Thursday, June 14, 2012

ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്ന മതനിന്ദാ നിയമങ്ങള്‍
                          IPC 295,295 A, 153 B വകുപ്പുകള്‍ ഭരണഘടന വാഗ്ദാനം 
                          ചെയ്യുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനു വിരുദ്ധമാണ് 

                                                            
          ഇന്ത്യന്‍ ഭരണഘടന ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും 
പരിഷ്കൃതാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് പറയാറുണ്ട്‌. ഭരണഘടനയിലെ 
പരമപ്രധാനമായ ഭാഗം എതാണെന്ന ചോദ്യത്തിന്  ഒരുത്തരമേയുള്ളൂ:
മൌലികാവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 12 മുതല്‍ 35 വരെയുള്ള വകുപ്പുകള്‍.  
ഈ മൌലികാവകാശങ്ങളിലെ 19 ആം വകുപ്പാണ് എല്ലാ വിധത്തിലുമുള്ള സ്വാതന്ത്ര്യങ്ങളെപ്പറ്റിയും 
പറയുന്നത്. പ്രസംഗത്തിനുള്ള സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും, 
അഭിപ്രായസ്വാതന്ത്ര്യവുമെല്ലാം ഇതിന്റെ ഭാഗമാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിനും 
അഭിപ്രായസ്വാതന്ത്ര്യത്തിനും ചില നിയന്ത്രണങ്ങളും ഭരണഘടനയിലുണ്ട്
അവ ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് ആവശ്യമാണെന്ന 
കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടനയുടെ നാലാംഭാഗത്താണ്  നിര്‍ദ്ദേശകതത്വങ്ങള്‍ 
(Directive principles) ഉള്ളത്. 1976 ല്‍  42 ആം ഭരണഘടനാ ഭേദഗതിയുടെ 
ഭാഗമായി IV A എന്ന ഒരു പുതിയ ഭാഗം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.
മൌലിക കര്‍ത്തവ്യങ്ങള്‍ എന്നാണ് ഈ ഭാഗത്തിന്റെ ശീര്‍ഷകം.
51 A എന്ന അനുഛെദമായിട്ടാണ്  മൌലികകര്‍ത്തവ്യങ്ങള്‍ ഭരണഘടനയുടെ 
ഭാഗമായിത്തീര്‍ന്നത്‌.  ഈ മൌലികകര്‍ത്തവ്യത്തിന്റെ ഭാഗമായ 51 A (h) പറയുന്നത്:
          "ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണത്തിനും 
           പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക" ഇന്ത്യന്‍
പൌരന്മാരുടെ കര്‍ത്തവ്യമാണ്‌ എന്നാണ്. യഥാര്‍ത്ഥത്തില്‍ ഭരണഘടനാ
ബദ്ധമായ ഈ കര്‍ത്തവ്യമാണ് യുക്തിവാദികള്‍ നിറവേറ്റുന്നത്. പക്ഷെ 
അതിനെ മതനിന്ദയായി ദുര്‍വ്യാഖ്യാനം ചെയ്ത് അവരെ കോടതി കയറ്റാനുള്ള 
ശ്രമമാണ് മതവൈതാളികര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
         
         എന്നാല്‍ ഭരണഘടനയില്‍ തെളിഞ്ഞു കാണുന്ന ഈ ജനാധിപത്യ മൂല്യങ്ങളെ 
നിഷ്പ്രഭമാക്കുന്ന ചില വകുപ്പുകള്‍ നമ്മുടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ട്. അതാണ്‌
IPC 295, 295 A, 153 B എന്നിവ. വകുപ്പ് 295 പറയുന്നത് എന്താണെന്ന് നോക്കുക:
                  "ഏതെങ്കിലും ഒരു ജനവിഭാഗം പാവനമായിക്കരുതുന്ന ഏതെങ്കിലും 
വസ്തുവിനെയോ അല്ലെങ്കില്‍ ആരാധനാലയത്തേയോ നശിപ്പിക്കുകയോ, 
കേടുപാട് വരുത്തുകയോ, മലിനപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാളും
ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുന്നതാണ്".  
