Monday, November 1, 2010

ജ്യോതിഷം ഉപേക്ഷിക്കു, ബുദ്ധിമാനെന്നു തെളിയിക്കു

                                                       

            "അച്ഛന്‍ സ്വന്തം പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്നു. കുഞ്ഞു ജീവിച്ചിരുന്നാല്‍ തനിക്കു ജീവഹാനിയുണ്ടാവുമെന്നും അതിനു പരിഹാരംചെയ്യണമെന്നുമുള്ള ജ്യോത്സ്യന്റെ ആജ്ഞയനുസരിച്ചാണത്രെ അച്ഛന്‍ ഈ ക്രൂരകൃത്യം ചെയ്തത്".  ഈ സംഭവം നടന്നത് ഏതോ ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലാണ് എന്ന്  കരുതിയെങ്കില്‍  തെറ്റി. നമ്മുടെ പ്രബുദ്ധകേരളത്തില്‍ത്തന്നെ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് നടന്ന സംഭവമാണിത്. 
     
               സര്‍വതോമുഖമായ  പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നഭിമാനിക്കുന്ന കേരളം, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യത്തിലും മുന്നില്‍  തന്നെയാണ്. ആധുനിക കേരളത്തില്‍ മാന്യത നേടിയ രണ്ട് അന്ധവിശ്വാസങ്ങളാണ് ജ്യോതിഷവും, വാസ്തുവിദ്യയും. ഒരു കാലത്ത് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നത് അപരിഷ്കൃതമാണെന്ന് കരുതിയിരുന്നെങ്കില്‍, ഇന്ന് വിദ്യാസമ്പന്നര്‍ തന്നെയാണു ഇതിന്റെ വിശ്വാസികള്‍. സപ്തതിയാഘോഷിക്കുന്ന  ജ്യോത്സ്യനെ പണ്ടിതനെന്നു വിശേഷിപ്പിച്ചുകൊണ്ട് പൊതുസമൂഹം സ്വീകരണചടങ്ങ്   സംഘടിപ്പിക്കുമ്പോള്‍, അതില്‍ പുരോഗമനവാദികള്‍ പോലും ഭാഗഭാക്കാവുന്ന വിചിത്രമായ കാഴ്ചയും നാം കാണുന്നു.

               യുക്തിചിന്ത തരിമ്പും ഇല്ലാത്തവര്‍ക്ക് മാത്രമേ ജ്യോതിഷത്തില്‍ വിശ്വസിക്കുവാന്‍ കഴിയുകയുള്ളൂ.  നാം സ്കൂളുകളില്‍ പഠിച്ച ഭൌതികശാസ്ത്രം മാത്രം മതി ജ്യോത്സ്യത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജ്യോതിശ്ശാസ്ത്രമാണെന്നാണ് ജ്യോത്സ്യന്മാര്‍ തെറ്റിദ്ധരിപ്പിക്കാറുള്ളത്.  ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും വിരുദ്ധങ്ങളായ രണ്ട് വിഷയങ്ങളാണെന്ന കാര്യം സാധാരണക്കാര്‍ ഓര്‍ക്കാറില്ല.  ജ്യോതിശ്ശാസ്ത്രം (astronomy) പ്രപഞ്ചത്തിലെ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്  പഠിക്കുന്ന ശാസ്ത്രശാഖയാണ്‌. എന്നാല്‍ ജ്യോതിഷമാവട്ടെ (astrology) ഒരുവന്റെ   ജനനസമയത്തെ  ഗ്രഹനിലയാണ്   അവന്റെ  ഭാവിജീവിതത്തെ  നിര്‍ണ്ണയിക്കുന്നത്  എന്ന് പ്രചരിപ്പിക്കുന്ന  അന്ധവിശ്വാസവും.  ടെലിപ്പതി, പാരസൈക്കോളജി  തുടങ്ങിയവയെപ്പോലെ  ഒരു കപടശാസ്ത്ര മാണ്‌ (pseudo science) ജ്യോതിഷവും. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് സയന്‍സ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ജ്യോത്സ്യന്മാര്‍ ജ്യോതിഷത്തെ ജ്യോതിശ്ശാസ്ത്രമെന്നു വിളിക്കുന്നത്‌. പോക്കറ്റടിക്കാര്‍  പാന്റും ഷര്‍ട്ടും ധരിച്ചു മാന്യന്‍മാരായി നടിക്കുന്നത് പോലെയാണിതു.  

