2011 ജൂൺ 19, ഞായറാഴ്‌ച

ഉദയാസ്തമയപൂജ


          
                  കെ. കരുണാകരനും ഉദയാസ്തമയ പൂജയും 

           വലിയ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉദയാസ്തമയപൂജകളെപ്പറ്റി കേട്ടിരിക്കുമല്ലോ? ഗുരുവായൂര്‍ അമ്പലത്തിലെ ഉദയാസ്തമയപൂജയാണ് പ്രശസ്തം. ഉദയം മുതല്‍ അസ്തമയം  വരെ നീണ്ടു നില്‍ക്കുന്ന പൂജയാണിത്. അതായത് ഈ വഴിപാടു കഴിക്കുന്നവര്‍ ഉദയം മുതല്‍ അസ്തമയം വരെ ഭഗവാനെ ആരാധിക്കുന്നു എന്നര്‍ത്ഥം. 50,000 രൂപയാണ് ഒരു പൂജക്കുള്ള ചാര്‍ജ്.  വലിയ പണക്കാര്‍ക്ക് മാത്രമേ ഈ വഴിപാടു കഴിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ ആരെങ്കിലും ദയവു തോന്നി സാമ്പത്തികമായി സഹായിക്കണം. ഹൃദയശസ്ത്രക്രിയക്കും  കിഡ്നി മാറ്റി വെക്കാനും ഉദാരമതികള്‍ സംഭാവന ചെയ്യാറുണ്ടല്ലോ. അത് പോലെ.  ഉദയാസ്തമയ പൂജ കൊണ്ടു രോഗം മാറുമെങ്കില്‍ എന്താ സംഭാവന ചെയ്‌താല്‍.  അല്ലെ? ഭക്തന്മാരായ ഉദാരമതികള്‍ക്ക് ഈ വഴിക്ക്  ചിന്തിക്കാവുന്ന താണ്. 
         ശുഭകരമല്ലാത്ത ഒരു വാര്‍ത്ത എന്താണെന്നാല്‍ ഈ പൂജ ഇന്ന് ബുക്ക്‌ ചെയ്യുകയാണെങ്കില്‍, വഴിപാടുകാരന്റെ  ജീവിതകാലത്ത് ഈ പൂജ കഴിച്ചു കാണാനുള്ള ഭാഗ്യം ഉണ്ടായെന്നു വരില്ല എന്നതാണ്. കാരണം ഇപ്പോള്‍ തന്നെ ഇരുപതു കൊല്ലത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞത്രേ! ഇത്രയൊക്കെ പണം മുടക്കിയിട്ടും ജീവിച്ചിരിക്കുമ്പോള്‍ ഈ പൂജ കൊണ്ടു ഒരു ഫലവും കിട്ടില്ല എന്നര്‍ത്ഥം. ജീവിച്ചിരുന്നാലും ഫലം കിട്ടില്ല എന്നതു വേറെ കാര്യം.  ഇതിനു പരിഹാരം കാണാന്‍ പുതിയ ചില നിര്‍ദേശങ്ങള്‍ ഇക്കഴിഞ്ഞ ഗുരുവായൂര്‍  ദേവസ്വം ഭരണ സമിതി മുന്നോട്ടു വെച്ചിരുന്നു. ആഴ്ചയില്‍ ഒരു ദിവസം ഉ. അ. പൂജ നടത്തുക. ചാര്‍ജ് കുറയ്ക്കുക തുടങ്ങിയവ. പക്ഷെ തന്ത്രി അത് അംഗീകരിച്ചിട്ടില്ല  എന്നു തോന്നുന്നു. ചിലപ്പോള്‍, ഭഗവാന്റെ ഇംഗിതം അറിയാന്‍  ദേവപ്രശ്നം വെച്ച് നോക്കെണ്ടിയും വരും. 
          
           ഇന്നത്തെ പത്രത്തില്‍ (18.06.11) ഒരു വാര്‍ത്ത കാണാനിടയാതാണ് ഇതൊക്കെ എഴുതാന്‍ കാരണം.  മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിലുള്ള ഉദയാസ്തമയ പൂജ ജൂണ്‍ 28 ന് നടത്തുമെന്നതാണ് ആ വാര്‍ത്ത. കരുണാകരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്തതാണ് ഈ പൂജ. എന്തിനായിരുന്നു പൂജ? ആയുരാരോഗ്യങ്ങള്‍ ക്കും, സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാവും എന്നു തോന്നുന്നു.  എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കരുണാകരന്‍ മരിച്ചു. ഇനി ഈ പൂജ എന്തിനാണാവോ? ഒരു പക്ഷെ ആത്മാവിനു മോക്ഷം കിട്ടുമായിരിക്കും! അല്ലെ? വിശ്വാസികള്‍ക്ക് അങ്ങിനെ ആശ്വസിക്കാം.  അതല്ല, ചിലപ്പോള്‍,  പണം അടച്ച ഉടനെ അനുഗ്രഹം കിട്ടിക്കാണും. പണം അടച്ച കാര്യം ത്രികാലജ്ഞനായ ഭഗവാന്  അറിയാതിരിക്കില്ലല്ലോ! പണം കിട്ടിയല്ലോ, ഇനി എന്ത് നോക്കാനാണ്, പൂജയൊക്കെ വഴിയെ വന്നോളും എന്നു ഗുരുവായൂരപ്പന്‍ കരുതിക്കാണും.     
             
            ബുദ്ധിയുള്ള മനുഷ്യരുടെ ഓരോ വിവരക്കേടുകള്‍ കാണുമ്പോള്‍ അത്ഭുതമോ നിരാശയോ ദുഖമോ  എന്തൊക്കെയോ തോന്നുന്നു. കരിങ്കല്‍ പ്രതിമക്കു മനുഷ്യരുടെ പ്രാര്‍ത്ഥന കേട്ടു പ്രശ്ന പരിഹാരം നല്‍കാന്‍ കഴിയുമെന്നും, കൂടുതല്‍ കാശ് ചിലവുള്ള വഴിപാടു കഴിച്ചാല്‍, വലിയ തുക കൈക്കൂലി നല്‍കിയാല്‍ ഉദ്യോഗസ്ഥന്മാര്‍  സന്തുഷ്ടരാകുന്നത്  പോലെ, (ഇല്ലാത്ത) ദൈവവും പ്രീതിപ്പെടുമെന്നും കരുതുന്നവരുടെ 'ബുദ്ധി' യെപ്പറ്റി എന്ത് വ്യാഖ്യാനമാണു നല്‍കുക. പ്രാര്‍ഥിച്ചത് കൊണ്ടോ പൂജ കഴിച്ചത് കൊണ്ടോ വിചാരിച്ച കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്ന് എന്നാണു ആളുകള്‍ മനസ്സിലാകുക? ആളുകളുടെ ഈ വിവരമില്ലായ്മ ചൂഷണം ചെയ്തു കൊണ്ടല്ലേ ആരാധനാലയങ്ങളും, മത സ്ഥാപന ങ്ങളും, പുരോഹിതന്‍മാരും തടിച്ചു കൊഴുക്കുന്നത് എന്ന ചോദ്യം  ഉറക്കെ ചോദിക്കാന്‍  എന്തിനാണ് മടിക്കുന്നത്? വിലയേറിയ ഇത്തരം വഴിപാടുകള്‍ പരസ്യം ചെയ്യുന്ന ക്ഷേത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഞ്ചനയല്ലേ ചെയ്യുന്നത്? ആള്‍ ദൈവങ്ങളുടെ വഞ്ചനയെപ്പറ്റി പറയുന്ന പുരോഗമനവാദികള്‍ ഈ വഞ്ചന കാണുന്നില്ല. ഇത് എന്തോ മഹത്തായ കാര്യമായിട്ടാണ് പൊതുസമൂഹം കണക്കാക്കുന്നത്. ഇത് അവര്‍ വിശ്വസിക്കുന്ന  'നന്മ നിറഞ്ഞ' ദൈവത്തിനെ യഥാര്‍ത്ഥത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയാണു  ചെയ്യുന്നത് എന്നവര്‍ക്കറിയില്ലേ? അതായത് വിലപിടിച്ച പൂജ ചെയ്യുന്ന ഭക്തന് (പണക്കാരന്) കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്ന ദൈവം ധനികപക്ഷപാതിയാണ് എന്നു വരുന്നു. ഇത് പ്രകീര്‍ത്തിക്കപ്പെടുന്ന ദൈവസങ്കല്‍പ്പത്തിനു ഒരിക്കലും നിരക്കുന്നതല്ല. ക്ഷേത്രങ്ങളും, ഭക്തന്‍മാരും  കൂടി  അവരുടെ തന്നെ ദൈവത്തെ കൈക്കൂലി വാങ്ങുന്ന ഒരു ഭരണാധികാരിക്ക് തുല്യനാക്കി  അധപ്പതിപ്പിച്ചിരിക്കുന്നു. 

2011 മേയ് 27, വെള്ളിയാഴ്‌ച

വാകത്താനത്തിന് മറുപടി.

