2011 നവംബർ 17, വ്യാഴാഴ്‌ച

രസതന്ത്രം v/s മതം

                                                
             അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തില്‍ മതം വിചാരണ ചെയ്യപ്പെടുന്നു 

     2011  അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആഘോഷിക്കാന്‍ യുനെസ്കോ അംഗീകാരം നല്‍കുകയും ലോകമൊട്ടാകെ  വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തല്‍സംബന്ധമായ പരിപാടികള്‍ നടപ്പാക്കി വരികയുമാണ്. 2011  രസതന്ത്രവര്‍ഷമായി ആഘോഷിക്കാനുള്ള  പ്രധാനപ്പെട്ട കാരണം വിശ്വപ്രശസ്ത ശാസ്ത്രജ്ഞയായ മേരി ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വര്‍ഷമാണ്‌ ഇതെന്നതാണ്. റേഡിയം എന്ന മൂലകം കണ്ടുപിടിച്ചതിന്റെ പേരില്‍ മേരിക്ക് നോബല്‍  സമ്മാനം ലഭിച്ചത് 1911 ലാണ്.  അതിനു മുമ്പ് 1903 ല്‍ ഭര്‍ത്താവായ പിയറി ക്യൂറിയോടൊപ്പം  അവര്‍ക്ക് ഫിസിക്സിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.  കേരളത്തില്‍, ശാസ്ത്ര സാഹിത്യ പരിഷത്തും, ഗ്രന്ഥശാലകളും, മറ്റ് നിരവധി പുരോഗമന സംഘടനകളും ഈ അവസരത്തില്‍ ധാരാളം  രസതന്ത്രാധിഷ്ടിത ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം രസതന്ത്രം കൈവരിച്ച നേട്ടങ്ങളും, മാഡം ക്യൂറിയുടെ ജീവിതചരിതവും പ്രചരിപ്പിക്കുക എന്നത് അനുപേക്ഷണീയമായ ഒരു ദൌത്യമാണ്. മാഡം ക്യൂറി ഒരു മതവിശ്വാസിയോ ദൈവവിശ്വാസിയോ ആയിരുന്നില്ല എന്നത് വളരെ പ്രസക്തമാണ്. 

       പോളണ്ടിലെ വാഴ്സയില്‍  1867  നവംബര്‍ ഏഴാം തിയ്യതി ജനിച്ച മേരിയുടെ  അച്ഛന്‍ സ്ക്ലോഡോ വ്സ്കി അധ്യാപകനും, അമ്മ ബ്രോണിസ്ലാവ സ്കൂള്‍ നടത്തിപ്പുകാരിയുമായിരുന്നു. അച്ഛന്‍ ഒരു നിരീശ്വര വാദിയും അമ്മ തികഞ്ഞ കത്തോലിക്കാവിശ്വാസിയുമായിരുന്നു എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്..  മേരിക്ക് 12  വയസ്സുള്ളപ്പോള്‍  അമ്മ ക്ഷയരോഗം മൂലം മരണമടഞ്ഞു.  രണ്ടു വര്‍ഷത്തിനു ശേഷം മേരിയുടെ മൂത്ത സഹോദരി സോഫിയും  രോഗബാധിതയായി മരണത്തിനു കീഴടങ്ങി. അമ്മയുടെയും സഹോദരിയുടെയും മരണം മേരിയെ മതവിശ്വാസത്തില്‍ നിന്നകലാനും ദൈവവിശ്വാസം വെടിയാനും പ്രേരിപ്പിച്ചു. ശാസ്ത്രം പഠിച്ചതിനു  ശേഷമല്ല മേരി അവിശ്വാസിയായി മാറിയത്. അതിനു മുമ്പ് തന്നെ, മതങ്ങളൊക്കെ വിശേഷിപ്പിക്കുന്ന കരുണാമയനായ ഒരു ദൈവം ഇല്ല എന്ന് സാമാന്യ ബുദ്ധിയും യുക്തിബോധവും കൊണ്ട് അവര്‍ മനസ്സിലാക്കിയിരുന്നു. അതിനു കാരണം  തന്റെ അമ്മയുടെയും സഹോദരിയുടെയും മരണം എന്ന യാഥാര്‍ത്ഥ്യവും താനും കുടുംബവും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടു കളുമായിരുന്നു. 'അവിശ്വാസി' എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തയായ അയാന്‍ ഹിര്‍സി അലിയും അവിശ്വാസി യായി മാറിയത് കടുത്ത ജീവതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ശാസ്ത്ര ബോധത്തോടെയും  യുക്തിയോടെയും ഉള്‍ക്കൊണ്ടത്‌ കൊണ്ടാണ്. കരുണാമയനായ ഒരു അല്ലാഹു ഉണ്ടെങ്കില്‍ എന്ത് കൊണ്ട് തന്നെപ്പോലുള്ള നിഷ്കളങ്കകളായ പെണ്‍കുട്ടികള്‍ കഠിനമായി പീഡിപ്പി ക്കപ്പെടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം അയാനെ നിരീശ്വരതയിലേക്ക് നയിക്കുകയായിരുന്നല്ലോ! മദര്‍ തെരേസ്സയുടെ  മരണശേഷം കണ്ടു കിട്ടിയ  അവരുടെ സ്വകാര്യഡയറിയിലെ ഒരു കുറിപ്പ് വിശ്വാസലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 'പാവപ്പെട്ട ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും കാണുമ്പോള്‍ ദൈവമുണ്ടോ എന്ന് സംശയം തോന്നുന്നു' എന്നാണ് മദര്‍ എഴുതിയത്. ലോകം കണ്ട ശാസ്ത്രജ്ഞരില്‍  അഗ്രഗണ്യനെന്നു വിശേഷിപ്പിക്കാവുന്ന  ആല്‍ബര്‍ട്ട്   ഐന്‍സ്റ്റയിന്‍  ദൈവത്തില്‍ വിശ്വസിച്ചിരുന്നു എന്ന് മതപ്രചാരകര്‍  പറയാറുണ്ട്‌.  അവരുടെ വാദത്തെ തള്ളിക്കളയുന്ന, ഐന്‍സ്ടയിന്റെതായ ഒരു പ്രസ്താവം അടുത്തകാലത്ത്‌ ലഭിക്കുകയുണ്ടായി. 'ദൈവവിശ്വാസം ജനങ്ങളുടെ ബാലിശമായ അന്ധവിശ്വാസമാണ്' എന്നാണു പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞന്‍ പറഞ്ഞത്. 

          മനുഷ്യന്റെ അറിവ് വളരെ അവികസിതമായിരുന്ന കാലത്തു ആവിര്‍ഭവിച്ച മതങ്ങളുടെ, പ്രപഞ്ചത്തെയും, പ്രകൃതി പ്രതിഭാസങ്ങളേയും കുറിച്ചുള്ള ധാരണകള്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് സയന്‍സ്, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. പ്രപഞ്ചസൃഷ്ടി, ജീവസൃഷ്ടി തുടങ്ങിയവയെ ക്കുറിച്ചുള്ള മതത്തിന്റെ സങ്കല്പങ്ങള്‍  തെറ്റാണെന്ന് സ്വയം ബോധ്യപ്പെട്ടിട്ടും അത് തുറന്നു സമ്മതിക്കാന്‍ സങ്കോചമുള്ള  മതപണ്ഡിതന്മാര്‍, നില്‍ക്കക്കള്ളിയില്ലാതെ, ശാസ്ത്രത്തിന്റെ  കണ്ടെത്തലുകള്‍ തങ്ങളുടെ ഗ്രന്ഥത്തില്‍ പണ്ടേ ഉണ്ടായിരുന്നു  എന്ന് അവകാശപ്പെട്ടുകൊണ്ട് മതവചനങ്ങള്‍ക്ക് നൂതന വ്യാഖ്യാനങ്ങള്‍ നല്‍കി  കൂടുതല്‍ അബദ്ധങ്ങളിലേക്ക് ചെന്ന് ചാടുകയാണ്.ചെയ്യുന്നത് . 'തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍ നിന്നത്രേ അവന്‍ (മനുഷ്യന്‍) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അത് മുതുകെല്ലിനും വാരിയെല്ലുകള്‍ക്കും  ഇടയില്‍ നിന്നും പുറത്തു വരുന്നു' (86 :6,7) എന്ന ഖുര്‍ ആന്‍ വാക്യത്തിലെ വെള്ളം ശുക്ലമാണ്. എന്നാല്‍ ഇതിനു നൂതന വ്യാഖ്യാനം നല്‍കി മതത്തെ ശാസ്ത്രവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുന്ന 'പണ്ഡിതന്മാര്‍' പറയുന്നതു വെള്ളത്തില്‍ നിന്നാണ് ജീവന്റെ ഉത്ഭവം എന്ന പരിണാമസിദ്ധാന്തമാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത് എന്നാണു! ഇക്കാര്യത്തില്‍ ഹിന്ദുമത പണ്ഡിതന്മാരും പിറകിലല്ല. ദശാവതാരം പരിണാമസിദ്ധാന്തത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നും, രാമായണത്തിലെ പുഷ്പകവിമാനം സൂചിപ്പിക്കുന്നത് ഇന്ത്യക്കാര്‍ പണ്ടേ വിമാനം കണ്ടു പിടിച്ചിരുന്നു എന്നാണെന്നും അവര്‍ അവകാശപ്പെടുന്നു. ചിരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

          സയന്‍സ്, വിശിഷ്യാ രസതന്ത്രം, കനത്ത പ്രഹരമാണ് മതസിദ്ധാന്തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ആല്‍ക്കെമി എന്ന വാക്കില്‍ നിന്നാണ് കെമിസ്ട്രി (രസതന്ത്രം) എന്ന പദം ഉണ്ടായത്. ക്രിസ്തുവിനു മുമ്പ് ബി.സി. 3500  തൊട്ടു ഗ്രീക്ക് സംസ്കാരത്തില്‍ നിന്ന് ആരംഭമെടുത്തതാണ്  ആല്‍ക്കെമി. പ്രാഗ്-രൂപ രസതന്ത്ര മെന്നു വിശേഷിപ്പിക്കപ്പെടുന്ന  ആല്‍ക്കെമി, എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടാക്കാനും, അമരത്വം നേടാനും, ഈയം ഇരുമ്പ് തുടങ്ങിയ ലോഹങ്ങളെ സ്വര്‍ണമാക്കാനും കഴിയുമെന്ന്  വിശ്വസിക്കപ്പെട്ട ഒരു അദ്ഭുത സങ്കല്‍പ്പരത്നത്തെ സൃഷ്ടിക്കാന്‍ ശ്രമിച്ച അന്ധവിശ്വാസാധിഷ്ടിത 'ശാസ്ത്ര' മായിരുന്നു. എന്നാല്‍ ശാസ്ത്രീയ രസതന്ത്രത്തിനു വഴികാട്ടിയതും ആല്‍ക്കെമിയായിരുന്നു എന്ന് പറയാതെ വയ്യ. ഇന്ത്യയിലും, ചൈനയിലും മറ്റു പേരുകളിലാണെങ്കിലും ആല്‍ക്കെമി നിലനിന്നിരുന്നു. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പേര്‍ഷ്യക്കാരനായ  ജാബിര്‍ ഇബ്ന്‍ ഹയ്യാനും (C .E .721 - 815) സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അയര്‍ലണ്ട്കാരനായ റോബര്‍ട്ട് ബോയലുമാണ്  (1627 -1691)   കെമിസ്ട്രിയെ ഒരു ശുദ്ധസയന്‍സായി പരിവര്‍ത്തിപ്പിച്ചത്. 

