2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

ബലാത്സംഗം - കാരണങ്ങളും പരിഹാരവും


രണ്ടായിരത്തി പന്ത്രണ്ടു ഡിസംബര്‍ 16നു ഡല്‍ഹിയില്‍ നടന്ന കൂട്ട 
ബലാത്സംഗം സ്ത്രീകളുടെ പദവിയെക്കുറിച്ചു ഗൌരവപൂര്‍ണ്ണമായ 
ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയുണ്ടായി. സമീപകാല ഇന്ത്യയുടെ
മനസ്സാക്ഷിയെ ഞെട്ടിച്ചതും, തലസ്ഥാനനഗരത്തെ പ്രക്ഷോഭങ്ങ
ളുടെ വേലിയേറ്റത്താല്‍ പ്രകമ്പനം കൊള്ളിച്ചതുമായ ഈ സംഭവ
ത്തിന്റെ ഒരു ഗുണാത്മകവശം ഈ ചര്‍ച്ചയാണ്. 

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, പ്രത്യേകിച്ചു ബലാത്സംഗങ്ങള്‍
വര്‍ദ്ധിച്ചുവരികയാണോ, ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്ത്, അതിനു
പരിഹാരമാര്‍ഗ്ഗമെന്ത് തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ വ്യക്തികളും, 

സംഘടനകുളും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ക്കെ
തിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ലില്‍ ഭേദഗതി 
നിര്‍ദ്ദേശിക്കുന്നതിനായി നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.എസ് വര്‍മ്മ 
കമ്മിറ്റിയുടെ മുമ്പാകെ പലവിധ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെടുക
യുണ്ടായി. ബലാല്‍സംഗത്തിന് വധശിക്ഷ വേണം, വധശിക്ഷ വേണ്ട 
നിയമം കര്‍ശനമാക്കിയാല്‍ മതി, ജീവപര്യന്തം തടവ്‌ ശിക്ഷ വേണം, 
അത് തന്നെ കുറ്റവാളിയുടെ ജീവിതാന്ത്യംവരെയായിരിക്കണം,
നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പി

ക്കപ്പെട്ടു. അവ മുന്നോട്ടു വെച്ച വ്യക്തികളുടെയും സംഘടനകളുടെയും 
ആശയപരമായ വീക്ഷണം ഈ നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിച്ചിരുന്നു.


ബലാത്സംഗങ്ങളുടെ കാരണങ്ങള്‍ 

ബലാത്സംഗങ്ങളുടെ അടിസ്ഥാനപരമായ കാരണം പുരുഷാധിപത്യ
സാമൂഹികവ്യവസ്ഥയാണ്‌ എന്ന് മാധ്യമ ചര്‍ച്ചകള്‍
വെളിപ്പെടുത്തുന്നു. ചെറുപ്പത്തിലേ തന്നെ വീട്ടില്‍ മുന്തിയ
പരിഗണന നല്‍കിക്കൊണ്ടാണ് ആണ്‍കുട്ടികളെ വളര്‍ത്തുന്നത്. ഇന്ത്യന്‍
സംസ്കാരത്തില്‍ പുത്രനുള്ള സ്ഥാനം വലിയതാണ്.
പുത്രന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ
'പും എന്ന നരകത്തില്‍ നിന്ന് പിതാവിനെ ത്രാണനം (രക്ഷിക്കുന്നവന്‍)
ചെയ്യുന്നവന്‍' എന്നാണു. പുത്രനില്ലാത്തവന്റെ ജീവിതം അര്‍ത്ഥശൂന്യമാണെന്നു
കല്‍പ്പിക്കപ്പെടുന്നു. എത്ര പെണ്മക്കളുണ്ടായിട്ടും കാര്യമില്ല ആത്മാവിനു
നിത്യശാന്തി ലഭിക്കണമെങ്കില്‍ മകന്‍ തന്നെ ബലിതര്‍പ്പണം ചെയ്യേണ്ടി
യിരിക്കുന്നു. മതാത്മകമായത് കൊണ്ട് സ്ത്രീകള്‍ പോലും പുരുഷാധി
പത്യവ്യവസ്ഥയുടെ വക്താക്കളായി മാറുകയും അതിനനുസരിച്ചു
കുട്ടികളെ വളര്‍ത്തുകയും ചെയ്യുന്നു. "അവന്‍ എത്രയായാലും ഒരാണല്ലേ?"
എന്ന് ചോദിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അമ്മമാര്‍ വീടുകളില്‍
ആണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്ര വാത്സല്യവും പരിഗണനയും
പെണ്‍കുട്ടികള്‍ക്കു നല്‍കാറില്ല. തന്നെ സംരക്ഷിക്കേണ്ടത്
മകനാണെന്നതും മകള്‍ അന്യവീട്ടിലേക്കു
പോകേണ്ടവളാണ് എന്നതുമായിരിക്കാം ഒരു കാരണം. ഒരു പക്ഷെ
മനുഷ്യവംശത്തിന്റെ ആരംഭകാലം തൊട്ടു തന്നെ പുരുഷന്‍ സ്ത്രീകളുടെ
മേല്‍ ആധിപത്യം പുലര്‍ത്തിയിരിക്കാനാണ് സാധ്യത. സ്ത്രീയുടെ
ശാരീരികമായ 'ദുര്‍ബ്ബലാവസ്ഥ'യും പുരുഷന്റെ ശാരീരികമായ ശക്തിയുമാണ്
അവന്റെ മേധാവിത്വത്തിനു നിദാനം. മതങ്ങളുടെ ആശയങ്ങളിലും
പുരുഷാധിപത്യം തന്നെയാണ് പ്രതിഫലിക്കുന്നത്. ഹിന്ദുമതത്തിന്റെ
നിയമഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുസ്മൃതി എന്ത് പറയുന്നു
എന്ന് എല്ലാവര്‍ക്കുമറിയാം.

          പിതാ രക്ഷതി കൌമാരേ
          ഭര്‍ത്താ രക്ഷതി യൗവ്വനേ
          പുത്രോ രക്ഷതി വാര്‍ദ്ധക്യേ
          ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

സ്ത്രീയെ പുരുഷന്‍ എക്കാലത്തും സംരക്ഷിക്കും, അവള്‍ അവന്റെ
ആശ്രയത്തിലായിരിക്കും എന്നാണല്ലോ ഇതിന്റെ അര്‍ത്ഥം.
'സ്ത്രീ നിന്റെ കൃഷി സ്ഥലമാണ്. നിനക്കവിടെ ഇഷ്ടം പോലെ
വിളവിറക്കാം. ഒരു പുരുഷന്‍ സാക്ഷി പറയുന്നിടത്ത് രണ്ടു സ്ത്രീകള്‍
സാക്ഷി പറയണം' തുടങ്ങിയവയാണ് ഇസ്ലാമിലെ നിയമങ്ങള്‍.
ക്രിസ്തുമതവും ഇക്കാര്യത്തില്‍ ഭിന്നമല്ല. പുരുഷന്റെ ഏകാന്തത
മാറ്റാന്‍ വേണ്ടി അവന്റെ വാരിയെല്ലില്‍ നിന്നും ദൈവം സ്ത്രീയെ
സൃഷ്ടിച്ചു എന്ന ബൈബിള്‍ കഥയുടെ പൊരുള്‍ സ്ത്രീക്ക്
സ്വന്തമായി അസ്തിത്വമില്ല എന്നു തന്നെയാണ്.

ആധുനിക ഇന്ത്യയിലും മതാത്മകകാഴ്ചപ്പാടില്‍ നിന്നും സമൂഹം
മുന്നോട്ടു പോയിട്ടില്ല. പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനോ
ഇടപെടുന്നതിനോ യാഥാസ്ഥിതിക സമൂഹം സ്ത്രീയെ അനുവദിക്കുകയില്ല.
പാര്‍ലിമെന്റില്‍ സ്ത്രീ സംവരണത്തിനുള്ള നിയമം പാസ്സാവാതിരിക്കുന്നതും
ഇത് കൊണ്ടാണ്. പുരോഗമനവീക്ഷണമുള്‍ക്കൊള്ളുന്ന രാഷ്ട്രീയ
കക്ഷികളുടെ നേതാക്കള്‍ പോലും ഈ നിലപാടാണ് വ്യക്തിജീവിതത്തില്‍
വെച്ച്പുലര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് മാത്രം ബാധകമായ സദാചാരം, ചാരിത്ര്യം
എന്നീ 'മൂല്യവ്യവസ്ഥകള്‍' പുരുഷതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി
സൃഷ്ടിക്കപ്പെട്ടവയാണ്.

ഇന്ത്യന്‍ സംസ്കാരത്തില്‍ ബലാല്‍സംഗബോധം ഉള്‍ച്ചേരുന്നു
എന്നാണു പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രവീണ്‍സ്വാമി പറയുന്നത്.
ഇന്ത്യന്‍ ബഹുജനസംസ്കാരം സ്ത്രീവിരോധം നിറഞ്ഞതാണെന്ന്
അദ്ദേഹം വിലയിരുത്തുന്നു. താന്‍ ഇഷ്ടപ്പെടുന്ന പെണ്ണിനെ കീഴടക്കുന്നത്‌
ആണത്തത്തിന്റെ ലക്ഷണമായി സിനിമകള്‍ ഉദ്ഘോഷിക്കുന്നു.
സ്പോട്സ്, മദ്യപാനം, അടിപിടി, എന്നതൊക്കെപ്പോലെ
ബലാല്‍സംഗവും ആണുങ്ങള്‍ക്ക് പറഞ്ഞതാണ് എന്ന ബോധമാണ്
ഇവിടെയുള്ളത്. പുത്രാരാധക ഇന്ത്യന്‍ സമൂഹം സ്ത്രീയെ
കീഴടക്കുന്നത് (ഏതു കാര്യത്തിലായാലും) അനുവദനീയ കൃത്യമായിട്ടാണ്
കരുതുന്നത് എന്നദ്ദേഹം പറയുന്നു (ഹിന്ദു: 27.12.12) കീഴടക്കപ്പെടുന്ന
സ്ത്രീയുടെ 'വേണ്ട, വേണ്ട' എന്ന നിഷേധത്തെ, 'വേണം, വേണം'
എന്ന ആഗ്രഹമായി അവര്‍ വ്യാഖ്യാനിക്കുന്നു.
ഈ ചിന്തയുടെ വേരുകള്‍, സ്ത്രീജിതന്മാരായ ഇന്ദ്രന്റെയും,
ശിവന്റെയും കഥകളിലൂടെ, പുരാണങ്ങളിലും ഇതിഹാസങ്ങളിലും
വേണ്ടത്ര കാണാന്‍ കഴിയും. ലൈംഗികാഭിനിവേശപൂര്‍ത്തീകരണം
എന്നതിനേക്കാള്‍ പുരുഷാധിപത്യത്തിന്റെ പ്രകടനമാണ് ബലാല്‍സംഗം
എന്നാണു സാമൂഹികചിന്തകര്‍ അഭിപ്രായപ്പെടുന്നത്. ലൈംഗിക
കുറ്റവാളികളില്‍ നടത്തിയ പഠനം അവരില്‍ ഭൂരിപക്ഷവും അമിത
ലൈംഗികാസക്തിയുള്ളവരല്ല എന്നാണു കാണിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ പല നഗരങ്ങളിലും വേശ്യാവൃത്തി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
30 ലക്ഷം ലൈംഗിക തൊഴിലാളികള്‍ ഇന്ത്യയിലുണ്ടെന്നാണ്
കണക്കു. എന്നിട്ടും 1953 മുതല്‍ 2011 വരെയുള്ള കാലത്ത് ബലാല്‍സംഗം
873 ശതമാനം വര്‍ദ്ധിക്കുകയുണ്ടായി. സ്ത്രീ വിരോധം
(misogyny) അവരുടെ ശരീരം ആക്രമിക്കാനുള്ള, വിശേഷിച്ചു
ജനനേന്ദ്രിയത്തില്‍ പരുക്കേല്പ്പിക്കാനുള്ള, പ്രവണത ചിലരില്‍
സൃഷ്ടിക്കുന്നുണ്ടത്രെ. (രുചിര ഗുപ്ത, ഹിന്ദു: 30.12.12)

ലോകമൊട്ടാകെ പല യുവാക്കളും കരുതുന്നത് സ്പോട്സ്, മദ്യപാനം,
അടിപിടി എന്നിവയെപ്പോലെ ബലാല്‍സംഗവും ഒരു
പുരുഷവീരപരാക്രമമായിട്ടാണ്. 2010 ല്‍ ഇന്ത്യയില്‍ ബലാല്‍സംഗത്തിന്
അറസ്റ്റു ചെയ്യപ്പെട്ടവരില്‍ 58 ശതമാനവും 18-30 പ്രായപരിധിയില്‍
പെട്ടവരായിരുന്നു. (ഹിന്ദു: 11.01.13) അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക
വികാരമാണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്‌. തങ്ങള്‍ക്കു
ആസ്വദിക്കാന്‍ കഴിയാതെ പോകുന്ന ലൈംഗികത മറ്റു ചിലര്‍
അനുഭവിക്കുന്നത് കാണുമ്പോഴുള്ള പക
ബലാത്സംഗത്തിനു പ്രേരണയാകുമത്രെ!

സാമ്പത്തിക ഉദാരവല്‍ക്കരണം സംസ്കാരത്തില്‍ മാറ്റം വരുത്തി.
പൊതു ഇടങ്ങള്‍ കുറയുകയും, രാഷ്ട്രീയബോധം ഇല്ലാതാവുകയും
ചെയ്തു. സാമൂഹിക ബന്ധങ്ങളില്‍ കുറവുണ്ടാവുകയും വ്യക്തികളില്‍
ഒറ്റപ്പെടലിന്റെ അസ്വസ്ഥതകള്‍ ഉടലെടുക്കുകയും അത് കുറ്റകൃത്യങ്ങള്‍ക്ക്
ആക്കം കൂട്ടുകയും ചെയ്യുന്നു. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ
കണക്കു പ്രകാരം 2011ല്‍ 18-30 പ്രായപരിധിയില്‍ വരുന്ന 29,937
പുരുഷന്മാര്‍ അറസ്റ്റു ചെയ്യപ്പെട്ടു. 18-30 പ്രായപരിധിയില്‍ വരുന്ന
കുറ്റവാളികളുടെ കണക്കു നോക്കുക:
        1991 : 8,864
        2011 : 16,528
നഗരങ്ങളിലെ മധ്യവര്‍ഗ്ഗപുരുഷന്മാര്‍ക്ക് തൊഴില്‍പരമായ കാരണങ്ങളാലും
മറ്റും തങ്ങളുടെ അധികാരം നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടാവുകയും
അതിനു കാരണക്കാരായ സ്ത്രീവര്‍ഗ്ഗത്തോട് പകയുണ്ടാവുകയും
ബലാത്സംഗത്തിലൂടെ അധികാര പ്രയോഗത്തിന്റെ നിര്‍വൃതി
ആസ്വദിക്കുകയും ചെയ്യുന്നു.