 യുക്തിവാദം എന്ത്? : 
     രാജഗോപാല്‍ വാകത്താനം കാണാതെ 
     പോകുന്ന കാര്യങ്ങള്‍ 

                                       



            യുക്തിവിചാരം മേയ് 11  ലക്കത്തില്‍ ശ്രീ രാജഗോപാല്‍ വാകത്താനതിന്റെ ചില നിരീക്ഷണങ്ങളെ ഡോ: ലാസര്‍ തേര്‍മഠം വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഡോ: ലാസറിന്റെ ലേഖനം വായിച്ചപ്പോള്‍, രാജഗോപാല്‍ പറയുന്നതിലും ലാസര്‍ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നു  തോന്നി. കേവലം 'ഈശ്വരനില്ല' എന്നു പറയുന്നതിനപ്പുറം സാമൂഹികനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുംപോഴേ യുക്തിവാദം പൂര്‍ണമാവുകയുള്ളൂ എന്നാണു രാജഗോപാല്‍ പറയുന്നത്.  ഒരു പൂര്‍ണ്ണ തത്വചിന്ത എന്നും മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള സമഗ്രസംഹിത  എന്നുമൊക്കെയാണ് രാജഗോപാല്‍ യുക്തിവാദത്തിനു നിര്‍വചനം നലികിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായം  യുക്തിവാദിസംഘം (ഏതുമാവട്ടെ) മറ്റൊരു വിപ്ലവ-രാഷ്ട്രീയ പ്രസ്ഥാനമാവണം എന്നാണെന്ന് തോന്നുന്നു. അങ്ങനെ ആയെങ്കിലെ സമഗ്രമായ മാറ്റമുണ്ടാവൂ എന്നദ്ദേഹം വിചാരിക്കുന്നു.  പക്ഷെ, യുക്തിവാദിസംഘത്തിനു ഒരിക്കലും ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ക്ക് പകരം വെക്കാവുന്ന ഒരു സംഘടനയാവാന്‍ കഴിയില്ല. ആവുകയുമരുത്. കേരള യുക്തിവാദിസംഘത്തിന്റെ ഭരണഘടനയിലെ 'ഉദ്ദേശ്യങ്ങളും ലകഷ്യങ്ങളും' എന്ന ഖണ്ഡികയില്‍, 'എല്ലാതരം അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, അനീതികള്‍ക്കും,  അസമത്വങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരായി മാനവക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക' എന്നു പറയുന്നുണ്ടെങ്കിലും ഊന്നല്‍ നല്‍കേണ്ടത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തന്നെയാണ്. ഇതിന്റെ കാരണം വ്യകതമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടി കളുണ്ട്. അനീതിക്കെതിരെ പോരാടുന്ന നിരവധി സംഘടനകളുണ്ട്. അവക്കൊക്കെ അവയുടേതായ താല്‍പ്പര്യങ്ങളുണ്ട് എങ്കിലും, പൊതുവേ നീതിബദ്ധമായ  ഒരു സമൂഹത്തിനു വേണ്ടിയാണ് അവയുടെ പ്രവര്‍ത്തനം എന്നാണു സങ്കല്പം. സ്ത്രീസമത്വത്തിനു വേണ്ടി, സാമൂഹികനീതിക്ക് വേണ്ടി, പരിസ്ഥിതിസംരക്ഷണത്തിനായി, പൌരാവകാശങ്ങള്‍ക്കായി ഒക്കെ സമരം ചെയ്യുന്ന ധാരാളം സംഘടനകളുണ്ട്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായി, മത ചൂഷണങ്ങള്‍ക്കെതിരായി, അനാചാരങ്ങള്‍ക്കെതിരായി ഇവയൊന്നും ഒരക്ഷരം മിണ്ടുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അത് ചെയ്യാത്തതിന് കാരണം, വിശ്വാസികളുടെ പിന്തുണ നഷ്ടപ്പെടും എന്നു കരുതിയാണ്. മറ്റിതര സാമൂഹിക സംഘടനകളെസംബന്ധിച്ചിടത്തോളം, മത-അന്ധവിശ്വാസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതു അവരുടെ തനതു ലകഷ്യത്തിലേക്കുള്ള  പ്രയാണത്തെ ക്ഷീണിപ്പിക്കും എന്നതാണ്. അത് ശരിയുമാണ്. ഉദാഹരണമായി എന്‍ഡോസല്‍ഫാനെതിരായ സമരം. വിശ്വാസം അവിടെ ചര്‍ച്ച ചെയ്യപെട്ടാല്‍ എന്താവും സ്ഥിതി?

           സംഘടനകളെ സംബന്ധിച്ചിടത്തോളം മുഖലകഷ്യമാണു  പ്രധാനം. പൊതു ജനാധിപത്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബധിച്ചിടതോളവും ഈ നിലപാടാണ് ശരി. യുക്തിവാദികളുടെ മുഖ്യ ലക്‌ഷ്യം മത-അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവ ദൂരീകരിക്കലാണെന്നിരിക്കെ, മറ്റു സാമൂഹിക അനീതികള്‍ക്കെതിരെയുള്ള (ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കയ്യാളുന്ന എല്ലാ വിഷയങ്ങളും വരും) സമരവും ഏറ്റെടുത്താല്‍ മുഖ്യ ലക്ഷ്യത്തില്‍   നിന്നുള്ള അകല്‍ച്ചയായിരിക്കും ഫലം. ചുരുക്കിപ്പറഞ്ഞാല്‍, സാമൂഹിക അനീതികള്‍ക്കെതിരെ പോരാടാന്‍ മറ്റു സംഘടനകള്‍  ധാരാളമുണ്ട്. എന്നാല്‍ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ യുക്തിവാദികള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് യുക്തിവാദിസംഘം അവരുടെ പ്രവര്‍ത്തനപരിധി ഈ വിഷയത്തില്‍ ഒതുക്കി നിര്‍ത്തുന്നതാണ് നല്ലത്. മാത്രവുമല്ല അതിനുള്ള റിസോഴ്സേ യുക്തിവാദികള്‍ക്കുള്ളു താനും! 

        കേവല യുക്തിവാദം അധരവ്യായമമാണ് എന്ന രാജഗോപാലിന്റെ അഭിപ്രായം ഈ.എം.എസ്സിന്റെ അഭിപ്രായത്തെയാണ് ഓര്‍മിപ്പിക്കുന്നത്‌. യുക്തിവാദം കൊണ്ടു പ്രയോജനമില്ല എന്നു ഈ.എം.എസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കൊണ്ടു ഗുണമില്ല എന്നു പറയുന്നതിന് തുല്യമല്ലേ ഇത്? ആശയപ്രചരണം കൊണ്ടു ബോധവല്‍ക്കരണം നടത്താന്‍ കഴിയുമെന്നത് ഒരു വസ്തുതയാണെന്നിരിക്കെ ഈ.എം.എസ്സിന്റെത് യാന്ത്രിക വാദമാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ! പത്തൊമ്പതാം നൂറ്റാണ്ടിലെ പൊരുതുന്ന ഭൌതികവാദികളുടെ (യുക്തിവാദികളുടെ) പുസ്തകങ്ങള്‍ തര്‍ജമ ചെയ്തു പ്രചരിപ്പിക്കണം എന്നു ലെനിന്‍ പറഞ്ഞതെന്ത് കൊണ്ടാണ്? കേവല യുക്തിവാദികളായ അവരുടെ പുസ്തകങ്ങള്‍ ഗുണം ചെയ്യും എന്നതുകൊണ്ടല്ലേ അത്. കേവല യുക്തിവാദം അധരവ്യായാമമാണെങ്കില്‍ രാജഗോപാല്‍ എന്തിനാണ് പ്രസംഗിക്കാന്‍  പോകുന്നത്?  അദ്ദേഹമെന്തിനു ലേഖനങ്ങള്‍ എഴുതണം? കേവലയുക്തിവാദവും ബൂര്‍ഷ്വായുക്തിവാദവും എന്താണെന്ന് നിര്‍വചിക്കുന്നുണ്ട് രാജഗോപാല്‍. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്ന് തന്നെയാണ്. കേവലയുക്തിവാദവും സമരോല്‍സുകയുക്തിവാദവും വിരുദ്ധങ്ങളാണ്  എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത് എന്നു തോന്നുന്നു. എന്നാല്‍ അവ വിരുദ്ധങ്ങളല്ല. ആദ്യത്തേത് സിദ്ധാന്തവും  രണ്ടാമത്തേത്  പ്രയോഗവുമാണ്. പൊന്നമ്പലമേട്ടില്‍ തെളിയുന്നത് മനുഷ്യന്‍  കത്തിക്കുന്ന ദീപമാണ് എന്നു പറയുന്നത് കേവല യുക്തിവാദം. അവിടെ പോയി അതിന്റെ രഹസ്യം കണ്ടെത്തി അതുപോലെ പന്തം കത്തിച്ചു കാണിക്കുന്നതും  ഫോട്ടോ എടുക്കുന്നതും സമരോല്‍സുകയുക്തിവാദം. രണ്ടും ആവശ്യമാണെന്ന് ചുരുക്കം.ഒരു  പക്ഷെ രാജഗോപാല്‍  ഉദ്ദേശിക്കുന്ന 'സമരോല്സുകം' ഇതിനുമപ്പുറത്തുള്ള സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമാകാം. യുക്തിവാദികള്‍ അത്രടം വരെ പോകേണ്ടതില്ല. 

