2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ഈ.എം.എസ്സും യുക്തിവാദവും

                           ഇ.എം.എസ്സും യുക്തിവാദവും            

              എന്താണ് അറിവ്? എങ്ങനെ എന്തുകൊണ്ട് എന്നീചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന  ഉത്തരങ്ങളാണ് അറിവ് എന്നൊരു നിര്‍വചനം കൊടുത്താല്‍ തെറ്റില്ലെന്ന് തോന്നുന്നു.  നിരീക്ഷണത്തിലൂടെ അറിവ് കിട്ടുന്നു. പരീക്ഷണത്തിലൂടെ അറിവ് കിട്ടുന്നു. രാവും പകലും എങ്ങനെ ഉണ്ടാവുന്നു എന്ന ചോദ്യത്തിനു കിട്ടിയ ഉത്തരം സൂര്യന്‍  ഭൂമിയ ചുറ്റുന്നത്‌ കൊണ്ട്  എന്നായിരുന്നു. വെറും നിരീക്ഷണത്തില്‍ അങ്ങനെയേ തോന്നുകയുള്ളുവല്ലോ. പിന്നീട്  അത് അങ്ങനെയല്ല, ഭൂമി സ്വയം തിരിയുന്നത് കൊണ്ടാണെന്ന് മനസ്സിലായി. ഈ വസ്തുതകള്‍, അതാതയത് അറിവുകള്‍, കണ്ടെത്തുന്നത് ചിലപ്പോള്‍ ഒരു വ്യകതിയായിരിക്കും.  ഭൂമി സ്വയം  കറങ്ങുകയാണെന്ന്  കണ്ടെത്തിയത് കോപ്പര്‍നിക്കസ്സാണെന്ന് നമുക്കറിയാം. എങ്ങനെ ഈ  അറിവ് അദ്ദേഹം നേടി? നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും. വെറുതെ ഇരുന്നു കണ്ണടച്ചു ധ്യാനിച്ചാലൊന്നും ഈ അറിവുണ്ടാകില്ല. ഈ അറിവുകള്‍ തെളിയിക്കപ്പെടുംപോഴാണ് അത്   ശാസ്ത്ര സത്യമാവുന്നത്.  ഇവിടെയാണ്‌ യുക്തിയേന്തി  ബുദ്ധിശക്തി ഖനിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്.
               അധ്വാനത്തില്‍  നിന്നാണ് അറിവുണ്ടാവുന്നത് (ബുദ്ധിയല്ല) എന്ന ആശയത്തെ പുച്ചിച്ചു  തള്ളേണ്ടതില്ല. .   അധ്വാനമെന്നാല്‍ കരിങ്കല്ലുടക്കല്‍  പോലെയുള്ള വിയര്‍പ്പൊഴുക്കുന്ന ജോലി മാത്രമാണെന്ന  തെറ്റിദ്ധാരണയില്‍   നിന്നാണ് 'അധ്വാനത്തില്‍ നിന്നാണ് അറിവുണ്ടാവുന്നതെങ്കില്‍ അടിമകള്‍ക്കാണ്‌  ഏറ്റവും കൂടുതല്‍ അറിവുണ്ടാവേണ്ടത്' എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ വരുന്നത്.  വാനരനില്‍ നിന്ന് നരനിലേക്കുള്ള പരിണാമത്തില്‍  അധ്വാനമാണ് പങ്കു വഹിച്ചതെന്ന എംഗല്‍സിന്റെ അഭിപ്രായം ആധുനിക പരിണാമ ശാസ്ത്രം ശരി വെക്കുന്നില്ല. 