          രസതന്ത്രം സയന്‍സിലെ കേന്ദ്രസ്ഥാനീയപദവിയുള്ള ശാസ്ത്രശാഖയാണെന്ന് പറയാറുണ്ട്‌. പദാര്‍ത്ഥ ത്തിന്റെ ഘടന, രൂപീകരണം, രാസപ്രവര്‍ത്തനം, ഗുണങ്ങള്‍ എന്നിവയാണ് രസതന്ത്രം കൈകാര്യം ചെയ്യുന്നത്. നേരത്തെ പറഞ്ഞത് പോലെ, രസതന്ത്ര വിജ്ഞാനത്തിന്റെ വളര്‍ച്ചയും, കണ്ടുപിടുത്തങ്ങളും, പ്രപഞ്ചത്തെയും ജീവനെയും കുറിച്ചുള്ള മതത്തിന്റെ ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കുകയുണ്ടായി. ഇന്ന് വരെ കണ്ടെത്തിയിട്ടുള്ള 118  മൂലകങ്ങള്‍ വിവിധ അളവുകളില്‍ ചേരുമ്പോഴാണ് പദാര്‍ഥങ്ങള്‍ ഉണ്ടാവുന്നത്. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകങ്ങള്‍  ഹൈഡ്രജനും, ഹീലിയവുമാണ്. ഭൂമിയുടെ ഉപരിഘടനയിലാണെങ്കില്‍, ഓക്സിജനും.  പ്രപഞ്ചത്തിലെ ഓരോ പദാര്‍ത്ഥവും മനുഷ്യനടക്കമുള്ള ജീവികളും, ഈ മൂലകങ്ങള്‍ പല അളവില്‍ ചേര്‍ന്നുണ്ടായതാണ് എന്ന് ചുരുക്കിപ്പറയാം. ബാഹ്യ-ഭൌതിക സാഹചര്യങ്ങള്‍ ഒത്തിണങ്ങുന്പോഴുള്ള  രാസപ്രവര്‍ത്തനം മൂലമാണ്  പദാര്‍ഥങ്ങളും, ജീവിവര്‍ഗങ്ങളും രൂപ പ്പെടുന്നത് എന്ന് രസതന്ത്രം തെളിയിക്കുന്നു. സൂര്യന്‍ എന്ന നക്ഷത്രത്തില്‍ നിന്ന് പൊട്ടിത്തെറിച്ചുണ്ടായ ഭൂമി . ആദ്യം വാതകരൂപത്തിലായിരുന്നു. പിന്നീടാണ് ഉപരിതലം ഖരരൂപത്തിലായത്. അല്ലാതെ ബൈബിളില്‍ പറയുന്നത് പോലെ 'ആദ്യ ദിവസം ദൈവം ഭൂമി ഉണ്ടാവട്ടെ' എന്ന് ആജ്ഞാപിച്ചത് കൊണ്ടല്ല. ഭൂമിയില്‍ ജീവനുണ്ടായതും രാസപ്രവര്‍ത്തനഫലമായാണ്. 360  കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് 
ഭൂമിയില്‍ നിലനിന്ന പ്രത്യേക സാഹചര്യത്തില്‍, ജലത്തില്‍ നടന്ന രാസപ്രക്രിയയാലാണ് ആദ്യ ജീവകണ മുണ്ടായതെന്നു  രസതന്ത്രം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചിട്ടുണ്ട്. ഏകകോശജീവിയുടെ ആവിര്‍ഭാവം മുതല്‍ രാസപ്രവര്തനങ്ങളുടെ ഫലമായി (ജീന്‍ മ്യൂട്ടേഷന്‍ തുടങ്ങിയവ) ജീവിവര്‍ഗം നിരവധി സ്പീഷീസുകളായി പരിണമിച്ച് ഹോമോസാപ്പിയന്‍സ് (മനുഷ്യവര്‍ഗം) വരെ എത്തി നില്‍ക്കുന്നു. പ്രകൃതി നിര്‍ധാരണമാണ് (natural selection) പരിണാമത്തിന്റെ അന്തസ്സത്ത. അനിഷേധ്യമായ ഈ ശാസ്ത്രസത്യം പകല്‍ പോലെ തെളിഞ്ഞു നില്‍ക്കുമ്പോഴാണ്, മതപണ്ഡിതന്മാര്‍,  ഖുര്‍ ആനും, ബൈബിളും, ഭഗവത് ഗീതയും ഉയര്‍ത്തിക്കാട്ടി, 'ഇതെല്ലാം ദൈവം സൃഷ്‌ടിച്ചതാണ്'  എന്ന മണ്ടത്തരം വിളിച്ചു പറഞ്ഞു കൊണ്ട് നടക്കുന്നത്.

          1300  കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മഹാസ്ഫോടനത്തിലൂടെയാണ് (Big bang) പ്രപഞ്ചം ഉണ്ടായത് എന്ന സിദ്ധാന്തമാണ്‌ പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരും അംഗീകരിച്ചിരിക്കുന്നത്. മഹാസ്ഫോടന ശേഷം  800 കോടിയിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഭൂമിയുണ്ടായത്. അതിനുശേഷം നൂറു കോടി കൊല്ലങ്ങള്‍ കഴിഞ്ഞാണ്  ആദ്യ ജീവകണം ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു.  ആ സ്ഫോടനം നടത്തിയത് ദൈവമാണെന്നാണോ മതക്കാര്‍ പറയുന്നത്?ബൈബിളിലും, ഖുര്‍ആനിലും, പുരാണങ്ങളിലും അത്തരത്തിലുള്ള ഒരു സൂചനയും ഇല്ല എന്നതാണ് സത്യം. ബൈബിള്‍ പ്രകാരം ദൈവം സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിച്ചത് ആറ് ദിവസം കൊണ്ടും, ഖുറാന്‍ അനുസരിച്ച്  ആറ് ദശകങ്ങള്‍ കൊണ്ടുമാണ്.എന്നാല്‍ ബിഗ്‌ ബാംഗ് തിയറി അംഗീകരിക്കുന്ന നൂതന മതവ്യാഖ്യാതാക്കളോട് ചില ചോദ്യങ്ങള്‍ ചോദിക്കാം.  പ്രപഞ്ചം ഉണ്ടാക്കിയ ശേഷം ഭൂമിയുണ്ടാക്കാന്‍ എന്തിനാണ് ദൈവം 800 കൊല്ലങ്ങള്‍ കാത്തിരുന്നത്?  ഭൂമിയുണ്ടാക്കിയ ശേഷം  ജീവന്‍ സൃഷ്ടിക്കാന്‍ വേണ്ടി എന്തിനു നൂറു കോടി കൊല്ലങ്ങള്‍ വെറുതെ ചിലവഴിച്ചു? എന്തിനു 359 കോടിയിലധികം  വര്‍ഷങ്ങള്‍ കാത്തിരുന്നു മനുഷ്യനെ ഭൂമിയില്‍ 'ഇറക്കാന്‍'?  ഖുറാന്‍ പറയുന്നത് മനുഷ്യന് വേണ്ടിയാണ് ദൈവം പ്രപഞ്ചവും ഭൂമിയും സൃഷ്ടിച്ചത് എന്നാണല്ലോ! മൃഗങ്ങള്‍ക്ക് ഭാഷയറിയാത്തത്‌ നന്നായി. ഇല്ലെങ്കില്‍ അവര്‍ പറഞ്ഞേനെ ഞങ്ങള്‍ക്ക് വേണ്ടിയാണ് ദൈവം ഭൂമി സൃഷ്ടിച്ചത് എന്ന്. കാരണം 28  കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ (മനുഷ്യനെക്കാള്‍ 27 കോടിയിലധികം) അവ ഭൂമുഖത്ത് ഉണ്ടായിരുന്നുവല്ലോ!  ഇതിന്‌ നൂതനവ്യാഖ്യാതാക്കള്‍ എന്താണ് മറുപടി പറയുന്നത് എന്നറിയില്ല. പ്രപഞ്ചവും, ഈ ഭൂമിയില്‍ ആവിര്‍ഭവിച്ച എല്ലാ ജീവിവര്‍ഗങ്ങളും പദാര്‍ത്ഥങ്ങളിലെ സ്വമേധയാ ഉള്ള രാസപരിവര്‍ത്തനം കൊണ്ടല്ല ഉണ്ടായത് എന്നും, ഇത്രമാത്രം വിസ്മയകരമായ രൂപഘടനയുള്ള പദാര്‍ത്ഥ പ്രപഞ്ചവും,  ജീവപ്രപഞ്ചവും ഒരു അതിബുധിശാലിയുടെ ആസൂത്രണ വൈഭവമാണ്‌ കാണിക്കുന്നതെന്നും സൃഷ്ടിവാദികളും ബൌധികാസൂത്രണ (ഇന്റലിജന്റ് ഡിസൈന്‍) വാദക്കാരും പറയുന്നു. ദൈവാസ്തിത്വത്തിനുള്ള എല്ലാ പഴുതുകളും അടഞ്ഞപ്പോള്‍ പിടിച്ചു തൂങ്ങാനുള്ള ഒരു കച്ചിത്തുരുമ്പ് മാത്രമാണ് ഈ വാദം. ഇവര്‍ പറയുന്നത് പോലുള്ള ഒരു ആസൂത്രകന്‍ ഉണ്ടെന്നുള്ളതിനു എന്ത് തെളിവാണ് അവര്‍ക്ക് ഹാജരാക്കാന്‍ ഉള്ളത്? രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ആസ്തികരോട് നാസ്തികരായ ചാര്‍വാകന്മാര്‍ ചോദിച്ച ചോദ്യമാണ് ഇപ്പോഴും ഇവര്‍ക്കുള്ള മറുപടി. പ്രപഞ്ചം സൃഷ്ടിച്ചു എന്ന് പറയുന്ന സൃഷ്ടികര്‍ത്താവിന് രൂപമില്ലെന്നു പറയുന്നു. എങ്കില്‍ അവന്‍ എങ്ങനെ സൃഷ്ടികര്‍മം നടത്തും? അവന്‍ എവിടെ ഇരുന്നു സൃഷ്ടിക്കും? അവനെ ആര് സൃഷ്ടിച്ചു? യഥാര്‍ത്ഥത്തില്‍ അത്രമാത്രം ക്രമീകൃതമോ ആസൂത്രിതാമോ  കുറ്റമറ്റതോ ആണോ  പ്രപഞ്ചവും ഭൂമിയും? പ്രപഞ്ചത്തില്‍ ഒരുപാട് ക്രമരാഹിത്യങ്ങളും, അപകടങ്ങളും നടക്കുന്നുണ്ട്. നക്ഷത്രങ്ങള്‍ ബ്ലാക്ക് ഹോളുകളായി മാറുന്നു, നക്ഷത്രങ്ങള്‍ തമ്മിലിടിച്ച് നശിക്കുന്നു. പൊട്ടിത്തെറിക്കുന്നു. വാല്‍നക്ഷത്രങ്ങള്‍ മറ്റു ഗ്രഹങ്ങളില്‍ ഇടിച്ചു കയറുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യാഴത്തില്‍ വാല്‍നക്ഷത്രങ്ങള്‍ ഇടിച്ചു വീണത്‌ നമ്മള്‍ കണ്ടതല്ലേ? അത് ഭൂമിയിലായിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി? ദുരന്തങ്ങള്‍ ഉണ്ടാവുന്നത് പാപത്തിന്റെ ദൈവീകശിക്ഷയായിട്ടാണ് വിശ്വാസികള്‍ വ്യാഖ്യാനിക്കാറുള്ളത്. വ്യാഴം എന്ത് പാപം ചെയ്തിട്ടാണ് ദൈവം വാല്‍നക്ഷത്രത്തെക്കൊണ്ട് അതിനെ പ്രഹരിച്ചത്?. ഭൂമിയിലാകട്ടെ പല തരം  പ്രകൃതിദുരന്തങ്ങളും, തല്ഫലമായുള്ള വസ്തു-ജീവനാശവും സംഭവിക്കുന്നു.  ഭൂരിപക്ഷം മനുഷ്യരും ദുരിതമനുഭവിക്കുന്നു.. യുദ്ധങ്ങളും കലാപങ്ങളും മൂലം നിരപരാധികളായ കുട്ടികളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍  വധിക്കപ്പെടുന്നു. പട്ടിണി, ദാരിദ്ര്യം എന്നിവയ്ക്ക് പുറമേ, മതരാജ്യസ്ഥാപനത്തിനായി വിശുദ്ധയുദ്ധമെന്ന പേരില്‍ നടത്തുന്ന ഭീകരാക്രമണം  മൂലവും   നിരപരാധികളായ അനവധി ജനങ്ങള്‍ മരിക്കുന്നു.  ഇതൊക്കെ ഒരു ബുധിശാലി ആസൂത്രണം ചെയ്തതാണെങ്കില്‍ ആ വിദ്വാന്റെ 'പുത്തി' അപാരം തന്നെ!     ഇപ്പോള്‍, മഹാകവി ചങ്ങമ്പുഴ പാടിയത് ഓര്‍ത്ത്‌ പോവുകയാണ്:
                       വിത്തനാഥന്റെ ബേബിക്ക് പാലും
                       നിര്‍ധന ചെറുക്കനുമിനീരും 
                       ഈശ്വരേച്ചയല്ലെ,ങ്കില്ലമ്മട്ടു
                       ള്ളീശ്വരനെ ചവിട്ടീടുക നമ്മള്‍.

