2011 മാർച്ച് 20, ഞായറാഴ്‌ച

പന്ന്യൻ്റെ അശാസ്ത്രീയത.

          പന്ന്യന്‍ രവീന്ദ്രാ, ഇത് വേണ്ടായിരുന്നു. 

          20.03.11 ന്റെ  മാതൃഭൂമി പത്രത്തില്‍  നമ്മളില്‍ അമര്‍ഷമുണ്ടാക്കുന്ന ഒരു പരസ്യമുണ്ട്. ഒരു തട്ടിപ്പുവീരന്റെ പരസ്യം. ഭാഗ്യരത്നം വില്‍ക്കുന്ന ആളാണ്‌ വിദ്വാന്‍. പേര്  കൊളിയോട്ട്  ധര്‍മരാജ്. മഞ്ഞ നിറത്തിലുള്ള പുഷ്യരാഗമോ, മരതകമോ പൂജ ചെയ്തു ധരിച്ചാല്‍ ഉടന്‍ ഫലം  തരും എന്നാണ് പരസ്യത്തില്‍ പറയുന്നത്. എവിടെ നിന്ന് കിട്ടുമെന്നും പരസ്യതിലുണ്ട്. മിടായിതെരുവില്‍, താജ് റോഡിലുള്ള  നിധി ഭാഗ്യരത്നം എന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങാവു ന്നതാണ്. ഫോണ്‍ നമ്പര്‍ : 9846082226   ഇത് ധരിച്ചാല്‍ നല്ല ജോലി ലഭിക്കും, വിദ്യാസമ്പന്നനാവാം,  പണക്കാരനാകാം. ഇതൊക്കെയാണ് വാഗ്ദാനം.   സായിബാബയുടെ ഒരു വചനവും ഉദ്ധരിച്ചിട്ടുണ്ട്: Hands that serve are holier than lips that pray. (പ്രാര്‍ഥിക്കുന്ന ചുണ്ടുകളെക്കാള്‍ വിശുദ്ധം സേവനം ചെയ്യുന്ന കൈകളാണ്) ഈ വിദ്വാന്‍ എന്ത് സേവനമാണാവോ ചെയ്യുന്നത്? ആളെ പറ്റിക്കലോ?  

        മുകളില്‍ പറഞ്ഞ കാര്യമല്ല, ഇനി പറയാന്‍ പോവുന്നതാണ് നമ്മെ തീര്‍ത്തും രോഷാകുലരാക്കുന്നത്.  നോക്കു: 

         "2011 ലെ, കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് വനിതാ കമ്മീഷന്‍ ചെയര്‍ പെഴ്സന്‍ ജസ്റീസ് ശ്രീദേവിയില്‍ നിന്നും, പ്രശസ്തി പത്രം മുന്‍ എം.പി.
പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും ഭാഗ്യരത്നം സ്ഥാപനത്തിന്റെ സാരഥി കൊളിയോട്ട് ധര്‍മരാജ് സ്വീകരിക്കുന്നു." പത്രത്തിലെ ഫോട്ടോയിലെ അടിക്കുറിപ്പാണിത്.  എന്ത് കാര്യത്തിനു ആര് ഈ കര്‍മ്മശ്രേഷ്ട അവാര്‍ഡ് ധര്‍മരാജന് കൊടുത്തു എന്നറിയില്ല. രത്നം വില്‍ക്കുക എന്ന തട്ടിപിനായിരിക്കും എന്ന്‌ പറയേണ്ടതില്ലല്ലോ! എനിക്ക് ധര്മാരാജനോടല്ല വെറുപ്പ്‌. ശ്രീദേവിയോടും അത്ര വെറുപ്പില്ല. പക്ഷെ നമ്മുടെ ആ പുരോഗമന മാര്‍കിസ്റ്റ് നേതാവും ബുധിജീവിയുമുണ്ടല്ലോ, പന്നിയന്‍   രവീന്ദ്രന്‍ അയാളോടാണ് അതിയായ അമര്‍ഷമുള്ളത്. കമ്മ്യൂണിസ്റ്റുകാരന്‍ പോട്ടെ, ഒരു പുരോഗമന ചിന്താഗതിക്കാരന്‍  ചെയ്യാന്‍ പാടില്ലാത്തതാണ് അങ്ങോര് ചെയ്തത്. ഇന്ത്യന്‍ ഭരണഘടന യനുസരിച്ച് തെറ്റാണത്.  51 A (h) പറയുന്നത് ശാസ്ത്ര ബോധം വളര്‍തണമെന്നാണ്. ഇയാളോ, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു. അമ്പലത്തിന്റെയോ, ദൈവ വിശ്വാസത്തിന്റെയോ കാര്യമാണെങ്കില്‍ പോട്ടെ എന്ന് വെക്കാം. പക്ഷെ, ഇത് കടുത്ത അന്ധവിശ്വാസ പ്രോത്സാഹനമാണ്‌. മാത്രവുമല്ല, ഒരു വ്യക്തിയുടെ തട്ടിപ്പിന് കൂട്ട് നില്‍ക്കലുമാണിത്.   ഈ പരസ്യത്തിലെ സംഗതികള്‍ ശരിയാണെങ്കില്‍, പന്ന്യനെ കടുത്ത വിമര്‍ശനത്തിനു വിധേയനാക്കണം.  ഇത്തരം അവസരവാദികളെ നമ്മള്‍ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണം. ദാര്‍ശനികമായ  സത്യസന്ധതയാണ് ആദ്യം വേണ്ടത്. സന്തോഷ് മാധവനെപ്പോലെയുള്ള  ക്രിമിനല്‍ ആള്‍ദൈവങ്ങളെ  വളര്‍ത്തുന്നതില്‍ പന്നിയനെപ്പോലുള്ള നേതാക്കള്‍ക്കുള്ള പങ്കു വളരെ വലിയതാണ്.  മുമ്പ് നമ്മുടെ ജലസേചന വകുപ്പ് മന്ത്രി, എന്‍.കെ. പ്രേമചന്ദ്രന്‍, ഇതേ വ്യക്തിക്ക് ഇതേ അവാര്‍ഡ് കൊടുക്കുന്ന പരസ്യവും ഫോട്ടോയും മാതൃഭൂമിയിലുണ്ടായിരുന്നു.  ഈ ഇടതുപക്ഷക്കാരെന്താ ഇങ്ങനെ?
                            ----------------
   
          ചില പുതിയ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഈ പോസിട്ല്‍ താഴെ പറയുന്ന വിശദീകരണം  ആവശ്യമായി വന്നിരിക്കുന്നു.   
         


       

     ധര്‍മരാജന്റെ വ്യാപാരത്തെക്കുറിച്ച് അറിയാന്‍ വേണ്ടി  അയാളുടെ ഫോണ്‍ നമ്പറില്‍ (9846082226) വിളിച്ചു. ഒരു ജീവനക്കാരിയാണ് ഫോണെടുത്തത്. ആ വനിതയില്‍ നിന്ന് ചില കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ധര്മാരാജന്റെ സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ക്കാണത്രെ 

അവാര്‍ഡ് കിട്ടിയിട്ടുള്ളത്. അയാള്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അത് സായിബാബയുടെ ആശീര്‍വാദതോടെയാണ്‌. സായിബാബയുടെ ഒരു ആരാധകനാണ് ഇയാള്‍. ഗുരുവിനു പറ്റിയ ശിഷ്യന്‍! സംഘടനയിലൂടെ ജീവകാരുണ്യ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതൊക്കെ ഇത്തരം തട്ടിപ്പ് വീരന്മാരുടെ വേലകളാണ്.  രത്നം വിറ്റു വിഡ്ഢികളെ പറ്റിച്ചു കിട്ടുന്ന പണത്തില്‍  നിന്ന് ഒരു ചെറിയ ഭാഗം സമൂഹത്തിന്റെയും, രാഷ്ട്രീയ ക്കാരുടെയും, ഭരണാധികാരികളുടേയും പിന്തുണ കിട്ടാന്‍ വേണ്ടി 'ജീവകാരുണ്യ' പ്രവര്‍ത്തനങ്ങള്‍ ക്കായി നീക്കി വെക്കുന്നു. എല്ലാ ആള്‍ദൈവ-തട്ടിപ്പ് വീരന്മാരും ഇതാണല്ലോ ചെയ്യുന്നത്. സുധാമണി (മാതാ) യെപ്പോലെ തന്നെ,  ഇവരുടെ ജീവകാരുണ്യ പ്രവര്‍ത്തനം കള്ളത്തരത്തിന് ഒരു മറയാണ്. ഇതറിഞ്ഞു കൊണ്ടു  തന്നെയാണ് ഭരണാധി കാരികളടക്കം ഇവര്‍ക്ക് കുഴലൂത്ത് നടത്തുന്നത്. മുമ്പ് മറ്റൊരു മന്ത്രിപുംഗവന്‍ സി. ദിവാകരന്‍ പറഞ്ഞതോര്‍മയില്ലേ. അമ്മയുടെ (സുധാമണി) ഉപദേശ മനുസരിച്ചാണ് എല്‍. ഡി. എഫ്. ഭരിക്കുന്നത്‌ എന്ന്‌. ഇവന്മാര്‍ക്കൊക്കെ എന്തിന്റെ കേടാ? 

          ഒരു പക്ഷെ പന്ന്യന്‍, ധര്‍മരാജന്‍  തട്ടിപ്പുകാരനാണ് എന്ന്‌ അറിഞ്ഞിരിക്കില്ല. ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കൊടുക്കുന്ന പരിപാടിയാണ്, ജസ്റിസ് ശ്രീദേവി പങ്കെടുക്കുന്നുണ്ട്, നല്ല പരിപാടിയായിരിക്കും, എന്നൊക്കെയേ രവീന്ദ്രന്‍ വിചാരിച്ചിട്ടുണ്ടാവുകയുള്ളൂ . എങ്കിലും ഒരു പരിപാടിക്ക് വിളിക്കുമ്പോള്‍, ആരാണ്, എന്താണ് എന്തിനാണ് എന്നൊക്കെ ചോദിച്ചു മനസ്സിലാക്കേണ്ടേ? മുമ്പ് പലര്‍ക്കും അബദ്ധം പറ്റിയിട്ടുള്ളത് ഇയാള്‍ക്കറിയില്ലേ? സന്തോഷ്‌ മാധവന്റെ വലയില്‍ എത്ര വി.ഐ.പി.കള്‍ വീണു!  മുരളീകൃഷ്ണ സ്വാമി എന്ന കപടസ്വാമിയുടെ പരിപാടിക്ക് പോയതിനു മുന്‍ മന്ത്രി ജി. സുധാകരന്‍ വെട്ടിലായില്ലേ? അന്ധവിശ്വാസ പ്രചാരണത്തിനായിട്ടാണ്  ധര്‍മരാജന്‍ പന്നിയന്റെയും, ജസ്ടീസിന്റെയും ഫോട്ടോ ഉപയോഗിച്ചിട്ടുള്ളത്. താന്‍ വലിയ ആളുകളുടെ അംഗീകാരമുള്ള ആളാണെന്നും അതുകൊണ്ട് താന്‍ ചെയ്യുന്ന രത്നതട്ടിപ്പ് വ്യാപാരവും സത്യസന്ധമാണെന്നും  വരുത്തിത്തീര്‍ക്കാനാണ്  ഈ പരസ്യം കൊടുത്തിട്ടുള്ളത്. ഒരു രത്നം ആവശ്യമുണ്ടെന്നു ഫോണിലൂടെ പറഞ്ഞപ്പോള്‍, ജാതകവുമായി ചെല്ലാനാണ് ജീവനക്കാരി പറഞ്ഞത്. അറിഞ്ഞോ അറിയാതെയോ പന്ന്യനും, ശ്രീദേവിയും ഇയാളുടെ അന്ധവിശ്വാസതട്ടിപ്പിന് കൂട്ടു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അത് കൊണ്ടു ഇവര്‍ തങ്ങളുടെ പേര് ദുരുപയോഗപ്പെടുത്തിയതിന് ധരമരാജന്റെ പേരില്‍ കേസ് കൊടുക്കണം. കാരണം, ഈ പരസ്യം കാണുന്നവര്‍ തീര്‍ച്ചയായും ഈ രണ്ട് പേരെയും തെറ്റിധരിക്കും.    ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, (51 A (h)) ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കാന്‍  ബാധ്യസ്ഥരായ പന്ന്യനും മറ്റും, അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂടു നില്‍ക്കുന്നത് കുറ്റകരമാണ്. 