             അദ്ധ്വാനമെന്ന വാക്കിനു വിപുലമായ അര്‍ത്ഥമാണുള്ളത്. ബുദ്ധിപരമായ പ്രവര്‍ത്തനവും അധ്വാനമാണ്-മാനസികാധ്വാനം. ഒരു ഉദാഹരണം നോക്കാം.വിത്ത് മണ്ണില്‍ വീണു മുളച്ചിട്ടാണ് ചെടികളുണ്ടാവുന്നതെന്നത്‌ നിരീക്ഷണത്തില്‍ നിന്ന് ആദ്യകാല മനുഷ്യര്‍ക്ക്‌ മനസ്സിലായി. ചെടികളുടെ ഫലങ്ങള്‍ ഭക്ഷിക്കുക മാത്രം ചെയ്തിരുന്ന അവര്‍ ഫലങ്ങള്‍ കുറഞ്ഞു വന്നപ്പോള്‍ വിത്ത് കുഴിച്ചിട്ടു ചെടി വളര്‍ത്താന്‍ തുടങ്ങി. ഇങ്ങനെയാണ് കൃഷി ഉണ്ടായതെന്ന് പറയേണ്ടതില്ലല്ലോ! കൃഷി ചെയ്യല്‍ ഒരദ്ധ്വാനമാണ്. അഥവാ ഒരു പ്രവര്‍ത്തനമാണ്. കൃഷിയില്‍ ഏര്‍പ്പെട്ടപ്പോള്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാനായി. ഒരു വിത്തില്‍ നിന്ന് എത്ര ഫലങ്ങള്‍ ലഭിക്കും, ഫലങ്ങള്‍ വര്‍ധിപ്പിക്കാന്‍ എന്ത് ചെയ്യണം, കൃഷിക്ക് നാശം ഉണ്ടാകുന്ന തെങ്ങനെയൊക്കെയാണ്  തുടങ്ങിയവ. കൃഷിക്ക് സമയത്തിന് മഴ ലഭിക്കാതെ വന്നാല്‍ കൃഷി നശിക്കും. വെള്ളം ശേഖരിച്ചു വെച്ചാല്‍ ആവശ്യമുള്ളപ്പോള്‍ നനക്കാം. അങ്ങനെയാണ് അണക്കെട്ട് എന്ന ആശയം വന്നത്. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കും. അതിനെന്തു ചെയ്യും. കെണി വെച്ചു പിടിക്കാം. അല്ലെങ്കില്‍ പാട്ട കൊട്ടി ശബ്ദമുണ്ടാക്കി   അകറ്റാം. അണക്കെട്ട് കെട്ടിയപ്പോള്‍ ഒരു അറിവ് കൂടി കിട്ടുന്നു. അതായത്, അണയുടെ സമീപപ്രദേശങ്ങളിലെ ജലസമ്പത്ത് വര്‍ധിക്കുന്നു. അണക്കെട്ട് നിര്‍മാണം എന്ന അധ്വാനത്തിലൂടെ ആണ് ഈ അറിവുണ്ടായത് എന്ന് പറഞ്ഞാല്‍ അത് തെറ്റാണോ? ചുരുക്കത്തില്‍ ഓരോ പ്രവര്‍ത്തനത്തില്‍ നിന്നാണ് കൂടുതല്‍ അറിവുണ്ടാകുന്നത് എന്നര്‍ത്ഥം. അറിവില്‍ നിന്ന് പ്രവര്‍ത്തനവും പ്രവര്‍ത്തനത്തില്‍ നിന്ന് അറിവും എന്ന പാരസ്പര്യം ആണിവിടെ കാണുന്നത്. ഇങ്ങനെ ലഭിക്കുന്ന അറിവ് പ്രചരിക്കുന്നു. സമൂഹമോ വ്യക്തിയോ കണ്ടെത്തുന്ന അറിവ് സാമൂഹികമായ അറിവായി  മാറുന്നു.  (ഇപ്പോള്‍ അറിവ് കുത്തകയാക്കി വെക്കുന്ന ഏര്‍പ്പാടുണ്ട്‌. പേറ്റന്റ്‌ നിയമവും ബൌദ്ധിക  സ്വത്തവകാശനിയമവും ഇതിനു വേണ്ടിയാണല്ലോ) ഈ അറിവ് തലമുറകളായി കൈമാറുന്നു. പണ്ട് കാലത്ത് ശ്രുതികളായിട്ടാണ് അറിവുകള്‍ കൈമാറിയിരുന്നത്. കേട്ടും  പറഞ്ഞും പഠിക്കുക. എഴുത്തുവിദ്യ പിന്നീടാണ് കണ്ടുപിടിച്ചത്. 


