മതത്തെ കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍ പലതാണ്. മറ്റു പണ്ഡിതന്മാര്‍ പറഞ്ഞതെന്താണെന്ന് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മനുഷ്യര്‍ ഒരു കാലത്ത് ഗോത്രങ്ങളായി ജീവിച്ചിരുന്നവരാണല്ലോ? പ്രകൃതി ശക്തികള്‍ക്കു മുമ്പിലും രോഗം, അപകടങ്ങള്‍ മുതലായവയ്ക്ക് മുമ്പിലും അവര്‍ ഭയ വിഹ്വലരായി നിന്നിരിക്കും. ഇതൊക്കെ ഏതോ അദൃശ്യശക്തികളുടെ പ്രവര്‍ത്തിയായിരിക്കും എന്നവര്‍ വിശ്വസിച്ചു. ആ ശക്തികള്‍ക്കു മനുഷ്യരൂപം സങ്കല്പിച്ചു. തങ്ങള്‍ എന്തൊക്കെയോ തെറ്റുകള്‍ ചെയ്തതുകൊണ്ടാണ് ഈ ശക്തികള്‍ കോപിക്കുന്നത് എന്നവര്‍ വിചാരിച്ചു. അപ്പോള്‍ ഈ ശക്തികളെ പ്രീതിപ്പെടുത്തിയാല്‍ അവരുടെ കോപാഗ്നിയില്‍ നിന്ന് രക്ഷപ്പെടാം എന്ന് വിശ്വസിച്ചു. അങ്ങിനെയാണ് പ്രാര്‍ത്ഥനകളും പൂജകളും, ബലിയും യാഗങ്ങളും ഒക്കെയുണ്ടായത്. ആള്‍ രൂപത്തിലുള്ള പ്രകൃതി ശക്തികള്‍ക് അവര്‍ പല പേരുകളും നല്‍കി. ഇന്ത്യയില്‍ വേദകാലത്ത് അവ ഇന്ദ്രന്‍, വരുണന്‍, അഗ്നി തുടങ്ങിയ പേരുകളിലായിരുന്നു ആരാധിക്കപ്പെട്ടത്. ഗ്രീക് പുരാണങ്ങള്‍ പരിശോധിച്ചാല്‍ അപ്പോളോ, സിയൂസ് തുടങ്ങിയ ദേവന്മാരെ കാണാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വേദാനന്തരകാലത്ത് ദൈവങ്ങളുടെ പേരുകള്‍ക്ക് മാറ്റം വന്നു. വിഷ്ണു, ശിവന്‍, ശ്രീകൃഷ്ണന്‍ ഒക്കെ അങ്ങനെ വന്നതാണ്. അയ്യപ്പന്‍ ഒക്കെ താരതമ്യേന അടുത്ത കാലത്തുണ്ടായ ദൈവമാണ്. ഒരുപക്ഷെ ദ്രാവിഡ ദേശത്ത് ഉദ്ഭവിച്ച ദൈവം.
പ്രകൃതിശക്തികളായ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ചെയ്യുന്ന അനുഷ്ടാനങ്ങള്‍, ആചാരങ്ങള്‍, അവയുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍, സ്തോത്രങ്ങള്‍ തുടങ്ങിയ അനുഷ്ടാന 'സാഹിത്യങ്ങള്‍', തലമുറകള്‍ വായ്മൊഴിയിലൂടെ കൈമാറുന്ന ദൈവവിശ്വാസാധിഷ്ടിതമായ 'ദര്‍ശനങ്ങള്‍', ഇതൊക്കെയാണ് മതം എന്നറിയപ്പെട്ടത്. മതത്തിന്റെ പ്രാകൃതരൂപം ഇതാണെന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. ഏതു പ്രാചീന സംസ്കാരമെടുത്തു നോക്കിയാലും അവയൊക്കെ പ്രാകൃതമെന്നു തോന്നാവുന്ന ഈ ഘട്ടത്തിലൂടെ കടന്നു പോന്നതായി കാണാം. ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളിലൂടെയും, ഗോത്രങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകളിലൂടെയും ഗോത്രങ്ങള്‍ വിസ്തൃതമാവുന്നു. കാലക്രമത്തില്‍ അവയ്കുള്ളില്‍ ദൈവവിശ്വാസപരമായും മതപരമായും (അനുഷ്ടാനം, ആചാരം തുടങ്ങിയവ) പലപല മാറ്റങ്ങളും ഉണ്ടാവുന്നു. ഇന്ത്യന്‍ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഇതൊക്കെ വളരെ വ്യക്തമായി കാണാന്‍ കഴിയും. നേരത്തെ പറഞ്ഞതുപോലെ ദൈവങ്ങളിലുണ്ടായ മാറ്റം നോക്കുക.