        ഒരാള്‍ നിരീശ്വരവാദിയായത്‌ കൊണ്ടു മാത്രം യുക്തിവാദി എന്നു വിളിക്കപ്പെടാന്‍ അര്‍ഹനല്ല എന്നാണു രാജഗോപാലിന്റെ മറ്റൊരു വാദം. നേരത്തേ പറഞ്ഞത് പോലെ എല്ലാ സാമൂഹിക അനീതികള്‍ക്കെതിരെയും പോരാടുന്നവനാണത്രെ   ശരിയായ യുക്തിവാദി! നിരീശ്വരനല്ലാത്ത യുക്തിവാദിയില്ല, എന്നാല്‍ യുക്തിവാദിയല്ലാത്ത നിരീശ്വരവാദിയുണ്ട്, ഇതാണ് വാദം.  നാസ്തികരായ പലരും ജീര്‍ണതയിലും അന്ധവിശ്വാസത്തിലും അഭിരമിക്കുന്നവരാണ്. അങ്ങനെയുള്ളവരെ യുക്തിവാദികളായി കാണാന്‍ പറ്റില്ല, അദ്ദേഹം പറയുന്നു. എന്നാല്‍ യുക്തിവാദി സംഘത്തില്‍ അണിനിരന്നിട്ടുള്ള എല്ലാവരും അന്ധവിശ്വാസവിമുക്തരാണോ? ശാസ്ത്രീയവീക്ഷണമാണ് യുക്തിവാദത്തിന്റെ അടിത്തറ എന്നിരിക്കെ, അശാസ്ത്രീയമായ യോഗ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി, ആയുര്‍വേദം,  എന്നിവയുടെ ഉപാസകരായ എത്രയോ യുക്തിവാദികള്‍ ഇവിടെയുണ്ട്. അവരൊക്കെ അന്ധവിശ്വാസികളാണ്  എന്നു പറഞ്ഞു കൂടെ? തീര്‍ച്ചയായും ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക്  വിലകല്‍പ്പിക്കുന്നവനാകണം യുക്തിവാദി. അവന്റെ മിനിമം ക്വാളിഫിക്കേഷന്‍  ശാസ്ത്രബോധം മുറുകെപ്പിടിക്കുകയും, യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും, മതാന്ധവിശ്വാസങ്ങളെ വ്യക്തിജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും, അതെനെതിരെ പ്രതികരിക്കുകയും, ചെയ്യുക എന്നതായിരിക്കണം. രാഷ്ട്രീയ-സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹികനീതിപര-വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും മേല്‍പ്പറഞ്ഞ മിനിമം ക്വാളിഫിക്കേഷന്‍ ഉള്ളവരെല്ലാം  യുക്തിവാദികളാണ്. അല്ലാതെ, രാജഗോപാല്‍ പറയുന്നത് പോലെ, 'മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത' യുടെ അനുയായികളാവണം  യുക്തിവാദികള്‍ എന്നു നിഷ്കര്‍ഷിച്ചാല്‍ യുക്തിവാദികളാവാന്‍  ആളെ കിട്ടില്ല. മാത്രവുമല്ല, അങ്ങനെ ഒരു സംഘവുമുണ്ടാക്കാന്‍ കഴിയില്ല. 
കാരണം 'സമഗ്രസംഹിത'യോട് യോജിക്കാത്തവരാവും  പലരും. മിനിമം ക്വാളിഫിക്കേഷന്  മാത്രമേ യുക്തിവാദികളെ യോജിപ്പിക്കാന്‍ കഴിയു. ഒരു സാംസ്കാരിക ഐക്യമുന്നണി! 
                                                         -----------

        

         

2011 മേയ് 16, തിങ്കളാഴ്‌ച

സത്യസായി ബാബ - By Dr. പി. എം. ഭാർഗ്ഗവ

                     സത്യ സായിബാബ എന്ന പ്രതിഭാസം 
                           
                                                                                പുഷ്പ  എം. ഭാര്‍ഗവ 

     [നാഷണല്‍ നോളെജ് കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍, ദേശീയ സുരക്ഷ 
ഉപദേശകബോഡ്    മുന്‍ അംഗം,ഹൈദെരാബാദിലെ സെന്റര്‍ ഫോര്‍ 
സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്യൂലര്‍ ബയോളജിയുടെ     സ്ഥാപകന്‍,  മുന്‍ 
ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ: പുഷ്പ എം. ഭാര്‍ഗവ.  
e.mail: bhargava.pm@gmail.com)

                                   പരിഭാഷ:  ടി. കെ. രവിന്ദ്രനാഥ്, കടലുണ്ടി.
    

      സത്യ സായിബാബയുടെ മരണം സൃഷ്ടിച്ച പൊടിപടലങ്ങളൊക്കെ ഒതുങ്ങിയ സ്ഥിതിക്ക്, അദ്ദേഹത്തെപ്പറ്റിയും, അദ്ദേഹത്തിന്‍റെ പ്രവൃത്തികളേയും  അതിന്റെ ഫലങ്ങളെയും കുറിച്ചും, വസ്തുനിഷ്ടമായും, നിര്‍വികാരമായും വിലയിരുത്തേണ്ട സമയമായിരിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ 'പഠിക്കാനുണ്ട്' എന്നതു തന്നെ. 



      തികച്ചും സാധാരണവും, ലളിതവുമായ ഒരു ജീവിതപശ്ചത്തലത്തില്‍  നിന്ന് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനം താഴെ പറയുന്ന അവകാശ വാദങ്ങളാണ് :  (1)  താന്‍ ഷിര്‍ദ്ദി സായി ബാബയുടെ അവതാരമാണ്  (2) താന്‍ ദൈവത്തിന്റെ അവതാരമാണു; ദൈവം തന്നെയാണ് (3) അതുകൊണ്ട്  തനിക്കു സാധാരണ മനുഷ്യന്  ഇല്ലാത്ത അമാനുഷികമായ കഴിവുകളുണ്ട്  (4) പലതരം പ്രശ്നങ്ങളുമായി  സമീപിക്കുന്ന ആളുകള്‍ക്ക് മനസ്സമാധാനവും സമാശ്വാസവും നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. (5) ആശുപത്രികള്‍ സ്ഥാപിക്കുക, ഗ്രാമീണര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുക തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി. 

      സായി ബാബയുടെ മുകളില്‍ പ്രസ്താവിച്ച അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും  നമുക്ക് ഒന്നൊന്നായി പരിശോധിക്കാം. പുനര്‍ജ്ജന്മം ഉണ്ടെന്നതിനു ശകലം പോലും തെളിവില്ല. പുനര്‍ജന്മമെന്ന ആശയം ശാസ്ത്ര വിരുദ്ധമാണ്. പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട സംഭവങ്ങളെല്ലാം അന്വേഷണങ്ങള്‍ക്ക് ശേഷം കാപട്യങ്ങളാണെന്ന് തെളിയുകയുണ്ടായി. 

       ദൈവത്തിന്റെ അവതാരമാണ്  താനെന്ന അവകാശവാദത്തിനു തെളിവായി തന്‍ നടത്തുന്ന അത്ഭുത പ്രവര്തനങ്ങളെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.   അദ്ദേഹം ഒരിക്കലും ഒരു അത്ഭുതപ്രവര്‍ത്തനവും നടത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. യഥാര്‍ത്ഥത്തില്‍, ഇതുവരെ ആരും തന്നെ ഒരു ദിവ്യാത്ഭുതവും കാണിച്ചിട്ടില്ല. മതപ്രവാചകരുടെത്   എന്നു പറയപ്പെടുന്ന ദിവ്യാത്ഭുതങ്ങള്‍ എല്ലാം പൌരോഹിത്യം കെട്ടിച്ചമച്ചിട്ടുള്ളതാണ്. മദര്‍ തെരേസയാണ് ഇതിനൊരുദാഹരണം. ഒരിക്കല്‍ ഞാന്‍ അവരെ സന്ദര്‍ശിച്ചു. താന്‍ ദിവ്യാത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നു ഒരിക്കലും അവര്‍ അവകാശപ്പെട്ടിരുന്നില്ല. എന്നാല്‍  മരണശേഷം വിശുദ്ധയായി പ്രഖ്യാപിക്കാന്‍ രണ്ട് അത്ഭുത പ്രവര്‍ത്തനങ്ങള്‍ അവരുടെ പേരില്‍ വേണ്ടിയിരുന്നു.  അത് പൌരോഹിത്യം 'കണ്ടു പിടിച്ചു'. പൊതുജനങ്ങളുടെ കണ്ണില്‍ ദിവ്യാത്ഭുതങ്ങള്‍ എന്നു കരുതപ്പെടുന്ന ബാബയുടെ ഓരോ പ്രവര്‍ത്തനവും, ഏതു സാധാരണ മജീഷ്യനും ചെയ്യാന്‍ കഴിയുന്നതാണ്. 

       ഹൈദരാബാദിലെ, സെല്ലുലാര്‍ ആന്റ് മോളിക്യൂലര്‍ ബയോളജി സെന്ററില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ: എം.ഡബ്ലിയൂ. പണ്ഡിറ്റ്‌ ഇത്തരം 'ദിവ്യാത്ഭുതങ്ങള്‍' പരസ്യമായി അവതരിപ്പിക്കുമായിരുന്നു. അത് പോലെ അന്തരിച്ച പ്രമുഖ യുക്തിവാദി പ്രേമാനന്ദും ധാരാളം ദിവ്യാത്ഭുത അനാവരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. narenyen@gmail.com എന്ന  അഡ്രസ്സില്‍  ഡോ: നരേന്ദ്രനായക്കിന് ഒരു ഈമെയില്‍ അയച്ചാല്‍ മതി, അദ്ദേഹം ഉടനെ എത്തി
സായിബാബ കാണിക്കുന്നു എന്നു പറയപ്പെടുന്ന  എല്ലാ അത്ഭുതങ്ങളും നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. അത്, ശൂന്യതയില്‍ നിന്നും സ്വര്‍ണ മോതിരമെടുക്കുന്നതാവട്ടെ, ജപ്പാനീസ് വാച്ച് എടുക്കുന്നതാവട്ടെ, വിഭൂതി എടുക്കുന്നതാവട്ടെ, അല്ലെങ്കില്‍ ബാബയുടെ ഫോട്ടോയില്‍ നിന്ന് ഭസ്മം പൊഴിയുന്നതാവട്ടെ, എന്തും.