         രസതന്ത്ര വര്‍ഷം വിട പറയും. പക്ഷെ രസതന്ത്രം പ്രസരിപ്പിക്കുന്ന ഊര്‍ജത്തില്‍ മത-അന്ധവിശ്വാസങ്ങള്‍ കരിഞ്ഞു പോവുക തന്നെ ചെയ്യും.
                                                      ---------------------
          

      


  

         

2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

നടൻ തിലകനെ വിമർശിക്കുന്നു.

              നടന്‍ തിലകന് 
         ഭാരതീയ യുക്തിവാദി സംഘം 
         കൊടുത്ത അവാര്‍ഡ് 

         തിരിച്ചു വാങ്ങണം.

      എന്തേ  ഇങ്ങനെ ആവശ്യപ്പെടാന്‍ എന്നല്ലേ? 2011 ആഗസ്റ്റ്‌ 28 ന്റെ
'ദ് ഹിന്ദു' പത്രത്തിലെ കോഴിക്കോട്ടു നിന്നുള്ള ഒരു വാര്‍ത്തയാണ് ഇതിനു
കാരണം. വാര്‍ത്ത ഇതാണ്: "ശിവ സേനയും ശ്രീഗണേശോല്സവ ട്രസ്റ്റും
ചേര്‍ന്ന് ആഗസ്റ്റ്‌ 30 മുതല്‍ സപ്തംബര്‍ 4 വരെ കോഴിക്കോട്ടു വെച്ച്
ഗണേശോല്സവം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടുത്തെ
മാതാ അമൃതാനന്ദമയി മഠം അധിപതി സ്വാമി വിവേകാമൃത ചൈതന്യയാണു
പരിപാടിയുടെ തുടക്കം കുറിക്കുന്നത്.    കോഴിക്കോട്ടെ പഞ്ചാബ്
നാഷണല്‍ ബാങ്കിന്മുന്‍വശത്തുള്ള ഗ്രൗണ്ടില്‍ വെച്ച് ഇദ്ദേഹം 321 
ഗണപതിവിഗ്രഹങ്ങള്‍ പൂജിച്ചു നല്‍കും. ആഗസ്റ്റ്‌ 30 ന് പുലര്‍ച്ചെ
നാല് മണിക്ക് മഹാഗണപതി ഹോമത്തിന്റെ അകമ്പടിയോടെ  ഈ
വിഗ്രഹങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. തുടര്‍ന്നുള്ള
ദിവസങ്ങളില്‍ ഹോമത്തോടൊപ്പം  പൂജകള്‍, അന്നദാനം (ഉച്ചക്ക് 12 മണി മുതല്‍ 
2 മണി വരെ), വിദ്യാര്‍ഥികള്‍ക്കുള്ള പെയിന്റിംഗ് മത്സരം എന്നിവ
ഉണ്ടായിരിക്കും.
             
         കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ: കെ.മാധവന്‍കുട്ടി
സപ്തംബര്‍4 ന്  വൈ: 3 മണിക്ക് സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്യും.
സാഹിത്യകാരന്‍ പി. ആര്‍.നാഥന്‍, സിനിമാ നടന്‍ സുധീഷ്‌, ഗായകന്‍
ജോളി ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും. സിനിമാ നടന്‍ തിലകന്‍ 
വൈകീട്ട് 4 മണിക്ക്, മിനി ബൈപ്പാസ്സില്‍ വിഗ്രഹങ്ങളുടെ ഘോഷയാത്ര 
ഉത്ഘാടനം ചെയ്യും.കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ
കടന്നു പോവുന്ന ഘോഷയാത്ര തൊടിയില്‍ ഭഗവതിക്ഷേത്രത്തിനു മുമ്പില്‍
സമാപിക്കും. ചടങ്ങുകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍  കടലില്‍ നിമഞ്ജനം ചെയ്യും." 

             ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ? പ്രവര്‍ത്തകനോ അംഗമോ
ഒന്നുമല്ലെങ്കിലും നടന്‍ തിലകന്‍ ഒരു കടുത്ത നിരീശ്വരവാദിയും യുക്തിവാദിയും
ആണെന്നാണ്‌ കേട്ടിരുന്നത്.കഴിഞ്ഞ വര്‍ഷമാണെന്ന് തോന്നുന്നു, ഭാരതീയ
യുക്തിവാദിസംഘം തിലകന് യുക്തിവാദിഎന്ന പേരില്‍ ഒരു അവാഡ്
കൊടുത്ത വാര്‍ത്ത കണ്ടപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തിരുന്നു.
മുകളില്‍ കൊടുത്ത വാര്‍ത്ത വായിച്ചപ്പോള്‍  എല്ലാം തല കീഴായി മറഞ്ഞു.
എന്ത് പറ്റിയുക്തിവാദി തിലകന്? സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന
കാര്യമാണെങ്കില്‍ പോട്ടെഎന്ന്‌ വെയ്ക്കാമായിരുന്നു. ഇതതല്ല. ഗണപതി
വിഗ്രഹങ്ങളുടെ ഘോഷയാത്രയാണ് അദ്ദേഹംഉത്ഘാടനം ചെയ്യുന്നത്!
തികച്ചും മതപരമായ, അന്ധവിശ്വാസപരമായ ഒരു കാര്യം. ഇത് സംഘടി
പ്പിക്കുന്നതാരാണ്? ശിവസേനയെന്ന കടുത്ത ഹിന്ദു വര്‍ഗീയ സംഘടനയും,
വിവേകാ മൃത ചൈതന്യയെപ്പോലുള്ള ആള്‍ദൈവ ശിങ്കിടികളും! നമ്മള്‍
കേട്ടറിഞ്ഞ തിലകനെപ്പോലുള്ള   ഒരാള്‍ഒരിക്കലും ചെന്ന് ചേരാന്‍ പാടില്ലാത്ത
ഒരിടത്താണ് തിലകന്‍ എത്തിയിരിക്കുന്നത്. തിലകന്‍ ഒരു ആത്മീയ വാദിയായി
മാറിയോ?അദ്ദേഹം ഒരു ഈശ്വരവിശ്വാസി ആയിത്തീര്ന്നോ? 
ഈ സാഹചര്യത്തില്‍ തിലകന് തങ്ങള്‍ നല്‍കിയ അവാര്‍ഡ് തിരിച്ചു  തരാന്‍
ബി.വൈ.എസ്. തിലകനോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ താന്‍  സ്വീകരിച്ച
പുരസ്കാരം തിരിച്ചു നല്‍കാന്‍ തിലകന്‍ മര്യാദ കാണിക്കണം. 

              ഈ വാര്‍ത്തയില്‍ ചര്‍ച്ചാവിധേയമാക്കേണ്ട ചില വിഷയങ്ങള്‍ കൂടി
അടങ്ങിയിട്ടുണ്ട്.മത-വര്‍ഗീയ വാദികള്‍  പൊതു സമൂഹത്തില്‍ ഇടം കിട്ടാന്‍
വേണ്ടി എന്തൊക്കെ സൂത്രങ്ങളാണ് ചെയ്യുന്നത് എന്ന്‌ നോക്കു.
സിനിമാനടന്മാരെപ്പോലുള്ള  സെലബ്രിറ്റികളെ  ഇവരുടെ കുത്സിത 
കര്‍മങ്ങളില്‍ പങ്കാളികളാക്കുക,  കലാമത്സരങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവ 
അക്കൂട്ടത്തില്‍ പെടുന്നു.അന്നദാനം,  ആരോഗ്യക്യാമ്പ്  തുടങ്ങിയ ദാനധര്‍മകര്‍മ്മങ്ങള്‍
അന്ധവിശ്വാസ-അനാചാര-അനുഷ്ടാനങ്ങളുടെ അനുബന്ധ പരിപാടിയാക്കി 
പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നു. പുതിയ പുതിയ
മതാഘോഷങ്ങള്‍ ഇറക്കുമതി ചെയ്തു വര്‍ഗീയത വേരുപിടിപ്പിക്കുന്നതാണ്
മറ്റൊന്ന്. ഏറെക്കഴിയാതെ ഗണേശോല്സവവും, ആറ്റുകാല്‍ പൊങ്കാല പോലെ
പടര്‍ന്നുപന്തലിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രക്ഷാബന്ധന്‍ ഇപ്പോള്‍
പ്രചുരപ്രചാരമായിക്കഴിഞ്ഞു.. കമ്മ്യൂണിസ്ടുകാര്‍  പോലും രാഖി കെട്ടി
നടക്കുന്നത് കാണുമ്പോള്‍ അറപ്പും വെറുപ്പുമാണ് തോന്നുക.. ഇതൊക്കെ
വേറൊരു പോസ്റ്റിനുള്ള വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടു ഈ
കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു. 