മധ്യവര്‍ഗ്ഗസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം മുകളിലെ
വിലയിരുത്തലുകള്‍ ശരിയാവാമെങ്കിലും സവര്‍ണ്ണ ജന്മിത്വവ്യവസ്ഥ
നിലനില്‍ക്കുന്ന ഗ്രാമങ്ങളിലെ ബലാല്‍സംഗത്തിന്റെ കാരണങ്ങള്‍
കുറേക്കൂടി വ്യത്യസ്തമാണെന്ന് പറയാം. ജന്മിത്വത്തിന്റെ സ്വഭാവിക
ഘടകമായ പുരുഷാധിപത്യം പിന്നോക്ക ഗ്രാമങ്ങളില്‍ ഒരു
സംസ്കാരമായി വേരുറച്ചു നില്‍ക്കുകയാണ്. ദളിതരെ അവിടെ
മനുഷ്യരായി പരിഗണിക്കുന്നില്ല ദളിത സ്ത്രീകളെ കൂട്ട ബലാത്സംഗം
ചെയ്യുന്നത് ഒരു കുറ്റമോ തെറ്റോ ആയി ജന്മിമാര്‍ കണക്കാക്കുന്നില്ല
എന്ന് മാത്രമല്ല, അതൊരു അവകാശമായി കരുതുകയും ചെയ്യുന്നു.
അടിമസ്ത്രീകളോട് പെരുമാറുന്നത് പോലെയാണ് അവര്‍ ദളിത
സ്ത്രീകളോട് പെരുമാറുന്നത്. ഭൂവുടമയുടെ ഇംഗിതത്തിനു വഴങ്ങുക
തങ്ങളുടെ കടമയോ വിധിയോ ആണെന്നതിനപ്പുറം ചിന്തിക്കാന്‍
പല ദളിത്‌ സ്ത്രീകള്‍ക്കും ആവുകയില്ല.
ആരെങ്കിലും പോലീസില്‍ പരാതിപ്പെട്ടാല്‍ തന്നെ പോലീസ് പലപ്പോഴും
ശ്രദ്ധിക്കുകയില്ല എന്ന് മാത്രമല്ല പീഡിപ്പിക്കപ്പെട്ടവരെ
കൂടുതല്‍ പീഡനത്തിനിരയാക്കുകയും ചെയ്യും. പൊലീസിനെതിരെ
പരാതിപ്പെട്ടാല്‍ പ്രതികാരം ഉറപ്പാണ്. ഇല്ലെങ്കില്‍ കൈക്കൂലി
കൊടുക്കേണ്ടി വരും. ഭൂവുടമകളും, പോലീസുദ്യോഗസ്ഥരും ഉയര്‍ന്ന
ജാതിക്കാരും പ്രതികളായ സംഭവങ്ങളില്‍ 5 ശതമാനം മാത്രമാണ്
കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇതില്‍ത്തന്നെ 30 ശതമാനം തള്ളിപ്പോവുന്നു.
ഇരകളെയും സാക്ഷികളെയും പോലീസ് ഭീഷണിപ്പെടുത്തുകയും
ഭര്‍ത്താക്കന്മാരെ മര്‍ദ്ദിക്കുകയും ചെയ്യും. അലഹബാദില്‍ നിന്ന് 30
കിലോമീറ്റര്‍ അകലെ താര്‌വായ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള
തിക്കാരി ഗ്രാമത്തിലെ 45 വയസ്സുള്ള ലല്ലിദേവിയുടെ കദനപൂര്‍ണ്ണമായ
അനുഭവം നോക്കുക. ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ
ആനുകൂല്യമുപയോഗിച്ചു ലല്ലിദേവി ഒരു വീട് പണിതു. പോരാതെ വന്ന
പണം പ്രാദേശിക പണമിടപാടുകാരനില്‍ നിന്നും കൊള്ളപ്പലിശക്ക്
വാങ്ങിച്ചു. പണം തിരിച്ചു കൊടുക്കുന്നതില്‍ താമസം വന്നപ്പോള്‍
പലിശക്കാരന്‍ ലല്ലിദേവിയുടെ വീട് പൊളിച്ചു.ഇത് ചോദ്യം ചെയ്ത ലല്ലിയുടെ
ഭര്‍ത്താവിനേയും മകനേയും പലിശക്കാരന്റെ ഗുണ്ടകള്‍ മര്‍ദ്ദിച്ചു.
അവര്‍ താമസിച്ചിരുന്ന കുടിലിനു തീവെച്ചു. ഇതിനെതിരെ പോലീസ്
ഒരു നടപടിയുമെടുത്തില്ല.

1994 ജനുവരിയില്‍ അലഹബാദിനടുത്തുള്ള ദാനഗ്രാമത്തില്‍ ശിവപാട്യ
എന്ന വൃദ്ധയായ ദളിത്‌ സ്ത്രീയെ നഗ്നയായി നടത്തി. അവര്‍ കൃഷി ചെയ്ത
പച്ചക്കറികള്‍ കുര്‍മി (പ്രബലമായ പിന്നോക്ക വിഭാഗം) ജാതിയില്‍പ്പെട്ട
കുട്ടികള്‍ അറുത്തു കൊണ്ട് പോവുന്നത് അവരുടെ മകന്‍ തടഞ്ഞു
എന്നതായിരുന്നു കാരണം. പ്രശ്നം വാര്‍ത്താപ്രാധാന്യം നേടിയപ്പോള്‍
ഭരണകക്ഷി നേതാക്കളായ കന്‍ഷിറാമും, മുലായംസിംഗ് യാദവും
സ്ഥലം സന്ദര്‍ശിച്ചു. ഭൂമി നല്‍കാമെന്നും, പണം നല്‍കാമെന്നും
വാഗ്ദാനമുണ്ടായി. പക്ഷെ 17 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസ്
സെഷന്‍സ് കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഒരു ദളിത്‌
വനിതയായ മായാവതി ഇക്കാലയളവില്‍ 4 തവണ മുഖ്യമന്ത്രിയായി
എന്ന് കൂടി ഓര്‍ക്കുക. ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കേസ് നടക്കുന്നത്
എന്ന് കൂടി അറിയുമ്പോള്‍ ദളിത്‌ പ്രശ്നങ്ങളില്‍ അധികൃതര്‍ക്കുള്ള
അനാസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഹരിയാണയിലെ സച്ചാ ഖേര ഗ്രാമത്തില്‍ 2012 ഒക്ടോബറില്‍ കൂട്ട
ബലാത്സംഗങ്ങളുടെ പരമ്പര തന്നെയുണ്ടായി. 16 വയസ്സുകാരിയെ
ബലാത്സംഗം ചെയ്തത് ഗ്രാമത്തിലെ മൂന്നു ഗുണ്ടകളായിരുന്നു.
മാനക്കേട്‌ സഹിക്കാന്‍ വയ്യാതെ അവള്‍ സ്വയം
തീകൊളുത്തി ആത്മഹത്യ ചെയ്തു. കോണ്ഗ്രസ് പ്രസിഡന്റ്
സോണിയാഗാന്ധി അവിടം സന്ദര്‍ശിക്കുകയും പെണ്‍കുട്ടിയുടെ
മാതാപിതാക്കളായ രാജകാളി, കാളി എന്നിവരുമായി സംസാരിക്കുകയും
ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. കുറ്റവാളികള്‍ ജാട്ട് സമുദാ
യാംഗങ്ങളും, ജാട്ട് സമുദായത്തിന് സര്‍ക്കാരില്‍ വന്‍സ്വാധീനവും 

ഉള്ളതുകൊണ്ട് കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടായില്ല

2012 ഒക്റ്റോബര്‍ 3 നു സോണാപ്പെട്ട് ജില്ലയിലെ ബെന്‍വാസാ
ഗ്രാമത്തിലെ ഒരു നവവധുവിനെ 4 പേര്‍ ചേര്‍ന്ന് ബലാത്സംഗം
ചെയ്തു. പെണ്‍കുട്ടിയെ കുടുംബം ഉപേക്ഷിച്ചു എന്നല്ലാതെ
കുറ്റവാളികളെ പിടികൂടുകയുണ്ടായില്ല.

പകുതി ഇന്ത്യക്കാരും പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പേ ലൈംഗിക
പീഡനം അനുഭവിച്ചവരാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
2007 ല്‍ വനിതാ-ശിശു വികസന മന്ത്രാലയം പുറത്തിറക്കിയ
സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത് പഠനവിധേയമാക്കിയ 12,477
കുട്ടികളില്‍ 68.99 ശതമാനവും ശാരീരികപീഡനത്തിനിരയായിരുന്നു
എന്നാണ്. ഇതില്‍ പകുതിയും ആണ്‍കുട്ടികളായിരുന്നു. 12 ല്‍
ഒരാള്‍ ലൈംഗികപീഡനത്തിനും ഇരയായിരുന്നു. ഇതിലും, ഭൂരിപക്ഷം
ആണ്‍കുട്ടികളായിരുന്നു. (പ്രവീണ്‍ സ്വാമി, ഹിന്ദു:11.01.13)


വധശിക്ഷ പോലുള്ള കഠിനശിക്ഷകള്‍ ഇല്ലാത്തതാണ്
ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചു വരാന്‍ കാരണമെന്നു പറയുന്നവരുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത  ജ:ജെ.എസ്.വര്‍മ്മ കമ്മീഷന്
നല്‍കിയ നിര്‍ദ്ദേശങ്ങളിലൊന്ന്  വധശിക്ഷ ഏര്‍പ്പെടുത്തണമെന്നാണ്.
കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി കൃഷ്ണാതിരാത്ത് പറഞ്ഞത്
ലൈംഗികപീഡനങ്ങള്‍ക്ക് വധശിക്ഷ നല്‍കും വിധം ശിക്ഷാ
നിയമം ഭേദഗതി ചെയ്യണമെന്നാണ്. ബലാത്സംഗപ്രതികളെ
തൂക്കിക്കൊല്ലണമെന്ന് പാര്‍ലിമെന്റില്‍ സുഷമാ സ്വരാജ്,
ഗിരിജാ വ്യാസ്, ബി.ജെ.പി, ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ.
എന്നീ പാര്‍ട്ടികളുടെ എം.പി. മാര്‍ എന്നിവര്‍ ക്ഷുഭിതരായി
ആവശ്യപ്പെടുകയുണ്ടായി. ദല്‍ഹി പ്രക്ഷോഭകരില്‍ നിന്നും ആദ്യം
ഉയര്‍ന്ന ആവശ്യവും പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു.
ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചതുകൊണ്ട് കുറ്റങ്ങള്‍ ഇല്ലാതാവുകയില്ല
എന്നത് അനുഭവസിദ്ധമായ സത്യമാണ്.

പ്രതീക്ഷിച്ചതുപോലെ മതരാഷ്ട്രീയത്തിന്റെ വക്താക്കള്‍ കുറ്റം
കണ്ടെത്തിയത് സ്ത്രീകളിലാണ്. സ്ത്രീകള്‍ ലക്ഷ്മണരേഖ
മുറിച്ചു കടക്കുന്നതാണ് ലൈംഗികപീഡനത്തിനു കാരണമെന്നാണ്
മദ്ധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി കൈലാഷ് വിജയ്‌ വര്‍ഗ്ഗിയ പറഞ്ഞത്.
ആര്‍.എസ്.എസ്.തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് ഭാരതത്തില്‍
ബലാത്സംഗം നടക്കുന്നില്ല, ഇന്ത്യയിലാണ് നടക്കുന്നത് എന്നാണ്.
അതിന്റെ അര്‍ത്ഥം ഗ്രാമങ്ങളില്‍ നടക്കുന്നില്ല, ഇന്ത്യന്‍ നഗരങ്ങളിലാണ്
നടക്കുന്നത് എന്നാണല്ലോ. തീരെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ഒരു
പ്രസ്താവനയായിരുന്നു അത്. ബലാത്സംഗം അധികവും നടക്കുന്നത്
ഗ്രാമങ്ങളിലാണ്; ഇരകളാവട്ടെ, ഭൂരിപക്ഷവും ദളിതരും, പട്ടിക വര്ഗ്ഗക്കാരും.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരുന്ന്  പഠിക്കുന്നത്
അവസാനിപ്പിക്കണമെന്നായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ ആവശ്യം.
പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണം,
അസമയത്തുള്ള (എന്താണിത്?) യാത്ര, അടക്കവും ഒതുക്കവും
ഇല്ലാതിരിക്കല്‍ ഇതൊക്കെയാണ് സ്ത്രീകളെ ലൈംഗികമായി
ആക്രമിക്കാന്‍ പുരുഷന് പ്രേരണയാവുന്നത്. അത് കൊണ്ട്
ഇതൊക്കെ ഒഴിവാക്കിയാല്‍ പീഡനം ഉണ്ടാവില്ല എന്നാണ്
ഈ ആളുകള്‍ പറയുന്നത്! നല്ല വിവരം എന്നല്ലാതെ എന്ത് പറയാന്‍.

കുറ്റവാളികളെ പഴിക്കാതെ, പെണ്‍കുട്ടിയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച
മറ്റൊരാള്‍ കപടസ്വാമിയായ ആശാറാം ബാപ്പുവാണ്.
ആള്‍ദൈവമാണത്രേ ഇയാള്‍! രാജസ്ഥാനില്‍ നിന്ന് 90 കിലോമീറ്റര്‍
അകലെയുള്ള ഒരു സ്ഥലത്തെ ഒരു പൊതുപരിപാടിയില്‍
ഈ വിദ്വാന്‍ പറഞ്ഞത് പെണ്‍കുട്ടി കൈകൂപ്പി സരസ്വതീമന്ത്രം ചൊല്ലി
ഗുരുദീക്ഷ എടുത്തിരുന്നെങ്കില്‍ കുറ്റവാളികള്‍ പിന്‍വാങ്ങുമായിരുന്നു
എന്നാണ്. "ദൈവത്തെ ഓര്‍ത്ത്‌ എന്നെ ഒന്നും ചെയ്യരുത്. നിങ്ങള്‍
എന്റെ സഹോദരന്മാരാണ്" എന്ന് പറഞ്ഞിരുന്നെങ്കില്‍ കുറ്റവാളികള്‍
പിന്തിരിയുമായിരുന്നു എന്നാണു ഈ വിഡ്ഢി പറഞ്ഞത്. അവന് കയ്യടിക്കാനും
കാണും ചില വങ്കന്മാര്‍. ഇത്തരം വഷളന്മാരെ ദൈവമെന്നു പറഞ്ഞു
എഴുന്നള്ളിച്ചു നടക്കുന്നവരെയാണ് ചാണകവെള്ളത്തില്‍ ചൂല് മുക്കി
അടിക്കേണ്ടത്.

മുകളില്‍ വിശദീകരിച്ചതില്‍ നിന്നും ബലാത്സംഗത്തിനു പ്രേരകമാവുന്നത്,
വര്‍ഗ്ഗപരമായ, മനശ്ശാസ്ത്രപരമായ, ലിംഗാധിപത്യ
പരമായ, സാമൂഹികമായ വ്യത്യസ്ത കാരണങ്ങളും
സാഹചര്യങ്ങളുമാണെന്ന് കാണാന്‍ കഴിയും. ചുരുക്കത്തില്‍ പുരുഷാധിപത്യ
ബോധവും വികലലൈംഗികപ്രേരണയുമാണ്‌ ബലാത്സംഗകുറ്റത്തിന്റെ
മൂലകാരണമെന്നു വിലയിരുത്താം.

വധശിക്ഷ ബലാത്സംഗത്തിനു പരിഹാരമാണോ?

നേരത്തെ പറഞ്ഞത് പോലെ വ്യക്തികളും സംഘടനകളും രാഷ്ട്രീയ
പ്രസ്ഥാനങ്ങളും ബലാത്സംഗം ഇല്ലാതാക്കുന്നതിന്
വധശിക്ഷ മുതല്‍ കര്‍ശന നിയമങ്ങള്‍ വരെ നിര്‍ദ്ദേശങ്ങളായി
ജ: വര്‍മ്മ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ശിക്ഷയുടെ ഉദ്ദേശം
deterrence (ഭയപ്പെടുത്തല്‍) ആണ്. അല്ലാതെ അത് പ്രതികാരമല്ല.
കുറ്റം ചെയ്‌താല്‍ ശിക്ഷ ലഭിക്കും എന്ന ഭയം മൂലം കുറ്റവാളി
കുറ്റകൃത്യത്തില്‍ നിന്നും പിന്മാറുന്നു. കുറ്റവാളിയുടെ മന:പരിവര്‍ത്തനവും
ശിക്ഷയുടെ ഒരു ലക്ഷ്യമാണ്‌. എന്നാല്‍ ജീവിത കാലം
മുഴുവനുമുള്ള തടവും വധശിക്ഷയും മന:പരിവര്‍ത്തനമല്ല, ഭയപ്പെടുത്തി
പിന്തിരിപ്പിക്കലാണ് ലക്ഷ്യമാക്കുന്നത്.

