Wednesday, October 31, 2012

ക്ഷേത്രം വൈദ്യുതീകരിക്കാന്‍ എം.എല്‍.എ. ഫണ്ട്
    എം.എല്‍.എ. ഫണ്ടില്‍  ക്ഷേത്രം വൈദ്യുതീകരിച്ചു. 27.10.12 ലെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയാണിത്. വിമര്‍ശിച്ചു കൊണ്ടുള്ള  വാര്‍ത്തയൊന്നുമല്ല കെട്ടോ. എങ്ങിനെ വിമര്‍ശിക്കും?
ഇടതുപക്ഷത്ത് നില്‍ക്കുന്ന എം.എല്‍.എ. പി.ടി.എ. റഹീ മിന്റെ ഫണ്ടില്‍ നിന്നാണല്ലോ ക്ഷേത്രം വൈദ്യുതീകരിച്ചത്.  കുന്ദമംഗലത്തിനടുത്തുള്ള വെള്ളനൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലാണ് പൊതുഫണ്ട് ഉപയോഗിച്ച് വൈദ്യുതീകരണം നടത്തിയിട്ടുള്ളത്. എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാ, ഇതൊന്നും മതേതരത്വ ആശയത്തിന് വിരുദ്ധമല്ലേ? എം.എല്‍.എ. ഫണ്ട് എന്നാല്‍ അദ്ദേഹം സമ്പാദിച്ച പണമൊന്നുമല്ലല്ലോ. സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച പണമല്ലേ അത്? അതും അദ്ദേഹത്തിനു തോന്നിയ പോലെ ചിലവഴിക്കാന്‍ സാധിക്കുമോ? എം.എല്‍.എ. ഫണ്ട് എന്ന രൂപത്തില്‍ പ്ലാന്‍ ഫണ്ട് വകയിരുത്തുന്നതിനെ സി.പി.എം. ആദ്യകാലത്ത് എതിര്‍ത്തിരുന്നു. ഈ ഫണ്ട് ജനകീയാസൂത്രണത്തില്‍ പെടുത്തണമെന്നാണ് പാര്‍ട്ടി പറഞ്ഞിരുന്നത്. യു.ഡി.എഫാണ് ഇത്തരമൊരു സമ്പ്രദായം കൊണ്ട് വന്നത്. ഇപ്പോള്‍ സി.പി.എം. അവരുടെ എതിര്‍പ്പൊക്കെ മാറ്റി വെച്ചിരിക്കുകയാണ്. എന്താണാവോ കാരണം? ഒരു പക്ഷെ പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ഉണ്ടായിക്കാണും.
   
         പണമില്ലാത്തത് കൊണ്ട് നാട്ടില്‍ പൊതുസമൂഹത്തെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതൊക്കെ പരിഹരിച്ചിട്ട് പോരെ മതകാര്യങ്ങള്‍ക്ക് എം.എല്‍.എ. ഫണ്ട് ഉപയോഗിക്കുന്നത് എന്ന് എന്താണാവോ ആരും ചോദിക്കാത്തത്. മത കാര്യങ്ങള്‍ സ്വകാര്യമായിരിക്കണം എന്നതാണ് മതേതരത്വത്തിന്റെ ഒരു തത്വം. അതായത് മതകാര്യങ്ങള്‍ അതാതു മതത്തില്‍ പെട്ട വിശ്വാസികളാണ്  കൈകാര്യം ചെയ്യേണ്ടത് എന്നര്‍ത്ഥം. ആ അര്‍ത്ഥത്തിലാണ് ഹജ്ജിനു സബ്സീഡി കൊടുക്കരുത് എന്ന് യുക്തിവാദികള്‍ പറയുന്നത്.  അമ്പലത്തിന്റെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെങ്കില്‍  വിശ്വാസികളുടെ കയ്യില്‍ നിന്ന് സംഭാവന സ്വീകരിക്കുക. എന്നിട്ട്  കാര്യം നടത്തുക. അല്ലാതെ എല്ലാ മതക്കാരില്‍ നിന്നും  ഒരു മതത്തിലും വിശ്വസിക്കാത്തവരില്‍ നിന്നും ഈടാക്കുന്ന നികുതിപ്പണം ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസ (അന്ധവിശ്വാസം എന്നതാണ് ശരി) കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തികച്ചും മതേതരത്വവിരുദ്ധമായ കാര്യമാണ്. എം.എല്‍.എ. എന്തോ ജനോപകാരപ്രദമായ കാര്യം ചെയ്തു എന്നാണു ദേശാഭിമാനി റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നുക. കഷ്ടം, നമ്മുടെ പുരോഗമന വാദികളുടെ ഒരവസ്ഥ!Tuesday, October 30, 2012

കൌതുകവാര്‍ത്ത: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സി.പി.എം.യുക്തിവാദികളില്‍ ആഹ്ലാദമുണ്ടാക്കുന്ന  ഒരു വാര്‍ത്ത 29.10.12 ന്റെ ദേശാഭിമാനി പത്രത്തില്‍ കാണാം. വാര്‍ത്തയുടെ തലവാചകം ഒന്നാം പേജില്‍ ഇങ്ങനെയാണ്: "കേരളപ്പിറവി ദിനത്തില്‍ കാല്‍ലക്ഷം കേന്ദ്രങ്ങളില്‍ നവോത്ഥാനസദസ്സ്". സംഘടിപ്പിക്കുന്നത്, സി.പി.എം. ആണ്. "നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന സന്ദേശവുമായി കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിനു സംസ്ഥാനത്ത് കാല്‍ ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ കുടുംബസദസ്സ് സംഘടിപ്പിക്കും" എന്ന് വാര്‍ത്ത തുടങ്ങുന്നു.  "പാര്‍ട്ടിയുടെ 28,000 ത്തോളം വരുന്ന ബ്രാഞ്ചുകളില്‍ സദസ്സ് സംഘടിപ്പിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാനും പുതിയ കാലത്തിന്റെ ശാസ്ത്രയുക്തിബോധം ഉള്‍ക്കൊള്ളാനും ജനലക്ഷങ്ങള്‍ ഏകമനസ്സായി കുടുംബസദസ്സുകളില്‍ പ്രതിജ്ഞയെടുക്കും". വാര്‍ത്ത തുടരുന്നു. കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനുള്ള ആര്‍ജവം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
         രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ അധികാരത്തിലെത്തണമെങ്കില്‍  വോട്ടുനേടി ഭൂരിപക്ഷം ഉറപ്പിച്ചേ പറ്റൂ. അന്ധവിശ്വാസത്തില്‍ ആണ്ടുമുങ്ങിക്കിടക്കുന്നവരാണ് വോട്ടര്‍മാര്‍ അധികവും. അങ്ങനെയിരിക്കെ തങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എന്തെങ്കിലും പറഞ്ഞാല്‍ അന്ധവിശ്വാസികളായ വോട്ടര്‍മാരുടെ വോട്ടു നഷ്ടപ്പെടും എന്നാണു രാഷ്ട്രീയ കക്ഷികള്‍ വിശ്വസിക്കുന്നത്. വൈരുദ്ധ്യാത്മകഭൌതികവാദം പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥരായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പോലും
അതുകൊണ്ടാണ് അന്ധവിശ്വാസങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത്. അധികാരത്തിലിരിക്കവേ 2008 ല്‍ ആള്‍ദൈവ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാതാ അമൃതാനന്ദ മയിക്കെതിരെ ചെറുവിരലനക്കാതിരുന്നത് ലക്ഷക്കണക്കിന്‌ വരുന്ന അമൃതഭക്തരായ ഇടതുപക്ഷക്കാരുടെ വോട്ടു നഷ്ടപ്പെടും എന്ന് ഭയന്നിട്ടാണ്. പ്രത്യക്ഷത്തില്‍ തട്ടിപ്പുകള്‍ ഒന്നും കാണപ്പെടുന്നില്ല എങ്കില്‍പ്പോലും സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയുടെ പേരിലെങ്കിലും അമൃതാനന്ദമയീ മഠത്തിനെതിരെ അന്വേഷണം നടത്താമായിരിന്നു. അക്കാലത്ത് (2008 ല്‍)   ബിലീവേഴ്സ് ചര്ച്ച് സ്ഥാപകന്‍ കെ.പി. യോഹന്നാനെയും, മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ സ്വാമി സുനില്‍ ദാസിനേയും ആത്മീയചൂഷകരെന്നു വിശേപ്പിച്ചു കൊണ്ട്
ദേശാഭിമാനിയില്‍ ലേഖനങ്ങള്‍ വന്നിരിന്നു. വ്യാജചികിത്സ നടത്തുന്നു, ട്രസ്റ്റിന്റെ പേരില്‍ ഭൂമി കച്ചവടം നടത്തുന്നു എന്നൊക്കെയായിരിനു സുനിലിന്റെ പേരിലുള്ള ആരോപണങ്ങള്‍. അതെന്തായാലും ഇന്ന് സ്വാമി സുനില്‍ദാസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സമൂഹത്തിന്റെ ആദരവിനു പാത്രമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ സംഭാവന നേടിയെടുത്ത കെ.പി.യോഹന്നാന്‍ മാന്യനായി വിലസുന്നു. "ജിലേബിസ്വാമി " എന്ന പരിഹാസപ്പേരില്‍  അറിയപ്പെട്ടിരുന്ന ശരവണന്‍ സ്വാമി ഇപ്പോള്‍ വലിയ ആത്മീയാചാര്യനായി
അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു നടക്കുന്നു. എല്ലാ ആള്‍ദൈവ ആത്മീയ തട്ടിപ്പ് വീരന്മാരും അഗ്നിശുദ്ധി വരുത്തി, വര്‍ദ്ധിതവീര്യം നേടി ജനങ്ങളെ സായൂജ്യത്തിലേക്ക്  നയിച്ച്‌ കൊണ്ടിരിക്കുകയാണ്.

         ദേശാഭിമാനിയില്‍ കണ്ട പ്രസ്താവന യില്‍  അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും പറ്റി  പരാമര്‍ശ മുണ്ടെങ്കിലും , പാര്‍ട്ടിനേതാക്കള്‍, എന്താണ് അന്ധവിശ്വാസങ്ങളെന്നോ എന്തൊക്കെയാണ് അനാചാരങ്ങളെന്നോ വിശദീകരിച്ചതായി  കാണുന്നില്ല. ഏറ്റവും വലിയ അന്ധവിശ്വാസമായ വിഗ്രഹാരാധനയെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോ? യാഗങ്ങളും ഹോമങ്ങളും അന്ധവിശാസങ്ങളായി പ്രഖ്യാപിച്ചു അവക്കെതിരെ ആശയപ്രചരണം നടത്താന്‍ പാര്‍ട്ടി തയ്യാറാവുമോ? ആള്‍ദൈവങ്ങള്‍ക്കെതിരെ എന്തെങ്കിലും ഉരിയാടാന്‍ പാര്‍ട്ടിക്ക് സാധ്യമാണോ? ജ്യോതിഷത്തില്‍ വിശ്വസിക്കരുത്  എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടോ? പൊന്നമ്പലമേട്ടില്‍ കത്തുന്ന ജ്യോതി മനുഷ്യനിര്‍മ്മിതമാണെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും ആ വഞ്ചന അവസാനിപ്പിക്കാന്‍ പാര്‍ട്ടി മുന്‍കൈ  എടുക്കുമോ? 1967ലെ ഇ.എം.എസ്സ് സര്‍ക്കാര്‍ നിരോധിച്ച ജന്തുബലി ഇപ്പോഴും പല കാവുകളിലും മറ്റും നടക്കുന്നുണ്ട്. ഇത് തടയാന്‍ പാര്‍ട്ടിക്ക് കഴിയുമോ? ജീവിതപ്രശ്നങ്ങള്‍ക്ക് കാരണം വീടിന്റെ സ്ഥാനമാണ് എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന വാസ്തു ശാസ്ത്രം കപടശാസ്ത്രമാണെന്ന് ഉറക്കെപ്പറയാന്‍ പാര്‍ട്ടിക്ക് കഴിയുമോ? ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ഥിച്ചത് കൊണ്ടോ അവിടുത്തെ വ്യാജചികിത്സക്ക് വിധേയമായതു കൊണ്ടോ മാനസികരോഗം മാറില്ലെന്ന് വിളിച്ചു പറയാന്‍ പാര്‍ട്ടിക്ക് സാധ്യമാണോ?
ഹജ്ജിനു പോയതുകൊണ്ട് സ്വര്‍ഗ്ഗമൊന്നും ലഭിക്കാന്‍ പോകുന്നില്ലെന്നും സ്വര്‍ഗ്ഗനരകങ്ങള്‍ തന്നെ മിഥ്യയാണെന്നും ചെകുത്താനും ജിന്നുമൊന്നും  ഇല്ലെന്നും ഇസ്ലാമിക വിശ്വാസികളോട് പറയാന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടാകുമോ? മരണാനന്തര ചടങ്ങുകളും അതിനോടനുബന്ധിച്ചുള്ള ആഡംബര പ്രകടനങ്ങളും നിരുത്സാഹപ്പെടുത്താന്‍ പാര്‍ട്ടി ആഹ്വാനം ചെയ്യുമോ? ഇതൊന്നുമല്ലെങ്കില്‍ പിന്നെ ഏത്  അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയാണ് പാര്‍ട്ടിയുടെ നവോദ്ധാനസദസ്സ്?
