Tuesday, August 10, 2010

പെൺ സുന്നത്ത്

       പെണ്‍ സുന്നത്ത് -  ഒരു മതാചാരക്രൂരത                                              
          "കത്രിക എന്റെ കാലുകള്‍ക്കിടയിലേക്ക് നീങ്ങി. അയാള്‍ കൃസരിയും യോനിയുടെ ആന്തരിക ദലങ്ങളും മുറിച്ചു മാറ്റി. ഞാനത് കേട്ടു.  ഇറച്ചി മുറിക്കുന്നത് പോലത്തെ  ശബ്ദം.  തുളയുന്ന വേദന കാലുകളിലൂടെ ഇരച്ചു നീങ്ങി. അത് വിശദീകരിക്കാനാവാത്തത്ര  രൂക്ഷമായിരുന്നു.  പിന്നെ തുന്നല്‍. വലിയ സൂചി യാതൊരു വൈദഗ്ധ്യവുമില്ലാതെ കുത്തിയിറക്കി. ഞാന്‍ വാവിട്ടു നില വിളിച്ചു".  
          വിശ്വപ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തക  അയാന്‍ ഹിര്‍സി അലി തന്റെ ആത്മകഥയായ 'അവിശ്വാസി' യില്‍  കുറിച്ചിട്ട വരികള്‍  ഗ്രന്ഥം ഒരു തവണയെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ആളുടെ മനസ്സില്‍ നിന്നും മാഞ്ഞു  പോവുകയില്ല.   സ്ത്രീജനനേന്ദ്രിയ ചേദനമെന്ന  പ്രാകൃതാചാരത്തിനു    വിധേയയായപ്പോഴുള്ള അനുഭവമാണ് അയാന്‍ എഴുതുന്നതു.  സ്ത്രീജനനേന്ദ്രിയ ഛെദനം (Female Genital Mutilation) അഥവാ  പെണ്‍സുന്നത്ത് ഇന്ത്യക്കാര്‍ക്കൊരുപക്ഷെ  പുതുമയാര്‍ന്ന വിഷയമാണെങ്കിലും ആഫ്രിക്കയിലും, പശ്ചിമേഷ്യയിലും, യൂറോപ്പിലും, അമേരിക്കയിലും മുസ്ലിംകള്‍ക്കിടയില്‍ ഈ ക്രൂരമായ മതാചാരം നിലനില്‍ക്കുന്നുണ്ട്.
എന്താണ് പെണ്‍സുന്നത്ത്?
             ആറോ ഏഴോ വയസ്സുള്ളപ്പോള്‍ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിലെ  ക്രിസരിയും (clitoris) യോനിദലങ്ങളും (labia minora)  മുറിച്ചു നീക്കുന്ന ക്രിയയാണിത്നാല് വിധത്തിലുള്ള ജനനേന്ദ്രിയചേദനമുണ്ടെന്നാണ് ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുള്ളത്. (ഒന്ന്) കൃസരി ഭാഗികമായി ചേദിക്കല്‍  (രണ്ട്) കൃസരി പൂര്‍ണമായും ചേദിക്കല്‍ (മൂന്നു) ക്രിസരിയും ആന്തരിക ദലങ്ങളും (labia minora) മുറിച്ചു മാറ്റല്‍ (നാല്) ആന്തരിക ദളങ്ങള്‍ മുറിച്ചു മാറ്റി ബാഹ്യ ദളങ്ങള്‍ (labia majora) തുന്നിചേര്‍ക്കല്‍. മൂത്ര വിസര്‍ജനത്തിനും ആര്‍ത്തവരക്ത ബഹിര്‍ഗമനത്തിനും വേണ്ടി ഒരു ചെറിയ ദ്വാരം മാത്രം നല്‍കുന്നു.  ലോകമൊട്ടാകെയെടുത്താല്‍ 14 കോടി സ്ത്രീകള്‍ ഇപ്പോള്‍  ജനനേന്ദ്രിയചേദനത്തിന്  വിധേയരായിട്ടുണ്ട് എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നുകൂടാതെ ഓരോ വര്‍ഷവും  20 ലക്ഷം പേര്‍ ചേദനക്രിയ  കാത്തു നില്‍ക്കുന്നുമുണ്ട്. ഇവരിലധികവും 28 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുംയമന്‍, കുര്‍ദിസ്ഥാന്‍, സൌദി അറേബ്യ, യു.എസ്.ഏ.,ആസ്ട്രേലിയകാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്.
