എം.എല്‍.എ. ഫണ്ടില്‍ ക്ഷേത്രം വൈദ്യുതീകരിച്ചു. 27.10.12 ലെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയാണിത്. വിമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയൊന്നുമല്ല കെട്ടോ. എങ്ങിനെ വിമര്‍ശിക്കും?
ഇടതുപക്ഷത്ത് നില്‍ക്കുന്ന എം.എല്‍.എ. പി.ടി.എ. റഹീ മിന്റെ ഫണ്ടില്‍ നിന്നാണല്ലോ ക്ഷേത്രം വൈദ്യുതീകരിച്ചത്. കുന്ദമംഗലത്തിനടുത്തുള്ള വെള്ളനൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലാണ് പൊതുഫണ്ട് ഉപയോഗിച്ച് വൈദ്യുതീകരണം നടത്തിയിട്ടുള്ളത്. എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാ, ഇതൊന്നും മതേതരത്വ ആശയത്തിന് വിരുദ്ധമല്ലേ? എം.എല്‍.എ. ഫണ്ട് എന്നാല്‍ അദ്ദേഹം സമ്പാദിച്ച പണമൊന്നുമല്ലല്ലോ. സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച പണമല്ലേ അത്? അതും അദ്ദേഹത്തിനു തോന്നിയ പോലെ ചിലവഴിക്കാന്‍ സാധിക്കുമോ? എം.എല്‍.എ. ഫണ്ട് എന്ന രൂപത്തില്‍ പ്ലാന്‍ ഫണ്ട് വകയിരുത്തുന്നതിനെ സി.പി.എം. ആദ്യകാലത്ത് എതിര്‍ത്തിരുന്നു. ഈ ഫണ്ട് ജനകീയാസൂത്രണത്തില്‍ പെടുത്തണമെന്നാണ് പാര്‍ട്ടി പറഞ്ഞിരുന്നത്. യു.ഡി.എഫാണ് ഇത്തരമൊരു സമ്പ്രദായം കൊണ്ട് വന്നത്. ഇപ്പോള്‍ സി.പി.എം. അവരുടെ എതിര്‍പ്പൊക്കെ മാറ്റി വെച്ചിരിക്കുകയാണ്. എന്താണാവോ കാരണം? ഒരു പക്ഷെ പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ഉണ്ടായിക്കാണും.
പണമില്ലാത്തത് കൊണ്ട് നാട്ടില്‍ പൊതുസമൂഹത്തെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതൊക്കെ പരിഹരിച്ചിട്ട് പോരെ മതകാര്യങ്ങള്‍ക്ക് എം.എല്‍.എ. ഫണ്ട് ഉപയോഗിക്കുന്നത് എന്ന് എന്താണാവോ ആരും ചോദിക്കാത്തത്. മത കാര്യങ്ങള്‍ സ്വകാര്യമായിരിക്കണം എന്നതാണ് മതേതരത്വത്തിന്റെ ഒരു തത്വം. അതായത് മതകാര്യങ്ങള്‍ അതാതു മതത്തില്‍ പെട്ട വിശ്വാസികളാണ് കൈകാര്യം ചെയ്യേണ്ടത് എന്നര്‍ത്ഥം. ആ അര്‍ത്ഥത്തിലാണ് ഹജ്ജിനു സബ്സീഡി കൊടുക്കരുത് എന്ന് യുക്തിവാദികള്‍ പറയുന്നത്. അമ്പലത്തിന്റെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെങ്കില്‍ വിശ്വാസികളുടെ കയ്യില്‍ നിന്ന് സംഭാവന സ്വീകരിക്കുക. എന്നിട്ട് കാര്യം നടത്തുക. അല്ലാതെ എല്ലാ മതക്കാരില്‍ നിന്നും ഒരു മതത്തിലും വിശ്വസിക്കാത്തവരില്‍ നിന്നും ഈടാക്കുന്ന നികുതിപ്പണം ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസ (അന്ധവിശ്വാസം എന്നതാണ് ശരി) കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തികച്ചും മതേതരത്വവിരുദ്ധമായ കാര്യമാണ്. എം.എല്‍.എ. എന്തോ ജനോപകാരപ്രദമായ കാര്യം ചെയ്തു എന്നാണു ദേശാഭിമാനി റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നുക. കഷ്ടം, നമ്മുടെ പുരോഗമന വാദികളുടെ ഒരവസ്ഥ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