Thursday, May 17, 2012

ആനകളെ കാട്ടില്‍ വിടുക


14.05.12 ന്റെ പത്രങ്ങളില്‍ നമ്മെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയുണ്ട്. 
കൂടല്‍മാണിക്യക്ഷേത്രത്തില്‍എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞതിന്റെ 
ഫലമായി ഒരു പിഞ്ചു കുഞ്ഞ് മരിക്കാനിടയായതിന്റെ വാര്‍ത്ത.
വളരെക്കാലമായി ക്ഷേത്രോത്സവങ്ങള്‍ക്ക് ആനകള്‍ ഒഴിച്ച് കൂടാന്‍ 
വയ്യാത്ത ഒരു ഘടകമാണ്. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണമാണ് 
ഉത്സവത്തിന്റെ ഗാംഭീര്യം വിളിച്ചറിയിക്കുന്നത്. ആനകളില്ലാത്ത ഉത്സവങ്ങ
ളെപ്പറ്റി  ആനപ്രേമികള്‍ക്ക്‌ ചിന്തിക്കാനേ വയ്യ. ആനപ്രേമികള്‍ക്ക്‌  
സംഘടനയുണ്ടത്രേ! തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചു  പാറമേക്കാവിലും,
സി.എം.എസ്. ഹൈസ്കൂളിലും നടക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനം
കാണാന്‍ വലിയ തിരക്കാണ്. 
          മനുഷ്യന്‍ തന്റെ ജീവിതാവശ്യത്തിനു വേണ്ടി മൃഗങ്ങളെ മെരുക്കി
പരിപാലിച്ചു പോരാന്‍ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി.
ഭൂമിയിലുള്ള മനുഷ്യന്റെ മേധാവിത്വം മൃഗങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍
കഴിയാത്തത് കൊണ്ട് മനുഷ്യര്‍  അവയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.
എന്തായാലും ഇന്നത്തെ അവസ്ഥയില്‍ മനുഷ്യര്‍ക്ക്‌ മൃഗപരിപാലനം
എന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. പക്ഷെ കാട്ടില്‍ സ്വച്ചന്ദം
വിഹരിക്കുന്ന  ആനയെ  കെണിയില്‍ വീഴ്ത്തി പിടിച്ചു കൊണ്ട് വന്നു
മെരുക്കിയെടുത്ത് ഉത്സവങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനും, പൊങ്ങച്ചം 
കാണിക്കാനും വേണ്ടി ഉപയോഗിക്കേണ്ട വല്ല ആവശ്യവുമുണ്ടോ?
ഉത്സവവേളയില്‍ കലി കയറിയ ആനകളുടെ ആക്രമണത്തില്‍ 
ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ കണക്ക്‌ നോക്കൂ.2011 നവംബറിനു ശേഷം 
ഇതുവരെ 18 പേരാണ് മരിച്ചത്. കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍ 366 
പേര്‍ നാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുകയുണ്ടായി. ആനകള്‍ 
കൊപാകുലരാവുന്നതിന്റെ കാരണം ഡോ: ടി.പി. സേതു
മാധവന്‍ തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ആനകള്‍ക്ക് 
മദം ഇളകുന്നതാണ് അതിന്റെ പ്രധാനകാരണം. ലൈംഗിക അസംതൃപ്തി, ഇണ 
ചേരുന്നതിനുള്ള സാധ്യതക്കുറവു, വര്‍ധിച്ച ലൈംഗികാസക്തി,
എന്നിവയൊക്കെ മദം ഇളകാന്‍ കാരണമാണത്രെ. സമൂഹമായി 
ജീവിക്കുന്ന ആനകളെ പിടിച്ചുകൊണ്ട് വന്നു ഒറ്റപ്പെട്ടു വളര്‍ത്തുമ്പോള്‍ 
അവയ്ക്ക് മാനസിക സംഘര്‍ഷമുണ്ടാവുന്നു. ഇണചേരാനുള്ള സാധ്യത
ക്കുറവും അവയെ മനുഷ്യനുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍  ഇടവരുത്തുന്നു. 
ആനകളെ ഇങ്ങനെ കഷ്ടപ്പെടുത്തേണ്ട ഒരു കാര്യവും ഇന്ന് മനുഷ്യനില്ല. 
ഏതൊരു ദുഷ്ക്കര്‍മ്മവും പോലെ ഇതും ഒരു ജീവിതോപാധിയായത് കൊണ്ട് 
പെട്ടെന്ന് ആനപരിപാലനം അവസാനിപ്പിക്കാന്‍ കഴിയില്ല. പക്ഷെ ഇത് 
നിര്‍ത്തലാക്കാനുള്ള ശ്രമം ഉണ്ടാവണം. തടി പിടിക്കലാണ് ആനയെക്കൊണ്ടുള്ള 
മറ്റൊരു ഉപയോഗം. പക്ഷെ ഇന്നത്തെക്കാലത്ത് അതിന്‌ ആന തന്നെ 
വേണമെന്നില്ല. ക്രെയിന്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഇന്ന് സുലഭമാണ്.
പണച്ചിലവും കുറയും. മനുഷ്യന്റെ സ്വാര്‍ത്ഥസുഖത്തിനു വേണ്ടി മൃഗങ്ങളെയും
പക്ഷികളെയും അവയുടെ സ്വാഭാവിക ആവാസ പരിസരങ്ങളില്‍ നിന്ന് 
വേര്‍പെടുത്തി  അസ്വതന്ത്രരായി  വളര്‍ത്തുന്നത് മാനവികതയെ ചോദ്യം 
ചെയ്യുന്ന പ്രവൃത്തിയാണ്‌. ഇത് അവസാനിപ്പിച്ചേ തീരൂ.
        

No comments:

Post a Comment