Tuesday, October 30, 2012

കൌതുകവാര്‍ത്ത: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സി.പി.എം.യുക്തിവാദികളില്‍ ആഹ്ലാദമുണ്ടാക്കുന്ന  ഒരു വാര്‍ത്ത 29.10.12 ന്റെ ദേശാഭിമാനി പത്രത്തില്‍ കാണാം. വാര്‍ത്തയുടെ തലവാചകം ഒന്നാം പേജില്‍ ഇങ്ങനെയാണ്: "കേരളപ്പിറവി ദിനത്തില്‍ കാല്‍ലക്ഷം കേന്ദ്രങ്ങളില്‍ നവോത്ഥാനസദസ്സ്". സംഘടിപ്പിക്കുന്നത്, സി.പി.എം. ആണ്. "നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന സന്ദേശവുമായി കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിനു സംസ്ഥാനത്ത് കാല്‍ ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ കുടുംബസദസ്സ് സംഘടിപ്പിക്കും" എന്ന് വാര്‍ത്ത തുടങ്ങുന്നു.  "പാര്‍ട്ടിയുടെ 28,000 ത്തോളം വരുന്ന ബ്രാഞ്ചുകളില്‍ സദസ്സ് സംഘടിപ്പിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാനും പുതിയ കാലത്തിന്റെ ശാസ്ത്രയുക്തിബോധം ഉള്‍ക്കൊള്ളാനും ജനലക്ഷങ്ങള്‍ ഏകമനസ്സായി കുടുംബസദസ്സുകളില്‍ പ്രതിജ്ഞയെടുക്കും". വാര്‍ത്ത തുടരുന്നു. കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനുള്ള ആര്‍ജവം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
         രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ അധികാരത്തിലെത്തണമെങ്കില്‍  വോട്ടുനേടി ഭൂരിപക്ഷം ഉറപ്പിച്ചേ പറ്റൂ. അന്ധവിശ്വാസത്തില്‍ ആണ്ടുമുങ്ങിക്കിടക്കുന്നവരാണ് വോട്ടര്‍മാര്‍ അധികവും. അങ്ങനെയിരിക്കെ തങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എന്തെങ്കിലും പറഞ്ഞാല്‍ അന്ധവിശ്വാസികളായ വോട്ടര്‍മാരുടെ വോട്ടു നഷ്ടപ്പെടും എന്നാണു രാഷ്ട്രീയ കക്ഷികള്‍ വിശ്വസിക്കുന്നത്. വൈരുദ്ധ്യാത്മകഭൌതികവാദം പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥരായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പോലും
അതുകൊണ്ടാണ് അന്ധവിശ്വാസങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത്. അധികാരത്തിലിരിക്കവേ 2008 ല്‍ ആള്‍ദൈവ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാതാ അമൃതാനന്ദ മയിക്കെതിരെ ചെറുവിരലനക്കാതിരുന്നത് ലക്ഷക്കണക്കിന്‌ വരുന്ന അമൃതഭക്തരായ ഇടതുപക്ഷക്കാരുടെ വോട്ടു നഷ്ടപ്പെടും എന്ന് ഭയന്നിട്ടാണ്. പ്രത്യക്ഷത്തില്‍ തട്ടിപ്പുകള്‍ ഒന്നും കാണപ്പെടുന്നില്ല എങ്കില്‍പ്പോലും സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയുടെ പേരിലെങ്കിലും അമൃതാനന്ദമയീ മഠത്തിനെതിരെ അന്വേഷണം നടത്താമായിരിന്നു. അക്കാലത്ത് (2008 ല്‍)   ബിലീവേഴ്സ് ചര്ച്ച് സ്ഥാപകന്‍ കെ.പി. യോഹന്നാനെയും, മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ സ്വാമി സുനില്‍ ദാസിനേയും ആത്മീയചൂഷകരെന്നു വിശേപ്പിച്ചു കൊണ്ട്
ദേശാഭിമാനിയില്‍ ലേഖനങ്ങള്‍ വന്നിരിന്നു. വ്യാജചികിത്സ നടത്തുന്നു, ട്രസ്റ്റിന്റെ പേരില്‍ ഭൂമി കച്ചവടം നടത്തുന്നു എന്നൊക്കെയായിരിനു സുനിലിന്റെ പേരിലുള്ള ആരോപണങ്ങള്‍. അതെന്തായാലും ഇന്ന് സ്വാമി സുനില്‍ദാസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സമൂഹത്തിന്റെ ആദരവിനു പാത്രമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ സംഭാവന നേടിയെടുത്ത കെ.പി.യോഹന്നാന്‍ മാന്യനായി വിലസുന്നു. "ജിലേബിസ്വാമി " എന്ന പരിഹാസപ്പേരില്‍  അറിയപ്പെട്ടിരുന്ന ശരവണന്‍ സ്വാമി ഇപ്പോള്‍ വലിയ ആത്മീയാചാര്യനായി
അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു നടക്കുന്നു. എല്ലാ ആള്‍ദൈവ ആത്മീയ തട്ടിപ്പ് വീരന്മാരും അഗ്നിശുദ്ധി വരുത്തി, വര്‍ദ്ധിതവീര്യം നേടി ജനങ്ങളെ സായൂജ്യത്തിലേക്ക്  നയിച്ച്‌ കൊണ്ടിരിക്കുകയാണ്.