കൊടും ക്രൂരതകള്‍   
              പലപ്പോഴും വളരെ പ്രാകൃതമായ രീതിയിലാണ് സുന്നത്ത് ചെയ്യപ്പെടുന്നത്അയാന്‍ ഹിര്‍സി അലിയുടെ വിവരണം കേട്ട് ഇത്തിരിയെങ്കിലും മനുഷ്യസ്നേഹം അവശേഷിക്കുന്ന ആരും ഞെട്ടിപ്പോയിട്ടുണ്ടാവുംഎന്നാല്‍  ഇപ്പോഴും പല സ്ഥലങ്ങളിലും  അതുപോലെ  ക്രൂരമായ രീതിയില്‍ത്തന്നെയാണ് പെണ്‍കുട്ടികളെ ജനനേന്ദ്രിയചേദനത്തിന് വിധേയരാക്കുന്നത്ഒരു മതാനുഷ്ടാനമെന്ന നിലക്കാണ്‌  ക്രൂരമായ ആചാരം അനുഷ്ടിച്ചു വരുന്നത്മതാചാരമാവുംപോള്‍ അതിനെ ചോദ്യം ചെയ്യാതെ അനുസരിക്കുക മാത്രമേ വിശ്വാസികള്‍ക്ക് വഴിയുള്ളൂഇത്തരം ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കുക  വഴി കൊച്ചുപെണ്‍കുട്ടികള്‍ എത്ര മാത്രം ശാരീരികവും   മാനസികവുമായ വൈകല്യങ്ങള്‍ക്കാണ്‌ വിധേയരാവുന്നതെന്നത്‌  ആചാര വക്താക്കള്‍ക്ക്‌ ചിന്താവിഷയമല്ല.  ചേലാകര്‍മ്മങ്ങള്‍ക്ക്   വിധേയരാവുന്ന സ്ത്രീകള്‍ക്ക്  ലൈംഗികബന്ധത്തില്‍ വേണ്ടത്ര സംതൃപ്തി കിട്ടുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. . പലര്‍ക്കും ലൈംഗികബന്ധമെന്നത് ഒരു പേടിസ്വപ്നമാണ്‌.  ആദ്യ ലൈംഗിക ബന്ധം പേടിപ്പെടുത്തുന്നതായിരുന്നെന്നു പലരും പറയുകയുണ്ടായിഒരു വിഭാഗം സ്ത്രീകള്‍ക്ക്  ജീവിതത്തിലെ രസാനുഭൂതികള്‍  നിഷേധിക്കുകയാണ്  ദുരാചാരവക്താക്കള്‍ ചെയ്യുന്നത്. ആര്‍ത്തവകാലം  മുഴുവന്‍ വേദനതിന്നുകയായിരുന്നെന്നു പലരും പറഞ്ഞുബ്രിട്ടനില്‍ താമസിക്കുന്ന സോമാലിയക്കാരിയായ മിറിയം എന്ന പെണ്‍കുട്ടിയുടെ അനുഭവം അമ്പരപ്പോടെയല്ലാതെ കേട്ടിരിക്കാന്‍ വയ്യ. ആറ്‌ വയസ്സുള്ളപ്പോള്‍  ചേദനക്രിയ ചെയ്യപ്പെട്ട അവള്‍ക്കു 12 വയസ്സുള്ളപ്പോള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ ഒരു മുഴ വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. വിശദമായ പരിശോധനയില്‍ കണ്ടെത്തിയ കാര്യം ഡോക്ടര്‍മാരെ ഞെട്ടിച്ചു. വര്‍ഷങ്ങളോളം കെട്ടിനിന്ന ആര്‍ത്തവ രക്തം കട്ടപിടിച്ചായിരുന്നത്രേ  ആ മുഴ രൂപം കൊണ്ടത്‌. അവള്‍ക്കു ഗര്‍ഭധാരണശേഷി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ചേലാകര്‍മ്മത്തിനു വിധേയരാവുന്നവര്‍  കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമകളാവുന്നതായാണ് അനുഭവം. ചേദനം ചില സ്ത്രീകളെ നിത്യവന്ധ്യകളാക്കുന്നു. സുഡാനിലെ   വന്ധ്യതയുടെ 20-25 ശതമാനത്തിനും കാരണം സ്ത്രീ ജനനേന്ദ്രിയചേദനമാണെന്നു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.  ഒരു വിഭാഗത്തിന്റെ ആചാരം അവരുടെ സ്ത്രീകളെ മനോരോഗികളാക്കുകയാണ് ചെയ്യുന്നത്.
