മുടിപ്പള്ളി - റിയല്‍ എസ്റ്റേറ്റ് കച്ചവടവും അന്ധവിശ്വാസ പ്രചരണവും
ആത്മീയ വാണിഭമാണു ഏറ്റവും ലാഭകരമായ പ്രവര്‍ത്തനമേഖലയെന്ന സത്യം എല്ലാ മതകൈകാര്യകര്‍ത്താക്കളും ഇന്ന് മനസ്സിലാക്കിയിരിക്കുന്നു. നിഷ്കളങ്കനായ ഭക്തന്റെ ദുഖഭാരം ഇറക്കി വെക്കാനുള്ള സാന്ത്വന കേന്ദ്രങ്ങള്‍ എന്നൊക്കെ വ്യാഖ്യാനിക്കപ്പെട്ടിരുന്ന ആരാധനാലയങ്ങള്‍ ഇന്ന് തൊഴില്‍ശാലകളും ലാഭകേന്ദ്രങ്ങളുമാണ്. പരമ്പരാഗത ക്ഷേത്രങ്ങളും പള്ളികളും കൂടാതെ ഇപ്പോള്‍ ആള്‍ദൈവങ്ങളെ കേന്ദ്രീകരിച്ചുള്ള ആത്മീയ കച്ചവടവും പുരോഗതി പ്രാപിച്ചിരിക്കുകയാണല്ലോ! എല്ലാ മതങ്ങളും ഇക്കാര്യത്തില്‍ തുല്യമാണ്. ആള്‍ദൈവങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട് എന്നു 2008 ല്‍ സന്തോഷ് മാധവന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ തെളിയിച്ചതാണ്. പുതിയ പുതിയ അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും മുളച്ചു പൊന്താന്‍ കാരണം ഭക്തിയും വിശ്വാസവും വര്‍ധിച്ചത് മാത്രമല്ലെന്നും, അധ്വാനം കുറഞ്ഞ ലാഭകേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ഭക്തിക്കച്ചവടക്കാരുടെ ബുദ്ധിയാണെന്നും അറിയാന്‍ വലിയ പാണ്‍ഡിത്യമൊന്നും വേണ്ട.
ഇപ്പോഴിതാ കോഴിക്കോട് കേന്ദ്രമായി 40 കോടി നിര്‍മാണച്ചിലവ് വരുന്ന ഒരു വലിയ പള്ളി നിര്‍മിക്കാന്‍ പോകുന്നു. കോഴിക്കോടെ കാരന്തൂര്‍ മര്‍ക്കസ്സിന്റെ സ്ഥാപകനായ സുന്നി മുസ്ലിം നേതാവ് കാന്തപുരം ഏ.പി. അബൂബക്കര്‍ മുസ്‌ല്യാരാണ് ഇതിനു മുന്‍ കയ്യെടുക്കുന്നത്. 25,000 മുതല്‍ 30,000 വരെ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ പള്ളിയുടെ പേര് ശ അ റെ മുബാറക് ഗ്രാന്‍ഡ് മസ്ജിദ് എന്നാണു. മുഹമ്മദ് നബിയുടെത് എന്നു പറയപ്പെടുന്ന മുടി സൂക്ഷിക്കാനാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ഈ പള്ളി നിര്‍മ്മിക്കുന്നത്. ഈ മുടി കിട്ടിയതാവട്ടെ യു.ഏ.ഇ. പൌരനായ അഹമ്മദ് ഖസ്രാജിയില്‍ നിന്നുമാണ്. കഴിഞ്ഞ ജനുവരി ഒമ്പതിന് മര്‍ക്കസില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് മുടി കാന്തപുരത്തിന് കൈമാറിയത്. കോഴിക്കോട് ജില്ലയിലാണ് 12 ഏക്കര്‍ സ്ഥലത്ത് 2.5 ലക്ഷം ചത്രശ്ര അടി വിസ്തീര്‍ണത്തില്‍ ഈ വമ്പന്‍ പള്ളി പണിയുന്നത്. ഈ പള്ളിക്ക് സമീപം നോളജ് സിറ്റി എന്ന പേരില്‍ ഒരു ടൌണ്‍ ഷിപ് പണിയാനും പദ്ധതിയുണ്ട്. പ്രവാചകന്റെ തിരുകേശം സൂക്ഷിക്കുന്നതിനോടൊപ്പം ആ മുടിയിട്ട വെള്ളം വിറ്റു കാശ് വാരാനും പദ്ധതിയുണ്ടെന്ന് പറയപ്പെടുന്നു.