യഥാര്‍ത്ഥത്തില്‍ മേല്‍പ്പറഞ്ഞ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ഒരക്ഷരം പാര്‍ട്ടി ഉരിയാടുമെന്നു തോന്നുന്നില്ല. ലീഗിന്റെ മതാധിഷ്ടിത ഭരണ ഇടപെടലുകള്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദം, ആര്‍.എസ്.എസ്സിന്റെ ഹിന്ദു വര്‍ഗ്ഗീയത, നായര്‍-ഈഴവ ഐക്യം ഇതൊക്കെയാണ് പാര്‍ട്ടിയുടെ ദൃഷ്ടിയില്‍ കേരള സമൂഹത്തിന്റെ ആധുനിക വല്‍ക്കരണത്തിന് വിഘാതമായി നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും എന്നാണു ചില നേതാക്കളുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാവുന്നത്. ആകര്‍ഷകമായ മുദ്രാവാക്യം മുന്നോട്ടു വെക്കുന്നതും അടവും തന്ത്രവുമായിരിക്കാം!!Saturday, October 20, 2012

എം ആര്‍.രാജേഷും ഗണപതിയും

                           

    ഓരോ മതപരമായ ആഘോഷങ്ങള്‍ വരുമ്പോഴും  മാതൃഭൂമിയില്‍ ആ മതത്തിന്റെ ഗ്രന്ഥങ്ങളെയും, ഐതീഹ്യങ്ങളേയും  ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി അതാതു മതങ്ങളിലെ പണ്ഡിതന്മാരെക്കൊണ്ട് ലേഖനപരമ്പരകള്‍ എഴുതിക്കാറുണ്ട്. ഏറ്റവും അവസാനമായി ഇത്തരം അവതരണങ്ങള്‍ കണ്ടത് ഓണത്തിനും ഈദുല്‍ ഫിത്തറിനുമായിരുന്നു. ആ സമയത്ത് ഇസ്ലാമിന് വേണ്ടി ഡോ : ഹുസ്സയിന്‍ രണ്ടത്താണിയാണ് മുഖ്യമായും ലേഖനപരമ്പരകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടി പലരും ഉണ്ടായിരുന്നു ഹുസ്സയിന്റെ ദൌത്യം  ആധുനിക ശാസ്ത്രസിദ്ധാന്തങ്ങള്‍ പലതും ഖുര്‍ ആനില്‍ ഉണ്ടെന്നു സമര്‍ത്ഥിക്കലായിരുന്നു. അക്കാര്യത്തില്‍ മി: രണ്ടത്താണി വലിയ മെയ് വഴക്കം പ്രകടിപ്പിച്ചെങ്കിലും ശാസ്ത്രമറിയാവുന്നവര്‍  അതൊക്കെ വായിച്ചു പൊട്ടിച്ചിരിച്ചിരിക്കാനാണ് സാധ്യത. അത്രമാത്രം ഫലിതങ്ങളായിരുന്നു ആ വ്യാഖ്യാനങ്ങള്‍.
     ഇപ്പോഴിതാ നവരാത്രി ആഘോഷവേളയില്‍ 'നവരാത്രി ചിന്തകള്‍' എന്ന ശീര്‍ഷകത്തില്‍
നമ്മുടെ വേദപണ്ഡിതന്‍ ആചാര്യ ഡോ: എം.ആര്‍ രാജേഷ് അവര്‍കള്‍ മാതൃഭൂമിയില്‍ പരമ്പര എഴുതിത്തുടങ്ങിയിരിക്കുന്നു. ഹിന്ദുക്കളെയെല്ലാം ജാതികള്‍ക്കതീതമായി വേദപണ്ഡിതരും യാഗ-യജ്ഞ-ഹോമ വിദഗ്ദ്ധരുമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ നമ്മുടെ രാജേഷ്! എല്ലാ ഹിന്ദുക്കളും ഇതൊക്കെയങ്ങു പഠിച്ചിറങ്ങട്ടെ. പിന്നെ നമ്മുടെ ഈ ഇന്ത്യാമഹാരാജ്യം സ്വര്‍ഗ്ഗരാജ്യമാവില്ലേ മോനെ!
     അതിരിക്കട്ടെ. 18.10.12 ലെ മാതൃഭൂമിയില്‍ ആചാര്യന്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയേണ്ടേ? മഹാഗണപതിയെ ക്കുറിച്ചാണ് ആദ്യത്തെ ഗവേഷണപ്രബന്ധം. 'മഹാഗണപതിയെ ഉപാസിക്കുമ്പോള്‍' - ഇതാണ് തലക്കെട്ട്‌. ഇതിലെ ആദ്യത്തെ വാക്യം ഇങ്ങനെയാണ്: "അറിവ് മന്ത്രോപദേശത്തിലൂടെ ആചാര്യന്‍ നല്‍കിയത്  കൊണ്ട് മാത്രം
ദിവ്യലോകങ്ങള്‍ സാക്ഷാത്കരിക്കാമെന്ന് കരുതരുത്." എന്താണ് ഇതിന്റെ അര്‍ത്ഥം? പണ്ടുകാലത്ത് ഋഷിമാര്‍ ശിഷ്യന്മാര്‍ക്ക് മന്ത്രരൂപത്തിലാണ് അറിവ് പകര്‍ന്നു നല്‍കിയത് എന്ന് കേട്ടിട്ടുണ്ട്. ഉപനിഷത്ത് ഒക്കെ  അങ്ങനെയുണ്ടായതാണല്ലോ.പക്ഷെ ഇന്ന് അതിനെന്തു പ്രസക്തിയാണ് ഉള്ളത്? സ്കൂളിലും കോളേജിലും അധ്യാപകര്‍ മന്ത്രം ചൊല്ലിയാണോ പഠിപ്പിക്കുന്നത്!! പിന്നെ, എന്താണ് ഈ ദിവ്യലോകങ്ങള്‍? ദൈവീകമായ ലോകങ്ങള്‍ എന്നാണു ഇതിന്റെ അര്‍ത്ഥം. അങ്ങനെയൊരു ലോകം രാജേഷിനു മാത്രമേ അറിയുകയുള്ളു. അടുത്ത വാക്യം നോക്കൂ: "പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികളെ സ്വശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു". ഈ വാക്യവും സാധാരണക്കാരന് ദുര്ഗ്രഹമാണ്. അത് തന്നെയാണ് ഇവരുടെ ലക്ഷ്യവും. പരിചിതമല്ലാത്ത വാക്കുകള്‍ പ്രയോഗിച്ചു വായിക്കുന്നവരില്‍ വിസ്മയമുണ്ടാക്കുക. ജ്യോത്സ്യന്മാര്‍ ഇതാണ് ചെയ്യുന്നത്. അവര്‍ സംസ്കൃതം ചൊല്ലി ഉപഭോക്താക്കളെ അമ്പരപ്പിക്കുകയും തങ്ങള്‍ അതിമാനുഷരാണെന്ന് തോന്നിപ്പിക്കുകയും ജ്യോത്സ്യകാപട്യത്തിന് വിശ്വാസ്യത വരുത്തുകയും ചെയ്യുന്നു. അതെ വിദ്യ തന്നെയാണ് രാജേഷും ചെയ്യുന്നത്. എന്താണ് പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികള്‍? പ്രപഞ്ചത്തില്‍ പല ശക്തികളുമുണ്ടെന്നും അതെല്ലാം ദൈവത്തിന്റെ വെളിപ്പെടുത്ത ലുകളാണെന്നും ആത്മീയവാദികള്‍ പ്രചരിപ്പിച്ചു പോരുന്ന അസത്യമാണ്. യഥാര്‍ത്ഥത്തില്‍
അങ്ങനെ ദൈവീകമായ ശക്തികള്‍ ഒന്നുമില്ല. നാല് ബലങ്ങളാണ് പ്രപഞ്ചത്തിലുള്ളത് എന്നാണു ഭൌതികം പറയുന്നത്. അത് പദാര്‍ഥങ്ങളില്‍ ബന്ധിതമാണ്. അതിനപ്പുറം ദൈവമെന്ന വേറൊരു ശക്തിവിശേഷം പദാര്‍ത്ഥങ്ങളെ നിയന്ത്രിക്കുന്നില്ല. ഉണ്ടെന്നു വരുത്തലാണ് ഈ വാചകത്തിന്റെ ഉദ്ദേശം. "സ്വശരീരത്തില്‍ തിരിച്ചറിയുക" എന്നാലെന്താണ്? ഇന്ദ്രിയങ്ങള്‍  കൊണ്ട് മനസ്സിലാക്കുക എന്നാവണം അര്‍ത്ഥം. അങ്ങനെ മനസ്സിലാക്കണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന്
പ്രാചീനര്‍  വിശ്വസിച്ചിരുന്നു എന്നാണു രാജേഷ്‌ പറയുന്നത്. പ്രാചീനരുടെ തലയിലിടണോ ഈ അന്ധവിശ്വാസം? താനും അങ്ങനെ വിശ്വസിക്കുന്നു എന്ന് തുറന്നങ്ങ്  പറഞ്ഞൂടെ സാറേ!
