യുക്തിവാദം എന്ത്? :
രാജഗോപാല്‍ വാകത്താനം കാണാതെ
പോകുന്ന കാര്യങ്ങള്‍
യുക്തിവിചാരം മേയ് 11 ലക്കത്തില്‍ ശ്രീ രാജഗോപാല്‍ വാകത്താനതിന്റെ ചില നിരീക്ഷണങ്ങളെ ഡോ: ലാസര്‍ തേര്‍മഠം വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഡോ: ലാസറിന്റെ ലേഖനം വായിച്ചപ്പോള്‍, രാജഗോപാല്‍ പറയുന്നതിലും ലാസര്‍ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നു തോന്നി. കേവലം 'ഈശ്വരനില്ല' എന്നു പറയുന്നതിനപ്പുറം സാമൂഹികനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുംപോഴേ യുക്തിവാദം പൂര്‍ണമാവുകയുള്ളൂ എന്നാണു രാജഗോപാല്‍ പറയുന്നത്. ഒരു പൂര്‍ണ്ണ തത്വചിന്ത എന്നും മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള സമഗ്രസംഹിത എന്നുമൊക്കെയാണ് രാജഗോപാല്‍ യുക്തിവാദത്തിനു നിര്‍വചനം നലികിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായം യുക്തിവാദിസംഘം (ഏതുമാവട്ടെ) മറ്റൊരു വിപ്ലവ-രാഷ്ട്രീയ പ്രസ്ഥാനമാവണം എന്നാണെന്ന് തോന്നുന്നു. അങ്ങനെ ആയെങ്കിലെ സമഗ്രമായ മാറ്റമുണ്ടാവൂ എന്നദ്ദേഹം വിചാരിക്കുന്നു. പക്ഷെ, യുക്തിവാദിസംഘത്തിനു ഒരിക്കലും ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ക്ക് പകരം വെക്കാവുന്ന ഒരു സംഘടനയാവാന്‍ കഴിയില്ല. ആവുകയുമരുത്. കേരള യുക്തിവാദിസംഘത്തിന്റെ ഭരണഘടനയിലെ 'ഉദ്ദേശ്യങ്ങളും ലകഷ്യങ്ങളും' എന്ന ഖണ്ഡികയില്‍, 'എല്ലാതരം അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, അനീതികള്‍ക്കും, അസമത്വങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരായി മാനവക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക' എന്നു പറയുന്നുണ്ടെങ്കിലും ഊന്നല്‍ നല്‍കേണ്ടത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തന്നെയാണ്. ഇതിന്റെ കാരണം വ്യകതമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടി കളുണ്ട്. അനീതിക്കെതിരെ പോരാടുന്ന നിരവധി സംഘടനകളുണ്ട്. അവക്കൊക്കെ അവയുടേതായ താല്‍പ്പര്യങ്ങളുണ്ട് എങ്കിലും, പൊതുവേ നീതിബദ്ധമായ ഒരു സമൂഹത്തിനു വേണ്ടിയാണ് അവയുടെ പ്രവര്‍ത്തനം എന്നാണു സങ്കല്പം. സ്ത്രീസമത്വത്തിനു വേണ്ടി, സാമൂഹികനീതിക്ക് വേണ്ടി, പരിസ്ഥിതിസംരക്ഷണത്തിനായി, പൌരാവകാശങ്ങള്‍ക്കായി ഒക്കെ സമരം ചെയ്യുന്ന ധാരാളം സംഘടനകളുണ്ട്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായി, മത ചൂഷണങ്ങള്‍ക്കെതിരായി, അനാചാരങ്ങള്‍ക്കെതിരായി ഇവയൊന്നും ഒരക്ഷരം മിണ്ടുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അത് ചെയ്യാത്തതിന് കാരണം, വിശ്വാസികളുടെ പിന്തുണ നഷ്ടപ്പെടും എന്നു കരുതിയാണ്. മറ്റിതര സാമൂഹിക സംഘടനകളെസംബന്ധിച്ചിടത്തോളം, മത-അന്ധവിശ്വാസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതു അവരുടെ തനതു ലകഷ്യത്തിലേക്കുള്ള പ്രയാണത്തെ ക്ഷീണിപ്പിക്കും എന്നതാണ്. അത് ശരിയുമാണ്. ഉദാഹരണമായി എന്‍ഡോസല്‍ഫാനെതിരായ സമരം. വിശ്വാസം അവിടെ ചര്‍ച്ച ചെയ്യപെട്ടാല്‍ എന്താവും സ്ഥിതി?
