ഓരോ മതപരമായ ആഘോഷങ്ങള്‍ വരുമ്പോഴും മാതൃഭൂമിയില്‍ ആ മതത്തിന്റെ ഗ്രന്ഥങ്ങളെയും, ഐതീഹ്യങ്ങളേയും ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി അതാതു മതങ്ങളിലെ പണ്ഡിതന്മാരെക്കൊണ്ട് ലേഖനപരമ്പരകള്‍ എഴുതിക്കാറുണ്ട്. ഏറ്റവും അവസാനമായി ഇത്തരം അവതരണങ്ങള്‍ കണ്ടത് ഓണത്തിനും ഈദുല്‍ ഫിത്തറിനുമായിരുന്നു. ആ സമയത്ത് ഇസ്ലാമിന് വേണ്ടി ഡോ : ഹുസ്സയിന്‍ രണ്ടത്താണിയാണ് മുഖ്യമായും ലേഖനപരമ്പരകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടി പലരും ഉണ്ടായിരുന്നു ഹുസ്സയിന്റെ ദൌത്യം ആധുനിക ശാസ്ത്രസിദ്ധാന്തങ്ങള്‍ പലതും ഖുര്‍ ആനില്‍ ഉണ്ടെന്നു സമര്‍ത്ഥിക്കലായിരുന്നു. അക്കാര്യത്തില്‍ മി: രണ്ടത്താണി വലിയ മെയ് വഴക്കം പ്രകടിപ്പിച്ചെങ്കിലും ശാസ്ത്രമറിയാവുന്നവര്‍ അതൊക്കെ വായിച്ചു പൊട്ടിച്ചിരിച്ചിരിക്കാനാണ് സാധ്യത. അത്രമാത്രം ഫലിതങ്ങളായിരുന്നു ആ വ്യാഖ്യാനങ്ങള്‍.
ഇപ്പോഴിതാ നവരാത്രി ആഘോഷവേളയില്‍ 'നവരാത്രി ചിന്തകള്‍' എന്ന ശീര്‍ഷകത്തില്‍
നമ്മുടെ വേദപണ്ഡിതന്‍ ആചാര്യ ഡോ: എം.ആര്‍ രാജേഷ് അവര്‍കള്‍ മാതൃഭൂമിയില്‍ പരമ്പര എഴുതിത്തുടങ്ങിയിരിക്കുന്നു. ഹിന്ദുക്കളെയെല്ലാം ജാതികള്‍ക്കതീതമായി വേദപണ്ഡിതരും യാഗ-യജ്ഞ-ഹോമ വിദഗ്ദ്ധരുമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ നമ്മുടെ രാജേഷ്! എല്ലാ ഹിന്ദുക്കളും ഇതൊക്കെയങ്ങു പഠിച്ചിറങ്ങട്ടെ. പിന്നെ നമ്മുടെ ഈ ഇന്ത്യാമഹാരാജ്യം സ്വര്‍ഗ്ഗരാജ്യമാവില്ലേ മോനെ!
അതിരിക്കട്ടെ. 18.10.12 ലെ മാതൃഭൂമിയില്‍ ആചാര്യന്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയേണ്ടേ? മഹാഗണപതിയെ ക്കുറിച്ചാണ് ആദ്യത്തെ ഗവേഷണപ്രബന്ധം. 'മഹാഗണപതിയെ ഉപാസിക്കുമ്പോള്‍' - ഇതാണ് തലക്കെട്ട്. ഇതിലെ ആദ്യത്തെ വാക്യം ഇങ്ങനെയാണ്: "അറിവ് മന്ത്രോപദേശത്തിലൂടെ ആചാര്യന്‍ നല്‍കിയത് കൊണ്ട് മാത്രം
ദിവ്യലോകങ്ങള്‍ സാക്ഷാത്കരിക്കാമെന്ന് കരുതരുത്." എന്താണ് ഇതിന്റെ അര്‍ത്ഥം? പണ്ടുകാലത്ത് ഋഷിമാര്‍ ശിഷ്യന്മാര്‍ക്ക് മന്ത്രരൂപത്തിലാണ് അറിവ് പകര്‍ന്നു നല്‍കിയത് എന്ന് കേട്ടിട്ടുണ്ട്. ഉപനിഷത്ത് ഒക്കെ അങ്ങനെയുണ്ടായതാണല്ലോ.പക്ഷെ ഇന്ന് അതിനെന്തു പ്രസക്തിയാണ് ഉള്ളത്? സ്കൂളിലും കോളേജിലും അധ്യാപകര്‍ മന്ത്രം ചൊല്ലിയാണോ പഠിപ്പിക്കുന്നത്!! പിന്നെ, എന്താണ് ഈ ദിവ്യലോകങ്ങള്‍? ദൈവീകമായ ലോകങ്ങള്‍ എന്നാണു ഇതിന്റെ അര്‍ത്ഥം. അങ്ങനെയൊരു ലോകം രാജേഷിനു മാത്രമേ അറിയുകയുള്ളു. അടുത്ത വാക്യം നോക്കൂ: "പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികളെ സ്വശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു". ഈ വാക്യവും സാധാരണക്കാരന് ദുര്ഗ്രഹമാണ്. അത് തന്നെയാണ് ഇവരുടെ ലക്ഷ്യവും. പരിചിതമല്ലാത്ത വാക്കുകള്‍ പ്രയോഗിച്ചു വായിക്കുന്നവരില്‍ വിസ്മയമുണ്ടാക്കുക. ജ്യോത്സ്യന്മാര്‍ ഇതാണ് ചെയ്യുന്നത്. അവര്‍ സംസ്കൃതം ചൊല്ലി ഉപഭോക്താക്കളെ അമ്പരപ്പിക്കുകയും തങ്ങള്‍ അതിമാനുഷരാണെന്ന് തോന്നിപ്പിക്കുകയും ജ്യോത്സ്യകാപട്യത്തിന് വിശ്വാസ്യത വരുത്തുകയും ചെയ്യുന്നു. അതെ വിദ്യ തന്നെയാണ് രാജേഷും ചെയ്യുന്നത്. എന്താണ് പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികള്‍? പ്രപഞ്ചത്തില്‍ പല ശക്തികളുമുണ്ടെന്നും അതെല്ലാം ദൈവത്തിന്റെ വെളിപ്പെടുത്ത ലുകളാണെന്നും ആത്മീയവാദികള്‍ പ്രചരിപ്പിച്ചു പോരുന്ന അസത്യമാണ്. യഥാര്‍ത്ഥത്തില്‍
