2010, ജൂലൈ 29, വ്യാഴാഴ്‌ച

ആത്മീയത - അശാസ്ത്രീയ പരികല്പന


                  15.05.10 ലെ മാതൃഭൂമി ' നഗര'ത്തില്‍ ജിജോ സിറിയക് എഴുതിയ  ആത്മീയ ജീവിതം എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചില അഭിപ്രായങ്ങള്‍ ആണ് ഇവിടെ കുറിക്കുന്നത്. എന്താണ് ആത്മീയത എന്നതിനെക്കുറിച്ച് പലര്‍ക്കും പല നിര്‍വചനങ്ങളും കൊടുക്കാം.അലസമായ ജീവിതം നയിച്ചിരുന്ന ലേഖകന്റെ സുഹൃത്ത്‌  ചിട്ടയായ ദിനചര്യ സ്വീകരിച്ചപ്പോള്‍ ഉന്മേഷവാനായി. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോഴും വേദഗ്രന്ഥം വായിക്കുമ്പോഴും ഉണര്‍വ് കിട്ടുന്നു - ഈ ഉണര്‍വാണ് ആത്മീയത എന്ന് ലേഖകന്‍ പറയുന്നു. ചുരുക്കത്തില്‍ മനസ്സിന് ആനന്ദം, ഉന്മേഷം എന്നിവ നല്‍കുന്ന പ്രവര്‍ത്തികള്‍ ആത്മീയ പ്രവര്‍ത്തനം ആണ്എന്ന് അദ്ദേഹം വിവക്ഷിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതാണോ ആത്മീയത? അല്ലെന്നാണ് എന്റെ പക്ഷം. അത് ആത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പരമാത്മാവ്‌ അഥവാ ദൈവവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം, അതാണ്‌  പരമാത്മാവ്‌.  ആ പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ് അഥവാ മനുഷ്യന്‍. ഈ പ്രപഞ്ച ചൈതന്യമായ പരമാത്മാവ്‌ എന്നിലും നിന്നിലും നിറഞ്ഞു നില്‍ക്കുന്നു എന്ന അറിവാണ് ആത്മീയത. ഉപനിഷത്തിലെ ദര്‍ശനമാണ് അത്. അവനവനില്‍ത്തന്നെ  ദൈവം ഉണ്ട് എന്ന അറിവ് പരമമായ അറിവ് ആയിട്ടാണ് ഉപനിഷത്തുകള്‍ കാണുന്നത്. തത് ത്വം അസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ മഹാവാക്യങ്ങള്‍ സൂചിപ്പിക്കുന്നത് അതാണല്ലോ? ഈ അറിവ് അഹങ്കാരം ഇല്ലാതാക്കുന്നു, സമസൃഷ്ടി സ്നേഹം  ഉളവാക്കുന്നു എന്നൊക്കെ പറയാറുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീരം, മനസ്സ് എന്നിവ കൂടാതെ ആത്മാവ്‌ എന്ന പരികല്പന കൂടി പൊതുവേ എല്ലാ മതങ്ങള്ക്കുമുണ്ട്. വ്യക്തി എന്നതു യഥാര്‍ത്ഥത്തില്‍ ആത്മാവ് ആണ്. അതിനു നാശമില്ല. മരണം എന്നതു ശരീരത്തിന്റെ മാത്രം നാശമാണ്. ശരീരം നശിച്ചാലും അത്മാവുണ്ടാവും ഇതൊക്കെയാണ് പൊതുവേ ഹിന്ദുമതസങ്കല്‍പം. പുനര്‍ജ്ജന്മം എന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണല്ലോ? ചുരുക്കത്തില്‍ ആത്മാവിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ആത്മീയതയെപ്പറ്റി  നമുക്ക് ചര്‍ച്ച ചെയ്യാന്‍ പറ്റില്ല എന്നര്‍ത്ഥം. മതങ്ങളുടെ കാഴ്ചപ്പാടിലുള്ള അത്മാവാകട്ടെ ഒരു മിഥ്യാസങ്കല്‍പം മാത്രവുമാണ്. അവരുടെ ആത്മീയത സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവായ ഒരു ദൈവസങ്കല്പത്തിലധിഷ്ടിതവുമാണ്. മതസങ്കല്പത്തിലുള്ള അത്മീയതയല്ല സിറിയക് പറഞ്ഞ  ആത്മീയത. അതിനു (ലേഖകന്റെ ആത്മീയതക്ക്) മാനസികോന്മേഷം, അനുഭൂതി എന്നൊക്കെയാണ് പറയാന്‍ നല്ലത് . ദൈവം, ആത്മീയത എന്നീ പരികല്പ്പനകള്‍ക്കൊക്കെ അവരവരുടെ സൌകര്യത്തിനനുസരിച്ചു ഓരോരുത്തരും നിര്‍വ്വചനങ്ങള്‍ നല്കുന്നുട്. അതിനു അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്‌. പക്ഷെ സമൂഹത്തിന്റെ സാമാന്യബോധത്തില്‍ അടിയുറച്ച ആശയങ്ങള്‍ക്ക് അതിന്റേതായ നിര്‍വ്വചനങ്ങള്‍ ഉണ്ട് എന്ന് മറന്നു കൂട. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