മാതൃഭൂമി പത്രത്തിന്റെ 11.12.10 ലെ 'നഗരം' എന്ന എഡിഷനില്‍ ജോസ് സിറിയക് എന്ന ലേഖകന്‍, നല്ല ഒരു ലേഖനം എഴുതിയിട്ടുണ്ട്. റിട്ടയര്‍മെന്റ് ജീവിതം അലസമായി തള്ളി നീക്കാതെ സര്‍ഗാല്മകമായ പ്രവര്‍ത്തനത്തിലൂടെ ഊര്ജസ്വലവും ആരോഗ്യകരവുമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. നല്ല നിര്‍ദേശങ്ങള്‍. എന്നാല്‍ ലേഖനത്തില്‍ ഒരിടത്ത് അദ്ദേഹം പറയുന്നു ആയുര്‍ദൈര്‍ഘ്യം നേടിയെടുത്ത ആളുകളില്‍ പലരും ദൈവ വിശ്വാസികളായിരുന്നു എന്ന്.
ദൈവവിശ്വാസവും ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള ബന്ധം അദ്ദേഹം എന്തിനാണ് ഊന്നിപ്പറയുന്നത്? അദേഹത്തിന്റെ ലേഖനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പത്രത്തിലെ ഈ എഡിഷനില്‍ വരാറുണ്ട്. അത് വായിക്കുന്നവര്‍ക്കറിയാം അദേഹത്തിന്റെ വിശ്വാസ കാര്യത്തിലുള്ള നിലപാടുകളെപ്പറ്റി. ഒരു മത വിശ്വാസിയാവില്ലെങ്കിലും അദേഹം ഒരു ദൈവ വിശ്വാസിയാണ്. ചുരുങ്ങിയ പക്ഷം ഒരു മതേതര ആത്മീയവാദി.
മതേതര ആത്മീയത ഒരു ഫാഷനാണ്. ഒരു മതത്തിന്റെയും അല്ലാത്ത ഒരു പ്രപഞ്ച സൃഷ്ടാവിലുള്ള വിശ്വാസം, അതാണ് മതേതര ആത്മീയത. ആത്മീയത എന്ന ദാര്‍ശനികമായ പദത്തിന്റെ ശരിയായ അര്‍ഥം ദൈവവിശ്വാസം എന്ന് തന്നെയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.
"ആയുര്‍ദൈര്‍ഘ്യമുള്ളവര്‍ മിക്കവാറും ദൈവവിശ്വാസികളായിരുന്നു." എന്ന പ്രസ്താവന, ദൈവവിശ്വാസം മനുഷ്യന് നല്ലതാണ് എന്ന അദേഹത്തിന്റെ അഭിപ്രായം ഊന്നിപ്പറയാന്‍ വേണ്ടി പ്രയോഗിച്ചതാണ്. എന്നാല്‍ അതിനൊന്നും യാതൊരു ശാസ്ത്രീയമായ അടിസ്ഥാനവുമില്ല. ആയുര്‍ദൈര്‍ഘ്യത്തിന് കാരണം പാരിസ്ഥിതിക, ഭൌതിക സാഹചര്യങ്ങളാണ്. വ്യക്തികളുടെ ജനിതകമായ പ്രത്യേകതകളും ഉണ്ട്. നമ്മുടെ സമൂഹത്തില്‍ വിശ്വാസികളാണ് ബഹുഭൂരിപക്ഷവും. എന്നിട്ട് അവര്‍ക്കൊക്കെ ആയുര്‍ദൈര്‍ഘ്യം, അവിശ്വാസികളെ അപേക്ഷിച്ച് കൂടുതലാണ് എന്ന് പറയാമോ? ഇന്ന് ദീര്‍ഘായുസ്സിന്റെ കാര്യത്തില്‍ ജപ്പാന്‍കാരാണ് മുന്നില്‍. നൂറു വയസ്സ് കഴിഞ്ഞ ഒരുപാടാളുകളുണ്ടവിടെ. നമ്മുടെ നാട്ടുകാരുടെ അത്രയൊന്നും ദൈവവിശ്വാസം അവര്‍ക്കില്ല. സാമൂഹിക വികസനത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് ദീര്‍ഘയുഷ്മാന്മാര്‍ കൂടുതല്‍ ഉള്ളത്. ആ രാജ്യങ്ങളിലാവട്ടെ ദൈവവിശ്വാസികള്‍ വളരെ കുറച്ചേയുള്ളൂ താനും. ഇനി, നിരീശ്വരവാദികളായ ആളുകള്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞവരാണെന്ന് പറയാമോ? നമ്മുടെ കേരളത്തിലെ തന്നെ ചില അനുഭവങ്ങള്‍ കാണിക്കുന്നത് നിരീശ്വരവാദികള്‍ ദീര്‍ഘായുഷ്മാന്‍മാരായിരുന്നു എന്നാണ്. എം.സി.ജോസഫ്, സഹോദരന്‍ അയ്യപ്പന്‍, പവനന്‍ (80)
തുടങ്ങിയ യുക്തിവാദി നേതാക്കളും, ഇ.എം.എസ്, നായനാര്‍ തുടങ്ങിയ കമ്മ്യൂണിസ്ടുകാരും എണ്പത് കഴിഞ്ഞ നിരീശ്വരവാദികളായിരുന്നു. ഇതില്‍നിന്നു ആയുര്‍ദൈര്‍ഘ്യവും ഈശ്വരവിശ്വാസവും തമ്മില്‍ ബന്ധമില്ല എന്ന് മനസ്സിലാവുമല്ലോ? ദൈവ വിശ്വാസം നല്ലതാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ജോസ് സിറിയക് ഈ വസ്തുതകള്‍ ഓര്‍ക്കാന്‍ വിട്ടുപോയി. അഥവാ, കണ്ടില്ലെന്നു നടിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