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

ഡോ: തോമസ് ഐസക് ഇസ്ലാമിനെപ്പറ്റി

          ഇസ്ലാമിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് - തോമസ്‌ ഐസക് വക 
                      
              നമ്മുടെ ധനമന്ത്രി ഡോ: തോമസ്‌ ഐസക്കിന്റെ ഒരു പ്രസ്താവനയാണു ഈ കുറിപ്പിന് ആധാരം. നബി ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാട് മുസ്ലിം ജമാ അത്ത്  സംഘടിപ്പിച്ച നബിദിന സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടു ചെയ്ത പ്രസംഗത്തില്‍  മന്ത്രി ഇങ്ങനെ പറഞ്ഞു: (ദേശാഭിമാനി: 17.02.11)
      "ഇസ്ലാം എന്നാല്‍ സമാധാനം എന്നാണു അര്‍ഥം. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ യഥാര്‍ത്ഥ ഇസ്ലാമിക ദര്‍ശനം ലോകത്ത് വലിയ സംഭാവന ചെയ്യുന്നുണ്ട്." ഇതാണ് സ: ഐസക്കിന്റെ വാക്കുകള്‍.  ഇസ്ലാം എന്ന  വാകിന്റെ അര്‍ഥം സമാധാനം എന്നാണെന്ന് തോന്നുന്നു. എന്ന്‌ വെച്ച് ആ മതം സമാധാനം പ്രചരിപ്പിക്കുന്ന മതമാണെന്ന് പറയാന്‍ പറ്റുമോ? ഹിറ്റ്‌ലറുടെ പാര്‍ടിയുടെ പേര്  നാഷണല്‍ 'സോഷ്യലിസ്റ്റ്‌' പാര്‍ടി എന്നായിരുന്നു. എന്ന്‌ വെച്ച് അത് സോഷ്യലിസം പ്രഖ്യാപിച്ച പാര്ടിയായിരുന്നോ? ഏറ്റവും മോശം സ്വഭാവമുള്ള ആളുടെ പേര് ചിലപ്പോള്‍ സുശീലന്‍ എന്നായിരിക്കും. ബി.ജെ.പി.ക്കാര്‍ പറയുന്നത് അവരുടെ പാര്‍ടി മതേതര പാര്‍ടിയാണെന്നാണ്. പക്ഷെ അത് അങ്ങനെയാണോ? അത്രയേയുള്ളൂ ഇസ്ലാമിന്റെ സമാധാനവും. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരു പാട്‌ വചനങ്ങള്‍ ഖുര്‍ ആനിലുള്ള കാര്യം നമ്മള്‍ വോട്ടിന്റെ പേരില്‍ മൂടി വെക്കുകയാണ്. കുറച്ചു വചനങ്ങള്‍ താഴെ കൊടുക്കുന്നു:

  * സത്യവിശ്വാസികള്‍ സത്യ നിഷേധികളുമായി ബന്ധപ്പെടരുത്. (3/28)
  * സത്യവിശ്വാസികള്‍ സത്യ വിശ്വാസികളോടല്ലാതെ  സുഹൃത്ത് ബന്ധം   
    പാടില്ല (3/118)
  * അല്ലാഹുവല്ലാതെ മറ്റൊരു ദൈവത്തെ ആരാധിച്ചാല്‍ അവരുടെ     
    സങ്കേതം നരകമാണ് (5/72)
  * സത്യ വിശ്വാസികള്‍ നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യ 
    നിഷേധികളോട് യുദ്ധം ചെയ്യുക (66/9)
  * ക്രിസ്ത്യാനികളേയും ജൂതരെയും നിങ്ങള്‍ ആത്മമിത്രമാക്കരുത്. 
    (5/51)
             അന്യമത വിദ്വേഷവും വെറുപ്പും ജനിപ്പിക്കുന്ന ഈ വരികള്‍ വായിച്ചാല്‍ ഇസ്ലാം സഹിഷ്ണുതയുടെ മത മാണെന്ന് ആരെങ്കിലും പറയുമോ?  (ഇസ്ലാം മാത്രമേ സത്യമായുള്ളുവെന്നും  ഇസ്ലാമിനെ അംഗീകരിക്കാത്തവരെല്ലാം സത്യനിഷേധികളാണെന്നുമാണു ഖുര്‍ ആന്‍ അവകാശപ്പെടുന്നത്)

 * സത്യനിഷേധം ഇല്ലാതാകും വരെ , മതം അല്ലാഹുവിന്റെതാകും വരെ     
   സത്യ നിഷേധികളോട് യുദ്ധം ചെയ്യണം. (2/193 & 8/39)
 * യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങള്‍ കഴിഞ്ഞാല്‍ 
   ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെതിയെടതുവെച്ചു കൊന്നു 
   കളയുകയും അവരെ പിടികൂടുകയും 
   വളയുകയും അവര്‍ക്ക് വേണ്ടി  പതിയിരിക്കാവുന്നിടതെല്ലാം 
   പതിയിരിക്കുകയും ചെയ്യുക. (9/5)
 * സത്യവിശ്വാസികളെ നിങ്ങള്‍ അല്‍പ്പവും പരിഭ്രമിക്കരുത്‌. 
    സത്യനിഷേധികളുടെ  ഹൃദയങ്ങളില്‍ ഞാന്‍ ഭയം ജനിപ്പിക്കും. നിങ്ങള്‍    
    ധൈര്യമായി സത്യനിഷേധികളുടെ  കഴുത്തുകള്‍ വെട്ടിക്കൊള്ളൂക
    അവരുടെ വിരലുകളെല്ലാം വെട്ടി മുറിക്കുക! (8/12)

            അവിശ്വാസികളെ (അതായത് അല്ലാഹുവില്‍ വിശ്വസിക്കാത്തവരെ - യഹൂദര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ - 
 (ഹിന്ദു മതത്തെ പറ്റി സര്‍വജ്ഞന്‍ കേട്ടിട്ടില്ലെന്ന്  തോന്നുന്നു)) യുദ്ധം ചെയ്തു കീഴടക്കാനാണ്‌ നബി (ഇസ്ലാം) പറയുന്നത്. അല്ലാതെ അവരെ ഉപദേശിച്ചു ഇസ്ലാമിലേക്ക് കൊണ്ടു വരാനല്ല. അങ്ങനെയുള്ള ഒരു മതത്തെ സമാധാനത്തിന്റെ മതം  എന്ന്‌ പറയാമോ? ആ കാലത്ത് മതം പ്രചരിപ്പിക്കണമെങ്കില്‍ ബലപ്രയോഗം വേണ്ടി വരുമായിരിക്കും. അന്നത്തെ നീതിവ്യവസ്ഥ അതായിരിക്കാം. അത് സമ്മതിക്കുന്നതില്‍ എന്തിനാണ് വിമുഖത? മറ്റൊരു കാര്യം, സമാധാനവാദികള്‍ക്കും യുദ്ധവാദികള്‍ക്കും  ഉധരിക്കാവുന്ന വചനങ്ങള്‍ ഖുര്‍ ആനുലുന്ടെന്നതാണ്. യുദ്ധനിയമം കൊണ്ടു വരുന്നതിനു മുമ്പുള്ള വചനങ്ങളില്‍ സഹിഷ്ണുത കാണാം. എന്നാല്‍ ഹിജ്റ രണ്ടാം വര്‍ഷം കൊണ്ടുവന്ന യുദ്ധ നിയമം ബലം പ്രയോഗിച്ചു മതം പ്രചരിപ്പിക്കണമെന്നാണ് പറയുന്നത്.  അതോടെ പഴയ നിയമങ്ങള്‍ക്കു പ്രസക്തി  ഇല്ലാതായി. 

                തോമസ്‌  ഐസക്ക് പറഞ്ഞു:  "കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ യഥാര്‍ത്ഥ ഇസ്ലാമിക ദര്‍ശനം ലോകത്ത് വലിയ സംഭാവന   ചെയ്യുന്നുണ്ട്". എങ്കില്‍ പിന്നെ എന്തിനാണ്  കമ്യൂണിസ്റ്റു പാര്‍ടി? ഇസ്ലാം പോരെ?  എവിടെയൊക്കെ എന്തൊക്കെ സംഭാവനയാണ് ഇസ്ലാം ചെയ്യുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. അഭിപ്രായം തുറന്നു പറയുന്നവരുടെ കയ്യും കാലും കഴുത്തും വെട്ടുന്നതാണോ വലിയ സംഭാവന? ഞാന്‍ നമ്മുടെ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ സംഭവമല്ല  സൂചിപ്പിക്കുന്നത്. അത് തീവ്രവാദികള്‍ ചെയ്തതാണല്ലോ. പക്ഷെ അഫ്ഘാനിസ്ഥാനിലും,  പാകിസ്ഥാനിലും, ഇറാനിലും, സൌദി അറേബ്യയിലും യഥാര്‍ത്ഥ ഇസ്ലാം തന്നെയാണല്ലോ ഇത്തരം വിധികളൊക്കെ പുറപ്പെടുവിക്കുന്നത്. അവര്‍ ആധാരമാക്കുന്നത് ശരി അത്തും നബി വചനങ്ങളും തന്നെയല്ലേ ? സല്‍മാന്‍ റുഷ്ദി, ഈയിടെ പാകിസ്ഥാനില്‍ വധ ശിക്ഷ ലഭിച്ച ആസ്യ, തസ്ലീമ നസ്രീന്‍ ഒക്കെ ഉദാഹരണം. ഇപ്പോള്‍ ഭരണം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈജിപ്ത്, യെമന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇസ്ലാമിന്റെ ഭരണത്തിലായിരുന്നില്ലേ? ഏതൊക്കെ  കാര്യങ്ങളാണാവോ ഇസ്ലാമിക ദര്‍ശനത്തിലൂടെ  ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നത്? ഫ്യൂഡല്‍-സ്ത്രീ വിരുദ്ധ-പിന്തിരിപ്പന്‍ ദര്‍ശനമാണ് ഏതൊരു മതത്തെയും പോലെ ഇസ്ലാമും  എന്ന്  നന്നായി അറിയുന്ന മാര്‍ക്സിസ്റ്റുകാര്‍ ഇങ്ങനെയൊക്കെ പറയാമോ? തിരഞ്ഞെടുപ്പ് മുന്നില്‍ കാണുമ്പോള്‍ ഇതൊക്കെ മറന്നു പോവുകയാണോ, സര്‍? മതത്തിനു  നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കമ്യൂണിസ്റ്റുകാര്‍  കാറല്‍ മാര്‍ക്സ് പറഞ്ഞ ഈ വാചകം ഇടക്കെങ്കിലും ഓര്‍ക്കുന്നത് നന്ന്: "മതം എന്ന മിഥ്യാ സുഖം ഇല്ലാതാവേണ്ടത് അവരുടെ യഥാര്‍ത്ഥ സുഖത്തിനു ആവശ്യമാണ്‌." അതോ മാര്‍ക്സ് പഴഞ്ചനായോ?

2010 ഡിസംബർ 11, ശനിയാഴ്‌ച

ദീര്‍ഘായുസ്സും ദൈവവിശ്വാസവും

                    


              മാതൃഭൂമി പത്രത്തിന്റെ 11.12.10 ലെ 'നഗരം' എന്ന എഡിഷനില്‍ ജോസ് സിറിയക് എന്ന ലേഖകന്‍, നല്ല ഒരു ലേഖനം എഴുതിയിട്ടുണ്ട്. റിട്ടയര്‍മെന്റ് ജീവിതം അലസമായി തള്ളി നീക്കാതെ സര്‍ഗാല്മകമായ പ്രവര്‍ത്തനത്തിലൂടെ  ഊര്ജസ്വലവും ആരോഗ്യകരവുമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. നല്ല നിര്‍ദേശങ്ങള്‍. എന്നാല്‍ ലേഖനത്തില്‍ ഒരിടത്ത് അദ്ദേഹം പറയുന്നു ആയുര്‍ദൈര്‍ഘ്യം നേടിയെടുത്ത ആളുകളില്‍ പലരും ദൈവ വിശ്വാസികളായിരുന്നു എന്ന്. 
ദൈവവിശ്വാസവും ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള ബന്ധം അദ്ദേഹം എന്തിനാണ് ഊന്നിപ്പറയുന്നത്‌? അദേഹത്തിന്റെ ലേഖനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പത്രത്തിലെ ഈ എഡിഷനില്‍ വരാറുണ്ട്. അത് വായിക്കുന്നവര്‍ക്കറിയാം അദേഹത്തിന്റെ വിശ്വാസ കാര്യത്തിലുള്ള നിലപാടുകളെപ്പറ്റി. ഒരു മത വിശ്വാസിയാവില്ലെങ്കിലും  അദേഹം ഒരു ദൈവ വിശ്വാസിയാണ്. ചുരുങ്ങിയ പക്ഷം ഒരു മതേതര ആത്മീയവാദി.

മതേതര ആത്മീയത ഒരു ഫാഷനാണ്. ഒരു മതത്തിന്റെയും അല്ലാത്ത ഒരു പ്രപഞ്ച സൃഷ്ടാവിലുള്ള വിശ്വാസം, അതാണ്‌ മതേതര ആത്മീയത. ആത്മീയത എന്ന ദാര്‍ശനികമായ പദത്തിന്റെ ശരിയായ അര്‍ഥം ദൈവവിശ്വാസം എന്ന് തന്നെയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. 
             