       295 A വകുപ്പ് മതനിന്ദയെ കൂടുതല്‍ കര്‍ശനമായി നേരിടുന്നു: 
          "ഏതെങ്കുലും ഒരു വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ 
           നിന്ദിച്ചുകൊണ്ട് അതിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുക എന്ന 
           ഉദ്ദേശ്യത്തോടെ ചെയ്യുന്ന  ബോധപൂര്‍വ്വവും വിദ്വേഷാത്മകവുമായ 
           ഏതൊരു പ്രവൃത്തിയും  ശിക്ഷാര്‍ഹമാണ്‌" എന്നാണ്
ഈ വകുപ്പ് പ്രഖ്യാപിക്കുന്നത്. 153 B വകുപ്പാണ് കൂടുതല്‍ കാഠിന്യമുള്ളത്. 
അതിങ്ങനെയാണ്:
           "വ്യത്യസ്ത മതങ്ങളും, വംശങ്ങളും, ഭാഷകളും, പ്രദേശങ്ങളും, 
            ജാതിയും, സമുദായങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തെ 
            ഹാനികരമായി ബാധിക്കുന്ന ഏത് പ്രവര്‍ത്തിയും കുറ്റകരമാണ്"

"തമിഴന്മാരെല്ലാം ബുദ്ധി കുറഞ്ഞവരാണ്" എന്ന്‌ ഒരു മലയാളി പറഞ്ഞെന്നിരിക്കട്ടെ, 
ഈ വകുപ്പ് പ്രകാരം പോലീസിന്  അയാളുടെ പേരില്‍ കേസെടുക്കാം. 
ഭരണഘടന അനുവദിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനു തടസ്സം 
നില്‍ക്കുന്നവയാണ്  മുകളില്‍ പരാമര്‍ശിച്ച മതനിന്ദാ നിരോധന നിയമങ്ങള്‍.
       
         1957 ല്‍ ഒരു വിധിയിലൂടെ സുപ്രീം കോടതി 295 A നടപ്പാക്കുന്നതിന് 
ചില പരിധികള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. 
       "മതത്തെ നിന്ദിക്കുന്നതും നിന്ദിക്കാന്‍ ശ്രമിക്കുന്നതുമായ 
       എല്ലാത്തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും 295 A പ്രകാരം ശിക്ഷാര്‍ഹമല്ല. 
        ബോധപൂര്‍വ്വവും,വിദ്വേഷാത്മകവുമയ  ഉദ്ദേശ്യ
        ത്തോടുകൂടി (deliberate and malicious intention) പ്രാവര്‍ത്തികമാക്കുന്ന 
        കടുത്ത രീതിയിലുള്ള നിന്ദ മാത്രമേ 295 A പ്രകാരം ശിക്ഷാര്‍ഹമായിട്ടുള്ളൂ" 
        എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും, യഥാര്‍ഥത്തില്‍ എന്താണ് 
മതത്തെ നിന്ദിക്കുന്ന ചെയ്തികള്‍ എന്ന മുഖ്യ ചോദ്യത്തില്‍ നിന്നു കോടതി 
ഒഴിഞ്ഞുമാറുന്നതായിട്ടാണ് ഇത്തരം പല കേസുകളിലും കോടതി എടുത്ത 
നിലപാടുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 
        
        ഭരണകൂടത്തിന്‍റെ മുന്‍കയ്യാലല്ല പലപ്പോഴും മതനിന്ദാനിയമം പ്രയോഗി 
ക്കപ്പെടുന്നത്. മതത്തെ വിമര്‍ശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ 
മതമേധാവികളോ വിശ്വാസികളോ അതിന്റെ പേരില്‍ കലാപ
ക്കൊടിയുയര്‍ത്തുന്നു. സഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍ എന്ന്‌ സ്വയം 
മുദ്രകുത്തിയ അവര്‍ അക്രമാസക്തരാകുന്നുഅപ്പോള്‍ ക്രമസമാധാനം തകരുമെന്ന 
ഭയത്താല്‍ ഭരണകൂടം മതനിന്ദ ആരോപിക്കപ്പെട്ട കലാസൃഷ്ടികളോ 
ഗ്രന്ഥങ്ങളോ നിരോധിക്കുന്നു. അല്ലെങ്കില്‍ 'വിശ്വാസത്തെ വ്രണപ്പെടുത്തിയ'
വ്യക്തിയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുന്നു. മതവക്താക്കളുടെ 
ആരോപണത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാതെയാണ് ഭരണകൂടം 
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മേല്‍ കത്തിവെക്കുന്നത്. അതാണല്ലോ എളുപ്പം. 
