Sunday, November 14, 2010

പര്‍ദ്ദ എന്ത് കൊണ്ട് നിരോധിക്കണം?

           കാസര്‍കോട്ട് വിദ്യാനഗറിലെ റയാന.  ആര്‍. കാസി എന്ന എഞ്ചിനീയറിംഗ്  ബിരുദധാരിണി ഇവിടുത്തെ ഇസ്ലാമിക തീവ്രവാദികളുടെ കടുത്ത ശത്രുവാണ്.
          
            മുസ്ലിം സ്ത്രീകളുടെ അന്തസ്സും മാന്യതയും സുരക്ഷിതത്വവും 'ഉറപ്പു' വരുത്തുന്ന പര്‍ദയും മഫ്തയും നിഷേധിക്കുക വഴി ഇസ്ലാമിനെയും പ്രവാചകനെയും  ധിക്കരിച്ചിരിക്കുകയാണ് റയാന എന്നതാണവരുടെ  കുറ്റപത്രം.  മതനിന്ദാകുറ്റം ചുമത്തി പ്രൊഫ: ടി.ജെ. ജോസഫിന്റെ  കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ട്കാര്‍ തന്നെയാണ് സ്വന്തം മതത്തില്‍ തന്നെയുള്ള  ഈ 'ശത്രു'വിനെതിരെ വാളെടുക്കുന്നത്.   ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്തു ഈ ധീരയായ പെണ്‍കൊടി.  ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയിന്മേല്‍ അവള്‍ക്കു പോലീസ്  സംരക്ഷണം നല്‍കാന്‍ വിധിയുണ്ടായി.  പത്രസമ്മേളനം വിളിച്ചു തനിക്കു പറയാനുള്ളത് പറയാനും മതപോലീസിനു മുന്‍പില്‍ തല താഴ്തുകയില്ലെന്ന നിശ്ചയദാര്‍ഡ്യം സമൂഹത്തെ അറിയിക്കാനും അവള്‍ മടി കാണിച്ചില്ല. 


                 സാമൂഹികജീവിതത്തിലെ മത-സദാചാര പോലീസിന്റെ ഇടപെടലുകളെ കേവലം മതത്തിന്റെ ആഭ്യന്തരകാര്യമായി  കാണാന്‍ സാമൂഹികബോധമുള്ള ആര്‍ക്കും കഴിയുകയില്ല. ഇസ്ലാം മതത്തില്‍ മാത്രമല്ല ഇത്തരം മതസൈന്യം ഉള്ളതെന്ന്  മംഗലാപുരത്തെ ശ്രീരാമസേനയെന്ന ഹിന്ദുസദാചാരപോലീസിന്റെ കൈക്ക്രിയകളിലൂടെ ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണെങ്കിലും, ശക്തിയും, തീവ്രതയും, വൈപുല്യവും ഏറിയത് ഇസ്ലാമികമായതിന് തന്നെയാണെന്ന് പറയാതെ വയ്യ. കാരണം, അതിന്റെ നീരാളിക്കൈകള്‍ കേരളത്തിലോ, ഇന്ത്യയിലോ ഒതുങ്ങി നില്‍ക്കുന്നതല്ല എന്നതും, അതിന്റെ പ്രഹരശേഷി പതിന്മടങ്ങ്‌ വലിയതാണ് എന്നതും തന്നെ. ഇസ്ലാമിക ഭീകരവാദത്തിന്റെ  ബഹുമുഖങ്ങളായ ക്രൂരതകളെക്കുറിച്ചല്ല, സ്ത്രീവസ്ത്രധാരണവിഷയത്തില്‍ മതം   ഏര്‍പ്പെടുത്തിയ പ്രാകൃതമായ നിര്‍ബന്ധങ്ങളെക്കുറിച്ചാണ്        ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
               അടിമത്വത്തിന്റെ പ്രതീകമായ പര്‍ദ്ദ,  സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരകളില്‍ നിന്നും അകറ്റുകയും സ്വന്തമായി വ്യക്തിത്വമില്ലാത്ത ഒരു വര്‍ഗമാണ് അവര്‍ എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. മതത്തിന്റെ അയുക്തികതകളില്‍ നിന്നും, പുരുഷാധിപത്യത്തിന്റെ ധാര്ഷ്ട്യങ്ങളില്‍ നിന്നും മെനഞ്ഞെടുത്ത ഈ വസ്ത്രം സ്ത്രീയെ മധ്യകാലതിന്റെ ഇരുട്ടറകളില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. മനുഷ്യമോചനത്തിന് വേണ്ടി നിലകൊള്ളുന്ന ആര്‍ക്കും ഈ അവസ്ഥക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ വയ്യ.   

                         സ്ത്രീകളുടെ വസ്ത്രവുമായി ബന്ധപ്പെട്ടു ഒട്ടേറെ പദങ്ങള്‍ ഇസ്ലാം, ലോകത്തിനു  സംഭാവന ചെയ്തിട്ടുണ്ട്.  പര്‍ദ്ദയും, ബുര്‍ഖയും നമുക്ക് പരിചിതപദങ്ങളാണെങ്കിലും, ഹിജാബ്, നിഖാബ്, ജില്ബാബ്, ചാദോര്‍,  ഖിമാര്‍ എന്നിവയൊക്കെ  ഇസ്ലാമിക സ്ത്രീകള്‍ക്ക് മതം അനുശാസിക്കുന്ന വസ്ത്രമാണെന്ന്, വിശേഷിച്ചു മറ്റു മതക്കാര്‍ക്ക് അറിയാന്‍ വഴിയില്ല.  വിവിധ രാജ്യങ്ങളില്‍ പലപേരുകളില്‍ അറിയപ്പെടുന്ന ഇവ അനുഷ്ടിക്കുന്ന ധര്‍മം ഒന്ന് തന്നെ - സ്ത്രീയുടെ ശരീരം മൂടിപ്പുതപ്പിക്കുക.
        