            പെണ്‍ സുന്നത്ത്   എന്ന പ്രാകൃതാചാരം മുസ്ലിംകളുടെ മാത്രമായ ഒരു ആചാരമാണെന്ന് പറയാന്‍ വയ്യ. ഇത് ആഫ്രിക്കന്‍രാജ്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നുമില്ല. ഇസ്ലാമിക ഭൂരിപക്ഷമുള്ള 28 ആഫ്രിക്കന്‍ രാജ്യങ്ങളിലും, യമന്‍, കുര്‍ദിസ്ഥാന്‍, അമേരിക്ക, സൌദി അറേബ്യ, ആസ്ട്രേലിയ  തുടങ്ങിയ   രാജ്യങ്ങളിലും, മുസ്ലിങ്ങളില്‍ ഇപ്പോഴും നില നില്ക്കുന്ന ദുരാചാരം ബൈബിളിനും, ഖുര്‍ ആനിനും ജൂദായിസത്തിനും മുമ്പേ നിലനിന്നതായി പറയപ്പെടുന്നു. വിശുദ്ധഗ്രന്ഥങ്ങളൊന്നും ഇതിനെ പിന്തുണയ്ക്കുന്നുമില്ല. മുഹമ്മദ് നബിയുടെ പെണ്‍മക്കളാരും സുന്നത് ചെയ്തിട്ടില്ലത്രേ. അതെന്തായാലും ഇപ്പോള്‍ പെണ്‍സുന്നത്തു ഒരു ഇസ്ലാമിക ആചാരമായിട്ടാണ് അറിയപ്പെടുന്നത്.  
                        ഇന്നും  ഏറ്റവും പിറകില്‍ നില്‍ക്കുന്ന  ആഫ്രിക്കന്‍ രാജ്യമായ സോമാലിയയില്‍ ഇസ്ലാമികമായ പല ദുരാചാരങ്ങളും  നിലനില്ക്കുന്നതായി 'അവിശ്വാസി'യില്‍ വിവരിക്കപ്പെടുന്നുണ്ട്. എന്നാല്‍ പരിഷ്കൃത നാടുകളായ ബ്രിട്ടനിലും അമേരിക്കയിലും മുസ്ലിംകള്‍ ഇതാചരിക്കുന്നു  എന്ന് കേള്‍ക്കുമ്പോള്‍  അത്ഭുതം തോന്നിയേക്കാം. ബ്രിട്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന (ഗാര്‍ഡിയന്‍)  ഒബ്സര്‍വര്‍  പത്രത്തില്‍ 2010 ജൂലൈ 25 ന് വന്ന റിപ്പോര്‍ട്ടുകള്‍  ദുരവസ്ഥയെക്കുറിച്ച് വസ്തുനിഷ്ടമായ വിവരണം നല്കിയിട്ടുണ്ട്. 1985 ല്‍ നിയമം മൂലം ബ്രിട്ടനില്‍  പെണ്‍സുന്നത്ത്  നിരോധിക്കുകയുണ്ടായി.   നിയമം മറികടക്കാന്‍ വേണ്ടി രക്ഷിതാക്കള്‍  കുട്ടികളെ പുറംരാജ്യങ്ങളില്‍, വിശേഷിച്ചു, കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊണ്ട് പോയി ചേദനക്രിയ  നടത്തി തിരിച്ചു കൊണ്ട്  വന്നു.  സ്കൂള്‍ വേനലവധി ദിവസങ്ങളിലാണ് ഇങ്ങനെ ചെയ്തിരുന്നത് .   2003 ലെ നിയമം രാജ്യത്തെ സ്ഥിരതാമസക്കാരായവര്‍ മറ്റു നാടുകളില്‍ പോയി സുന്നത്ത് ചെയ്യുന്നത് 14 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാക്കി. എന്നിട്ടും ഈ ദുരാചാരം ഇപ്പോഴും നടക്കുന്നുണ്ട്. സുന്നത്ത്, നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും, അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ 'സുന്നത്താഘോഷങ്ങള്‍' പൊടിപൊടിക്കുന്നത് അധികാരികള്‍ അറിയുന്നില്ല.  കുട്ടികളെ വിദേശത്തു കൊണ്ട് പോയി ചേദനം ചെയ്യാനുള്ള സാമ്പത്തികശേഷിയില്ലാത്തവര്‍,  സുന്നത്ത്‌വിദഗ്ദ്ധകളായ സ്ത്രീകളെ കൊണ്ട് വന്നു അവിടെത്തന്നെ വെച്ചു ചെയ്യിക്കുന്നു.  ഒരു വേനലവധിക്കാലത്ത് ബ്രിട്ടനില്‍ 200 മുതല്‍ 2000 വരെ പെണ്‍കുട്ടികള്‍ സുന്നത്ത് ചെയ്യപ്പെടുന്നു എന്നാണു കണക്കു. ഇതുവരെയായി 63,000 സ്ത്രീകള്‍ ബ്രിട്ടനില്‍ സുന്നത്ത് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു 20,000 പേര്‍ ഇതിന്റെ ഭീഷണിയിലുമാണ്