       സായിബാബ ദിവ്യശക്തിയാല്‍ രോഗങ്ങള്‍ ഭേദമാക്കി എന്നു നമ്മള്‍ ഒരു പാട് കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ പരാജയങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല. 
എന്റെ ഒരു അകന്ന ബന്ധുവിന്റെ ഇളയ മകന് മാരകമായ അസുഖം ബാധിച്ചു. രോഗം മാറ്റാന്‍ അവര്‍ മകനുമായി സായിബാബാദര്‍ശനം നടത്തി. കുട്ടിയെ അനുഗ്രഹിച്ചു കൊണ്ടു രോഗം ഉടനെ ഭേദമാകുമെന്നു ബാബാ അരുളിച്ചെയ്തു. എന്നാല്‍ കുട്ടി മരിക്കുകയാണുണ്ടായത്. ഇക്കാര്യം സായിബാബയെ അറിയിച്ച അമ്മയോട് അദ്ദേഹം പറഞ്ഞത് കുട്ടി തന്നിലേക്ക്  വരുന്നതാണ് നല്ലതെന്ന് തനിക്കു തോന്നിയെന്നും, അതാണ്‌ താന്‍ അങ്ങനെ സംഭവിപ്പിച്ചതെന്നും, അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്നുമാണ്‌.

       ഭേദമായി എന്നു പറയപ്പെടുന്ന രോഗങ്ങള്‍ മാറിയത്,  സായിബാബയുടെ നേരിട്ടുള്ള ഇടപെടലുകള്‍  കൊണ്ടാണെന്ന് ഇത് വരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. അത്തരം രോഗശമനങ്ങള്‍ തനിയെ സംഭവിക്കുന്നതോ, രോഗങ്ങള്‍ കേവലം മാനസിക വിഭ്രാന്തിയില്‍ നിന്നുണ്ടായതോ ആയിരിക്കണം. ഇതിനൊക്കെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. മനോരോഗചികിത്സകര്‍ക്കും, മനശാസ്ത്രജ്ഞന്‍മാര്‍ക്കും  ചെയ്യാവുന്നതില്‍ കൂടുതല്‍ എന്താണിതിലൊക്കെയുള്ളത്?
അതുകൊണ്ടാണ് ബാബ, ബാംഗലൂര്‍ യൂനിവേര്‍സിടി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ: നരസിംഹയ്യയേയും, ബി. പ്രേമാനന്ദിനെയും പോലുള്ള യുക്തിവാദികളെ തന്റെ സമീപത്തൊന്നും വരാന്‍ അനുവദിക്കാതിരുന്നത്.

      വര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡക്കടുത്തു വെച്ച് എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരിച്ചു പോയ, CSIR ന്റെ മുന്‍ ഡയരക്ടര്‍ ഡോ: വൈ. നായുഡമ്മ, പ്രതിരോധ മന്ത്രിയുടെ മുന്‍  ശാസ്ത്ര ഉപദേശകനും, സായി ബാബയുടെ ഉറച്ച അനുയായിയുമായ  ഡോ: എസ്. ഭഗവന്തവുമൊന്നിച്ചു ഒരിക്കല്‍  ബാബയെ സന്ദര്‍ശിച്ച കാര്യം എന്നോട് പറഞ്ഞിരുന്നു.   നായുഡമ്മ ആദരപൂര്‍വ്വം, കൈകള്‍ കൂപ്പി നിന്ന് കൊണ്ടു  സായി ബാബയോട് അപേക്ഷിച്ചു, അദ്ദേഹത്തിന്‍റെ കൈകളില്‍ ഒരു പുല്‍കൊടി തുമ്പ് സൃഷ്ടിച്ചു കൊടുക്കാന്‍. എങ്കില്‍ അതൊരു വലിയ ദിവ്യാത്ഭുതമാകുമായിരുന്നു. എന്നാല്‍ നായുഡമ്മക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നു!

      സായിബാബയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെപ്പറ്റിയാണെങ്കില്‍, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന  ഒരുപാടാളുകളെ നമ്മുടെ രാജ്യത്ത് 
കാണാം. തങ്ങള്‍ നിയമവിരുദ്ധമായി  സന്പാദിച്ച  സ്വത്തുക്കള്‍ക്ക് മറയിടുക  എന്നതാണവരുടെ ഉദ്ദേശം. അദ്ദേഹത്തിന്‍റെ വന്‍പിച്ച സ്വത്തുക്കളെ ക്കുറിച്ചുള്ള കണക്കുകള്‍ ഒരിക്കലും സുതാര്യമായിരുന്നില്ല. 

      പണക്കാരും, സ്വാധീനശക്തിയുള്ള വരും, രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥപ്രമുഖരും, നിയമനിര്‍മാതാക്കളും, നിയമപാലകരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ  തന്റെ അനുയായിവൃന്ദത്തിലേക്ക്  റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു  സായി ബാബയുടെ അസാധാരണമായ ജീവിതസാഫല്യം.  

      അദ്ദേഹത്തിന്‍റെ മരണം ഒരു ദേശീയദുരന്തമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ശവസംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തിയതും, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതും, രാജ്യത്തെ രാഷ്ട്രീയകക്ഷി നേതാക്കള്‍ - കക്ഷി ഭേദമെന്യേ, പ്രധാന മന്ത്രിയും NAC ചെയര്‍മാനും ഉള്‍പ്പെടെ - ബാബയുടെ അന്ത്യദര്‍ശനത്തിനായി വിലപ്പെട്ട സമയവും, പൊതുപണവും  ധൂര്‍ത്തടിച്ചതും, ശാസ്ത്രബോധം വളര്‍ത്തുക എന്ന ഭരണഘടനാബാധ്യതയെ ചവിട്ടി ത്താഴ്ത്തിയതുമാണ്‌  ദേശീയ ദുരന്തം.   

2011 ഏപ്രിൽ 30, ശനിയാഴ്‌ച

സംഖ്യാജ്യോതിഷം

                        

             സംഖ്യാ ജ്യോതിഷം അഥവാ ന്യൂമറോളജി എന്നു കേട്ടിട്ടില്ലേ? സാധാരണ ജ്യോതിഷത്തെപ്പോലെ അത്ര പ്രസിദ്ധമല്ലെങ്കിലും ഇതിനും  ധാരാളം വിശ്വാസികളുണ്ട്‌. അക്കൂട്ടത്തില്‍ പെട്ട രണ്ട് പ്രമുഖ വ്യക്തികളാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കുമാരി ജയലളിതയും കര്ണാടകയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി യദ്യൂരപ്പയും.  ദോഷങ്ങളകറ്റാന്‍വേണ്ടി രണ്ട് പേരും തങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ക്ക് മാറ്റം വരുത്തി. സംഖ്യാജ്യോതിഷ  പ്രകാരമായിരുന്നത്രേ അത്. എന്നിട്ടും വലിയ ഗുണമൊന്നുമുണ്ടായില്ല എന്നതു വേറെ കാര്യം. 


         എന്താണ് സംഖ്യാജ്യോതിഷം അല്ലെങ്കില്‍ ന്യൂമറോളജി? 'സംഖ്യാ ജ്യോതിഷ ദീപം' എന്ന ഗ്രന്ഥത്തില്‍ അതിന്റെ കര്‍ത്താവ്‌ ശ്രീ എന്‍. കൃഷ്ണമൂര്‍ത്തി പറയുന്നത് നോക്കുക: " സംഖ്യകളുടെ ശാസ്ത്രമാണ്  സംഖ്യാ ജ്യോതിഷം അഥവാ ന്യൂമറോളജി. ഒരു വ്യക്തിയുടെ ജനനതീയതിയും നാമധേയത്തിന്റെ പരല്‍ സംഖ്യയും അടിസ്ഥാനമാക്കി സ്വഭാവവും ഭാവി ഫലങ്ങളും നിര്‍ണ്ണയിക്കാന്‍ ഈ ശാസ്ത്രം ഉപയോഗിക്കുന്നു."

          ന്യൂമറോളജി പ്രകാരം ഒരു വ്യക്തിയുടെ സ്വഭാവവും ഗുണദോഷങ്ങളും  ഭാവിയുമൊക്കെ കണ്ടു പിടിക്കുന്നത്‌ എങ്ങനെയാണെന്നറിഞ്ഞാല്‍ നാം ചിരിച്ചു പോകും. സംഖ്യകള്‍ കൊണ്ടുള്ള ഒരു കുട്ടിക്കളി. അത്രയേ ഉള്ളു. സംഖ്യാജ്യോതിഷമനുസരിച്ച് ഫലനിര്‍ണയത്തിന് ആദ്യമായി വ്യക്തിയുടെ പേരിന്റെ പരല്‍സംഖ്യ കണ്ടു പിടിക്കണം.  പേര് ഇംഗ്ലീഷ് അക്ഷരത്തിലാക്കിയിട്ടു വേണം പരല്‍സംഖ്യ കാണാന്‍.  ഇരുപത്തിയാറു ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കും സമാനമായ അക്കങ്ങള്‍ നല്‍കിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന പട്ടിക പരല്‍സംഖ്യ കണ്ടു പിടിക്കാന്‍ സഹായിക്കും. 

                 1     2    3    4    5    6    7    8    9  
                  A    B    C   D   E    F   G   H     I
                  J     K    L   M   N   O   P   Q    R
                  S    T    U   V   W   X   Y    Z

          A,J,S  ഇവയുടെ പരല്‍ സംഖ്യ ഒന്നാകുന്നു. D,M,V ഇവയുടെത് നാല്.  ഇനി K.P. 
BABURAJAN എന്നയാളുടെ പരല്‍സംഖ്യ കാണുന്നത് എങ്ങനെയെന്നു നോക്കാം. 
         