          ഒരു വ്യക്തി ജീവിതത്തിലനുഭവിക്കേണ്ടി വരുന്ന സുഖദുഖങ്ങള്‍ക്കും, ഗുണദോഷങ്ങള്‍ക്കുമെല്ലാം കാരണം അയാള്‍ ജനിക്കുന്ന സമയത്ത് ആകാശത്തുള്ള നവഗ്രഹങ്ങ ളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനമാണ് എന്നതാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനപ്രമാണം.     ഈ അടിസ്ഥാനതത്വം ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഒന്ന് പരിശോധിച്ചു നോക്കാം. ഒരു വ്യക്തിയുടെ 'ജനനസമയത്തെ ഗ്രഹനില' എന്ന പരികല്‍പ്പന നമുക്കൊന്ന്  വിശകലനം ചെയ്യാം. എന്താണ് ജനനം? ജ്യോതിഷവിശ്വാസപ്രകാരം പ്രസവത്തിലൂടെ കുഞ്ഞു പുറത്തു വരുന്നതാണ് ജനനം.  എന്നാല്‍ സയന്‍സ് പറയുന്നത് ബീജ-അണ്‍ഡ സംയോജനത്തിലൂടെ ഭ്രൂണം രൂപം കൊള്ളുമ്പോഴാണ്  കുഞ്ഞു ജനിക്കുന്നത് എന്നാണ്.  കാരണം വ്യക്തമാണ്. അച്ഛനില്‍ നിന്നുള്ള ജീവനുള്ള ബീജവും അമ്മയില്‍ നിന്നുള്ള ജീവനുള്ള അണ്ഡവും ഗര്‍ഭപാത്രത്തില്‍ വെച്ച് കൂടി ചേരുമ്പോഴാണ് സവിശേഷ വ്യക്തിത്വമുള്ള കുഞ്ഞു ജനിക്കുന്നത്. കുഞ്ഞു ഭ്രൂണമാവുന്നതിനു മുമ്പ് അവന്‍ അച്ഛന്റെയും അമ്മയുടെയും ശരീരത്തിലായിരുന്നു എന്ന് പറയാം. അവന്റെ ജീവനും അവന്റെ ഭാവിജീവിതത്തെ സ്വാധീനിക്കുന്ന ജീനുകളും ഇവരുടെ രണ്ട് പേരുടേയും ശരീരത്തില്‍ നിന്ന് അവനു പകര്‍ന്നു കിട്ടിയതാണ്. ഇതൊക്കെ സയന്‍സ് തെളിയിച്ചിട്ടുള്ള കാര്യങ്ങളാണ്. ഒരു കുഞ്ഞു ജനിക്കുന്നത് പ്രസവത്തോടെ അല്ല എന്നും അതുകൊണ്ട് തന്നെ പ്രസവത്തെ ജനനസമയമായി   കണക്കാക്കുന്ന ജ്യോതിഷം തെറ്റാണെന്നും ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.   
           ജനനം  എന്നതു പ്രസവമായാലും ബീജാണ്ടസംയോജനമായാലും കൃത്യമായ സമയം ആര്‍ക്കും ഇന്നത്തെ നിലയ്ക്ക് കണക്കാക്കാന്‍ കഴിയില്ല. പ്രസവമെന്നത് മിനുട്ടുകളോളം നീളുന്ന ഒരു പ്രക്രിയയാണ്. ജ്യോതിഷസിദ്ധാന്തമനുസരിച്ച് ഒരു നിമിഷം തെറ്റിയാല്‍ മതിയല്ലോ പ്രവചനം പിഴക്കാന്‍! ഭൂമി ഒരു മണിക്കൂറില്‍ ഒരു ലക്ഷം കി.മി. വേഗതയില്‍ സൂര്യനെ ഭ്രമണം ചെയ്യുമ്പോഴും മണിക്കൂറില്‍ 1670 കി.മി. വേഗതയില്‍ സ്വയം തിരിയുമ്പോഴും എങ്ങനെയാണ് ഗ്രഹനില കൃത്യമായി പറയാന്‍ കഴിയുക ?
                 