എന്നാല്‍, കാന്തപുരത്തിന്റെ ഈ 'തിരുമുടിപ്പള്ളി' നിര്‍മ്മാണത്തെ നഖശിഖാന്തം എതിര്‍ക്കുന്നത് യുക്തിവാദികളൊന്നുമല്ല. ഒന്നിലധികം മുസ്ലിം സംഘടനകളും അവരുടെ മാധ്യമങ്ങളും വ്യത്യസ്ത കാരണങ്ങളാല്‍ മുസ്ല്യാര്‍ക്ക് നേരെ നിശിതവിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നു. ജമാ അത്തെ ഇസ്ലാമിക്കാര്‍ മുടിപ്പള്ളി നിര്‍മാണവും മുടിവെള്ള ക്കച്ചവടവും, ആത്മീയ വാണിഭവും ഇസ്ലാമികവിരുദ്ധവുമായിട്ടാണ് കാണുന്നത്. "രൂപ രഹിതനും സര്‍വശക്തനും സര്‍വവ്യാപിയുമായ ഏക ദൈവത്തെ മാത്രം ആരാധിക്കുന്നതിനുള്ള കേന്ദ്രമായ പള്ളികളില്‍ പ്രതിഷ്ഠകള്‍ പാടില്ലെന്നതാണ് ഇസ്ലാമിന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാട്. ഈ നിലപാടിനെയാണ് 'തിരുകേശത്തിനൊരുത്തമകേന്ദ്രം' എന്ന നിലയില്‍ മലബാറിലെവിടെയോ നിര്‍മ്മിക്കാന്‍ പോകുന്ന ശ അറെ മുബാറക് മസ്ജിദ് വെല്ലു വിളിച്ചിരിക്കുനത്". "യാതൊരു വിധ പ്രതീകത്തിന്റെയോ പ്രതിഷ്ടകളുടെയോ സഹായം കൂടാതെ അല്ലാഹുവിനെ ആരാധിക്കുക യായിരിക്കണം പള്ളി നിര്‍മാണത്തിന്റെ ലക്‌ഷ്യം". ജമാ അത്തെ ഇസ്ലാമിയുടെ മുഖമാസികയായ പ്രബോധനത്തില്‍ (മേയ് 2011) കെ. ടി. ഹുസൈന്‍ എഴുതിയതിങ്ങനെയാണ്. കാന്തപുരത്തിന്റെ എതിര്‍ ചേരിയിലുള്ള ഇ. കെ. സുന്നി യുടെ വക്താക്കള്‍ എതിര്‍ക്കുന്നത് മറ്റൊരു കാരണത്താലാണ്. മുടി സൂക്ഷിക്കാന്‍ പള്ളി പണിയുന്നതിലല്ല അവര്‍ക്ക് എതിര്‍പ്പ്. മുടി നബിയുടെതല്ല എന്നതു മാത്രമാണു അവരുടെ ആക്ഷേപം. വ്യാജമുടിയുടെ പേരില്‍ പള്ളി പണിതു കാന്തപുരം എ.പി. ഉയരങ്ങള്‍ കീഴടക്കുന്നത് അവര്‍ക്ക് സഹിക്കാനാവുമോ? മറ്റു പല മതപണ്ഡിതന്മാരും മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നുണ്ട്. മുടി നബിയുടെതാണ് എന്നതിന് 'സനദ്' വേണം എന്നാണവര്‍ പറയുന്നത്. സനദ് എന്നാല്‍ ആധികാരികമായ കൈമാറ്റപരമ്പര എന്നാണു വിശകലനം. നബിയുടെ മുടി ആരുടെയൊക്കെ കൈകളിലൂടയാണ് അഹമ്മദ് ഖസ്രാജിക്ക് കിട്ടിയത് എന്നു തെളിയിക്കണം. അത് തെളിയിക്കാന്‍ പറ്റിയിട്ടില്ല. ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ്ചാന്‍സ്ലര്‍ ഡോ: ബഹാ ഉദ്ദീന്‍ മുഹമ്മദ് നദ്വി കാന്തപുരത്തിന്റെ തിരുകേശം സംബന്ധിച്ച അവകാശ വാദത്തെ ചോദ്യം ചെയ്തു. സംശയത്തിന്റെ ഒരു കാരണം മുടിയുടെ നീളം തന്നെ. ഒരു സ്ത്രീയുടെ മുടിയുടെ നീളമുണ്ട് കൈമാറിയ മുടിക്ക്. നബിക്ക് ഇത്ര വലിയ മുടിയുണ്ടാവാന്‍ സാധ്യതയില്ല. സംശയ ദൂരീകരണത്തിനായി അദ്ദേഹം ഖസ്രാജി കുടുംബവുമായി ബന്ധപ്പെട്ടു. അഹമ്മദ് ഖസ്രാജിയുടെ അച്ഛനായ മുഹമ്മദ് ഖസ്രാജിയുടെയോ, മക്കളുടെയോ, പിതൃവ്യരുടെയോ മുന്‍ഗാമികളോ പിന്ഗാമികളോ ആയ ഏതെങ്കിലും ഖസ്രാജികളുടെയോ പക്കല്‍ റസൂലിന്റെത് എന്നു പറയപ്പെടുന്ന ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണു ദാതാവിന്റെ ജ്യേഷ്ഠനായ ഹസ്സന്‍ ഖസ്രാജി രേഖാമൂലം നദ്വിയെ അറിയിച്ചതത്രേ! (പ്രബോധനം: മേയ് 2011) മുഹമ്മദ് ഖസ്രാജി ദുബായിലെ മുന്‍ വഖഫ് മന്ത്രിയായിരുന്നു. മുടി നബിയുടെത് തന്നെയാണോ എന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്! മുടി സൂക്ഷിക്കാന്‍ വേണ്ടി പള്ളി പണിയുന്നത് ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
ആത്മീയതയുടെ മറവില്‍ ഭക്തിവ്യവസായം നടത്തുക എന്നതാണ് മുടിപ്പള്ളി നിര്‍മാണത്തിന്റെ ലക്‌ഷ്യം. പള്ളി നിര്‍മാണത്തിന്റെ പേരില്‍ പണപ്പിരിവ് ആരംഭിച്ചു കഴിഞ്ഞു. 1000 രൂപ വീതം നാല് ലക്ഷം പേരില്‍ നിന്ന് പിരിച്ചു 40 കോടി രൂപ സമാഹരിക്കാനാണത്രേ തീരുമാനിച്ചിട്ടുള്ളത്. അതിനായുള്ള കൂപ്പണ്‍ എ.പി. സുന്നിക്കാരുടെ പള്ളി മുഖാന്തരം വിതരണം ചെയ്തു തുടങ്ങി എന്നും റിപ്പോര്‍ട്ടുണ്ട് (വെബ് സൈറ്റ്: Two Circles.net) നോളജ്സിറ്റി എന്ന പേരില്‍ പള്ളിക്ക് ചുറ്റും ടൌണ്‍ഷിപ്പ് സ്ഥാപിച്ചു കൊണ്ടു ഒരു സാമ്പത്തിക സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാനാണ് പദ്ധതി.