2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഖുറാനും സഹിഷ്ണുതയും

                                      നോമ്പും ദാരിദ്ര്യവും  
      
         ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ കഠിനമായ ശിക്ഷ കിട്ടും എന്നതിന് തെളിവായി ഒരു പാട് ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു കാണാറുണ്ട്‌. എന്നാല്‍ ഖുര്‍ ആനില്‍ അത്ര കര്‍ക്കശമായ നിയമങ്ങളൊന്നും ഇല്ലെന്നും അതൊക്കെയുള്ളത്  പില്‍ക്കാലത്ത് (എട്ടാം നൂറ്റാണ്ടില്‍) ചില നിയമപണ്ഡിതന്മാര്‍ ഉണ്ടാക്കിയ വിധിതീര്‍പ്പുകളുടെ സമാഹാരമായ 'ശരി അത്തില്‍' ആണെന്നും  സിയാവുദ്ദീന്‍ സര്‍ദാര്‍ തന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ 'റീഡിംഗ് ദി ഖുറാനി'ല്‍ സ്ഥാപിക്കുന്നതായി ഹമീദ് ചേന്ദമംഗലൂര്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ : 31  07  2011 ) പറയുന്നു. ശരീ അത്ത് ദൈവീകമല്ല എന്നാണു സിയാവുദീന്റെ വാദം. ഖുറാന്‍ മാത്രമാണ് ഇസ്ലാമുകള്‍ ദൈവീകമായി അനുസരിക്കേണ്ട മതഗ്രന്ഥം എന്ന് പുസ്തകത്തില്‍ പറയുന്നുണ്ടത്രേ!  പക്ഷെ സിയാവുദ്ദീന്‍ സര്‍ദാര്‍ പറയുന്നത് പോലെയൊന്നുമല്ല ഇസ്ലാമിക ലോകത്ത് നടക്കുന്നത്. ഖുറാനില്‍ ഉണ്ടെന്നു അദ്ദേഹം പറയുന്ന സഹിഷ്ണുതയൊന്നും  എവിടെയും കാണാനില്ല. ഖുറാന്‍ മനുഷ്യസ്ന്ഹേത്തിലും നീതിയിലും അധിഷ്ടിതമായ ഗ്രന്ഥമാണെന്നും അത് പിന്തുടരുന്ന
പക്ഷം സംശുദ്ധമായ ഒരു ഇസ്ലാമിക ലോകം സാക്ഷാല്കൃത മാവുമെന്നും അങ്ങനെ വന്നാല്‍ ഇന്ന് ഇസ്ലാമിന് വന്നുചേര്‍ന്നിട്ടുള്ള അപകീര്‍ത്തിയും ശത്രുതയും ഇല്ലാതാവുമെന്നുമൊക്കെയുള്ള സ്വപ്നത്തില്‍ നിന്നാവാം 'reading the khuran' ലെ ആശയങ്ങള്‍ വാര്‍ന്നു വീണത്‌.

          സിയാവുദ്ദീന്‍ സര്‍ദാരിന്റെ ഖുറാന്‍ വ്യാഖ്യാനമാണ് ശരിയെങ്കില്‍ നോമ്പിനെക്കുറിച്ചുള്ള താഴെ പറയുന്ന വിമര്‍ശനം ഉന്നയിക്കാന്‍ എനിക്ക് ഒട്ടും ഭയം തോന്നേണ്ട കാര്യമില്ല.

          നോമ്പുകാലത്ത് പട്ടിണി കിടക്കുന്നത് വിശപ്പിന്റെ കാഠിന്യം സ്വയം അനുഭവിക്കാനാണെന്ന് ഇസ്ലാമിക
പണ്ഡിതന്മാര്‍ ലേഖനങ്ങളി ലൂടെയും പ്രഭാഷണങ്ങളി ലൂടെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണല്ലോ?
എങ്കില്‍ പട്ടിണി ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ നോമ്പ് നോല്‍ക്കേണ്ട തുണ്ടോ? മുസ്ലിംകള്‍ ബഹുഭൂരിപക്ഷ മുള്ള രാജ്യമാണല്ലോ സോമാലിയ. അവിടെ ആമ്ഭ്യന്തര കലാപം മൂലം ദാരിദ്ര്യവും പട്ടിണിയും കൊടികുത്തി വാഴുകയാണ്. പട്ടിണികൊണ്ട് എല്ലും തോലുമായ കുഞ്ഞുങ്ങളുടെയും വൃദ്ധ ജനങ്ങളുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍  കണ്ണ് നനയാത്തവരുണ്ടാവില്ല. അവിടെ 'പുണ്യ'മാസവും, നോമ്പും, ഇഫ്താറും ഒക്കെ അര്‍ത്ഥശൂന്യമല്ലേ എന്ന ചോദ്യത്തിന് ഇസ്ലാമിക പണ്ഡിതരുടെ പ്രതികരണം അറിഞ്ഞാല്‍ കൊള്ളാം. ഒരു നേരം മാത്രം ഭക്ഷണത്തിന് വകയുള്ള വരും, പോഷകാഹാര ക്കുറവിന്റെ പ്രത്യാഘാത മനുഭവിക്കുന്നവരുമായ അനേകായിരം മുസ്ലിം മതവിശ്വാസികള്‍ ലോകത്തിന്റെ നാനാ ഭാഗത്ത് മുണ്ടാവാതിരിക്കുമോ? അവരെ സംബന്ധിച്ചിടത്തോളം നോമ്പിന്റെ പ്രസക്തി എന്താണ്?

         ഇതൊക്കെ പുതിയ ചോദ്യമാണെന്നു എനിക്കഭിപ്രായമില്ല. 

          

       

      

2011 ജൂൺ 20, തിങ്കളാഴ്‌ച

മുടിപ്പള്ളി

        മുടിപ്പള്ളി -  റിയല്‍ എസ്റ്റേറ്റ്‌ കച്ചവടവും അന്ധവിശ്വാസ പ്രചരണവും
                                                       
            ആത്മീയ വാണിഭമാണു ഏറ്റവും ലാഭകരമായ പ്രവര്‍ത്തനമേഖലയെന്ന സത്യം എല്ലാ മതകൈകാര്യകര്‍ത്താക്കളും ഇന്ന് മനസ്സിലാക്കിയിരിക്കുന്നു.  നിഷ്കളങ്കനായ ഭക്തന്റെ  ദുഖഭാരം ഇറക്കി വെക്കാനുള്ള  സാന്ത്വന കേന്ദ്രങ്ങള്‍  എന്നൊക്കെ വ്യാഖ്യാനിക്കപ്പെട്ടിരുന്ന ആരാധനാലയങ്ങള്‍ ഇന്ന് തൊഴില്‍ശാലകളും ലാഭകേന്ദ്രങ്ങളുമാണ്. പരമ്പരാഗത ക്ഷേത്രങ്ങളും പള്ളികളും കൂടാതെ ഇപ്പോള്‍ ആള്‍ദൈവങ്ങളെ കേന്ദ്രീകരിച്ചുള്ള ആത്മീയ കച്ചവടവും പുരോഗതി പ്രാപിച്ചിരിക്കുകയാണല്ലോ! എല്ലാ മതങ്ങളും ഇക്കാര്യത്തില്‍ തുല്യമാണ്. ആള്‍ദൈവങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട് എന്നു 2008  ല്‍  സന്തോഷ്‌ മാധവന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ തെളിയിച്ചതാണ്.  പുതിയ പുതിയ അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും മുളച്ചു പൊന്താന്‍ കാരണം ഭക്തിയും വിശ്വാസവും വര്‍ധിച്ചത് മാത്രമല്ലെന്നും, അധ്വാനം കുറഞ്ഞ  ലാഭകേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ഭക്തിക്കച്ചവടക്കാരുടെ ബുദ്ധിയാണെന്നും  അറിയാന്‍ വലിയ പാണ്‍ഡിത്യമൊന്നും  വേണ്ട. 

            ഇപ്പോഴിതാ കോഴിക്കോട് കേന്ദ്രമായി 40 കോടി നിര്‍മാണച്ചിലവ് വരുന്ന ഒരു വലിയ പള്ളി നിര്‍മിക്കാന്‍ പോകുന്നു. കോഴിക്കോടെ കാരന്തൂര്‍ മര്‍ക്കസ്സിന്റെ  സ്ഥാപകനായ സുന്നി മുസ്ലിം നേതാവ് കാന്തപുരം ഏ.പി. അബൂബക്കര്‍ മുസ്‌ല്യാരാണ്  ഇതിനു മുന്‍ കയ്യെടുക്കുന്നത്. 25,000 മുതല്‍ 30,000 വരെ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ പള്ളിയുടെ പേര് ശ അ റെ മുബാറക് ഗ്രാന്‍ഡ്‌ മസ്ജിദ്  എന്നാണു. മുഹമ്മദ് നബിയുടെത് എന്നു പറയപ്പെടുന്ന മുടി സൂക്ഷിക്കാനാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ഈ പള്ളി നിര്‍മ്മിക്കുന്നത്.  ഈ മുടി കിട്ടിയതാവട്ടെ യു.ഏ.ഇ. പൌരനായ അഹമ്മദ് ഖസ്രാജിയില്‍ നിന്നുമാണ്. കഴിഞ്ഞ ജനുവരി ഒമ്പതിന് മര്‍ക്കസില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് മുടി കാന്തപുരത്തിന് കൈമാറിയത്.  കോഴിക്കോട് ജില്ലയിലാണ് 12 ഏക്കര്‍ സ്ഥലത്ത് 2.5 ലക്ഷം ചത്രശ്ര അടി വിസ്തീര്‍ണത്തില്‍ ഈ വമ്പന്‍ പള്ളി പണിയുന്നത്.  ഈ പള്ളിക്ക് സമീപം നോളജ് സിറ്റി എന്ന പേരില്‍ ഒരു ടൌണ്‍ ഷിപ്‌ പണിയാനും പദ്ധതിയുണ്ട്. പ്രവാചകന്റെ തിരുകേശം സൂക്ഷിക്കുന്നതിനോടൊപ്പം ആ മുടിയിട്ട വെള്ളം വിറ്റു കാശ് വാരാനും പദ്ധതിയുണ്ടെന്ന് പറയപ്പെടുന്നു. 