ഇന്ന് നിലവിലുള്ള നിയമങ്ങള്‍ പോരാത്തതല്ല ബലാത്സംഗങ്ങള്‍
വര്‍ദ്ധിക്കാന്‍ കാരണം. അതിന്റെ അടിസ്ഥാന കാരണം പുരുഷ കേന്ദ്രീകൃത 

സാമൂഹിക വ്യവസ്ഥ തന്നെയാണ്. സ്ത്രീയെ തുല്യയായി കാണാന്‍ പുരുഷാധിപത്യ
സമൂഹം തയ്യാറല്ല. ഈ മനോഭാവം നിയമം കൊണ്ടോ
വധശിക്ഷ കൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയുകയില്ല. 2011 ല്‍ 

24206 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 
വെറും 5724 എണ്ണം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2009-11
കാലത്താവട്ടെ 68000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 
ജയിലിലായത് കേവലം 16000 പേര്‍ മാത്രം! ശിക്ഷിക്കപ്പെടുന്ന 
കേസുകളുടെ കാര്യത്തില്‍ കേരളവും പിറകിലാണ് - 9232 ല്‍ 
718 പേര്‍ മാത്രമാണ് ഇരുമ്പഴിക്കുള്ളിലായത്. 2012 ജനുവരി
മുതല്‍ നവംബര്‍ വരെ 635 ബലാത്സംഗ കേസുകള്‍ ചാര്‍ജ്ജ് ചെയ്യ
പ്പെട്ടു. ഇതോടനുബന്ധിച്ച് 754 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഒരു
കേസിലെ പ്രതി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബലാല്‍സംഗ
ങ്ങളില്‍ ഒരു ചെറിയ ശതമാനം മാത്രമേ കേസായി രജിസ്റ്റര്‍
ചെയ്യപ്പെടുന്നുള്ളൂ. പോലീസ് അന്വേഷണവും കുറ്റവാളികളെ
നിയമത്തിനു മുമ്പില്‍ കൊണ്ടുവരലും വിരളമാണ്. പോലീസ്
കുറ്റവാളികളെ സഹായിക്കുന്ന നിലപാടെടുക്കാറുമുണ്ട്. ഇരകളെ വീണ്ടും
മാനസികപീഡനത്തിനു വിധേയമാക്കും വിധമാണ് പോലീസും
നിയമവ്യവസ്ഥയും പെരുമാറുന്നത് എന്നത് കൊണ്ടും, കളങ്കിത
മാവുമെന്ന ഭയം കൊണ്ടുമാണ് ഭൂരിപക്ഷം സംഭവങ്ങളും റിപ്പോര്‍ട്ട്
ചെയ്യപ്പെടാത്തത്. കുറ്റവാളികള്‍ക്ക് പകരം അതിക്രമത്തിനു
വിധേയരായവരെ കുറ്റപ്പെടുത്തുന്ന പോലീസ് സംവിധാനവും,
നിയമവ്യവസ്ഥയും പൊതുസമൂഹവും നില നില്‍ക്കുന്നു.
കോടതി പോലും ചെറുപ്പക്കാരായ പ്രതികളോട് കനിവ്
കാണിക്കാറുണ്ട്. കുറ്റം ചെയ്‌താല്‍ പിടിക്കപ്പെടുകയില്ല,
പിടിക്കപ്പെട്ടാലും ശിക്ഷ കിട്ടുകയില്ല
എന്ന ബോധമാണ് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം.

ലോകമൊട്ടാകെ പരിഷ്കൃത ജനാധിപത്യസമൂഹം വധശിക്ഷ എടുത്തു
കളയുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കൊലക്ക് പ്രതികാരമായി മറ്റൊരു കൊലപാതകം
സര്‍ക്കാര്‍ തന്നെ ചെയ്യുക എന്നതായിരിക്കും വധശിക്ഷയുടെ
ഫലം. പേടിപ്പെടുത്തുക എന്നതാണെങ്കില്‍ ജീവപര്യന്തം കഠിന
തടവ്‌ തന്നെ ധാരാളം മതി. സി.പി.എം. നലികിയ നിര്‍ദ്ദേശങ്ങളില്‍
ബലാത്സംഗ പ്രതിക്ക് ജീവിതാവസാനം വരെ തടവാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രവുമല്ല വിചാരണയും ശിക്ഷാവിധിയു
മൊക്കെ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം
രാഷ്ട്രീയകക്ഷികളും പ്രമുഖ വ്യക്തികളും വധശിക്ഷയോട്
യോജിക്കുന്നില്ല. വധശിക്ഷ നടപ്പിലാക്കിയാല്‍ ശിക്ഷാവിധി
കുറയുമെന്നാണ് പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. വധശിക്ഷ
വേണ്ടെന്നും ഭാര്യമാരെ ബലാത്സംഗം ചെയ്യുന്ന ഭര്‍ത്താക്കന്മാരെയും
ശിക്ഷിക്കണമെന്നും പല വനിതാ സംഘടനകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബലാത്സംഗം ചെയ്യുന്നവര്‍ അടുത്ത ബന്ധുക്കളോ അയല്‍ക്കാരോ
പരിചിതാരോ ആയിരിക്കും.നാഷണല്‍ ക്രൈം റിക്കോഡ്‌സ്
ബ്യൂറോയുടെ കണക്കു പ്രകാരം 2011 ല്‍ നടന്ന 22,549 ബലാത്സംഗ
ങ്ങളില്‍ 94.2 ശതമാനം ഇരകള്‍ പരസ്പരം അറിയുന്നവരാണ്.
1.2 ശതമാനം, രക്ഷിതാക്കാളോ അടുത്ത ബന്ധുക്കളോ ആയിരുന്നു.
34.7 ശതമാനം അയല്‍ക്കാര്‍, 6.9 ശതമാനം ബന്ധുക്കള്‍ ഇങ്ങനെ
പോകുന്നു കണക്ക്. മേലുദ്ധരിച്ച പട്ടിക പ്രകാരം കുറ്റവാളികളെ
ഇനം തിരിച്ചാല്‍ ഇങ്ങനെയായിരിക്കും:

          7835 പേര്‍ :      അയല്‍ക്കാര്‍
          1560   "     :     അകന്ന മാമന്മാര്‍
          267     "     :     അച്ഛന്മാര്‍, സഹോദരന്മാര്‍,
                                 വലിയച്ഛന്‍മാര്‍,
                                 മച്ചുനിയന്മാര്‍
കൂടാതെ ആയിരക്കണക്കിന്  കുടുംബപരിചയക്കാര്‍,
അകന്ന സഹപ്രവര്‍ത്തകര്‍. ഇവര്‍ക്കൊക്കെ വധശിക്ഷ നല്‍കിയാല്‍
എന്തായിരിക്കും സാമൂഹികപ്രത്യാഘാതം? പോലീസ് കസ്റ്റഡിയിലുള്ള
ബലാത്സംഗങ്ങളും പട്ടാളക്കാരുടെ ബലാത്സംഗങ്ങളും നിരവധിയാണ്.
ഇതൊക്കെ എങ്ങിനെ വധശിക്ഷയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും?
വധശിക്ഷ ഏര്‍പ്പെടുത്തിയത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി
തെളിവുകളൊന്നുമില്ല താനും.

ഷണ്ഡീകരിക്കൽ (castration) ആണ് മറ്റൊരു ശിക്ഷയായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. നമ്മുടെ സംസ്ഥാനമന്ത്രി ഡോ: എം.കെ മുനീര്‍
ഇതിനെ ന്യായീകരിക്കുന്ന ആളാണ്‌. സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ തടയാന്‍ ഷണ്ഡീകരണം പര്യാപ്തമല്ല എന്നാണു
വിദഗ്ദ്ധാഭിപ്രായം. രാസപരമായ ഷണ്ഡീകരണം എന്നാല്‍ ആന്‍ഡ്രോജന്‍
കുത്തിവെച്ചു പുരുഷഹോര്‍മോണായ ടെസ്റ്റാസ്റ്ററോണിന്റെ
ഉത്പ്പാദനം തടയുക എന്നതാണ്. ഇത് എപ്പോഴും കൊടുത്ത്
കൊണ്ടിരുന്നാലെ ഫലമുണ്ടാവുകയുള്ളൂ. ഇതിനാകട്ടെ, പ്രായോഗിക
വൈഷമ്യങ്ങളുണ്ട്.

യാഥാസ്ഥികസംഘടനകളും, അവയ്ക്ക് സ്വാധീനമുള്ള
സര്‍ക്കാരുകളും പ്രതിലോമപരവും സ്ത്രീവിരുദ്ധവുമായ
നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചത് കാണുമ്പോള്‍ അത്ഭുതപ്പെടാനില്ല.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ബസ്സുകള്‍ വേണമെന്നും
പെണ്‍കുട്ടികള്‍ ഓവര്‍ക്കോട്ട് ധരിക്കണമെന്നും കാമ്പസ്സില്‍ മൊബൈല്‍
ഫോണ്‍ നിരോധിക്കണമെന്നുമാണ് പുതുശ്ശേരി ഗവണ്മെന്റിന്റെ
അഭിപ്രായം. താലിബാന്റെ മറ്റൊരു രൂപം എന്നല്ലാതെ എന്ത് പറയാന്‍!
പാശ്ചാത്യസംസ്കാരത്തിന്റെ കടന്നു കയറ്റമാണ്
ലൈംഗികാതിക്രമങ്ങള്‍ക്ക്‌ കാരണം എന്ന് പറയുന്നവര്‍
ഇതൊന്നും എത്തിനോക്കാത്ത ഇന്ത്യന്‍ കുഗ്രാമങ്ങളില്‍
എന്ത് കൊണ്ട് കൂട്ടബലാത്സംഗങ്ങള്‍ നടക്കുന്നു എന്ന ചോദ്യത്തിന്
ഉത്തരം പറയേണ്ടിയിരിക്കുന്നു.

സ്ത്രീപുരുഷ സമത്വം പുലരുന്ന, സ്ത്രീയെ പുരുഷന് തുല്യമായി
കണക്കാക്കുന്ന, ഒരു തുറന്ന സമൂഹം സംജാതമാക്കുകയാണ്
ആദ്യമായി വേണ്ടത്. പുരുഷന് സുഖം നല്‍കാനുള്ള ഒരു ഉപകരണം
മാത്രമാണ് സ്ത്രീ എന്ന കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.
ലൈംഗികത പാപമാണെന്ന മതചിന്തക്ക് പകരം ലൈംഗികത
ജീവിതത്തെ സര്‍ഗ്ഗാത്മകമാക്കുന്ന, സ്ത്രീക്കും പുരുഷനും
തുല്യ പങ്കാളിത്തമുള്ള ഒരു വികാരമാണ് എന്ന ബോധം
ചെറുപ്പത്തില്‍ത്തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.
സ്ത്രീ-പുരുഷന്മാരെ മതില്‍കെട്ടി വേര്‍തിരിക്കാത്ത  ഒന്നിച്ചിടപഴകുന്ന
ഒരു സമൂഹം ഉണ്ടാവണം. സ്ത്രീയെ കീഴടക്കുക എന്നത് പുരുഷന്റെ
'ആണത്വ'പ്രകടനമാണെന്ന ബോധം ഇല്ലാതാവണം. സ്ത്രീയെ
മറക്കുടയ്ക്കുള്ളിലും, പര്‍ദ്ദയ്ക്കുള്ളിലും അടുക്കളയിലും തളച്ചിടുന്ന
ആശയങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹികസാഹചര്യം മാറേണ്ടതുണ്ട്.
പൊതുസമൂഹത്തില്‍ എല്ലാ വേദികളിലും സ്ത്രീപുരുഷന്മാര്‍
സമന്മാരായിരിക്കണം. പാര്‍ലമെന്റിലും നിയമസഭകളിലും
പകുതി സീറ്റ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടണം.
സ്ത്രീകള്‍ക്ക് സാമ്പത്തികമായ സ്വാശ്രയത്വം ഉണ്ടായിരിക്കണം.
ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികവും അല്ലാത്തതുമായ
അതിക്രമങ്ങള്‍ കുറയുക തന്നെ ചെയ്യും.

ബലാത്സംഗങ്ങള്‍ കുറയാന്‍ കടുത്ത ശിക്ഷ എഴുതി വെച്ചത്
കൊണ്ട് കാര്യമില്ല. നീതിയുക്തമായും സുതാര്യമായും അതിവേഗത്തിലും
ഇപ്പോഴുള്ള ശിക്ഷകള്‍ തന്നെ നടപ്പാക്കിയാല്‍ ഭയപ്പെടുത്തി തടയുക
എന്ന ശിക്ഷയുടെ ഉദ്ദേശ്യം സാധിതമാകും. മതങ്ങള്‍ അരക്കിട്ടുറപ്പിച്ച,
സാമൂഹികമനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പുരുഷാധിപത്യ
പ്രത്യയശാസ്ത്രം പിഴുതുമാറ്റി ആധുനിക ജനാധിപത്യത്തിന്റെ
മാനവികാശയം വളര്‍ത്തിക്കൊണ്ടു വരുകയാണ് പ്രഥമവും
പ്രധാനവുമായ കര്‍ത്തവ്യം.


                        ***************

2012 ഒക്‌ടോബർ 31, ബുധനാഴ്‌ച

ക്ഷേത്രം വൈദ്യുതീകരിക്കാന്‍ എം.എല്‍.എ. ഫണ്ട്




    എം.എല്‍.എ. ഫണ്ടില്‍  ക്ഷേത്രം വൈദ്യുതീകരിച്ചു. 27.10.12 ലെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയാണിത്. വിമര്‍ശിച്ചു കൊണ്ടുള്ള  വാര്‍ത്തയൊന്നുമല്ല കെട്ടോ. എങ്ങിനെ വിമര്‍ശിക്കും?
ഇടതുപക്ഷത്ത് നില്‍ക്കുന്ന എം.എല്‍.എ. പി.ടി.എ. റഹീ മിന്റെ ഫണ്ടില്‍ നിന്നാണല്ലോ ക്ഷേത്രം വൈദ്യുതീകരിച്ചത്.  കുന്ദമംഗലത്തിനടുത്തുള്ള വെള്ളനൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലാണ് പൊതുഫണ്ട് ഉപയോഗിച്ച് വൈദ്യുതീകരണം നടത്തിയിട്ടുള്ളത്. എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാ, ഇതൊന്നും മതേതരത്വ ആശയത്തിന് വിരുദ്ധമല്ലേ? എം.എല്‍.എ. ഫണ്ട് എന്നാല്‍ അദ്ദേഹം സമ്പാദിച്ച പണമൊന്നുമല്ലല്ലോ. സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച പണമല്ലേ അത്? അതും അദ്ദേഹത്തിനു തോന്നിയ പോലെ ചിലവഴിക്കാന്‍ സാധിക്കുമോ? എം.എല്‍.എ. ഫണ്ട് എന്ന രൂപത്തില്‍ പ്ലാന്‍ ഫണ്ട് വകയിരുത്തുന്നതിനെ സി.പി.എം. ആദ്യകാലത്ത് എതിര്‍ത്തിരുന്നു. ഈ ഫണ്ട് ജനകീയാസൂത്രണത്തില്‍ പെടുത്തണമെന്നാണ് പാര്‍ട്ടി പറഞ്ഞിരുന്നത്. യു.ഡി.എഫാണ് ഇത്തരമൊരു സമ്പ്രദായം കൊണ്ട് വന്നത്. ഇപ്പോള്‍ സി.പി.എം. അവരുടെ എതിര്‍പ്പൊക്കെ മാറ്റി വെച്ചിരിക്കുകയാണ്. എന്താണാവോ കാരണം? ഒരു പക്ഷെ പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ഉണ്ടായിക്കാണും.
   