 പെണ്‍സുന്നത്തിന്റെ ഉദ്ദേശം 
     സാമൂഹികമര്യാദയുടെ പാലനം, പുരുഷന്മാര്‍ക്ക് കൂടുതല്‍ ലൈംഗികസുഖം നല്‍കല്‍, സ്ത്രീകള്‍ക്ക് ലൈംഗികസുഖം കുറയ്ക്കല്‍ (പരപുരുഷ ബന്ധം ഒഴിവാക്കാന്‍), കാഴ്ചയിലെ വൃത്തിയും വെടിപ്പും, ശുചിത്വം ഇതൊക്കെയാണ് പെണ്‍സുന്നത്തിന്റെ ഉദ്ദേശമായി പറയുന്നതെങ്കിലും, അപരിഷ്കൃതവും അമാനവികവുമാണെങ്കില്‍ പോലും ആചാരങ്ങളില്‍  വിട്ടുവീഴ്ച ചെയ്യാതിരിക്കുക  എന്ന മതബോധമാണ് ഇതിന്റെ പിന്നിലുള്ളത്.   സ്ത്രീ ജനനേന്ദ്രിയ ചേദനത്തിന്  സാമൂഹിക ധര്‍മ്മങ്ങളുണ്ടെന്നു ചിലര്‍ അവകാശപ്പെടുന്നു. സ്ത്രീകളുടെ സ്വാഭിമാനമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നു അവര്‍ വാദിക്കുന്നു.  പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തില്‍നിന്നും രക്ഷപ്പെടുമെന്നും പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ അധികാരചിഹ്നമാണ്  സുന്നത്ത്  എന്നും ചില സ്ത്രീകള്‍ തന്നെ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍  ഹാ കഷ്ടം    എന്നേ പറയാനാവുകയുള്ളൂ. സ്ത്രീകള്‍ തന്നെ സ്ത്രീകളുടെ ശത്രുവാകുന്ന ഒരവസ്ഥയുണ്ടല്ലോ, അതാണിതും!  
           ചേദനക്രിയക്ക് വിധേയരാവുംപോള്‍  കഠിനമായ  വേദന അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും പെണ്‍കുട്ടികള്‍ ഈ ദുരാചാരത്തിന് വഴങ്ങുന്നത്തിന്റെ കാരണം, മതപരമായ ബഹിഷ്കരണത്തിന് അവര്‍ പാത്രമാകുമെന്ന ഭയമാണ്. മക്കള്‍ക്ക്‌ വേണ്ടി നല്ലൊരു കാര്യം ചെയ്യുന്ന ബോധമാണ് അമ്മമാരെ ഭരിക്കുന്നത്‌.  ജീവിതകാലം മുഴുവന്‍ തന്റെ മകള്‍ പേറേണ്ടിവരുന്ന  ദുരിതങ്ങളും, ആരോഗ്യപരമായ പ്രത്യാഘാതങ്ങളും അവരെ അലോസരപ്പെടുത്തുന്നില്ല.   20 വയസ്സുള്ള ജമേലിയ പറഞ്ഞത്  തനിക്കു വളരെയധികം പ്രായമായതായി തോന്നുന്നു എന്നാണു.  ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്പോര്‍ട്സും, നീന്തലും   അവള്‍ ഉപേക്ഷിച്ചു.  പല കുട്ടികളും ചേദനക്രിയയുടെ പ്രത്യാഘാതത്താലോ  രക്തനഷ്ടത്താലോ  മരണപ്പെട്ടു. ചിലര്‍ക്ക്  ചേദനോപകരണത്തില്‍ നിന്ന് അണുബാധയുണ്ടായി. സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കി അനസ്തേഷ്യ തരപ്പെടുത്തി; അണുവിമുക്ത ഉപകരണങ്ങളുപയോഗിച്ച്ചു ശസ്ത്രക്രിയ ചെയ്യിച്ചു.  