                          പര്‍ദാചരിത്രത്തിന്റെ  ഏടുകള്‍ മറിച്ചു നോക്കുമ്പോള്‍  വ്യക്തമാവുന്നത്  സ്ത്രീകളുടെ ശരീരം ആപാദചൂടം മറയ്ക്കുന്ന വസ്ത്ര ധാരണ രീതി ഇസ്ലാമിന്  മുമ്പും ഉണ്ടായിരുന്നു എന്ന വസ്തുതയാണു. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ അക്കമെനീസ് രാജാക്കന്മാര്‍  തങ്ങളുടെ  ഭാര്യമാരെയും വെപ്പാട്ടിമാരെയും  പൊതുജന ദൃഷ്ടിയില്‍ നിന്നും മറച്ചുവെച്ചിരുന്നതായി  ഗ്രീക്ക് ചരിത്രകാരന്‍ പ്ലൂട്ടാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി.ഇ. 399 ന്  മുമ്പ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഈജിപ്ഷ്യന്‍ നരവംശ ശാസ്ത്രകാരിയും ഇസ്ലാമികപണ്ഡിതയുമായ  ഫാദ്വ എന്‍. ഗിരന്റി പറയുന്നതും വ്യത്യസ്തമല്ല. അക്കമെനിസ് രാജാക്കന്മാര്‍ അവരുടെ ഭാര്യമാരെ മാത്രമല്ല വെപ്പാട്ടികളെയും അടിമപെണ്ണുങ്ങളെയും  സംശയിച്ചത് കൊണ്ടാണ് അന്യരുടെ മുമ്പില്‍ നിന്ന് അവരെ മറച്ചു പിടിച്ചത്. സ്ത്രീകളെ അന്തപ്പുരങ്ങളില്‍ത്തന്നെ തളച്ചിടുകയും  വല്ലപ്പോഴും പുറത്തു പോവുമ്പോള്‍ നാല് വശവും തുണികൊണ്ട് മറച്ച വാഹനങ്ങളിലവരെ ഇരുത്തുകയും ചെയ്തു.  സ്ത്രീ, പുരുഷന്റെ സ്വകാര്യ സ്വത്താണെന്ന ബോധവും, ജന്തുസഹജമായ ഇണയുടെ മേലുള്ള സ്വാര്‍ത്ഥതയുമാണ്‌ (jealousy) പുരുഷാധിപത്യപരമായ ഈ പ്രവണതക്ക് കാരണം.  പുരാതന മേസോപ്പോട്ടെമിയയില്‍ വരേണ്യവനിതകള്‍ മാത്രമാണ് പര്‍ദ്ദ (ഹിജാബ്) ധരിച്ചിരുന്നത്. സമൂഹത്തില്‍ തരംതാഴ്ത്തപ്പെട്ട വേശ്യകള്‍, വേലക്കാര്‍ എന്നിവര്‍ പര്‍ദ്ദ ധരിക്കുന്നത് വിലക്കിയിരുന്നു. ജോലി ചെയ്യുന്നതിന്  പര്‍ദ്ദ അസൌകര്യമായതിനാല്‍ അതു ധരിക്കുന്നതില്‍ നിന്ന് തൊഴിലാളിസ്ത്രീകളെ ഒഴിവാക്കിയിരുന്നു.  പര്‍ദ്ദ എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ അസ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നെങ്കിലും സമൂഹത്തില്‍ തങ്ങള്‍ ഉന്നതരാണെന്ന്  സ്ഥാനപ്പെടുത്താന്‍ അത്  അവരെ 'സഹായിച്ചു'


            പേര്‍ഷ്യന്‍, ബൈസാന്റിയന്‍ അധിനിവേശത്തോട്കൂടിയാണ് ഇസ്ലാമില്‍ പര്‍ദ്ദ വന്നതെന്നു ജോര്‍ജ്ജ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, ജോണ്‍ എസ്പോസിറ്റൊ അഭിപ്രായപ്പെടുന്നു.    മണലാരണ്യത്തിലെ  മണല്‍ക്കാറ്റില്‍ നിന്ന് രക്ഷ നേടാനാണ് ശരീരം മൂടുന്ന വിധത്തിലുള്ള  വസ്ത്രം ആവിഷ്കരിച്ചതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ധരിച്ചിരുന്ന പര്‍ദ്ദ സ്ത്രീയെ മറയ്ക്കുന്നതിനു വേണ്ടി മാത്രമുള്ള വസ്ത്രമായി രൂപാന്തരപ്പെടുത്തുകയാണ്  ഇസ്ലാം ചെയ്തത്. ഇസ്ലാമിക വിജ്ഞാനകോശം, ഹിജാബ് ഒരു വസ്ത്രമല്ലെന്നും  ഒരു മറയാണെന്നും നിര്‍വചിക്കുന്നുണ്ട്. 
തന്റെ  ഭാര്യമാരുമായി സംസാരിക്കുമ്പോള്‍ വിശ്വാസികള്‍ മറവില്‍ നില്‍ക്കണമെന്ന് പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ഈ മറയാണ് ഹിജാബ്. ഖുറാനില്‍ ഹിജാബെന്നല്ല ജില്‍ബാബ്  എന്ന പദമാണത്രേ  ഉപയോഗിക്കുന്നത്. ഇതാവട്ടെ മുഖവും കയ്യും ഒഴികെയുള്ള ഭാഗം മാത്രം മറയ്ക്കുന്ന വസ്ത്രമാണ്‌. നബിയുടെ ഭാര്യമാരെ  മാത്രം ഉദ്ദേശിച്ചായിരുന്നു ജില്ബാബ് നിര്‍ദ്ദേശിചിരുന്നതെങ്കിലും പിന്നീട് അത് എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കുകയായിരുന്നു. 


