സത്യ സായിബാബ എന്ന പ്രതിഭാസം
പുഷ്പ എം. ഭാര്‍ഗവ
[നാഷണല്‍ നോളെജ് കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍, ദേശീയ സുരക്ഷ
ഉപദേശകബോഡ് മുന്‍ അംഗം,ഹൈദെരാബാദിലെ സെന്റര്‍ ഫോര്‍
സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂലര്‍ ബയോളജിയുടെ സ്ഥാപകന്‍, മുന്‍
ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ: പുഷ്പ എം. ഭാര്‍ഗവ.
e.mail: bhargava.pm@gmail.com)
e.mail: bhargava.pm@gmail.com)
പരിഭാഷ: ടി. കെ. രവിന്ദ്രനാഥ്, കടലുണ്ടി.
സത്യ സായിബാബയുടെ മരണം സൃഷ്ടിച്ച പൊടിപടലങ്ങളൊക്കെ ഒതുങ്ങിയ സ്ഥിതിക്ക്, അദ്ദേഹത്തെപ്പറ്റിയും, അദ്ദേഹത്തിന്‍റെ പ്രവൃത്തികളേയും അതിന്റെ ഫലങ്ങളെയും കുറിച്ചും, വസ്തുനിഷ്ടമായും, നിര്‍വികാരമായും വിലയിരുത്തേണ്ട സമയമായിരിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ 'പഠിക്കാനുണ്ട്' എന്നതു തന്നെ.
തികച്ചും സാധാരണവും, ലളിതവുമായ ഒരു ജീവിതപശ്ചത്തലത്തില്‍ നിന്ന് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനം താഴെ പറയുന്ന അവകാശ വാദങ്ങളാണ് : (1) താന്‍ ഷിര്‍ദ്ദി സായി ബാബയുടെ അവതാരമാണ് (2) താന്‍ ദൈവത്തിന്റെ അവതാരമാണു; ദൈവം തന്നെയാണ് (3) അതുകൊണ്ട് തനിക്കു സാധാരണ മനുഷ്യന് ഇല്ലാത്ത അമാനുഷികമായ കഴിവുകളുണ്ട് (4) പലതരം പ്രശ്നങ്ങളുമായി സമീപിക്കുന്ന ആളുകള്‍ക്ക് മനസ്സമാധാനവും സമാശ്വാസവും നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. (5) ആശുപത്രികള്‍ സ്ഥാപിക്കുക, ഗ്രാമീണര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുക തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി.
സായി ബാബയുടെ മുകളില്‍ പ്രസ്താവിച്ച അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും നമുക്ക് ഒന്നൊന്നായി പരിശോധിക്കാം. പുനര്‍ജ്ജന്മം ഉണ്ടെന്നതിനു ശകലം പോലും തെളിവില്ല. പുനര്‍ജന്മമെന്ന ആശയം ശാസ്ത്ര വിരുദ്ധമാണ്. പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട സംഭവങ്ങളെല്ലാം അന്വേഷണങ്ങള്‍ക്ക് ശേഷം കാപട്യങ്ങളാണെന്ന് തെളിയുകയുണ്ടായി.