                       "ആയുര്‍ദൈര്‍ഘ്യമുള്ളവര്‍ മിക്കവാറും ദൈവവിശ്വാസികളായിരുന്നു." എന്ന  പ്രസ്താവന, ദൈവവിശ്വാസം മനുഷ്യന് നല്ലതാണ് എന്ന അദേഹത്തിന്റെ  അഭിപ്രായം  ഊന്നിപ്പറയാന്‍ വേണ്ടി പ്രയോഗിച്ചതാണ്. എന്നാല്‍ അതിനൊന്നും യാതൊരു ശാസ്ത്രീയമായ അടിസ്ഥാനവുമില്ല. ആയുര്‍ദൈര്‍ഘ്യത്തിന്  കാരണം  പാരിസ്ഥിതിക, ഭൌതിക സാഹചര്യങ്ങളാണ്. വ്യക്തികളുടെ ജനിതകമായ പ്രത്യേകതകളും ഉണ്ട്. നമ്മുടെ സമൂഹത്തില്‍ വിശ്വാസികളാണ് ബഹുഭൂരിപക്ഷവും.  എന്നിട്ട് അവര്‍ക്കൊക്കെ ആയുര്‍ദൈര്‍ഘ്യം, അവിശ്വാസികളെ അപേക്ഷിച്ച് കൂടുതലാണ് എന്ന് പറയാമോ? ഇന്ന് ദീര്‍ഘായുസ്സിന്റെ  കാര്യത്തില്‍ ജപ്പാന്‍കാരാണ് മുന്നില്‍. നൂറു  വയസ്സ്   കഴിഞ്ഞ  ഒരുപാടാളുകളുണ്ടവിടെ.   നമ്മുടെ നാട്ടുകാരുടെ അത്രയൊന്നും ദൈവവിശ്വാസം അവര്‍ക്കില്ല. സാമൂഹിക വികസനത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് ദീര്‍ഘയുഷ്മാന്മാര്‍ കൂടുതല്‍ ഉള്ളത്. ആ രാജ്യങ്ങളിലാവട്ടെ ദൈവവിശ്വാസികള്‍ വളരെ കുറച്ചേയുള്ളൂ  താനും. ഇനി, നിരീശ്വരവാദികളായ ആളുകള്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞവരാണെന്ന്  പറയാമോ? നമ്മുടെ കേരളത്തിലെ തന്നെ ചില അനുഭവങ്ങള്‍ കാണിക്കുന്നത് നിരീശ്വരവാദികള്‍ ദീര്‍ഘായുഷ്മാന്‍മാരായിരുന്നു എന്നാണ്. എം.സി.ജോസഫ്, സഹോദരന്‍ അയ്യപ്പന്‍, പവനന്‍ (80)
തുടങ്ങിയ യുക്തിവാദി നേതാക്കളും, ഇ.എം.എസ്, നായനാര്‍ തുടങ്ങിയ കമ്മ്യൂണിസ്ടുകാരും എണ്പത് കഴിഞ്ഞ നിരീശ്വരവാദികളായിരുന്നു. ഇതില്‍നിന്നു ആയുര്‍ദൈര്‍ഘ്യവും  ഈശ്വരവിശ്വാസവും തമ്മില്‍ ബന്ധമില്ല എന്ന് മനസ്സിലാവുമല്ലോ? ദൈവ വിശ്വാസം നല്ലതാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ജോസ് സിറിയക്  ഈ വസ്തുതകള്‍ ഓര്‍ക്കാന്‍ വിട്ടുപോയി. അഥവാ, കണ്ടില്ലെന്നു നടിച്ചു.  

2010 നവംബർ 14, ഞായറാഴ്‌ച

പര്‍ദ്ദ എന്ത് കൊണ്ട് നിരോധിക്കണം?

           കാസര്‍കോട്ട് വിദ്യാനഗറിലെ റയാന.  ആര്‍. കാസി എന്ന എഞ്ചിനീയറിംഗ്  ബിരുദധാരിണി ഇവിടുത്തെ ഇസ്ലാമിക തീവ്രവാദികളുടെ കടുത്ത ശത്രുവാണ്.
          
            മുസ്ലിം സ്ത്രീകളുടെ അന്തസ്സും മാന്യതയും സുരക്ഷിതത്വവും 'ഉറപ്പു' വരുത്തുന്ന പര്‍ദയും മഫ്തയും നിഷേധിക്കുക വഴി ഇസ്ലാമിനെയും പ്രവാചകനെയും  ധിക്കരിച്ചിരിക്കുകയാണ് റയാന എന്നതാണവരുടെ  കുറ്റപത്രം.  മതനിന്ദാകുറ്റം ചുമത്തി പ്രൊഫ: ടി.ജെ. ജോസഫിന്റെ  കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ട്കാര്‍ തന്നെയാണ് സ്വന്തം മതത്തില്‍ തന്നെയുള്ള  ഈ 'ശത്രു'വിനെതിരെ വാളെടുക്കുന്നത്.   ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്തു ഈ ധീരയായ പെണ്‍കൊടി.  ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയിന്മേല്‍ അവള്‍ക്കു പോലീസ്  സംരക്ഷണം നല്‍കാന്‍ വിധിയുണ്ടായി.  പത്രസമ്മേളനം വിളിച്ചു തനിക്കു പറയാനുള്ളത് പറയാനും മതപോലീസിനു മുന്‍പില്‍ തല താഴ്തുകയില്ലെന്ന നിശ്ചയദാര്‍ഡ്യം സമൂഹത്തെ അറിയിക്കാനും അവള്‍ മടി കാണിച്ചില്ല. 


                 സാമൂഹികജീവിതത്തിലെ മത-സദാചാര പോലീസിന്റെ ഇടപെടലുകളെ കേവലം മതത്തിന്റെ ആഭ്യന്തരകാര്യമായി  കാണാന്‍ സാമൂഹികബോധമുള്ള ആര്‍ക്കും കഴിയുകയില്ല. ഇസ്ലാം മതത്തില്‍ മാത്രമല്ല ഇത്തരം മതസൈന്യം ഉള്ളതെന്ന്  മംഗലാപുരത്തെ ശ്രീരാമസേനയെന്ന ഹിന്ദുസദാചാരപോലീസിന്റെ കൈക്ക്രിയകളിലൂടെ ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണെങ്കിലും, ശക്തിയും, തീവ്രതയും, വൈപുല്യവും ഏറിയത് ഇസ്ലാമികമായതിന് തന്നെയാണെന്ന് പറയാതെ വയ്യ. കാരണം, അതിന്റെ നീരാളിക്കൈകള്‍ കേരളത്തിലോ, ഇന്ത്യയിലോ ഒതുങ്ങി നില്‍ക്കുന്നതല്ല എന്നതും, അതിന്റെ പ്രഹരശേഷി പതിന്മടങ്ങ്‌ വലിയതാണ് എന്നതും തന്നെ. ഇസ്ലാമിക ഭീകരവാദത്തിന്റെ  ബഹുമുഖങ്ങളായ ക്രൂരതകളെക്കുറിച്ചല്ല, സ്ത്രീവസ്ത്രധാരണവിഷയത്തില്‍ മതം   ഏര്‍പ്പെടുത്തിയ പ്രാകൃതമായ നിര്‍ബന്ധങ്ങളെക്കുറിച്ചാണ്        ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
               അടിമത്വത്തിന്റെ പ്രതീകമായ പര്‍ദ്ദ,  സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരകളില്‍ നിന്നും അകറ്റുകയും സ്വന്തമായി വ്യക്തിത്വമില്ലാത്ത ഒരു വര്‍ഗമാണ് അവര്‍ എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. മതത്തിന്റെ അയുക്തികതകളില്‍ നിന്നും, പുരുഷാധിപത്യത്തിന്റെ ധാര്ഷ്ട്യങ്ങളില്‍ നിന്നും മെനഞ്ഞെടുത്ത ഈ വസ്ത്രം സ്ത്രീയെ മധ്യകാലതിന്റെ ഇരുട്ടറകളില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. മനുഷ്യമോചനത്തിന് വേണ്ടി നിലകൊള്ളുന്ന ആര്‍ക്കും ഈ അവസ്ഥക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ വയ്യ.   

                         സ്ത്രീകളുടെ വസ്ത്രവുമായി ബന്ധപ്പെട്ടു ഒട്ടേറെ പദങ്ങള്‍ ഇസ്ലാം, ലോകത്തിനു  സംഭാവന ചെയ്തിട്ടുണ്ട്.  പര്‍ദ്ദയും, ബുര്‍ഖയും നമുക്ക് പരിചിതപദങ്ങളാണെങ്കിലും, ഹിജാബ്, നിഖാബ്, ജില്ബാബ്, ചാദോര്‍,  ഖിമാര്‍ എന്നിവയൊക്കെ  ഇസ്ലാമിക സ്ത്രീകള്‍ക്ക് മതം അനുശാസിക്കുന്ന വസ്ത്രമാണെന്ന്, വിശേഷിച്ചു മറ്റു മതക്കാര്‍ക്ക് അറിയാന്‍ വഴിയില്ല.  വിവിധ രാജ്യങ്ങളില്‍ പലപേരുകളില്‍ അറിയപ്പെടുന്ന ഇവ അനുഷ്ടിക്കുന്ന ധര്‍മം ഒന്ന് തന്നെ - സ്ത്രീയുടെ ശരീരം മൂടിപ്പുതപ്പിക്കുക.
        
                          പര്‍ദാചരിത്രത്തിന്റെ  ഏടുകള്‍ മറിച്ചു നോക്കുമ്പോള്‍  വ്യക്തമാവുന്നത്  സ്ത്രീകളുടെ ശരീരം ആപാദചൂടം മറയ്ക്കുന്ന വസ്ത്ര ധാരണ രീതി ഇസ്ലാമിന്  മുമ്പും ഉണ്ടായിരുന്നു എന്ന വസ്തുതയാണു. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ അക്കമെനീസ് രാജാക്കന്മാര്‍  തങ്ങളുടെ  ഭാര്യമാരെയും വെപ്പാട്ടിമാരെയും  പൊതുജന ദൃഷ്ടിയില്‍ നിന്നും മറച്ചുവെച്ചിരുന്നതായി  ഗ്രീക്ക് ചരിത്രകാരന്‍ പ്ലൂട്ടാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി.ഇ. 399 ന്  മുമ്പ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഈജിപ്ഷ്യന്‍ നരവംശ ശാസ്ത്രകാരിയും ഇസ്ലാമികപണ്ഡിതയുമായ  ഫാദ്വ എന്‍. ഗിരന്റി പറയുന്നതും വ്യത്യസ്തമല്ല. അക്കമെനിസ് രാജാക്കന്മാര്‍ അവരുടെ ഭാര്യമാരെ മാത്രമല്ല വെപ്പാട്ടികളെയും അടിമപെണ്ണുങ്ങളെയും  സംശയിച്ചത് കൊണ്ടാണ് അന്യരുടെ മുമ്പില്‍ നിന്ന് അവരെ മറച്ചു പിടിച്ചത്. സ്ത്രീകളെ അന്തപ്പുരങ്ങളില്‍ത്തന്നെ തളച്ചിടുകയും  വല്ലപ്പോഴും പുറത്തു പോവുമ്പോള്‍ നാല് വശവും തുണികൊണ്ട് മറച്ച വാഹനങ്ങളിലവരെ ഇരുത്തുകയും ചെയ്തു.  സ്ത്രീ, പുരുഷന്റെ സ്വകാര്യ സ്വത്താണെന്ന ബോധവും, ജന്തുസഹജമായ ഇണയുടെ മേലുള്ള സ്വാര്‍ത്ഥതയുമാണ്‌ (jealousy) പുരുഷാധിപത്യപരമായ ഈ പ്രവണതക്ക് കാരണം.  പുരാതന മേസോപ്പോട്ടെമിയയില്‍ വരേണ്യവനിതകള്‍ മാത്രമാണ് പര്‍ദ്ദ (ഹിജാബ്) ധരിച്ചിരുന്നത്. സമൂഹത്തില്‍ തരംതാഴ്ത്തപ്പെട്ട വേശ്യകള്‍, വേലക്കാര്‍ എന്നിവര്‍ പര്‍ദ്ദ ധരിക്കുന്നത് വിലക്കിയിരുന്നു. ജോലി ചെയ്യുന്നതിന്  പര്‍ദ്ദ അസൌകര്യമായതിനാല്‍ അതു ധരിക്കുന്നതില്‍ നിന്ന് തൊഴിലാളിസ്ത്രീകളെ ഒഴിവാക്കിയിരുന്നു.  പര്‍ദ്ദ എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ അസ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നെങ്കിലും സമൂഹത്തില്‍ തങ്ങള്‍ ഉന്നതരാണെന്ന്  സ്ഥാനപ്പെടുത്താന്‍ അത്  അവരെ 'സഹായിച്ചു'