                സ്ത്രീകള്‍ മുഖം മറച്ചു നടക്കണമെന്ന് ഖുറാനില്‍ പറയുന്നില്ല എന്നും അവര്‍  മാന്യമായ വസ്ത്രം ധരിക്കണം എന്ന് മാത്രമേ ഖുര്‍ ആന്‍ വാക്യം കൊണ്ട് അര്‍ത്ഥമാക്കുന്നുള്ള   എന്നുമാണ് വാദം. "say to the believing men that they should lower their gaze and guard their modesty; that will make for greatest purity for them.  And Allah is well acquainted with all they do. And say to the believing women  that they should lover their gaze and guard their modesty and not display their adornment except what appears there of (24:31:32). (വിശ്വാസികളായ പുരുഷന്മാരോട് പറയുക അവര്‍ തങ്ങളുടെ ദൃഷ്ടി താഴ്ത്തുകയും അവരുടെ മാന്യത സൂക്ഷിക്കുകയും ചെയ്യണമെന്നു. അത് അവര്‍ക്ക് വലിയ സംശുദ്ധി കൈവരുത്തും. അല്ലാഹു അവര്‍ ചെയ്യുന്ന എല്ലാം അറിയുന്നുണ്ട്. വിശ്വാസികളായ സ്ത്രീകളോട് പറയുക അവരുടെ ദൃഷ്ടി  താഴ്ത്തുകയും അവരുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യുക എന്ന്. കാണപ്പെടുന്നതല്ലാതെ, അവരുടെ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്) (24.31.32). പ്രവാചകനോട് അല്ലാഹു പറഞ്ഞത് നബിയുടെ ഭാര്യമാരോടും പെണ്‍മക്കളോടും മേല്‍വസ്ത്രം മാറത്തേക്ക്  താഴ്ത്തിയിടാനാണത്രേ!  (24.30.30)  മുഖവും കൈകളും മറയ്ക്കാത്ത  വസ്ത്രമാണ് ഖുറാന്‍ നിര്‍ദ്ദേശിക്കുന്നതെങ്കില്‍  എന്തിനാണ് മത തീവ്രവാദികള്‍ മുഖം മൂടുന്ന പര്‍ദ്ദ ധരിക്കണമെന്ന് വാശി പിടിക്കുന്നത്‌? അങ്ങനെയെങ്കില്‍ അവര്‍ ചെയ്യുന്നത് മതവിരുദ്ധമായ കാര്യമല്ലേ? എന്നാല്‍ അവരും ഉദ്ധരിക്കുന്നുണ്ട് ഖുര്‍ ആനും ഹദീസും. മതവാക്യങ്ങള്‍  എങ്ങനെയും വ്യാഖ്യാനിക്കാന്‍ പറ്റും വിധം അസ്പഷ്ടങ്ങളാണ് എന്നതാണ് ഇതിനു കാരണം. തന്റെ വിശ്വാസികള്‍ക്ക് സംശയരഹിതമായി അനുഷ്ടിക്കുവാന്‍ തക്കവണ്ണം വ്യക്തമായ ഒരു സിദ്ധാന്തം കൊടുക്കാന്‍ പോലും പറ്റാത്തവനായിപ്പോയി 'സര്‍വശക്തനായ' അല്ലാഹു!


           സ്ത്രീയുടെ ശരീരം (മുഖവും കയ്യും പോലും) കാണുന്ന പുരുഷന് ലൈംഗികോത്തേജനം
ഉണ്ടാവുകയും അത് ലൈംഗികാതിക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നത് കൊണ്ട്, ഇത്തരം സാഹചര്യം ഇല്ലാതാക്കാന്‍ സ്ത്രീ തന്റെ ശരീരം മറച്ചു വെക്കുന്നതാണ് നല്ലത് എന്നാണു പര്‍ദാനുകൂലികളുടെ വാദം. ഈ വാദം സ്ത്രീവിരുദ്ധമാണെന്ന് മാത്രമല്ല വസ്തുതകള്‍ക്ക് നിരക്കുന്നതുമല്ല. സ്ത്രീ ശരീരം കണ്ടു കാമാതുരനായാലും സംയമനം പാലിക്കുകയല്ലാതെ സ്ത്രീയെ  കടന്നു പിടിക്കാന്‍ ഇക്കാലത്ത് ആരും മുതിരുകയില്ല. സമൂഹം സാംസ്കാരികമായിപുരോഗതി കൈവരിച്ചതും, ശിക്ഷകളോടുള്ള ഭയവുമാണതിനു കാരണം. കടിക്കുന്ന ഒരു നായ റോഡിലുണ്ട്, അത്കൊണ്ട് നിങ്ങള്‍ പുറത്തിറങ്ങേണ്ട എന്ന് പറയുന്നതിന് തുല്യമാണ്, പുരുഷന്‍ ആക്രമിക്കും അതുകൊണ്ട് നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി, അല്ലെങ്കില്‍ ശരീരം മുഴുവന്‍ പൊതിഞ്ഞു കെട്ടി നടക്കണം എന്ന് സ്ത്രീകളോട് പറയുന്നത്. ഈ 'ലൈംഗികാക്രമണവാദം' സ്ത്രീയെ അധീശത്വത്തില്‍ നിര്‍ത്താനുള്ള ഒരു മറയാണ്. പ്രദര്‍ശനം, ആക്രമണം ക്ഷണിച്ചുവരുത്തുമെങ്കില്‍ ഹോട്ടലുകളിലും, ബേക്കറികളിലുമൊന്നും ഭക്ഷണ-പലഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലല്ലോ? സ്ത്രീകള്‍ അല്പവസ്ത്രകളായി പൊതുസ്ഥലങ്ങളില്‍ വിരാജിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലും, ഗ്ലാമര്‍ വേഷത്തില്‍ നടക്കുന്ന നമ്മുടെ നാട്ടിലും അക്കാരണം കൊണ്ട് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതായി അറിവില്ല.  സ്ത്രീകളെ തടവിലിടുകയല്ല വേണ്ടത്, ആക്രമങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്യേണ്ടത്. ആധുനിക ജനാധിപത്യ  സമൂഹങ്ങളില്‍ ഈ സാഹചര്യം ഉണ്ടെന്നിരിക്കെ പര്‍ദ്ദ നിര്‍ബന്ധമാക്കേണ്ട ഒരു കാര്യവുമില്ല. 
              