ഇന്ത്യയിലെ ഏറ്റവും വലിയ മതം ഹിന്ദു മതമാണെന്ന് പറയാറുണ്ട്. സര്‍ക്കാര്‍ രേഖ പ്രകാരം അത് ശരിയാണ്. പക്ഷെ ഹിന്ദു മതചരിത്രം പഠിച്ചവര്‍ക്കറിയാം യഥാര്‍ത്ഥത്തില്‍ ഹിന്ദു മതം എന്നൊന്നില്ല എന്ന്. നിയതമായ അര്‍ത്ഥത്തില്‍ ഹിന്ദുമതത്തെ മതം എന്ന് വിളിക്കാന്‍ പറ്റില്ല. ഏറെക്കുറെ ഒരു ദര്‍ശനവും, ഒരു പോലുള്ള അനുഷ്ടാന-ആചാരങ്ങളും ഉണ്ടാവുമ്പോള്‍ മാത്രമേ അതിനെ ഒരു മതം എന്ന് വിളിക്കാന്‍ പറ്റുകായുള്ളൂ. വേദകാല്തിന്റെ സൃഷ്ടിയായ വൈദിക മതം അഥവാ ബ്രാഹ്മണ മതം ആണ് ഔദ്യോഗികമായി ഹിന്ദുമതം എന്ന് വിവക്ഷിക്കപ്പെട്ടത്. വേദങ്ങളെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ഹിന്ദു ആവാന്‍ യോഗ്യത ഉള്ളു എന്ന് ചില ഹിന്ദുമത പണ്ഡിതന്മാര്‍ പറയാറുണ്ട്. എന്നാല്‍ ഒരു ബഹുസ്വരമതമാണ് ഹിന്ദുമതം എന്ന് പറയുന്നവരുമുണ്ട്. ഏതു ചിന്താധാരയും, ഏതു വിശ്വാസ-ആചാര-അനുഷ്ടാനങ്ങളും പിന്തുടരുന്നവര്‍ക്കും ഹിന്ദു ആവാം എന്നവര്‍ പറയുന്നു; പക്ഷെ ഭാരതീയ പാരമ്പര്യം അംഗീകരിക്കണം, അത്രമാത്രം. അങ്ങനെ വരുമ്പോള്‍, മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി തുടങ്ങിയ വിദേശമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒഴികെ ആര്‍ക്കും ഹിന്ദു ആവാം എന്നര്‍ത്ഥം. പരസ്പര വിരുദ്ധമായ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവരെ എങ്ങനെ ഒരു മതക്കാര്‍ എന്ന് പറയും എന്ന് മനസ്സിലാവുന്നില്ല. ഇന്ത്യക്കാര്‍ എന്നതിന്റെ പര്യായമാണോ ഹിന്ദു എന്നത്? അപ്പോള്‍ മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദു ആണോ? ആകെ തല തിരിയുന്നു അല്ലെ?