         ദേശാഭിമാനിയില്‍ കണ്ട പ്രസ്താവന യില്‍  അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും പറ്റി  പരാമര്‍ശ മുണ്ടെങ്കിലും , പാര്‍ട്ടിനേതാക്കള്‍, എന്താണ് അന്ധവിശ്വാസങ്ങളെന്നോ എന്തൊക്കെയാണ് അനാചാരങ്ങളെന്നോ വിശദീകരിച്ചതായി  കാണുന്നില്ല. ഏറ്റവും വലിയ അന്ധവിശ്വാസമായ വിഗ്രഹാരാധനയെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോ? യാഗങ്ങളും ഹോമങ്ങളും അന്ധവിശാസങ്ങളായി പ്രഖ്യാപിച്ചു അവക്കെതിരെ ആശയപ്രചരണം നടത്താന്‍ പാര്‍ട്ടി തയ്യാറാവുമോ? ആള്‍ദൈവങ്ങള്‍ക്കെതിരെ എന്തെങ്കിലും ഉരിയാടാന്‍ പാര്‍ട്ടിക്ക് സാധ്യമാണോ? ജ്യോതിഷത്തില്‍ വിശ്വസിക്കരുത്  എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടോ? പൊന്നമ്പലമേട്ടില്‍ കത്തുന്ന ജ്യോതി മനുഷ്യനിര്‍മ്മിതമാണെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും ആ വഞ്ചന അവസാനിപ്പിക്കാന്‍ പാര്‍ട്ടി മുന്‍കൈ  എടുക്കുമോ? 1967ലെ ഇ.എം.എസ്സ് സര്‍ക്കാര്‍ നിരോധിച്ച ജന്തുബലി ഇപ്പോഴും പല കാവുകളിലും മറ്റും നടക്കുന്നുണ്ട്. ഇത് തടയാന്‍ പാര്‍ട്ടിക്ക് കഴിയുമോ? ജീവിതപ്രശ്നങ്ങള്‍ക്ക് കാരണം വീടിന്റെ സ്ഥാനമാണ് എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന വാസ്തു ശാസ്ത്രം കപടശാസ്ത്രമാണെന്ന് ഉറക്കെപ്പറയാന്‍ പാര്‍ട്ടിക്ക് കഴിയുമോ? ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ഥിച്ചത് കൊണ്ടോ അവിടുത്തെ വ്യാജചികിത്സക്ക് വിധേയമായതു കൊണ്ടോ മാനസികരോഗം മാറില്ലെന്ന് വിളിച്ചു പറയാന്‍ പാര്‍ട്ടിക്ക് സാധ്യമാണോ?
ഹജ്ജിനു പോയതുകൊണ്ട് സ്വര്‍ഗ്ഗമൊന്നും ലഭിക്കാന്‍ പോകുന്നില്ലെന്നും സ്വര്‍ഗ്ഗനരകങ്ങള്‍ തന്നെ മിഥ്യയാണെന്നും ചെകുത്താനും ജിന്നുമൊന്നും  ഇല്ലെന്നും ഇസ്ലാമിക വിശ്വാസികളോട് പറയാന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടാകുമോ? മരണാനന്തര ചടങ്ങുകളും അതിനോടനുബന്ധിച്ചുള്ള ആഡംബര പ്രകടനങ്ങളും നിരുത്സാഹപ്പെടുത്താന്‍ പാര്‍ട്ടി ആഹ്വാനം ചെയ്യുമോ? ഇതൊന്നുമല്ലെങ്കില്‍ പിന്നെ ഏത്  അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയാണ് പാര്‍ട്ടിയുടെ നവോദ്ധാനസദസ്സ്?
യഥാര്‍ത്ഥത്തില്‍ മേല്‍പ്പറഞ്ഞ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ഒരക്ഷരം പാര്‍ട്ടി ഉരിയാടുമെന്നു തോന്നുന്നില്ല. ലീഗിന്റെ മതാധിഷ്ടിത ഭരണ ഇടപെടലുകള്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദം, ആര്‍.എസ്.എസ്സിന്റെ ഹിന്ദു വര്‍ഗ്ഗീയത, നായര്‍-ഈഴവ ഐക്യം ഇതൊക്കെയാണ് പാര്‍ട്ടിയുടെ ദൃഷ്ടിയില്‍ കേരള സമൂഹത്തിന്റെ ആധുനിക വല്‍ക്കരണത്തിന് വിഘാതമായി നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും എന്നാണു ചില നേതാക്കളുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാവുന്നത്. ആകര്‍ഷകമായ മുദ്രാവാക്യം മുന്നോട്ടു വെക്കുന്നതും അടവും തന്ത്രവുമായിരിക്കാം!!No comments:

Post a Comment