                  സ്ത്രീ, പുരുഷന്റെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവളാണെന്ന  മതബോധനമാണ് പര്‍ദ്ദ തുടങ്ങിയ പൂര്‍ണ്ണശരീരാച്ചാദനവസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്കാരണം.
സ്ത്രീകളെ  അടിമകളാക്കുന്നതില്‍ ഒരു മതവും പിന്നിലല്ല. 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന മനുവിന്റെ വിധി കാറ്റില്‍ പറത്തി ഒരു വശത്ത്‌ സ്ത്രീകള്‍ സമത്വത്തിന്റെ പാതയിലൂടെ മുന്നേറുമ്പോള്‍, മതത്തിന്റെ ശാസനകള്‍ തങ്ങള്‍ക്കു നല്ലതാണെന്ന് അറിഞ്ഞോ അറിയാതെയോ അംഗീകരിച്ചുകൊണ്ട് മറ്റൊരു വശത്ത്‌ സ്ത്രീകള്‍ ചങ്ങല സസന്തോഷം കാലിലണിയുന്നു.  'പര്‍ദ്ദ എനിക്ക് സുരക്ഷിതത്വം നല്‍കുന്നു' എന്ന സപ്തതി പിന്നിട്ട വന്ദ്യവയോധികയായ സാഹിത്യകാരിയുടെ വാക്കുകള്‍ അഭിമാനപുരസ്സരം  ഏറ്റുപറയുന്നവര്‍ വയോധികകള്‍ക്കെന്തിനാണ് പര്‍ദ്ദ എന്ന് സ്വയം ചോദിക്കുന്നില്ല! 


            പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ ഒരു പാട് സ്ത്രീകള്‍ ആക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇറാക്കിലെ ബസ്രയില്‍ 2007 നും 2008 നും മദ്ധ്യേ നൂറു സ്ത്രീകളെ മഹ്ദി ആര്‍മി എന്ന ഇസ്ലാമിക സൈന്യം വധിക്കുകയുണ്ടായി.  വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഫ്രാന്‍സിലെ സ്കൂളുകളില്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചു. അവരുടെ അച്ഛന്മാരും സഹോദരന്മാരും സഹപാഠികളും നിര്‍ബന്ധിച്ചത്കൊണ്ടായിരുന്നത്രേ അത്.  അനുസരിക്കാത്തവരെ മതഭ്രാന്തന്‍മാരായ  ചെറുപ്പക്കാര്‍ മര്‍ദ്ദിച്ചു.  2001 ല്‍ ശ്രീനഗറില്‍ നാല് മുസ്ലിം സ്ത്രീകളുടെ ദേഹത്ത് മതതീവ്രവാദികള്‍ ആസിഡ് ഒഴിച്ചു.  അഫ്ഘാനിസ്ഥാനിലും, പാക്കിസ്ഥാനിലും ഖുര്‍ആനിക നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി താലിബാന്‍കാര്‍ പര്‍ദ്ദ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അനുസരിക്കാത്തവര്‍ക്ക് ശരീ അത്ത് പ്രകാരമുള്ള കഠിനമായ ശിക്ഷ നല്‍കുന്നു.  2003 മെയ്‌ മാസത്തില്‍ അമേരിക്കന്‍ പത്രമായ വീക്ക്‌ലി  സ്റാന്‍ടെഡ് നടത്തിയ ഒരു സര്‍വെയില്‍ കണ്ടത് 77 ശതമാനം പെണ്‍കുട്ടികളും ഇസ്ലാമിക ഗ്രൂപ്പിന്റെ ഭീഷണി ഭയന്നാണ് ഹിജാബ് ധരിക്കുന്നത് എന്നാണു. നമ്മുടെ പരിഷ്കൃത കേരളത്തില്‍ പോലും മതമൌലികവാദികള്‍ പര്‍ദ്ദ നിര്‍ബന്ധ മാക്കുകയാണ്. അനുസരിക്കാത്തവരുടെ നേരെ വധഭീഷണി പോലുമുള്ളതായിട്ടാണ് റയാന. ആര്‍. കാസിയുടെ അനുഭവം തെളിയിക്കുന്നത്. 


                 പല ഇസ്ലാമിക രാജ്യങ്ങളും പര്‍ദ്ദ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് മാത്രമല്ല, പൊതുസ്ഥലത്തും വിദ്യാലയങ്ങളിലും നിരോധിക്കുക കൂടി ചെയ്തിട്ടുണ്ട്. 1925-41 കാലത്ത് ഇറാനിലെ ഭരണാധികാരിയായിരുന്ന റേസ ഷാ പഹലവി കയ്യും മുഖവും മൂടുന്ന ഹിജാബ് ധരിക്കുന്നത് നിരോധിക്കുകയും, യൂറോപ്യന്‍ വസ്ത്രധാരണരീതി  പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക വിപ്ലവമാണ് പര്‍ദ്ദ തിരിച്ചു കൊണ്ടുവന്നത്. തുര്‍ക്കി, ടുണീഷ്യ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഹിജാബ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും ധരിക്കാന്‍ പാടില്ല. ഈജിപ്തിലെ സുന്നികള്‍ നടത്തുന്ന അല്‍ അഹ്സര്‍ സ്കൂളില്‍ ഗ്രാന്റ് ഷെയ്കായ മുഹമദ് സയ്യിദ് ടന്റാവി നിഖാബ് നിരോധിച്ചു. സ്കൂളില്‍ സ്കൂള്‍ യൂണിഫോം മാത്രം മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.  (അല്‍ അറേബിയ : 8.10.1008)  