         പണമില്ലാത്തത് കൊണ്ട് നാട്ടില്‍ പൊതുസമൂഹത്തെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതൊക്കെ പരിഹരിച്ചിട്ട് പോരെ മതകാര്യങ്ങള്‍ക്ക് എം.എല്‍.എ. ഫണ്ട് ഉപയോഗിക്കുന്നത് എന്ന് എന്താണാവോ ആരും ചോദിക്കാത്തത്. മത കാര്യങ്ങള്‍ സ്വകാര്യമായിരിക്കണം എന്നതാണ് മതേതരത്വത്തിന്റെ ഒരു തത്വം. അതായത് മതകാര്യങ്ങള്‍ അതാതു മതത്തില്‍ പെട്ട വിശ്വാസികളാണ്  കൈകാര്യം ചെയ്യേണ്ടത് എന്നര്‍ത്ഥം. ആ അര്‍ത്ഥത്തിലാണ് ഹജ്ജിനു സബ്സീഡി കൊടുക്കരുത് എന്ന് യുക്തിവാദികള്‍ പറയുന്നത്.  അമ്പലത്തിന്റെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെങ്കില്‍  വിശ്വാസികളുടെ കയ്യില്‍ നിന്ന് സംഭാവന സ്വീകരിക്കുക. എന്നിട്ട്  കാര്യം നടത്തുക. അല്ലാതെ എല്ലാ മതക്കാരില്‍ നിന്നും  ഒരു മതത്തിലും വിശ്വസിക്കാത്തവരില്‍ നിന്നും ഈടാക്കുന്ന നികുതിപ്പണം ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസ (അന്ധവിശ്വാസം എന്നതാണ് ശരി) കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തികച്ചും മതേതരത്വവിരുദ്ധമായ കാര്യമാണ്. എം.എല്‍.എ. എന്തോ ജനോപകാരപ്രദമായ കാര്യം ചെയ്തു എന്നാണു ദേശാഭിമാനി റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നുക. കഷ്ടം, നമ്മുടെ പുരോഗമന വാദികളുടെ ഒരവസ്ഥ!



2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

കൌതുകവാര്‍ത്ത: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സി.പി.എം.



യുക്തിവാദികളില്‍ ആഹ്ലാദമുണ്ടാക്കുന്ന  ഒരു വാര്‍ത്ത 29.10.12 ന്റെ ദേശാഭിമാനി പത്രത്തില്‍ കാണാം. വാര്‍ത്തയുടെ തലവാചകം ഒന്നാം പേജില്‍ ഇങ്ങനെയാണ്: "കേരളപ്പിറവി ദിനത്തില്‍ കാല്‍ലക്ഷം കേന്ദ്രങ്ങളില്‍ നവോത്ഥാനസദസ്സ്". സംഘടിപ്പിക്കുന്നത്, സി.പി.എം. ആണ്. "നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന സന്ദേശവുമായി കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിനു സംസ്ഥാനത്ത് കാല്‍ ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ കുടുംബസദസ്സ് സംഘടിപ്പിക്കും" എന്ന് വാര്‍ത്ത തുടങ്ങുന്നു.  "പാര്‍ട്ടിയുടെ 28,000 ത്തോളം വരുന്ന ബ്രാഞ്ചുകളില്‍ സദസ്സ് സംഘടിപ്പിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാനും പുതിയ കാലത്തിന്റെ ശാസ്ത്രയുക്തിബോധം ഉള്‍ക്കൊള്ളാനും ജനലക്ഷങ്ങള്‍ ഏകമനസ്സായി കുടുംബസദസ്സുകളില്‍ പ്രതിജ്ഞയെടുക്കും". വാര്‍ത്ത തുടരുന്നു. കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനുള്ള ആര്‍ജവം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
         രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ അധികാരത്തിലെത്തണമെങ്കില്‍  വോട്ടുനേടി ഭൂരിപക്ഷം ഉറപ്പിച്ചേ പറ്റൂ. അന്ധവിശ്വാസത്തില്‍ ആണ്ടുമുങ്ങിക്കിടക്കുന്നവരാണ് വോട്ടര്‍മാര്‍ അധികവും. അങ്ങനെയിരിക്കെ തങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എന്തെങ്കിലും പറഞ്ഞാല്‍ അന്ധവിശ്വാസികളായ വോട്ടര്‍മാരുടെ വോട്ടു നഷ്ടപ്പെടും എന്നാണു രാഷ്ട്രീയ കക്ഷികള്‍ വിശ്വസിക്കുന്നത്. വൈരുദ്ധ്യാത്മകഭൌതികവാദം പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥരായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പോലും
അതുകൊണ്ടാണ് അന്ധവിശ്വാസങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത്. അധികാരത്തിലിരിക്കവേ 2008 ല്‍ ആള്‍ദൈവ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാതാ അമൃതാനന്ദ മയിക്കെതിരെ ചെറുവിരലനക്കാതിരുന്നത് ലക്ഷക്കണക്കിന്‌ വരുന്ന അമൃതഭക്തരായ ഇടതുപക്ഷക്കാരുടെ വോട്ടു നഷ്ടപ്പെടും എന്ന് ഭയന്നിട്ടാണ്. പ്രത്യക്ഷത്തില്‍ തട്ടിപ്പുകള്‍ ഒന്നും കാണപ്പെടുന്നില്ല എങ്കില്‍പ്പോലും സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയുടെ പേരിലെങ്കിലും അമൃതാനന്ദമയീ മഠത്തിനെതിരെ അന്വേഷണം നടത്താമായിരിന്നു. അക്കാലത്ത് (2008 ല്‍)   ബിലീവേഴ്സ് ചര്ച്ച് സ്ഥാപകന്‍ കെ.പി. യോഹന്നാനെയും, മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ സ്വാമി സുനില്‍ ദാസിനേയും ആത്മീയചൂഷകരെന്നു വിശേപ്പിച്ചു കൊണ്ട്
ദേശാഭിമാനിയില്‍ ലേഖനങ്ങള്‍ വന്നിരിന്നു. വ്യാജചികിത്സ നടത്തുന്നു, ട്രസ്റ്റിന്റെ പേരില്‍ ഭൂമി കച്ചവടം നടത്തുന്നു എന്നൊക്കെയായിരിനു സുനിലിന്റെ പേരിലുള്ള ആരോപണങ്ങള്‍. അതെന്തായാലും ഇന്ന് സ്വാമി സുനില്‍ദാസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സമൂഹത്തിന്റെ ആദരവിനു പാത്രമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ സംഭാവന നേടിയെടുത്ത കെ.പി.യോഹന്നാന്‍ മാന്യനായി വിലസുന്നു. "ജിലേബിസ്വാമി " എന്ന പരിഹാസപ്പേരില്‍  അറിയപ്പെട്ടിരുന്ന ശരവണന്‍ സ്വാമി ഇപ്പോള്‍ വലിയ ആത്മീയാചാര്യനായി
അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു നടക്കുന്നു. എല്ലാ ആള്‍ദൈവ ആത്മീയ തട്ടിപ്പ് വീരന്മാരും അഗ്നിശുദ്ധി വരുത്തി, വര്‍ദ്ധിതവീര്യം നേടി ജനങ്ങളെ സായൂജ്യത്തിലേക്ക്  നയിച്ച്‌ കൊണ്ടിരിക്കുകയാണ്.

         ദേശാഭിമാനിയില്‍ കണ്ട പ്രസ്താവന യില്‍  അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും പറ്റി  പരാമര്‍ശ മുണ്ടെങ്കിലും , പാര്‍ട്ടിനേതാക്കള്‍, എന്താണ് അന്ധവിശ്വാസങ്ങളെന്നോ എന്തൊക്കെയാണ് അനാചാരങ്ങളെന്നോ വിശദീകരിച്ചതായി  കാണുന്നില്ല. ഏറ്റവും വലിയ അന്ധവിശ്വാസമായ വിഗ്രഹാരാധനയെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോ? യാഗങ്ങളും ഹോമങ്ങളും അന്ധവിശാസങ്ങളായി പ്രഖ്യാപിച്ചു അവക്കെതിരെ ആശയപ്രചരണം നടത്താന്‍ പാര്‍ട്ടി തയ്യാറാവുമോ? ആള്‍ദൈവങ്ങള്‍ക്കെതിരെ എന്തെങ്കിലും ഉരിയാടാന്‍ പാര്‍ട്ടിക്ക് സാധ്യമാണോ? ജ്യോതിഷത്തില്‍ വിശ്വസിക്കരുത്  എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടോ? പൊന്നമ്പലമേട്ടില്‍ കത്തുന്ന ജ്യോതി മനുഷ്യനിര്‍മ്മിതമാണെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും ആ വഞ്ചന അവസാനിപ്പിക്കാന്‍ പാര്‍ട്ടി മുന്‍കൈ  എടുക്കുമോ? 1967ലെ ഇ.എം.എസ്സ് സര്‍ക്കാര്‍ നിരോധിച്ച ജന്തുബലി ഇപ്പോഴും പല കാവുകളിലും മറ്റും നടക്കുന്നുണ്ട്. ഇത് തടയാന്‍ പാര്‍ട്ടിക്ക് കഴിയുമോ? ജീവിതപ്രശ്നങ്ങള്‍ക്ക് കാരണം വീടിന്റെ സ്ഥാനമാണ് എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന വാസ്തു ശാസ്ത്രം കപടശാസ്ത്രമാണെന്ന് ഉറക്കെപ്പറയാന്‍ പാര്‍ട്ടിക്ക് കഴിയുമോ? ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ഥിച്ചത് കൊണ്ടോ അവിടുത്തെ വ്യാജചികിത്സക്ക് വിധേയമായതു കൊണ്ടോ മാനസികരോഗം മാറില്ലെന്ന് വിളിച്ചു പറയാന്‍ പാര്‍ട്ടിക്ക് സാധ്യമാണോ?
ഹജ്ജിനു പോയതുകൊണ്ട് സ്വര്‍ഗ്ഗമൊന്നും ലഭിക്കാന്‍ പോകുന്നില്ലെന്നും സ്വര്‍ഗ്ഗനരകങ്ങള്‍ തന്നെ മിഥ്യയാണെന്നും ചെകുത്താനും ജിന്നുമൊന്നും  ഇല്ലെന്നും ഇസ്ലാമിക വിശ്വാസികളോട് പറയാന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടാകുമോ? മരണാനന്തര ചടങ്ങുകളും അതിനോടനുബന്ധിച്ചുള്ള ആഡംബര പ്രകടനങ്ങളും നിരുത്സാഹപ്പെടുത്താന്‍ പാര്‍ട്ടി ആഹ്വാനം ചെയ്യുമോ? ഇതൊന്നുമല്ലെങ്കില്‍ പിന്നെ ഏത്  അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയാണ് പാര്‍ട്ടിയുടെ നവോദ്ധാനസദസ്സ്?
യഥാര്‍ത്ഥത്തില്‍ മേല്‍പ്പറഞ്ഞ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ഒരക്ഷരം പാര്‍ട്ടി ഉരിയാടുമെന്നു തോന്നുന്നില്ല. ലീഗിന്റെ മതാധിഷ്ടിത ഭരണ ഇടപെടലുകള്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദം, ആര്‍.എസ്.എസ്സിന്റെ ഹിന്ദു വര്‍ഗ്ഗീയത, നായര്‍-ഈഴവ ഐക്യം ഇതൊക്കെയാണ് പാര്‍ട്ടിയുടെ ദൃഷ്ടിയില്‍ കേരള സമൂഹത്തിന്റെ ആധുനിക വല്‍ക്കരണത്തിന് വിഘാതമായി നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും എന്നാണു ചില നേതാക്കളുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാവുന്നത്. ആകര്‍ഷകമായ മുദ്രാവാക്യം മുന്നോട്ടു വെക്കുന്നതും അടവും തന്ത്രവുമായിരിക്കാം!!



2012 ഒക്‌ടോബർ 20, ശനിയാഴ്‌ച

എം ആര്‍.രാജേഷും ഗണപതിയും

                           