ഈ ചര്‍ച്ചയുടെ ആവശ്യത്തിനു വേണ്ടി നമുക്ക് ഹിന്ദുമതം എന്ന് ഇവിടെ പ്രയോഗിക്കാം. വിശാലവും വൈരുധ്യപൂര്‍ണവും ആയ ഈ മതത്തില്‍ യഥാര്‍ത്ഥത്തില്‍ ഓരോ ജാതിയുമാണ് മതത്തിന്റെ നിര്‍വചനത്തില്‍ വരുന്നത്. എന്നാല്‍ അവക്കൊന്നും ഒരു ദര്‍ശനം ഇല്ല. ആചാരാനുഷ്ടാനങ്ങള്‍ മാത്രമേ ഉള്ളു. അതുകൊണ്ട് മതം എന്നും പറയാന്‍ പറ്റില്ല. എന്നാല്‍ സെമിറ്റിക്ക് മതങ്ങളുടെ മാനദണ്ഡം വെച്ചുനോക്കിയാല്‍ ജാതിയെ ആണ് യഥാര്‍ത്ഥത്തില്‍ മതം എന്ന് വിളിക്കേണ്ടത്. ഈ അവസ്ഥക്കൊക്കെ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ചരിത്രഗതിയില്‍ ജാതികള്‍ക്കതീതമായി ഹിന്ദു മതം ഒരു മതത്തിന്റെ രൂപം കൈക്കൊണ്ടു വന്നു. സാമൂഹിക മത പരിഷ്കര്‍താക്കളുടെ പ്രബോധനങ്ങളും, മറ്റു സാമൂഹിക പരിവര്‍ത്തനങ്ങളും ജാതിയുടെ അതിര്‍ വരന്പുകള്‍ക്ക് കനം കുറയ്ക്കുകയും മതസ്വത്വം രൂപപ്പെട്ടു വരുകയും ചെയ്തു. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം, ജാതീയമായ ആചാരങ്ങള്‍ക്ക് പകരം മത ആചാര-അനുഷ്ടാനങ്ങള്‍ പിന്തുടരല്‍, ജാതികളുടെ ഹൈന്ദവ (ബ്രാഹമണ) വല്കരണം എന്നിവയൊക്കെ ഹിന്ദു മത രൂപീകരണം യാഥാര്‍ത്ഥ്യമാക്കി എന്ന് പറയാം. അന്യമതവിദ്വേഷം വളര്‍ത്തിയെടുക്കാനുള്ള ഹിന്ദു വര്‍ഗീയ ശക്തികളുടെ ശ്രമം മൂലം ഹൈന്ദവ ധ്രുവീകരണം നടന്നിട്ടുണ്ട്. ഞാന്‍ ഹിന്ദുവാണ് എന്നു പറയുന്നതില്‍ അഭിമാനം കൊള്ളുന്ന ഒരു തലമുറ വളര്‍ന്നു വന്നിരിക്കുന്നു. എന്നാല്‍ ഇങ്ങനെ അഭിമാനം കൊള്ളുന്നവന്‍ തന്നെ തന്റെ ജാതീയ സംഘടനയില്‍ എത്തുമ്പോള്‍ ജാതിബോധത്താല്‍ ആവേശഭരിതനാകുന്നതും കാണാം. മതബോധം വളര്‍ത്തുന്നതില്‍ ഹിന്ദു വര്‍ഗീയ സംഘടനയെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. ജനാധിപത്യ മതേതര പാര്‍ടികള്‍ തന്നെ പരോക്ഷമായി മതബോധം പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങളിലില്ല ഹൈന്ദവരക്തം എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ അതിനെപ്പറ്റി ഇപ്പോള്‍ മിണ്ടുന്നില്ല എന്ന് മാത്രമല്ല മതം നല്ലതാണെന്ന് പോലും പറയുന്നു. ടൂറിസത്തിന്റെ പേരില്‍ മതാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുകയും അത് മതബോധരൂപീകരണത്തില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഹിന്ദുമതമാണ് കൂടുതല്‍ നേട്ടം കൊയ്യുന്നതെന്നകാര്യത്തില്‍ തര്‍ക്കമില്ലല്ലോ!