            പേര്‍ഷ്യന്‍, ബൈസാന്റിയന്‍ അധിനിവേശത്തോട്കൂടിയാണ് ഇസ്ലാമില്‍ പര്‍ദ്ദ വന്നതെന്നു ജോര്‍ജ്ജ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, ജോണ്‍ എസ്പോസിറ്റൊ അഭിപ്രായപ്പെടുന്നു.    മണലാരണ്യത്തിലെ  മണല്‍ക്കാറ്റില്‍ നിന്ന് രക്ഷ നേടാനാണ് ശരീരം മൂടുന്ന വിധത്തിലുള്ള  വസ്ത്രം ആവിഷ്കരിച്ചതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ധരിച്ചിരുന്ന പര്‍ദ്ദ സ്ത്രീയെ മറയ്ക്കുന്നതിനു വേണ്ടി മാത്രമുള്ള വസ്ത്രമായി രൂപാന്തരപ്പെടുത്തുകയാണ്  ഇസ്ലാം ചെയ്തത്. ഇസ്ലാമിക വിജ്ഞാനകോശം, ഹിജാബ് ഒരു വസ്ത്രമല്ലെന്നും  ഒരു മറയാണെന്നും നിര്‍വചിക്കുന്നുണ്ട്. 
തന്റെ  ഭാര്യമാരുമായി സംസാരിക്കുമ്പോള്‍ വിശ്വാസികള്‍ മറവില്‍ നില്‍ക്കണമെന്ന് പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ഈ മറയാണ് ഹിജാബ്. ഖുറാനില്‍ ഹിജാബെന്നല്ല ജില്‍ബാബ്  എന്ന പദമാണത്രേ  ഉപയോഗിക്കുന്നത്. ഇതാവട്ടെ മുഖവും കയ്യും ഒഴികെയുള്ള ഭാഗം മാത്രം മറയ്ക്കുന്ന വസ്ത്രമാണ്‌. നബിയുടെ ഭാര്യമാരെ  മാത്രം ഉദ്ദേശിച്ചായിരുന്നു ജില്ബാബ് നിര്‍ദ്ദേശിചിരുന്നതെങ്കിലും പിന്നീട് അത് എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കുകയായിരുന്നു. 


                സ്ത്രീകള്‍ മുഖം മറച്ചു നടക്കണമെന്ന് ഖുറാനില്‍ പറയുന്നില്ല എന്നും അവര്‍  മാന്യമായ വസ്ത്രം ധരിക്കണം എന്ന് മാത്രമേ ഖുര്‍ ആന്‍ വാക്യം കൊണ്ട് അര്‍ത്ഥമാക്കുന്നുള്ള   എന്നുമാണ് വാദം. "say to the believing men that they should lower their gaze and guard their modesty; that will make for greatest purity for them.  And Allah is well acquainted with all they do. And say to the believing women  that they should lover their gaze and guard their modesty and not display their adornment except what appears there of (24:31:32). (വിശ്വാസികളായ പുരുഷന്മാരോട് പറയുക അവര്‍ തങ്ങളുടെ ദൃഷ്ടി താഴ്ത്തുകയും അവരുടെ മാന്യത സൂക്ഷിക്കുകയും ചെയ്യണമെന്നു. അത് അവര്‍ക്ക് വലിയ സംശുദ്ധി കൈവരുത്തും. അല്ലാഹു അവര്‍ ചെയ്യുന്ന എല്ലാം അറിയുന്നുണ്ട്. വിശ്വാസികളായ സ്ത്രീകളോട് പറയുക അവരുടെ ദൃഷ്ടി  താഴ്ത്തുകയും അവരുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യുക എന്ന്. കാണപ്പെടുന്നതല്ലാതെ, അവരുടെ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്) (24.31.32). പ്രവാചകനോട് അല്ലാഹു പറഞ്ഞത് നബിയുടെ ഭാര്യമാരോടും പെണ്‍മക്കളോടും മേല്‍വസ്ത്രം മാറത്തേക്ക്  താഴ്ത്തിയിടാനാണത്രേ!  (24.30.30)  മുഖവും കൈകളും മറയ്ക്കാത്ത  വസ്ത്രമാണ് ഖുറാന്‍ നിര്‍ദ്ദേശിക്കുന്നതെങ്കില്‍  എന്തിനാണ് മത തീവ്രവാദികള്‍ മുഖം മൂടുന്ന പര്‍ദ്ദ ധരിക്കണമെന്ന് വാശി പിടിക്കുന്നത്‌? അങ്ങനെയെങ്കില്‍ അവര്‍ ചെയ്യുന്നത് മതവിരുദ്ധമായ കാര്യമല്ലേ? എന്നാല്‍ അവരും ഉദ്ധരിക്കുന്നുണ്ട് ഖുര്‍ ആനും ഹദീസും. മതവാക്യങ്ങള്‍  എങ്ങനെയും വ്യാഖ്യാനിക്കാന്‍ പറ്റും വിധം അസ്പഷ്ടങ്ങളാണ് എന്നതാണ് ഇതിനു കാരണം. തന്റെ വിശ്വാസികള്‍ക്ക് സംശയരഹിതമായി അനുഷ്ടിക്കുവാന്‍ തക്കവണ്ണം വ്യക്തമായ ഒരു സിദ്ധാന്തം കൊടുക്കാന്‍ പോലും പറ്റാത്തവനായിപ്പോയി 'സര്‍വശക്തനായ' അല്ലാഹു!


           സ്ത്രീയുടെ ശരീരം (മുഖവും കയ്യും പോലും) കാണുന്ന പുരുഷന് ലൈംഗികോത്തേജനം
ഉണ്ടാവുകയും അത് ലൈംഗികാതിക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നത് കൊണ്ട്, ഇത്തരം സാഹചര്യം ഇല്ലാതാക്കാന്‍ സ്ത്രീ തന്റെ ശരീരം മറച്ചു വെക്കുന്നതാണ് നല്ലത് എന്നാണു പര്‍ദാനുകൂലികളുടെ വാദം. ഈ വാദം സ്ത്രീവിരുദ്ധമാണെന്ന് മാത്രമല്ല വസ്തുതകള്‍ക്ക് നിരക്കുന്നതുമല്ല. സ്ത്രീ ശരീരം കണ്ടു കാമാതുരനായാലും സംയമനം പാലിക്കുകയല്ലാതെ സ്ത്രീയെ  കടന്നു പിടിക്കാന്‍ ഇക്കാലത്ത് ആരും മുതിരുകയില്ല. സമൂഹം സാംസ്കാരികമായിപുരോഗതി കൈവരിച്ചതും, ശിക്ഷകളോടുള്ള ഭയവുമാണതിനു കാരണം. കടിക്കുന്ന ഒരു നായ റോഡിലുണ്ട്, അത്കൊണ്ട് നിങ്ങള്‍ പുറത്തിറങ്ങേണ്ട എന്ന് പറയുന്നതിന് തുല്യമാണ്, പുരുഷന്‍ ആക്രമിക്കും അതുകൊണ്ട് നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി, അല്ലെങ്കില്‍ ശരീരം മുഴുവന്‍ പൊതിഞ്ഞു കെട്ടി നടക്കണം എന്ന് സ്ത്രീകളോട് പറയുന്നത്. ഈ 'ലൈംഗികാക്രമണവാദം' സ്ത്രീയെ അധീശത്വത്തില്‍ നിര്‍ത്താനുള്ള ഒരു മറയാണ്. പ്രദര്‍ശനം, ആക്രമണം ക്ഷണിച്ചുവരുത്തുമെങ്കില്‍ ഹോട്ടലുകളിലും, ബേക്കറികളിലുമൊന്നും ഭക്ഷണ-പലഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലല്ലോ? സ്ത്രീകള്‍ അല്പവസ്ത്രകളായി പൊതുസ്ഥലങ്ങളില്‍ വിരാജിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലും, ഗ്ലാമര്‍ വേഷത്തില്‍ നടക്കുന്ന നമ്മുടെ നാട്ടിലും അക്കാരണം കൊണ്ട് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതായി അറിവില്ല.  സ്ത്രീകളെ തടവിലിടുകയല്ല വേണ്ടത്, ആക്രമങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്യേണ്ടത്. ആധുനിക ജനാധിപത്യ  സമൂഹങ്ങളില്‍ ഈ സാഹചര്യം ഉണ്ടെന്നിരിക്കെ പര്‍ദ്ദ നിര്‍ബന്ധമാക്കേണ്ട ഒരു കാര്യവുമില്ല. 
              
                  സ്ത്രീ, പുരുഷന്റെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവളാണെന്ന  മതബോധനമാണ് പര്‍ദ്ദ തുടങ്ങിയ പൂര്‍ണ്ണശരീരാച്ചാദനവസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്കാരണം.
സ്ത്രീകളെ  അടിമകളാക്കുന്നതില്‍ ഒരു മതവും പിന്നിലല്ല. 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന മനുവിന്റെ വിധി കാറ്റില്‍ പറത്തി ഒരു വശത്ത്‌ സ്ത്രീകള്‍ സമത്വത്തിന്റെ പാതയിലൂടെ മുന്നേറുമ്പോള്‍, മതത്തിന്റെ ശാസനകള്‍ തങ്ങള്‍ക്കു നല്ലതാണെന്ന് അറിഞ്ഞോ അറിയാതെയോ അംഗീകരിച്ചുകൊണ്ട് മറ്റൊരു വശത്ത്‌ സ്ത്രീകള്‍ ചങ്ങല സസന്തോഷം കാലിലണിയുന്നു.  'പര്‍ദ്ദ എനിക്ക് സുരക്ഷിതത്വം നല്‍കുന്നു' എന്ന സപ്തതി പിന്നിട്ട വന്ദ്യവയോധികയായ സാഹിത്യകാരിയുടെ വാക്കുകള്‍ അഭിമാനപുരസ്സരം  ഏറ്റുപറയുന്നവര്‍ വയോധികകള്‍ക്കെന്തിനാണ് പര്‍ദ്ദ എന്ന് സ്വയം ചോദിക്കുന്നില്ല! 


            പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ ഒരു പാട് സ്ത്രീകള്‍ ആക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇറാക്കിലെ ബസ്രയില്‍ 2007 നും 2008 നും മദ്ധ്യേ നൂറു സ്ത്രീകളെ മഹ്ദി ആര്‍മി എന്ന ഇസ്ലാമിക സൈന്യം വധിക്കുകയുണ്ടായി.  വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഫ്രാന്‍സിലെ സ്കൂളുകളില്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചു. അവരുടെ അച്ഛന്മാരും സഹോദരന്മാരും സഹപാഠികളും നിര്‍ബന്ധിച്ചത്കൊണ്ടായിരുന്നത്രേ അത്.  അനുസരിക്കാത്തവരെ മതഭ്രാന്തന്‍മാരായ  ചെറുപ്പക്കാര്‍ മര്‍ദ്ദിച്ചു.  2001 ല്‍ ശ്രീനഗറില്‍ നാല് മുസ്ലിം സ്ത്രീകളുടെ ദേഹത്ത് മതതീവ്രവാദികള്‍ ആസിഡ് ഒഴിച്ചു.  അഫ്ഘാനിസ്ഥാനിലും, പാക്കിസ്ഥാനിലും ഖുര്‍ആനിക നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി താലിബാന്‍കാര്‍ പര്‍ദ്ദ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അനുസരിക്കാത്തവര്‍ക്ക് ശരീ അത്ത് പ്രകാരമുള്ള കഠിനമായ ശിക്ഷ നല്‍കുന്നു.  2003 മെയ്‌ മാസത്തില്‍ അമേരിക്കന്‍ പത്രമായ വീക്ക്‌ലി  സ്റാന്‍ടെഡ് നടത്തിയ ഒരു സര്‍വെയില്‍ കണ്ടത് 77 ശതമാനം പെണ്‍കുട്ടികളും ഇസ്ലാമിക ഗ്രൂപ്പിന്റെ ഭീഷണി ഭയന്നാണ് ഹിജാബ് ധരിക്കുന്നത് എന്നാണു. നമ്മുടെ പരിഷ്കൃത കേരളത്തില്‍ പോലും മതമൌലികവാദികള്‍ പര്‍ദ്ദ നിര്‍ബന്ധ മാക്കുകയാണ്. അനുസരിക്കാത്തവരുടെ നേരെ വധഭീഷണി പോലുമുള്ളതായിട്ടാണ് റയാന. ആര്‍. കാസിയുടെ അനുഭവം തെളിയിക്കുന്നത്. 