സംഘടനകളെ സംബന്ധിച്ചിടത്തോളം മുഖലകഷ്യമാണു പ്രധാനം. പൊതു ജനാധിപത്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബധിച്ചിടതോളവും ഈ നിലപാടാണ് ശരി. യുക്തിവാദികളുടെ മുഖ്യ ലക്‌ഷ്യം മത-അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവ ദൂരീകരിക്കലാണെന്നിരിക്കെ, മറ്റു സാമൂഹിക അനീതികള്‍ക്കെതിരെയുള്ള (ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കയ്യാളുന്ന എല്ലാ വിഷയങ്ങളും വരും) സമരവും ഏറ്റെടുത്താല്‍ മുഖ്യ ലക്ഷ്യത്തില്‍ നിന്നുള്ള അകല്‍ച്ചയായിരിക്കും ഫലം. ചുരുക്കിപ്പറഞ്ഞാല്‍, സാമൂഹിക അനീതികള്‍ക്കെതിരെ പോരാടാന്‍ മറ്റു സംഘടനകള്‍ ധാരാളമുണ്ട്. എന്നാല്‍ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ യുക്തിവാദികള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് യുക്തിവാദിസംഘം അവരുടെ പ്രവര്‍ത്തനപരിധി ഈ വിഷയത്തില്‍ ഒതുക്കി നിര്‍ത്തുന്നതാണ് നല്ലത്. മാത്രവുമല്ല അതിനുള്ള റിസോഴ്സേ യുക്തിവാദികള്‍ക്കുള്ളു താനും!
കേവല യുക്തിവാദം അധരവ്യായമമാണ് എന്ന രാജഗോപാലിന്റെ അഭിപ്രായം ഈ.എം.എസ്സിന്റെ അഭിപ്രായത്തെയാണ് ഓര്‍മിപ്പിക്കുന്നത്. യുക്തിവാദം കൊണ്ടു പ്രയോജനമില്ല എന്നു ഈ.എം.എസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കൊണ്ടു ഗുണമില്ല എന്നു പറയുന്നതിന് തുല്യമല്ലേ ഇത്? ആശയപ്രചരണം കൊണ്ടു ബോധവല്‍ക്കരണം നടത്താന്‍ കഴിയുമെന്നത് ഒരു വസ്തുതയാണെന്നിരിക്കെ ഈ.എം.എസ്സിന്റെത് യാന്ത്രിക വാദമാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ! പത്തൊമ്പതാം നൂറ്റാണ്ടിലെ പൊരുതുന്ന ഭൌതികവാദികളുടെ (യുക്തിവാദികളുടെ) പുസ്തകങ്ങള്‍ തര്‍ജമ ചെയ്തു പ്രചരിപ്പിക്കണം എന്നു ലെനിന്‍ പറഞ്ഞതെന്ത് കൊണ്ടാണ്? കേവല യുക്തിവാദികളായ അവരുടെ പുസ്തകങ്ങള്‍ ഗുണം ചെയ്യും എന്നതുകൊണ്ടല്ലേ അത്. കേവല യുക്തിവാദം അധരവ്യായാമമാണെങ്കില്‍ രാജഗോപാല്‍ എന്തിനാണ് പ്രസംഗിക്കാന്‍ പോകുന്നത്? അദ്ദേഹമെന്തിനു ലേഖനങ്ങള്‍ എഴുതണം? കേവലയുക്തിവാദവും ബൂര്‍ഷ്വായുക്തിവാദവും എന്താണെന്ന് നിര്‍വചിക്കുന്നുണ്ട് രാജഗോപാല്‍. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്ന് തന്നെയാണ്. കേവലയുക്തിവാദവും സമരോല്‍സുകയുക്തിവാദവും വിരുദ്ധങ്ങളാണ് എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത് എന്നു തോന്നുന്നു. എന്നാല്‍ അവ വിരുദ്ധങ്ങളല്ല. ആദ്യത്തേത് സിദ്ധാന്തവും രണ്ടാമത്തേത് പ്രയോഗവുമാണ്. പൊന്നമ്പലമേട്ടില്‍ തെളിയുന്നത് മനുഷ്യന്‍ കത്തിക്കുന്ന ദീപമാണ് എന്നു പറയുന്നത് കേവല യുക്തിവാദം. അവിടെ പോയി അതിന്റെ രഹസ്യം കണ്ടെത്തി അതുപോലെ പന്തം കത്തിച്ചു കാണിക്കുന്നതും ഫോട്ടോ എടുക്കുന്നതും സമരോല്‍സുകയുക്തിവാദം. രണ്ടും ആവശ്യമാണെന്ന് ചുരുക്കം. ഒരു പക്ഷെ രാജഗോപാല്‍ ഉദ്ദേശിക്കുന്ന 'സമരോല്സുകം' ഇതിനുമപ്പുറത്തുള്ള സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമാകാം. യുക്തിവാദികള്‍ അത്രടം വരെ പോകേണ്ടതില്ല.