            എന്നാല്‍, കാന്തപുരത്തിന്റെ ഈ 'തിരുമുടിപ്പള്ളി' നിര്‍മ്മാണത്തെ നഖശിഖാന്തം എതിര്‍ക്കുന്നത് യുക്തിവാദികളൊന്നുമല്ല. ഒന്നിലധികം  മുസ്ലിം സംഘടനകളും അവരുടെ മാധ്യമങ്ങളും വ്യത്യസ്ത കാരണങ്ങളാല്‍ മുസ്ല്യാര്‍ക്ക് നേരെ നിശിതവിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നു. ജമാ അത്തെ  ഇസ്ലാമിക്കാര്‍ മുടിപ്പള്ളി നിര്‍മാണവും മുടിവെള്ള ക്കച്ചവടവും, ആത്മീയ വാണിഭവും ഇസ്ലാമികവിരുദ്ധവുമായിട്ടാണ്  കാണുന്നത്. "രൂപ രഹിതനും സര്‍വശക്തനും സര്‍വവ്യാപിയുമായ ഏക ദൈവത്തെ മാത്രം ആരാധിക്കുന്നതിനുള്ള കേന്ദ്രമായ പള്ളികളില്‍ പ്രതിഷ്ഠകള്‍ പാടില്ലെന്നതാണ് ഇസ്ലാമിന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാട്. ഈ നിലപാടിനെയാണ്‌ 'തിരുകേശത്തിനൊരുത്തമകേന്ദ്രം' എന്ന നിലയില്‍ മലബാറിലെവിടെയോ നിര്‍മ്മിക്കാന്‍ പോകുന്ന ശ അറെ മുബാറക് മസ്ജിദ് വെല്ലു വിളിച്ചിരിക്കുനത്". "യാതൊരു വിധ പ്രതീകത്തിന്റെയോ പ്രതിഷ്ടകളുടെയോ സഹായം കൂടാതെ അല്ലാഹുവിനെ ആരാധിക്കുക യായിരിക്കണം പള്ളി നിര്‍മാണത്തിന്റെ ലക്‌ഷ്യം". ജമാ അത്തെ ഇസ്ലാമിയുടെ മുഖമാസികയായ പ്രബോധനത്തില്‍ (മേയ് 2011) കെ. ടി. ഹുസൈന്‍ എഴുതിയതിങ്ങനെയാണ്. കാന്തപുരത്തിന്റെ  എതിര്‍ ചേരിയിലുള്ള  ഇ. കെ. സുന്നി യുടെ വക്താക്കള്‍ എതിര്‍ക്കുന്നത് മറ്റൊരു കാരണത്താലാണ്. മുടി സൂക്ഷിക്കാന്‍ പള്ളി പണിയുന്നതിലല്ല അവര്‍ക്ക് എതിര്‍പ്പ്.  മുടി നബിയുടെതല്ല എന്നതു മാത്രമാണു അവരുടെ ആക്ഷേപം. വ്യാജമുടിയുടെ പേരില്‍  പള്ളി പണിതു കാന്തപുരം എ.പി. ഉയരങ്ങള്‍ കീഴടക്കുന്നത്‌ അവര്‍ക്ക് സഹിക്കാനാവുമോ? മറ്റു പല  മതപണ്ഡിതന്മാരും മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നുണ്ട്.  മുടി നബിയുടെതാണ് എന്നതിന് 'സനദ്' വേണം എന്നാണവര്‍ പറയുന്നത്.  സനദ് എന്നാല്‍  ആധികാരികമായ  കൈമാറ്റപരമ്പര എന്നാണു വിശകലനം. നബിയുടെ മുടി ആരുടെയൊക്കെ കൈകളിലൂടയാണ് അഹമ്മദ് ഖസ്രാജിക്ക് കിട്ടിയത് എന്നു തെളിയിക്കണം. അത് തെളിയിക്കാന്‍ പറ്റിയിട്ടില്ല. ചെമ്മാട് ദാറുല്‍ഹുദ  ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ്ചാന്‍സ്ലര്‍ ഡോ: ബഹാ ഉദ്ദീന്‍ മുഹമ്മദ്‌ നദ്വി കാന്തപുരത്തിന്റെ  തിരുകേശം സംബന്ധിച്ച അവകാശ വാദത്തെ ചോദ്യം ചെയ്തു. സംശയത്തിന്റെ  ഒരു കാരണം മുടിയുടെ നീളം തന്നെ. ഒരു സ്ത്രീയുടെ മുടിയുടെ നീളമുണ്ട് കൈമാറിയ മുടിക്ക്. നബിക്ക് ഇത്ര വലിയ മുടിയുണ്ടാവാന്‍ സാധ്യതയില്ല. സംശയ ദൂരീകരണത്തിനായി  അദ്ദേഹം ഖസ്രാജി കുടുംബവുമായി ബന്ധപ്പെട്ടു. അഹമ്മദ് ഖസ്രാജിയുടെ അച്ഛനായ മുഹമ്മദ്‌ ഖസ്രാജിയുടെയോ,  മക്കളുടെയോ, പിതൃവ്യരുടെയോ മുന്‍ഗാമികളോ പിന്ഗാമികളോ ആയ ഏതെങ്കിലും ഖസ്രാജികളുടെയോ പക്കല്‍ റസൂലിന്റെത്  എന്നു പറയപ്പെടുന്ന ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണു ദാതാവിന്റെ ജ്യേഷ്ഠനായ ഹസ്സന്‍ ഖസ്രാജി രേഖാമൂലം നദ്വിയെ അറിയിച്ചതത്രേ! (പ്രബോധനം: മേയ് 2011) മുഹമ്മദ്‌ ഖസ്രാജി ദുബായിലെ മുന്‍ വഖഫ് മന്ത്രിയായിരുന്നു.  മുടി നബിയുടെത് തന്നെയാണോ എന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ്‌ നടത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്! മുടി സൂക്ഷിക്കാന്‍ വേണ്ടി പള്ളി പണിയുന്നത് ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു.  

            ആത്മീയതയുടെ മറവില്‍ ഭക്തിവ്യവസായം നടത്തുക എന്നതാണ് മുടിപ്പള്ളി നിര്‍മാണത്തിന്റെ ലക്‌ഷ്യം. പള്ളി നിര്‍മാണത്തിന്റെ  പേരില്‍ പണപ്പിരിവ് ആരംഭിച്ചു കഴിഞ്ഞു. 1000 രൂപ വീതം നാല് ലക്ഷം പേരില്‍ നിന്ന് പിരിച്ചു 40 കോടി രൂപ സമാഹരിക്കാനാണത്രേ തീരുമാനിച്ചിട്ടുള്ളത്‌. അതിനായുള്ള കൂപ്പണ്‍ എ.പി. സുന്നിക്കാരുടെ പള്ളി മുഖാന്തരം വിതരണം ചെയ്തു തുടങ്ങി എന്നും  റിപ്പോര്‍ട്ടുണ്ട് (വെബ് സൈറ്റ്: Two Circles.net) നോളജ്സിറ്റി  എന്ന പേരില്‍ പള്ളിക്ക് ചുറ്റും ടൌണ്‍ഷിപ്പ് സ്ഥാപിച്ചു കൊണ്ടു ഒരു സാമ്പത്തിക സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാനാണ് പദ്ധതി. 

            കേവലം ആത്മീയ വാണിജ്യമോ വിശ്വാസികളെ വഞ്ചിക്കലോ  ആയിട്ടല്ല യുക്തിവാദിസംഘം മുടിപ്പള്ളി  നിര്‍മ്മാണത്തെ കാണുന്നത്. ഇത് ഒരു മതത്തിന്റെ  വിശ്വാസപരവും മതസ്വാതന്ത്ര്യപരവുമായ അവകാശത്തിന്റെ ഗണത്തില്‍ പെടുത്തി നിസ്സാരവല്‍ക്കരിക്കാനും യുക്തിവാദികള്‍ക്ക് കഴിയില്ല.   അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങളെ  കൂടുതല്‍ കടുത്ത അന്ധവിശ്വാസത്തിലേക്ക് തള്ളിവിടുന്ന, അന്ധവിശ്വാസത്തെ മുതലെടുത്തുകൊണ്ടു കച്ചവടസാമ്രാജ്യം വികസിപ്പിക്കുന്ന മനുഷ്യത്വരഹിതമായ കുടിലതയായിട്ടാണ്  ഇതിനെ കാണേണ്ടത്. മുസ്ലിം സമുദായത്തില്‍ തന്നെ സിദ്ധന്മാരും, തങ്ങള്‍മാരും, പാപ്പമാരും ആത്മീയ തട്ടിപ്പുകള്‍ നടത്തി കോടീശ്വരന്‍മാരായ സംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. മന്ത്രിച്ചൂതിയ  വെള്ളം കുടിച്ചാല്‍ രോഗങ്ങള്‍ മാറും എന്നു വിശ്വസിക്കുന്ന ഒരു പാട്  ബുധിശൂന്യന്മാര്‍ ഉള്ള  നാടാണിത്. തുപ്പലുപ്പാപ്പയുടെ 'തുപ്പല്‍ വെള്ളത്തിന്‌' കാനുമായി  ക്യൂ നിന്നവരുടെ നീണ്ട നിര  നമ്മള്‍ കണ്ടതാണല്ലോ! അപ്പോള്‍ നബിയുടെ മുടി കിടന്ന വെള്ളം വാങ്ങാന്‍ എത്തുന്നവരുടെ ക്യൂവിന്റെ നീളം എത്രയാവുമെന്നു ഊഹിക്കാവുന്നതാണ്!  ഇസ്ലാം മതത്തിലെ പരിഷ്കരണങ്ങളോട്  മുഖം തിരിച്ചു നില്‍ക്കുന്ന കാന്തപുരത്തിന് ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും. ജനങ്ങളെ യാഥാസ്ഥിതികരുമാക്കാം കോടികളുമുണ്ടാക്കാം. വര്‍ഗീയ ധ്രുവീകരണമെന്ന  വിപത്തും ഇതിന്റെ ഒരു ഉപോല്‍പ്പന്നമാണ് . ഒരു 'ഇസ്ലാമിക സാമ്രാജ്യത്തിന്റെ' വളര്‍ച്ച ചൂണ്ടിക്കാട്ടി സംഘപരിവാറുകാര്‍ക്ക് ഹിന്ദുവര്‍ഗീയതയുടെ വിത്തിറക്കാന്‍ നല്ലൊരു കാരണവും കിട്ടും. മതങ്ങള്‍ക്ക് ഭരണത്തില്‍ സ്വാധീനം ചെലുത്താനും  എന്ത് തോന്ന്യവാസം കാണിക്കാനും  സാധിക്കുന്ന ഒരു നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും. മതങ്ങളെ പ്രീണിപ്പിക്കാന്‍  സന്ദര്‍ഭങ്ങള്‍ കാത്തു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ളപ്പോള്‍ വിശേഷിച്ചും. മതാന്ധവിശ്വാസങ്ങളുടെ കരാളദംഷ്ട്രങ്ങളില്‍ നിന്ന് ജനങ്ങള്‍ സ്വയം മോചിതരാവുമ്പോള്‍  മാത്രമേ ഇത്തരം ആത്മീയവാണിഭങ്ങള്‍ക്ക്  അന്ത്യമുണ്ടാവുക യുള്ളൂ. 
         