                 ഫ്രാന്‍സിലെ ബുര്‍ഖാ നിരോധനം അടുത്ത കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ വാര്‍ത്തയാണ്. മതേതരത്വത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന ഫ്രാന്‍സില്‍ മതചിഹ്നങ്ങള്‍ പൊതുവേദിയില്‍ അണിയുന്നത് അനുവദനീയമല്ല. ലിബറല്‍ പാര്‍ടികള്‍ പര്‍ദ്ദനിരോധനത്തോട് യോജിച്ചില്ലെന്കിലും പ്രസിഡന്റ് സര്‍ക്കൊസിയുടെയും, പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലന്റെയും നിശ്ചയദാര്‍ഡ്യം മൂലം 2010 ജൂലായ് മാസത്തില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം 335 നെതിരെ ഒരു വോട്ടിനു പാര്‍ലമെന്റ് പാസ്സാക്കുകയുണ്ടായി. സ്പെയിന്‍, ഇറ്റലി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലും പൊതുസ്ഥലത്ത് പര്‍ദ്ദ നിരോധിച്ചിട്ടുണ്ട്. 


                ഇസ്ലാമിക സ്ത്രീ സംഘടനകള്‍ പൊതുവേ പര്‍ദ്ദക്കനുകൂലമായ നിലപാടാണ് സ്വീകരിചിട്ടുള്ളതു.  ഇതിനു കാരണം   പുരുഷന്മാരാണ് ഇത്തരം സംഘടനകള്‍ നിയന്ത്രിക്കുന്നത്‌ എന്നതും, കടുത്ത മത-ദൈവ വിശ്വാസം അവരുടെ ചിന്തയെ കടിഞ്ഞാണിടുന്നു  എന്നതുമാണ്‌.  ഈജിപ്ഷ്യന്‍- അമേരിക്കന്‍ എഴുത്തുകാരിയായ ലൈല അഹമ്മദും,ബ്രിട്ടീഷ്എഴുത്തുകാരി കാരന്‍ആംസ്ട്രോങ്ങുമൊക്കെ,  കൊളോണിയല്‍ ചെറുത്തുനില്‍പ്പിന്റെയും, പാശ്ചാത്യമേല്‍ക്കോയ്മയോടുള്ള എതിര്‍പ്പിന്റെയും പ്രതീകമാണ് പര്‍ദ്ദ എന്ന് വിശേഷിപ്പിച്ചതിനെ, ഒരു അടിമ, ചങ്ങലയുടെ തിളക്കം എത്ര മനോഹരം എന്ന് പുളകം കൊള്ളുന്നതിനോടെ ഉപമിക്കാന്‍ പറ്റൂ.


              പര്‍ദ്ദയോ, ബുര്‍ഖയോ, ഹിജാബോ പേരെന്തുമാവട്ടെ,  അത് സ്ത്രീവിരുദ്ധവും, മതേതരവിരുദ്ധവുമായ  വേഷവിധാനമായി കണ്ടുകൊണ്ടു, ഫ്രാന്‍സിനെയും, തുര്‍ക്കിയും, സിറിയയേയും മാതൃകയാക്കിക്കൊണ്ട് നമ്മുടെ രാജ്യത്തും പൊതു സ്ഥലങ്ങളില്‍ നിരോധിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഇച്ഛാശക്തി മതപ്രീണന സര്‍ക്കാരുകള്‍ക്കുണ്ടാവുമെന്നു  പ്രതീക്ഷിക്കാമോ?


                                                 ---------------
                                                  


                                                                                                                                    
                                                                    


                      
             

Monday, November 1, 2010

ജ്യോതിഷം ഉപേക്ഷിക്കു, ബുദ്ധിമാനെന്നു തെളിയിക്കു

                                                       

            "അച്ഛന്‍ സ്വന്തം പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്നു. കുഞ്ഞു ജീവിച്ചിരുന്നാല്‍ തനിക്കു ജീവഹാനിയുണ്ടാവുമെന്നും അതിനു പരിഹാരംചെയ്യണമെന്നുമുള്ള ജ്യോത്സ്യന്റെ ആജ്ഞയനുസരിച്ചാണത്രെ അച്ഛന്‍ ഈ ക്രൂരകൃത്യം ചെയ്തത്".  ഈ സംഭവം നടന്നത് ഏതോ ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലാണ് എന്ന്  കരുതിയെങ്കില്‍  തെറ്റി. നമ്മുടെ പ്രബുദ്ധകേരളത്തില്‍ത്തന്നെ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് നടന്ന സംഭവമാണിത്. 
     
               സര്‍വതോമുഖമായ  പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നഭിമാനിക്കുന്ന കേരളം, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യത്തിലും മുന്നില്‍  തന്നെയാണ്. ആധുനിക കേരളത്തില്‍ മാന്യത നേടിയ രണ്ട് അന്ധവിശ്വാസങ്ങളാണ് ജ്യോതിഷവും, വാസ്തുവിദ്യയും. ഒരു കാലത്ത് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നത് അപരിഷ്കൃതമാണെന്ന് കരുതിയിരുന്നെങ്കില്‍, ഇന്ന് വിദ്യാസമ്പന്നര്‍ തന്നെയാണു ഇതിന്റെ വിശ്വാസികള്‍. സപ്തതിയാഘോഷിക്കുന്ന  ജ്യോത്സ്യനെ പണ്ടിതനെന്നു വിശേഷിപ്പിച്ചുകൊണ്ട് പൊതുസമൂഹം സ്വീകരണചടങ്ങ്   സംഘടിപ്പിക്കുമ്പോള്‍, അതില്‍ പുരോഗമനവാദികള്‍ പോലും ഭാഗഭാക്കാവുന്ന വിചിത്രമായ കാഴ്ചയും നാം കാണുന്നു.