അങ്ങനെ ദൈവീകമായ ശക്തികള്‍ ഒന്നുമില്ല. നാല് ബലങ്ങളാണ് പ്രപഞ്ചത്തിലുള്ളത് എന്നാണു ഭൌതികം പറയുന്നത്. അത് പദാര്‍ഥങ്ങളില്‍ ബന്ധിതമാണ്. അതിനപ്പുറം ദൈവമെന്ന വേറൊരു ശക്തിവിശേഷം പദാര്‍ത്ഥങ്ങളെ നിയന്ത്രിക്കുന്നില്ല. ഉണ്ടെന്നു വരുത്തലാണ് ഈ വാചകത്തിന്റെ ഉദ്ദേശം. "സ്വശരീരത്തില്‍ തിരിച്ചറിയുക" എന്നാലെന്താണ്? ഇന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കുക എന്നാവണം അര്‍ത്ഥം. അങ്ങനെ മനസ്സിലാക്കണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന്
പ്രാചീനര്‍ വിശ്വസിച്ചിരുന്നു എന്നാണു രാജേഷ് പറയുന്നത്. പ്രാചീനരുടെ തലയിലിടണോ ഈ അന്ധവിശ്വാസം? താനും അങ്ങനെ വിശ്വസിക്കുന്നു എന്ന് തുറന്നങ്ങ് പറഞ്ഞൂടെ സാറേ!
ഇനി രാജേഷ് ഈ ലേഖനത്തിലൂടെ പറയുന്നത് എന്താണെന്ന് ചുരുക്കിപ്പറയാം. ഒരു ദേവതയെ സാക്ഷാല്‍ക്കരിക്കണമെങ്കില്‍ ഉപാസകനെ ആ ദേവത പ്രസാദിക്കണം. ഉപാസകന്റെ മനസ്സ് ശുദ്ധമായിരിക്കണം.എന്നാലേ ദേവത പ്രസാദിക്കുകയുള്ളൂ. ശരീരത്തിന്റെ അകത്തുള്ള ദിവ്യ ശക്തികള്‍ അനുഗുണമല്ലെങ്കില്‍ ദൈവാനുഗ്രഹം ഉണ്ടാവില്ല. ഇപ്പോള്‍ മനസ്സിലായില്ലേ. പ്രാര്‍ത്ഥന കൊണ്ട് എന്താണ് ഗുണം കിട്ടാത്തത് എന്ന്! ശരീരത്തിന്റെ അകത്ത് എന്ത് ദിവ്യ ശക്തിയാണ് ഉള്ളതാവോ? നമുക്കറിയുന്ന ശരീരശാസ്ത്രം അങ്ങനെയൊരു ശക്തിയെപ്പറ്റി പറയുന്നില്ല. ഇനിയാണ് രാജേഷ് കാര്യത്തിലേക്ക് കടക്കുന്നത് ഉപാസകന്റെ (എന്ന് വെച്ചാല്‍ ഭക്തന്‍ തന്നെ) മനസ്സും ബുദ്ധിയും ശുദ്ധമായി ദേവതയുടെ അനുഗ്രഹം കിട്ടണമെങ്കില്‍ ഒരു വഴിയേയുള്ളൂ. മഹാഗണപതിയെ ഭജിക്കണം. അപ്പോള്‍ ഗണപതിയുടെ പ്രസാദം കിട്ടാന്‍ ആദ്യമേ മനസ്സും ബുദ്ധിയും ശുദ്ധമാവണമെന്നില്ല അല്ലെ?
ചുരുക്കിപ്പറഞ്ഞാല്‍ സംഗതി ഇതാണ്: വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, ദൈവവിശ്വാസവും വേണം. വെറുതെ ദൈവത്തെ വിശ്വസിച്ചത് കൊണ്ടായില്ല. മനസ്സ് നന്നാവണം. ഇല്ലെങ്കില്‍ പ്രാര്‍ഥിച്ചത് കൊണ്ട് ഫലമുണ്ടാവില്ല. മനസ്സ് നന്നാവാന്‍ ഗണപതിയെ ഉപാസിക്കണം. എന്നാല്‍ എല്ലാ വിഘ്നങ്ങളും നീങ്ങും. (എല്ലാവരും ഗണപതിഹോമം കഴിക്കണം) ഇതാണ് ആചാര്യന്‍ പറയുന്നത് എന്നാണു എനിക്ക് മനസ്സിലായത്. ഇത്രയും ലളിതമായ കാര്യം, ആളുകളെ ഭ്രമിപ്പിക്കാന്‍ വേണ്ടി വിദ്വാന്‍ സംസ്കൃതം കലര്‍ത്തി പറയുകയാണ്. ഇതൊക്കെ ആരെ പറ്റിക്കാനാണ് സുഹൃത്തേ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗണപതിഭഗവാന്‍ വിഘ്നം തീര്‍ക്കും എന്ന് കരുതുന്നവന്റെ 'പുത്തി' അപാരം എന്നേ പറയേണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