                 പല ഇസ്ലാമിക രാജ്യങ്ങളും പര്‍ദ്ദ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് മാത്രമല്ല, പൊതുസ്ഥലത്തും വിദ്യാലയങ്ങളിലും നിരോധിക്കുക കൂടി ചെയ്തിട്ടുണ്ട്. 1925-41 കാലത്ത് ഇറാനിലെ ഭരണാധികാരിയായിരുന്ന റേസ ഷാ പഹലവി കയ്യും മുഖവും മൂടുന്ന ഹിജാബ് ധരിക്കുന്നത് നിരോധിക്കുകയും, യൂറോപ്യന്‍ വസ്ത്രധാരണരീതി  പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക വിപ്ലവമാണ് പര്‍ദ്ദ തിരിച്ചു കൊണ്ടുവന്നത്. തുര്‍ക്കി, ടുണീഷ്യ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഹിജാബ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും ധരിക്കാന്‍ പാടില്ല. ഈജിപ്തിലെ സുന്നികള്‍ നടത്തുന്ന അല്‍ അഹ്സര്‍ സ്കൂളില്‍ ഗ്രാന്റ് ഷെയ്കായ മുഹമദ് സയ്യിദ് ടന്റാവി നിഖാബ് നിരോധിച്ചു. സ്കൂളില്‍ സ്കൂള്‍ യൂണിഫോം മാത്രം മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.  (അല്‍ അറേബിയ : 8.10.1008)  


                 ഫ്രാന്‍സിലെ ബുര്‍ഖാ നിരോധനം അടുത്ത കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ വാര്‍ത്തയാണ്. മതേതരത്വത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന ഫ്രാന്‍സില്‍ മതചിഹ്നങ്ങള്‍ പൊതുവേദിയില്‍ അണിയുന്നത് അനുവദനീയമല്ല. ലിബറല്‍ പാര്‍ടികള്‍ പര്‍ദ്ദനിരോധനത്തോട് യോജിച്ചില്ലെന്കിലും പ്രസിഡന്റ് സര്‍ക്കൊസിയുടെയും, പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലന്റെയും നിശ്ചയദാര്‍ഡ്യം മൂലം 2010 ജൂലായ് മാസത്തില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം 335 നെതിരെ ഒരു വോട്ടിനു പാര്‍ലമെന്റ് പാസ്സാക്കുകയുണ്ടായി. സ്പെയിന്‍, ഇറ്റലി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലും പൊതുസ്ഥലത്ത് പര്‍ദ്ദ നിരോധിച്ചിട്ടുണ്ട്. 


                ഇസ്ലാമിക സ്ത്രീ സംഘടനകള്‍ പൊതുവേ പര്‍ദ്ദക്കനുകൂലമായ നിലപാടാണ് സ്വീകരിചിട്ടുള്ളതു.  ഇതിനു കാരണം   പുരുഷന്മാരാണ് ഇത്തരം സംഘടനകള്‍ നിയന്ത്രിക്കുന്നത്‌ എന്നതും, കടുത്ത മത-ദൈവ വിശ്വാസം അവരുടെ ചിന്തയെ കടിഞ്ഞാണിടുന്നു  എന്നതുമാണ്‌.  ഈജിപ്ഷ്യന്‍- അമേരിക്കന്‍ എഴുത്തുകാരിയായ ലൈല അഹമ്മദും,ബ്രിട്ടീഷ്എഴുത്തുകാരി കാരന്‍ആംസ്ട്രോങ്ങുമൊക്കെ,  കൊളോണിയല്‍ ചെറുത്തുനില്‍പ്പിന്റെയും, പാശ്ചാത്യമേല്‍ക്കോയ്മയോടുള്ള എതിര്‍പ്പിന്റെയും പ്രതീകമാണ് പര്‍ദ്ദ എന്ന് വിശേഷിപ്പിച്ചതിനെ, ഒരു അടിമ, ചങ്ങലയുടെ തിളക്കം എത്ര മനോഹരം എന്ന് പുളകം കൊള്ളുന്നതിനോടെ ഉപമിക്കാന്‍ പറ്റൂ.


              പര്‍ദ്ദയോ, ബുര്‍ഖയോ, ഹിജാബോ പേരെന്തുമാവട്ടെ,  അത് സ്ത്രീവിരുദ്ധവും, മതേതരവിരുദ്ധവുമായ  വേഷവിധാനമായി കണ്ടുകൊണ്ടു, ഫ്രാന്‍സിനെയും, തുര്‍ക്കിയും, സിറിയയേയും മാതൃകയാക്കിക്കൊണ്ട് നമ്മുടെ രാജ്യത്തും പൊതു സ്ഥലങ്ങളില്‍ നിരോധിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഇച്ഛാശക്തി മതപ്രീണന സര്‍ക്കാരുകള്‍ക്കുണ്ടാവുമെന്നു  പ്രതീക്ഷിക്കാമോ?


                                                 ---------------
                                                  


                                            



                                                                                        
                                                                    






























                      
             









2010 നവംബർ 1, തിങ്കളാഴ്‌ച

ജ്യോതിഷം ഉപേക്ഷിക്കു, ബുദ്ധിമാനെന്നു തെളിയിക്കു

                                                       

            "അച്ഛന്‍ സ്വന്തം പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്നു. കുഞ്ഞു ജീവിച്ചിരുന്നാല്‍ തനിക്കു ജീവഹാനിയുണ്ടാവുമെന്നും അതിനു പരിഹാരംചെയ്യണമെന്നുമുള്ള ജ്യോത്സ്യന്റെ ആജ്ഞയനുസരിച്ചാണത്രെ അച്ഛന്‍ ഈ ക്രൂരകൃത്യം ചെയ്തത്".  ഈ സംഭവം നടന്നത് ഏതോ ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലാണ് എന്ന്  കരുതിയെങ്കില്‍  തെറ്റി. നമ്മുടെ പ്രബുദ്ധകേരളത്തില്‍ത്തന്നെ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് നടന്ന സംഭവമാണിത്. 
     
               സര്‍വതോമുഖമായ  പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നഭിമാനിക്കുന്ന കേരളം, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യത്തിലും മുന്നില്‍  തന്നെയാണ്. ആധുനിക കേരളത്തില്‍ മാന്യത നേടിയ രണ്ട് അന്ധവിശ്വാസങ്ങളാണ് ജ്യോതിഷവും, വാസ്തുവിദ്യയും. ഒരു കാലത്ത് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നത് അപരിഷ്കൃതമാണെന്ന് കരുതിയിരുന്നെങ്കില്‍, ഇന്ന് വിദ്യാസമ്പന്നര്‍ തന്നെയാണു ഇതിന്റെ വിശ്വാസികള്‍. സപ്തതിയാഘോഷിക്കുന്ന  ജ്യോത്സ്യനെ പണ്ടിതനെന്നു വിശേഷിപ്പിച്ചുകൊണ്ട് പൊതുസമൂഹം സ്വീകരണചടങ്ങ്   സംഘടിപ്പിക്കുമ്പോള്‍, അതില്‍ പുരോഗമനവാദികള്‍ പോലും ഭാഗഭാക്കാവുന്ന വിചിത്രമായ കാഴ്ചയും നാം കാണുന്നു.

               യുക്തിചിന്ത തരിമ്പും ഇല്ലാത്തവര്‍ക്ക് മാത്രമേ ജ്യോതിഷത്തില്‍ വിശ്വസിക്കുവാന്‍ കഴിയുകയുള്ളൂ.  നാം സ്കൂളുകളില്‍ പഠിച്ച ഭൌതികശാസ്ത്രം മാത്രം മതി ജ്യോത്സ്യത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജ്യോതിശ്ശാസ്ത്രമാണെന്നാണ് ജ്യോത്സ്യന്മാര്‍ തെറ്റിദ്ധരിപ്പിക്കാറുള്ളത്.  ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും വിരുദ്ധങ്ങളായ രണ്ട് വിഷയങ്ങളാണെന്ന കാര്യം സാധാരണക്കാര്‍ ഓര്‍ക്കാറില്ല.  ജ്യോതിശ്ശാസ്ത്രം (astronomy) പ്രപഞ്ചത്തിലെ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്  പഠിക്കുന്ന ശാസ്ത്രശാഖയാണ്‌. എന്നാല്‍ ജ്യോതിഷമാവട്ടെ (astrology) ഒരുവന്റെ   ജനനസമയത്തെ  ഗ്രഹനിലയാണ്   അവന്റെ  ഭാവിജീവിതത്തെ  നിര്‍ണ്ണയിക്കുന്നത്  എന്ന് പ്രചരിപ്പിക്കുന്ന  അന്ധവിശ്വാസവും.  ടെലിപ്പതി, പാരസൈക്കോളജി  തുടങ്ങിയവയെപ്പോലെ  ഒരു കപടശാസ്ത്ര മാണ്‌ (pseudo science) ജ്യോതിഷവും. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് സയന്‍സ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ജ്യോത്സ്യന്മാര്‍ ജ്യോതിഷത്തെ ജ്യോതിശ്ശാസ്ത്രമെന്നു വിളിക്കുന്നത്‌. പോക്കറ്റടിക്കാര്‍  പാന്റും ഷര്‍ട്ടും ധരിച്ചു മാന്യന്‍മാരായി നടിക്കുന്നത് പോലെയാണിതു.  

          ഒരു വ്യക്തി ജീവിതത്തിലനുഭവിക്കേണ്ടി വരുന്ന സുഖദുഖങ്ങള്‍ക്കും, ഗുണദോഷങ്ങള്‍ക്കുമെല്ലാം കാരണം അയാള്‍ ജനിക്കുന്ന സമയത്ത് ആകാശത്തുള്ള നവഗ്രഹങ്ങ ളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനമാണ് എന്നതാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനപ്രമാണം.     ഈ അടിസ്ഥാനതത്വം ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഒന്ന് പരിശോധിച്ചു നോക്കാം. ഒരു വ്യക്തിയുടെ 'ജനനസമയത്തെ ഗ്രഹനില' എന്ന പരികല്‍പ്പന നമുക്കൊന്ന്  വിശകലനം ചെയ്യാം. എന്താണ് ജനനം? ജ്യോതിഷവിശ്വാസപ്രകാരം പ്രസവത്തിലൂടെ കുഞ്ഞു പുറത്തു വരുന്നതാണ് ജനനം.  എന്നാല്‍ സയന്‍സ് പറയുന്നത് ബീജ-അണ്‍ഡ സംയോജനത്തിലൂടെ ഭ്രൂണം രൂപം കൊള്ളുമ്പോഴാണ്  കുഞ്ഞു ജനിക്കുന്നത് എന്നാണ്.  കാരണം വ്യക്തമാണ്. അച്ഛനില്‍ നിന്നുള്ള ജീവനുള്ള ബീജവും അമ്മയില്‍ നിന്നുള്ള ജീവനുള്ള അണ്ഡവും ഗര്‍ഭപാത്രത്തില്‍ വെച്ച് കൂടി ചേരുമ്പോഴാണ് സവിശേഷ വ്യക്തിത്വമുള്ള കുഞ്ഞു ജനിക്കുന്നത്. കുഞ്ഞു ഭ്രൂണമാവുന്നതിനു മുമ്പ് അവന്‍ അച്ഛന്റെയും അമ്മയുടെയും ശരീരത്തിലായിരുന്നു എന്ന് പറയാം. അവന്റെ ജീവനും അവന്റെ ഭാവിജീവിതത്തെ സ്വാധീനിക്കുന്ന ജീനുകളും ഇവരുടെ രണ്ട് പേരുടേയും ശരീരത്തില്‍ നിന്ന് അവനു പകര്‍ന്നു കിട്ടിയതാണ്. ഇതൊക്കെ സയന്‍സ് തെളിയിച്ചിട്ടുള്ള കാര്യങ്ങളാണ്. ഒരു കുഞ്ഞു ജനിക്കുന്നത് പ്രസവത്തോടെ അല്ല എന്നും അതുകൊണ്ട് തന്നെ പ്രസവത്തെ ജനനസമയമായി   കണക്കാക്കുന്ന ജ്യോതിഷം തെറ്റാണെന്നും ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.   
           ജനനം  എന്നതു പ്രസവമായാലും ബീജാണ്ടസംയോജനമായാലും കൃത്യമായ സമയം ആര്‍ക്കും ഇന്നത്തെ നിലയ്ക്ക് കണക്കാക്കാന്‍ കഴിയില്ല. പ്രസവമെന്നത് മിനുട്ടുകളോളം നീളുന്ന ഒരു പ്രക്രിയയാണ്. ജ്യോതിഷസിദ്ധാന്തമനുസരിച്ച് ഒരു നിമിഷം തെറ്റിയാല്‍ മതിയല്ലോ പ്രവചനം പിഴക്കാന്‍! ഭൂമി ഒരു മണിക്കൂറില്‍ ഒരു ലക്ഷം കി.മി. വേഗതയില്‍ സൂര്യനെ ഭ്രമണം ചെയ്യുമ്പോഴും മണിക്കൂറില്‍ 1670 കി.മി. വേഗതയില്‍ സ്വയം തിരിയുമ്പോഴും എങ്ങനെയാണ് ഗ്രഹനില കൃത്യമായി പറയാന്‍ കഴിയുക ?
                 