               യുക്തിചിന്ത തരിമ്പും ഇല്ലാത്തവര്‍ക്ക് മാത്രമേ ജ്യോതിഷത്തില്‍ വിശ്വസിക്കുവാന്‍ കഴിയുകയുള്ളൂ.  നാം സ്കൂളുകളില്‍ പഠിച്ച ഭൌതികശാസ്ത്രം മാത്രം മതി ജ്യോത്സ്യത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജ്യോതിശ്ശാസ്ത്രമാണെന്നാണ് ജ്യോത്സ്യന്മാര്‍ തെറ്റിദ്ധരിപ്പിക്കാറുള്ളത്.  ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും വിരുദ്ധങ്ങളായ രണ്ട് വിഷയങ്ങളാണെന്ന കാര്യം സാധാരണക്കാര്‍ ഓര്‍ക്കാറില്ല.  ജ്യോതിശ്ശാസ്ത്രം (astronomy) പ്രപഞ്ചത്തിലെ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്  പഠിക്കുന്ന ശാസ്ത്രശാഖയാണ്‌. എന്നാല്‍ ജ്യോതിഷമാവട്ടെ (astrology) ഒരുവന്റെ   ജനനസമയത്തെ  ഗ്രഹനിലയാണ്   അവന്റെ  ഭാവിജീവിതത്തെ  നിര്‍ണ്ണയിക്കുന്നത്  എന്ന് പ്രചരിപ്പിക്കുന്ന  അന്ധവിശ്വാസവും.  ടെലിപ്പതി, പാരസൈക്കോളജി  തുടങ്ങിയവയെപ്പോലെ  ഒരു കപടശാസ്ത്ര മാണ്‌ (pseudo science) ജ്യോതിഷവും. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് സയന്‍സ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ജ്യോത്സ്യന്മാര്‍ ജ്യോതിഷത്തെ ജ്യോതിശ്ശാസ്ത്രമെന്നു വിളിക്കുന്നത്‌. പോക്കറ്റടിക്കാര്‍  പാന്റും ഷര്‍ട്ടും ധരിച്ചു മാന്യന്‍മാരായി നടിക്കുന്നത് പോലെയാണിതു.  

          ഒരു വ്യക്തി ജീവിതത്തിലനുഭവിക്കേണ്ടി വരുന്ന സുഖദുഖങ്ങള്‍ക്കും, ഗുണദോഷങ്ങള്‍ക്കുമെല്ലാം കാരണം അയാള്‍ ജനിക്കുന്ന സമയത്ത് ആകാശത്തുള്ള നവഗ്രഹങ്ങ ളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനമാണ് എന്നതാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനപ്രമാണം.     ഈ അടിസ്ഥാനതത്വം ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഒന്ന് പരിശോധിച്ചു നോക്കാം. ഒരു വ്യക്തിയുടെ 'ജനനസമയത്തെ ഗ്രഹനില' എന്ന പരികല്‍പ്പന നമുക്കൊന്ന്  വിശകലനം ചെയ്യാം. എന്താണ് ജനനം? ജ്യോതിഷവിശ്വാസപ്രകാരം പ്രസവത്തിലൂടെ കുഞ്ഞു പുറത്തു വരുന്നതാണ് ജനനം.  എന്നാല്‍ സയന്‍സ് പറയുന്നത് ബീജ-അണ്‍ഡ സംയോജനത്തിലൂടെ ഭ്രൂണം രൂപം കൊള്ളുമ്പോഴാണ്  കുഞ്ഞു ജനിക്കുന്നത് എന്നാണ്.  കാരണം വ്യക്തമാണ്. അച്ഛനില്‍ നിന്നുള്ള ജീവനുള്ള ബീജവും അമ്മയില്‍ നിന്നുള്ള ജീവനുള്ള അണ്ഡവും ഗര്‍ഭപാത്രത്തില്‍ വെച്ച് കൂടി ചേരുമ്പോഴാണ് സവിശേഷ വ്യക്തിത്വമുള്ള കുഞ്ഞു ജനിക്കുന്നത്. കുഞ്ഞു ഭ്രൂണമാവുന്നതിനു മുമ്പ് അവന്‍ അച്ഛന്റെയും അമ്മയുടെയും ശരീരത്തിലായിരുന്നു എന്ന് പറയാം. അവന്റെ ജീവനും അവന്റെ ഭാവിജീവിതത്തെ സ്വാധീനിക്കുന്ന ജീനുകളും ഇവരുടെ രണ്ട് പേരുടേയും ശരീരത്തില്‍ നിന്ന് അവനു പകര്‍ന്നു കിട്ടിയതാണ്. ഇതൊക്കെ സയന്‍സ് തെളിയിച്ചിട്ടുള്ള കാര്യങ്ങളാണ്. ഒരു കുഞ്ഞു ജനിക്കുന്നത് പ്രസവത്തോടെ അല്ല എന്നും അതുകൊണ്ട് തന്നെ പ്രസവത്തെ ജനനസമയമായി   കണക്കാക്കുന്ന ജ്യോതിഷം തെറ്റാണെന്നും ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.   
           ജനനം  എന്നതു പ്രസവമായാലും ബീജാണ്ടസംയോജനമായാലും കൃത്യമായ സമയം ആര്‍ക്കും ഇന്നത്തെ നിലയ്ക്ക് കണക്കാക്കാന്‍ കഴിയില്ല. പ്രസവമെന്നത് മിനുട്ടുകളോളം നീളുന്ന ഒരു പ്രക്രിയയാണ്. ജ്യോതിഷസിദ്ധാന്തമനുസരിച്ച് ഒരു നിമിഷം തെറ്റിയാല്‍ മതിയല്ലോ പ്രവചനം പിഴക്കാന്‍! ഭൂമി ഒരു മണിക്കൂറില്‍ ഒരു ലക്ഷം കി.മി. വേഗതയില്‍ സൂര്യനെ ഭ്രമണം ചെയ്യുമ്പോഴും മണിക്കൂറില്‍ 1670 കി.മി. വേഗതയില്‍ സ്വയം തിരിയുമ്പോഴും എങ്ങനെയാണ് ഗ്രഹനില കൃത്യമായി പറയാന്‍ കഴിയുക ?
                 
