കെ. കരുണാകരനും ഉദയാസ്തമയ പൂജയും
വലിയ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉദയാസ്തമയപൂജകളെപ്പറ്റി കേട്ടിരിക്കുമല്ലോ? ഗുരുവായൂര്‍ അമ്പലത്തിലെ ഉദയാസ്തമയപൂജയാണ് പ്രശസ്തം. ഉദയം മുതല്‍ അസ്തമയം വരെ നീണ്ടു നില്‍ക്കുന്ന പൂജയാണിത്. അതായത് ഈ വഴിപാടു കഴിക്കുന്നവര്‍ ഉദയം മുതല്‍ അസ്തമയം വരെ ഭഗവാനെ ആരാധിക്കുന്നു എന്നര്‍ത്ഥം. 50,000 രൂപയാണ് ഒരു പൂജക്കുള്ള ചാര്‍ജ്. വലിയ പണക്കാര്‍ക്ക് മാത്രമേ ഈ വഴിപാടു കഴിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ ആരെങ്കിലും ദയവു തോന്നി സാമ്പത്തികമായി സഹായിക്കണം. ഹൃദയശസ്ത്രക്രിയക്കും കിഡ്നി മാറ്റി വെക്കാനും ഉദാരമതികള്‍ സംഭാവന ചെയ്യാറുണ്ടല്ലോ. അത് പോലെ. ഉദയാസ്തമയ പൂജ കൊണ്ടു രോഗം മാറുമെങ്കില്‍ എന്താ സംഭാവന ചെയ്‌താല്‍. അല്ലെ? ഭക്തന്മാരായ ഉദാരമതികള്‍ക്ക് ഈ വഴിക്ക് ചിന്തിക്കാവുന്ന താണ്.
ശുഭകരമല്ലാത്ത ഒരു വാര്‍ത്ത എന്താണെന്നാല്‍ ഈ പൂജ ഇന്ന് ബുക്ക് ചെയ്യുകയാണെങ്കില്‍, വഴിപാടുകാരന്റെ ജീവിതകാലത്ത് ഈ പൂജ കഴിച്ചു കാണാനുള്ള ഭാഗ്യം ഉണ്ടായെന്നു വരില്ല എന്നതാണ്. കാരണം ഇപ്പോള്‍ തന്നെ ഇരുപതു കൊല്ലത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞത്രേ! ഇത്രയൊക്കെ പണം മുടക്കിയിട്ടും ജീവിച്ചിരിക്കുമ്പോള്‍ ഈ പൂജ കൊണ്ടു ഒരു ഫലവും കിട്ടില്ല എന്നര്‍ത്ഥം. ജീവിച്ചിരുന്നാലും ഫലം കിട്ടില്ല എന്നതു വേറെ കാര്യം. ഇതിനു പരിഹാരം കാണാന്‍ പുതിയ ചില നിര്‍ദേശങ്ങള്‍ ഇക്കഴിഞ്ഞ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി മുന്നോട്ടു വെച്ചിരുന്നു. ആഴ്ചയില്‍ ഒരു ദിവസം ഉ. അ. പൂജ നടത്തുക. ചാര്‍ജ് കുറയ്ക്കുക തുടങ്ങിയവ. പക്ഷെ തന്ത്രി അത് അംഗീകരിച്ചിട്ടില്ല എന്നു തോന്നുന്നു. ചിലപ്പോള്‍, ഭഗവാന്റെ ഇംഗിതം അറിയാന്‍ ദേവപ്രശ്നം വെച്ച് നോക്കെണ്ടിയും വരും.
ഇന്നത്തെ പത്രത്തില്‍ (18.06.11) ഒരു വാര്‍ത്ത കാണാനിടയാതാണ് ഇതൊക്കെ എഴുതാന്‍ കാരണം. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിലുള്ള ഉദയാസ്തമയ പൂജ ജൂണ്‍ 28 ന് നടത്തുമെന്നതാണ് ആ വാര്‍ത്ത. കരുണാകരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്തതാണ് ഈ പൂജ. എന്തിനായിരുന്നു പൂജ? ആയുരാരോഗ്യങ്ങള്‍ ക്കും, സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാവും എന്നു തോന്നുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കരുണാകരന്‍ മരിച്ചു. ഇനി ഈ പൂജ എന്തിനാണാവോ? ഒരു പക്ഷെ ആത്മാവിനു മോക്ഷം കിട്ടുമായിരിക്കും! അല്ലെ? വിശ്വാസികള്‍ക്ക് അങ്ങിനെ ആശ്വസിക്കാം. അതല്ല, ചിലപ്പോള്‍, പണം അടച്ച ഉടനെ അനുഗ്രഹം കിട്ടിക്കാണും. പണം അടച്ച കാര്യം ത്രികാലജ്ഞനായ ഭഗവാന് അറിയാതിരിക്കില്ലല്ലോ! പണം കിട്ടിയല്ലോ, ഇനി എന്ത് നോക്കാനാണ്, പൂജയൊക്കെ വഴിയെ വന്നോളും എന്നു ഗുരുവായൂരപ്പന്‍ കരുതിക്കാണും.