                   K.  P.  B  A  B  U  R  A  J  A  N
                   2   7    2  1  2   3   9  1  1  1  5

         ഈ സംഖ്യകള്‍ കൂട്ടുക. 2+7+2+1+2+3+9+1+1+1+5  = 34 എന്നു  കിട്ടും.
 കെ. പി. ബാബുരാജന്റെ പരല്‍സംഖ്യ 34 ആണ്. ഇത് പോലെ ഏതൊരാളുടെയും 
പരല്‍സംഖ്യ കണ്ടു പിടിക്കാം. ഒന്ന് മുതല്‍ നൂറു വരെയുള്ള പരല്‍ സംഖ്യകളുടെ 
ഫലങ്ങള്‍ സംഖ്യാജ്യോതിഷ പ്രകാരം നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. നൂറില്‍ വലിയ 
സംഖ്യയാണെങ്കില്‍ അതിലെ അക്കങ്ങള്‍ 
തമ്മില്‍ കൂട്ടി ഏകസ്ഥാനസംഖ്യയാക്കി മാറ്റി ഫലപ്രവചനം നടത്തുകയാണ് ചെയ്യുന്നത്. 
ഒരാളുടെ പരല്‍സംഖ്യ 116 ആണെങ്കില്‍ അയാളുടെ ഫലങ്ങള്‍ 1+1+6 = 8 എന്ന 
സംഖ്യയുടെതായിരിക്കും.  ഇനി ബാബുരജന്റെ പരല്‍ സംഖ്യയായ 34 ന്റെ 
ഫലങ്ങള്‍  എന്താണെന്ന് നോക്കാം:

         "മുപ്പത്തിനാലുകാര്‍ ആദര്‍ശധീരരും പരോപകാരികളുമാണ്.  സതീര്ത്യരെ 
അങ്ങേയറ്റം സ്നേഹിക്കുകയും കഴിയുന്നത്ര സഹായങ്ങള്‍ ചെയ്തു 
കൊടുക്കുകയും ചെയ്യും. ശത്രുക്കളെ പ്പോലും ബഹുമാനി ക്കുന്ന 
സ്വഭാവമാണിവര്‍ക്കുള്ളത്.  സ്ഥിരാഭിപ്രായക്കാരുംവ്യക്തി മഹത്വവുമുള്ള 
വരാണിവര്‍".  മിക്കവാറും എല്ലാ പരല്‍സംഖ്യക്കും നല്ല ഫലങ്ങളാണുള്ളത്. 
മോശമായ കുറച്ചു പരല്‍സംഖ്യ കളുണ്ട്. 90 അത്തരത്തില്‍പ്പെട്ടതാണ്. 
തൊണ്ണൂറുകാര്‍ ബുദ്ധിവൈഭവം കുറഞ്ഞവരും സ്വഭാവശുദ്ധിയോ സംസ്കാരമോ ഇല്ലാത്തവരുമാകുന്നു. ഇനിയുമൊരുപാട് ദൂഷ്യ ങ്ങളുണ്ട്‌ ഇവര്‍ക്ക്. 

           ഒരു വ്യക്തിയുടെ പേരിലെ അക്ഷരങ്ങളുടെ സംഖ്യകള്‍ കൂട്ടിക്കിട്ടുന്ന 
പരല്‍സംഖ്യയാണു അയാള്‍ ഭാവിയില്‍ എങ്ങിനെയുള്ള ആളാവുമെന്നും, 
അയാളുടെ ജീവിതാനുഭവങ്ങള്‍ എന്തൊക്കെയാവുമെന്നും നിശ്ചയിക്കുന്നത്  
എന്നതാണല്ലോ  ന്യൂമറോളജിയുടെ സിദ്ധാന്തം. ഈ തത്വമനുസരിച്ചാണ്
yadiyoorappa (യദിയൂരപ്പ) പേരിലെ 'i' കളഞ്ഞു yadyoorappa 
(യദ്യൂരപ്പ) യായതും, jayalalitha (ജയലളിത) പേരിന്റെ അവസാനം 
 'a' ചേര്‍ത്ത് jayalalithaa (ജയലളിതാ) ആയതും.  മലയാളി ക്രിക്കറ്റ് 
താരംശ്രീശാന്ത് തന്റെ പേര്  ശ്രീസന്ത് എന്നാക്കി  മാറ്റാന്‍ ആലോചിച്ചതും ഈ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷെ ആരുടെയോ 
ഉപദേശപ്രകാരം ശ്രീശാന്ത് ആ നീക്കത്തില്‍ നിന്നും പിന്മാറി. 
പേരിന്റെ പരല്‍സംഖ്യ മാറ്റിയത് കൊണ്ടു മേല്‍പ്പറഞ്ഞവര്‍ക്ക്  ഗുണം 
കിട്ടിയോ? ഇല്ലെന്നതാണ് അനുഭവം. യെദ്യൂരപ്പക്ക് ആദ്യ തവണ മുഖ്യമന്ത്രി 
സ്ഥാനം നഷ്ടപ്പെടുകയും, ജയലളിതയുടെ മുന്നണി തിരഞ്ഞെടുപ്പില്‍ 
പരാജയപ്പെടുകയും ചെയ്തു. പേരിലെ അക്ഷരങ്ങള്‍ മാറ്റി നല്ല 
പരല്‍സംഖ്യയാക്കിയാല്‍ ഭാവി നല്ലതാവുമെങ്കില്‍  അതൊക്കെ 
ആര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്നതല്ലേയുള്ളൂ. 

          മുകളില്‍ വിശദീകരിച്ചതില്‍ നിന്ന്,  വളരെ ബാലിശമായ 
ഒരന്ധവിശ്വാസമാണ് ന്യൂമറോളജി എന്ന്, അല്പമെങ്കിലും 
യുക്തിബോധമുള്ളവര്‍ക്ക് മനസ്സിലാക്കാം. ജ്യോതിഷത്തില്‍ (astrology) 
ഗ്രഹനിലയാണ് ജീവിതത്തെ നിര്‍ണയിക്കുന്നതെങ്കില്‍ 
ന്യൂമറോളജിയില്‍ പേരിലെ സ്പെല്ലിംഗ് ആണ്ഫലം നിര്‍ണ്ണയിക്കുന്നത്!  
എല്ലാ ജ്യോതിഷങ്ങളും ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത അന്ധവി 
ശ്വാസങ്ങളാണ്. 
ഗ്രഹനിലകളോ സംഖ്യകളോ  ഒന്നുമല്ല മനുഷ്യന്റെ ജീവിതത്തെ 
നിര്‍ണയിക്കുന്നത് എന്നുമനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ജനിതക 
ഘടകങ്ങളും, വ്യക്തിപരമായ കഴിവുകളും, സാമൂഹിക, ഭൌതിക 
സാഹചര്യങ്ങളുമാണു ഒരാളുടെ ജീവിതത്തിലെ നന്മ-തിന്മകള്‍ക്കും
ഗുണദോഷങ്ങള്‍ക്കും കാരണം. രോഗങ്ങള്‍ വരുന്നതിനും, ദാമ്പത്യ 
കലഹങ്ങളുണ്ടാവുന്നതിനും സാമ്പത്തികബുദ്ധിമുട്ടുകളനുഭവിക്കുന്നതിനും, 
മത്സരങ്ങളില്‍ പരാജയപ്പെടുന്നതിനുമുള്ള കാരണങ്ങള്‍ സംഖ്യകളിലോ
 ഗ്രഹങ്ങളിലോ ആരോപിക്കുന്നതില്‍പ്പരം മണ്ടത്തരം വേറെയുണ്ടോ? 

            ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം കപടശാസ്ത്രത്തില്‍ 
വിശ്വസിക്കുന്ന ധാരാളംപേരെ കാണാം. അവരില്‍ പലരും പ്രസിദ്ധരുമാണു.
 ചുരുക്കം ചില പ്രവചനങ്ങള്‍ ശരിയാവുന്നതാണ്  അതിനു കാരണം. 
പത്തു പ്രവചനങ്ങള്‍ നടത്തിയാല്‍ ഒന്നോ രണ്ടോ ശരിയാവാം. 
അത് ജ്യോതിഷത്തിന്റെ കഴിവല്ല. ആര്‍ക്കു വേണമെങ്കിലും 
ഇങ്ങനെയൊക്കെ പ്രവചിക്കാം. ചിലതൊക്കെ ശരിയായി എന്നും വരാം. 
നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു മാവില്‍ ഒരു കണ്ണ്പൊട്ടന്‍  
കല്ലെറിഞ്ഞാല്‍ഒരു മാങ്ങയെങ്കിലും വീഴാതിരിക്കുമോ? അത്രയേ ഉള്ളു
 ഇത്തരം ഫല പ്രവചനങ്ങളുടെ കാര്യവും. അന്ധവിശ്വാസിയായ ആള്‍  
ശരിയായ പ്രവചനങ്ങള്‍  മാത്രം ഓര്‍ത്തു വെക്കുകയും പ്രചരിപ്പിക്കുകയും 
ചെയ്യും. തെറ്റിപ്പോയവ(അവയാണ് ഭൂരിപക്ഷം) മറക്കുകയം ചെയ്യും. 
വിശ്വാസിയുടെ യുക്തിബോധത്തിന്റെ അഭാവമാണു ഇതിനു കാരണം. 
          
             ജ്യോതിഷത്തെ ക്കുറിച്ച് നടത്തിയ നിരവധി പരീക്ഷണങ്ങ 
ളിലൂടെ അത് തികച്ചും ഒരു കപടശാസ്ത്ര  മാണെന്ന് തെളിയിക്കപ്പെട്ടതാണ്. 
മാത്രവുമല്ല, ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്തിട്ടും നാളിതു 
വരെ ഒരു ജ്യോത്സ്യനും യുക്തിവാദികളുടെ വെല്ലുവിളി സ്വീകരിക്കാന്‍ 
മുന്നോട്ടു വന്നിട്ടില്ല എന്നതു തന്നെ അതിന്റെ പൊള്ളത്തരത്തിനു  
തെളിവാണല്ലോ!

             യുക്തിചിന്തയും ശാസ്ത്രബോധവും വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഇത്തരം 
കപട 'ശാസ്ത്ര'ങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക്‌ മോചനമുണ്ടാവുകയുള്ളൂ.

                                                          **********

                  

           





                      

2011 മാർച്ച് 20, ഞായറാഴ്‌ച

പന്ന്യൻ്റെ അശാസ്ത്രീയത.