                ഇനി ഗ്രഹനില കൃത്യമാ ണെന്ന് തന്നെയിരിക്കട്ടെ, അത് ഭാവിയെ സ്വാധീനിക്കുമോ?  ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മനുഷ്യ ശരീരത്തില്‍ പ്രത്യേകിച്ച് ഒരു സ്വാധീനവുമില്ലെന്നതാണ് ശാസ്ത്രസത്യം.  ഗുരുത്വാകര്‍ഷണബലവും വികിരണബലവും എല്ലാ ജീവ ജാലങ്ങളെയും പദാര്‍ത്ഥങ്ങളെയും  ഒരുപോലെയാണ് ബാധിക്കുന്നത്. അല്ലാതെ ഇന്ന നക്ഷത്രത്തില്‍ ജനിച്ച ആളെ ഇത്ര അളവില്‍ ബാധിക്കുമെന്ന് പറയുന്നത് മൌഡ്യമാവും. കാര്‍ത്തിക നക്ഷത്രക്കാരനും, രേവതി നക്ഷത്രക്കാരനും വെയിലത്ത്‌  നിന്നാല്‍ ഒരു പോലെയാണ് പൊള്ളുക. ചന്ദ്രന്റെ ആകര്‍ഷണബലം എല്ലാവര്ക്കും പൊതുവേ ഒരു പോലെയാണ് അനുഭവ പ്പെടുന്നത്.  ഗ്രഹനക്ഷത്രാദികളുടെ കാന്തികബലമോ വികിരണമോ ആണ് മനുഷ്യന്റെ ഭാവിയെ സ്വാധീനിക്കുന്നതെന്ന് ജ്യോതിഷാചാര്യന്മാരായ വരാഹമിഹിരനും ബ്രഹ്മഗുപ്തനും അവകാശപ്പെട്ടതായി അറിവില്ല. അന്നത്തെ മനുഷ്യര്‍ കരുതിയത്‌ ഗ്രഹങ്ങള്‍ക്കും മറ്റും ദൈവിക സിദ്ധിയുണ്ടെന്നാണ്.  അവ നിഗ്രഹാനുഗ്രഹശക്തിയുള്ള  ചൈതന്യരൂപികളാണെന്ന നിഗമനത്തിലാണ് ഗ്രഹനില മനുഷ്യരുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നു എന്ന് കരുതിയത്‌. നല്ലതും ചീത്തയുമായ ഗ്രഹങ്ങളുണ്ട്‌ (പാപഗ്രഹങ്ങളും പുണ്യ ഗ്രഹങ്ങളും). ചൊവ്വയുടെ ചുവപ്പ് നിറം കൊണ്ടാകാം അതിനെ ഏറ്റവും ഭീകരനായ ഗ്രഹമായി ചിത്രീകരിച്ചിട്ടുള്ളത്. ഈ ചുവപ്പ് നിറത്തിന്റെ കാരണം അവിടെയുള്ള ഇരുമ്പു ഓക്സൈഡാണെന്ന് അക്കാലത്ത് അറിയുമായിരുന്നില്ലല്ലോ!  ആ അറിവില്ലായ്മ കൊണ്ടാണ് ഇപ്പോള്‍  ചൊവ്വാദോഷം എന്ന അന്ധവിശ്വാസം കൊണ്ട് ഒരു പാട് പെണ്‍കുട്ടികള്‍ കണ്ണീരു കുടിക്കേണ്ടി വരുന്നത്.  

            ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ പിറന്നു വീഴുന്ന നിമിഷം ആകാശത്തു വിവിധ സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന ഗ്രഹനക്ഷത്രാദികള്‍ ഏതു വിധത്തിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ തങ്ങളുടെ ശക്തി പ്രയോഗിക്കുന്നതെന്നും ആ ശക്തിപ്രയോഗങ്ങള്‍കൊണ്ട് കുഞ്ഞിന്റെ ശരീരത്തില്‍ ഭാവിയെ ബാധിക്കാനുതകുംവിധം എന്ത് ഭൌതിക-രാസപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ജ്യോതിഷം സയന്‍സാണ് എന്ന് വീമ്പിളക്കുന്നവര്‍ ഒന്ന് വിശദീകരിച്ചു തരുമോ? ഒരിക്കലും കഴിയില്ല. ഇത് വേണമെങ്കില്‍ ഒരു വെല്ലുവിളിയായെടുക്കാം.