സ്വതന്ത്ര  ഇന്ത്യയില്‍ ഇത്തരത്തില്‍,  ആവിഷ്കാര സ്വാതന്ത്ര്യ
ത്തിനെതിരെ മതനിന്ദാ നിയമം പ്രയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ 
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രവീണ്‍ സ്വാമി തന്റെ ലേഖനത്തില്‍ 
('ദി ഹിന്ദു' - 7.05.2012)  ചൂണ്ടിക്കാണിക്കുന്നുണ്ട്. 
           ഈ അടുത്ത കാലത്തുണ്ടായ ഒരു സംഭവം മറക്കുവാന്‍ സമയമായിട്ടില്ല.  
'സാത്താന്റെ വചനങ്ങള്‍' എഴുതുക വഴി ആയത്തുള്ള ഖൊമേനിയുടെ
വധശിക്ഷാവിധി  ഏറ്റുവാങ്ങി അജ്ഞാതവാസം കഴിക്കേണ്ടി വരുന്ന 
സല്‍മാന്‍ റുഷ്ദിയെ ജയപ്പൂരില്‍ നടന്ന സാഹിത്യ സമ്മേളനത്തിലേക്ക് 
അതിന്റെ സംഘാടകര്‍ ക്ഷണിച്ചത് അദ്ദേഹത്തിന്‍റെ രക്തത്തിന് വേണ്ടി 
ദാഹിക്കുന്ന മതമൌലികവാദികളുടെ കോപത്തിനിടയാക്കി.
റുഷ്ദി വന്നാല്‍ കലാപമുണ്ടാക്കുമെന്ന ഭീഷണിക്ക് മുമ്പില്‍ രാജസ്ഥാന്‍ 
സര്‍ക്കാര്‍ ഭയന്നുപോവുകയും റുഷ്ദിയുടെ വരവ് തടയുകയും ചെയ്തു. വീഡിയോ 
കോണ്ഫറന്‍സിങ്ങിനു പോലും അനുമതി ലഭിച്ചില്ല എന്ന്‌ മാത്രമല്ല, റുഷ്ദിയുടെ 
നോവലില്‍ നിന്നു ചില വരികള്‍ സ്റ്റേജില്‍ വായിച്ച നാല് പേര്‍ക്കെതിരെ 
മതനിന്ദാക്കുറ്റം ചുമത്തുകയും ചെയ്തു! ഇന്ത്യയില്‍ ഈ നോവല്‍ നിരോധിച്ചിട്ടില്ല
എന്നിരിക്കെ എന്ത് മതനിന്ദയാണ് ഇവര്‍ ചെയ്തത്?  പൌരന്മാരുടെ 
അഭിപ്രായസ്വാതന്ത്ര്യ പ്രകടനത്തിന്  സംരക്ഷണം കൊടുക്കാന്‍ ബാധ്യസ്ഥരായ 
ഭരണകൂടം ഏതാനും മതതീവ്രവാദികളെ പേടിച്ച്‌  ഇല്ലാത്ത മതനിന്ദാക്കുറ്റം 
ചുമത്തി നിരപരാധികളെ കേസില്‍ കുടുക്കുന്നത് നാണംകെട്ട പ്രവൃത്തിയാണ്‌. 