          പന്ന്യന്‍ രവീന്ദ്രാ, ഇത് വേണ്ടായിരുന്നു. 

          20.03.11 ന്റെ  മാതൃഭൂമി പത്രത്തില്‍  നമ്മളില്‍ അമര്‍ഷമുണ്ടാക്കുന്ന ഒരു പരസ്യമുണ്ട്. ഒരു തട്ടിപ്പുവീരന്റെ പരസ്യം. ഭാഗ്യരത്നം വില്‍ക്കുന്ന ആളാണ്‌ വിദ്വാന്‍. പേര്  കൊളിയോട്ട്  ധര്‍മരാജ്. മഞ്ഞ നിറത്തിലുള്ള പുഷ്യരാഗമോ, മരതകമോ പൂജ ചെയ്തു ധരിച്ചാല്‍ ഉടന്‍ ഫലം  തരും എന്നാണ് പരസ്യത്തില്‍ പറയുന്നത്. എവിടെ നിന്ന് കിട്ടുമെന്നും പരസ്യതിലുണ്ട്. മിടായിതെരുവില്‍, താജ് റോഡിലുള്ള  നിധി ഭാഗ്യരത്നം എന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങാവു ന്നതാണ്. ഫോണ്‍ നമ്പര്‍ : 9846082226   ഇത് ധരിച്ചാല്‍ നല്ല ജോലി ലഭിക്കും, വിദ്യാസമ്പന്നനാവാം,  പണക്കാരനാകാം. ഇതൊക്കെയാണ് വാഗ്ദാനം.   സായിബാബയുടെ ഒരു വചനവും ഉദ്ധരിച്ചിട്ടുണ്ട്: Hands that serve are holier than lips that pray. (പ്രാര്‍ഥിക്കുന്ന ചുണ്ടുകളെക്കാള്‍ വിശുദ്ധം സേവനം ചെയ്യുന്ന കൈകളാണ്) ഈ വിദ്വാന്‍ എന്ത് സേവനമാണാവോ ചെയ്യുന്നത്? ആളെ പറ്റിക്കലോ?  

        മുകളില്‍ പറഞ്ഞ കാര്യമല്ല, ഇനി പറയാന്‍ പോവുന്നതാണ് നമ്മെ തീര്‍ത്തും രോഷാകുലരാക്കുന്നത്.  നോക്കു: 

         "2011 ലെ, കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് വനിതാ കമ്മീഷന്‍ ചെയര്‍ പെഴ്സന്‍ ജസ്റീസ് ശ്രീദേവിയില്‍ നിന്നും, പ്രശസ്തി പത്രം മുന്‍ എം.പി.
പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും ഭാഗ്യരത്നം സ്ഥാപനത്തിന്റെ സാരഥി കൊളിയോട്ട് ധര്‍മരാജ് സ്വീകരിക്കുന്നു." പത്രത്തിലെ ഫോട്ടോയിലെ അടിക്കുറിപ്പാണിത്.  എന്ത് കാര്യത്തിനു ആര് ഈ കര്‍മ്മശ്രേഷ്ട അവാര്‍ഡ് ധര്‍മരാജന് കൊടുത്തു എന്നറിയില്ല. രത്നം വില്‍ക്കുക എന്ന തട്ടിപിനായിരിക്കും എന്ന്‌ പറയേണ്ടതില്ലല്ലോ! എനിക്ക് ധര്മാരാജനോടല്ല വെറുപ്പ്‌. ശ്രീദേവിയോടും അത്ര വെറുപ്പില്ല. പക്ഷെ നമ്മുടെ ആ പുരോഗമന മാര്‍കിസ്റ്റ് നേതാവും ബുധിജീവിയുമുണ്ടല്ലോ, പന്നിയന്‍   രവീന്ദ്രന്‍ അയാളോടാണ് അതിയായ അമര്‍ഷമുള്ളത്. കമ്മ്യൂണിസ്റ്റുകാരന്‍ പോട്ടെ, ഒരു പുരോഗമന ചിന്താഗതിക്കാരന്‍  ചെയ്യാന്‍ പാടില്ലാത്തതാണ് അങ്ങോര് ചെയ്തത്. ഇന്ത്യന്‍ ഭരണഘടന യനുസരിച്ച് തെറ്റാണത്.  51 A (h) പറയുന്നത് ശാസ്ത്ര ബോധം വളര്‍തണമെന്നാണ്. ഇയാളോ, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു. അമ്പലത്തിന്റെയോ, ദൈവ വിശ്വാസത്തിന്റെയോ കാര്യമാണെങ്കില്‍ പോട്ടെ എന്ന് വെക്കാം. പക്ഷെ, ഇത് കടുത്ത അന്ധവിശ്വാസ പ്രോത്സാഹനമാണ്‌. മാത്രവുമല്ല, ഒരു വ്യക്തിയുടെ തട്ടിപ്പിന് കൂട്ട് നില്‍ക്കലുമാണിത്.   ഈ പരസ്യത്തിലെ സംഗതികള്‍ ശരിയാണെങ്കില്‍, പന്ന്യനെ കടുത്ത വിമര്‍ശനത്തിനു വിധേയനാക്കണം.  ഇത്തരം അവസരവാദികളെ നമ്മള്‍ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണം. ദാര്‍ശനികമായ  സത്യസന്ധതയാണ് ആദ്യം വേണ്ടത്. സന്തോഷ് മാധവനെപ്പോലെയുള്ള  ക്രിമിനല്‍ ആള്‍ദൈവങ്ങളെ  വളര്‍ത്തുന്നതില്‍ പന്നിയനെപ്പോലുള്ള നേതാക്കള്‍ക്കുള്ള പങ്കു വളരെ വലിയതാണ്.  മുമ്പ് നമ്മുടെ ജലസേചന വകുപ്പ് മന്ത്രി, എന്‍.കെ. പ്രേമചന്ദ്രന്‍, ഇതേ വ്യക്തിക്ക് ഇതേ അവാര്‍ഡ് കൊടുക്കുന്ന പരസ്യവും ഫോട്ടോയും മാതൃഭൂമിയിലുണ്ടായിരുന്നു.  ഈ ഇടതുപക്ഷക്കാരെന്താ ഇങ്ങനെ?
                            ----------------
   
          ചില പുതിയ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഈ പോസിട്ല്‍ താഴെ പറയുന്ന വിശദീകരണം  ആവശ്യമായി വന്നിരിക്കുന്നു.   
         


       

     ധര്‍മരാജന്റെ വ്യാപാരത്തെക്കുറിച്ച് അറിയാന്‍ വേണ്ടി  അയാളുടെ ഫോണ്‍ നമ്പറില്‍ (9846082226) വിളിച്ചു. ഒരു ജീവനക്കാരിയാണ് ഫോണെടുത്തത്. ആ വനിതയില്‍ നിന്ന് ചില കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ധര്മാരാജന്റെ സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ക്കാണത്രെ 

അവാര്‍ഡ് കിട്ടിയിട്ടുള്ളത്. അയാള്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അത് സായിബാബയുടെ ആശീര്‍വാദതോടെയാണ്‌. സായിബാബയുടെ ഒരു ആരാധകനാണ് ഇയാള്‍. ഗുരുവിനു പറ്റിയ ശിഷ്യന്‍! സംഘടനയിലൂടെ ജീവകാരുണ്യ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതൊക്കെ ഇത്തരം തട്ടിപ്പ് വീരന്മാരുടെ വേലകളാണ്.  രത്നം വിറ്റു വിഡ്ഢികളെ പറ്റിച്ചു കിട്ടുന്ന പണത്തില്‍  നിന്ന് ഒരു ചെറിയ ഭാഗം സമൂഹത്തിന്റെയും, രാഷ്ട്രീയ ക്കാരുടെയും, ഭരണാധികാരികളുടേയും പിന്തുണ കിട്ടാന്‍ വേണ്ടി 'ജീവകാരുണ്യ' പ്രവര്‍ത്തനങ്ങള്‍ ക്കായി നീക്കി വെക്കുന്നു. എല്ലാ ആള്‍ദൈവ-തട്ടിപ്പ് വീരന്മാരും ഇതാണല്ലോ ചെയ്യുന്നത്. സുധാമണി (മാതാ) യെപ്പോലെ തന്നെ,  ഇവരുടെ ജീവകാരുണ്യ പ്രവര്‍ത്തനം കള്ളത്തരത്തിന് ഒരു മറയാണ്. ഇതറിഞ്ഞു കൊണ്ടു  തന്നെയാണ് ഭരണാധി കാരികളടക്കം ഇവര്‍ക്ക് കുഴലൂത്ത് നടത്തുന്നത്. മുമ്പ് മറ്റൊരു മന്ത്രിപുംഗവന്‍ സി. ദിവാകരന്‍ പറഞ്ഞതോര്‍മയില്ലേ. അമ്മയുടെ (സുധാമണി) ഉപദേശ മനുസരിച്ചാണ് എല്‍. ഡി. എഫ്. ഭരിക്കുന്നത്‌ എന്ന്‌. ഇവന്മാര്‍ക്കൊക്കെ എന്തിന്റെ കേടാ? 