ഒരാള്‍ നിരീശ്വരവാദിയായത് കൊണ്ടു മാത്രം യുക്തിവാദി എന്നു വിളിക്കപ്പെടാന്‍ അര്‍ഹനല്ല എന്നാണു രാജഗോപാലിന്റെ മറ്റൊരു വാദം. നേരത്തേ പറഞ്ഞത് പോലെ എല്ലാ സാമൂഹിക അനീതികള്‍ക്കെതിരെയും പോരാടുന്നവനാണത്രെ ശരിയായ യുക്തിവാദി! നിരീശ്വരനല്ലാത്ത യുക്തിവാദിയില്ല, എന്നാല്‍ യുക്തിവാദിയല്ലാത്ത നിരീശ്വരവാദിയുണ്ട്, ഇതാണ് വാദം. നാസ്തികരായ പലരും ജീര്‍ണതയിലും അന്ധവിശ്വാസത്തിലും അഭിരമിക്കുന്നവരാണ്. അങ്ങനെയുള്ളവരെ യുക്തിവാദികളായി കാണാന്‍ പറ്റില്ല, അദ്ദേഹം പറയുന്നു. എന്നാല്‍ യുക്തിവാദി സംഘത്തില്‍ അണിനിരന്നിട്ടുള്ള എല്ലാവരും അന്ധവിശ്വാസവിമുക്തരാണോ? ശാസ്ത്രീയവീക്ഷണമാണ് യുക്തിവാദത്തിന്റെ അടിത്തറ എന്നിരിക്കെ, അശാസ്ത്രീയമായ യോഗ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി, ആയുര്‍വേദം, എന്നിവയുടെ ഉപാസകരായ എത്രയോ യുക്തിവാദികള്‍ ഇവിടെയുണ്ട്. അവരൊക്കെ അന്ധവിശ്വാസികളാണ് എന്നു പറഞ്ഞു കൂടെ? തീര്‍ച്ചയായും ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവനാകണം യുക്തിവാദി. അവന്റെ മിനിമം ക്വാളിഫിക്കേഷന്‍ ശാസ്ത്രബോധം മുറുകെപ്പിടിക്കുകയും, യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും, മതാന്ധവിശ്വാസങ്ങളെ വ്യക്തിജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും, അതെനെതിരെ പ്രതികരിക്കുകയും, ചെയ്യുക എന്നതായിരിക്കണം. രാഷ്ട്രീയ-സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹികനീതിപര-വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും മേല്‍പ്പറഞ്ഞ മിനിമം ക്വാളിഫിക്കേഷന്‍ ഉള്ളവരെല്ലാം യുക്തിവാദികളാണ്. അല്ലാതെ, രാജഗോപാല്‍ പറയുന്നത് പോലെ, 'മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത' യുടെ അനുയായികളാവണം യുക്തിവാദികള്‍ എന്നു നിഷ്കര്‍ഷിച്ചാല്‍ യുക്തിവാദികളാവാന്‍ ആളെ കിട്ടില്ല. മാത്രവുമല്ല, അങ്ങനെ ഒരു സംഘവുമുണ്ടാക്കാന്‍ കഴിയില്ല.
കാരണം 'സമഗ്രസംഹിത'യോട് യോജിക്കാത്തവരാവും പലരും. മിനിമം ക്വാളിഫിക്കേഷന് മാത്രമേ യുക്തിവാദികളെ യോജിപ്പിക്കാന്‍ കഴിയു. ഒരു സാംസ്കാരിക ഐക്യമുന്നണി!
-----------