                     സുന്നത്തില്‍ തുന്നിച്ചേര്‍ത്ത ജനനേന്ദ്രിയം സ്വാഭാവികരീതിയിലാക്കാന്‍ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന ആശുപത്രികളുണ്ട്‌.  ഈ സൗകര്യം ധാരാളം സ്ത്രീകള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇക്കാര്യത്തില്‍ സഹായിക്കുന്നതിനും, പെണ്‍സുന്നത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും  ഒട്ടേറെ സന്നദ്ധ സംഘടനകള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
                   ബ്രിട്ടനില്‍ ഒരു പാട് സ്ത്രീകള്‍ പെണ്‍സുന്നത്തിനെതിരെ  മുന്നോട്ടു വരുന്നുണ്ടെന്നത് ആശ്വാസം നല്കുന്ന വാര്‍ത്തയാണ്. ഒരു കുട്ടിയായിരിക്കുമ്പോള്‍ താന്‍ അനുഭവിക്കേണ്ടി വന്ന വേദനയും മാനസികപീഡനവും വിവരിച്ചുകൊണ്ട് 29 കാരിയായ ലൈല ഹുസൈന്‍ പറഞ്ഞത് തന്റെ മകളെ താന്‍ ഈ ക്രൂരതയ്ക്ക് വിട്ടുകൊടുക്കില്ലെന്നാണ് . ജനനേന്ദ്രിയ ചേദനം നടത്തുന്ന തങ്ങളുടെ കുടുംബത്തിലെ അവസാനത്തെ ആള്‍ താനായിരിക്കും എന്ന് അവള്‍ ഉറച്ച മനസ്സോടെ പറയുന്നു.  ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന സ്ത്രീകള്‍ ഈയിടെ  തെരുവിലിറങ്ങി  പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത് മതയാഥാസ്ഥിതികരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.
                എന്നാല്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നതും, അസ്വസ്ഥമാക്കുന്നതുമായ  ഒരു കാര്യം, ചുരുക്കം ചിലയിടങ്ങളില്‍ പെണ്‍കുട്ടികള്‍ സ്വമേധയാ സുന്നത്ത്‌ ചെയ്യാന്‍ മുന്നോട്ടു വരുന്നു എന്നുള്ളതാണ്. ചാഡ്‌ എന്ന ആഫ്രിക്കന്‍ രാജ്യത്തെ സ്ഥിതി അതാണത്രേ! തങ്ങള്‍ ചാരിത്ര്യവതികളാണെന്ന് ബോധ്യപ്പെടുത്തുകയാണ് അവരുടെ ലക്‌ഷ്യം. സുന്നത്ത് ചെയ്യാത്തവര്‍ 'വൃത്തികെട്ടവരായി' കണക്കാക്കപ്പെടുമെന്ന് സുന്നത്ത് വാദികള്‍ പറയുന്നു.
                 മതത്തിന്റെ പേരില്‍ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്കുള്ള  ഒരു ഉദാഹരണമാണ്‌ മുകളില്‍ നാം കണ്ടത്. ഇനി എന്തെല്ലാമുണ്ട്? മതം നല്ലതേ പറയുന്നുള്ളൂ എന്ന്   സ്റ്റേജില്‍ കയറിനിന്നു പ്രസംഗിക്കുന്ന പുരോഗമനവാദികള്‍ക്കുള്ള    മറുപടിയാണിത്. വോട്ടു ലഭിക്കുക എന്നതു മാത്രം ലകഷ്യമാകുമ്പോള്‍, മുഹമ്മദ്‌ നബി ഗാന്ധിജിക്ക് തുല്യനും, ഖുര്‍ ആന്‍ മനുഷ്യമോചനതത്ത്വശാസ്ത്രവുമാകുന്നു. അവരുടെ കണ്ണ് തുറക്കുമെന്ന് നാം  പ്രതീക്ഷിക്കേണ്ട!
             
               

No comments:

Post a Comment