    ഓരോ മതപരമായ ആഘോഷങ്ങള്‍ വരുമ്പോഴും  മാതൃഭൂമിയില്‍ ആ മതത്തിന്റെ ഗ്രന്ഥങ്ങളെയും, ഐതീഹ്യങ്ങളേയും  ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി അതാതു മതങ്ങളിലെ പണ്ഡിതന്മാരെക്കൊണ്ട് ലേഖനപരമ്പരകള്‍ എഴുതിക്കാറുണ്ട്. ഏറ്റവും അവസാനമായി ഇത്തരം അവതരണങ്ങള്‍ കണ്ടത് ഓണത്തിനും ഈദുല്‍ ഫിത്തറിനുമായിരുന്നു. ആ സമയത്ത് ഇസ്ലാമിന് വേണ്ടി ഡോ : ഹുസ്സയിന്‍ രണ്ടത്താണിയാണ് മുഖ്യമായും ലേഖനപരമ്പരകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടി പലരും ഉണ്ടായിരുന്നു ഹുസ്സയിന്റെ ദൌത്യം  ആധുനിക ശാസ്ത്രസിദ്ധാന്തങ്ങള്‍ പലതും ഖുര്‍ ആനില്‍ ഉണ്ടെന്നു സമര്‍ത്ഥിക്കലായിരുന്നു. അക്കാര്യത്തില്‍ മി: രണ്ടത്താണി വലിയ മെയ് വഴക്കം പ്രകടിപ്പിച്ചെങ്കിലും ശാസ്ത്രമറിയാവുന്നവര്‍  അതൊക്കെ വായിച്ചു പൊട്ടിച്ചിരിച്ചിരിക്കാനാണ് സാധ്യത. അത്രമാത്രം ഫലിതങ്ങളായിരുന്നു ആ വ്യാഖ്യാനങ്ങള്‍.
     ഇപ്പോഴിതാ നവരാത്രി ആഘോഷവേളയില്‍ 'നവരാത്രി ചിന്തകള്‍' എന്ന ശീര്‍ഷകത്തില്‍
നമ്മുടെ വേദപണ്ഡിതന്‍ ആചാര്യ ഡോ: എം.ആര്‍ രാജേഷ് അവര്‍കള്‍ മാതൃഭൂമിയില്‍ പരമ്പര എഴുതിത്തുടങ്ങിയിരിക്കുന്നു. ഹിന്ദുക്കളെയെല്ലാം ജാതികള്‍ക്കതീതമായി വേദപണ്ഡിതരും യാഗ-യജ്ഞ-ഹോമ വിദഗ്ദ്ധരുമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ നമ്മുടെ രാജേഷ്! എല്ലാ ഹിന്ദുക്കളും ഇതൊക്കെയങ്ങു പഠിച്ചിറങ്ങട്ടെ. പിന്നെ നമ്മുടെ ഈ ഇന്ത്യാമഹാരാജ്യം സ്വര്‍ഗ്ഗരാജ്യമാവില്ലേ മോനെ!
     അതിരിക്കട്ടെ. 18.10.12 ലെ മാതൃഭൂമിയില്‍ ആചാര്യന്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയേണ്ടേ? മഹാഗണപതിയെ ക്കുറിച്ചാണ് ആദ്യത്തെ ഗവേഷണപ്രബന്ധം. 'മഹാഗണപതിയെ ഉപാസിക്കുമ്പോള്‍' - ഇതാണ് തലക്കെട്ട്‌. ഇതിലെ ആദ്യത്തെ വാക്യം ഇങ്ങനെയാണ്: "അറിവ് മന്ത്രോപദേശത്തിലൂടെ ആചാര്യന്‍ നല്‍കിയത്  കൊണ്ട് മാത്രം
ദിവ്യലോകങ്ങള്‍ സാക്ഷാത്കരിക്കാമെന്ന് കരുതരുത്." എന്താണ് ഇതിന്റെ അര്‍ത്ഥം? പണ്ടുകാലത്ത് ഋഷിമാര്‍ ശിഷ്യന്മാര്‍ക്ക് മന്ത്രരൂപത്തിലാണ് അറിവ് പകര്‍ന്നു നല്‍കിയത് എന്ന് കേട്ടിട്ടുണ്ട്. ഉപനിഷത്ത് ഒക്കെ  അങ്ങനെയുണ്ടായതാണല്ലോ.പക്ഷെ ഇന്ന് അതിനെന്തു പ്രസക്തിയാണ് ഉള്ളത്? സ്കൂളിലും കോളേജിലും അധ്യാപകര്‍ മന്ത്രം ചൊല്ലിയാണോ പഠിപ്പിക്കുന്നത്!! പിന്നെ, എന്താണ് ഈ ദിവ്യലോകങ്ങള്‍? ദൈവീകമായ ലോകങ്ങള്‍ എന്നാണു ഇതിന്റെ അര്‍ത്ഥം. അങ്ങനെയൊരു ലോകം രാജേഷിനു മാത്രമേ അറിയുകയുള്ളു. അടുത്ത വാക്യം നോക്കൂ: "പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികളെ സ്വശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു". ഈ വാക്യവും സാധാരണക്കാരന് ദുര്ഗ്രഹമാണ്. അത് തന്നെയാണ് ഇവരുടെ ലക്ഷ്യവും. പരിചിതമല്ലാത്ത വാക്കുകള്‍ പ്രയോഗിച്ചു വായിക്കുന്നവരില്‍ വിസ്മയമുണ്ടാക്കുക. ജ്യോത്സ്യന്മാര്‍ ഇതാണ് ചെയ്യുന്നത്. അവര്‍ സംസ്കൃതം ചൊല്ലി ഉപഭോക്താക്കളെ അമ്പരപ്പിക്കുകയും തങ്ങള്‍ അതിമാനുഷരാണെന്ന് തോന്നിപ്പിക്കുകയും ജ്യോത്സ്യകാപട്യത്തിന് വിശ്വാസ്യത വരുത്തുകയും ചെയ്യുന്നു. അതെ വിദ്യ തന്നെയാണ് രാജേഷും ചെയ്യുന്നത്. എന്താണ് പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികള്‍? പ്രപഞ്ചത്തില്‍ പല ശക്തികളുമുണ്ടെന്നും അതെല്ലാം ദൈവത്തിന്റെ വെളിപ്പെടുത്ത ലുകളാണെന്നും ആത്മീയവാദികള്‍ പ്രചരിപ്പിച്ചു പോരുന്ന അസത്യമാണ്. യഥാര്‍ത്ഥത്തില്‍
അങ്ങനെ ദൈവീകമായ ശക്തികള്‍ ഒന്നുമില്ല. നാല് ബലങ്ങളാണ് പ്രപഞ്ചത്തിലുള്ളത് എന്നാണു ഭൌതികം പറയുന്നത്. അത് പദാര്‍ഥങ്ങളില്‍ ബന്ധിതമാണ്. അതിനപ്പുറം ദൈവമെന്ന വേറൊരു ശക്തിവിശേഷം പദാര്‍ത്ഥങ്ങളെ നിയന്ത്രിക്കുന്നില്ല. ഉണ്ടെന്നു വരുത്തലാണ് ഈ വാചകത്തിന്റെ ഉദ്ദേശം. "സ്വശരീരത്തില്‍ തിരിച്ചറിയുക" എന്നാലെന്താണ്? ഇന്ദ്രിയങ്ങള്‍  കൊണ്ട് മനസ്സിലാക്കുക എന്നാവണം അര്‍ത്ഥം. അങ്ങനെ മനസ്സിലാക്കണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന്
പ്രാചീനര്‍  വിശ്വസിച്ചിരുന്നു എന്നാണു രാജേഷ്‌ പറയുന്നത്. പ്രാചീനരുടെ തലയിലിടണോ ഈ അന്ധവിശ്വാസം? താനും അങ്ങനെ വിശ്വസിക്കുന്നു എന്ന് തുറന്നങ്ങ്  പറഞ്ഞൂടെ സാറേ!
     ഇനി രാജേഷ്‌ ഈ ലേഖനത്തിലൂടെ പറയുന്നത് എന്താണെന്ന് ചുരുക്കിപ്പറയാം. ഒരു ദേവതയെ സാക്ഷാല്‍ക്കരിക്കണമെങ്കില്‍ ഉപാസകനെ ആ ദേവത പ്രസാദിക്കണം. ഉപാസകന്റെ മനസ്സ് ശുദ്ധമായിരിക്കണം.എന്നാലേ  ദേവത പ്രസാദിക്കുകയുള്ളൂ. ശരീരത്തിന്റെ അകത്തുള്ള ദിവ്യ ശക്തികള്‍ അനുഗുണമല്ലെങ്കില്‍ ദൈവാനുഗ്രഹം ഉണ്ടാവില്ല. ഇപ്പോള്‍ മനസ്സിലായില്ലേ. പ്രാര്‍ത്ഥന കൊണ്ട് എന്താണ് ഗുണം കിട്ടാത്തത് എന്ന്! ശരീരത്തിന്റെ അകത്ത് എന്ത് ദിവ്യ ശക്തിയാണ്  ഉള്ളതാവോ? നമുക്കറിയുന്ന ശരീരശാസ്ത്രം അങ്ങനെയൊരു ശക്തിയെപ്പറ്റി പറയുന്നില്ല. ഇനിയാണ് രാജേഷ്‌ കാര്യത്തിലേക്ക് കടക്കുന്നത്‌  ഉപാസകന്റെ (എന്ന് വെച്ചാല്‍ ഭക്തന്‍ തന്നെ) മനസ്സും ബുദ്ധിയും ശുദ്ധമായി ദേവതയുടെ അനുഗ്രഹം കിട്ടണമെങ്കില്‍ ഒരു വഴിയേയുള്ളൂ. മഹാഗണപതിയെ ഭജിക്കണം. അപ്പോള്‍ ഗണപതിയുടെ പ്രസാദം കിട്ടാന്‍ ആദ്യമേ മനസ്സും ബുദ്ധിയും ശുദ്ധമാവണമെന്നില്ല  അല്ലെ?
       ചുരുക്കിപ്പറഞ്ഞാല്‍ സംഗതി ഇതാണ്: വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, ദൈവവിശ്വാസവും വേണം. വെറുതെ ദൈവത്തെ വിശ്വസിച്ചത് കൊണ്ടായില്ല.  മനസ്സ് നന്നാവണം. ഇല്ലെങ്കില്‍ പ്രാര്‍ഥിച്ചത് കൊണ്ട്  ഫലമുണ്ടാവില്ല. മനസ്സ് നന്നാവാന്‍ ഗണപതിയെ ഉപാസിക്കണം. എന്നാല്‍ എല്ലാ വിഘ്നങ്ങളും നീങ്ങും. (എല്ലാവരും ഗണപതിഹോമം കഴിക്കണം) ഇതാണ് ആചാര്യന്‍ പറയുന്നത് എന്നാണു എനിക്ക് മനസ്സിലായത്‌. ഇത്രയും ലളിതമായ കാര്യം, ആളുകളെ ഭ്രമിപ്പിക്കാന്‍ വേണ്ടി വിദ്വാന്‍ സംസ്കൃതം കലര്‍ത്തി പറയുകയാണ്‌. ഇതൊക്കെ ആരെ പറ്റിക്കാനാണ് സുഹൃത്തേ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗണപതിഭഗവാന്‍  വിഘ്നം തീര്‍ക്കും എന്ന് കരുതുന്നവന്റെ 'പുത്തി' അപാരം എന്നേ  പറയേണ്ടു.






2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം


                     
1945  ല്‍ അമ്പലപ്പുഴയില്‍  വെച്ചാണ് സംഘടനയുടെ ആദ്യരൂപം ഉണ്ടായത്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം.  പി.എന്‍. പണിക്കര്‍ ഈ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലിയതാണ്. 1989 ല്‍ കേരള നിയമസഭ ഗ്രന്ഥശാലാനിയമം പാസ്സാക്കി. ഗ്രന്ഥശാലാ നിയമം അവതരിപ്പിച്ചത് അന്നത്തെ വിദ്യാഭാസമന്ത്രി കെ. ചന്ദ്രശേഖരനായി ന്നു. 1994 ലാണ് നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സമിതി നിലവില്‍  വന്നത്. കേരള സ്റ്റേറ്റ്‌ പബ്ലിക് ലൈബ്രറീസ്  ആക്റ്റ് പാസ്സാക്കിയത് സ: ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയുടെ കാലത്താണ്. 
      ഇപ്പോള്‍  6000ത്തോളം   ലൈബ്രറികള്‍ കൌണ്‍സിലില്‍ അഫിലിയേറ്റ്  ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്.

     കോഴിക്കോട് ജില്ലയില്‍ 486 ലൈബ്രറികള്‍ ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. (കെ. ചന്ദ്രന്‍ മാസ്റ്റര്‍ 15.12.12 ലെ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്)
       ലൈബ്രറി നിയമം വരുന്നതിനു മുമ്പ് ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ ഉദ്യോഗസ്ഥ-ഭരണകൂട മേധാവിത്വമാണുണ്ടായിരുന്നത്. നിയമം നടപ്പിലായപ്പോള്‍ പൂര്‍ണ്ണ ജനാധിപത്യം പുലരുകയുണ്ടായി. 
       ലൈബ്രറി ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പിരിക്കുന്ന കെട്ടിട  നികുതിയുടെ 5 ശതമാനം ലൈബ്രറി കൌണ്‍സിലിനു സര്‍ക്കാര്‍ നല്‍കേണ്ടതായിട്ടുണ്ട്. ഇത് ഏകദേശം 18-20 കോടി രൂപ വരും. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി നീക്കി വെക്കുന്ന തുകയുടെ ഒരു ശതമാനത്തിലധികം വരാത്ത തുകയാണ് മറ്റൊരു ധനാഗമമാര്‍ഗ്ഗം.അത് 150 കോടിയോളം രൂപ വരും. 4 ഗഡുക്കളായാണ് ഗവര്‍മെന്റ് ഗ്രാന്റ് നലികുന്നത് - ഏപ്രില്‍, ജൂലായ്‌, ഒക്ടോബര്‍, ജനവരി എന്നീ മാസങ്ങളില്‍. പക്ഷെ സര്‍ക്കാര്‍ ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ല.
       രണ്ടു ടേമില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിസ്ഥാനത്ത് ഇരിക്കരുത് എന്നാണു നിയമം. 
ഗ്രന്ഥശാലാ സംഘത്തില്‍ ചേരണമെങ്കില്‍ ലൈബ്രറികള്‍ക്കു                പുസ്തകങ്ങളും 
ആനുകാലികങ്ങളും വേണം. 
      മൂന്നു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കും. അംഗഗ്രന്ഥശാലകളില്‍ നിന്നും രണ്ടു പ്രതി നിധികളെ തിരഞ്ഞെടുക്കണം. ഇവര്‍ ചേര്‍ന്നതാണ് താലൂക് കൌണ്‍സില്‍. താലൂക്  കൌണ്‍സിലര്‍മാരില്‍  നിന്നും ജില്ലാ കൌണ്‍സിലര്‍മാരെ തിരഞ്ഞെടുക്കും. ഇവരില്‍ നിന്നാണ് സംസ്ഥാന കൌന്സിലര്‍മാരെ തിരഞ്ഞെടുക്കുന്നത്. ഓരോ കൌണ്‍സിലില്‍ നിന്നും ഓരോ നിര്‍വാഹക സമിതിയെ തിരഞ്ഞെടുക്കുന്നു. അതില്‍നിന്നും പ്രസിടന്റ്റ്, വൈസ് പ്രസിഡന്റ്  സിക്രട്ടറി, ജോ:സിക്രട്ടറി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നു. 
       വായന വളര്‍ത്തുക എന്നതാണ് മുഖ്യ ലക്‌ഷ്യം. ഇതിനായി വിദ്യാര്‍ത്ഥി കള്‍ക്ക് താലൂക്, ജില്ലാ, സംസ്ഥാന തല വായനാമത്സരങ്ങള്‍ നടത്തുന്നു. ലൈബ്രറി കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ വായിച്ചു അവയുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ ചോദിക്കുക.
വനിതകള്‍ക്കിടയിലെ വായനാശീലം വളര്‍ത്താന്‍ വനിതാപുസ്തകവിതരണ പദ്ധതിയുണ്ട്.
ഇതിന്റെ ലൈബ്രേറിയന്മാരായി  നിയോഗിക്കപ്പെട്ട വനിതകള്‍ക്ക് പ്രതിമാസ അലവന്‍സ് ലഭിക്കുന്നുണ്ട്..
     ലൈബ്രറികളെ  അവയുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി, എന്നീ ഗ്രേഡ് 
കളാക്കി തിരിച്ചിട്ടുണ്ട്. 8,000 ത്തിനു മുകളില്‍ പുസ്തകങ്ങളും, സ്വന്തം കെട്ടിടവും, നിശ്ചിത എണ്ണം ആനുകാലികങ്ങളും ഉണ്ടെങ്കില്‍ എ ഗ്രേഡ് ആയിരിക്കും കെട്ടിടം നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. കൊല്‍ക്കത്ത ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷനും ഗ്രാന്റ് നല്‍കുന്നുണ്ട്. കെട്ടിട നവീകരണം, ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ   വാങ്ങുവാന്‍ ആര്‍.ആര്‍.എല്‍.എഫ്. ധനസഹായം നല്‍കുന്നുണ്ട്. അംഗ ഗ്രന്ഥശാലകള്‍ 
സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍  മുഖേനയാണ് അപേക്ഷിക്കേണ്ടത്. 
      സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലും ജില്ലാ ലൈബ്രറി കൌണ്‍സിലും പദ്ധതികള്‍ക്ക് രൂപം 
നല്‍കുന്നു. ചിലത് സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലും, ചിലത്, ജില്ലയും, ചിലത് താലൂക്കും മറ്റു ചിലവ അംഗ ഗ്രന്ഥശാലകളുമാണ് നടപ്പാക്കുക. വളരെ വിപുലമായ പദ്ധതികളാണ് ഓരോ വര്‍ഷവും ലൈബ്രറി കൌണ്‍സില്‍ ആവിഷ്കരിച്ചു നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. ഓരോ വായനശാലയും ഓരോ മാസവും ഓരോ പൊതു പരിപാടി നടത്തണം. ഒരു പരിപാടിക്ക് 500 രൂപ വെച്ച് കൌണ്‍സില്‍ നല്‍കുന്നതാണ്. കോഴിക്കോട് ജില്ലയിലെ 454 ലൈബ്രറികളില്‍ പലതും ഇങ്ങനെ പരിപാടികള്‍ നടത്താറുണ്ട്‌. 2009-10 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ 27 പദ്ധതികള്‍ ഉണ്ടായിരുന്നു. ചില പദ്ധതികള്‍:
 1. അറിവരങ്ങു: വിവധ വിഷയങ്ങളില്‍  ക്ലാസ് 
 2. വിജ്ഞാനപോഷണ സദസ്സ്: തൊഴിലന്വേഷകര്‍ക്കുള്ള ക്ലാസ്സുകള്‍ 
 3  പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ് 
 4 ചലച്ചിത്രോത്സവം 
 5  കര്‍ഷകസൌഹൃദ സായാഹ്നം 
 6. ബാലവേദി സംഗമം 
 7. സ്മൃതി സദസ്സ് 
 8.  പുസ്തകബൈണ്ടിംഗ് പരിശീലനം 
 9. നിയമസാക്ഷരതാ ക്ലാസ് 
10. വനിതാ വേദി പ്രവര്‍ത്തകക്യാംപ് 
11. വനിതാവേദി തൊഴില്‍ പരിശീലനം
12. ഗ്രന്ഥശാലകള്‍ക്ക് അലമാര നല്‍കല്‍ 
13.  സ്പീക്കര്‍ സെറ്റ് നല്‍കല്‍ 
 14. ബാലോല്‍സവം (കുട്ടികളുടെ കലാമത്സരങ്ങള്‍)
15. വിവിധ സെമിനാറുകള്‍ 
   എന്നിങ്ങനെ കുറേയധികം പദ്ധതിപ്രവര്‍ത്തനങ്ങള്‍  നടപ്പാക്കി.
   കുട്ടികള്‍ക്ക് ബാലവേദി, വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു സഹായകമായി വിദ്യാര്‍ത്ഥി കോര്‍ണ്ണര്‍ 
വനിതകള്‍ക്ക് വേണ്ടി വനിതാവേദി, സീനിയര്‍ സിറ്റിസന്‍സ് വേദി എന്നിവ  വായനശാലകളില്‍ 
രൂപീകരിച്ചിട്ടുണ്ട്..
        എ ഗ്രേഡ് ലൈബ്രറികള്‍ക്കു ഇപ്പോള്‍ വാര്‍ഷിക ഗ്രാന്റ്  20,000 രൂപയാണ് നല്‍കുന്നത്.
ഇതില്‍ 75 ശതമാനം തുകക്ക് നിര്‍ബന്ധമായും പുസ്തകം വാങ്ങിയിരിക്കണം.
ബാക്കിയുള്ള 25 ശതമാനത്തിനു വായനശാലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാം.
ആദ്യകാലത്ത്  ഗ്രാന്റിന് പുസ്തകം വാങ്ങിയിരുന്നത്, പ്രധാനപ്പെട്ട പുസ്തകശാലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ജില്ലാ  ലൈബ്രറി കൌണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കേരളത്തിലെ ചെറുതും വലുതുമായ പുസ്തക പ്രസാധകരുടെ മേള സംഘടിപ്പിക്കുന്നുണ്ട്. ഗ്രാന്റിനുള്ള പുസ്തകങ്ങള്‍, ഗ്രന്ഥശാലകള്‍ ഇവിടെ നിന്നാണ് വാങ്ങുന്നത്. ഇതുകൊണ്ട് ചെറിയ പ്രസാധകര്‍ക്ക് പോലും പുസ്തകം വിറ്റഴിക്കാന്‍ കഴിയുന്നു. 
      ലൈബ്രറികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്താന്‍ ജില്ലാ കൌണ്‍സിലുകള്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും അംഗലൈബ്രറികള്‍ക്കു ഇക്കാര്യത്തില്‍ ശുഷ്കാന്തി കുറവാണ്.
വായനക്കാരുടെ എണ്ണം മുമ്പത്തെപ്പോലെ ഇപ്പോള്‍ അധികമില്ല. വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഗ്രന്ഥശാലകളെ അധികം ഉപയോഗപ്പെടുത്തുന്നത്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്. പുതിയ തലമുറ അവരുടെ പാഠപുസ്തകമല്ലാതെ വൈജ്ഞാനിക ഗ്രന്ഥങ്ങളോ സര്‍ഗാത്മക ഗ്രന്ഥങ്ങളോ വായിക്കുന്ന പതിവില്ല. യുവാക്കളിലും വായനാശീലം കുറവാണ്. അവരുടെ അഭിരുചിയില്‍ വന്ന മാറ്റമാണ് ഇത് കാണിക്കുന്നത്. പല ഗ്രന്ഥാലയങ്ങളിലും ഇപ്പോള്‍ ഇന്റര്‍നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. 
       ജില്ലാ ലൈബ്രറി കൌണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ വായനശാലകളുടെ ഗ്രേഡ് നിര്‍ണ്ണയിക്കാന്‍ വേണ്ടി വായനശാല സന്ദര്‍ശിച്ചു റെക്കോഡുകള്‍ പരിശോധിക്കും. ഇതിനു gradation എന്ന് പറയും. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ താലൂക് കമ്മിറ്റി വായനശാലകളുടെ രേഖകള്‍ പരിശോധിക്കും. 
       വൈകീട്ട് 5 മുതല്‍ 9 വരെ യാണ് പൊതുവേ വായനശാലകളുടെ പ്രവര്‍ത്തന സമയം. ഇതില്‍ മാറ്റം വരുത്തുവാന്‍ അതാതു വായനശാല അധികൃതര്‍ക്ക് അധികാരമുണ്ട്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈബ്രേരി യന്മാര്‍ക്ക് ഗ്രെടി നനുസരിച്ചു അലവന്‍സുകള്‍ നല്‍കുന്നുണ്ട്. എ ഗ്രേഡ് ലൈബ്രറികളുടെ ലൈബ്രേറിയന്മാര്‍ക്ക് വാര്‍ഷിക അലവന്‍സ്  12,000 രൂപയാണ് ഇപ്പോള്‍. സ്ത്രീകളാണ് ഭൂരിപക്ഷവും ഈ ജോലി ചെയ്യുന്നത്.
      മെംബെര്‍ഷിപ്‌: ആജീവനാന്തം, സാധാരണ എന്നീ അംഗത്ത്വങ്ങളാണ് ഇപ്പോഴുള്ളത്.
ലൈബ്രറി കൌണ്‍സില്‍ ഗ്രന്ധാലയങ്ങള്‍ക്ക് വേണ്ടി ഒരു മാതൃകാ നിയമാവലി അംഗീകരിച്ചിട്ടുണ്ട്. അതില്‍ മൌലികമായ മാറ്റങ്ങള്‍ വരുത്താന്‍ അംഗ ഗ്രന്ഥാലയങ്ങള്‍ ക്ക്  അധികാരമില്ല.
        വനിതാ പുസ്തക  വിതരണ പദ്ധതിയുടെ മെംബെര്‍ഷിപ്‌ വേറെ രീതിയിലാണ്.  വീടുകള്‍ തോറുമുള്ള വിതരണമാണത്. അതിലെ അംഗങ്ങള്‍ക്ക് സാധാരണ അംഗങ്ങളുടെ അവകാശം ഉണ്ടായിരിക്കുകയില്ല. 
        വായനശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പത്രങ്ങളും മറ്റും സംഭാവനയായി നല്കാറുണ്ട്. 
        കേരളത്തിലെ പോലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ച്ച പ്രാപിച്ച മറ്റു സംസ്ഥാനങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളത്തില്‍ വായനശാലകള്‍ പലതും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സാക്ഷരതാ പ്രവര്‍ത്തനം, ഹിന്ദി പ്രചാരണം എന്നിവയൊക്കെ  വായനശാലകള്‍ കേന്ദ്രീകരിച്ചു നടക്കുകയുണ്ടായി. ഗ്രാമീണ സര്‍വ്വകലാശാലകള്‍ എന്ന് വിളിക്കപ്പെട്ട ഗ്രന്ഥശാലകളുടെ ഇന്നത്തെ ദൌത്യം അനൌപചാരിക വിദ്യാഭ്യാസം, വിദ്യാര്‍ഥി കളുടേയും, യുവാക്കളുടെയും കലാ സാംസ്കാരിക അഭ്യുന്നതിയോടൊപ്പം, അവര്‍ക്ക് അറിവ് വിതരണം ചെയ്യുക, തൊഴില്‍ ലഭിക്കാന്‍ അവരെ സഹായിക്കുക എന്നതൊക്കെയാണ്.
     