              ഒരു വ്യക്തിയുടെ ഭാവിജീവിതം നിര്‍ണ്ണയിക്കുന്നത്  അവനു കൈമാറി കിട്ടിയ  ജീനുകളും അവന്‍ വളരുന്ന ഭൌതിക സാഹചര്യങ്ങളുമാണ്.  ഒരാള്‍ പല തരം രോഗങ്ങള്‍ക്ക് വിധേയനാവുന്നതും, സര്‍ഗാത്മക കഴിവുകളുള്ളവനാവുന്നതും, നല്ല വ്യവസായിയോ, കച്ചവടക്കാരനോ, മന്ത്രിയോ ആയി  തീരുന്നതും  ജീനുകളും ജീവിത സാഹചര്യവും മൂലമാണ്. അല്ലാതെ നിര്‍ജീവങ്ങളായ ഗ്രഹങ്ങളുടെ സ്വാധീനം കൊണ്ടല്ല. മനുഷ്യരുടെ  പെരുമാറ്റ രീതികളെ സ്വാധീനിക്കുന്നത് ഡി.അര്‍.ഡി.4 എന്ന ജീനാനെന്നു ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.                                                                                                                                                                                                             
            ജ്യോതിഷം ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി ലോകത്തൊട്ടാകെ നിരവധി പരീക്ഷണങ്ങള്‍  നടത്തിയിട്ടുണ്ട്. അതിലൊന്നാണ് ഇന്ത്യയിലെ പ്രശസ്ത ജ്യോതിശ്ശാസ്ത്രപണ്ഡിതനും (astronomer) പദ്മഭൂഷന്‍ജേതാവുമായ ഡോ: ജയന്ത് വി.നര്‍ലികര്‍ നടത്തിയ പരീക്ഷണം. ഏതാനും ദമ്പതികളുടെ ജാതകങ്ങള്‍ ജ്യോത്സ്യന്‍മാര്‍ക്ക്  നല്‍കി അതില്‍ പൊരുത്തമുള്ളവയും ഇല്ലാത്തവയും വേര്‍തിരിക്കാനാവശ്യപ്പെട്ടു. ജ്യോത്സ്യന്മാര്‍ പൊരുത്തമുള്ളവരായി കണ്ടെത്തിയ ദമ്പതികളില്‍ പലരും യഥാര്‍ത്ഥത്തില്‍   തെറ്റിപ്പിരിഞ്ഞവരോ അസംതൃപ്തരോ ആയിരുന്നു. പൊരുത്തമില്ലാത്തവരായി  കണ്ടെത്തിയവര്‍  മറിച്ചും! ഇതേ ജാതകങ്ങള്‍ വെറും സാധാരണക്കാര്‍ക്ക് നല്‍കിയപ്പോള്‍ അവരുടെ പ്രവചനം ജ്യോത്സ്യന്‍മാരുടെതിനേക്കാള്‍ ശരിയായിരുന്നത്രേ.(ചിന്ത : 27.01.1995) പത്തു കാര്യങ്ങള്‍ ആര് പ്രവചിച്ചാലും അതില്‍ മൂന്നെണ്ണമെങ്കിലും ശരിയാവുമെന്നതാണ്  സ്ഥിതിവിവരക്കണക്ക്ശാസ്ത്രനിയമം. അതുകൊണ്ടാണ് ജ്യോത്സ്യന്‍ മാര്‍ പറയുന്നത് ശരിയായി എന്നൊക്കെ ചില നിഷ്കളങ്കന്മാര്‍ പറയുന്നത്. അല്പം അന്വേഷണ ബുദ്ധിയോടു കൂടി ജ്യോത്സ്യപ്രവചനങ്ങള്‍  പഠനവിധേയമാക്കിയാല്‍ ഭൂരിപക്ഷം പ്രവചനങ്ങളും തെറ്റായിരുന്നു എന്ന് നമുക്ക് തന്നെ ബോധ്യപ്പെടും. 


             തങ്ങളെ  വഴി തെറ്റിക്കുന്ന ഒരു കപട ശാസ്ത്രമായ ജ്യോതിഷവിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ മോചനം നേടിയേ പറ്റു.  മതവര്‍ഗീയ ശക്തികള്‍ അധികാരത്തിലിരുന്ന സ്ഥലങ്ങളില്‍ ജ്യോതിഷം പഠനവിഷയമാക്കിയെങ്കിലും  അത്തരത്തിലുള്ള ചില നീക്കങ്ങള്‍ ഇവിടെ നടന്നപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയുടെയും മറ്റു പുരോഗമനവാദികളുടേയും എതിര്‍പ്പ് മൂലം  അത് നടക്കാതെ പോവുകയാണുണ്ടായത്. തന്റെ ജീവിത ദുരിതങ്ങള്‍ക്ക് കാരണം ജാതക ദോഷമാണെന്ന് വിശ്വസിക്കുന്നയാള്‍ കര്‍മവിമുഖനായിത്തീരുന്നു. ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ജ്യോത്സ്യന്റെ വിധി പ്രകാരം  പൂജയും വഴിപാടും കഴിക്കുന്ന അയാള്‍ക് ഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല പണവും നഷ്ടപ്പെടുന്നു. താന്‍ ജനിക്കുമ്പോള്‍ ഗ്രഹങ്ങള്‍ ഒരു പ്രത്യേക സ്ഥാനത്തു നിന്നത് കൊണ്ട് തനിക്കുണ്ടായ 'ദോഷങ്ങള്‍' പൂജയിലൂടെയും വഴിപാടിലൂടെയും മാറ്റാന്‍ പറ്റില്ല എന്ന സാമാന്യബുദ്ധി പോലും ജ്യോതിഷം 'ശാസ്ത്ര'മാണെന്ന് പറയുന്നവര്‍ക്കില്ല! ജാതകവിശ്വാസം വെച്ച് പുലര്‍ത്തുക വഴി യോജിച്ച വധുവിനെ ലഭിക്കാതെ എത്രയോ യുവാക്കളുടെ സമയവും പണവും നഷ്ടപ്പെടുന്നു. നല്ല ബന്ധങ്ങള്‍ക്കുള്ള അവസരവും അവര്‍ക്ക് ഇല്ലാതാവുന്നു.  ചൊവ്വാദോഷം എന്ന മണ്ടത്തരത്തില്‍  വിശ്വസിക്കുന്നത്കൊണ്ട് എത്രയോ പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നങ്ങള്‍ തകര്‍ന്നു പോയിട്ടുണ്ട്.  യുക്തിചിന്തയും ശാസ്ത്രബോധവുമില്ലാത്ത മനുഷ്യരെ വളര്‍ത്തുക എന്നതാണ് ജ്യോതിഷം ചെയ്യുന്ന സാമൂഹികസേവനം. ജ്യോതിഷം ശരിയാണെന്ന് തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വെല്ലുവിളി നാളിതുവരെ ഒരു ജ്യോത്സ്യനും സ്വീകരിച്ചിട്ടില്ല എന്നതു തന്നെ ജ്യോതിഷം ഒരു കപടവിദ്യയാണെന്നുള്ളതിനു തെളിവല്ലേ?