                ഇനി ഗ്രഹനില കൃത്യമാ ണെന്ന് തന്നെയിരിക്കട്ടെ, അത് ഭാവിയെ സ്വാധീനിക്കുമോ?  ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മനുഷ്യ ശരീരത്തില്‍ പ്രത്യേകിച്ച് ഒരു സ്വാധീനവുമില്ലെന്നതാണ് ശാസ്ത്രസത്യം.  ഗുരുത്വാകര്‍ഷണബലവും വികിരണബലവും എല്ലാ ജീവ ജാലങ്ങളെയും പദാര്‍ത്ഥങ്ങളെയും  ഒരുപോലെയാണ് ബാധിക്കുന്നത്. അല്ലാതെ ഇന്ന നക്ഷത്രത്തില്‍ ജനിച്ച ആളെ ഇത്ര അളവില്‍ ബാധിക്കുമെന്ന് പറയുന്നത് മൌഡ്യമാവും. കാര്‍ത്തിക നക്ഷത്രക്കാരനും, രേവതി നക്ഷത്രക്കാരനും വെയിലത്ത്‌  നിന്നാല്‍ ഒരു പോലെയാണ് പൊള്ളുക. ചന്ദ്രന്റെ ആകര്‍ഷണബലം എല്ലാവര്ക്കും പൊതുവേ ഒരു പോലെയാണ് അനുഭവ പ്പെടുന്നത്.  ഗ്രഹനക്ഷത്രാദികളുടെ കാന്തികബലമോ വികിരണമോ ആണ് മനുഷ്യന്റെ ഭാവിയെ സ്വാധീനിക്കുന്നതെന്ന് ജ്യോതിഷാചാര്യന്മാരായ വരാഹമിഹിരനും ബ്രഹ്മഗുപ്തനും അവകാശപ്പെട്ടതായി അറിവില്ല. അന്നത്തെ മനുഷ്യര്‍ കരുതിയത്‌ ഗ്രഹങ്ങള്‍ക്കും മറ്റും ദൈവിക സിദ്ധിയുണ്ടെന്നാണ്.  അവ നിഗ്രഹാനുഗ്രഹശക്തിയുള്ള  ചൈതന്യരൂപികളാണെന്ന നിഗമനത്തിലാണ് ഗ്രഹനില മനുഷ്യരുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നു എന്ന് കരുതിയത്‌. നല്ലതും ചീത്തയുമായ ഗ്രഹങ്ങളുണ്ട്‌ (പാപഗ്രഹങ്ങളും പുണ്യ ഗ്രഹങ്ങളും). ചൊവ്വയുടെ ചുവപ്പ് നിറം കൊണ്ടാകാം അതിനെ ഏറ്റവും ഭീകരനായ ഗ്രഹമായി ചിത്രീകരിച്ചിട്ടുള്ളത്. ഈ ചുവപ്പ് നിറത്തിന്റെ കാരണം അവിടെയുള്ള ഇരുമ്പു ഓക്സൈഡാണെന്ന് അക്കാലത്ത് അറിയുമായിരുന്നില്ലല്ലോ!  ആ അറിവില്ലായ്മ കൊണ്ടാണ് ഇപ്പോള്‍  ചൊവ്വാദോഷം എന്ന അന്ധവിശ്വാസം കൊണ്ട് ഒരു പാട് പെണ്‍കുട്ടികള്‍ കണ്ണീരു കുടിക്കേണ്ടി വരുന്നത്.  

            ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ പിറന്നു വീഴുന്ന നിമിഷം ആകാശത്തു വിവിധ സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന ഗ്രഹനക്ഷത്രാദികള്‍ ഏതു വിധത്തിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ തങ്ങളുടെ ശക്തി പ്രയോഗിക്കുന്നതെന്നും ആ ശക്തിപ്രയോഗങ്ങള്‍കൊണ്ട് കുഞ്ഞിന്റെ ശരീരത്തില്‍ ഭാവിയെ ബാധിക്കാനുതകുംവിധം എന്ത് ഭൌതിക-രാസപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ജ്യോതിഷം സയന്‍സാണ് എന്ന് വീമ്പിളക്കുന്നവര്‍ ഒന്ന് വിശദീകരിച്ചു തരുമോ? ഒരിക്കലും കഴിയില്ല. ഇത് വേണമെങ്കില്‍ ഒരു വെല്ലുവിളിയായെടുക്കാം.

              ഒരു വ്യക്തിയുടെ ഭാവിജീവിതം നിര്‍ണ്ണയിക്കുന്നത്  അവനു കൈമാറി കിട്ടിയ  ജീനുകളും അവന്‍ വളരുന്ന ഭൌതിക സാഹചര്യങ്ങളുമാണ്.  ഒരാള്‍ പല തരം രോഗങ്ങള്‍ക്ക് വിധേയനാവുന്നതും, സര്‍ഗാത്മക കഴിവുകളുള്ളവനാവുന്നതും, നല്ല വ്യവസായിയോ, കച്ചവടക്കാരനോ, മന്ത്രിയോ ആയി  തീരുന്നതും  ജീനുകളും ജീവിത സാഹചര്യവും മൂലമാണ്. അല്ലാതെ നിര്‍ജീവങ്ങളായ ഗ്രഹങ്ങളുടെ സ്വാധീനം കൊണ്ടല്ല. മനുഷ്യരുടെ  പെരുമാറ്റ രീതികളെ സ്വാധീനിക്കുന്നത് ഡി.അര്‍.ഡി.4 എന്ന ജീനാനെന്നു ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 



                                                                                                                                                                                                            
            ജ്യോതിഷം ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി ലോകത്തൊട്ടാകെ നിരവധി പരീക്ഷണങ്ങള്‍  നടത്തിയിട്ടുണ്ട്. അതിലൊന്നാണ് ഇന്ത്യയിലെ പ്രശസ്ത ജ്യോതിശ്ശാസ്ത്രപണ്ഡിതനും (astronomer) പദ്മഭൂഷന്‍ജേതാവുമായ ഡോ: ജയന്ത് വി.നര്‍ലികര്‍ നടത്തിയ പരീക്ഷണം. ഏതാനും ദമ്പതികളുടെ ജാതകങ്ങള്‍ ജ്യോത്സ്യന്‍മാര്‍ക്ക്  നല്‍കി അതില്‍ പൊരുത്തമുള്ളവയും ഇല്ലാത്തവയും വേര്‍തിരിക്കാനാവശ്യപ്പെട്ടു. ജ്യോത്സ്യന്മാര്‍ പൊരുത്തമുള്ളവരായി കണ്ടെത്തിയ ദമ്പതികളില്‍ പലരും യഥാര്‍ത്ഥത്തില്‍   തെറ്റിപ്പിരിഞ്ഞവരോ അസംതൃപ്തരോ ആയിരുന്നു. പൊരുത്തമില്ലാത്തവരായി  കണ്ടെത്തിയവര്‍  മറിച്ചും! ഇതേ ജാതകങ്ങള്‍ വെറും സാധാരണക്കാര്‍ക്ക് നല്‍കിയപ്പോള്‍ അവരുടെ പ്രവചനം ജ്യോത്സ്യന്‍മാരുടെതിനേക്കാള്‍ ശരിയായിരുന്നത്രേ.(ചിന്ത : 27.01.1995) പത്തു കാര്യങ്ങള്‍ ആര് പ്രവചിച്ചാലും അതില്‍ മൂന്നെണ്ണമെങ്കിലും ശരിയാവുമെന്നതാണ്  സ്ഥിതിവിവരക്കണക്ക്ശാസ്ത്രനിയമം. അതുകൊണ്ടാണ് ജ്യോത്സ്യന്‍ മാര്‍ പറയുന്നത് ശരിയായി എന്നൊക്കെ ചില നിഷ്കളങ്കന്മാര്‍ പറയുന്നത്. അല്പം അന്വേഷണ ബുദ്ധിയോടു കൂടി ജ്യോത്സ്യപ്രവചനങ്ങള്‍  പഠനവിധേയമാക്കിയാല്‍ ഭൂരിപക്ഷം പ്രവചനങ്ങളും തെറ്റായിരുന്നു എന്ന് നമുക്ക് തന്നെ ബോധ്യപ്പെടും. 


             തങ്ങളെ  വഴി തെറ്റിക്കുന്ന ഒരു കപട ശാസ്ത്രമായ ജ്യോതിഷവിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ മോചനം നേടിയേ പറ്റു.  മതവര്‍ഗീയ ശക്തികള്‍ അധികാരത്തിലിരുന്ന സ്ഥലങ്ങളില്‍ ജ്യോതിഷം പഠനവിഷയമാക്കിയെങ്കിലും  അത്തരത്തിലുള്ള ചില നീക്കങ്ങള്‍ ഇവിടെ നടന്നപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയുടെയും മറ്റു പുരോഗമനവാദികളുടേയും എതിര്‍പ്പ് മൂലം  അത് നടക്കാതെ പോവുകയാണുണ്ടായത്. തന്റെ ജീവിത ദുരിതങ്ങള്‍ക്ക് കാരണം ജാതക ദോഷമാണെന്ന് വിശ്വസിക്കുന്നയാള്‍ കര്‍മവിമുഖനായിത്തീരുന്നു. ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ജ്യോത്സ്യന്റെ വിധി പ്രകാരം  പൂജയും വഴിപാടും കഴിക്കുന്ന അയാള്‍ക് ഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല പണവും നഷ്ടപ്പെടുന്നു. താന്‍ ജനിക്കുമ്പോള്‍ ഗ്രഹങ്ങള്‍ ഒരു പ്രത്യേക സ്ഥാനത്തു നിന്നത് കൊണ്ട് തനിക്കുണ്ടായ 'ദോഷങ്ങള്‍' പൂജയിലൂടെയും വഴിപാടിലൂടെയും മാറ്റാന്‍ പറ്റില്ല എന്ന സാമാന്യബുദ്ധി പോലും ജ്യോതിഷം 'ശാസ്ത്ര'മാണെന്ന് പറയുന്നവര്‍ക്കില്ല! ജാതകവിശ്വാസം വെച്ച് പുലര്‍ത്തുക വഴി യോജിച്ച വധുവിനെ ലഭിക്കാതെ എത്രയോ യുവാക്കളുടെ സമയവും പണവും നഷ്ടപ്പെടുന്നു. നല്ല ബന്ധങ്ങള്‍ക്കുള്ള അവസരവും അവര്‍ക്ക് ഇല്ലാതാവുന്നു.  ചൊവ്വാദോഷം എന്ന മണ്ടത്തരത്തില്‍  വിശ്വസിക്കുന്നത്കൊണ്ട് എത്രയോ പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നങ്ങള്‍ തകര്‍ന്നു പോയിട്ടുണ്ട്.  യുക്തിചിന്തയും ശാസ്ത്രബോധവുമില്ലാത്ത മനുഷ്യരെ വളര്‍ത്തുക എന്നതാണ് ജ്യോതിഷം ചെയ്യുന്ന സാമൂഹികസേവനം. ജ്യോതിഷം ശരിയാണെന്ന് തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വെല്ലുവിളി നാളിതുവരെ ഒരു ജ്യോത്സ്യനും സ്വീകരിച്ചിട്ടില്ല എന്നതു തന്നെ ജ്യോതിഷം ഒരു കപടവിദ്യയാണെന്നുള്ളതിനു തെളിവല്ലേ? 