2012 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

വ്യാസന്‍ മുക്കുവനല്ല

       ഇന്ത്യന്‍ പാരമ്പര്യത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ക്ക് ഒരു മറുപടി 
                                                 --------------------
            ചാതുര്‍വര്‍ണ്യം എന്ന, മനുഷ്യകുലത്തിന്‌ അപമാനകരമായ
ഒരു സാമൂഹികവിഭജനവ്യവസ്ഥ, ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നത് 
ഒരു ചരിത്രയാഥാര്‍ത്യമാണ്. ഒരു മിത്ത് ആണെങ്കിലും 
ഭഗവത്ഗീതയില്‍ അതിന്റെ തെളിവുകള്‍ നമുക്ക് കാണാന്‍ 
കഴിയും. 
                      ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം                                        
                      ഗുണകര്‍മ്മ വിഭാഗശ:
                      തസ്യ കര്‍ത്താരമപിമാം
                      വിദ്ധ്യകര്‍ത്താരമവ്യയം  (അ: 4 ശ്ലോ: 13)
'ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ്' എന്നാണു ഭഗവാന്‍
ശ്രീകൃഷ്ണന്‍ പറയുന്നത്. മിത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ 
ചികയുമ്പോള്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ഉച്ചനീചത്വ
വ്യവസ്ഥക്ക് ദാര്‍ശനിക ആയുധം നല്‍കുകയായിരുന്നു 
ഗീതാകാരന്‍ എന്ന് കാണാന്‍ കഴിയും.
         മനുസ്മൃതി ഓരോ വര്‍ണ്ണത്തിന്റെയും കടമകളെയും
അധികാരത്തെയും പറ്റി വിശദമായി പ്രതിപാദിക്കുന്നു.
വേദം കേള്‍ക്കുന്ന ശൂദ്രന്റെ  ചെകിട്ടില്‍ ഈയം ഉരുക്കി
ഒഴിക്കണമെന്നും വേദം ചൊല്ലുന്ന ശൂദ്രന്റെ നാവു
പിഴുതുകളയണമെന്നുമൊക്കെ  മനു അനുശാസിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കും ശൂദ്രന്മാര്‍ക്കും ഒരേ സ്ഥാനമാണ് സാമൂഹിക
പദവിയുടെ കാര്യത്തില്‍  മനു നല്‍കിയിരിക്കുന്നത്. വര്‍ണ്ണാശ്രമ
വ്യവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന പടിയില്‍ നിക്കുന്ന
ബ്രാഹ്മണന്‍ ഒരു പാട് ആനുകൂല്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും
അര്‍ഹനാണ്. ഒരേ കുറ്റത്തിന് നാല് വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്ക്  
നാല് വിധം ശിക്ഷകളാണ് മനു നിര്‍ദ്ദേശിക്കുന്നത്. എത്ര 
ഗുരുതരമായ കുറ്റത്തിനും ബ്രാഹ്മണന് ലഘുവായ ശിക്ഷയേ 
ഉള്ളു. ശൂദ്രന് മറിച്ചും. ഇത്ര അനീതിനിഷ്ഠമായ ഒരു 
വ്യവസ്ഥയെ ന്യായീകരിക്കുന്നവര്‍ ഇക്കാലത്തും നമ്മുടെ 
രാജ്യത്തുണ്ട് എന്നത് അത്ഭുതകരമാണ്. വിശ്വാസം വിതച്ച്
ഹിന്ദുത്വം കൊയ്തെടുക്കാന്‍ മതത്തിന്റെ ഖഡ്ഗവുമായി
ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ പണ്ഡിതന്മാര്‍ തന്നെയാണ്
ഇക്കാര്യത്തില്‍ മുമ്പില്‍. ഒരുതരം തൊഴില്‍ വിഭജന
മായിരുന്നു അതെന്നും, സമൂഹത്തിന്റെ ഭദ്രമായ
നിലനില്‍പ്പിന് അന്നത്തെ സാഹചര്യത്തില്‍ അത്
അനിവാര്യമായിരുന്നെന്നും ഗാന്ധിജിയെ കൂട്ട് പിടിച്ചു
കൊണ്ട് അവര്‍ പറയും. ഹിന്ദുസമാജത്തിന്റെശത്രുവായി 
മുദ്രകുത്തി തങ്ങള്‍ വധിച്ച ഗാന്ധിജി ഇക്കാര്യത്തില്‍ 
അവര്‍ക്ക് മഹാനാണ്! ചാതുര്‍വര്‍ണ്യംഗ്രന്ഥങ്ങളില്‍ 
വിവരിക്കുന്നത് പോലെ അത്രമാത്രം കാഠിന്യമേറിയ ഒന്നായിരു
ന്നില്ലെന്നും അതേ രീതിയില്‍ നടപ്പാക്കിയിരുന്നില്ലെന്നുമാണ്
 മറ്റൊരു വാദം. ഉത്തരേന്ത്യയില്‍  ഇന്നും നിലനില്‍ക്കുന്ന 
സവര്‍ണ്ണമേധാവിത്വ സാമൂഹികവ്യവസ്ഥയില്‍ അധ:കൃതജനത  
അനുഭവിക്കേണ്ടി വരുന്ന ക്രൂരമായ വിവേചനങ്ങളും, 
മനുഷ്യത്വരഹിതമായ പീഡനങ്ങളും ഈ വാദങ്ങളുടെ 
മുനയൊടിക്കുന്നതാണ്. 
         വര്‍ണ്ണങ്ങള്‍ ജന്മസിദ്ധല്ലെന്നും കര്‍മ്മം കൊണ്ട്
ഏതൊരുവനും ഉയര്‍ന്ന വര്‍ണ്ണത്തിലെത്താമെന്നും അതിനു
നിരവധി ഉദാഹരണങ്ങള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും
 ഉണ്ടെന്നുമാണ് വര്‍ണ്ണവ്യവസ്ഥാനുകൂലികള്‍  പറയാറുള്ളത്.
അതിനൊരുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടാറുള്ളതാണ്
വ്യാസന്റെ  കഥ.  ഒരു മുക്കുവനായ വ്യാസന്‍ വേദാധ്യയനം 
നടത്തുകയും മഹര്‍ഷിയായിത്തീരുകയും ചെയ്തു.  
കൌരവ-പാണ്ഡവന്മാരുടെ  പിതാമഹനായ വ്യാസന്‍  
അവരുടെ ആത്മീയഗുരുവാവുകയും അതുല്യ പ്രതിഭാവിലാസം 
കൊണ്ട് മഹാഭാരതം ഉള്‍പ്പെടെയുള്ള ഇതിഹാസ
പുരാണാദികള്‍ വിരചിക്കുകയും ചെയ്തു. അങ്ങിനെ 
മുക്കുവനായ വ്യാസന് സാത്വികകര്‍മ്മങ്ങളിലൂടെ ബ്രാഹ്മണ
പദത്തിലെത്താന്‍ കഴിഞ്ഞു.  കര്‍മ്മമാണ്‌ വര്‍ണ്ണത്തിന് 
നിദാനം എന്നാണിത് തെളിയിക്കുന്നത്. ഇതാണ് അവരുടെ
 വാദം. എന്നാല്‍ ജന്മം കൊണ്ട് വ്യാസന്‍ മുക്കുവനാണോ?  
അല്ല എന്നാണു മഹാഭാരതം തന്നെ നമ്മോടു പറയുന്നത്.  
വ്യാസന്റെ ജനനചരിത്രം എന്താണെന്ന് നോക്കാം. 
പരാശരമഹര്‍ഷിക്ക് 'മുക്കുവസ്ത്രീയായ' സത്യവതിയിലുണ്ടായ 
മകനാണ് വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍. അതുകൊണ്ടാണ് 
വ്യാസന്‍ മുക്കുവനാണ് എന്ന് പലരും പറയാറുള്ളത്. 
വസിഷ്ഠന്റെ പൌത്രനായ പരാശരന്‍  ഉയര്‍ന്ന വര്‍ണ്ണത്തില്‍
പ്പെട്ടയാളാണ്  എന്നതില്‍ തര്‍ക്കമില്ലല്ലോ! ഇന്ത്യന്‍
പാരമ്പര്യമനുസരിച്ച് പലപ്പോഴും, ഒരു കുട്ടിയുടെ വര്‍ണ്ണ/
ജാതിസ്വത്വം നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്   അവന്റെ അച്ഛന്റെ 
വര്‍ണ്ണത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലായിരുന്നു
എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അമ്മ 
താഴ്ന്ന കുലത്തില്‍പ്പെട്ടതാണെങ്കില്‍ സ്ഥാനമഹിമയില്‍ അല്‍പ്പം 
കുറവ് സംഭവിച്ചേക്കാം എന്ന് മാത്രം. അച്ഛന്റെ ബീജത്തില്‍ 
നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്നും അമ്മ വെറും ഒരു വാഹക 
(carrier) മാത്രമാണെന്നുമുള്ള വിശ്വാസമാവാം ഇതിനു കാരണം. 
വിദുരര്‍ ദാസീപുത്രനായിട്ടും കൊട്ടാരത്തില്‍ അദ്ദേഹം 
ആദരിക്കപ്പെട്ടിരുന്നല്ലോ? അതുകൊണ്ട് അച്ഛന്റെ പാരമ്പര്യം 
കണക്കാക്കിയാല്‍ വ്യാസന്‍ മുക്കുവനാവുകയില്ല. ഇനി വാദത്തിനു 
വേണ്ടി അമ്മയുടെ പാരമ്പര്യമാണ് കണക്കാക്കുന്നത് എന്ന് 
കരുതുക. അപ്പോഴും വ്യാസന്‍ മുക്കുവനാവുകയില്ല. എന്താണ് 
കാരണം? സത്യവതി മുക്കുവസ്ത്രീ അല്ല എന്നത് തന്നെ കാരണം. 
അതിന്റെ കഥ ഇങ്ങനെയാണ്: ഒരിക്കല്‍ ചേദി രാജാവായ
ഉപരിചരവസു കാട്ടില്‍ നായാട്ടിനു പോയി. യാദൃച്ചികമായി, 
മാനുകള്‍ ഇണചേരുന്നത് കണ്ടപ്പോള്‍ രാജാവ് കാമപരവശ
നാവുകയും  അദ്ദേഹത്തിനു ഇന്ദ്രിയസ്ഖലനമുണ്ടാവുകയും 
ചെയ്തു. രാജാവ് ശുക്ലം നഷ്ടപ്പെടുത്താതെ അത് ഒരു 
ഇലയില്‍ പൊതിഞ്ഞു രാജ്ഞിക്ക് കൊടുക്കാന്‍ വേണ്ടി 
ഒരു പരുന്തിനെ ഏല്‍പ്പിച്ചു. പരുന്ത് ഇലപ്പൊതിയുമായി  
പറക്കവേ മറ്റൊരു പരുന്ത് ആക്രമിക്കുകയും  ഇലപ്പൊതി  കാളിന്ദി 
നദിയില്‍ വീഴുകയും അതിലെ ശുക്ലം ഒരു മത്സ്യം വിഴുങ്ങുകയും 
ചെയ്തു. ഈ മത്സ്യം ഒരു സാധാരണ മത്സ്യം ആയിരുന്നില്ല. 
ബ്രാഹ്മണശാപത്താല്‍ മത്സ്യമായിത്തീര്‍ന്ന അദ്രിക എന്ന 
അപ്സരസ്ത്രീയായിരുന്നു അത്. ശുക്ലം വിഴുങ്ങിയ മത്സ്യമായ 
അദ്രിക ഗര്‍ഭിണിയായി. ഒരിക്കല്‍ ഈ മത്സ്യം ഒരു മുക്കുവന്റെ  
വലയില്‍ കുടുങ്ങുകയും അതിന്റെ വയര്‍ കീറിയപ്പോള്‍ 
അയാള്‍ക്ക്‌ രണ്ടു മനുഷ്യക്കുട്ടികളെ കിട്ടുകയും ചെയ്തു. 
ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും.   ഈ വിവരം അറിഞ്ഞ 
രാജാവ് കുട്ടികളെ കൊട്ടാരത്തിലേക്ക് കൊണ്ട് വരുവാന്‍ 
കിങ്കരന്മാരെ അയച്ചു. അവര്‍ ആണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക് 
കൊണ്ട് പോവുകയും പെണ്‍കുട്ടിയെ മുക്കുവന് തന്നെ നല്‍കുകയും  
ചെയ്തു. മുക്കുവന്‍ അവള്‍ക്കു കാളി എന്ന് പേര് നല്‍കി 
സ്വന്തം മകളെപ്പോലെ വളര്‍ത്തി. പിന്നീടവള്‍ സത്യവതി എന്ന 
പേരിലാണ് അറിയപ്പെട്ടത്. കടത്ത് ജോലിയില്‍ അച്ഛനെ 
സഹായിച്ചിരുന്ന സത്യവതി ഒരിക്കല്‍ പരാശരമുനിയെ 
അക്കരെ കടത്താന്‍ നിയുക്തയാവുകയും, നദീമദ്ധ്യത്തില്‍ വെച്ച് 
മുനി അവളെ  പ്രാപിക്കുകയും,  അതിന്റെ ഫലമായി വ്യാസന്‍ 
ജനിക്കുകയും ചെയ്തു. അപ്പോള്‍, മുകളില്‍ വിവരിച്ച കഥകളില്‍ 
നിന്ന് നമുക്ക് കിട്ടുന്ന സത്യം, ഉന്നതകുലജാതനായ പരാശര 
മഹര്‍ഷിയുടേയും രാജാവായ ഉപരിചരവസുവിന്റെ ബീജത്തില്‍ 
അപ്സരസ്ത്രീയായ അദ്രികയില്‍ പിറന്ന സത്യവതിയുടെയും 
മകനായ വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍
ജന്മനാ മുക്കുവനല്ല, ഉയര്‍ന്ന വര്‍ണ്ണത്തില്‍പ്പെട്ട ആളാണ്‌
എന്നാണു. ബ്രാഹ്മണാധിപത്യവ്യവസ്ഥയുടെ വക്താക്കള്‍
പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും വര്‍ണ്ണം നിര്‍ണ്ണയി
ച്ചിരുന്നത്കര്‍മ്മമനുസരിച്ചല്ല ജന്മത്തിന്റെ അടിസ്ഥാനത്തില്‍ 
തന്നെയായിരുന്നെന്നും  ഉള്ളത് ചരിത്ര യാഥാര്‍ത്ഥ്യമാണ്‌. 
മറിചൊരനുഭവവും  നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുകയില്ല.  
പുരാണങ്ങളില്‍ തന്നെ ഇതിനു ഉപോല്‍ബലകമായി അനേകം 
കഥകള്‍ കാണാന്‍ കഴിയും.
         ഇന്ത്യയില്‍ ഇന്നും പിഴുതു മാറ്റാനാവാതെ ആധുനിക
മാനവസമൂഹത്തിനു കളങ്കമായി നിലനില്‍ക്കുന്ന ജാതീയമായ
 ഉച്ചനീചത്വത്തിന്റെയും അതിന്റെ പേരിലുള്ള മനുഷ്യത്വ
ഹീനമായ ക്രൂരതകളുടെയും വേരുകള്‍ കിടക്കുന്നത് 
വര്‍ണ്ണാശ്രമവ്യവസ്ഥയിലാണ്. ആ വര്‍ണ്ണാശ്രമധര്‍മ്മത്തെയും 
അതിനു താത്വികന്യായീകരണം നല്‍കുന്ന ഭഗവത്ഗീത 
തുടങ്ങിയ ഗ്രന്ഥങ്ങളെയും ആരാധിക്കുകയും പ്രചരിപ്പിക്കുകയും 
ചെയ്യുന്നവര്‍ അത്തരമൊരു വ്യവസ്ഥയുടെ സ്തുതിപാഠക
രാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവര്‍ സമൂഹത്തെ 
അന്ധകാരയുഗത്തിലേക്കാണ് നയിക്കുന്നത് എന്ന് 
പുരോഗമനപക്ഷത്തു നില്‍ക്കുന്നവര്‍  തിരിച്ചറിയേണ്ടതുണ്ട്. 