                ഇനി ഗ്രഹനില കൃത്യമാ ണെന്ന് തന്നെയിരിക്കട്ടെ, അത് ഭാവിയെ സ്വാധീനിക്കുമോ?  ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മനുഷ്യ ശരീരത്തില്‍ പ്രത്യേകിച്ച് ഒരു സ്വാധീനവുമില്ലെന്നതാണ് ശാസ്ത്രസത്യം.  ഗുരുത്വാകര്‍ഷണബലവും വികിരണബലവും എല്ലാ ജീവ ജാലങ്ങളെയും പദാര്‍ത്ഥങ്ങളെയും  ഒരുപോലെയാണ് ബാധിക്കുന്നത്. അല്ലാതെ ഇന്ന നക്ഷത്രത്തില്‍ ജനിച്ച ആളെ ഇത്ര അളവില്‍ ബാധിക്കുമെന്ന് പറയുന്നത് മൌഡ്യമാവും. കാര്‍ത്തിക നക്ഷത്രക്കാരനും, രേവതി നക്ഷത്രക്കാരനും വെയിലത്ത്‌  നിന്നാല്‍ ഒരു പോലെയാണ് പൊള്ളുക. ചന്ദ്രന്റെ ആകര്‍ഷണബലം എല്ലാവര്ക്കും പൊതുവേ ഒരു പോലെയാണ് അനുഭവ പ്പെടുന്നത്.  ഗ്രഹനക്ഷത്രാദികളുടെ കാന്തികബലമോ വികിരണമോ ആണ് മനുഷ്യന്റെ ഭാവിയെ സ്വാധീനിക്കുന്നതെന്ന് ജ്യോതിഷാചാര്യന്മാരായ വരാഹമിഹിരനും ബ്രഹ്മഗുപ്തനും അവകാശപ്പെട്ടതായി അറിവില്ല. അന്നത്തെ മനുഷ്യര്‍ കരുതിയത്‌ ഗ്രഹങ്ങള്‍ക്കും മറ്റും ദൈവിക സിദ്ധിയുണ്ടെന്നാണ്.  അവ നിഗ്രഹാനുഗ്രഹശക്തിയുള്ള  ചൈതന്യരൂപികളാണെന്ന നിഗമനത്തിലാണ് ഗ്രഹനില മനുഷ്യരുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നു എന്ന് കരുതിയത്‌. നല്ലതും ചീത്തയുമായ ഗ്രഹങ്ങളുണ്ട്‌ (പാപഗ്രഹങ്ങളും പുണ്യ ഗ്രഹങ്ങളും). ചൊവ്വയുടെ ചുവപ്പ് നിറം കൊണ്ടാകാം അതിനെ ഏറ്റവും ഭീകരനായ ഗ്രഹമായി ചിത്രീകരിച്ചിട്ടുള്ളത്. ഈ ചുവപ്പ് നിറത്തിന്റെ കാരണം അവിടെയുള്ള ഇരുമ്പു ഓക്സൈഡാണെന്ന് അക്കാലത്ത് അറിയുമായിരുന്നില്ലല്ലോ!  ആ അറിവില്ലായ്മ കൊണ്ടാണ് ഇപ്പോള്‍  ചൊവ്വാദോഷം എന്ന അന്ധവിശ്വാസം കൊണ്ട് ഒരു പാട് പെണ്‍കുട്ടികള്‍ കണ്ണീരു കുടിക്കേണ്ടി വരുന്നത്.  

            ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ പിറന്നു വീഴുന്ന നിമിഷം ആകാശത്തു വിവിധ സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന ഗ്രഹനക്ഷത്രാദികള്‍ ഏതു വിധത്തിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ തങ്ങളുടെ ശക്തി പ്രയോഗിക്കുന്നതെന്നും ആ ശക്തിപ്രയോഗങ്ങള്‍കൊണ്ട് കുഞ്ഞിന്റെ ശരീരത്തില്‍ ഭാവിയെ ബാധിക്കാനുതകുംവിധം എന്ത് ഭൌതിക-രാസപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ജ്യോതിഷം സയന്‍സാണ് എന്ന് വീമ്പിളക്കുന്നവര്‍ ഒന്ന് വിശദീകരിച്ചു തരുമോ? ഒരിക്കലും കഴിയില്ല. ഇത് വേണമെങ്കില്‍ ഒരു വെല്ലുവിളിയായെടുക്കാം.