കേവലം ആത്മീയ വാണിജ്യമോ വിശ്വാസികളെ വഞ്ചിക്കലോ ആയിട്ടല്ല യുക്തിവാദിസംഘം മുടിപ്പള്ളി നിര്‍മ്മാണത്തെ കാണുന്നത്. ഇത് ഒരു മതത്തിന്റെ വിശ്വാസപരവും മതസ്വാതന്ത്ര്യപരവുമായ അവകാശത്തിന്റെ ഗണത്തില്‍ പെടുത്തി നിസ്സാരവല്‍ക്കരിക്കാനും യുക്തിവാദികള്‍ക്ക് കഴിയില്ല. അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങളെ കൂടുതല്‍ കടുത്ത അന്ധവിശ്വാസത്തിലേക്ക് തള്ളിവിടുന്ന, അന്ധവിശ്വാസത്തെ മുതലെടുത്തുകൊണ്ടു കച്ചവടസാമ്രാജ്യം വികസിപ്പിക്കുന്ന മനുഷ്യത്വരഹിതമായ കുടിലതയായിട്ടാണ് ഇതിനെ കാണേണ്ടത്. മുസ്ലിം സമുദായത്തില്‍ തന്നെ സിദ്ധന്മാരും, തങ്ങള്‍മാരും, പാപ്പമാരും ആത്മീയ തട്ടിപ്പുകള്‍ നടത്തി കോടീശ്വരന്‍മാരായ സംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. മന്ത്രിച്ചൂതിയ വെള്ളം കുടിച്ചാല്‍ രോഗങ്ങള്‍ മാറും എന്നു വിശ്വസിക്കുന്ന ഒരു പാട് ബുധിശൂന്യന്മാര്‍ ഉള്ള നാടാണിത്. തുപ്പലുപ്പാപ്പയുടെ 'തുപ്പല്‍ വെള്ളത്തിന്' കാനുമായി ക്യൂ നിന്നവരുടെ നീണ്ട നിര നമ്മള്‍ കണ്ടതാണല്ലോ! അപ്പോള്‍ നബിയുടെ മുടി കിടന്ന വെള്ളം വാങ്ങാന്‍ എത്തുന്നവരുടെ ക്യൂവിന്റെ നീളം എത്രയാവുമെന്നു ഊഹിക്കാവുന്നതാണ്! ഇസ്ലാം മതത്തിലെ പരിഷ്കരണങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന കാന്തപുരത്തിന് ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും. ജനങ്ങളെ യാഥാസ്ഥിതികരുമാക്കാം കോടികളുമുണ്ടാക്കാം. വര്‍ഗീയ ധ്രുവീകരണമെന്ന വിപത്തും ഇതിന്റെ ഒരു ഉപോല്‍പ്പന്നമാണ് . ഒരു 'ഇസ്ലാമിക സാമ്രാജ്യത്തിന്റെ' വളര്‍ച്ച ചൂണ്ടിക്കാട്ടി സംഘപരിവാറുകാര്‍ക്ക് ഹിന്ദുവര്‍ഗീയതയുടെ വിത്തിറക്കാന്‍ നല്ലൊരു കാരണവും കിട്ടും. മതങ്ങള്‍ക്ക് ഭരണത്തില്‍ സ്വാധീനം ചെലുത്താനും എന്ത് തോന്ന്യവാസം കാണിക്കാനും സാധിക്കുന്ന ഒരു നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും. മതങ്ങളെ പ്രീണിപ്പിക്കാന്‍ സന്ദര്‍ഭങ്ങള്‍ കാത്തു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ളപ്പോള്‍ വിശേഷിച്ചും. മതാന്ധവിശ്വാസങ്ങളുടെ കരാളദംഷ്ട്രങ്ങളില്‍ നിന്ന് ജനങ്ങള്‍ സ്വയം മോചിതരാവുമ്പോള്‍ മാത്രമേ ഇത്തരം ആത്മീയവാണിഭങ്ങള്‍ക്ക് അന്ത്യമുണ്ടാവുക യുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