     ഇനി രാജേഷ്‌ ഈ ലേഖനത്തിലൂടെ പറയുന്നത് എന്താണെന്ന് ചുരുക്കിപ്പറയാം. ഒരു ദേവതയെ സാക്ഷാല്‍ക്കരിക്കണമെങ്കില്‍ ഉപാസകനെ ആ ദേവത പ്രസാദിക്കണം. ഉപാസകന്റെ മനസ്സ് ശുദ്ധമായിരിക്കണം.എന്നാലേ  ദേവത പ്രസാദിക്കുകയുള്ളൂ. ശരീരത്തിന്റെ അകത്തുള്ള ദിവ്യ ശക്തികള്‍ അനുഗുണമല്ലെങ്കില്‍ ദൈവാനുഗ്രഹം ഉണ്ടാവില്ല. ഇപ്പോള്‍ മനസ്സിലായില്ലേ. പ്രാര്‍ത്ഥന കൊണ്ട് എന്താണ് ഗുണം കിട്ടാത്തത് എന്ന്! ശരീരത്തിന്റെ അകത്ത് എന്ത് ദിവ്യ ശക്തിയാണ്  ഉള്ളതാവോ? നമുക്കറിയുന്ന ശരീരശാസ്ത്രം അങ്ങനെയൊരു ശക്തിയെപ്പറ്റി പറയുന്നില്ല. ഇനിയാണ് രാജേഷ്‌ കാര്യത്തിലേക്ക് കടക്കുന്നത്‌  ഉപാസകന്റെ (എന്ന് വെച്ചാല്‍ ഭക്തന്‍ തന്നെ) മനസ്സും ബുദ്ധിയും ശുദ്ധമായി ദേവതയുടെ അനുഗ്രഹം കിട്ടണമെങ്കില്‍ ഒരു വഴിയേയുള്ളൂ. മഹാഗണപതിയെ ഭജിക്കണം. അപ്പോള്‍ ഗണപതിയുടെ പ്രസാദം കിട്ടാന്‍ ആദ്യമേ മനസ്സും ബുദ്ധിയും ശുദ്ധമാവണമെന്നില്ല  അല്ലെ?
       ചുരുക്കിപ്പറഞ്ഞാല്‍ സംഗതി ഇതാണ്: വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, ദൈവവിശ്വാസവും വേണം. വെറുതെ ദൈവത്തെ വിശ്വസിച്ചത് കൊണ്ടായില്ല.  മനസ്സ് നന്നാവണം. ഇല്ലെങ്കില്‍ പ്രാര്‍ഥിച്ചത് കൊണ്ട്  ഫലമുണ്ടാവില്ല. മനസ്സ് നന്നാവാന്‍ ഗണപതിയെ ഉപാസിക്കണം. എന്നാല്‍ എല്ലാ വിഘ്നങ്ങളും നീങ്ങും. (എല്ലാവരും ഗണപതിഹോമം കഴിക്കണം) ഇതാണ് ആചാര്യന്‍ പറയുന്നത് എന്നാണു എനിക്ക് മനസ്സിലായത്‌. ഇത്രയും ലളിതമായ കാര്യം, ആളുകളെ ഭ്രമിപ്പിക്കാന്‍ വേണ്ടി വിദ്വാന്‍ സംസ്കൃതം കലര്‍ത്തി പറയുകയാണ്‌. ഇതൊക്കെ ആരെ പറ്റിക്കാനാണ് സുഹൃത്തേ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗണപതിഭഗവാന്‍  വിഘ്നം തീര്‍ക്കും എന്ന് കരുതുന്നവന്റെ 'പുത്തി' അപാരം എന്നേ  പറയേണ്ടു.


Wednesday, October 17, 2012

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം


                     
1945  ല്‍ അമ്പലപ്പുഴയില്‍  വെച്ചാണ് സംഘടനയുടെ ആദ്യരൂപം ഉണ്ടായത്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം.  പി.എന്‍. പണിക്കര്‍ ഈ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലിയതാണ്. 1989 ല്‍ കേരള നിയമസഭ ഗ്രന്ഥശാലാനിയമം പാസ്സാക്കി. ഗ്രന്ഥശാലാ നിയമം അവതരിപ്പിച്ചത് അന്നത്തെ വിദ്യാഭാസമന്ത്രി കെ. ചന്ദ്രശേഖരനായി ന്നു. 1994 ലാണ് നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സമിതി നിലവില്‍  വന്നത്. കേരള സ്റ്റേറ്റ്‌ പബ്ലിക് ലൈബ്രറീസ്  ആക്റ്റ് പാസ്സാക്കിയത് സ: ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയുടെ കാലത്താണ്. 
      ഇപ്പോള്‍  6000ത്തോളം   ലൈബ്രറികള്‍ കൌണ്‍സിലില്‍ അഫിലിയേറ്റ്  ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്.

     കോഴിക്കോട് ജില്ലയില്‍ 486 ലൈബ്രറികള്‍ ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. (കെ. ചന്ദ്രന്‍ മാസ്റ്റര്‍ 15.12.12 ലെ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്)
       ലൈബ്രറി നിയമം വരുന്നതിനു മുമ്പ് ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ ഉദ്യോഗസ്ഥ-ഭരണകൂട മേധാവിത്വമാണുണ്ടായിരുന്നത്. നിയമം നടപ്പിലായപ്പോള്‍ പൂര്‍ണ്ണ ജനാധിപത്യം പുലരുകയുണ്ടായി. 
       ലൈബ്രറി ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പിരിക്കുന്ന കെട്ടിട  നികുതിയുടെ 5 ശതമാനം ലൈബ്രറി കൌണ്‍സിലിനു സര്‍ക്കാര്‍ നല്‍കേണ്ടതായിട്ടുണ്ട്. ഇത് ഏകദേശം 18-20 കോടി രൂപ വരും. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി നീക്കി വെക്കുന്ന തുകയുടെ ഒരു ശതമാനത്തിലധികം വരാത്ത തുകയാണ് മറ്റൊരു ധനാഗമമാര്‍ഗ്ഗം.അത് 150 കോടിയോളം രൂപ വരും. 4 ഗഡുക്കളായാണ് ഗവര്‍മെന്റ് ഗ്രാന്റ് നലികുന്നത് - ഏപ്രില്‍, ജൂലായ്‌, ഒക്ടോബര്‍, ജനവരി എന്നീ മാസങ്ങളില്‍. പക്ഷെ സര്‍ക്കാര്‍ ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ല.