ഇതിനു മുമ്പ് വിശ്വപ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈനെ
ഹിന്ദു വര്‍ഗ്ഗീയവാദികള്‍ വേട്ടയാടിയതും അദ്ദേഹം തന്റെ രചനകളിലൂടെ  
ഹിന്ദുമതത്തെയും ഹിന്ദുദൈവങ്ങളെയും നിന്ദിച്ചു എന്ന്‌ ആരോപിച്ചിട്ടാണ്. ഇവിടെയും
ഹുസൈനെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയാതെ വരുകയും ആ വില
മതിക്കാനാവാത്ത പൌരനെ ഇന്ത്യക്ക് നഷ്ടപ്പെടുകയും ചെയ്തു.
           നമ്മുടെ കേരളത്തില്‍ത്തന്നെ ആവിഷ്കാരസ്വാതന്ത്ര്യഹനനത്തിനു  
നിരവധി ഉദാഹരണങ്ങളുണ്ട്. 'ഭഗവാന്‍ കാലുമാറുന്നു' എന്ന കെ.പി.എ.സി. 
നാടകം നിരോധിച്ചു കിട്ടുവാന്‍ വേണ്ടി ഹിന്ദുവര്‍ഗ്ഗീയവാദികള്‍ നാടകസ്റ്റേജുകള്‍ 
കയ്യേറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ അന്ന് ഇന്നത്തെപ്പോലെ 
രാഷ്ട്രീയകക്ഷികളില്‍ മതപ്രീണനത്വര ശക്തമല്ലാതിരുന്നതിനാലും, 
എതിര്‍പ്പുകാര്‍ക്ക് വീര്യം കുറവായിരുന്നതിനാലും നാടകം  അരങ്ങേറാന്‍ 
സാധിച്ചു. ഈയിടെ അന്തരിച്ച പ്രശസ്ത നാടകകൃത്തും
നടനുമായ പി.എം. ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' 
എന്ന നാടകം യേശുവിനെ അപമാനിക്കുന്നതാണെന്നാരോപിച്ചു  കൊണ്ടു  
ക്രിസ്തുമതവിശ്വാസികളും  പുരോഹിതരും  പ്രക്ഷോഭവുമായിറങ്ങി. 
ദൈവനിന്ദക്കെതിരായ വകുപ്പുപയോഗിച്ചു ഈ നാടകം കോണ്‍ഗ്രസ് 
സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ഇടതുപക്ഷം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ 
പേരില്‍ തെരുവിലറങ്ങി. പക്ഷെ, പിന്നീട് വന്ന സ: ഇ.കെ.നായനാരുടെ 
ഇടതുഭരണത്തിന്‍ കീഴിലും ഈ നാടകം നിരോധനത്തിനിരയായി. മതക്കാരുടെ
intimidation (ഭയപ്പെടുത്തി അംഗീകരിപ്പിക്കുക) ന് കീഴ്പ്പെടുന്നതില്‍ ഇടതു 
വലതു വ്യത്യാസമില്ലെന്നു വ്യക്തമാക്കുന്ന ഒരു സംഭവമായിരുന്നു അത്‌.