നമ്മുടെ രാജ്യത്ത് പ്രധാനമായും മൂന്നു മതങ്ങളാണല്ലോ ഉള്ളത്. മത സൌഹാര്‍ദ സമ്മേളനങ്ങളില്‍ മത പണ്ഡിതര്‍ വളരെ മാന്യന്മാരായി പറയും, എല്ലാ മതങ്ങളും തത്വത്തില്‍ ഒന്ന് തന്നെയാണെന്ന്. വേര്തിരിവിന്റെ ആവശ്യമില്ലെന്ന്. വെറും പൊള്ളയായ വാക്കുകള്‍. ദാര്‍ശനികമായി ഈ മൂന്നു മതങ്ങളും വളരെ വ്യത്യസ്തങ്ങളാണ് എന്ന് ആ മതങ്ങളെപ്പറ്റി അല്പമെങ്കിലും അറിയുന്നവര്‍ക്കറിയാം. ഓരോരുത്തരും സ്വകാര്യമായി പറയുക തന്റെ മതമാണ് ശ്രേഷ്ഠം എന്നായിരിക്കും. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇസ്ലാം ആണ്. മനുഷ്യന്റെ ആത്മീയമോക്ഷം മാത്രം ലക്‌ഷ്യം വെയ്ക്കുന്ന മതമല്ല അത്. ഒരു രാഷ്ട്രഭരണ വ്യവസ്ഥ തന്നെയാണ് അത് മുന്നോട്ടു വെയ്ക്കുന്നത്. പ്രവാചകന്‍ (അള്ളാഹു) അരുളിച്ചെയ്തതു പോലുള്ള ഒരു രാജ്യം വന്നാല്‍ അത് ഏറ്റവും നല്ല ഒരു ക്ഷേമ രാഷ്ട്രമാവുമെന്നു ഇസ്ലാം മത വിശ്വാസികള്‍ പറയുന്നു. എന്റെ ജമാഅത്തെ ഇസ്ലാമിക്കാരനായ ഒരു സുഹൃത്തുമായി ഒരിക്കല്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണോ സോഷ്യലിസം വരും എന്ന് പറയുന്നത് അത് പോലെ തന്നെയാണ് ഞങ്ങളും ഇസ്ലാമിക രാജ്യം വരുമെന്ന് പറയുന്നത് എന്നാണു. യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് സമൂഹവും ഇസ്ലാമിക സമൂഹവും തമ്മില്‍ താരതമ്യമില്ല. മുഹമ്മദ് നബിയുടെ കാഴ്ചപ്പാടിലുള്ള സമൂഹത്തില്‍ അടിമകളുമുണ്ടാവും. അത് അന്നത്തെ സാഹചര്യത്തില്‍ ശരിയാവാം. സക്കാത്തിലൂടെ സോഷ്യലിസം വരുമെന്നതാണ് മുഹമ്മദീയന്‍ സങ്കല്‍പം. അത് വെറും സങ്കല്‍പം മാത്രമാണ്. ശാസ്ത്രീയ സോഷ്യലിസം പോലും ഇന്ന് എവിടെയെത്തി എന്ന് നമുക്കറിയാം.
'ഹിന്ദു' മതത്തെ അപേക്ഷിച്ച് ഇസ്ലാമിന് ചില ഗുണങ്ങളൊക്കെ ഉണ്ടെന്നു പറയാമെന്നു തോന്നുന്നു. മനുഷ്യനെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങള്‍ അതില്‍ കുറവാണ്. പണം കൊടുത്താല്‍ ആ പണത്തിനനുസരിച്ചു ദൈവം അനുഗ്രഹം തരും എന്ന വിശ്വാസം അതിലില്ല. ദൈവത്തിനും വിശ്വാസിക്കും ഇടയില്‍ മധ്യസ്ഥനായി ഒരു പുരോഹിതന്‍ ഇല്ലാത്തതുകൊണ്ട് കുറെ ദുര്‍വ്യയങ്ങള്‍ ഒഴിഞ്ഞുകിട്ടും. വിഗ്രഹാരാധന ഇല്ലാത്തതുകൊണ്ട് ആരാധനാലയങ്ങളുടെ ചൂഷണവും ഇല്ല. കുര്‍ ആനിലും മറ്റു ഇസ്ലാമിക മതഗ്രന്ഥങ്ങളിലും പറയുന്നത് പോലെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അന്ധവിശ്വാസനിര്മുക്തമായ ഒരു ജീവിതം നയിക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ വലിയ തെറ്റില്ലെന്ന് തോന്നുന്നു. ഇസ്ലാമില്‍ അന്ധവിശ്വാസം ഇല്ല എന്നല്ല ഈ പറഞ്ഞതിന്നു അര്‍ഥം. അല്ലാഹുവില്‍ ഉള്ള വിശ്വാസം തന്നെ വലിയ അന്ധവിശ്വാസമാണ്. മക്കയിലൊക്കെ പോകുന്നതും ചെകുത്താനെ കല്ലെറിയുന്നതും തീര്‍ച്ചയായും വലിയ അന്ധവിശ്വാസം തന്നെയാണ്. പക്ഷെ, അത് സാധാരണക്കാരനെ അത്രമാത്രം ബാധിക്കുകയില്ല. ഗവണ്മെന്റ് സബ്സിഡി കൊടുക്കുന്നതാണ് പ്രശ്നം. അതുപയോഗിച്ചു ഇടത്തരക്കാരന്‍ ഹജ്ജിനു പോകും. ഹജ്ജെന്ന അന്ധവിശ്വാസത്തിന് പോകുന്നവരുടെ എണ്ണം കൂടും. മതനിയമങ്ങളില്‍ പറയുന്നത് പോലെ ഏതു വിശ്വാസിയാണ് ജീവിക്കുന്നത്? അങ്ങനെ ജീവിക്കാന്‍ കഴിയുകയുമില്ല. കാരണം മതനിയമങ്ങള്‍ ഉണ്ടാക്കിയ കാലത്തില്‍ നിന്ന് ലോകം ഒരു പാട് മാറിയത് തന്നെ. കാലത്തിനനുസരിച്ച് മതനിയമങ്ങള്‍ പരിഷ്കരിക്കുന്നില്ല. അതിനു കാരണം അന്ധവിശ്വാസമാണ്. സര്‍വജ്നാനിയായ ദൈവം ഉണ്ടാക്കിയ നിയമങ്ങള്‍ തെറ്റില്ല എന്ന മുന്‍വിധിയാണ് മത നേതാക്കളെ നയിക്കുന്നത്. മതനിയമങ്ങള്‍ ഒരു വഴിക്ക്, മതവിശ്വാസികള്‍ വേറൊരു വഴിക്ക് എന്ന് പറഞ്ഞല്ലോ. മതം എന്ത് പറഞ്ഞാലും വിശ്വാസികളായ ജനങ്ങള്‍ ഒരു പരിധിവരെ അവര്‍ ജനിച്ചു വളര്‍ന്ന പൊതുസമൂഹത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ജീവിത സമ്പ്രദായങ്ങളും, സംസ്കാരവും സ്വാംശീകരിച്ചുകൊണ്ടാണ് ജീവിക്കുന്നതു. അതുകൊണ്ടാണ് കേരളത്തിലെ മുസ്ലിങ്ങളില്‍ പലരും ക്ഷേത്രങ്ങളില്‍ വഴിപാടു നേരുന്നതും, ജാതകം നോക്കുന്നതും, മന്ത്രവാദം ചെയ്യുന്നതുമൊക്കെ. എന്തിനധികം ഒരു മുസ്ലിം ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെ ഗുരുവായൂരില്‍ തുലാഭാരം തൂക്കിയതായി വാര്‍ത്ത വന്നത് അടുത്ത കാലത്താണ്. ഇത് മതസൌഹാര്ദമായി ചിത്രീകരിക്കപ്പെട്ടു എന്നതു മറ്റൊരു വൈചിത്ര്യം. ഈ ശ്രീകൃഷ്ണഭക്തനെ മതത്തില്‍ നിന്ന് പുറത്താക്കിയോ എന്നറിയില്ല. ഇസ്ലാമിക നിയമപ്രകാരം നേര്‍ച്ചകള്‍ അനിസ്ലാമികമാണ്. എന്നാല്‍ എത്ര ഗംഭീരമായിട്ടാണ് കുണ്ടോട്ടി നേര്‍ച്ചയും പുത്തന്‍പള്ളി ജാറം നേര്‍ച്ചയും മറ്റും കൊണ്ടാടുന്നത്. ജമാഅത്തെ ഇസ്ലാമിക്കാരല്ലാതെ ആരെങ്കിലും ഇതൊക്കെ എതിര്‍ക്കുന്നുണ്ടോ? ഞാന്‍ പറഞ്ഞത് താത്വികമായി ഇസ്ലാം അന്ധവിശ്വാസം കുറഞ്ഞ മതമാണ് എന്നാണ്; ഹിന്ദു മതത്തെ അപേക്ഷിച്ച്.