       രണ്ടു ടേമില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിസ്ഥാനത്ത് ഇരിക്കരുത് എന്നാണു നിയമം. 
ഗ്രന്ഥശാലാ സംഘത്തില്‍ ചേരണമെങ്കില്‍ ലൈബ്രറികള്‍ക്കു                പുസ്തകങ്ങളും 
ആനുകാലികങ്ങളും വേണം. 
      മൂന്നു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കും. അംഗഗ്രന്ഥശാലകളില്‍ നിന്നും രണ്ടു പ്രതി നിധികളെ തിരഞ്ഞെടുക്കണം. ഇവര്‍ ചേര്‍ന്നതാണ് താലൂക് കൌണ്‍സില്‍. താലൂക്  കൌണ്‍സിലര്‍മാരില്‍  നിന്നും ജില്ലാ കൌണ്‍സിലര്‍മാരെ തിരഞ്ഞെടുക്കും. ഇവരില്‍ നിന്നാണ് സംസ്ഥാന കൌന്സിലര്‍മാരെ തിരഞ്ഞെടുക്കുന്നത്. ഓരോ കൌണ്‍സിലില്‍ നിന്നും ഓരോ നിര്‍വാഹക സമിതിയെ തിരഞ്ഞെടുക്കുന്നു. അതില്‍നിന്നും പ്രസിടന്റ്റ്, വൈസ് പ്രസിഡന്റ്  സിക്രട്ടറി, ജോ:സിക്രട്ടറി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നു. 
       വായന വളര്‍ത്തുക എന്നതാണ് മുഖ്യ ലക്‌ഷ്യം. ഇതിനായി വിദ്യാര്‍ത്ഥി കള്‍ക്ക് താലൂക്, ജില്ലാ, സംസ്ഥാന തല വായനാമത്സരങ്ങള്‍ നടത്തുന്നു. ലൈബ്രറി കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ വായിച്ചു അവയുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ ചോദിക്കുക.
വനിതകള്‍ക്കിടയിലെ വായനാശീലം വളര്‍ത്താന്‍ വനിതാപുസ്തകവിതരണ പദ്ധതിയുണ്ട്.
ഇതിന്റെ ലൈബ്രേറിയന്മാരായി  നിയോഗിക്കപ്പെട്ട വനിതകള്‍ക്ക് പ്രതിമാസ അലവന്‍സ് ലഭിക്കുന്നുണ്ട്..
     ലൈബ്രറികളെ  അവയുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി, എന്നീ ഗ്രേഡ് 
കളാക്കി തിരിച്ചിട്ടുണ്ട്. 8,000 ത്തിനു മുകളില്‍ പുസ്തകങ്ങളും, സ്വന്തം കെട്ടിടവും, നിശ്ചിത എണ്ണം ആനുകാലികങ്ങളും ഉണ്ടെങ്കില്‍ എ ഗ്രേഡ് ആയിരിക്കും കെട്ടിടം നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. കൊല്‍ക്കത്ത ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷനും ഗ്രാന്റ് നല്‍കുന്നുണ്ട്. കെട്ടിട നവീകരണം, ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ   വാങ്ങുവാന്‍ ആര്‍.ആര്‍.എല്‍.എഫ്. ധനസഹായം നല്‍കുന്നുണ്ട്. അംഗ ഗ്രന്ഥശാലകള്‍ 
സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍  മുഖേനയാണ് അപേക്ഷിക്കേണ്ടത്. 
      സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലും ജില്ലാ ലൈബ്രറി കൌണ്‍സിലും പദ്ധതികള്‍ക്ക് രൂപം 
നല്‍കുന്നു. ചിലത് സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലും, ചിലത്, ജില്ലയും, ചിലത് താലൂക്കും മറ്റു ചിലവ അംഗ ഗ്രന്ഥശാലകളുമാണ് നടപ്പാക്കുക. വളരെ വിപുലമായ പദ്ധതികളാണ് ഓരോ വര്‍ഷവും ലൈബ്രറി കൌണ്‍സില്‍ ആവിഷ്കരിച്ചു നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. ഓരോ വായനശാലയും ഓരോ മാസവും ഓരോ പൊതു പരിപാടി നടത്തണം. ഒരു പരിപാടിക്ക് 500 രൂപ വെച്ച് കൌണ്‍സില്‍ നല്‍കുന്നതാണ്. കോഴിക്കോട് ജില്ലയിലെ 454 ലൈബ്രറികളില്‍ പലതും ഇങ്ങനെ പരിപാടികള്‍ നടത്താറുണ്ട്‌. 2009-10 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ 27 പദ്ധതികള്‍ ഉണ്ടായിരുന്നു. ചില പദ്ധതികള്‍:
 1. അറിവരങ്ങു: വിവധ വിഷയങ്ങളില്‍  ക്ലാസ് 
 2. വിജ്ഞാനപോഷണ സദസ്സ്: തൊഴിലന്വേഷകര്‍ക്കുള്ള ക്ലാസ്സുകള്‍ 
 3  പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ് 
 4 ചലച്ചിത്രോത്സവം 
 5  കര്‍ഷകസൌഹൃദ സായാഹ്നം 
 6. ബാലവേദി സംഗമം 
 7. സ്മൃതി സദസ്സ് 
 8.  പുസ്തകബൈണ്ടിംഗ് പരിശീലനം 
 9. നിയമസാക്ഷരതാ ക്ലാസ് 
10. വനിതാ വേദി പ്രവര്‍ത്തകക്യാംപ് 
11. വനിതാവേദി തൊഴില്‍ പരിശീലനം
12. ഗ്രന്ഥശാലകള്‍ക്ക് അലമാര നല്‍കല്‍ 
13.  സ്പീക്കര്‍ സെറ്റ് നല്‍കല്‍ 
 14. ബാലോല്‍സവം (കുട്ടികളുടെ കലാമത്സരങ്ങള്‍)
15. വിവിധ സെമിനാറുകള്‍ 
   എന്നിങ്ങനെ കുറേയധികം പദ്ധതിപ്രവര്‍ത്തനങ്ങള്‍  നടപ്പാക്കി.
   കുട്ടികള്‍ക്ക് ബാലവേദി, വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു സഹായകമായി വിദ്യാര്‍ത്ഥി കോര്‍ണ്ണര്‍ 
വനിതകള്‍ക്ക് വേണ്ടി വനിതാവേദി, സീനിയര്‍ സിറ്റിസന്‍സ് വേദി എന്നിവ  വായനശാലകളില്‍ 
രൂപീകരിച്ചിട്ടുണ്ട്..
        എ ഗ്രേഡ് ലൈബ്രറികള്‍ക്കു ഇപ്പോള്‍ വാര്‍ഷിക ഗ്രാന്റ്  20,000 രൂപയാണ് നല്‍കുന്നത്.
ഇതില്‍ 75 ശതമാനം തുകക്ക് നിര്‍ബന്ധമായും പുസ്തകം വാങ്ങിയിരിക്കണം.
ബാക്കിയുള്ള 25 ശതമാനത്തിനു വായനശാലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാം.
