാന്‍ കഴിയും. ചുരുക്കത്തില്‍ പുരുഷാധിപത്യ
ബോധവും വികലലൈംഗികപ്രേരണയുമാണ് ബലാത്സംഗകുറ്റത്തിന്റെ
മൂലകാരണമെന്നു വിലയിരുത്താം.
വധശിക്ഷ ബലാത്സംഗത്തിനു പരിഹാരമാണോ?
നേരത്തെ പറഞ്ഞത് പോലെ വ്യക്തികളും സംഘടനകളും രാഷ്ട്രീയ
പ്രസ്ഥാനങ്ങളും ബലാത്സംഗം ഇല്ലാതാക്കുന്നതിന്
വധശിക്ഷ മുതല്‍ കര്‍ശന നിയമങ്ങള്‍ വരെ നിര്‍ദ്ദേശങ്ങളായി
ജ: വര്‍മ്മ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ശിക്ഷയുടെ ഉദ്ദേശം
deterrence (ഭയപ്പെടുത്തല്‍) ആണ്. അല്ലാതെ അത് പ്രതികാരമല്ല.
കുറ്റം ചെയ്‌താല്‍ ശിക്ഷ ലഭിക്കും എന്ന ഭയം മൂലം കുറ്റവാളി
കുറ്റകൃത്യത്തില്‍ നിന്നും പിന്മാറുന്നു. കുറ്റവാളിയുടെ മന:പരിവര്‍ത്തനവും
ശിക്ഷയുടെ ഒരു ലക്ഷ്യമാണ്. എന്നാല്‍ ജീവിത കാലം
മുഴുവനുമുള്ള തടവും വധശിക്ഷയും മന:പരിവര്‍ത്തനമല്ല, ഭയപ്പെടുത്തി
പിന്തിരിപ്പിക്കലാണ് ലക്ഷ്യമാക്കുന്നത്.
ഇന്ന് നിലവിലുള്ള നിയമങ്ങള്‍ പോരാത്തതല്ല ബലാത്സംഗങ്ങള്‍
വര്‍ദ്ധിക്കാന്‍ കാരണം. അതിന്റെ അടിസ്ഥാന കാരണം പുരുഷ കേന്ദ്രീകൃത
സാമൂഹിക വ്യവസ്ഥ തന്നെയാണ്. സ്ത്രീയെ തുല്യയായി കാണാന്‍ പുരുഷാധിപത്യ
സമൂഹം തയ്യാറല്ല. ഈ മനോഭാവം നിയമം കൊണ്ടോ
വധശിക്ഷ കൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയുകയില്ല. 2011 ല്‍
24206 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍
വെറും 5724 എണ്ണം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2009-11
കാലത്താവട്ടെ 68000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍
ജയിലിലായത് കേവലം 16000 പേര്‍ മാത്രം! ശിക്ഷിക്കപ്പെടുന്ന
കേസുകളുടെ കാര്യത്തില്‍ കേരളവും പിറകിലാണ് - 9232 ല്‍
718 പേര്‍ മാത്രമാണ് ഇരുമ്പഴിക്കുള്ളിലായത്. 2012 ജനുവരി
മുതല്‍ നവംബര്‍ വരെ 635 ബലാത്സംഗ കേസുകള്‍ ചാര്‍ജ്ജ് ചെയ്യ
പ്പെട്ടു. ഇതോടനുബന്ധിച്ച് 754 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഒരു
കേസിലെ പ്രതി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബലാല്‍സംഗ
ങ്ങളില്‍ ഒരു ചെറിയ ശതമാനം മാത്രമേ കേസായി രജിസ്റ്റര്‍
ചെയ്യപ്പെടുന്നുള്ളൂ. പോലീസ് അന്വേഷണവും കുറ്റവാളികളെ
നിയമത്തിനു മുമ്പില്‍ കൊണ്ടുവരലും വിരളമാണ്. പോലീസ്
കുറ്റവാളികളെ സഹായിക്കുന്ന നിലപാടെടുക്കാറുമുണ്ട്. ഇരകളെ വീണ്ടും
മാനസികപീഡനത്തിനു വിധേയമാക്കും വിധമാണ് പോലീസും
നിയമവ്യവസ്ഥയും പെരുമാറുന്നത് എന്നത് കൊണ്ടും, കളങ്കിത
മാവുമെന്ന ഭയം കൊണ്ടുമാണ് ഭൂരിപക്ഷം സംഭവങ്ങളും റിപ്പോര്‍ട്ട്
ചെയ്യപ്പെടാത്തത്. കുറ്റവാളികള്‍ക്ക് പകരം അതിക്രമത്തിനു
വിധേയരായവരെ കുറ്റപ്പെടുത്തുന്ന പോലീസ് സംവിധാനവും,
നിയമവ്യവസ്ഥയും പൊതുസമൂഹവും നില നില്‍ക്കുന്നു.
കോടതി പോലും ചെറുപ്പക്കാരായ പ്രതികളോട് കനിവ്
കാണിക്കാറുണ്ട്. കുറ്റം ചെയ്‌താല്‍ പിടിക്കപ്പെടുകയില്ല,
പിടിക്കപ്പെട്ടാലും ശിക്ഷ കിട്ടുകയില്ല
എന്ന ബോധമാണ് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം.
ലോകമൊട്ടാകെ പരിഷ്കൃത ജനാധിപത്യസമൂഹം വധശിക്ഷ എടുത്തു
കളയുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കൊലക്ക് പ്രതികാരമായി മറ്റൊരു കൊലപാതകം
സര്‍ക്കാര്‍ തന്നെ ചെയ്യുക എന്നതായിരിക്കും വധശിക്ഷയുടെ
ഫലം. പേടിപ്പെടുത്തുക എന്നതാണെങ്കില്‍ ജീവപര്യന്തം കഠിന
തടവ് തന്നെ ധാരാളം മതി. സി.പി.എം. നലികിയ നിര്‍ദ്ദേശങ്ങളില്‍
ബലാത്സംഗ പ്രതിക്ക് ജീവിതാവസാനം വരെ തടവാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രവുമല്ല വിചാരണയും ശിക്ഷാവിധിയു
മൊക്കെ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം
രാഷ്ട്രീയകക്ഷികളും പ്രമുഖ വ്യക്തികളും വധശിക്ഷയോട്
യോജിക്കുന്നില്ല. വധശിക്ഷ നടപ്പിലാക്കിയാല്‍ ശിക്ഷാവിധി
കുറയുമെന്നാണ് പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. വധശിക്ഷ
വേണ്ടെന്നും ഭാര്യമാരെ ബലാത്സംഗം ചെയ്യുന്ന ഭര്‍ത്താക്കന്മാരെയും
ശിക്ഷിക്കണമെന്നും പല വനിതാ സംഘടനകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബലാത്സംഗം ചെയ്യുന്നവര്‍ അടുത്ത ബന്ധുക്കളോ അയല്‍ക്കാരോ
പരിചിതാരോ ആയിരിക്കും.നാഷണല്‍ ക്രൈം റിക്കോഡ്‌സ്
ബ്യൂറോയുടെ കണക്കു പ്രകാരം 2011 ല്‍ നടന്ന 22,549 ബലാത്സംഗ
ങ്ങളില്‍ 94.2 ശതമാനം ഇരകള്‍ പരസ്പരം അറിയുന്നവരാണ്.
1.2 ശതമാനം, രക്ഷിതാക്കാളോ അടുത്ത ബന്ധുക്കളോ ആയിരുന്നു.
34.7 ശതമാനം അയല്‍ക്കാര്‍, 6.9 ശതമാനം ബന്ധുക്കള്‍ ഇങ്ങനെ
പോകുന്നു കണക്ക്. മേലുദ്ധരിച്ച പട്ടിക പ്രകാരം കുറ്റവാളികളെ
ഇനം തിരിച്ചാല്‍ ഇങ്ങനെയായിരിക്കും:
7835 പേര്‍ : അയല്‍ക്കാര്‍
1560 " : അകന്ന മാമന്മാര്‍
267 " : അച്ഛന്മാര്‍, സഹോദരന്മാര്‍,
വലിയച്ഛന്‍മാര്‍,
മച്ചുനിയന്മാര്‍
കൂടാതെ ആയിരക്കണക്കിന് കുടുംബപരിചയക്കാര്‍,
അകന്ന സഹപ്രവര്‍ത്തകര്‍. ഇവര്‍ക്കൊക്കെ വധശിക്ഷ നല്‍കിയാല്‍
എന്തായിരിക്കും സാമൂഹികപ്രത്യാഘാതം? പോലീസ് കസ്റ്റഡിയിലുള്ള
ബലാത്സംഗങ്ങളും പട്ടാളക്കാരുടെ ബലാത്സംഗങ്ങളും നിരവധിയാണ്.
ഇതൊക്കെ എങ്ങിനെ വധശിക്ഷയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും?
വധശിക്ഷ ഏര്‍പ്പെടുത്തിയത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി
തെളിവുകളൊന്നുമില്ല താനും.
ഷണ്ഡീകരിക്കൽ (castration) ആണ് മറ്റൊരു ശിക്ഷയായി
നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ളത
ഇതിനെ ന്യായീകരിക്കുന്ന ആളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ തടയാന്‍ ഷണ്ഡീകരണം പര്യാപ്തമല്ല എന്നാണു
വിദഗ്ദ്ധാഭിപ്രായം. രാസപരമായ ഷണ്ഡീകരണം എന്നാല്‍ ആന്‍ഡ്രോജന്‍
കുത്തിവെച്ചു പുരുഷഹോര്‍മോണായ ടെസ്റ്റാസ്റ്ററോണിന്റെ
ഉത്പ്പാദനം തടയുക എന്നതാണ്. ഇത് എപ്പോഴും കൊടുത്ത്
കൊണ്ടിരുന്നാലെ ഫലമുണ്ടാവുകയുള്ളൂ. ഇതിനാകട്ടെ, പ്രായോഗിക
വൈഷമ്യങ്ങളുണ്ട്.