ദൈവത്തിന്റെ അവതാരമാണ് താനെന്ന അവകാശവാദത്തിനു തെളിവായി തന്‍ നടത്തുന്ന അത്ഭുത പ്രവര്തനങ്ങളെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അദ്ദേഹം ഒരിക്കലും ഒരു അത്ഭുതപ്രവര്‍ത്തനവും നടത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. യഥാര്‍ത്ഥത്തില്‍, ഇതുവരെ ആരും തന്നെ ഒരു ദിവ്യാത്ഭുതവും കാണിച്ചിട്ടില്ല. മതപ്രവാചകരുടെത് എന്നു പറയപ്പെടുന്ന ദിവ്യാത്ഭുതങ്ങള്‍ എല്ലാം പൌരോഹിത്യം കെട്ടിച്ചമച്ചിട്ടുള്ളതാണ്. മദര്‍ തെരേസയാണ് ഇതിനൊരുദാഹരണം. ഒരിക്കല്‍ ഞാന്‍ അവരെ സന്ദര്‍ശിച്ചു. താന്‍ ദിവ്യാത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നു ഒരിക്കലും അവര്‍ അവകാശപ്പെട്ടിരുന്നില്ല. എന്നാല്‍ മരണശേഷം വിശുദ്ധയായി പ്രഖ്യാപിക്കാന്‍ രണ്ട് അത്ഭുത പ്രവര്‍ത്തനങ്ങള്‍ അവരുടെ പേരില്‍ വേണ്ടിയിരുന്നു. അത് പൌരോഹിത്യം 'കണ്ടു പിടിച്ചു'. പൊതുജനങ്ങളുടെ കണ്ണില്‍ ദിവ്യാത്ഭുതങ്ങള്‍ എന്നു കരുതപ്പെടുന്ന ബാബയുടെ ഓരോ പ്രവര്‍ത്തനവും, ഏതു സാധാരണ മജീഷ്യനും ചെയ്യാന്‍ കഴിയുന്നതാണ്.
ഹൈദരാബാദിലെ, സെല്ലുലാര്‍ ആന്റ് മോളിക്യൂലര്‍ ബയോളജി സെന്ററില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ: എം.ഡബ്ലിയൂ. പണ്ഡിറ്റ് ഇത്തരം 'ദിവ്യാത്ഭുതങ്ങള്‍' പരസ്യമായി അവതരിപ്പിക്കുമായിരുന്നു. അത് പോലെ അന്തരിച്ച പ്രമുഖ യുക്തിവാദി പ്രേമാനന്ദും ധാരാളം ദിവ്യാത്ഭുത അനാവരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. narenyen@gmail.com എന്ന അഡ്രസ്സില്‍ ഡോ: നരേന്ദ്രനായക്കിന് ഒരു ഈമെയില്‍ അയച്ചാല്‍ മതി, അദ്ദേഹം ഉടനെ എത്തി
സായിബാബ കാണിക്കുന്നു എന്നു പറയപ്പെടുന്ന എല്ലാ അത്ഭുതങ്ങളും നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. അത്, ശൂന്യതയില്‍ നിന്നും സ്വര്‍ണ മോതിരമെടുക്കുന്നതാവട്ടെ, ജപ്പാനീസ് വാച്ച് എടുക്കുന്നതാവട്ടെ, വിഭൂതി എടുക്കുന്നതാവട്ടെ, അല്ലെങ്കില്‍ ബാബയുടെ ഫോട്ടോയില്‍ നിന്ന് ഭസ്മം പൊഴിയുന്നതാവട്ടെ, എന്തും.
സായിബാബ ദിവ്യശക്തിയാല്‍ രോഗങ്ങള്‍ ഭേദമാക്കി എന്നു നമ്മള്‍ ഒരു പാട് കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ പരാജയങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല.
എന്റെ ഒരു അകന്ന ബന്ധുവിന്റെ ഇളയ മകന് മാരകമായ അസുഖം ബാധിച്ചു. രോഗം മാറ്റാന്‍ അവര്‍ മകനുമായി സായിബാബാദര്‍ശനം നടത്തി. കുട്ടിയെ അനുഗ്രഹിച്ചു കൊണ്ടു രോഗം ഉടനെ ഭേദമാകുമെന്നു ബാബാ അരുളിച്ചെയ്തു. എന്നാല്‍ കുട്ടി മരിക്കുകയാണുണ്ടായത്. ഇക്കാര്യം സായിബാബയെ അറിയിച്ച അമ്മയോട് അദ്ദേഹം പറഞ്ഞത് കുട്ടി തന്നിലേക്ക് വരുന്നതാണ് നല്ലതെന്ന് തനിക്കു തോന്നിയെന്നും, അതാണ് താന്‍ അങ്ങനെ സംഭവിപ്പിച്ചതെന്നും, അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്നുമാണ്.