          ഒരു പക്ഷെ പന്ന്യന്‍, ധര്‍മരാജന്‍  തട്ടിപ്പുകാരനാണ് എന്ന്‌ അറിഞ്ഞിരിക്കില്ല. ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കൊടുക്കുന്ന പരിപാടിയാണ്, ജസ്റിസ് ശ്രീദേവി പങ്കെടുക്കുന്നുണ്ട്, നല്ല പരിപാടിയായിരിക്കും, എന്നൊക്കെയേ രവീന്ദ്രന്‍ വിചാരിച്ചിട്ടുണ്ടാവുകയുള്ളൂ . എങ്കിലും ഒരു പരിപാടിക്ക് വിളിക്കുമ്പോള്‍, ആരാണ്, എന്താണ് എന്തിനാണ് എന്നൊക്കെ ചോദിച്ചു മനസ്സിലാക്കേണ്ടേ? മുമ്പ് പലര്‍ക്കും അബദ്ധം പറ്റിയിട്ടുള്ളത് ഇയാള്‍ക്കറിയില്ലേ? സന്തോഷ്‌ മാധവന്റെ വലയില്‍ എത്ര വി.ഐ.പി.കള്‍ വീണു!  മുരളീകൃഷ്ണ സ്വാമി എന്ന കപടസ്വാമിയുടെ പരിപാടിക്ക് പോയതിനു മുന്‍ മന്ത്രി ജി. സുധാകരന്‍ വെട്ടിലായില്ലേ? അന്ധവിശ്വാസ പ്രചാരണത്തിനായിട്ടാണ്  ധര്‍മരാജന്‍ പന്നിയന്റെയും, ജസ്ടീസിന്റെയും ഫോട്ടോ ഉപയോഗിച്ചിട്ടുള്ളത്. താന്‍ വലിയ ആളുകളുടെ അംഗീകാരമുള്ള ആളാണെന്നും അതുകൊണ്ട് താന്‍ ചെയ്യുന്ന രത്നതട്ടിപ്പ് വ്യാപാരവും സത്യസന്ധമാണെന്നും  വരുത്തിത്തീര്‍ക്കാനാണ്  ഈ പരസ്യം കൊടുത്തിട്ടുള്ളത്. ഒരു രത്നം ആവശ്യമുണ്ടെന്നു ഫോണിലൂടെ പറഞ്ഞപ്പോള്‍, ജാതകവുമായി ചെല്ലാനാണ് ജീവനക്കാരി പറഞ്ഞത്. അറിഞ്ഞോ അറിയാതെയോ പന്ന്യനും, ശ്രീദേവിയും ഇയാളുടെ അന്ധവിശ്വാസതട്ടിപ്പിന് കൂട്ടു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അത് കൊണ്ടു ഇവര്‍ തങ്ങളുടെ പേര് ദുരുപയോഗപ്പെടുത്തിയതിന് ധരമരാജന്റെ പേരില്‍ കേസ് കൊടുക്കണം. കാരണം, ഈ പരസ്യം കാണുന്നവര്‍ തീര്‍ച്ചയായും ഈ രണ്ട് പേരെയും തെറ്റിധരിക്കും.    ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, (51 A (h)) ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കാന്‍  ബാധ്യസ്ഥരായ പന്ന്യനും മറ്റും, അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂടു നില്‍ക്കുന്നത് കുറ്റകരമാണ്. 

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

ഡോ: തോമസ് ഐസക് ഇസ്ലാമിനെപ്പറ്റി

          ഇസ്ലാമിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് - തോമസ്‌ ഐസക് വക 
                      
              നമ്മുടെ ധനമന്ത്രി ഡോ: തോമസ്‌ ഐസക്കിന്റെ ഒരു പ്രസ്താവനയാണു ഈ കുറിപ്പിന് ആധാരം. നബി ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാട് മുസ്ലിം ജമാ അത്ത്  സംഘടിപ്പിച്ച നബിദിന സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടു ചെയ്ത പ്രസംഗത്തില്‍  മന്ത്രി ഇങ്ങനെ പറഞ്ഞു: (ദേശാഭിമാനി: 17.02.11)
      "ഇസ്ലാം എന്നാല്‍ സമാധാനം എന്നാണു അര്‍ഥം. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ യഥാര്‍ത്ഥ ഇസ്ലാമിക ദര്‍ശനം ലോകത്ത് വലിയ സംഭാവന ചെയ്യുന്നുണ്ട്." ഇതാണ് സ: ഐസക്കിന്റെ വാക്കുകള്‍.  ഇസ്ലാം എന്ന  വാകിന്റെ അര്‍ഥം സമാധാനം എന്നാണെന്ന് തോന്നുന്നു. എന്ന്‌ വെച്ച് ആ മതം സമാധാനം പ്രചരിപ്പിക്കുന്ന മതമാണെന്ന് പറയാന്‍ പറ്റുമോ? ഹിറ്റ്‌ലറുടെ പാര്‍ടിയുടെ പേര്  നാഷണല്‍ 'സോഷ്യലിസ്റ്റ്‌' പാര്‍ടി എന്നായിരുന്നു. എന്ന്‌ വെച്ച് അത് സോഷ്യലിസം പ്രഖ്യാപിച്ച പാര്ടിയായിരുന്നോ? ഏറ്റവും മോശം സ്വഭാവമുള്ള ആളുടെ പേര് ചിലപ്പോള്‍ സുശീലന്‍ എന്നായിരിക്കും. ബി.ജെ.പി.ക്കാര്‍ പറയുന്നത് അവരുടെ പാര്‍ടി മതേതര പാര്‍ടിയാണെന്നാണ്. പക്ഷെ അത് അങ്ങനെയാണോ? അത്രയേയുള്ളൂ ഇസ്ലാമിന്റെ സമാധാനവും. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരു പാട്‌ വചനങ്ങള്‍ ഖുര്‍ ആനിലുള്ള കാര്യം നമ്മള്‍ വോട്ടിന്റെ പേരില്‍ മൂടി വെക്കുകയാണ്. കുറച്ചു വചനങ്ങള്‍ താഴെ കൊടുക്കുന്നു:

  * സത്യവിശ്വാസികള്‍ സത്യ നിഷേധികളുമായി ബന്ധപ്പെടരുത്. (3/28)
  * സത്യവിശ്വാസികള്‍ സത്യ വിശ്വാസികളോടല്ലാതെ  സുഹൃത്ത് ബന്ധം   
    പാടില്ല (3/118)
  * അല്ലാഹുവല്ലാതെ മറ്റൊരു ദൈവത്തെ ആരാധിച്ചാല്‍ അവരുടെ     
    സങ്കേതം നരകമാണ് (5/72)
  * സത്യ വിശ്വാസികള്‍ നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യ 
    നിഷേധികളോട് യുദ്ധം ചെയ്യുക (66/9)
  * ക്രിസ്ത്യാനികളേയും ജൂതരെയും നിങ്ങള്‍ ആത്മമിത്രമാക്കരുത്. 
    (5/51)
             അന്യമത വിദ്വേഷവും വെറുപ്പും ജനിപ്പിക്കുന്ന ഈ വരികള്‍ വായിച്ചാല്‍ ഇസ്ലാം സഹിഷ്ണുതയുടെ മത മാണെന്ന് ആരെങ്കിലും പറയുമോ?  (ഇസ്ലാം മാത്രമേ സത്യമായുള്ളുവെന്നും  ഇസ്ലാമിനെ അംഗീകരിക്കാത്തവരെല്ലാം സത്യനിഷേധികളാണെന്നുമാണു ഖുര്‍ ആന്‍ അവകാശപ്പെടുന്നത്)

 * സത്യനിഷേധം ഇല്ലാതാകും വരെ , മതം അല്ലാഹുവിന്റെതാകും വരെ     
   സത്യ നിഷേധികളോട് യുദ്ധം ചെയ്യണം. (2/193 & 8/39)
 * യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങള്‍ കഴിഞ്ഞാല്‍ 
   ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെതിയെടതുവെച്ചു കൊന്നു 
   കളയുകയും അവരെ പിടികൂടുകയും 
   വളയുകയും അവര്‍ക്ക് വേണ്ടി  പതിയിരിക്കാവുന്നിടതെല്ലാം 
   പതിയിരിക്കുകയും ചെയ്യുക. (9/5)
 * സത്യവിശ്വാസികളെ നിങ്ങള്‍ അല്‍പ്പവും പരിഭ്രമിക്കരുത്‌. 
    സത്യനിഷേധികളുടെ  ഹൃദയങ്ങളില്‍ ഞാന്‍ ഭയം ജനിപ്പിക്കും. നിങ്ങള്‍    
    ധൈര്യമായി സത്യനിഷേധികളുടെ  കഴുത്തുകള്‍ വെട്ടിക്കൊള്ളൂക
    അവരുടെ വിരലുകളെല്ലാം വെട്ടി മുറിക്കുക! (8/12)

            അവിശ്വാസികളെ (അതായത് അല്ലാഹുവില്‍ വിശ്വസിക്കാത്തവരെ - യഹൂദര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ - 
 (ഹിന്ദു മതത്തെ പറ്റി സര്‍വജ്ഞന്‍ കേട്ടിട്ടില്ലെന്ന്  തോന്നുന്നു)) യുദ്ധം ചെയ്തു കീഴടക്കാനാണ്‌ നബി (ഇസ്ലാം) പറയുന്നത്. അല്ലാതെ അവരെ ഉപദേശിച്ചു ഇസ്ലാമിലേക്ക് കൊണ്ടു വരാനല്ല. അങ്ങനെയുള്ള ഒരു മതത്തെ സമാധാനത്തിന്റെ മതം  എന്ന്‌ പറയാമോ? ആ കാലത്ത് മതം പ്രചരിപ്പിക്കണമെങ്കില്‍ ബലപ്രയോഗം വേണ്ടി വരുമായിരിക്കും. അന്നത്തെ നീതിവ്യവസ്ഥ അതായിരിക്കാം. അത് സമ്മതിക്കുന്നതില്‍ എന്തിനാണ് വിമുഖത? മറ്റൊരു കാര്യം, സമാധാനവാദികള്‍ക്കും യുദ്ധവാദികള്‍ക്കും  ഉധരിക്കാവുന്ന വചനങ്ങള്‍ ഖുര്‍ ആനുലുന്ടെന്നതാണ്. യുദ്ധനിയമം കൊണ്ടു വരുന്നതിനു മുമ്പുള്ള വചനങ്ങളില്‍ സഹിഷ്ണുത കാണാം. എന്നാല്‍ ഹിജ്റ രണ്ടാം വര്‍ഷം കൊണ്ടുവന്ന യുദ്ധ നിയമം ബലം പ്രയോഗിച്ചു മതം പ്രചരിപ്പിക്കണമെന്നാണ് പറയുന്നത്.  അതോടെ പഴയ നിയമങ്ങള്‍ക്കു പ്രസക്തി  ഇല്ലാതായി. 