എന്നാല്‍ ഹിന്ദു മതത്തിനു ചില നല്ല വശങ്ങളുണ്ട് എന്ന് പറയാതെ വയ്യ. ആര്‍.എസ്.എസ്. നേതാവ് പി.പരമേശ്വരന്‍ പറഞ്ഞത് ഹിന്ദു മതം ഒരു മതേതര മതമാണെന്നാണ്. ഒരു കണക്കിന് ശരിയാണത്. മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കാം, ഒരു ദൈവത്തെയും ആരാധിക്കാതിരിക്കുകയും ചെയ്യാം. നിരീശ്വരവാദി പോലും ഹിന്ദു എന്ന നിര്‍വചനത്തില്‍ പെടും. ആ മതം ആരെയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. അമ്പലത്തില്‍ പോയാലും പോയില്ലെങ്കിലും ആരും ചോദിക്കില്ല. നേരത്തെ പറഞ്ഞത് തന്നെയാണ് അതിനു കാരണം. ഹിന്ദു മതം എന്നൊന്നില്ല. ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആര്‍.എസ്.എസ്, വി.എച്.പി, ഭാജ്രംഗ് ദല്‍ തുടങ്ങി ശ്രീരാമ സേന വരെയുള്ള തീവ്ര ഹിന്ദു സംഘടനകള്‍. തീവ്രഹിന്ദുത്വം കൊണ്ട് ഫലം കിട്ടില്ലെന്ന് മനസ്സിലാക്കുന്ന ഇവര്‍ ഇപ്പോള്‍ മൃദു ഹിന്ദുത്വ പ്രയോഗങ്ങളാണ് നടത്തുന്നത്. ചെറുപ്പത്തിലെ കുട്ടികളെ പിടിക്കാന്‍ വേണ്ടി സരസ്വതിവിദ്യാനികേതന്‍ പോലുള്ള സ്കൂളുകള്‍ നടത്തുക, കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, മതാഘോഷങ്ങള്‍ ഉത്സവച്ഛായയോടെ നടത്തുക തുടങ്ങിയവ അതില്‍ പെടുന്നു. തപസ്യ നടത്തുന്ന കലാസാഹിത്യ പരിപാടികളില്‍ മതെതരന്മാരെന്നു കരുതപ്പെടുന്ന ചില ഇടതുപക്ഷ സഹയാത്രികര്‍ പോലും പങ്കെടുക്കുകയും അറിയാതെയാണെങ്കിലും ഹിന്ദു വര്‍ഗീയതക്ക് സാമൂഹികാംഗീകാരം നല്‍കുകയും ചെയ്യുന്നു. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം ഇതുപോലുള്ള ഒന്നാണ്. അതില്‍ ചില കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ തങ്ങളുടെ കുട്ടികളെ കൃഷ്ണനായും രാധയായും വേഷം കെട്ടാന്‍ വിടാറുണ്ട്. അവരുടെ രാഷ്ട്രീയ ബോധത്തിന്റെ അഭാവമാണ് അത് കാണിക്കുന്നത്. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ ബോധാവല്‍ക്കരിക്കേണ്ട പാര്‍ട്ടി മൌനം പാലിക്കുകയാണ് ചെയ്യുന്നത്. ആര്‍. എസ്.എസ്സിന്റെതാണെങ്കില്‍ പോലും അതൊരു മത പരിപാടിയായിട്ടാവാം പാര്‍ട്ടിക്കാര്‍ പരിഗണിക്കുന്നത് എന്ന് തോന്നുന്നു. അങ്ങനെയാവുമ്പോള്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പാര്‍ടി അനുഭാവിയുടെ വോട്ടു നഷടപ്പെട്ടാലോ! ചുരുക്കത്തില്‍ ഹിന്ദുമതം രൂപപ്പെടുത്തുവാനുള്ള ഹിന്ദു വര്‍ഗീയവാദികളുടെ ശ്രമം നിഷ്ഫലമാവുന്നില്ല എന്നാണു മനസ്സിലാവുന്നത്.
ഈ ചര്‍ച്ച ഇവിടെ അവസാനിക്കുന്നില്ല. ക്രിസ്തു മതത്തെപ്പറ്റി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റില്‍ ആവാമെന്ന് കരുതുന്നു. വിലയേറിയ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