2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

വിദ്യാസമ്പന്നന്‍മാരുടെ വങ്കത്തരങ്ങള്‍

 കോണ്‍ഗ്രസ്‌ എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരും പ്രതിശ്രുത വധു സുനന്ദപുഷ്കരും മഹാരാഷ്ട്രയിലെ രണ്ട് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതായി 2.08.10 ലെ പത്രങ്ങളില്‍ വാര്‍ത്തയുണ്ട്. ഇവര്‍ രണ്ട് ക്ഷേത്രങ്ങളിലും പൂജകളും നടത്തി. ഇതിലെന്ത് വിശേഷം എന്ന് ചോദിച്ചേക്കാം. ഇതില്‍ വിമര്ശിക്കപ്പെടെണ്ടാതായി ഒന്നുമില്ല. പക്ഷെ തുടര്‍ന്ന് വായിക്കുമ്പോഴാണ് കല്ലുകടി അനുഭവപ്പെടുന്നത്. മുംബൈയില്‍ നിന്നും 250 കി.മി. അകലെയുള്ള ഷിര്‍ദി ക്ഷേത്രത്തിലെത്തി നിര്‍ഭാഗ്യങ്ങള്‍ മറികടക്കുന്നതിന് ശനി ശിഘ്നാപൂര്‍ ക്ഷേത്രത്തിലെ അഭിഷേക പൂജയില്‍ ഇരുവരും പങ്കെടുത്തു. കുടുംബത്തിലെ സമാധാനത്തിനു വേണ്ടിയാണു പൂജ നടത്തിയതെന്ന് ശശി പറഞ്ഞത്രേ. കേരളത്തിലെ ഒരു ജ്യോത്സ്യന്റെ  നിര്‍ദേശമാണ് പൂജക്ക്‌ കാരണമെന്നും പറഞ്ഞു കേള്‍ക്കുന്നതായി റിപ്പോര്ടിലുണ്ട്. ശനിയുടെ പാപഫലങ്ങള്‍  ഒഴിവാക്കുന്നതിനു വേണ്ടിയാണത്രേ ഈ പൂജ നടത്തുന്നത്.

         ആധുനിക വിദ്യാഭ്യാസം നേടിയ, ഉന്നതമായ ഉദ്യോഗം വഹിച്ചിരുന്ന, പരിഷ്കൃതാശയങ്ങള്‍  വെച്ചുപുലര്‍ത്തുന്ന ഒരാളായിട്ടാണ് പൊതുവേ ശശി തരൂര്‍ കരുതപ്പെട്ടിരുന്നത്. അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുന്നത് പോലും വിവരക്കേടാണ്. പക്ഷെ അത് നമുക്ക് പൊറുക്കാം. എന്നാല്‍ ശനി എന്നൊരു ഗ്രഹം മനുഷ്യനെക്കൊണ്ട് പാപം ചെയ്യിക്കുന്നു എന്നൊക്കെയുള്ള കടുത്ത അന്ധവിശ്വാസം ഒരു ആധുനികന്‍ വെച്ചുപുലര്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. ജ്യോത്സ്യം ഒരു കപട ശാസ്ത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ അറിവൊന്നും വേണ്ട. ജനന സമയത്ത് ഗ്രഹങ്ങള്‍ ഏതു രാശിയില്‍ നില്‍ക്കുന്നു  എന്നതനുസരിച്ചാണത്രെ ഒരാളുടെ ജീവിതത്തിന്റെ ഭാവി! ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ മിനുട്ടില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കുമ്പോള്‍ എങ്ങനെ ജനനസമയവും ഗ്രഹങ്ങളുടെ സ്ഥാനവും നിര്‍ണയിക്കും? ജ്യോല്സ്യത്തിലെ ജനനസമയത്തെ കുറിച്ചുള്ള ധാരണ തെറ്റാണ്. പ്രസവിച്ചു ഭൂമിയിലെക്കെത്തുംപോഴല്ല ഒരു കുട്ടി ജനിക്കുന്നത്. യഥാര്‍ത്ഥ ജനനം ഗര്‍ഭപാത്രത്തില്‍ തന്നെയാണ്. അച്ഛന്റെ ബീജതിലും അമ്മയുടെ അണ്ടത്തിലും ഉള്ള ജീവന്‍ തന്നെയാണ് കുഞ്ഞിലുമുള്ള ജീവന്‍. ജീനുകളാണ് സ്വഭാവം നിര്‍ണയിക്കുന്നത്. മറ്റൊന്ന് ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ഒന്നും തന്നെ ഒരു മനുഷ്യ ശരീരത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല എന്നുള്ളതാണ്. പിന്നെ അനുഭവവും കാണിക്കുന്നത്, 99 ശതമാനം പ്രവചനവും തെറ്റാണെന്നാണ്. ജ്യോത്സ്യം തെളിയിക്കാന്‍ ലോകത്തെമ്പാടും ലക്ഷക്കണക്കിന്‌ രൂപ പന്തയം വെച്ചുകൊണ്ടുള്ള വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ജ്യോത്സ്യനും ഈ വെല്ലു വിളി ഏറ്റെടുത്തിട്ടില്ല.

            ഇങ്ങനെ പൊള്ളയായ, ബാലിശമായ ഒരു അന്ധവിശ്വാസത്തെ തലയിലേറ്റി ഒരു ആധുനികന്‍ നടക്കുന്നത് കാണുമ്പോള്‍ ഹോ! നമ്മുടെ രാജ്യത്തിന്‍റെ ഒരു പോക്ക് എന്നെ പറയാന്‍ തോന്നുന്നുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