ആദ്യകാലത്ത്  ഗ്രാന്റിന് പുസ്തകം വാങ്ങിയിരുന്നത്, പ്രധാനപ്പെട്ട പുസ്തകശാലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ജില്ലാ  ലൈബ്രറി കൌണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കേരളത്തിലെ ചെറുതും വലുതുമായ പുസ്തക പ്രസാധകരുടെ മേള സംഘടിപ്പിക്കുന്നുണ്ട്. ഗ്രാന്റിനുള്ള പുസ്തകങ്ങള്‍, ഗ്രന്ഥശാലകള്‍ ഇവിടെ നിന്നാണ് വാങ്ങുന്നത്. ഇതുകൊണ്ട് ചെറിയ പ്രസാധകര്‍ക്ക് പോലും പുസ്തകം വിറ്റഴിക്കാന്‍ കഴിയുന്നു. 
      ലൈബ്രറികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്താന്‍ ജില്ലാ കൌണ്‍സിലുകള്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും അംഗലൈബ്രറികള്‍ക്കു ഇക്കാര്യത്തില്‍ ശുഷ്കാന്തി കുറവാണ്.
വായനക്കാരുടെ എണ്ണം മുമ്പത്തെപ്പോലെ ഇപ്പോള്‍ അധികമില്ല. വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഗ്രന്ഥശാലകളെ അധികം ഉപയോഗപ്പെടുത്തുന്നത്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്. പുതിയ തലമുറ അവരുടെ പാഠപുസ്തകമല്ലാതെ വൈജ്ഞാനിക ഗ്രന്ഥങ്ങളോ സര്‍ഗാത്മക ഗ്രന്ഥങ്ങളോ വായിക്കുന്ന പതിവില്ല. യുവാക്കളിലും വായനാശീലം കുറവാണ്. അവരുടെ അഭിരുചിയില്‍ വന്ന മാറ്റമാണ് ഇത് കാണിക്കുന്നത്. പല ഗ്രന്ഥാലയങ്ങളിലും ഇപ്പോള്‍ ഇന്റര്‍നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. 
       ജില്ലാ ലൈബ്രറി കൌണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ വായനശാലകളുടെ ഗ്രേഡ് നിര്‍ണ്ണയിക്കാന്‍ വേണ്ടി വായനശാല സന്ദര്‍ശിച്ചു റെക്കോഡുകള്‍ പരിശോധിക്കും. ഇതിനു gradation എന്ന് പറയും. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ താലൂക് കമ്മിറ്റി വായനശാലകളുടെ രേഖകള്‍ പരിശോധിക്കും. 
       വൈകീട്ട് 5 മുതല്‍ 9 വരെ യാണ് പൊതുവേ വായനശാലകളുടെ പ്രവര്‍ത്തന സമയം. ഇതില്‍ മാറ്റം വരുത്തുവാന്‍ അതാതു വായനശാല അധികൃതര്‍ക്ക് അധികാരമുണ്ട്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈബ്രേരി യന്മാര്‍ക്ക് ഗ്രെടി നനുസരിച്ചു അലവന്‍സുകള്‍ നല്‍കുന്നുണ്ട്. എ ഗ്രേഡ് ലൈബ്രറികളുടെ ലൈബ്രേറിയന്മാര്‍ക്ക് വാര്‍ഷിക അലവന്‍സ്  12,000 രൂപയാണ് ഇപ്പോള്‍. സ്ത്രീകളാണ് ഭൂരിപക്ഷവും ഈ ജോലി ചെയ്യുന്നത്.
      മെംബെര്‍ഷിപ്‌: ആജീവനാന്തം, സാധാരണ എന്നീ അംഗത്ത്വങ്ങളാണ് ഇപ്പോഴുള്ളത്.
ലൈബ്രറി കൌണ്‍സില്‍ ഗ്രന്ധാലയങ്ങള്‍ക്ക് വേണ്ടി ഒരു മാതൃകാ നിയമാവലി അംഗീകരിച്ചിട്ടുണ്ട്. അതില്‍ മൌലികമായ മാറ്റങ്ങള്‍ വരുത്താന്‍ അംഗ ഗ്രന്ഥാലയങ്ങള്‍ ക്ക്  അധികാരമില്ല.
        വനിതാ പുസ്തക  വിതരണ പദ്ധതിയുടെ മെംബെര്‍ഷിപ്‌ വേറെ രീതിയിലാണ്.  വീടുകള്‍ തോറുമുള്ള വിതരണമാണത്. അതിലെ അംഗങ്ങള്‍ക്ക് സാധാരണ അംഗങ്ങളുടെ അവകാശം ഉണ്ടായിരിക്കുകയില്ല. 
        വായനശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പത്രങ്ങളും മറ്റും സംഭാവനയായി നല്കാറുണ്ട്. 
        കേരളത്തിലെ പോലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ച്ച പ്രാപിച്ച മറ്റു സംസ്ഥാനങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളത്തില്‍ വായനശാലകള്‍ പലതും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സാക്ഷരതാ പ്രവര്‍ത്തനം, ഹിന്ദി പ്രചാരണം എന്നിവയൊക്കെ  വായനശാലകള്‍ കേന്ദ്രീകരിച്ചു നടക്കുകയുണ്ടായി. ഗ്രാമീണ സര്‍വ്വകലാശാലകള്‍ എന്ന് വിളിക്കപ്പെട്ട ഗ്രന്ഥശാലകളുടെ ഇന്നത്തെ ദൌത്യം അനൌപചാരിക വിദ്യാഭ്യാസം, വിദ്യാര്‍ഥി കളുടേയും, യുവാക്കളുടെയും കലാ സാംസ്കാരിക അഭ്യുന്നതിയോടൊപ്പം, അവര്‍ക്ക് അറിവ് വിതരണം ചെയ്യുക, തൊഴില്‍ ലഭിക്കാന്‍ അവരെ സഹായിക്കുക എന്നതൊക്കെയാണ്.
     

Friday, October 12, 2012

വ്യാസന്‍ മുക്കുവനല്ല

       ഇന്ത്യന്‍ പാരമ്പര്യത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ക്ക് ഒരു മറുപടി 
                                                 --------------------
            ചാതുര്‍വര്‍ണ്യം എന്ന, മനുഷ്യകുലത്തിന്‌ അപമാനകരമായ
ഒരു സാമൂഹികവിഭജനവ്യവസ്ഥ, ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നത് 
ഒരു ചരിത്രയാഥാര്‍ത്യമാണ്. ഒരു മിത്ത് ആണെങ്കിലും 
ഭഗവത്ഗീതയില്‍ അതിന്റെ തെളിവുകള്‍ നമുക്ക് കാണാന്‍ 
കഴിയും. 
                      ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം                                        
                      ഗുണകര്‍മ്മ വിഭാഗശ:
                      തസ്യ കര്‍ത്താരമപിമാം
                      വിദ്ധ്യകര്‍ത്താരമവ്യയം  (അ: 4 ശ്ലോ: 13)
'ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ്' എന്നാണു ഭഗവാന്‍
ശ്രീകൃഷ്ണന്‍ പറയുന്നത്. മിത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ 
ചികയുമ്പോള്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ഉച്ചനീചത്വ
വ്യവസ്ഥക്ക് ദാര്‍ശനിക ആയുധം നല്‍കുകയായിരുന്നു 
ഗീതാകാരന്‍ എന്ന് കാണാന്‍ കഴിയും.
         മനുസ്മൃതി ഓരോ വര്‍ണ്ണത്തിന്റെയും കടമകളെയും
അധികാരത്തെയും പറ്റി വിശദമായി പ്രതിപാദിക്കുന്നു.