ഏഴാം ക്ലാസ് മലയാളപാഠപുസ്തകത്തിലെ മതമില്ലാത്ത ജീവന്‍ എന്ന 
പാഠം മതനിന്ദാകരമാണെന്നും അത്‌ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു 
മതസംഘടനകള്‍ തെരുവിലറങ്ങി കലാപമഴിച്ചുവിടുകയും ഒരധ്യാപകന്റെ 
ജീവനെടുക്കുകയും ചെയ്തു. പാഠഭാഗം തിരുത്തിക്കൊണ്ട് ഇവിടെയും
സര്‍ക്കാര്‍ വര്‍ഗീയവാദികള്‍ക്ക് കീഴടങ്ങുകയായിരുന്നു. മുഹമ്മദിനേയും, 
ദൈവത്തേയും സാങ്കല്‍പ്പികകഥാപാത്രങ്ങളാക്കി ഡിഗ്രിക്ലാസിലേക്ക് ഒരു 
ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് പ്രവാചകനിന്ദയാക്കി ചിത്രീകരിച്ച് പോപ്പുലര്‍ 
ഫ്രണ്ട്കാര്‍ ജോസഫ് മാസ്ടരുടെ കൈവെട്ടി മതകോടതി വിധി നടപ്പാക്കി.
പോരാത്തതിന് 295 എന്ന വകുപ്പുപയോഗിച്ച് ഇടതു സര്‍ക്കാര്‍ അദ്ദേഹത്തെ 
വേട്ടയാടുകയും ചെയ്തു. 'ചിന്‍വാദ് പാലം'  എന്ന പേരില്‍ ശാമു കോയമ്പത്തൂര്‍ 
എഴുതി ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് പ്രസിദ്ധീകരിച്ച  പുസ്തകം 
പ്രവാചകനിന്ദ നടത്തുന്നതാണെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ 
ചുങ്കപ്പാറയിലും മറ്റും മുസ്ലീം തീവ്രവാദികള്‍ കലാപമുണ്ടാക്കി. ഇതിന്റെ ഫലമായി  
295 വകുപ്പ് പ്രയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ അഞ്ചു ക്രിസ്തുമത
പ്രവര്‍ത്തകരെ ജയിലിലടച്ചു. പത്താം ക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തിലെ
കത്തോലിക്കാസഭ യൂറോപ്പില്‍ ചെയ്തു കൂട്ടിയ അത്യാചാരങ്ങളെക്കുറിച്ചുള്ള  പാഠം 
ക്രിസ്തുമതപൌരോഹിത്യം ഇടപെട്ടു പിന്‍ വലിപ്പിച്ചു. എന്ത് പഠിപ്പിക്കണമെന്ന് 
തീരുമാനിക്കുന്നത് പോലും ഇപ്പോള്‍  മതസംഘടനകളാണ്!
        ഏറ്റവും അവസാനമായി  മതനിന്ദാനിയമം പ്രയോഗിക്കപ്പെട്ടുകാണുന്നത് 
സനല്‍ ഇടമറുകിന്റെ നേരെയാണ്.  ഇവിടെ, മുംബൈയിലെ ഇര്‍ലെ 
റോഡിലുള്ള  വേളാങ്കണ്ണി മാതാവിന്റെ  പള്ളിയുടെ അധികാരികളും, മുംബൈ ബിഷപ്പു 
അഗ്നെല്ലോ ഗ്രേഷ്യസുമാണ്‌ വില്ലന്മാര്‍. ഇക്കഴിഞ്ഞ മാര്‍ച് 5 നാണ് 
മാതാവിന്റെ പള്ളിയിലെ യേശുക്രിസ്തുവിന്റെ കാല്‍വിരലിലൂടെ ജലം ഇറ്റിറ്റു 
വീഴുന്ന 'അത്ഭുതകരമായ' കാഴ്ച ചിലര്‍ കണ്ടത്‌. കേട്ടറിഞ്ഞ വിശ്വാസികള്‍ 
ഓടിക്കിതച്ചെത്തി. ദൈവപുത്രന്റെ കണ്ണുനീരാണ്  അതെന്നു വിശ്വസിച്ച 
അവര്‍ പ്ലാസ്റ്റിക്  കുപ്പികളില്‍  അത്‌ ശേഖരിച്ചു മടങ്ങിപ്പോയി. പള്ളി 
അധികാരികള്‍ പ്രതിമയ്ക്ക് മുന്നില്‍  ദിവ്യാത്ഭുതം എന്ന ബോഡും സ്ഥാപിച്ചു.