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

പിന്നോട്ട് നടക്കുന്ന ഇടതുപക്ഷം

     
          2010 ഒക്ടോബര്‍ 23, 25 തിയ്യതികളില്‍ കേരളത്തില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ! ഇടതുപക്ഷ സര്‍ക്കാര്‍ വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളും ധനസഹായങ്ങളും പത്ര മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.  തീര്‍ച്ചയായും ഈ സര്‍ക്കാര്‍ ജനക്ഷേമകരമായ ഒട്ടേറെ    പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ.എം.എസ്. ഭവനനിര്‍മാണപദ്ധതി അതിലൊന്നാണ്. രണ്ട് രൂപയ്ക്കു ദാരിദ്ര്യരേഖക്കു താഴെ ഉള്ളവര്‍ക്ക് അരി നല്‍കുന്നു. സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ക്ക് പെന്ഷനുകള്‍ നല്‍കിയതാണ് മറ്റൊരു നേട്ടം. എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ഉദാഹരണം ജ്യോത്സ്യന്മാര്‍, മദ്രസാ അധ്യാപകര്‍ തുടങ്ങിയവര്‍. ഇതിലുള്ള എതിര്‍പ്പ് ന്യായവുമാണ്‌. എതിര്‍പ്പിനു ഇടയാക്കിയ മറ്റൊരു നടപടിയാണു മലബാര്‍ ദേവസ്വം ബോര്‍ഡ്‌ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍. ഇത് വലിയൊരു നേട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുപക്ഷം ഉപയോഗിക്കുന്നത്. 13.10.10 ലെ ദേശാഭിമാനിയില്‍ പറയുന്നു: "നിനച്ചിരിക്കാതെ നേട്ടമെതിയതിന്റെ ആഹ്ലാദത്തിലാണ്  മലബാറിലെ ക്ഷേത്രശാന്തിക്കാര്‍. തൂപ്പുകാര്‍ക്കും അടിച്ചു തളിക്കാര്‍ക്കുമൊപ്പം തുച്ചമായ  ശമ്പളം പറ്റി അവഗണനയുടെ ദുരിതം പേറിയ ഈ വിഭാഗത്തിന് ഇന്ന് മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കുന്നു. കോഴിക്കോട്ടെ  അഴകൊടി  ക്ഷേത്രത്തിലെ മേല്‍ശാന്തി ചാത്തമംഗലം പാണ്ടിക്കടവത്തു ഇല്ലത്ത്  നാരായണന്‍ നമ്പൂതിരി പറയുന്നു: ഈ സര്‍കാരാണ്  ഞങ്ങളെ ആദ്യമായി അംഗീകരിച്ചത്. ബോഡ് രൂപീകരിച്ചു ശമ്പള പരിഷ്കരണം നടപ്പാക്കിയതോടെ നാലായിരം രൂപ യായിരുന്ന ശമ്പളം 23,000 രൂപയായി. അറ്റന്ററുടെ പരിഗണന പോലും ലഭിക്കാതിരുന്ന ശാന്തിക്കാര്‍ക്ക് അഭിമാനമുണ്ടാക്കി തന്നത്  ഈ സര്‍ക്കാരാണ്".  2008 ആഗസ്തിലാണ് മലബാറിലെ ക്ഷേത്രങ്ങളെ ദേവസ്വം ബോഡിന് കീഴിലാക്കിയത്.  2009 ഏപ്രിലില്‍ ശമ്പള പരിഷ്കരണം നടപ്പാക്കി. ഇന്ന് 8050 രൂപയാണ് അടിശ്ഥാന ശമ്പളം 78 ശതമാനം ഡി.എ. കൂടി ലഭിക്കുന്നതോടെ  ഒരു പൂജാരിയുടെ ശരാശരി ശമ്പളം 18,000 രൂപയ്ക്കു മുകളിലാണ്. 23 വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്പെഷല്‍ ഗ്രേഡ് ശമ്പളമാണ്. കൂടാതെ ക്ഷേത്ര വഴിപാടായി ലഭിക്കുന്ന തുകയുടെ പത്തു ശതമാനം മുതല്‍ മുപ്പതു ശതമാനം വരെയും ലഭിക്കും. ഇന്ന് സി, ഡി, വിഭാഗം ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നത് പൂജാരിമാരാണ്. സ്പെഷല്‍ ഗ്രേഡ്, എ,ബി, വിഭാഗം ക്ഷേത്രങ്ങളില്‍ ക്ഷേത്രമാനേജര്‍മാര്‍ക്ക് തുല്യമായ ശമ്പളവും ലഭിക്കുന്നു. ശമ്പള വര്‍ധനവിന് പുറമേ ജീവനക്കാരായി അംഗീകരിക്കപ്പെട്ടതാണ് ഇവര്‍ക്ക് ഏറെ സന്തോഷം പകരുന്നത്. 

      ബോഡ് നിലവില്‍ വന്നതോടെ ക്ഷേത്രങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റിലും  വന്‍ വര്‍ധനവുണ്ടായി. മുമ്പ് വര്‍ഷത്തില്‍ ഒരു കോടി രൂപയാണ് മലബാറിലെ ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കി വെച്ചിരുന്നത്. ബോഡ് നിലവില്‍ വന്ന 2008 ല്‍  ഇത് 15 കോടിയായി ഉയര്‍ത്തി. 2009 ല്‍ 16.5 ഉം 2010 ല്‍ 18.5 ഉം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വടക്കേ മലബാറില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന വെളിച്ചപ്പാട്, കോമരം തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മൂന്നര കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി അനുവദിച്ചത്". 


         സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ക്ക്‌ നല്ല ജീവിതം ഉണ്ടാവണമെന്ന് മാത്രമേ ആരും ആഗ്രഹിക്കുകയുള്ളൂ. പക്ഷെ ഒരു ജനാധിപത്യ മതേതര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് ലഭിക്കുന്നവരുടെ അര്‍ഹത കൂടെ പരിഗണിക്കേണ്ടതുണ്ട്. ജ്യോത്സ്യന്‍മാര്‍ക്ക്  പെന്‍ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുണ്ടായത് അവര്‍ അതിനു അര്‍ഹാരാണോ  എന്ന ചോദ്യം മുന്‍ നിര്‍ത്തിയാണ്. മദ്രസാ അധ്യാപകരുടെ കാര്യത്തിലും അങ്ങനെ തന്നെ. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വങ്ങളുടെ ചുവടു പിടിച്ചു കൊണ്ടാണ് മലബാറില്‍ ദേവസ്വം ബോഡ് രൂപീകരിച്ചത്. ഇതില്‍ ബി.ജെ. പി ഒഴികെയുള്ള ഹിന്ദു മത ജാതി സംഘടനകളൊക്കെ സംതൃപ്തരാണ്  എന്നാണ് മനസ്സിലാവുന്നത്. സര്‍ക്കാര്‍, വിശ്വാസം ആരാധന എന്നീ  കാര്യങ്ങളിലൊന്നും ഇടപെടരുത് എന്നാണു ബി.ജെ.പി ക്കാരുടെ ആവശ്യം. രാഷ്ട്രീയ കാരണങ്ങളാലാണ് അവര്‍ അങ്ങനെ പറയുന്നത്. ഇപ്പോള്‍ പല ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത്‌ സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഭരണ സമിതികളാണ്; ദേവസ്വം ഭരിക്കുന്നത്‌ ഇടതുപക്ഷമാണെങ്കിലും. ഇടതുപക്ഷ ഇടപെടലുകള്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഇല്ലാതാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നാല്‍ ഓര്‍ക്കേണ്ട ഒരു കാര്യം ജനാധിപത്യ സംവിധാനത്തില്‍, ആരാധനാലയങ്ങളുടെ മതേതര കാര്യങ്ങളില്‍  സര്‍ക്കാരിനു നിയന്ത്രണം ഉണ്ടാവുമെന്നതാണ്. പണ്ട് രാജാക്കന്മാര്‍ ചെയ്തിരുന്നതാണ് ഇപ്പോള്‍ ജനാധിപത്യ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിലൊക്കെ രാജഭരണത്തിന്റെ തുടര്‍ച്ചയാണ് നമ്മള്‍ കാണുന്നത്. ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും മറ്റും ഔദ്യോഗികമായി പോലീസ് മേധാവിയും, താസില്‍ദാറും പങ്കെടുക്കാറുള്ളത്  നമുക്ക് വിചിത്രമായി തോന്നും. അത് പോലെ ശബരിമല മകരവിളക്ക്‌ ഉത്സവം വിജയിപ്പിക്കാന്‍ കമ്മിറ്റി ഉണ്ടാക്കുന്നത്‌ ആരോഗ്യ വകുപ്പ്, ഭകഷ്യ വകുപ്പ്, പോലീസ് വകുപ്പ്, പൊതുമരാമത് വകുപ്പ്, റെവന്യു വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടുത്തിയാണ്. ഇതൊക്കെ യഥാര്‍ത്ഥ മതേതരത്വ (secular) ആശയം വെച്ച് നോക്കിയാല്‍ തെറ്റ് തന്നെയാണ്. സര്‍ക്കാര്‍ കാര്യവും മത കാര്യവും കൂട്ടിക്കുഴക്കരുത് എന്നതാണ് മതേതരത്വം.  


            ദേവസ്വം ബോഡ് എന്നതു യഥാര്‍ത്ഥത്തില്‍ ഹിന്ദുമതവിശ്വാസികള്‍ അവര്‍ക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ അങ്ങനെയാണോ എന്നതു വേറെ കാര്യം.  വിശ്വാസികളുടെ ക്ഷേത്രാരാധനയുമായി  ബന്ധപ്പെട്ട സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് അതിന്റെ മുഖ്യ ചുമതല. അതിനായി ക്ഷേത്രങ്ങള്‍ പുനരുധരിക്കുന്നു, ക്ഷേത്രങ്ങളിലെ നിര്‍മിതികള്‍ വിപുലീകരിക്കുന്നു, പുരോഹിതര്‍ ഉള്‍പെടെയുള്ള ജീവനക്കാരെ വിന്യസിക്കുന്നു, ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നു, അവര്‍ക്കുള്ള സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഇതിലൊന്നും മറ്റു മതക്കാര്‍ക്കോ  അവിശ്വാസികള്‍ക്കോ അഭിപ്രായവ്യത്യാസം ഉണ്ടാവാനിടയില്ല.  പക്ഷെ ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് കിട്ടുന്നു? അതാണ്‌ ചോദ്യം. വിശ്വാസികളായ ഭക്തന്മാര്‍ നല്‍കുന്നതാണ് എന്നാണു ഉത്തരമെങ്കില്‍ ആര്‍ക്കും ഒന്നും പറയാനില്ല. പക്ഷെ പല ക്ഷേത്രങ്ങളുടെയും സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്‌. അവിടെയുള്ള ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള ശമ്പളം കൊടുക്കണമെങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണം. മലബാര്‍ ദേവസ്വം ബോഡ് രൂപീകരിച്ചപ്പോള്‍ ഗ്രാന്റും കൊടുത്തത്  അത്കൊണ്ടാണ്. ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് മതേതരത്വ വിരുദ്ധമാണ്. അവിശ്വാസികളും, അന്യമതക്കാരുമുള്‍പ്പെടുന്ന  പൊതു ജനത്തിന്റെ നികുതിപ്പണം എന്ത് ജീവ കാരുണ്യത്തിന്റെ പേരിലാണെങ്കിലും ഒരു മത വിഭാഗത്തിന്റെ വിശ്വാസപരമായ (അന്ധവിശ്വാസ പരമായ) കാര്യത്തിന്  നല്‍കുന്നത് തെറ്റ് തന്നെയാണ്. മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമ നിധിയും പെന്‍ഷനും ഏര്‍പെടുത്തിയപ്പോള്‍ യുക്തിവാദികള്‍ അതിനെ എതിര്‍ത്തത് ഈ ആശയം മുന്‍ നിര്‍ത്തിയാണ്. മദ്രസയില്‍ പഠിപ്പിക്കുന്നത്‌ കാലഹരണപ്പെട്ട, അന്ധവിശ്വാസപരവും, വര്‍ഗീയതക്ക് വളം നല്‍കുന്നതുമായ മത പാഠങ്ങളാണ്. അതൊരിക്കലും പൊതു സമൂഹത്തിന്റെ നന്മക്കു  വേണ്ടിയുള്ളതല്ല. അതുകൊണ്ട് മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൊടുക്കരുത് എന്ന് യുക്തിവാദി സംഘം പറഞ്ഞു. മാനുഷിക പരിഗണന വെച്ച് കൊണ്ടാണെങ്കില്‍ അത് ആ മതത്തിന്റെ ആളുകള്‍ ചെയ്യട്ടെ. ഇവിടെയും യുക്തിവാദികള്‍ക്ക് പറയാനുള്ളത് അത് തന്നെയാണ്. പൂജാരിക്ക് ഗസറ്റഡ് ഓഫീസറുടെ ശമ്പളം നല്‍കുന്നു എന്ന കാര്യത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അഭിമാനിക്കുന്നു എന്നതു തന്നെ ലജ്ജാകരമാണ്‌. പൂജാരിമാര്‍  പൊതുവേ  ബ്രാഹ്മണ സമുദായത്തില്‍ പെട്ടയാളുകളാണ്. ജന്മിത്വം അവസാനിച്ചെങ്കിലും അതിന്റെയൊക്കെ ആഭിജാത്യവും സാമ്പത്തിക അടിത്തറയും തകരാതെ സൂക്ഷിക്കുന്നവരാണ് ഭൂരിപക്ഷം ശാന്തിക്കാരും. പാവപ്പെട്ട കര്‍ഷകതൊഴിലാളിയെപ്പോലെയും, കയര്‍ തൊഴിലാളിയെപ്പോലെയും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരല്ല അവര്‍. സമൂഹത്തെ തീറ്റി പ്പോറ്റിയവരാണ് കര്‍ഷക തൊഴിലാളികള്‍. അവര്‍ക്ക്  പെന്‍ഷന്‍ കൊടുക്കുന്നത് ഒരു  'പുണ്യകര്‍മ്മ'മാണ്‌.  എന്നാല്‍,  ഒരു തൊഴില്‍ ആണെങ്കില്‍ പോലും, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന പൂജാരിക്കും, കോമരത്തിനും വലിയ തുക തന്നെ ആനുകൂല്യം നല്‍കുന്നത് ശരിയല്ല; ഏതു അര്‍ത്ഥത്തിലും. 