                                                                

2011 ജൂൺ 19, ഞായറാഴ്‌ച

ഉദയാസ്തമയപൂജ


          
                  കെ. കരുണാകരനും ഉദയാസ്തമയ പൂജയും 

           വലിയ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉദയാസ്തമയപൂജകളെപ്പറ്റി കേട്ടിരിക്കുമല്ലോ? ഗുരുവായൂര്‍ അമ്പലത്തിലെ ഉദയാസ്തമയപൂജയാണ് പ്രശസ്തം. ഉദയം മുതല്‍ അസ്തമയം  വരെ നീണ്ടു നില്‍ക്കുന്ന പൂജയാണിത്. അതായത് ഈ വഴിപാടു കഴിക്കുന്നവര്‍ ഉദയം മുതല്‍ അസ്തമയം വരെ ഭഗവാനെ ആരാധിക്കുന്നു എന്നര്‍ത്ഥം. 50,000 രൂപയാണ് ഒരു പൂജക്കുള്ള ചാര്‍ജ്.  വലിയ പണക്കാര്‍ക്ക് മാത്രമേ ഈ വഴിപാടു കഴിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ ആരെങ്കിലും ദയവു തോന്നി സാമ്പത്തികമായി സഹായിക്കണം. ഹൃദയശസ്ത്രക്രിയക്കും  കിഡ്നി മാറ്റി വെക്കാനും ഉദാരമതികള്‍ സംഭാവന ചെയ്യാറുണ്ടല്ലോ. അത് പോലെ.  ഉദയാസ്തമയ പൂജ കൊണ്ടു രോഗം മാറുമെങ്കില്‍ എന്താ സംഭാവന ചെയ്‌താല്‍.  അല്ലെ? ഭക്തന്മാരായ ഉദാരമതികള്‍ക്ക് ഈ വഴിക്ക്  ചിന്തിക്കാവുന്ന താണ്. 
         ശുഭകരമല്ലാത്ത ഒരു വാര്‍ത്ത എന്താണെന്നാല്‍ ഈ പൂജ ഇന്ന് ബുക്ക്‌ ചെയ്യുകയാണെങ്കില്‍, വഴിപാടുകാരന്റെ  ജീവിതകാലത്ത് ഈ പൂജ കഴിച്ചു കാണാനുള്ള ഭാഗ്യം ഉണ്ടായെന്നു വരില്ല എന്നതാണ്. കാരണം ഇപ്പോള്‍ തന്നെ ഇരുപതു കൊല്ലത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞത്രേ! ഇത്രയൊക്കെ പണം മുടക്കിയിട്ടും ജീവിച്ചിരിക്കുമ്പോള്‍ ഈ പൂജ കൊണ്ടു ഒരു ഫലവും കിട്ടില്ല എന്നര്‍ത്ഥം. ജീവിച്ചിരുന്നാലും ഫലം കിട്ടില്ല എന്നതു വേറെ കാര്യം.  ഇതിനു പരിഹാരം കാണാന്‍ പുതിയ ചില നിര്‍ദേശങ്ങള്‍ ഇക്കഴിഞ്ഞ ഗുരുവായൂര്‍  ദേവസ്വം ഭരണ സമിതി മുന്നോട്ടു വെച്ചിരുന്നു. ആഴ്ചയില്‍ ഒരു ദിവസം ഉ. അ. പൂജ നടത്തുക. ചാര്‍ജ് കുറയ്ക്കുക തുടങ്ങിയവ. പക്ഷെ തന്ത്രി അത് അംഗീകരിച്ചിട്ടില്ല  എന്നു തോന്നുന്നു. ചിലപ്പോള്‍, ഭഗവാന്റെ ഇംഗിതം അറിയാന്‍  ദേവപ്രശ്നം വെച്ച് നോക്കെണ്ടിയും വരും. 
          
           ഇന്നത്തെ പത്രത്തില്‍ (18.06.11) ഒരു വാര്‍ത്ത കാണാനിടയാതാണ് ഇതൊക്കെ എഴുതാന്‍ കാരണം.  മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിലുള്ള ഉദയാസ്തമയ പൂജ ജൂണ്‍ 28 ന് നടത്തുമെന്നതാണ് ആ വാര്‍ത്ത. കരുണാകരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്തതാണ് ഈ പൂജ. എന്തിനായിരുന്നു പൂജ? ആയുരാരോഗ്യങ്ങള്‍ ക്കും, സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാവും എന്നു തോന്നുന്നു.  എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കരുണാകരന്‍ മരിച്ചു. ഇനി ഈ പൂജ എന്തിനാണാവോ? ഒരു പക്ഷെ ആത്മാവിനു മോക്ഷം കിട്ടുമായിരിക്കും! അല്ലെ? വിശ്വാസികള്‍ക്ക് അങ്ങിനെ ആശ്വസിക്കാം.  അതല്ല, ചിലപ്പോള്‍,  പണം അടച്ച ഉടനെ അനുഗ്രഹം കിട്ടിക്കാണും. പണം അടച്ച കാര്യം ത്രികാലജ്ഞനായ ഭഗവാന്  അറിയാതിരിക്കില്ലല്ലോ! പണം കിട്ടിയല്ലോ, ഇനി എന്ത് നോക്കാനാണ്, പൂജയൊക്കെ വഴിയെ വന്നോളും എന്നു ഗുരുവായൂരപ്പന്‍ കരുതിക്കാണും.     
             
            ബുദ്ധിയുള്ള മനുഷ്യരുടെ ഓരോ വിവരക്കേടുകള്‍ കാണുമ്പോള്‍ അത്ഭുതമോ നിരാശയോ ദുഖമോ  എന്തൊക്കെയോ തോന്നുന്നു. കരിങ്കല്‍ പ്രതിമക്കു മനുഷ്യരുടെ പ്രാര്‍ത്ഥന കേട്ടു പ്രശ്ന പരിഹാരം നല്‍കാന്‍ കഴിയുമെന്നും, കൂടുതല്‍ കാശ് ചിലവുള്ള വഴിപാടു കഴിച്ചാല്‍, വലിയ തുക കൈക്കൂലി നല്‍കിയാല്‍ ഉദ്യോഗസ്ഥന്മാര്‍  സന്തുഷ്ടരാകുന്നത്  പോലെ, (ഇല്ലാത്ത) ദൈവവും പ്രീതിപ്പെടുമെന്നും കരുതുന്നവരുടെ 'ബുദ്ധി' യെപ്പറ്റി എന്ത് വ്യാഖ്യാനമാണു നല്‍കുക. പ്രാര്‍ഥിച്ചത് കൊണ്ടോ പൂജ കഴിച്ചത് കൊണ്ടോ വിചാരിച്ച കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്ന് എന്നാണു ആളുകള്‍ മനസ്സിലാകുക? ആളുകളുടെ ഈ വിവരമില്ലായ്മ ചൂഷണം ചെയ്തു കൊണ്ടല്ലേ ആരാധനാലയങ്ങളും, മത സ്ഥാപന ങ്ങളും, പുരോഹിതന്‍മാരും തടിച്ചു കൊഴുക്കുന്നത് എന്ന ചോദ്യം  ഉറക്കെ ചോദിക്കാന്‍  എന്തിനാണ് മടിക്കുന്നത്? വിലയേറിയ ഇത്തരം വഴിപാടുകള്‍ പരസ്യം ചെയ്യുന്ന ക്ഷേത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഞ്ചനയല്ലേ ചെയ്യുന്നത്? ആള്‍ ദൈവങ്ങളുടെ വഞ്ചനയെപ്പറ്റി പറയുന്ന പുരോഗമനവാദികള്‍ ഈ വഞ്ചന കാണുന്നില്ല. ഇത് എന്തോ മഹത്തായ കാര്യമായിട്ടാണ് പൊതുസമൂഹം കണക്കാക്കുന്നത്. ഇത് അവര്‍ വിശ്വസിക്കുന്ന  'നന്മ നിറഞ്ഞ' ദൈവത്തിനെ യഥാര്‍ത്ഥത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയാണു  ചെയ്യുന്നത് എന്നവര്‍ക്കറിയില്ലേ? അതായത് വിലപിടിച്ച പൂജ ചെയ്യുന്ന ഭക്തന് (പണക്കാരന്) കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്ന ദൈവം ധനികപക്ഷപാതിയാണ് എന്നു വരുന്നു. ഇത് പ്രകീര്‍ത്തിക്കപ്പെടുന്ന ദൈവസങ്കല്‍പ്പത്തിനു ഒരിക്കലും നിരക്കുന്നതല്ല. ക്ഷേത്രങ്ങളും, ഭക്തന്‍മാരും  കൂടി  അവരുടെ തന്നെ ദൈവത്തെ കൈക്കൂലി വാങ്ങുന്ന ഒരു ഭരണാധികാരിക്ക് തുല്യനാക്കി  അധപ്പതിപ്പിച്ചിരിക്കുന്നു. 

2011 മേയ് 27, വെള്ളിയാഴ്‌ച

വാകത്താനത്തിന് മറുപടി.

 യുക്തിവാദം എന്ത്? : 
     രാജഗോപാല്‍ വാകത്താനം കാണാതെ 
     പോകുന്ന കാര്യങ്ങള്‍ 

                                       



            യുക്തിവിചാരം മേയ് 11  ലക്കത്തില്‍ ശ്രീ രാജഗോപാല്‍ വാകത്താനതിന്റെ ചില നിരീക്ഷണങ്ങളെ ഡോ: ലാസര്‍ തേര്‍മഠം വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഡോ: ലാസറിന്റെ ലേഖനം വായിച്ചപ്പോള്‍, രാജഗോപാല്‍ പറയുന്നതിലും ലാസര്‍ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നു  തോന്നി. കേവലം 'ഈശ്വരനില്ല' എന്നു പറയുന്നതിനപ്പുറം സാമൂഹികനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുംപോഴേ യുക്തിവാദം പൂര്‍ണമാവുകയുള്ളൂ എന്നാണു രാജഗോപാല്‍ പറയുന്നത്.  ഒരു പൂര്‍ണ്ണ തത്വചിന്ത എന്നും മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള സമഗ്രസംഹിത  എന്നുമൊക്കെയാണ് രാജഗോപാല്‍ യുക്തിവാദത്തിനു നിര്‍വചനം നലികിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായം  യുക്തിവാദിസംഘം (ഏതുമാവട്ടെ) മറ്റൊരു വിപ്ലവ-രാഷ്ട്രീയ പ്രസ്ഥാനമാവണം എന്നാണെന്ന് തോന്നുന്നു. അങ്ങനെ ആയെങ്കിലെ സമഗ്രമായ മാറ്റമുണ്ടാവൂ എന്നദ്ദേഹം വിചാരിക്കുന്നു.  പക്ഷെ, യുക്തിവാദിസംഘത്തിനു ഒരിക്കലും ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ക്ക് പകരം വെക്കാവുന്ന ഒരു സംഘടനയാവാന്‍ കഴിയില്ല. ആവുകയുമരുത്. കേരള യുക്തിവാദിസംഘത്തിന്റെ ഭരണഘടനയിലെ 'ഉദ്ദേശ്യങ്ങളും ലകഷ്യങ്ങളും' എന്ന ഖണ്ഡികയില്‍, 'എല്ലാതരം അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, അനീതികള്‍ക്കും,  അസമത്വങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരായി മാനവക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക' എന്നു പറയുന്നുണ്ടെങ്കിലും ഊന്നല്‍ നല്‍കേണ്ടത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തന്നെയാണ്. ഇതിന്റെ കാരണം വ്യകതമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടി കളുണ്ട്. അനീതിക്കെതിരെ പോരാടുന്ന നിരവധി സംഘടനകളുണ്ട്. അവക്കൊക്കെ അവയുടേതായ താല്‍പ്പര്യങ്ങളുണ്ട് എങ്കിലും, പൊതുവേ നീതിബദ്ധമായ  ഒരു സമൂഹത്തിനു വേണ്ടിയാണ് അവയുടെ പ്രവര്‍ത്തനം എന്നാണു സങ്കല്പം. സ്ത്രീസമത്വത്തിനു വേണ്ടി, സാമൂഹികനീതിക്ക് വേണ്ടി, പരിസ്ഥിതിസംരക്ഷണത്തിനായി, പൌരാവകാശങ്ങള്‍ക്കായി ഒക്കെ സമരം ചെയ്യുന്ന ധാരാളം സംഘടനകളുണ്ട്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായി, മത ചൂഷണങ്ങള്‍ക്കെതിരായി, അനാചാരങ്ങള്‍ക്കെതിരായി ഇവയൊന്നും ഒരക്ഷരം മിണ്ടുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അത് ചെയ്യാത്തതിന് കാരണം, വിശ്വാസികളുടെ പിന്തുണ നഷ്ടപ്പെടും എന്നു കരുതിയാണ്. മറ്റിതര സാമൂഹിക സംഘടനകളെസംബന്ധിച്ചിടത്തോളം, മത-അന്ധവിശ്വാസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതു അവരുടെ തനതു ലകഷ്യത്തിലേക്കുള്ള  പ്രയാണത്തെ ക്ഷീണിപ്പിക്കും എന്നതാണ്. അത് ശരിയുമാണ്. ഉദാഹരണമായി എന്‍ഡോസല്‍ഫാനെതിരായ സമരം. വിശ്വാസം അവിടെ ചര്‍ച്ച ചെയ്യപെട്ടാല്‍ എന്താവും സ്ഥിതി?