              ഒരു വ്യക്തിയുടെ ഭാവിജീവിതം നിര്‍ണ്ണയിക്കുന്നത്  അവനു കൈമാറി കിട്ടിയ  ജീനുകളും അവന്‍ വളരുന്ന ഭൌതിക സാഹചര്യങ്ങളുമാണ്.  ഒരാള്‍ പല തരം രോഗങ്ങള്‍ക്ക് വിധേയനാവുന്നതും, സര്‍ഗാത്മക കഴിവുകളുള്ളവനാവുന്നതും, നല്ല വ്യവസായിയോ, കച്ചവടക്കാരനോ, മന്ത്രിയോ ആയി  തീരുന്നതും  ജീനുകളും ജീവിത സാഹചര്യവും മൂലമാണ്. അല്ലാതെ നിര്‍ജീവങ്ങളായ ഗ്രഹങ്ങളുടെ സ്വാധീനം കൊണ്ടല്ല. മനുഷ്യരുടെ  പെരുമാറ്റ രീതികളെ സ്വാധീനിക്കുന്നത് ഡി.അര്‍.ഡി.4 എന്ന ജീനാനെന്നു ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.                                                                                                                                                                                                             
            ജ്യോതിഷം ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി ലോകത്തൊട്ടാകെ നിരവധി പരീക്ഷണങ്ങള്‍  നടത്തിയിട്ടുണ്ട്. അതിലൊന്നാണ് ഇന്ത്യയിലെ പ്രശസ്ത ജ്യോതിശ്ശാസ്ത്രപണ്ഡിതനും (astronomer) പദ്മഭൂഷന്‍ജേതാവുമായ ഡോ: ജയന്ത് വി.നര്‍ലികര്‍ നടത്തിയ പരീക്ഷണം. ഏതാനും ദമ്പതികളുടെ ജാതകങ്ങള്‍ ജ്യോത്സ്യന്‍മാര്‍ക്ക്  നല്‍കി അതില്‍ പൊരുത്തമുള്ളവയും ഇല്ലാത്തവയും വേര്‍തിരിക്കാനാവശ്യപ്പെട്ടു. ജ്യോത്സ്യന്മാര്‍ പൊരുത്തമുള്ളവരായി കണ്ടെത്തിയ ദമ്പതികളില്‍ പലരും യഥാര്‍ത്ഥത്തില്‍   തെറ്റിപ്പിരിഞ്ഞവരോ അസംതൃപ്തരോ ആയിരുന്നു. പൊരുത്തമില്ലാത്തവരായി  കണ്ടെത്തിയവര്‍  മറിച്ചും! ഇതേ ജാതകങ്ങള്‍ വെറും സാധാരണക്കാര്‍ക്ക് നല്‍കിയപ്പോള്‍ അവരുടെ പ്രവചനം ജ്യോത്സ്യന്‍മാരുടെതിനേക്കാള്‍ ശരിയായിരുന്നത്രേ.(ചിന്ത : 27.01.1995) പത്തു കാര്യങ്ങള്‍ ആര് പ്രവചിച്ചാലും അതില്‍ മൂന്നെണ്ണമെങ്കിലും ശരിയാവുമെന്നതാണ്  സ്ഥിതിവിവരക്കണക്ക്ശാസ്ത്രനിയമം. അതുകൊണ്ടാണ് ജ്യോത്സ്യന്‍ മാര്‍ പറയുന്നത് ശരിയായി എന്നൊക്കെ ചില നിഷ്കളങ്കന്മാര്‍ പറയുന്നത്. അല്പം അന്വേഷണ ബുദ്ധിയോടു കൂടി ജ്യോത്സ്യപ്രവചനങ്ങള്‍  പഠനവിധേയമാക്കിയാല്‍ ഭൂരിപക്ഷം പ്രവചനങ്ങളും തെറ്റായിരുന്നു എന്ന് നമുക്ക് തന്നെ ബോധ്യപ്പെടും. 