        വിവിധ വിഭാഗങ്ങളുടെ വോട്ടു നേടുക എന്നതു തന്നെയാണ് ഇത്തരം അനുചിതവും, അനര്‍ഹവും, മതേതര വിരുദ്ധവുമായ ആനുകൂല്യ പ്രഖ്യാപനങ്ങളുടെ ലക്‌ഷ്യം എന്ന് എല്ലാവര്ക്കുമറിയാം. താല്‍ക്കാലികമായ തിരഞ്ഞെടുപ്പ് വിജയം ലഭിച്ചേക്കാമെങ്കിലും ഇതു പ്രതിലോമകരമായ പ്രവൃത്തിയാണെന്ന് പറയാതെ വയ്യ. ഇത് മനുഷ്യരെ മതപരമായും, ജാതീയമായും സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മതപരമായ വിഭാഗീയത വളരുന്നു. പൊതു ഇടങ്ങള്‍ കുറഞ്ഞു വരുകയും മനുഷ്യര്‍ മതങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. ഇത് മാനവികതക്കു ഏല്‍ക്കുന്ന വന്‍ തിരിച്ചടിയാണ്. സര്‍വോപരി അന്ധവിശ്വാസങ്ങള്‍ക്ക് വളരാനുള്ള നിലമൊരുക്കുക  കൂടിയാണ് മതേതരത്വത്തിന്റെയും ഭൌതിക വാദത്തിന്റെയും അപ്പോസ്തലന്മാരായ ഇടതുപക്ഷ ഭരണക്കാര്‍. 

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച

മതത്തില്‍ എന്ത് നന്മയാണുള്ളത്?

                                              
 കെ.പി. സുകുമാരന്‍ എന്ന ബ്ലോഗ്ഗര്‍( kpsukumaran.blogspot.com )എഴുതിയ 'യുക്തിവാദികളും വിശ്വാസികളും'   എന്ന പോസ്റ്റിലേക്ക് ഞാന്‍ എഴുതിയ കമന്റ്‌ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആയി താഴെ കൊടുക്കുന്നു:                                 

                 "താങ്കളുടേതു വളരെ ഉയര്‍ന്ന മൂല്യങ്ങളുള്ള ഒരു പോസ്റ്റ്‌ ആയി ആത്മീയ വാദികള്‍ക്ക് തോന്നും. പക്ഷെ യുക്തിവാദികള്‍ക്ക് താങ്കളോട് യോജിക്കാന്‍  കഴിയില്ല. താങ്കള്‍ തീവ്രവാദിയായ ഒരു യുക്തിവാദിയായിരുന്നു  എന്ന് പറഞ്ഞു. എല്ലാ തീവ്രവാദികളും അവസാനം ചെന്നെത്തുന്നത് ആത്മീയതയിലേക്കാണ്. നക്സലൈറ്റായിരുന്ന ഫിലിപ്. എം. പ്രാസാദ് ഉദാഹരണം. ഒരിക്കല്‍ കോഴിക്കോട്ടു ടൌണ്‍ ഹാളില്‍ വെച്ച് നടന്ന ഒരു സിമ്പോസിയത്തില്‍ തായാട്ട് ശങ്കരന്‍ മതങ്ങളെ പറ്റി ഒരു അഭിപ്രായം പറഞ്ഞു. അതായത് മതത്തിലുള്ള നല്ല കാര്യങ്ങള്‍ ഭൌതികവാദികള്‍ക്ക്  സ്വീകരിച്ചു കൂടെ എന്ന്. അതിനു അപ്പോള്‍ തന്നെ ജോസഫ്‌ ഇടമറുക് മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "മതത്തില്‍ നിന്ന് നല്ലത് ഒന്നും എടുക്കാനില്ല. മദ്യത്തില്‍ നിന്ന് ലഹരി മാറ്റി വെച്ച് കഴിച്ചാല്‍ നല്ലതാണു എന്ന് പറയുന്നത് പോലെ കഴമ്പില്ലാത്ത വാദമാണതു."  ധര്‍മം, നീതി, സദാചാരം ഒക്കെ മതത്തിന്റെ ഭാഗമാണെന്നു പറയുന്നത് തെറ്റാണ്. മേല്പറഞ്ഞ ആശയങ്ങള്‍ കാലത്തിനും ദേശത്തിനും, അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഖുര്‍ ആനില്‍ അടിമത്വത്തെ അംഗീകരിക്കുന്നുണ്ട്. ഹിന്ദു മതത്തില്‍ ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്നു. മതത്തിലെ ആശയങ്ങള്‍ മാറ്റാന്‍ പറ്റാത്തതാണ്. വിശേഷിച്ചു ഇസ്ലാമിലെത്. കാരണം അത് സൃഷ്ടിച്ചത് സര്‍വജ്ഞാനിയായ അല്ലാഹു ആണ്.  ഖുറാനിലെ ഓരോ വാക്കും എല്ലാം അറിയുന്ന പടച്ച തമ്പുരാന്‍ പറഞ്ഞതായത് കൊണ്ട് അത് എല്ലാ കാലത്തേക്കും അനുയോജ്യമായത് ആയിരിക്കും എന്നാണു യഥാര്‍ത്ഥ ഇസ്ലാമുകള്‍ വിശ്വസിക്കുന്നത്.  ആ വീക്ഷണ കോണിലൂടെ അത് ശരിയാണ് താനും. സദാചാരം സമൂഹമാണ് സൃഷ്ടിക്കുന്നത്. അത് സമൂഹത്തിന്റെ അതതു കാലത്തെ നിലനില്‍പ്പിനു വേണ്ടിയാണ് താനും. മത നിയമങ്ങള്‍ എന്ന് പറയുന്നത് ഒരു കണക്കിന് സാമൂഹിക നിയമങ്ങള്‍ തന്നെയാണ്. പക്ഷെ അത് കാലത്തിനനുസരിച്ച് മാറണം എന്ന് പറയുന്നതിനോട് മത മേലാളന്മാര്‍ മുഖം തിരിച്ചു നില്‍ക്കുന്നു എന്നെ യുള്ളൂ. പക്ഷെ അവര്‍ക്കും കീഴടങ്ങാതെ വയ്യ. 

                    യഥാര്‍ത്ഥത്തില്‍  മതങ്ങള്‍ കാലഹരണപ്പെട്ട സിദ്ധാന്തങ്ങളാണ്. അവ പലതും, അശാസ്ത്രീയവും, അന്ധവിശ്വാസജടിലവും, മനുഷ്യത്വ രഹിതവും ആണ്. അവയെ ന്യായീകരിക്കാന്‍ അസാധ്യമായ അജ്ഞാനം വേണം. സ്നേഹം, ദയ, സാഹോദര്യം എന്ന  നന്മകള്‍ മതത്തിന്റെ ഭാഗമാണ് എന്നാണു ചിലര്‍ മതത്തെ ന്യായീകരിക്കാന്‍ പറയുന്നത്. ഈ വാക്കുകളുടെ ഒക്കെ അന്തരാര്‍ത്ഥതിലേക്കു കടന്നു ചെന്നാലാണ് അവയുടെയൊക്കെ സംകുചിതത്വം മനസ്സിലാവുക. ഉദാഹരണം: ഹിന്ദു മതതിന്റെത് എന്ന് പറയപ്പെടുന്ന ശ്ലോകം: "ലോകസ്സമസ്ത സുഖിനോ ഭവന്തു" എന്തൊരു മനോഹരമായ വാക്യം. പക്ഷെ മുഴുവന്‍ വായിക്കണം. അപ്പോഴറിയാം ഈ 'ലോകം' ഏതാണെന്ന്.  സ്നേഹം, സ്വാര്‍ത്ഥം, ഭയം, പ്രേമം, കാമം, തുടങ്ങിയ മാനുഷിക വികാരങ്ങളുടെ പൊരുള്‍ ഇപ്പോള്‍ ജനിതകശാസ്ത്രം വിശദമാക്കുന്നുണ്ട്. പരിണാമശാസ്ത്രവും ഇത്തരം വികാരങ്ങളുമായുള്ള ബന്ധം ജീവന്‍ ജോബ്‌ തോമസ്‌ തന്റെ വിവിധ ലേഖനങ്ങളില്‍ പ്രദിപാദിച്ചത് നോക്കുക. 
മതത്തിന്റെ കുത്തകയൊന്നുമല്ല നന്മകള്‍. എന്നാല്‍ തിന്മകളുടെ ഒരു പാട് കുത്തകയുണ്ട് താനും മതങ്ങള്‍ക്ക്. 


             യുക്തിവാദികള്‍ വെറും യാന്ത്രിക സമീപനമുള്ളവരാണെന്നും, സ്നേഹത്തിനു വിലകല്പ്പിക്കാത്തവരാണെന്നും  പലര്‍ക്കും വിമര്‍ശനമുണ്ട്. യുക്തിവാദികളില്‍ ചില വ്യക്തികള്‍ അങ്ങനെയുണ്ടാവാം, അത് ഏതു വിഭാഗക്കാരിലുമുണ്ടാവും. യുക്തിവാദം ഹ്യൂമനിസം  ആണ്. മനുഷ്യസ്നേഹതിലധിഷ്ടിതമായ ചിന്തയാണത്. സുകുമാരന്‍ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു. മതവും അന്ധവിശ്വാസങ്ങളും പോയിക്കഴിഞ്ഞാല്‍ ലോകം നന്നാവണമെന്നില്ല. പക്ഷെ, മതാന്ധവിശ്വാസങ്ങള്‍ പോയാല്‍  അത്രത്തോളം നല്ലതല്ലേ സുകുമാര്‍ജി? പൂര്‍ണമായും നന്മയുള്ള, സമത്വ സുന്ദരമായ ഒരു ലോകം ഒരു സംകല്‍പ്പം  മാത്രമാണ്. മതങ്ങള്‍  നശിച്ച രാജ്യങ്ങള്‍ ഇന്ന് ലോകത്ത് ധാരാളം ഉണ്ടെന്ന കാര്യം മറക്കരുത്. സ്കാന്റിനേവിയന്‍  രാജ്യങ്ങള്‍ ഉദാഹരണം.
യൂറോപ്പിലും മറ്റും പള്ളികള്‍ അടച്ചു പൂട്ടിക്കഴിഞ്ഞു. പള്ളീലച്ഛന്മാരെയും, കന്യാസ്ത്രീകളെയും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് വേണം ഇറക്കുമതി ചെയ്യാന്‍; ഇപ്പോള്‍ നില നില്‍ക്കുന്ന ചുരുക്കം പള്ളികള്‍ക്ക് വേണ്ടി. അവിടെയൊന്നും മനുഷ്യ സ്നേഹമില്ലെന്നാണോ സുകുമാരന്‍ മാഷ് പറയുന്നത്? 
ജനാധിപത്യവും, മനുഷ്യാവകാശങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളാണവ.  നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന
ഇസ്ലാമിക രാജ്യങ്ങളിലെ സ്ഥിതി നിങ്ങള്‍ കാണുന്നില്ലേ? 
                       യുക്തിവാദികള്‍ ചെയ്യുന്നതു മതത്തിന്റെയും മറ്റും അന്ധവിശ്വാസങ്ങളില്‍ നിന്ന് ജനങ്ങളെ വിമോചിപ്പിക്കാനുള്ള ബോധവത്കരണം ആണ്. അതിനു കംമ്യുനിസവുമായി ബന്ധമില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് യുക്തിവാദം ഉണ്ട്. ലോകായതം.  ഹൃഗ്വേദതില്‍ പോലും നിരീശ്വരവാദത്തിന്റെ സൂചനകളുണ്ട്.  ഒരു ഹൃഷി ചോദിക്കുന്നു: "ഈ ഇന്ദ്രന്‍ ആരാണ്? അവനെ കണ്ടവരാരുണ്ട്?"
യുക്തിവാദികള്‍ ഒരു ചെറിയ സംഘമാണ്. മാനവികതായാണ്‌  അതിന്റെ പരമമായ ലക്‌ഷ്യം. മനുഷ്യരെ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിച്ചാല്‍ അവന്റെ ജീവിതം കൂടുതല്‍ സുഖകരമാവും. ക്ഷേത്രങ്ങളെയൊക്കെ കേന്ദ്രീകരിച്ചു എത്രമാത്രം ചൂഷണമാണ് നടക്കുന്നത്? ജ്യോത്സ്യം, മന്ത്രവാദം, ആള്‍ദൈവങ്ങള്‍.......അധ്വാനിച്ചു കിട്ടുന്ന പണം വെറുതെ  കളയുകയാണ് പാവം വിശ്വാസികള്‍ (അന്ധവിശ്വാസികള്‍). ഇതിനെതിരെ ആശയപ്രചരണം നടത്തുന്നത് തെറ്റാണോ? കംമ്യുനിസ്ടുകാര്‍ പറയുന്നത് പോലെ വ്യവസ്ഥിതി മാറിയാലേ ഇതൊക്കെ മാറൂ എന്ന് പറഞ്ഞു കയ്യും കെട്ടി ഇരിക്കണോ?  താങ്കളുടെ വാക്കുകള്‍, ആത്മീയവാദികളെ  സുഖിപ്പിക്കും. അതിന്റെ തെളിവാണല്ലോ ഇവിടെ വന്ന ഒരു പാട് കമ്മന്റുകള്‍."