           സംഘടനകളെ സംബന്ധിച്ചിടത്തോളം മുഖലകഷ്യമാണു  പ്രധാനം. പൊതു ജനാധിപത്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബധിച്ചിടതോളവും ഈ നിലപാടാണ് ശരി. യുക്തിവാദികളുടെ മുഖ്യ ലക്‌ഷ്യം മത-അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവ ദൂരീകരിക്കലാണെന്നിരിക്കെ, മറ്റു സാമൂഹിക അനീതികള്‍ക്കെതിരെയുള്ള (ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കയ്യാളുന്ന എല്ലാ വിഷയങ്ങളും വരും) സമരവും ഏറ്റെടുത്താല്‍ മുഖ്യ ലക്ഷ്യത്തില്‍   നിന്നുള്ള അകല്‍ച്ചയായിരിക്കും ഫലം. ചുരുക്കിപ്പറഞ്ഞാല്‍, സാമൂഹിക അനീതികള്‍ക്കെതിരെ പോരാടാന്‍ മറ്റു സംഘടനകള്‍  ധാരാളമുണ്ട്. എന്നാല്‍ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ യുക്തിവാദികള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് യുക്തിവാദിസംഘം അവരുടെ പ്രവര്‍ത്തനപരിധി ഈ വിഷയത്തില്‍ ഒതുക്കി നിര്‍ത്തുന്നതാണ് നല്ലത്. മാത്രവുമല്ല അതിനുള്ള റിസോഴ്സേ യുക്തിവാദികള്‍ക്കുള്ളു താനും! 

        കേവല യുക്തിവാദം അധരവ്യായമമാണ് എന്ന രാജഗോപാലിന്റെ അഭിപ്രായം ഈ.എം.എസ്സിന്റെ അഭിപ്രായത്തെയാണ് ഓര്‍മിപ്പിക്കുന്നത്‌. യുക്തിവാദം കൊണ്ടു പ്രയോജനമില്ല എന്നു ഈ.എം.എസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കൊണ്ടു ഗുണമില്ല എന്നു പറയുന്നതിന് തുല്യമല്ലേ ഇത്? ആശയപ്രചരണം കൊണ്ടു ബോധവല്‍ക്കരണം നടത്താന്‍ കഴിയുമെന്നത് ഒരു വസ്തുതയാണെന്നിരിക്കെ ഈ.എം.എസ്സിന്റെത് യാന്ത്രിക വാദമാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ! പത്തൊമ്പതാം നൂറ്റാണ്ടിലെ പൊരുതുന്ന ഭൌതികവാദികളുടെ (യുക്തിവാദികളുടെ) പുസ്തകങ്ങള്‍ തര്‍ജമ ചെയ്തു പ്രചരിപ്പിക്കണം എന്നു ലെനിന്‍ പറഞ്ഞതെന്ത് കൊണ്ടാണ്? കേവല യുക്തിവാദികളായ അവരുടെ പുസ്തകങ്ങള്‍ ഗുണം ചെയ്യും എന്നതുകൊണ്ടല്ലേ അത്. കേവല യുക്തിവാദം അധരവ്യായാമമാണെങ്കില്‍ രാജഗോപാല്‍ എന്തിനാണ് പ്രസംഗിക്കാന്‍  പോകുന്നത്?  അദ്ദേഹമെന്തിനു ലേഖനങ്ങള്‍ എഴുതണം? കേവലയുക്തിവാദവും ബൂര്‍ഷ്വായുക്തിവാദവും എന്താണെന്ന് നിര്‍വചിക്കുന്നുണ്ട് രാജഗോപാല്‍. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്ന് തന്നെയാണ്. കേവലയുക്തിവാദവും സമരോല്‍സുകയുക്തിവാദവും വിരുദ്ധങ്ങളാണ്  എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത് എന്നു തോന്നുന്നു. എന്നാല്‍ അവ വിരുദ്ധങ്ങളല്ല. ആദ്യത്തേത് സിദ്ധാന്തവും  രണ്ടാമത്തേത്  പ്രയോഗവുമാണ്. പൊന്നമ്പലമേട്ടില്‍ തെളിയുന്നത് മനുഷ്യന്‍  കത്തിക്കുന്ന ദീപമാണ് എന്നു പറയുന്നത് കേവല യുക്തിവാദം. അവിടെ പോയി അതിന്റെ രഹസ്യം കണ്ടെത്തി അതുപോലെ പന്തം കത്തിച്ചു കാണിക്കുന്നതും  ഫോട്ടോ എടുക്കുന്നതും സമരോല്‍സുകയുക്തിവാദം. രണ്ടും ആവശ്യമാണെന്ന് ചുരുക്കം.ഒരു  പക്ഷെ രാജഗോപാല്‍  ഉദ്ദേശിക്കുന്ന 'സമരോല്സുകം' ഇതിനുമപ്പുറത്തുള്ള സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമാകാം. യുക്തിവാദികള്‍ അത്രടം വരെ പോകേണ്ടതില്ല. 

        ഒരാള്‍ നിരീശ്വരവാദിയായത്‌ കൊണ്ടു മാത്രം യുക്തിവാദി എന്നു വിളിക്കപ്പെടാന്‍ അര്‍ഹനല്ല എന്നാണു രാജഗോപാലിന്റെ മറ്റൊരു വാദം. നേരത്തേ പറഞ്ഞത് പോലെ എല്ലാ സാമൂഹിക അനീതികള്‍ക്കെതിരെയും പോരാടുന്നവനാണത്രെ   ശരിയായ യുക്തിവാദി! നിരീശ്വരനല്ലാത്ത യുക്തിവാദിയില്ല, എന്നാല്‍ യുക്തിവാദിയല്ലാത്ത നിരീശ്വരവാദിയുണ്ട്, ഇതാണ് വാദം.  നാസ്തികരായ പലരും ജീര്‍ണതയിലും അന്ധവിശ്വാസത്തിലും അഭിരമിക്കുന്നവരാണ്. അങ്ങനെയുള്ളവരെ യുക്തിവാദികളായി കാണാന്‍ പറ്റില്ല, അദ്ദേഹം പറയുന്നു. എന്നാല്‍ യുക്തിവാദി സംഘത്തില്‍ അണിനിരന്നിട്ടുള്ള എല്ലാവരും അന്ധവിശ്വാസവിമുക്തരാണോ? ശാസ്ത്രീയവീക്ഷണമാണ് യുക്തിവാദത്തിന്റെ അടിത്തറ എന്നിരിക്കെ, അശാസ്ത്രീയമായ യോഗ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി, ആയുര്‍വേദം,  എന്നിവയുടെ ഉപാസകരായ എത്രയോ യുക്തിവാദികള്‍ ഇവിടെയുണ്ട്. അവരൊക്കെ അന്ധവിശ്വാസികളാണ്  എന്നു പറഞ്ഞു കൂടെ? തീര്‍ച്ചയായും ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക്  വിലകല്‍പ്പിക്കുന്നവനാകണം യുക്തിവാദി. അവന്റെ മിനിമം ക്വാളിഫിക്കേഷന്‍  ശാസ്ത്രബോധം മുറുകെപ്പിടിക്കുകയും, യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും, മതാന്ധവിശ്വാസങ്ങളെ വ്യക്തിജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും, അതെനെതിരെ പ്രതികരിക്കുകയും, ചെയ്യുക എന്നതായിരിക്കണം. രാഷ്ട്രീയ-സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹികനീതിപര-വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും മേല്‍പ്പറഞ്ഞ മിനിമം ക്വാളിഫിക്കേഷന്‍ ഉള്ളവരെല്ലാം  യുക്തിവാദികളാണ്. അല്ലാതെ, രാജഗോപാല്‍ പറയുന്നത് പോലെ, 'മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത' യുടെ അനുയായികളാവണം  യുക്തിവാദികള്‍ എന്നു നിഷ്കര്‍ഷിച്ചാല്‍ യുക്തിവാദികളാവാന്‍  ആളെ കിട്ടില്ല. മാത്രവുമല്ല, അങ്ങനെ ഒരു സംഘവുമുണ്ടാക്കാന്‍ കഴിയില്ല. 
കാരണം 'സമഗ്രസംഹിത'യോട് യോജിക്കാത്തവരാവും  പലരും. മിനിമം ക്വാളിഫിക്കേഷന്  മാത്രമേ യുക്തിവാദികളെ യോജിപ്പിക്കാന്‍ കഴിയു. ഒരു സാംസ്കാരിക ഐക്യമുന്നണി! 
                                                         -----------

        

         

2011 മേയ് 16, തിങ്കളാഴ്‌ച

സത്യസായി ബാബ - By Dr. പി. എം. ഭാർഗ്ഗവ

                     സത്യ സായിബാബ എന്ന പ്രതിഭാസം 
                           
                                                                                പുഷ്പ  എം. ഭാര്‍ഗവ 

     [നാഷണല്‍ നോളെജ് കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍, ദേശീയ സുരക്ഷ 
ഉപദേശകബോഡ്    മുന്‍ അംഗം,ഹൈദെരാബാദിലെ സെന്റര്‍ ഫോര്‍ 
സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്യൂലര്‍ ബയോളജിയുടെ     സ്ഥാപകന്‍,  മുന്‍ 
ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ: പുഷ്പ എം. ഭാര്‍ഗവ.  
e.mail: bhargava.pm@gmail.com)

                                   പരിഭാഷ:  ടി. കെ. രവിന്ദ്രനാഥ്, കടലുണ്ടി.
    

      സത്യ സായിബാബയുടെ മരണം സൃഷ്ടിച്ച പൊടിപടലങ്ങളൊക്കെ ഒതുങ്ങിയ സ്ഥിതിക്ക്, അദ്ദേഹത്തെപ്പറ്റിയും, അദ്ദേഹത്തിന്‍റെ പ്രവൃത്തികളേയും  അതിന്റെ ഫലങ്ങളെയും കുറിച്ചും, വസ്തുനിഷ്ടമായും, നിര്‍വികാരമായും വിലയിരുത്തേണ്ട സമയമായിരിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ 'പഠിക്കാനുണ്ട്' എന്നതു തന്നെ. 