             തങ്ങളെ  വഴി തെറ്റിക്കുന്ന ഒരു കപട ശാസ്ത്രമായ ജ്യോതിഷവിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ മോചനം നേടിയേ പറ്റു.  മതവര്‍ഗീയ ശക്തികള്‍ അധികാരത്തിലിരുന്ന സ്ഥലങ്ങളില്‍ ജ്യോതിഷം പഠനവിഷയമാക്കിയെങ്കിലും  അത്തരത്തിലുള്ള ചില നീക്കങ്ങള്‍ ഇവിടെ നടന്നപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയുടെയും മറ്റു പുരോഗമനവാദികളുടേയും എതിര്‍പ്പ് മൂലം  അത് നടക്കാതെ പോവുകയാണുണ്ടായത്. തന്റെ ജീവിത ദുരിതങ്ങള്‍ക്ക് കാരണം ജാതക ദോഷമാണെന്ന് വിശ്വസിക്കുന്നയാള്‍ കര്‍മവിമുഖനായിത്തീരുന്നു. ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ജ്യോത്സ്യന്റെ വിധി പ്രകാരം  പൂജയും വഴിപാടും കഴിക്കുന്ന അയാള്‍ക് ഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല പണവും നഷ്ടപ്പെടുന്നു. താന്‍ ജനിക്കുമ്പോള്‍ ഗ്രഹങ്ങള്‍ ഒരു പ്രത്യേക സ്ഥാനത്തു നിന്നത് കൊണ്ട് തനിക്കുണ്ടായ 'ദോഷങ്ങള്‍' പൂജയിലൂടെയും വഴിപാടിലൂടെയും മാറ്റാന്‍ പറ്റില്ല എന്ന സാമാന്യബുദ്ധി പോലും ജ്യോതിഷം 'ശാസ്ത്ര'മാണെന്ന് പറയുന്നവര്‍ക്കില്ല! ജാതകവിശ്വാസം വെച്ച് പുലര്‍ത്തുക വഴി യോജിച്ച വധുവിനെ ലഭിക്കാതെ എത്രയോ യുവാക്കളുടെ സമയവും പണവും നഷ്ടപ്പെടുന്നു. നല്ല ബന്ധങ്ങള്‍ക്കുള്ള അവസരവും അവര്‍ക്ക് ഇല്ലാതാവുന്നു.  ചൊവ്വാദോഷം എന്ന മണ്ടത്തരത്തില്‍  വിശ്വസിക്കുന്നത്കൊണ്ട് എത്രയോ പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നങ്ങള്‍ തകര്‍ന്നു പോയിട്ടുണ്ട്.  യുക്തിചിന്തയും ശാസ്ത്രബോധവുമില്ലാത്ത മനുഷ്യരെ വളര്‍ത്തുക എന്നതാണ് ജ്യോതിഷം ചെയ്യുന്ന സാമൂഹികസേവനം. ജ്യോതിഷം ശരിയാണെന്ന് തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വെല്ലുവിളി നാളിതുവരെ ഒരു ജ്യോത്സ്യനും സ്വീകരിച്ചിട്ടില്ല എന്നതു തന്നെ ജ്യോതിഷം ഒരു കപടവിദ്യയാണെന്നുള്ളതിനു തെളിവല്ലേ? 

1 comment:

  1. ഹായ് സർ..
    ഈ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എന്നാൽ അനുഭവത്തിലെ ചെറിയൊരു കാര്യം പറഞ്ഞോട്ടെ. ഒരു പെൺകുട്ടി അവളുടെ ആദ്യ വിവാഹം തീരുമാനിച്ചുറപ്പിച്ചസമയം ഏതാനും ദിവസങ്ങൾക്കു ശേഷം ആ പയ്യൻ ആക്‌സിഡന്റിൽ മരണപ്പെടുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം മറ്റൊരു വിവാഹം നിശ്ചയിക്കുന്നു പക്ഷെ ഇവിടെയും അതുതന്നെ സംഭവിക്കുന്നു ഇത്തവണ പയ്യനോടൊപ്പം പെൺകുട്ടിയുടെ അച്ഛനും മരണമടയുന്നു. ഒരു സാധാരണ ഫാമിലി സ്വഭാവികമായും ജാതകദോഷം എന്നെ ചിന്തിക്കുകയുള്ളു. പക്ഷെ എന്തുകൊണ്ടാകും അങ്ങനെ സംഭവിക്കാൻ കാരണം???

    ReplyDelete