ബുദ്ധിയുള്ള മനുഷ്യരുടെ ഓരോ വിവരക്കേടുകള്‍ കാണുമ്പോള്‍ അത്ഭുതമോ നിരാശയോ ദുഖമോ എന്തൊക്കെയോ തോന്നുന്നു. കരിങ്കല്‍ പ്രതിമക്കു മനുഷ്യരുടെ പ്രാര്‍ത്ഥന കേട്ടു പ്രശ്ന പരിഹാരം നല്‍കാന്‍ കഴിയുമെന്നും, കൂടുതല്‍ കാശ് ചിലവുള്ള വഴിപാടു കഴിച്ചാല്‍, വലിയ തുക കൈക്കൂലി നല്‍കിയാല്‍ ഉദ്യോഗസ്ഥന്മാര്‍ സന്തുഷ്ടരാകുന്നത് പോലെ, (ഇല്ലാത്ത) ദൈവവും പ്രീതിപ്പെടുമെന്നും കരുതുന്നവരുടെ 'ബുദ്ധി' യെപ്പറ്റി എന്ത് വ്യാഖ്യാനമാണു നല്‍കുക. പ്രാര്‍ഥിച്ചത് കൊണ്ടോ പൂജ കഴിച്ചത് കൊണ്ടോ വിചാരിച്ച കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്ന് എന്നാണു ആളുകള്‍ മനസ്സിലാകുക? ആളുകളുടെ ഈ വിവരമില്ലായ്മ ചൂഷണം ചെയ്തു കൊണ്ടല്ലേ ആരാധനാലയങ്ങളും, മത സ്ഥാപന ങ്ങളും, പുരോഹിതന്‍മാരും തടിച്ചു കൊഴുക്കുന്നത് എന്ന ചോദ്യം ഉറക്കെ ചോദിക്കാന്‍ എന്തിനാണ് മടിക്കുന്നത്? വിലയേറിയ ഇത്തരം വഴിപാടുകള്‍ പരസ്യം ചെയ്യുന്ന ക്ഷേത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഞ്ചനയല്ലേ ചെയ്യുന്നത്? ആള്‍ ദൈവങ്ങളുടെ വഞ്ചനയെപ്പറ്റി പറയുന്ന പുരോഗമനവാദികള്‍ ഈ വഞ്ചന കാണുന്നില്ല. ഇത് എന്തോ മഹത്തായ കാര്യമായിട്ടാണ് പൊതുസമൂഹം കണക്കാക്കുന്നത്. ഇത് അവര്‍ വിശ്വസിക്കുന്ന 'നന്മ നിറഞ്ഞ' ദൈവത്തിനെ യഥാര്‍ത്ഥത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയാണു ചെയ്യുന്നത് എന്നവര്ക്കറിയില് ലേ? അതായത് വിലപിടിച്ച പൂജ ചെയ്യുന്ന ഭക്തന് (പണക്കാരന്) കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്ന ദൈവം ധനികപക്ഷപാതിയാണ് എന്നു വരുന്നു. ഇത് പ്രകീര്‍ത്തിക്കപ്പെടുന്ന ദൈവസങ്കല്‍പ്പത്തിനു ഒരിക്കലും നിരക്കുന്നതല്ല. ക്ഷേത്രങ്ങളും, ഭക്തന്‍മാരും കൂടി അവരുടെ തന്നെ ദൈവത്തെ കൈക്കൂലി വാങ്ങുന്ന ഒരു ഭരണാധികാരിക്ക് തുല്യനാക്കി അധപ്പതിപ്പിച്ചിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