ഭേദമായി എന്നു പറയപ്പെടുന്ന രോഗങ്ങള്‍ മാറിയത്, സായിബാബയുടെ നേരിട്ടുള്ള ഇടപെടലുകള്‍ കൊണ്ടാണെന്ന് ഇത് വരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. അത്തരം രോഗശമനങ്ങള്‍ തനിയെ സംഭവിക്കുന്നതോ, രോഗങ്ങള്‍ കേവലം മാനസിക വിഭ്രാന്തിയില്‍ നിന്നുണ്ടായതോ ആയിരിക്കണം. ഇതിനൊക്കെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. മനോരോഗചികിത്സകര്‍ക്കും, മനശാസ്ത്രജ്ഞന്‍മാര്‍ക്കും ചെയ്യാവുന്നതില്‍ കൂടുതല്‍ എന്താണിതിലൊക്കെയുള്ളത്?
അതുകൊണ്ടാണ് ബാബ, ബാംഗലൂര്‍ യൂനിവേര്‍സിടി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ: നരസിംഹയ്യയേയും, ബി. പ്രേമാനന്ദിനെയും പോലുള്ള യുക്തിവാദികളെ തന്റെ സമീപത്തൊന്നും വരാന്‍ അനുവദിക്കാതിരുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡക്കടുത്തു വെച്ച് എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരിച്ചു പോയ, CSIR ന്റെ മുന്‍ ഡയരക്ടര്‍ ഡോ: വൈ. നായുഡമ്മ, പ്രതിരോധ മന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേശകനും, സായി ബാബയുടെ ഉറച്ച അനുയായിയുമായ ഡോ: എസ്. ഭഗവന്തവുമൊന്നിച്ചു ഒരിക്കല്‍ ബാബയെ സന്ദര്‍ശിച്ച കാര്യം എന്നോട് പറഞ്ഞിരുന്നു. നായുഡമ്മ ആദരപൂര്‍വ്വം, കൈകള്‍ കൂപ്പി നിന്ന് കൊണ്ടു സായി ബാബയോട് അപേക്ഷിച്ചു, അദ്ദേഹത്തിന്‍റെ കൈകളില്‍ ഒരു പുല്‍കൊടി തുമ്പ് സൃഷ്ടിച്ചു കൊടുക്കാന്‍. എങ്കില്‍ അതൊരു വലിയ ദിവ്യാത്ഭുതമാകുമായിരുന്നു. എന്നാല്‍ നായുഡമ്മക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നു!
സായിബാബയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെപ്പറ്റിയാണെങ്കില്‍, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരുപാടാളുകളെ നമ്മുടെ രാജ്യത്ത്
കാണാം. തങ്ങള്‍ നിയമവിരുദ്ധമായി സന്പാദിച്ച സ്വത്തുക്കള്‍ക്ക് മറയിടുക എന്നതാണവരുടെ ഉദ്ദേശം. അദ്ദേഹത്തിന്‍റെ വന്‍പിച്ച സ്വത്തുക്കളെ ക്കുറിച്ചുള്ള കണക്കുകള്‍ ഒരിക്കലും സുതാര്യമായിരുന്നില്ല.
പണക്കാരും, സ്വാധീനശക്തിയുള്ള വരും, രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥപ്രമുഖരും, നിയമനിര്‍മാതാക്കളും, നിയമപാലകരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ തന്റെ അനുയായിവൃന്ദത്തിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു സായി ബാബയുടെ അസാധാരണമായ ജീവിതസാഫല്യം.
അദ്ദേഹത്തിന്‍റെ മരണം ഒരു ദേശീയദുരന്തമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ശവസംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തിയതും, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതും, രാജ്യത്തെ രാഷ്ട്രീയകക്ഷി നേതാക്കള്‍ - കക്ഷി ഭേദമെന്യേ, പ്രധാന മന്ത്രിയും NAC ചെയര്‍മാനും ഉള്‍പ്പെടെ - ബാബയുടെ അന്ത്യദര്‍ശനത്തിനായി വിലപ്പെട്ട സമയവും, പൊതുപണവും ധൂര്‍ത്തടിച്ചതും, ശാസ്ത്രബോധം വളര്‍ത്തുക എന്ന ഭരണഘടനാബാധ്യതയെ ചവിട്ടി ത്താഴ്ത്തിയതുമാണ് ദേശീയ ദുരന്തം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