                    ഒരു വ്യക്തി അറിവ് നേടുന്നത് ഇത്തരത്തിലുള്ള അധ്വാനം കൊണ്ടാവണമെന്നില്ല.  പൂര്‍വികര്‍ ശേഖരിച്ച വിജ്ഞാനം അയാള്‍ കേട്ടും കണ്ടും വായിച്ച്ചും മനസ്സിലാക്കുകയാണ്. ഈ അറിവ് രണ്ടാം തരം (second hand)  അറിവാണ്.  ലോകവിജ്ഞാനരാശിയില്‍ നിന്ന് അയാള്‍ കൈക്കൊള്ളുന്നു  എന്നേയുള്ളു. ഉണ്ടാക്കിവെച്ച്ച അറിവ് ഉള്‍ക്കൊള്ളുക മാത്രം. അത് പ്രയോഗിച്ചു അയാള്‍ ജീവിതം സഫലമാക്കുന്നു എന്നതു വേറെ കാര്യം. അയാള്‍ ലോകവിജ്ഞാന  രാശിയിലേക്ക്  മുതല്‍ കൂട്ടുണ്ടാക്കണമെന്നില്ല. ലോകവിജ്ഞാന രാശിയിലേക്ക് സംഭാവന നല്‍കുന്നത്  കുറച്ച്ചാളുകളോ സമൂഹമോ ആയിരിക്കും. അതിനുള്ള ഉപാധി നിരീക്ഷണം, പരീക്ക്ഷണം, പ്രവര്‍ത്തനം, ഒക്കെ ചേരുന്നതാണ്. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് നമുക്ക് താഴെ കൊടുത്ത വരികള്‍ ഒന്ന് പരിശോധിക്കാം.


              യുക്തിയേന്തി മനുഷ്യന്റെ/ബുദ്ധിശക്തി ഖനിച്ച്ചതില്‍/ലഭിച്ച്ചതല്ലാതില്ലൊന്നും/
              ലോകവിജ്ഞാനരാശിയില്‍. 


                യുക്തിവാദിയായ സഹോദരന്‍ അയ്യപ്പന്‍റെ ഈ വരികളില്‍ ആശയവാദമാണ്‌ പ്രതിഫലിക്കുന്നത് എന്ന് ഈ.എം.എസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഭിപ്രായപ്പെടുകയുണ്ടായി. ലോകത്തിന്നോളമുണ്ടായ വിജ്ഞാന സമ്പത്ത് മനുഷ്യന്‍ യുക്തിയോടെ ബുദ്ധിശക്തി ഖനിച്ച്ചത് (അതായത് ചിന്തിച്ചത്) കൊണ്ടൊന്നുമല്ല ലഭിച്ചത്, മറിച്ചു അധ്വാനത്തിലൂടെയാണെന്ന് ഈ. എം. എസ് പറഞ്ഞു. ഈ.എം.എസ്. ഉദ്ദേശിച്ചത് തന്നെയാണ്  അയ്യപ്പന്‍ പറഞ്ഞത് എന്നും  ഖനിക്കുക എന്നാല്‍ ചിന്തിക്കുക എന്നല്ല പ്രകൃതി പ്രതിഭാസങ്ങളെ ബുദ്ധിശക്തി ഉപയോഗിച്ചു 'ഖനിക്കുക'യാണെന്നും ആ നിലക്ക് സഹോദരന്റെ വരികളില്‍ പ്രതിഫലിക്കുന്നത് ഭൌതികവാദമാണെന്നും  ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.   അയ്യപ്പന്‍റെ ശ്ലോകത്തിന്റെ അര്‍ത്ഥം, യുക്തിവിചാരം ആഗസ്റ്റ്‌ ലക്കത്തില്‍ ഡോ: വിശ്വനാഥന്‍ വ്യാഖ്യാനിച്ചത്  പോലെയാണെങ്കില്‍ ഈ.എം.എസ്സിന്റെ വിമര്‍ശനത്തിനു അര്‍ത്ഥമുണ്ടാവില്ല.  യുക്തിയെന്ന ആയുധമുപയോഗിച്ച്ചു മനുഷ്യന്റെ ബുദ്ധിശക്തി പ്രകൃതിപ്രതിഭാസങ്ങളെ 'ഖനിച്ച്ചതില്‍' നിന്നാണ് അവന്റെ അറിവ് വര്‍ധിച്ചത് എന്ന് സഹോദരന്റെ വരികളെ വിശ്വനാഥന്‍ പരാവര്‍ത്തനം ചെയ്യുന്നു. സഹോദരന്‍ ഉദ്ദേശിച്ചതും ഇത് തന്നെയാവാം. 