വേദം കേള്‍ക്കുന്ന ശൂദ്രന്റെ  ചെകിട്ടില്‍ ഈയം ഉരുക്കി
ഒഴിക്കണമെന്നും വേദം ചൊല്ലുന്ന ശൂദ്രന്റെ നാവു
പിഴുതുകളയണമെന്നുമൊക്കെ  മനു അനുശാസിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കും ശൂദ്രന്മാര്‍ക്കും ഒരേ സ്ഥാനമാണ് സാമൂഹിക
പദവിയുടെ കാര്യത്തില്‍  മനു നല്‍കിയിരിക്കുന്നത്. വര്‍ണ്ണാശ്രമ
വ്യവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന പടിയില്‍ നിക്കുന്ന
ബ്രാഹ്മണന്‍ ഒരു പാട് ആനുകൂല്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും
അര്‍ഹനാണ്. ഒരേ കുറ്റത്തിന് നാല് വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്ക്  
നാല് വിധം ശിക്ഷകളാണ് മനു നിര്‍ദ്ദേശിക്കുന്നത്. എത്ര 
ഗുരുതരമായ കുറ്റത്തിനും ബ്രാഹ്മണന് ലഘുവായ ശിക്ഷയേ 
ഉള്ളു. ശൂദ്രന് മറിച്ചും. ഇത്ര അനീതിനിഷ്ഠമായ ഒരു 
വ്യവസ്ഥയെ ന്യായീകരിക്കുന്നവര്‍ ഇക്കാലത്തും നമ്മുടെ 
രാജ്യത്തുണ്ട് എന്നത് അത്ഭുതകരമാണ്. വിശ്വാസം വിതച്ച്
ഹിന്ദുത്വം കൊയ്തെടുക്കാന്‍ മതത്തിന്റെ ഖഡ്ഗവുമായി
ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ പണ്ഡിതന്മാര്‍ തന്നെയാണ്
ഇക്കാര്യത്തില്‍ മുമ്പില്‍. ഒരുതരം തൊഴില്‍ വിഭജന
മായിരുന്നു അതെന്നും, സമൂഹത്തിന്റെ ഭദ്രമായ
നിലനില്‍പ്പിന് അന്നത്തെ സാഹചര്യത്തില്‍ അത്
അനിവാര്യമായിരുന്നെന്നും ഗാന്ധിജിയെ കൂട്ട് പിടിച്ചു
കൊണ്ട് അവര്‍ പറയും. ഹിന്ദുസമാജത്തിന്റെശത്രുവായി 
മുദ്രകുത്തി തങ്ങള്‍ വധിച്ച ഗാന്ധിജി ഇക്കാര്യത്തില്‍ 
അവര്‍ക്ക് മഹാനാണ്! ചാതുര്‍വര്‍ണ്യംഗ്രന്ഥങ്ങളില്‍ 
വിവരിക്കുന്നത് പോലെ അത്രമാത്രം കാഠിന്യമേറിയ ഒന്നായിരു
ന്നില്ലെന്നും അതേ രീതിയില്‍ നടപ്പാക്കിയിരുന്നില്ലെന്നുമാണ്
 മറ്റൊരു വാദം. ഉത്തരേന്ത്യയില്‍  ഇന്നും നിലനില്‍ക്കുന്ന 
സവര്‍ണ്ണമേധാവിത്വ സാമൂഹികവ്യവസ്ഥയില്‍ അധ:കൃതജനത  
അനുഭവിക്കേണ്ടി വരുന്ന ക്രൂരമായ വിവേചനങ്ങളും, 
മനുഷ്യത്വരഹിതമായ പീഡനങ്ങളും ഈ വാദങ്ങളുടെ 
മുനയൊടിക്കുന്നതാണ്. 
         വര്‍ണ്ണങ്ങള്‍ ജന്മസിദ്ധല്ലെന്നും കര്‍മ്മം കൊണ്ട്
ഏതൊരുവനും ഉയര്‍ന്ന വര്‍ണ്ണത്തിലെത്താമെന്നും അതിനു
നിരവധി ഉദാഹരണങ്ങള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും
 ഉണ്ടെന്നുമാണ് വര്‍ണ്ണവ്യവസ്ഥാനുകൂലികള്‍  പറയാറുള്ളത്.
അതിനൊരുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടാറുള്ളതാണ്
വ്യാസന്റെ  കഥ.  ഒരു മുക്കുവനായ വ്യാസന്‍ വേദാധ്യയനം 
നടത്തുകയും മഹര്‍ഷിയായിത്തീരുകയും ചെയ്തു.  
കൌരവ-പാണ്ഡവന്മാരുടെ  പിതാമഹനായ വ്യാസന്‍  
അവരുടെ ആത്മീയഗുരുവാവുകയും അതുല്യ പ്രതിഭാവിലാസം 
കൊണ്ട് മഹാഭാരതം ഉള്‍പ്പെടെയുള്ള ഇതിഹാസ
പുരാണാദികള്‍ വിരചിക്കുകയും ചെയ്തു. അങ്ങിനെ 
മുക്കുവനായ വ്യാസന് സാത്വികകര്‍മ്മങ്ങളിലൂടെ ബ്രാഹ്മണ
പദത്തിലെത്താന്‍ കഴിഞ്ഞു.  കര്‍മ്മമാണ്‌ വര്‍ണ്ണത്തിന് 
നിദാനം എന്നാണിത് തെളിയിക്കുന്നത്. ഇതാണ് അവരുടെ
 വാദം. എന്നാല്‍ ജന്മം കൊണ്ട് വ്യാസന്‍ മുക്കുവനാണോ?  
അല്ല എന്നാണു മഹാഭാരതം തന്നെ നമ്മോടു പറയുന്നത്.  
വ്യാസന്റെ ജനനചരിത്രം എന്താണെന്ന് നോക്കാം. 
പരാശരമഹര്‍ഷിക്ക് 'മുക്കുവസ്ത്രീയായ' സത്യവതിയിലുണ്ടായ 
മകനാണ് വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍. അതുകൊണ്ടാണ് 
വ്യാസന്‍ മുക്കുവനാണ് എന്ന് പലരും പറയാറുള്ളത്. 
വസിഷ്ഠന്റെ പൌത്രനായ പരാശരന്‍  ഉയര്‍ന്ന വര്‍ണ്ണത്തില്‍
പ്പെട്ടയാളാണ്  എന്നതില്‍ തര്‍ക്കമില്ലല്ലോ! ഇന്ത്യന്‍
പാരമ്പര്യമനുസരിച്ച് പലപ്പോഴും, ഒരു കുട്ടിയുടെ വര്‍ണ്ണ/
ജാതിസ്വത്വം നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്   അവന്റെ അച്ഛന്റെ 
വര്‍ണ്ണത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലായിരുന്നു
എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അമ്മ 
താഴ്ന്ന കുലത്തില്‍പ്പെട്ടതാണെങ്കില്‍ സ്ഥാനമഹിമയില്‍ അല്‍പ്പം 
കുറവ് സംഭവിച്ചേക്കാം എന്ന് മാത്രം. അച്ഛന്റെ ബീജത്തില്‍ 
നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്നും അമ്മ വെറും ഒരു വാഹക 
(carrier) മാത്രമാണെന്നുമുള്ള വിശ്വാസമാവാം ഇതിനു കാരണം. 