                                                       

2012 ജൂൺ 14, വ്യാഴാഴ്‌ച

ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്ന മതനിന്ദാ നിയമങ്ങള്‍




                          IPC 295,295 A, 153 B വകുപ്പുകള്‍ ഭരണഘടന വാഗ്ദാനം 
                          ചെയ്യുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനു വിരുദ്ധമാണ് 

                                                            
          ഇന്ത്യന്‍ ഭരണഘടന ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും 
പരിഷ്കൃതാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് പറയാറുണ്ട്‌. ഭരണഘടനയിലെ 
പരമപ്രധാനമായ ഭാഗം എതാണെന്ന ചോദ്യത്തിന്  ഒരുത്തരമേയുള്ളൂ:
മൌലികാവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 12 മുതല്‍ 35 വരെയുള്ള വകുപ്പുകള്‍.  
ഈ മൌലികാവകാശങ്ങളിലെ 19 ആം വകുപ്പാണ് എല്ലാ വിധത്തിലുമുള്ള സ്വാതന്ത്ര്യങ്ങളെപ്പറ്റിയും 
പറയുന്നത്. പ്രസംഗത്തിനുള്ള സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും, 
അഭിപ്രായസ്വാതന്ത്ര്യവുമെല്ലാം ഇതിന്റെ ഭാഗമാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിനും 
അഭിപ്രായസ്വാതന്ത്ര്യത്തിനും ചില നിയന്ത്രണങ്ങളും ഭരണഘടനയിലുണ്ട്
അവ ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് ആവശ്യമാണെന്ന 
കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടനയുടെ നാലാംഭാഗത്താണ്  നിര്‍ദ്ദേശകതത്വങ്ങള്‍ 
(Directive principles) ഉള്ളത്. 1976 ല്‍  42 ആം ഭരണഘടനാ ഭേദഗതിയുടെ 
ഭാഗമായി IV A എന്ന ഒരു പുതിയ ഭാഗം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.
മൌലിക കര്‍ത്തവ്യങ്ങള്‍ എന്നാണ് ഈ ഭാഗത്തിന്റെ ശീര്‍ഷകം.
51 A എന്ന അനുഛെദമായിട്ടാണ്  മൌലികകര്‍ത്തവ്യങ്ങള്‍ ഭരണഘടനയുടെ 
ഭാഗമായിത്തീര്‍ന്നത്‌.  ഈ മൌലികകര്‍ത്തവ്യത്തിന്റെ ഭാഗമായ 51 A (h) പറയുന്നത്:
          "ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണത്തിനും 
           പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക" ഇന്ത്യന്‍
പൌരന്മാരുടെ കര്‍ത്തവ്യമാണ്‌ എന്നാണ്. യഥാര്‍ത്ഥത്തില്‍ ഭരണഘടനാ
ബദ്ധമായ ഈ കര്‍ത്തവ്യമാണ് യുക്തിവാദികള്‍ നിറവേറ്റുന്നത്. പക്ഷെ 
അതിനെ മതനിന്ദയായി ദുര്‍വ്യാഖ്യാനം ചെയ്ത് അവരെ കോടതി കയറ്റാനുള്ള 
ശ്രമമാണ് മതവൈതാളികര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
         
         എന്നാല്‍ ഭരണഘടനയില്‍ തെളിഞ്ഞു കാണുന്ന ഈ ജനാധിപത്യ മൂല്യങ്ങളെ 
നിഷ്പ്രഭമാക്കുന്ന ചില വകുപ്പുകള്‍ നമ്മുടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ട്. അതാണ്‌
IPC 295, 295 A, 153 B എന്നിവ. വകുപ്പ് 295 പറയുന്നത് എന്താണെന്ന് നോക്കുക:
                  "ഏതെങ്കിലും ഒരു ജനവിഭാഗം പാവനമായിക്കരുതുന്ന ഏതെങ്കിലും 
വസ്തുവിനെയോ അല്ലെങ്കില്‍ ആരാധനാലയത്തേയോ നശിപ്പിക്കുകയോ, 
കേടുപാട് വരുത്തുകയോ, മലിനപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാളും
ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുന്നതാണ്".  
       295 A വകുപ്പ് മതനിന്ദയെ കൂടുതല്‍ കര്‍ശനമായി നേരിടുന്നു: 
          "ഏതെങ്കുലും ഒരു വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ 
           നിന്ദിച്ചുകൊണ്ട് അതിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുക എന്ന 
           ഉദ്ദേശ്യത്തോടെ ചെയ്യുന്ന  ബോധപൂര്‍വ്വവും വിദ്വേഷാത്മകവുമായ 
           ഏതൊരു പ്രവൃത്തിയും  ശിക്ഷാര്‍ഹമാണ്‌" എന്നാണ്
ഈ വകുപ്പ് പ്രഖ്യാപിക്കുന്നത്. 153 B വകുപ്പാണ് കൂടുതല്‍ കാഠിന്യമുള്ളത്. 
അതിങ്ങനെയാണ്:
           "വ്യത്യസ്ത മതങ്ങളും, വംശങ്ങളും, ഭാഷകളും, പ്രദേശങ്ങളും, 
            ജാതിയും, സമുദായങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തെ 
            ഹാനികരമായി ബാധിക്കുന്ന ഏത് പ്രവര്‍ത്തിയും കുറ്റകരമാണ്"

"തമിഴന്മാരെല്ലാം ബുദ്ധി കുറഞ്ഞവരാണ്" എന്ന്‌ ഒരു മലയാളി പറഞ്ഞെന്നിരിക്കട്ടെ, 
ഈ വകുപ്പ് പ്രകാരം പോലീസിന്  അയാളുടെ പേരില്‍ കേസെടുക്കാം. 
ഭരണഘടന അനുവദിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനു തടസ്സം 
നില്‍ക്കുന്നവയാണ്  മുകളില്‍ പരാമര്‍ശിച്ച മതനിന്ദാ നിരോധന നിയമങ്ങള്‍.
       
         1957 ല്‍ ഒരു വിധിയിലൂടെ സുപ്രീം കോടതി 295 A നടപ്പാക്കുന്നതിന് 
ചില പരിധികള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. 
       "മതത്തെ നിന്ദിക്കുന്നതും നിന്ദിക്കാന്‍ ശ്രമിക്കുന്നതുമായ 
       എല്ലാത്തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും 295 A പ്രകാരം ശിക്ഷാര്‍ഹമല്ല. 
        ബോധപൂര്‍വ്വവും,വിദ്വേഷാത്മകവുമയ  ഉദ്ദേശ്യ
        ത്തോടുകൂടി (deliberate and malicious intention) പ്രാവര്‍ത്തികമാക്കുന്ന 
        കടുത്ത രീതിയിലുള്ള നിന്ദ മാത്രമേ 295 A പ്രകാരം ശിക്ഷാര്‍ഹമായിട്ടുള്ളൂ" 
        എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും, യഥാര്‍ഥത്തില്‍ എന്താണ് 
മതത്തെ നിന്ദിക്കുന്ന ചെയ്തികള്‍ എന്ന മുഖ്യ ചോദ്യത്തില്‍ നിന്നു കോടതി 
ഒഴിഞ്ഞുമാറുന്നതായിട്ടാണ് ഇത്തരം പല കേസുകളിലും കോടതി എടുത്ത 
നിലപാടുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 
        