യാഥാസ്ഥികസംഘടനകളും, അവയ്ക്ക് സ്വാധീനമുള്ള
സര്‍ക്കാരുകളും പ്രതിലോമപരവും സ്ത്രീവിരുദ്ധവുമായ
നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചത് കാണുമ്പോള്‍ അത്ഭുതപ്പെടാനില്ല.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ബസ്സുകള്‍ വേണമെന്നും
പെണ്‍കുട്ടികള്‍ ഓവര്‍ക്കോട്ട് ധരിക്കണമെന്നും കാമ്പസ്സില്‍ മൊബൈല്‍
ഫോണ്‍ നിരോധിക്കണമെന്നുമാണ് പുതുശ്ശേരി ഗവണ്മെന്റിന്റെ
അഭിപ്രായം. താലിബാന്റെ മറ്റൊരു രൂപം എന്നല്ലാതെ എന്ത് പറയാന്‍!
പാശ്ചാത്യസംസ്കാരത്തിന്റെ കടന്നു കയറ്റമാണ്
ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണം എന്ന് പറയുന്നവര്‍
ഇതൊന്നും എത്തിനോക്കാത്ത ഇന്ത്യന്‍ കുഗ്രാമങ്ങളില്‍
എന്ത് കൊണ്ട് കൂട്ടബലാത്സംഗങ്ങള്‍ നടക്കുന്നു എന്ന ചോദ്യത്തിന്
ഉത്തരം പറയേണ്ടിയിരിക്കുന്നു.
സ്ത്രീപുരുഷ സമത്വം പുലരുന്ന, സ്ത്രീയെ പുരുഷന് തുല്യമായി
കണക്കാക്കുന്ന, ഒരു തുറന്ന സമൂഹം സംജാതമാക്കുകയാണ്
ആദ്യമായി വേണ്ടത്. പുരുഷന് സുഖം നല്‍കാനുള്ള ഒരു ഉപകരണം
മാത്രമാണ് സ്ത്രീ എന്ന കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.
ലൈംഗികത പാപമാണെന്ന മതചിന്തക്ക് പകരം ലൈംഗികത
ജീവിതത്തെ സര്‍ഗ്ഗാത്മകമാക്കുന്ന, സ്ത്രീക്കും പുരുഷനും
തുല്യ പങ്കാളിത്തമുള്ള ഒരു വികാരമാണ് എന്ന ബോധം
ചെറുപ്പത്തില്‍ത്തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.
സ്ത്രീ-പുരുഷന്മാരെ മതില്‍കെട്ടി വേര്‍തിരിക്കാത്ത ഒന്നിച്ചിടപഴകുന്ന
ഒരു സമൂഹം ഉണ്ടാവണം. സ്ത്രീയെ കീഴടക്കുക എന്നത് പുരുഷന്റെ
'ആണത്വ'പ്രകടനമാണെന്ന ബോധം ഇല്ലാതാവണം. സ്ത്രീയെ
മറക്കുടയ്ക്കുള്ളിലും, പര്‍ദ്ദയ്ക്കുള്ളിലും അടുക്കളയിലും തളച്ചിടുന്ന
ആശയങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹികസാഹചര്യം മാറേണ്ടതുണ്ട്.
പൊതുസമൂഹത്തില്‍ എല്ലാ വേദികളിലും സ്ത്രീപുരുഷന്മാര്‍
സമന്മാരായിരിക്കണം. പാര്‍ലമെന്റിലും നിയമസഭകളിലും
പകുതി സീറ്റ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടണം.
സ്ത്രീകള്‍ക്ക് സാമ്പത്തികമായ സ്വാശ്രയത്വം ഉണ്ടായിരിക്കണം.
ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികവും അല്ലാത്തതുമായ
അതിക്രമങ്ങള്‍ കുറയുക തന്നെ ചെയ്യും.
ബലാത്സംഗങ്ങള്‍ കുറയാന്‍ കടുത്ത ശിക്ഷ എഴുതി വെച്ചത്
കൊണ്ട് കാര്യമില്ല. നീതിയുക്തമായും സുതാര്യമായും അതിവേഗത്തിലും
ഇപ്പോഴുള്ള ശിക്ഷകള്‍ തന്നെ നടപ്പാക്കിയാല്‍ ഭയപ്പെടുത്തി തടയുക
എന്ന ശിക്ഷയുടെ ഉദ്ദേശ്യം സാധിതമാകും. മതങ്ങള്‍ അരക്കിട്ടുറപ്പിച്ച,
സാമൂഹികമനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പുരുഷാധിപത്യ
പ്രത്യയശാസ്ത്രം പിഴുതുമാറ്റി ആധുനിക ജനാധിപത്യത്തിന്റെ
മാനവികാശയം വളര്‍ത്തിക്കൊണ്ടു വരുകയാണ് പ്രഥമവും
പ്രധാനവുമായ കര്‍ത്തവ്യം.
***************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