വിദുരര്‍ ദാസീപുത്രനായിട്ടും കൊട്ടാരത്തില്‍ അദ്ദേഹം 
ആദരിക്കപ്പെട്ടിരുന്നല്ലോ? അതുകൊണ്ട് അച്ഛന്റെ പാരമ്പര്യം 
കണക്കാക്കിയാല്‍ വ്യാസന്‍ മുക്കുവനാവുകയില്ല. ഇനി വാദത്തിനു 
വേണ്ടി അമ്മയുടെ പാരമ്പര്യമാണ് കണക്കാക്കുന്നത് എന്ന് 
കരുതുക. അപ്പോഴും വ്യാസന്‍ മുക്കുവനാവുകയില്ല. എന്താണ് 
കാരണം? സത്യവതി മുക്കുവസ്ത്രീ അല്ല എന്നത് തന്നെ കാരണം. 
അതിന്റെ കഥ ഇങ്ങനെയാണ്: ഒരിക്കല്‍ ചേദി രാജാവായ
ഉപരിചരവസു കാട്ടില്‍ നായാട്ടിനു പോയി. യാദൃച്ചികമായി, 
മാനുകള്‍ ഇണചേരുന്നത് കണ്ടപ്പോള്‍ രാജാവ് കാമപരവശ
നാവുകയും  അദ്ദേഹത്തിനു ഇന്ദ്രിയസ്ഖലനമുണ്ടാവുകയും 
ചെയ്തു. രാജാവ് ശുക്ലം നഷ്ടപ്പെടുത്താതെ അത് ഒരു 
ഇലയില്‍ പൊതിഞ്ഞു രാജ്ഞിക്ക് കൊടുക്കാന്‍ വേണ്ടി 
ഒരു പരുന്തിനെ ഏല്‍പ്പിച്ചു. പരുന്ത് ഇലപ്പൊതിയുമായി  
പറക്കവേ മറ്റൊരു പരുന്ത് ആക്രമിക്കുകയും  ഇലപ്പൊതി  കാളിന്ദി 
നദിയില്‍ വീഴുകയും അതിലെ ശുക്ലം ഒരു മത്സ്യം വിഴുങ്ങുകയും 
ചെയ്തു. ഈ മത്സ്യം ഒരു സാധാരണ മത്സ്യം ആയിരുന്നില്ല. 
ബ്രാഹ്മണശാപത്താല്‍ മത്സ്യമായിത്തീര്‍ന്ന അദ്രിക എന്ന 
അപ്സരസ്ത്രീയായിരുന്നു അത്. ശുക്ലം വിഴുങ്ങിയ മത്സ്യമായ 
അദ്രിക ഗര്‍ഭിണിയായി. ഒരിക്കല്‍ ഈ മത്സ്യം ഒരു മുക്കുവന്റെ  
വലയില്‍ കുടുങ്ങുകയും അതിന്റെ വയര്‍ കീറിയപ്പോള്‍ 
അയാള്‍ക്ക്‌ രണ്ടു മനുഷ്യക്കുട്ടികളെ കിട്ടുകയും ചെയ്തു. 
ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും.   ഈ വിവരം അറിഞ്ഞ 
രാജാവ് കുട്ടികളെ കൊട്ടാരത്തിലേക്ക് കൊണ്ട് വരുവാന്‍ 
കിങ്കരന്മാരെ അയച്ചു. അവര്‍ ആണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക് 
കൊണ്ട് പോവുകയും പെണ്‍കുട്ടിയെ മുക്കുവന് തന്നെ നല്‍കുകയും  
ചെയ്തു. മുക്കുവന്‍ അവള്‍ക്കു കാളി എന്ന് പേര് നല്‍കി 
സ്വന്തം മകളെപ്പോലെ വളര്‍ത്തി. പിന്നീടവള്‍ സത്യവതി എന്ന 
പേരിലാണ് അറിയപ്പെട്ടത്. കടത്ത് ജോലിയില്‍ അച്ഛനെ 
സഹായിച്ചിരുന്ന സത്യവതി ഒരിക്കല്‍ പരാശരമുനിയെ 
അക്കരെ കടത്താന്‍ നിയുക്തയാവുകയും, നദീമദ്ധ്യത്തില്‍ വെച്ച് 
മുനി അവളെ  പ്രാപിക്കുകയും,  അതിന്റെ ഫലമായി വ്യാസന്‍ 
ജനിക്കുകയും ചെയ്തു. അപ്പോള്‍, മുകളില്‍ വിവരിച്ച കഥകളില്‍ 
നിന്ന് നമുക്ക് കിട്ടുന്ന സത്യം, ഉന്നതകുലജാതനായ പരാശര 
മഹര്‍ഷിയുടേയും രാജാവായ ഉപരിചരവസുവിന്റെ ബീജത്തില്‍ 
അപ്സരസ്ത്രീയായ അദ്രികയില്‍ പിറന്ന സത്യവതിയുടെയും 
മകനായ വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍
ജന്മനാ മുക്കുവനല്ല, ഉയര്‍ന്ന വര്‍ണ്ണത്തില്‍പ്പെട്ട ആളാണ്‌
എന്നാണു. ബ്രാഹ്മണാധിപത്യവ്യവസ്ഥയുടെ വക്താക്കള്‍
പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും വര്‍ണ്ണം നിര്‍ണ്ണയി
ച്ചിരുന്നത്കര്‍മ്മമനുസരിച്ചല്ല ജന്മത്തിന്റെ അടിസ്ഥാനത്തില്‍ 
തന്നെയായിരുന്നെന്നും  ഉള്ളത് ചരിത്ര യാഥാര്‍ത്ഥ്യമാണ്‌. 
മറിചൊരനുഭവവും  നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുകയില്ല.  
പുരാണങ്ങളില്‍ തന്നെ ഇതിനു ഉപോല്‍ബലകമായി അനേകം 
കഥകള്‍ കാണാന്‍ കഴിയും.
         ഇന്ത്യയില്‍ ഇന്നും പിഴുതു മാറ്റാനാവാതെ ആധുനിക
മാനവസമൂഹത്തിനു കളങ്കമായി നിലനില്‍ക്കുന്ന ജാതീയമായ
 ഉച്ചനീചത്വത്തിന്റെയും അതിന്റെ പേരിലുള്ള മനുഷ്യത്വ
ഹീനമായ ക്രൂരതകളുടെയും വേരുകള്‍ കിടക്കുന്നത് 
വര്‍ണ്ണാശ്രമവ്യവസ്ഥയിലാണ്. ആ വര്‍ണ്ണാശ്രമധര്‍മ്മത്തെയും 
അതിനു താത്വികന്യായീകരണം നല്‍കുന്ന ഭഗവത്ഗീത 
തുടങ്ങിയ ഗ്രന്ഥങ്ങളെയും ആരാധിക്കുകയും പ്രചരിപ്പിക്കുകയും 
ചെയ്യുന്നവര്‍ അത്തരമൊരു വ്യവസ്ഥയുടെ സ്തുതിപാഠക
രാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവര്‍ സമൂഹത്തെ 
അന്ധകാരയുഗത്തിലേക്കാണ് നയിക്കുന്നത് എന്ന് 
പുരോഗമനപക്ഷത്തു നില്‍ക്കുന്നവര്‍  തിരിച്ചറിയേണ്ടതുണ്ട്.