                തോമസ്‌  ഐസക്ക് പറഞ്ഞു:  "കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ യഥാര്‍ത്ഥ ഇസ്ലാമിക ദര്‍ശനം ലോകത്ത് വലിയ സംഭാവന   ചെയ്യുന്നുണ്ട്". എങ്കില്‍ പിന്നെ എന്തിനാണ്  കമ്യൂണിസ്റ്റു പാര്‍ടി? ഇസ്ലാം പോരെ?  എവിടെയൊക്കെ എന്തൊക്കെ സംഭാവനയാണ് ഇസ്ലാം ചെയ്യുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. അഭിപ്രായം തുറന്നു പറയുന്നവരുടെ കയ്യും കാലും കഴുത്തും വെട്ടുന്നതാണോ വലിയ സംഭാവന? ഞാന്‍ നമ്മുടെ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ സംഭവമല്ല  സൂചിപ്പിക്കുന്നത്. അത് തീവ്രവാദികള്‍ ചെയ്തതാണല്ലോ. പക്ഷെ അഫ്ഘാനിസ്ഥാനിലും,  പാകിസ്ഥാനിലും, ഇറാനിലും, സൌദി അറേബ്യയിലും യഥാര്‍ത്ഥ ഇസ്ലാം തന്നെയാണല്ലോ ഇത്തരം വിധികളൊക്കെ പുറപ്പെടുവിക്കുന്നത്. അവര്‍ ആധാരമാക്കുന്നത് ശരി അത്തും നബി വചനങ്ങളും തന്നെയല്ലേ ? സല്‍മാന്‍ റുഷ്ദി, ഈയിടെ പാകിസ്ഥാനില്‍ വധ ശിക്ഷ ലഭിച്ച ആസ്യ, തസ്ലീമ നസ്രീന്‍ ഒക്കെ ഉദാഹരണം. ഇപ്പോള്‍ ഭരണം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈജിപ്ത്, യെമന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇസ്ലാമിന്റെ ഭരണത്തിലായിരുന്നില്ലേ? ഏതൊക്കെ  കാര്യങ്ങളാണാവോ ഇസ്ലാമിക ദര്‍ശനത്തിലൂടെ  ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നത്? ഫ്യൂഡല്‍-സ്ത്രീ വിരുദ്ധ-പിന്തിരിപ്പന്‍ ദര്‍ശനമാണ് ഏതൊരു മതത്തെയും പോലെ ഇസ്ലാമും  എന്ന്  നന്നായി അറിയുന്ന മാര്‍ക്സിസ്റ്റുകാര്‍ ഇങ്ങനെയൊക്കെ പറയാമോ? തിരഞ്ഞെടുപ്പ് മുന്നില്‍ കാണുമ്പോള്‍ ഇതൊക്കെ മറന്നു പോവുകയാണോ, സര്‍? മതത്തിനു  നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കമ്യൂണിസ്റ്റുകാര്‍  കാറല്‍ മാര്‍ക്സ് പറഞ്ഞ ഈ വാചകം ഇടക്കെങ്കിലും ഓര്‍ക്കുന്നത് നന്ന്: "മതം എന്ന മിഥ്യാ സുഖം ഇല്ലാതാവേണ്ടത് അവരുടെ യഥാര്‍ത്ഥ സുഖത്തിനു ആവശ്യമാണ്‌." അതോ മാര്‍ക്സ് പഴഞ്ചനായോ?

2010 ഡിസംബർ 11, ശനിയാഴ്‌ച

ദീര്‍ഘായുസ്സും ദൈവവിശ്വാസവും

                    


              മാതൃഭൂമി പത്രത്തിന്റെ 11.12.10 ലെ 'നഗരം' എന്ന എഡിഷനില്‍ ജോസ് സിറിയക് എന്ന ലേഖകന്‍, നല്ല ഒരു ലേഖനം എഴുതിയിട്ടുണ്ട്. റിട്ടയര്‍മെന്റ് ജീവിതം അലസമായി തള്ളി നീക്കാതെ സര്‍ഗാല്മകമായ പ്രവര്‍ത്തനത്തിലൂടെ  ഊര്ജസ്വലവും ആരോഗ്യകരവുമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. നല്ല നിര്‍ദേശങ്ങള്‍. എന്നാല്‍ ലേഖനത്തില്‍ ഒരിടത്ത് അദ്ദേഹം പറയുന്നു ആയുര്‍ദൈര്‍ഘ്യം നേടിയെടുത്ത ആളുകളില്‍ പലരും ദൈവ വിശ്വാസികളായിരുന്നു എന്ന്. 
ദൈവവിശ്വാസവും ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള ബന്ധം അദ്ദേഹം എന്തിനാണ് ഊന്നിപ്പറയുന്നത്‌? അദേഹത്തിന്റെ ലേഖനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പത്രത്തിലെ ഈ എഡിഷനില്‍ വരാറുണ്ട്. അത് വായിക്കുന്നവര്‍ക്കറിയാം അദേഹത്തിന്റെ വിശ്വാസ കാര്യത്തിലുള്ള നിലപാടുകളെപ്പറ്റി. ഒരു മത വിശ്വാസിയാവില്ലെങ്കിലും  അദേഹം ഒരു ദൈവ വിശ്വാസിയാണ്. ചുരുങ്ങിയ പക്ഷം ഒരു മതേതര ആത്മീയവാദി.

മതേതര ആത്മീയത ഒരു ഫാഷനാണ്. ഒരു മതത്തിന്റെയും അല്ലാത്ത ഒരു പ്രപഞ്ച സൃഷ്ടാവിലുള്ള വിശ്വാസം, അതാണ്‌ മതേതര ആത്മീയത. ആത്മീയത എന്ന ദാര്‍ശനികമായ പദത്തിന്റെ ശരിയായ അര്‍ഥം ദൈവവിശ്വാസം എന്ന് തന്നെയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. 
             
                       "ആയുര്‍ദൈര്‍ഘ്യമുള്ളവര്‍ മിക്കവാറും ദൈവവിശ്വാസികളായിരുന്നു." എന്ന  പ്രസ്താവന, ദൈവവിശ്വാസം മനുഷ്യന് നല്ലതാണ് എന്ന അദേഹത്തിന്റെ  അഭിപ്രായം  ഊന്നിപ്പറയാന്‍ വേണ്ടി പ്രയോഗിച്ചതാണ്. എന്നാല്‍ അതിനൊന്നും യാതൊരു ശാസ്ത്രീയമായ അടിസ്ഥാനവുമില്ല. ആയുര്‍ദൈര്‍ഘ്യത്തിന്  കാരണം  പാരിസ്ഥിതിക, ഭൌതിക സാഹചര്യങ്ങളാണ്. വ്യക്തികളുടെ ജനിതകമായ പ്രത്യേകതകളും ഉണ്ട്. നമ്മുടെ സമൂഹത്തില്‍ വിശ്വാസികളാണ് ബഹുഭൂരിപക്ഷവും.  എന്നിട്ട് അവര്‍ക്കൊക്കെ ആയുര്‍ദൈര്‍ഘ്യം, അവിശ്വാസികളെ അപേക്ഷിച്ച് കൂടുതലാണ് എന്ന് പറയാമോ? ഇന്ന് ദീര്‍ഘായുസ്സിന്റെ  കാര്യത്തില്‍ ജപ്പാന്‍കാരാണ് മുന്നില്‍. നൂറു  വയസ്സ്   കഴിഞ്ഞ  ഒരുപാടാളുകളുണ്ടവിടെ.   നമ്മുടെ നാട്ടുകാരുടെ അത്രയൊന്നും ദൈവവിശ്വാസം അവര്‍ക്കില്ല. സാമൂഹിക വികസനത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് ദീര്‍ഘയുഷ്മാന്മാര്‍ കൂടുതല്‍ ഉള്ളത്. ആ രാജ്യങ്ങളിലാവട്ടെ ദൈവവിശ്വാസികള്‍ വളരെ കുറച്ചേയുള്ളൂ  താനും. ഇനി, നിരീശ്വരവാദികളായ ആളുകള്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞവരാണെന്ന്  പറയാമോ? നമ്മുടെ കേരളത്തിലെ തന്നെ ചില അനുഭവങ്ങള്‍ കാണിക്കുന്നത് നിരീശ്വരവാദികള്‍ ദീര്‍ഘായുഷ്മാന്‍മാരായിരുന്നു എന്നാണ്. എം.സി.ജോസഫ്, സഹോദരന്‍ അയ്യപ്പന്‍, പവനന്‍ (80)
തുടങ്ങിയ യുക്തിവാദി നേതാക്കളും, ഇ.എം.എസ്, നായനാര്‍ തുടങ്ങിയ കമ്മ്യൂണിസ്ടുകാരും എണ്പത് കഴിഞ്ഞ നിരീശ്വരവാദികളായിരുന്നു. ഇതില്‍നിന്നു ആയുര്‍ദൈര്‍ഘ്യവും  ഈശ്വരവിശ്വാസവും തമ്മില്‍ ബന്ധമില്ല എന്ന് മനസ്സിലാവുമല്ലോ? ദൈവ വിശ്വാസം നല്ലതാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ജോസ് സിറിയക്  ഈ വസ്തുതകള്‍ ഓര്‍ക്കാന്‍ വിട്ടുപോയി. അഥവാ, കണ്ടില്ലെന്നു നടിച്ചു.