ധാരാളം വിശ്വാസികള്‍  നാടിന്റെ നാനാഭാഗത്ത് നിന്നും ഈ ദിവ്യാത്ഭുതം 
കാണാനെത്തി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ
ടി.വി. 9 ചാനലുകാര്‍ ഈ ദിവ്യാത്ഭുതത്തിന്‍റെ  പിന്നിലെ രഹസ്യം 
കണ്ടെത്താന്‍ പ്രശസ്ത യുക്തിവാദി  സനല്‍ ഇടമറുകിനെ സമീപിച്ചു. 
ടി.വി. സംഘവും സനലും സ്ഥലത്തെത്തി. അര മണിക്കൂറിനകം
തന്നെ സനല്‍ ഈ ദിവ്യാത്ഭുതത്തിന്‍റെ രഹസ്യം  കണ്ടെത്തുകയുണ്ടായി. 
ഈ പ്രതിമ സ്ഥാപിച്ചതിന്റെ അരുകിലൂടെ ഒരു ഓവുചാല്‍  കടന്നു പോവുന്നുണ്ട്. 
അതില്‍ കെട്ടിക്കിടന്ന മലിനജലമാണ് കാപ്പിലറി ആക്ഷനിലൂടെ 
(വെള്ളത്തില്‍ തൊടുവിച്ചു വെച്ച ഇഷ്ടികയിലൂടെ വെള്ളം മുകളിലേക്ക് 
കയറുന്ന പ്രക്രിയക്ക് കാരണമായ തത്വം) പ്രതിമയുടെ വിരലിലൂടെ ഇറ്റിറ്റു 
വീഴുന്നത്. ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി  മുംബൈ ബിഷപ്പും 
കത്തോലിക്കാ സഭയുടെ മൂന്ന്  വക്താക്കളും ഒരു വശത്തും, സനല്‍ ഇടമറുക് 
എതിര്‍പക്ഷത്തുമായി   ടി.വി. 9 ചാനല്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു.
സനലിന്റെ ശക്തമായ വാദങ്ങള്‍ക്ക് മുമ്പില്‍ ക്രിസ്തുപ്രതിമയുടെ കാലിലൂടെ
 ഇറ്റു വീഴുന്ന ജലം ഒരു ദിവ്യാത്ഭുതമല്ലെന്ന് ബിഷപ്പിന് സമ്മതിക്കേണ്ടി വന്നു.  
കത്തോലിക്കാ സഭ എക്കാലത്തും ശാസ്ത്രീയ സമീപനം
കൈക്കൊണ്ടിരുന്നു എന്നും ബിഷപ്പ് തട്ടിവിട്ടു. ഇതിനെ സനല്‍ ചോദ്യം 
ചെയ്യുകയും സഭ മധ്യകാലഘട്ടത്തില്‍ നടത്തിയ പൈശാചിക കൃത്യങ്ങള്‍ 
എണ്ണിപ്പറയുകയും ചെയ്തു. മാത്രവുമല്ല സഭ രണ്ടാം ലോകമഹായുദ്ധ
കാലത്ത് ഫാസിസ്റ്റ് ശക്തികള്‍ക്ക് പിന്തുണ നല്‍കിയ
തിന്റെ ഉദാഹരണങ്ങളും, ഇപ്പോഴത്തെ പോപ്പ് ദുര്‍മന്ത്ര
വാദം ചെയ്തതിനെക്കുറിച്ചും സനല്‍ തുറന്നടിച്ചു. ഇത് ബിഷപ്പിനെയും 
സഭാവക്താക്കളെയും കൊപാകുലരാക്കി. അവര്‍ സനല്‍  മതനിന്ദ 
നടത്തിയതായി ആരോപിക്കുകയും  മാപ്പ് പറയാത്ത പക്ഷം കേസ് 
കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം ഭീഷണികളെ 
ചിരിച്ചു തള്ളിയ സനലിനെതിരെ  പ്രതികാരദാഹികളായ ബിഷപ്പും കൂട്ടരും  
അന്ധേരി, ജൂഹൂ തുടങ്ങി ഒന്നിലധികം പോലീസ് സ്റ്റേഷനുകളില്‍  I.P.C. 295 