      തികച്ചും സാധാരണവും, ലളിതവുമായ ഒരു ജീവിതപശ്ചത്തലത്തില്‍  നിന്ന് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനം താഴെ പറയുന്ന അവകാശ വാദങ്ങളാണ് :  (1)  താന്‍ ഷിര്‍ദ്ദി സായി ബാബയുടെ അവതാരമാണ്  (2) താന്‍ ദൈവത്തിന്റെ അവതാരമാണു; ദൈവം തന്നെയാണ് (3) അതുകൊണ്ട്  തനിക്കു സാധാരണ മനുഷ്യന്  ഇല്ലാത്ത അമാനുഷികമായ കഴിവുകളുണ്ട്  (4) പലതരം പ്രശ്നങ്ങളുമായി  സമീപിക്കുന്ന ആളുകള്‍ക്ക് മനസ്സമാധാനവും സമാശ്വാസവും നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. (5) ആശുപത്രികള്‍ സ്ഥാപിക്കുക, ഗ്രാമീണര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുക തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി. 

      സായി ബാബയുടെ മുകളില്‍ പ്രസ്താവിച്ച അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും  നമുക്ക് ഒന്നൊന്നായി പരിശോധിക്കാം. പുനര്‍ജ്ജന്മം ഉണ്ടെന്നതിനു ശകലം പോലും തെളിവില്ല. പുനര്‍ജന്മമെന്ന ആശയം ശാസ്ത്ര വിരുദ്ധമാണ്. പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട സംഭവങ്ങളെല്ലാം അന്വേഷണങ്ങള്‍ക്ക് ശേഷം കാപട്യങ്ങളാണെന്ന് തെളിയുകയുണ്ടായി. 

       ദൈവത്തിന്റെ അവതാരമാണ്  താനെന്ന അവകാശവാദത്തിനു തെളിവായി തന്‍ നടത്തുന്ന അത്ഭുത പ്രവര്തനങ്ങളെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.   അദ്ദേഹം ഒരിക്കലും ഒരു അത്ഭുതപ്രവര്‍ത്തനവും നടത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. യഥാര്‍ത്ഥത്തില്‍, ഇതുവരെ ആരും തന്നെ ഒരു ദിവ്യാത്ഭുതവും കാണിച്ചിട്ടില്ല. മതപ്രവാചകരുടെത്   എന്നു പറയപ്പെടുന്ന ദിവ്യാത്ഭുതങ്ങള്‍ എല്ലാം പൌരോഹിത്യം കെട്ടിച്ചമച്ചിട്ടുള്ളതാണ്. മദര്‍ തെരേസയാണ് ഇതിനൊരുദാഹരണം. ഒരിക്കല്‍ ഞാന്‍ അവരെ സന്ദര്‍ശിച്ചു. താന്‍ ദിവ്യാത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നു ഒരിക്കലും അവര്‍ അവകാശപ്പെട്ടിരുന്നില്ല. എന്നാല്‍  മരണശേഷം വിശുദ്ധയായി പ്രഖ്യാപിക്കാന്‍ രണ്ട് അത്ഭുത പ്രവര്‍ത്തനങ്ങള്‍ അവരുടെ പേരില്‍ വേണ്ടിയിരുന്നു.  അത് പൌരോഹിത്യം 'കണ്ടു പിടിച്ചു'. പൊതുജനങ്ങളുടെ കണ്ണില്‍ ദിവ്യാത്ഭുതങ്ങള്‍ എന്നു കരുതപ്പെടുന്ന ബാബയുടെ ഓരോ പ്രവര്‍ത്തനവും, ഏതു സാധാരണ മജീഷ്യനും ചെയ്യാന്‍ കഴിയുന്നതാണ്. 

       ഹൈദരാബാദിലെ, സെല്ലുലാര്‍ ആന്റ് മോളിക്യൂലര്‍ ബയോളജി സെന്ററില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ: എം.ഡബ്ലിയൂ. പണ്ഡിറ്റ്‌ ഇത്തരം 'ദിവ്യാത്ഭുതങ്ങള്‍' പരസ്യമായി അവതരിപ്പിക്കുമായിരുന്നു. അത് പോലെ അന്തരിച്ച പ്രമുഖ യുക്തിവാദി പ്രേമാനന്ദും ധാരാളം ദിവ്യാത്ഭുത അനാവരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. narenyen@gmail.com എന്ന  അഡ്രസ്സില്‍  ഡോ: നരേന്ദ്രനായക്കിന് ഒരു ഈമെയില്‍ അയച്ചാല്‍ മതി, അദ്ദേഹം ഉടനെ എത്തി
സായിബാബ കാണിക്കുന്നു എന്നു പറയപ്പെടുന്ന  എല്ലാ അത്ഭുതങ്ങളും നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. അത്, ശൂന്യതയില്‍ നിന്നും സ്വര്‍ണ മോതിരമെടുക്കുന്നതാവട്ടെ, ജപ്പാനീസ് വാച്ച് എടുക്കുന്നതാവട്ടെ, വിഭൂതി എടുക്കുന്നതാവട്ടെ, അല്ലെങ്കില്‍ ബാബയുടെ ഫോട്ടോയില്‍ നിന്ന് ഭസ്മം പൊഴിയുന്നതാവട്ടെ, എന്തും.

       സായിബാബ ദിവ്യശക്തിയാല്‍ രോഗങ്ങള്‍ ഭേദമാക്കി എന്നു നമ്മള്‍ ഒരു പാട് കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ പരാജയങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല. 
എന്റെ ഒരു അകന്ന ബന്ധുവിന്റെ ഇളയ മകന് മാരകമായ അസുഖം ബാധിച്ചു. രോഗം മാറ്റാന്‍ അവര്‍ മകനുമായി സായിബാബാദര്‍ശനം നടത്തി. കുട്ടിയെ അനുഗ്രഹിച്ചു കൊണ്ടു രോഗം ഉടനെ ഭേദമാകുമെന്നു ബാബാ അരുളിച്ചെയ്തു. എന്നാല്‍ കുട്ടി മരിക്കുകയാണുണ്ടായത്. ഇക്കാര്യം സായിബാബയെ അറിയിച്ച അമ്മയോട് അദ്ദേഹം പറഞ്ഞത് കുട്ടി തന്നിലേക്ക്  വരുന്നതാണ് നല്ലതെന്ന് തനിക്കു തോന്നിയെന്നും, അതാണ്‌ താന്‍ അങ്ങനെ സംഭവിപ്പിച്ചതെന്നും, അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്നുമാണ്‌.

       ഭേദമായി എന്നു പറയപ്പെടുന്ന രോഗങ്ങള്‍ മാറിയത്,  സായിബാബയുടെ നേരിട്ടുള്ള ഇടപെടലുകള്‍  കൊണ്ടാണെന്ന് ഇത് വരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. അത്തരം രോഗശമനങ്ങള്‍ തനിയെ സംഭവിക്കുന്നതോ, രോഗങ്ങള്‍ കേവലം മാനസിക വിഭ്രാന്തിയില്‍ നിന്നുണ്ടായതോ ആയിരിക്കണം. ഇതിനൊക്കെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. മനോരോഗചികിത്സകര്‍ക്കും, മനശാസ്ത്രജ്ഞന്‍മാര്‍ക്കും  ചെയ്യാവുന്നതില്‍ കൂടുതല്‍ എന്താണിതിലൊക്കെയുള്ളത്?
അതുകൊണ്ടാണ് ബാബ, ബാംഗലൂര്‍ യൂനിവേര്‍സിടി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ: നരസിംഹയ്യയേയും, ബി. പ്രേമാനന്ദിനെയും പോലുള്ള യുക്തിവാദികളെ തന്റെ സമീപത്തൊന്നും വരാന്‍ അനുവദിക്കാതിരുന്നത്.

      വര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡക്കടുത്തു വെച്ച് എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരിച്ചു പോയ, CSIR ന്റെ മുന്‍ ഡയരക്ടര്‍ ഡോ: വൈ. നായുഡമ്മ, പ്രതിരോധ മന്ത്രിയുടെ മുന്‍  ശാസ്ത്ര ഉപദേശകനും, സായി ബാബയുടെ ഉറച്ച അനുയായിയുമായ  ഡോ: എസ്. ഭഗവന്തവുമൊന്നിച്ചു ഒരിക്കല്‍  ബാബയെ സന്ദര്‍ശിച്ച കാര്യം എന്നോട് പറഞ്ഞിരുന്നു.   നായുഡമ്മ ആദരപൂര്‍വ്വം, കൈകള്‍ കൂപ്പി നിന്ന് കൊണ്ടു  സായി ബാബയോട് അപേക്ഷിച്ചു, അദ്ദേഹത്തിന്‍റെ കൈകളില്‍ ഒരു പുല്‍കൊടി തുമ്പ് സൃഷ്ടിച്ചു കൊടുക്കാന്‍. എങ്കില്‍ അതൊരു വലിയ ദിവ്യാത്ഭുതമാകുമായിരുന്നു. എന്നാല്‍ നായുഡമ്മക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നു!

      സായിബാബയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെപ്പറ്റിയാണെങ്കില്‍, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന  ഒരുപാടാളുകളെ നമ്മുടെ രാജ്യത്ത് 
കാണാം. തങ്ങള്‍ നിയമവിരുദ്ധമായി  സന്പാദിച്ച  സ്വത്തുക്കള്‍ക്ക് മറയിടുക  എന്നതാണവരുടെ ഉദ്ദേശം. അദ്ദേഹത്തിന്‍റെ വന്‍പിച്ച സ്വത്തുക്കളെ ക്കുറിച്ചുള്ള കണക്കുകള്‍ ഒരിക്കലും സുതാര്യമായിരുന്നില്ല. 

      പണക്കാരും, സ്വാധീനശക്തിയുള്ള വരും, രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥപ്രമുഖരും, നിയമനിര്‍മാതാക്കളും, നിയമപാലകരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ  തന്റെ അനുയായിവൃന്ദത്തിലേക്ക്  റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു  സായി ബാബയുടെ അസാധാരണമായ ജീവിതസാഫല്യം.  

      അദ്ദേഹത്തിന്‍റെ മരണം ഒരു ദേശീയദുരന്തമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ശവസംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തിയതും, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതും, രാജ്യത്തെ രാഷ്ട്രീയകക്ഷി നേതാക്കള്‍ - കക്ഷി ഭേദമെന്യേ, പ്രധാന മന്ത്രിയും NAC ചെയര്‍മാനും ഉള്‍പ്പെടെ - ബാബയുടെ അന്ത്യദര്‍ശനത്തിനായി വിലപ്പെട്ട സമയവും, പൊതുപണവും  ധൂര്‍ത്തടിച്ചതും, ശാസ്ത്രബോധം വളര്‍ത്തുക എന്ന ഭരണഘടനാബാധ്യതയെ ചവിട്ടി ത്താഴ്ത്തിയതുമാണ്‌  ദേശീയ ദുരന്തം.