'വിജ്ഞാനരാശിയുടെ ഉറവിടം മനുഷ്യന്റെ ബുദ്ധിശക്തിയില്‍  നടക്കുന്ന യുക്തിപ്രയോഗമാണ് എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് ആശയവാദം തന്നെയാണ്' എന്ന് ശരിയായി പറയുന്ന വിശ്വനാഥന്‍ 'നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യാധിഷ്ടിതമായ ചിന്തനവും മാത്രമാണ് വിജ്ഞാനതിനുള്ള ഉപാധി' എന്നാണവര്‍ വാദിച്ചത് എന്നും പറയുന്നു. ആദ്യത്തെ ഉദ്ധരണിയും രണ്ടാമത്തെ ഉദ്ധരണിയും തമ്മില്‍ 'നിരീക്ഷണം' എന്ന ഒരു വാക്കിന്റെ വ്യത്യാസം മാത്രമേയുള്ളൂ എന്ന് കാണുക. മനുഷ്യന്റെ ബുദ്ധിശക്തി (കര്‍ത്താവ്‌) പ്രകൃതി പ്രതിഭാസങ്ങളെ (കര്‍മ്മം) ഖനിച്ചതാണ് (പ്രവര്‍ത്തനം) അറിവിന്റെ വികസനത്തിന്‌ കാരണം എന്ന് പറയുമ്പോള്‍ അറിവിന്റെ ഉത്പാദനത്തില്‍ പ്രവര്‍ത്തനത്തിന്റെ - പ്രയോഗത്തിന്റെ - അധ്വാനത്തിന്റെ പങ്കു  അംഗീകരിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, നിരീക്ഷണവും, യുക്ത്യാധിഷ്ടിതമായ ചിന്തനവും മാത്രമാണ് വിജ്ഞാനതിനുള്ള ഉപാധി എന്ന് പറയുമ്പോള്‍ അവിടെ പ്രവര്‍ത്തനത്തിന്റെ പങ്കു ഡോ: വിശ്വനാഥന്‍ വിട്ടുകളയുന്നു.  ഇവിടെ ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. അതായത് അറിവിനെ സംബന്ധിച്ചിടത്തോളം അറിവിന്റെ സ്രഷ്ടാവും അറിവിന്റെ ഗുണഭോക്താവും ഉണ്ടെന്ന കാര്യം. എല്ലാവരും വിജ്ഞാനരാശിയിലേക്ക് സംഭാവന നല്‍കുന്നില്ല. ഉണ്ടാക്കിവെച്ച അറിവുകള്‍ ഉപയോഗിക്കുന്നവരാണ് കൂടുതല്‍. അവരെ സംബന്ധിച്ചിടത്തോളം 'ബുദ്ധിശക്തി ഖനിക്കേണ്ട' കാര്യമില്ലല്ലോ!  ഉദാഹരണം ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍  തുടങ്ങിയവര്‍. എന്നാല്‍ ഇവരും അവരുടെ അദ്ധ്വാനത്തിനിടയില്‍, അനുഭവത്തിലൂടെ ചില പുതിയ അറിവുകള്‍ നേടുന്നുണ്ട്. 
           'കേവലഭൌതികവാദത്തെ' (യുക്തിവാദത്തെ) കളിയാക്കാന്‍ വേണ്ടിയാവാം ചിലപ്പോള്‍ ഈ.എം.എസ് അയ്യപ്പന്‍റെ വരികളെ ഇവ്വിധം വ്യാഖ്യാനിച്ചത്. ഏതായാലും ഇക്കാര്യത്തില്‍ തൂങ്ങിപ്പിടിച്ച്‌ യുക്തിവാദികള്‍ തമ്മിലടിക്കേണ്ട കാര്യമില്ല. കാരണം യുക്തിവാദികളുടെ  നേതാവ് ഈ.എം.എസ്. അല്ല, സഹോദരന്‍ അയ്യപ്പനാണ്. 


                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