വകുപ്പ് പ്രകാരം പരാതി നല്‍കി.  മുംബൈ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 
നിരന്തരം സനലിനെ ഫോണില്‍ വിളിച്ച്‌  മുംബൈയിലെത്തി അറസ്റ്റിനു  
വിധേയനാവണം  എന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചുരുങ്ങിയത് മൂന്ന് 
കോടതികളിലെങ്കിലും സനലിനെതിരെ കേസുണ്ട്. ഏത് നിമിഷവും 
അദ്ദേഹത്തെ അറസ്റ്റു ചെയ്തു തടവിലാക്കിയെക്കാം എന്ന അവസ്ഥ
യാണ്  ഇപ്പോഴുള്ളത്. ഈ സംഭവം ഇന്ത്യയിലെയും, വിദേശരാജ്യങ്ങളിലെയും
മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ഇന്ത്യയിലെ 
ജനാധിപത്യധ്വംസനം അപലപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 
          ധാര്‍മികമൂല്യങ്ങളും സഹിഷ്ണുതയുമാണ് മതങ്ങളുടെ മുഖമുദ്ര എന്ന 
അവകാശവാദമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നത്. ഭരണഘടന പ്രദാനം 
ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം അടിസ്ഥാനമാക്കി  
ശാസ്ത്രബോധവും അന്വേഷണത്വരയും  വളര്‍ത്തുക എന്ന 
ഭരണഘടനാദത്തമായ കര്‍ത്തവ്യം നിറവേറ്റുന്ന യുക്തിവാദികളും 
ശാസ്ത്രപ്രചാരകരും കുറ്റവാളികളും,  ഇതിനൊക്കെ എതിര് നില്‍ക്കുന്ന
മതയാഥാസ്ഥിതികര്‍ വാഴ്തപ്പെട്ടവരും എന്ന വൈരുധ്യമാണ് ഇവിടെ 
നിലനില്‍ക്കുന്നത്. ചില  പ്രത്യേക കാലഘട്ടങ്ങളില്‍  സമൂഹത്തില്‍ ഉയര്‍ന്നു
വന്ന ആശയങ്ങള്‍ മാത്രമാണ്‌ മതങ്ങള്‍. സമൂഹത്തിനു
ദ്രോഹം ചെയ്യുന്ന മത-ദൈവ വിശ്വാസങ്ങള്‍  വിമര്‍ശിക്കപ്പെടുകതന്നെ വേണം.  
ആധുനികസമൂഹനിര്‍മ്മിതിക്ക്  വിഘാതം സൃഷ്ടിക്കുന്ന  മതത്തിന്റെ പ്രതിലോമ 
പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷാകവചമായി  നില്‍ക്കുന്ന 295 A വകുപ്പും 
അനുബന്ധ വകുപ്പുകളും  എടുത്തുകളഞ്ഞു കൊണ്ട്‌ ജനാധിപത്യത്തിന്‍റെ 
ജീവവായുവായ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍
ഭരണാധികാരികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. അതോടൊപ്പം 
ഭരണകൂടവും, രാഷ്ട്രീയകക്ഷികളും അവരുടെ  മതപ്രീണനനയവും  
അവസാനിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യ ഒരു ജനാധിപത്യ
രാജ്യമാണ് എന്ന്‌ ഊറ്റം കൊള്ളുന്നതില്‍ അര്‍ത്ഥമുള്ളൂ.