        ഭരണകൂടത്തിന്‍റെ മുന്‍കയ്യാലല്ല പലപ്പോഴും മതനിന്ദാനിയമം പ്രയോഗി 
ക്കപ്പെടുന്നത്. മതത്തെ വിമര്‍ശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ 
മതമേധാവികളോ വിശ്വാസികളോ അതിന്റെ പേരില്‍ കലാപ
ക്കൊടിയുയര്‍ത്തുന്നു. സഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍ എന്ന്‌ സ്വയം 
മുദ്രകുത്തിയ അവര്‍ അക്രമാസക്തരാകുന്നുഅപ്പോള്‍ ക്രമസമാധാനം തകരുമെന്ന 
ഭയത്താല്‍ ഭരണകൂടം മതനിന്ദ ആരോപിക്കപ്പെട്ട കലാസൃഷ്ടികളോ 
ഗ്രന്ഥങ്ങളോ നിരോധിക്കുന്നു. അല്ലെങ്കില്‍ 'വിശ്വാസത്തെ വ്രണപ്പെടുത്തിയ'
വ്യക്തിയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുന്നു. മതവക്താക്കളുടെ 
ആരോപണത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാതെയാണ് ഭരണകൂടം 
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മേല്‍ കത്തിവെക്കുന്നത്. അതാണല്ലോ എളുപ്പം. 
സ്വതന്ത്ര  ഇന്ത്യയില്‍ ഇത്തരത്തില്‍,  ആവിഷ്കാര സ്വാതന്ത്ര്യ
ത്തിനെതിരെ മതനിന്ദാ നിയമം പ്രയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ 
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രവീണ്‍ സ്വാമി തന്റെ ലേഖനത്തില്‍ 
('ദി ഹിന്ദു' - 7.05.2012)  ചൂണ്ടിക്കാണിക്കുന്നുണ്ട്. 
           ഈ അടുത്ത കാലത്തുണ്ടായ ഒരു സംഭവം മറക്കുവാന്‍ സമയമായിട്ടില്ല.  
'സാത്താന്റെ വചനങ്ങള്‍' എഴുതുക വഴി ആയത്തുള്ള ഖൊമേനിയുടെ
വധശിക്ഷാവിധി  ഏറ്റുവാങ്ങി അജ്ഞാതവാസം കഴിക്കേണ്ടി വരുന്ന 
സല്‍മാന്‍ റുഷ്ദിയെ ജയപ്പൂരില്‍ നടന്ന സാഹിത്യ സമ്മേളനത്തിലേക്ക് 
അതിന്റെ സംഘാടകര്‍ ക്ഷണിച്ചത് അദ്ദേഹത്തിന്‍റെ രക്തത്തിന് വേണ്ടി 
ദാഹിക്കുന്ന മതമൌലികവാദികളുടെ കോപത്തിനിടയാക്കി.
റുഷ്ദി വന്നാല്‍ കലാപമുണ്ടാക്കുമെന്ന ഭീഷണിക്ക് മുമ്പില്‍ രാജസ്ഥാന്‍ 
സര്‍ക്കാര്‍ ഭയന്നുപോവുകയും റുഷ്ദിയുടെ വരവ് തടയുകയും ചെയ്തു. വീഡിയോ 
കോണ്ഫറന്‍സിങ്ങിനു പോലും അനുമതി ലഭിച്ചില്ല എന്ന്‌ മാത്രമല്ല, റുഷ്ദിയുടെ 
നോവലില്‍ നിന്നു ചില വരികള്‍ സ്റ്റേജില്‍ വായിച്ച നാല് പേര്‍ക്കെതിരെ 
മതനിന്ദാക്കുറ്റം ചുമത്തുകയും ചെയ്തു! ഇന്ത്യയില്‍ ഈ നോവല്‍ നിരോധിച്ചിട്ടില്ല
എന്നിരിക്കെ എന്ത് മതനിന്ദയാണ് ഇവര്‍ ചെയ്തത്?  പൌരന്മാരുടെ 
അഭിപ്രായസ്വാതന്ത്ര്യ പ്രകടനത്തിന്  സംരക്ഷണം കൊടുക്കാന്‍ ബാധ്യസ്ഥരായ 
ഭരണകൂടം ഏതാനും മതതീവ്രവാദികളെ പേടിച്ച്‌  ഇല്ലാത്ത മതനിന്ദാക്കുറ്റം 
ചുമത്തി നിരപരാധികളെ കേസില്‍ കുടുക്കുന്നത് നാണംകെട്ട പ്രവൃത്തിയാണ്‌. 
ഇതിനു മുമ്പ് വിശ്വപ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈനെ
ഹിന്ദു വര്‍ഗ്ഗീയവാദികള്‍ വേട്ടയാടിയതും അദ്ദേഹം തന്റെ രചനകളിലൂടെ  
ഹിന്ദുമതത്തെയും ഹിന്ദുദൈവങ്ങളെയും നിന്ദിച്ചു എന്ന്‌ ആരോപിച്ചിട്ടാണ്. ഇവിടെയും
ഹുസൈനെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയാതെ വരുകയും ആ വില
മതിക്കാനാവാത്ത പൌരനെ ഇന്ത്യക്ക് നഷ്ടപ്പെടുകയും ചെയ്തു.
           നമ്മുടെ കേരളത്തില്‍ത്തന്നെ ആവിഷ്കാരസ്വാതന്ത്ര്യഹനനത്തിനു  
നിരവധി ഉദാഹരണങ്ങളുണ്ട്. 'ഭഗവാന്‍ കാലുമാറുന്നു' എന്ന കെ.പി.എ.സി. 
നാടകം നിരോധിച്ചു കിട്ടുവാന്‍ വേണ്ടി ഹിന്ദുവര്‍ഗ്ഗീയവാദികള്‍ നാടകസ്റ്റേജുകള്‍ 
കയ്യേറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ അന്ന് ഇന്നത്തെപ്പോലെ 
രാഷ്ട്രീയകക്ഷികളില്‍ മതപ്രീണനത്വര ശക്തമല്ലാതിരുന്നതിനാലും, 
എതിര്‍പ്പുകാര്‍ക്ക് വീര്യം കുറവായിരുന്നതിനാലും നാടകം  അരങ്ങേറാന്‍ 
സാധിച്ചു. ഈയിടെ അന്തരിച്ച പ്രശസ്ത നാടകകൃത്തും
നടനുമായ പി.എം. ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' 
എന്ന നാടകം യേശുവിനെ അപമാനിക്കുന്നതാണെന്നാരോപിച്ചു  കൊണ്ടു  
ക്രിസ്തുമതവിശ്വാസികളും  പുരോഹിതരും  പ്രക്ഷോഭവുമായിറങ്ങി. 
ദൈവനിന്ദക്കെതിരായ വകുപ്പുപയോഗിച്ചു ഈ നാടകം കോണ്‍ഗ്രസ് 
സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ഇടതുപക്ഷം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ 
പേരില്‍ തെരുവിലറങ്ങി. പക്ഷെ, പിന്നീട് വന്ന സ: ഇ.കെ.നായനാരുടെ 
ഇടതുഭരണത്തിന്‍ കീഴിലും ഈ നാടകം നിരോധനത്തിനിരയായി. മതക്കാരുടെ
intimidation (ഭയപ്പെടുത്തി അംഗീകരിപ്പിക്കുക) ന് കീഴ്പ്പെടുന്നതില്‍ ഇടതു 
വലതു വ്യത്യാസമില്ലെന്നു വ്യക്തമാക്കുന്ന ഒരു സംഭവമായിരുന്നു അത്‌.
ഏഴാം ക്ലാസ് മലയാളപാഠപുസ്തകത്തിലെ മതമില്ലാത്ത ജീവന്‍ എന്ന 
പാഠം മതനിന്ദാകരമാണെന്നും അത്‌ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു 
മതസംഘടനകള്‍ തെരുവിലറങ്ങി കലാപമഴിച്ചുവിടുകയും ഒരധ്യാപകന്റെ 
ജീവനെടുക്കുകയും ചെയ്തു. പാഠഭാഗം തിരുത്തിക്കൊണ്ട് ഇവിടെയും
സര്‍ക്കാര്‍ വര്‍ഗീയവാദികള്‍ക്ക് കീഴടങ്ങുകയായിരുന്നു. മുഹമ്മദിനേയും, 
ദൈവത്തേയും സാങ്കല്‍പ്പികകഥാപാത്രങ്ങളാക്കി ഡിഗ്രിക്ലാസിലേക്ക് ഒരു 
ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് പ്രവാചകനിന്ദയാക്കി ചിത്രീകരിച്ച് പോപ്പുലര്‍ 
ഫ്രണ്ട്കാര്‍ ജോസഫ് മാസ്ടരുടെ കൈവെട്ടി മതകോടതി വിധി നടപ്പാക്കി.
പോരാത്തതിന് 295 എന്ന വകുപ്പുപയോഗിച്ച് ഇടതു സര്‍ക്കാര്‍ അദ്ദേഹത്തെ 
വേട്ടയാടുകയും ചെയ്തു. 'ചിന്‍വാദ് പാലം'  എന്ന പേരില്‍ ശാമു കോയമ്പത്തൂര്‍ 
എഴുതി ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് പ്രസിദ്ധീകരിച്ച  പുസ്തകം 
പ്രവാചകനിന്ദ നടത്തുന്നതാണെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ 
ചുങ്കപ്പാറയിലും മറ്റും മുസ്ലീം തീവ്രവാദികള്‍ കലാപമുണ്ടാക്കി. ഇതിന്റെ ഫലമായി  
295 വകുപ്പ് പ്രയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ അഞ്ചു ക്രിസ്തുമത
പ്രവര്‍ത്തകരെ ജയിലിലടച്ചു. പത്താം ക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തിലെ
കത്തോലിക്കാസഭ യൂറോപ്പില്‍ ചെയ്തു കൂട്ടിയ അത്യാചാരങ്ങളെക്കുറിച്ചുള്ള  പാഠം 
ക്രിസ്തുമതപൌരോഹിത്യം ഇടപെട്ടു പിന്‍ വലിപ്പിച്ചു. എന്ത് പഠിപ്പിക്കണമെന്ന് 
തീരുമാനിക്കുന്നത് പോലും ഇപ്പോള്‍  മതസംഘടനകളാണ്!
        ഏറ്റവും അവസാനമായി  മതനിന്ദാനിയമം പ്രയോഗിക്കപ്പെട്ടുകാണുന്നത് 
സനല്‍ ഇടമറുകിന്റെ നേരെയാണ്.  ഇവിടെ, മുംബൈയിലെ ഇര്‍ലെ 
റോഡിലുള്ള  വേളാങ്കണ്ണി മാതാവിന്റെ  പള്ളിയുടെ അധികാരികളും, മുംബൈ ബിഷപ്പു 
അഗ്നെല്ലോ ഗ്രേഷ്യസുമാണ്‌ വില്ലന്മാര്‍. ഇക്കഴിഞ്ഞ മാര്‍ച് 5 നാണ് 
മാതാവിന്റെ പള്ളിയിലെ യേശുക്രിസ്തുവിന്റെ കാല്‍വിരലിലൂടെ ജലം ഇറ്റിറ്റു 
വീഴുന്ന 'അത്ഭുതകരമായ' കാഴ്ച ചിലര്‍ കണ്ടത്‌. കേട്ടറിഞ്ഞ വിശ്വാസികള്‍ 
ഓടിക്കിതച്ചെത്തി. ദൈവപുത്രന്റെ കണ്ണുനീരാണ്  അതെന്നു വിശ്വസിച്ച 
അവര്‍ പ്ലാസ്റ്റിക്  കുപ്പികളില്‍  അത്‌ ശേഖരിച്ചു മടങ്ങിപ്പോയി. പള്ളി 
അധികാരികള്‍ പ്രതിമയ്ക്ക് മുന്നില്‍  ദിവ്യാത്ഭുതം എന്ന ബോഡും സ്ഥാപിച്ചു.
ധാരാളം വിശ്വാസികള്‍  നാടിന്റെ നാനാഭാഗത്ത് നിന്നും ഈ ദിവ്യാത്ഭുതം 
കാണാനെത്തി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ
ടി.വി. 9 ചാനലുകാര്‍ ഈ ദിവ്യാത്ഭുതത്തിന്‍റെ  പിന്നിലെ രഹസ്യം 
കണ്ടെത്താന്‍ പ്രശസ്ത യുക്തിവാദി  സനല്‍ ഇടമറുകിനെ സമീപിച്ചു. 
ടി.വി. സംഘവും സനലും സ്ഥലത്തെത്തി. അര മണിക്കൂറിനകം
തന്നെ സനല്‍ ഈ ദിവ്യാത്ഭുതത്തിന്‍റെ രഹസ്യം  കണ്ടെത്തുകയുണ്ടായി. 
ഈ പ്രതിമ സ്ഥാപിച്ചതിന്റെ അരുകിലൂടെ ഒരു ഓവുചാല്‍  കടന്നു പോവുന്നുണ്ട്. 
അതില്‍ കെട്ടിക്കിടന്ന മലിനജലമാണ് കാപ്പിലറി ആക്ഷനിലൂടെ 
(വെള്ളത്തില്‍ തൊടുവിച്ചു വെച്ച ഇഷ്ടികയിലൂടെ വെള്ളം മുകളിലേക്ക് 
കയറുന്ന പ്രക്രിയക്ക് കാരണമായ തത്വം) പ്രതിമയുടെ വിരലിലൂടെ ഇറ്റിറ്റു 
വീഴുന്നത്. ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി  മുംബൈ ബിഷപ്പും 
കത്തോലിക്കാ സഭയുടെ മൂന്ന്  വക്താക്കളും ഒരു വശത്തും, സനല്‍ ഇടമറുക് 
എതിര്‍പക്ഷത്തുമായി   ടി.വി. 9 ചാനല്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു.
സനലിന്റെ ശക്തമായ വാദങ്ങള്‍ക്ക് മുമ്പില്‍ ക്രിസ്തുപ്രതിമയുടെ കാലിലൂടെ
 ഇറ്റു വീഴുന്ന ജലം ഒരു ദിവ്യാത്ഭുതമല്ലെന്ന് ബിഷപ്പിന് സമ്മതിക്കേണ്ടി വന്നു.  
കത്തോലിക്കാ സഭ എക്കാലത്തും ശാസ്ത്രീയ സമീപനം
കൈക്കൊണ്ടിരുന്നു എന്നും ബിഷപ്പ് തട്ടിവിട്ടു. ഇതിനെ സനല്‍ ചോദ്യം 
ചെയ്യുകയും സഭ മധ്യകാലഘട്ടത്തില്‍ നടത്തിയ പൈശാചിക കൃത്യങ്ങള്‍ 
എണ്ണിപ്പറയുകയും ചെയ്തു. മാത്രവുമല്ല സഭ രണ്ടാം ലോകമഹായുദ്ധ
കാലത്ത് ഫാസിസ്റ്റ് ശക്തികള്‍ക്ക് പിന്തുണ നല്‍കിയ
തിന്റെ ഉദാഹരണങ്ങളും, ഇപ്പോഴത്തെ പോപ്പ് ദുര്‍മന്ത്ര
വാദം ചെയ്തതിനെക്കുറിച്ചും സനല്‍ തുറന്നടിച്ചു. ഇത് ബിഷപ്പിനെയും 
സഭാവക്താക്കളെയും കൊപാകുലരാക്കി. അവര്‍ സനല്‍  മതനിന്ദ 
നടത്തിയതായി ആരോപിക്കുകയും  മാപ്പ് പറയാത്ത പക്ഷം കേസ് 
കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം ഭീഷണികളെ 
ചിരിച്ചു തള്ളിയ സനലിനെതിരെ  പ്രതികാരദാഹികളായ ബിഷപ്പും കൂട്ടരും  
അന്ധേരി, ജൂഹൂ തുടങ്ങി ഒന്നിലധികം പോലീസ് സ്റ്റേഷനുകളില്‍  I.P.C. 295 
വകുപ്പ് പ്രകാരം പരാതി നല്‍കി.  മുംബൈ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 
നിരന്തരം സനലിനെ ഫോണില്‍ വിളിച്ച്‌  മുംബൈയിലെത്തി അറസ്റ്റിനു  
വിധേയനാവണം  എന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചുരുങ്ങിയത് മൂന്ന് 
കോടതികളിലെങ്കിലും സനലിനെതിരെ കേസുണ്ട്. ഏത് നിമിഷവും 
അദ്ദേഹത്തെ അറസ്റ്റു ചെയ്തു തടവിലാക്കിയെക്കാം എന്ന അവസ്ഥ
യാണ്  ഇപ്പോഴുള്ളത്. ഈ സംഭവം ഇന്ത്യയിലെയും, വിദേശരാജ്യങ്ങളിലെയും
മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ഇന്ത്യയിലെ 
ജനാധിപത്യധ്വംസനം അപലപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 
          ധാര്‍മികമൂല്യങ്ങളും സഹിഷ്ണുതയുമാണ് മതങ്ങളുടെ മുഖമുദ്ര എന്ന 
അവകാശവാദമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നത്. ഭരണഘടന പ്രദാനം 
ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം അടിസ്ഥാനമാക്കി  
ശാസ്ത്രബോധവും അന്വേഷണത്വരയും  വളര്‍ത്തുക എന്ന 
ഭരണഘടനാദത്തമായ കര്‍ത്തവ്യം നിറവേറ്റുന്ന യുക്തിവാദികളും 
ശാസ്ത്രപ്രചാരകരും കുറ്റവാളികളും,  ഇതിനൊക്കെ എതിര് നില്‍ക്കുന്ന
മതയാഥാസ്ഥിതികര്‍ വാഴ്തപ്പെട്ടവരും എന്ന വൈരുധ്യമാണ് ഇവിടെ 
നിലനില്‍ക്കുന്നത്. ചില  പ്രത്യേക കാലഘട്ടങ്ങളില്‍  സമൂഹത്തില്‍ ഉയര്‍ന്നു
വന്ന ആശയങ്ങള്‍ മാത്രമാണ്‌ മതങ്ങള്‍. സമൂഹത്തിനു
ദ്രോഹം ചെയ്യുന്ന മത-ദൈവ വിശ്വാസങ്ങള്‍  വിമര്‍ശിക്കപ്പെടുകതന്നെ വേണം.  
ആധുനികസമൂഹനിര്‍മ്മിതിക്ക്  വിഘാതം സൃഷ്ടിക്കുന്ന  മതത്തിന്റെ പ്രതിലോമ 
പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷാകവചമായി  നില്‍ക്കുന്ന 295 A വകുപ്പും 
അനുബന്ധ വകുപ്പുകളും  എടുത്തുകളഞ്ഞു കൊണ്ട്‌ ജനാധിപത്യത്തിന്‍റെ 
ജീവവായുവായ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍
ഭരണാധികാരികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. അതോടൊപ്പം 
ഭരണകൂടവും, രാഷ്ട്രീയകക്ഷികളും അവരുടെ  മതപ്രീണനനയവും  
അവസാനിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യ ഒരു ജനാധിപത്യ
രാജ്യമാണ് എന്ന്‌ ഊറ്റം കൊള്ളുന്നതില്‍ അര്‍ത്ഥമുള്ളൂ.